ഇറാഖില്‍ സംഭവിക്കുന്നതെന്ത്?
നൂരി മാലികിയുടെ ഷിയാ സര്‍ക്കാരും വിമത സുന്നി പോരാളികളും തമ്മില്‍ രക്തരൂക്ഷിത പോരാട്ടം നടക്കുന്ന ഇറാഖിലെ സംഭവവികാസങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്ന ലേഖന പരമ്പര . ഒന്നാം ഭാഗം
പലരും വര്‍ഷങ്ങളായി മുന്നറിയിപ്പ് നല്‍കിയിരുന്
നത് പോലെ വംശീയ സംഘട്ടനത്തിലേക്ക് വഴുതിവീണ ദുരന്തപൂര്‍ണ്ണമായ കാഴ്ചയാണ്
ഇറാഖില്‍ നിന്ന് പുറത്തുവരുന്നത്. സദ്ദാമിന്റെ ഏകാധിപത്യവും അമേരിക്കന്‍ അധിനിവേശവും നൂരി മാലികിയുടെ ശിയാ വംശീയതയും ഒരു നാടിനെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ ഇറാഖില്‍ ‘ജനാധിപത്യം’ സ്ഥാപിക്കാനായി ഇറങ്ങിയ
അമേരിക്കന്‍ അധിനിവേശം സൃഷ്ടിച്ച ദുരന്തത്തിലെ ഏറ്റവും പുതിയ അധ്യായമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.
മോസപോട്ടോമിയന്‍ സംസ്കാരം മുതല്‍ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇറാഖിന്റെത്. ഒരേ സമയം സാംസ്കാരിക പൈതൃകവും പോരാട്ടവീര്യവും ഇഴചേര്‍ന്നതാണ് ഇറാഖിന്റെ ചരിത്രം.
ഇബ്രാഹിം നബിയുടെ ബാബിലോണിയയും യൂനുസ് നബിയുടെ നീനവയും ഇറാഖിന്റെ മണ്ണിലാണ്.
നാലാം ഖലീഫ അലി (റ) തന്‍റെ ഭരണ ആസ്ഥാനമായി തെരഞ്ഞെടുത്തത് ഇറാഖിലെ കൂഫയാണ്.
ഇമാം അബൂ ഹനീഫയുടെയും
ഇമാം ശാഫിയുടെയും
ഇമാം അഹ്മദ് ബിന്‍ ഹന്ബലിന്റെയും വിജ്ഞാന കുതിപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണത്.
ഇമാം ഗസാലിയുടെയും
ശൈഖ് ജീലാനിയുടെയും ആത്മീയവഴികള്‍ക്ക് വെളിച്ച പകര്‍ന്നതും ഇവിടെ തന്നെ. നബി (സ)യുടെ പൌത്രന്‍ ഹുസൈന്‍ (റ) വധിക്കപ്പെട്ടതും മംഗോളിയരുടെ പടയോട്ടത്തില്‍ ഇസ്‌ലാമിക വൈജ്ഞാനിക പാരമ്പര്യത്തിനു ക്ഷതമേറ്റതും ഇറാഖിലായിരുന്നു.
ഇസ്‌ലാമിക ഭരണത്തിന്റെ വസന്ത കാലഘട്ടത്തില്‍
ശാസ്ത്രീയ പഠനങ്ങളുടെ സിരാകേന്ദ്രമായ ബഗ്ദാദിലാണ്
ഹാറൂണ്‍ റഷീദും മഅമൂനും ഭരണം നടത്തിയതും ബൈത്തുല്‍ ഹിക്മ (Wisdom House) സ്ഥാപിച്ചതും. ഈ ബാഗ്ദാദിലൂടെയാണ് ആയിരത്തൊന്നു രാവുകള്‍ക്ക് മിഴി തുറന്നത്.
തന്റെ ഭാര്യമാരെ കൊല്ലുന്ന രാജാവിന്റെ ക്രൂരതയില്‍ രക്ഷപ്പെടാനായി ഓരോ ദിവസവും ഓരോ കഥകളുമായി ആയിരിത്തൊന്നു രാവുകള്‍ രാജാവിനെ ഭ്രമിപ്പിച്ച ശഹര്സാദിന്റെ കഥയില്‍ നിന്ന് വ്യതസ്തമായി ദിവസവും നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുന്ന പുതിയ കഥകളാണ് ഇറാഖ് ഇന്ന് നമ്മോട് പറയുന്നത്.
സദ്ദാമിന്റെ പതനശേഷം അമേരിക്കന്‍ പാവയായി അധികാരമേറ്റ നൂരി അല്‍-മാലികിയാണ് ഇന്നത്തെ ഇറാഖിന്റെ ദുരവസ്ഥയില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഒന്നാമന്‍. ന്യൂനപക്ഷം വരുന്ന സുന്നി (സുന്നി/
ഷിയാ എന്ന വിശാല വിഭജന അര്‍ത്ഥത്തില്‍)കളെ അരികുവത്കരിച്ചും അറബ്-സുന്നി ഭൂരിപക്ഷ മേഖലകളായ ഫല്ലൂജ, അന്‍ബാര്‍, റമാദി തുടങ്ങിയ സ്ഥലങ്ങളില്‍ നിഷ്ഠൂരമായനിലയില്‍ സൈനികാക്രമണം നടത്തിയും ഷിയാവാത്കരിക്കാന്‍ ശ്രമിച്ച മാലികി മറുഭാഗത്ത് കുര്‍ദുകളെയും അവഗണിച്ചു. തന്റെ സര്‍ക്കാരില്‍ തന്നെ വൈസ് പ്രസിഡണ്ടായിരുന്ന കുര്‍ദ് നേതാവ് താരിഖ് ഹാഷിമിയെ വധശിക്ഷക്ക് വിധിച്ചു അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച മാലികിയുടെ രാഷ്ട്രീയ വങ്കത്തവും ഇതിന്റെ ഭാഗം തന്നെയായിരുന്നു.
ഉള്ളില്‍ ലാവ തിളച്ചുമറിയുന്ന അഗ്നിപര്‍വത സമാനമായവസ്ഥയില്‍ കഴിഞ്ഞ വര്ഷം ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച അമേരിക്ക ഒരര്‍ത്ഥത്തില്‍ തങ്ങള്‍ തന്നെ ഉണ്ടാക്കിയെടുത്ത വലിയ ദുരന്തത്തില്‍ നിന്നും സമര്‍ഥമായ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ അപ്പോഴേക്കും തിരിച്ചുവരാന്‍ കഴിയാത്ത രീതിയില്‍ ഒരു രാജ്യം മുഴുവന്‍ കുട്ടിച്ചോറാക്കിമാറ്റിയിരുന്നുവെന്നത് ചരിത്രപാഠമാണ്. ഇല്ലാത്ത രാസയുധങ്ങളുടെ പേരുപറഞ്ഞു തുടങ്ങിവെച്ച ഈ അധിനിവേശത്തിന്റെ ബാക്കിപത്രം മേഖലയെയും അമേരിക്കയെയും ഉടനെയൊന്നും വിട്ടൊഴിയുമെന്നു തോന്നുന്നില്ല.
സദ്ദാം ഭരണകാലത്ത് സിറിയയിലും ഇറാനിലുമായി കഴിച്ചുകൂട്ടിയിരുന്ന നൂരി മാലികിക്ക്
ഇറാന്‍ ഷിയാ നേത്രത്വവുമായും ലെബനാനിലെ ഹിസ്ബുല്ലയുമായും സിറിയയിലെ അസദ് ഭരണകൂടവുമായും ശക്തമായ ബന്ധമാണുള്ളത്. മധ്യ പൗരസ്ത്യ ദേശത്തെ ശാക്തിക സന്തുലനത്തിനു അപകടകരമായ മാറ്റം വരുത്തി ഇറാന്‍-ഇറാഖ്-സിറിയന്‍-ഹിസ്ബുല്ല അച്ചുതണ്ട് സൃഷ്ട്ടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ അനന്തരഫലം കൂടിയാണ് ഇപ്പോഴത്തെ ചോരക്കളി. ഷിയാ ഇറാന്റെ പിതാവായ ആയത്തുല്ല ഖുമൈനി അല്‍-ശൈത്താല്‍ അല്‍-അക്ബര്‍ (വലിയ പിശാച്) എന്നു വിളിച്ച അമേരിക്കയുമായി സഹകരിച്ചും ഇറാഖില്‍ ഇടപെടുമെന്ന് ആദ്യം ഇറാന്‍ പ്രഖ്യാപിച്ചതും മേഖലയിലെ രാഷ്ട്രീയത്തിന്റെ ഗതിതന്നെ മാറ്റിമറിക്കാന്‍ പര്യപ്തമാണ്.
മേഖലയിലെ ഷിയാ ശക്തിവളര്‍ത്തിയെടുക്കാനുള്ള മാലികിയുടെ ശ്രമങ്ങളെ സഊദിയും ഖത്തറും പോലുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ വളരെ ആശങ്കയോടയാണ് വീക്ഷിച്ചത്. അതിന്റെ ഫലമായി സ്വാഭാവികമായും അവരുടെ പിന്തുണയും വിമത സുന്നി വിഭാഗങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു. രാജ്യത്ത് ദേശീയ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനോ സുന്നികളെ വിശ്വാസത്തിലെടുക്കുന്നതിനോ ശ്രമിക്കാതെ സഊദിയും ഖത്തറും ഇറാഖിലേക്ക് ഭീകരത കയറ്റി അയക്കുന്നുവെന്നു പരാതിപെട്ട മാലികി രാഷ്ട്ര സംവിധാനങ്ങളെ ബലഹീനപ്പെടുത്തി അധികാരം തന്നില്‍ കേന്ദ്രീകരിക്കാനാണ് ശ്രമിച്ചത്.
പാര്‍ശ്വവത്കരണവും ഒറ്റപ്പെടുത്തലും ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ മാവോവാദികള്‍ക്ക് വളംവെച്ചുകൊടുക്കുന്നത് പോലെ മാലികി സര്‍ക്കാരിന്റെ അരികുവത്കരണവും സ്വജനപക്ഷപാതവും അഴിമതിയും സൈനിക നടപടികളും സായുധ സംഘങ്ങളുടെ വളര്‍ച്ചയിലേക്കു നയിച്ചു. പത്രങ്ങള്‍ വിശദീകരിക്കുന്ന പോലെ ഭീകരരെന്നു പലരും മുദ്രകുത്തുന്ന അദ്ദൌല അല്‍-ഇസ്ലാമിയ്യ ഫില്‍ ഇറാഖ് വശ്ശാം (ദാഇശ്)എന്ന
സലഫീ സായുധ സംഘം മാത്രമല്ല ഇപ്പോഴത്തെ മാലികി വിരുദ്ധ സംഘത്തിലുള്ളത്. മറിച്ചു മുന്‍ സൈനികരടങ്ങിയ മിലിട്ടറി കൌണ്‍സില്‍ ഓഫ് ഇറാഖ് റെവലൂഷ്യനിസ്റ്റ്സ്, നഖ്‌ഷബന്ധി ത്വരീഖത്ത് പോരാളികള്‍, എഴുപതിലധികം വരുന്ന അറബ് ഗോത്രവര്‍ഗ കൌണ്‍സില്‍, സദ്ദാം ഹുസൈന്റെ ബഅസ് പാര്‍ട്ടിക്കാര്‍, സലഫികളും മുഖ്യധാരാ സുന്നികളും ദേശീയവാദികളും ഉള്‍പ്പെടുന്ന 1920 വിപ്ലവ ബ്രിഗേഡ്, കുര്‍ദിസ്ഥാന്‍ ആസ്ഥാനമായി രൂപം കൊണ്ട സലഫി സായുധ സംഘമായ ജമാഅത്ത് അന്‍സാറുല്‍ ഇസ്‌ലാം, വിവിധ സുന്നി ഗോത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജമാഅത്ത് ജയ്ശ് അല്‍-മുജാഹിദീന്‍, ഇഖ്വാനുല്‍ മുസ്ലിമീനോട് അനുഭാവം പുലര്‍ത്തുന്ന സുന്നികളും ചെറിയ വിഭാഗം ഷിയാക്കളും അടങ്ങിയ അല്‍-ജയ്ഷ് അല്‍-ഇസ്‌ലാമി ഫില്‍ ഇറാഖ് തുടങ്ങിയ ഒട്ടേറെ വിഭാഗങ്ങളാണ് മാലികി സര്‍ക്കാറിനെതിരെ സായുധ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്നത്.
(ഈ വിഭാഗങ്ങളെക്കുറിച്ചും ഇറാഖിലെ സംഭവ വികാസങ്ങളോടുള്ള അറബ് രാഷ്ട്രങ്ങളുടെയും വന്‍ശക്തികളുടെയും നിലപാടുകളെക്കുറിച്ചും അടുത്ത ഭാഗത്ത്)
niyazkollam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലേഖകനെ ബന്ധപ്പ്പെടാം
Leave A Comment