റോഹിങ്ക്യൻ കൂട്ടക്കൊല അന്താരാഷ്ട്ര കോടതിയിലെത്തുമ്പോൾ

റോഹിങ്ക്യൻ മുസ്‌ലിംകൾക്കെതിരെ മ്യാൻമർ സൈന്യവും ബുദ്ധ തീവ്രവാദികളും നടത്തിയ വംശഹത്യയുമായി ബന്ധപ്പെട്ട് വിചാരണ നേരിടുവാൻ ഹേഗിലെ അന്താരാഷ്​ട്ര നീതിന്യായ കോടതിയിൽ എത്തിയിരിക്കുകയാണ് ഓങ്​ സാൻ സൂചി. മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ക്രൂരമായ നടപടികൾ ചൂണ്ടിക്കാണിച്ച് ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. വിചാരണ മൂന്നു ദിവസം നീണ്ടുനിൽക്കും. 

ആരാണ് റോഹിങ്ക്യൻ മുസ്‌ലിംകൾ?

 ബംഗ്ലാദേശിനോട് ചേര്‍ന്നുകിടക്കുന്ന പടിഞ്ഞാറന്‍ മ്യാന്മറിലെ, ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടുകിടക്കുന്ന റാഖിന്‍ പ്രവിശ്യയുടെ വടക്കന്‍ മേഖലകളില്‍ വസിക്കുന്ന മുസ്‌ലിം മത വിശ്വാസികളാണ് റോഹിങ്ക്യകള്‍.

ജീവന് വേണ്ടി പലായനം ചെയ്യുന്ന ഏറ്റവും വലിയ ന്യൂനപക്ഷ ജനതയെന്ന് അവരെ വിശേഷിപ്പിക്കാം. ബുദ്ധിസ്റ്റ് തീവ്രവാദികൾ നടത്തുന്ന അതിക്രമങ്ങൾ മൂലമാണ് റോഹിങ്ക്യകൾ അഭയാര്‍ത്ഥികളാവേണ്ടി വന്നത്.

റോഹിങ്ക്യൻ വംശഹത്യ

പതിറ്റാണ്ടുകൾക്കു മുമ്പേ ആരംഭിച്ച മുസ്‌ലിം വിരുദ്ധ നടപടികൾ 2012 മുതലാണ് ശക്തമായത്. ബുദ്ധമതക്കാരിയെ ബലാത്സംഗംചെയ്തു കൊന്നു എന്നാരോപിച്ച്‌ ബുദ്ധദേശീയവാദികള്‍ റോഹിങ്ക്യൻ മുസ്‌ലിംകളുടെ വീടുകള്‍ ചുട്ടെരിക്കുകയും നിരവധി ആളുകളെ കൊല്ലുകയും പതിനായിരങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തു.

2017 ലെ സൈനിക അതിക്രമത്തെ തുടര്‍ന്ന് 7,30,000 റോഹിംഗ്യകളാണ് അഭയാര്‍ഥികളായത്. ഇതിൽ ബഹു ഭൂരിപക്ഷം പേരും ഇപ്പോഴും ബംഗ്ലാദേശ് അതിര്‍ത്തിയിലെ അഭയാർത്ഥി ക്യാമ്പുകളിൽ ദുരിതജീവിതം ജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ്.

ഗാംബിയയുടെ പരാതി

ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് മ്യാൻമറിലെ വംശഹത്യക്കെതിരെ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്തത്. മ്യാൻമർ ഭരണകൂടത്തിൻറെ വംശഹത്യക്കെതിരെ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് ഗാംബിയൻ നീതിന്യായ മന്ത്രി അബുബക്കർ തമ്പദോ അന്താരാഷ്ട്ര കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

 

നമുക്ക് ചുറ്റും നടക്കുന്ന ഭീകരമായ അതിക്രമങ്ങൾക്കൊപ്പം ലോകം ഒന്നിച്ചുനിൽക്കരുതെന്ന സന്ദേശം മ്യാൻമറിനും അന്താരാഷ്ട്ര സമൂഹത്തിനും നൽകേണ്ടതിനാലാണ് ഈ നടപടിയെന്ന് തമ്പദോ പറഞ്ഞു.വംശഹത്യ നമ്മുടെ കണ്ണിനുമുന്നിൽ നടക്കുമ്പോൾ നാം ഒന്നും ചെയ്യാതിരിക്കുന്നത് നമ്മുടെ തലമുറയ്ക്ക് നാണക്കേടാണെന്ന് അദ്ദേഹം  കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര കോടതി

രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെടുന്ന ഐക്യരാഷ്ട്രസഭയുടെ പരമോന്നത നിയമ സ്ഥാപനമാണ് ലോക കോടതി. 

നെതർലൻഡസിലെ ഹേഗ് നഗരത്തിലെ പീസ് പാലസാണ്‌ ഇതിന്റെ ആസ്ഥാനം. രാജ്യങ്ങൾ തമ്മിലുള്ള നിയമ പോരാട്ടങ്ങളെ ഒത്തുതീർപ്പാക്കുക, അംഗീകൃത രാജ്യാന്തര സംഘടനകളും,വിഭാഗങ്ങളും, ഐക്യരാഷ്ട്ര പൊതു സഭയും ശരിയായി ഉന്നയിക്കുന്ന നിയമപരമായ പ്രശ്നങ്ങളിൽ ഉപദേശം നൽകുക എന്നിവയാണ്‌ ഇതിന്റെ പ്രധാന ധർമ്മം.

ഗാംബിയയും മ്യാൻമറും 1948 ലെ വംശഹത്യ കൺവെൻഷനിൽ ഒപ്പിട്ട രാജ്യങ്ങളാണ്. ഇത് വംശഹത്യ നടത്തുന്നതിൽ നിന്ന് രാജ്യങ്ങളെ വിലക്കുന്ന കരാറാണ്. ഇരുരാജ്യങ്ങളും കരാറിൽ ഒപ്പിട്ടതിനാൽ മ്യാൻമർ വംശഹത്യ നടത്തിയതായി തെളിഞ്ഞാൽ സർക്കാറിനെതിരെ ലോക കോടതി നടപടിയെടുക്കും.

സൂചിയുടെ നിലപാട്

സൈന്യവും ബുദ്ധ തീവ്രവാദികളും റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരെ കഠിന ആക്രമണങ്ങൾ അഴിച്ചു വിട്ടിട്ടും അതിനെതിരെ ഒരക്ഷരം പോലും സമാധാന നോബൽ ജേതാവായ ഓങ്സാൻ സൂചി മിണ്ടിയിട്ടില്ല.

ഇത്തരം സംഭവങ്ങൾ നടക്കുന്നില്ലെന്നും അവ ഊതിവീർപ്പിച്ചതാണെന്നുമാണ് അവർ എക്കാലവും നടത്തിയ പ്രതികരണം. ഇതിന്റെ പേരിൽ സൂചി ക്കെതിരെ ലോകത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിംകൾക്കെതിരായ പ​ട്ടാ​ള ന​ട​പ​ടി​ക്ക്​ കൂ​ട്ടു​നി​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ന്താ​രാ​ഷ്​​ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ആം​ന​സ്​​റ്റി ഇന്റർനാഷണൽ സൂ​ചി​ക്ക്​ ന​ൽ​കി​യ പ​ര​മോ​ന്ന​ത പു​ര​സ്​​കാ​രം തിരിച്ചെടുത്തിരുന്നു.

കോടതി നടപടികൾ

അന്താരാഷ്ട്ര കോടതി നടപടികൾ മൂന്നു ദിവസത്തിലധികം നീളും. റോഹിങ്ക്യൻ മുസ്​ലിംകൾക്കെതിരായ വംശഹത്യ ന്യായീകരിക്കാനാണ് ​ ഓങ്​ സാൻ സൂചിയുടെ തീരുമാനമെന്നാണ് സൂചന.

അതേസമയം ബംഗ്ലാദേശിലെ അഭയാർത്ഥിക്യാമ്പുകളിൽ നിന്നും വംശഹത്യക്ക് സാക്ഷിയായ റോഹിംഗ്യൻ അഭയാർഥികൾ അന്താരാഷ്ട്ര കോടതിയിൽ എത്തിയിട്ടുണ്ട്. മാതാവും ഭർത്താവും ഷ്ടപ്പെട്ട ഹമീദാ ഖാത്തൂൻ ആണ് ഇതിൽ ഒരാൾ. 2015 തെരഞ്ഞെടുപ്പിൽ സൂചിക്ക് വേണ്ടി വോട്ട് ചെയ്ത വ്യക്തിയാണ് ഹമീദാ. എല്ലാ ജനങ്ങൾക്കും വേണ്ടി സംസാരിക്കും എന്ന് കരുതപ്പെട്ടിരുന്ന സൂചി, സൈന്യത്തിന്റെ ന്യായീകരണ തൊഴിലാളിയായി മാറിയിരിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി.

തെളിവുകൾ മ്യാൻമറിനെതിരെ

2018 ഐക്യരാഷ്ട്രസഭ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ പതിനായിരത്തിലധികം പേർ കൊല്ലപ്പെടുകയും 7 ലക്ഷത്തിലധികം പേർ രാജ്യം വിടാൻ നിർബന്ധിതരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

മാതൃസംഘടനയായ ഐക്യരാഷ്ട്രസഭ കണ്ടെത്തിയ തെളിവുകൾ കോടതിക്ക് ഒരിക്കലും തള്ളിക്കളയാനാവില്ല. ഈ തെളിവുകൾ അടിസ്ഥാനമാക്കി മ്യാൻമറിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ കോടതി തയ്യാറാവുകയാണ് വേണ്ടത്, അതാണ് ലോകം പ്രതീക്ഷിക്കുന്നതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter