മലപ്പുറത്ത് ഒരു വര്‍ഗീയ കലാപം സ്വപ്‌നം കണ്ടിരിക്കുന്നവര്‍?

രണ്ടു ദിവസം മുമ്പ് ഒരു സംഭവം നടന്നു. കൃത്യമായി പറഞ്ഞാല്‍ അറവ് നിരോധനം വന്നതിന്റെ പിറ്റേന്ന് - റമദാന്‍ ഒന്നിന്...

മലപ്പുറത്ത് ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ക്കപ്പെട്ടു. പിറ്റേന്ന് ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ ശ്രീ ആര്യാടന്‍ മുഹമ്മദിനെ വഴിയില്‍ തടഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും പ്രചരണങ്ങളുണ്ടായി (തെക്കന്‍ കേരളത്തില്‍ ഹൈന്ദവരോട് അഭയാര്‍ഥി ക്യാമ്പ് തുറക്കാന്‍ തയ്യാറായിരിക്കാന്‍ ആവശ്യപ്പെടുന്നവ). പക്ഷേ എല്ലാം പൊളിഞ്ഞു..

പൊലീസിന്റെ സമയോചിത ഇടപെടല്‍ കാരണം 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് പ്രതിയെ പിടിക്കാനായി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ ദാസ് പോറ്റിയായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കക്ഷി. ഹിന്ദു വിശ്വാസങ്ങളിലെ അനാചാരങ്ങളോട് പ്രതിഷേധിക്കാനാണത്രേ തിരുവനന്തപുരംകാരനായ ഇയാള്‍ മലപ്പുറത്ത് എത്തി പ്രതിഷേധിച്ചത്. എത്ര വിശ്വസനീയമായ കഥ.

എല്ലാം തകര്‍ത്തത് കൃത്യസമയത്തുള്ള പൊലീസിന്റെ ഇടപെടല്‍. അത്ര തന്നെ അഭിനന്ദനാര്‍ഹമാണ് വലയില്‍ വീഴാതിരുന്ന മലപ്പുറത്തെ ഹൈന്ദവരുടെ വിവേകവും സമചിത്തതയും.

മനസിലാക്കിക്കൊള്ളുക, ഗോദ്ര കലാപത്തില്‍ വ്യാപകമായി നടന്ന ബലാത്സംഗങ്ങള്‍ക്ക് ഇന്ധനം പകരാന്‍ നദീതീരത്ത് ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട രീതിയില്‍ കണ്ടു എന്ന് ഒരു ലോക്കല്‍ പത്രത്തില്‍ വന്ന വ്യാജ വാര്‍ത്തയായിരുന്നു എന്ന് അനുമാനങ്ങളുണ്ട്. പത്രം മുന്‍ പേജില്‍ കൊടുത്ത സെന്‍സേഷന്‍ രണ്ട് ദിവസം കഴിഞ്ഞ് ഉള്‍പ്പേജില്‍ വ്യാജവാര്‍ത്തയെന്ന് ന്യൂസ് കൊടുത്തെങ്കിലും സംഭവിക്കാനുള്ളത് സംഭവിച്ചിരുന്നു.

ഇന്നലെ കൂട്ടിവായിക്കാമായിരുന്നത്? ഗോവധ നിരോധനം, പുണ്യമാസത്തിന്റെ ആരംഭം, ക്ഷേത്രം തകര്‍ക്കല്‍. .സോഷ്യല്‍ മീഡിയയിലെ പ്രചരണം, ഒടുവില്‍ പ്രതി. കേരളത്തില്‍ എന്ത് നടത്താനാണ് പദ്ധതിയിടുന്നതെന്ന് മനസിലാക്കാന്‍ ഒരുപാട് ബുദ്ധിയൊന്നും വേണമെന്നില്ല. മസ്ജിദിനുള്ളില്‍ കടന്ന് മുസ്ലിം പുരോഹിതനെ വധിച്ചതും വ്യാജ വീഡിയോ സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ പ്രചരിപ്പിച്ചതുമെല്ലാം ഇതിന്റെ വകഭേദങ്ങള്‍ മാത്രം. 

കലാപങ്ങള്‍ സൃഷ്ടിക്കുക. തങ്ങള്‍ അരക്ഷിതരാണെന്നും നീതി നിഷേധിക്കപ്പെടുന്നെന്നും ഭൂരിപക്ഷത്തിന്റെ ഉള്ളില്‍ ബോധം ജനിപ്പിക്കുക. ആ ഇടയിലൂടെ രക്ഷകരായി രംഗപ്രവേശനം നടത്തുക. ഈ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമായാണ് മലപ്പുറത്ത് ആര്‍ക്കും ഭൂമി വാങ്ങാന്‍ കഴിയില്ല എന്നും കേരളത്തിലെ മുസ്ലിം ജനസംഖ്യ ഭൂരിപക്ഷത്തിലെത്തുമെന്നുമൊക്കെയുള്ള പ്രചരണങ്ങളുടെ പിന്നില്‍. വിഷകല ചേച്ചി നാട് നീളെ നടന്ന് നട്ടാല്‍ കിളിര്‍ക്കാത്ത നുണകള്‍ വിളിച്ചുകൂവുന്നതിനും ദുരന്തന്‍ ചേട്ടന്റെ വെല്ലുവിളികളുമെല്ലാം ഈ നാടകത്തിന്റെ ഓരോ രംഗങ്ങളാണ്.

ഇതൊന്നും കേരളത്തില്‍ വില പോകില്ല. അതാണ് ഇവിടത്തെ സൗഹൃദത്തിന്റെ ചരിത്രം. എന്നാല്‍, ഇത്തരം ശ്രമങ്ങളെ ജനം കരുതിയിരുന്നേ മതിയാവൂ..

ഒരു നാലു വര്‍ഷം മുന്‍പ്  ആരെങ്കിലും കരുതിയോ നോട്ട് ഒരു സുപ്രഭാതത്തില്‍ കാണാതാകുമെന്നും ഒരു രാജ്യത്തോട് മുഴുവന്‍ ദേശസ്‌നേഹത്തിനു ക്യൂ നിന്ന് തെളിവ് കാണിക്കാന്‍ പറയുമെന്നും? അതിന്റെ കണക്ക് ഏതെങ്കിലും കുഞ്ഞിനറിയുമോ?

ആരെങ്കിലും കരുതിയോ പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നത് ഒരു വാര്‍ത്തയേ അല്ലാതാകുമെന്ന്. അഖ്‌ലഖിന്റെ പേരു നിങ്ങള്‍ ഓര്‍ത്തിരിപ്പുണ്ട്. അതുകഴിഞ്ഞ് കൊല്ലപ്പെട്ട ആരുടെയെങ്കിലും പേരുകള്‍ ഓര്‍ക്കുന്നുണ്ടോ? അതൊരു പുതുമയല്ലാതായിരിക്കുന്നു. സ്വാതന്ത്ര്യത്തിനു മുന്‍പും അത് കഴിഞ്ഞ് 69 വര്‍ഷക്കാലവും പശു ഇവിടെത്തന്നെയുണ്ടായിരുന്നു.

ആരെങ്കിലും കരുതിയോ ഒരു ഭക്ഷ്യവിഭവം നിരോധിക്കുമെന്ന്. അറവേ  നിരോധിച്ചുള്ളൂ എന്ന നിഷ്‌കളങ്ക ന്യായം പറയുന്നവര്‍ ഒന്നൂടി ആലോചിച്ച് നോക്കണം, തങ്ങളെന്താണ് പറയുന്നതെന്ന്. കാണാതായ വിദ്യാര്‍ഥികളുടെയും കൊല്ലപ്പെട്ട എഴുത്തുകാരുടെയും ലിസ്റ്റ് ഇത്രത്തോളം നീളുമെന്ന് ആരെങ്കിലും കരുതിയോ?

കൊന്നും കൊലപാതകം ആസൂത്രണം ചെയ്തും വര്‍ഗീയ ലഹള സൃഷ്ടിച്ചും അധികാരം പിടിക്കാന്‍ ശ്രമം കേരളത്തില്‍ നടക്കില്ല എന്ന് കരുതരുത്. അണിയറയില്‍ ഗ്രൗണ്ട് വര്‍ക്ക് നടക്കുന്നുണ്ട്. അതിനുള്ള തെളിവുകള്‍ ഒളിഞ്ഞും തെളിഞ്ഞും പുറത്തു വരുന്നുമുണ്ട്. ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തായിരുന്നെങ്കില്‍ ഒരു പ്രദേശം മുഴുവന്‍ നിന്ന് കത്താന്‍ ഇടയാകുമായിരുന്ന സംഭവം ഒഴിവായിപ്പോയതിന് നന്ദി പറയേണ്ടത് കേരള പൊലീസിനോടും പിന്നെ അവിടത്തെ വിവേകമുള്ള നാട്ടുകാരോടുമാണ്.

ഒഴിവാക്കാന്‍ മാര്‍ഗങ്ങളുണ്ട്. വളരെ സിമ്പിളാണത്..

1. വിഷം പുറപ്പെടുവിക്കുന്നത് ആരായാലും അത് ചോദ്യം ചെയ്യാനുള്ള വിവേകം..ആറ്റിങ്ങല്‍ കടലില്‍ ഹൈന്ദവരെ ഇറങ്ങാന്‍ സമ്മതിക്കുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ ആറ്റിങ്ങലെവിടെയാണ് കടല്‍, അല്ലെങ്കില്‍ ആറ്റിങ്ങല്‍ കടലുണ്ടോ എന്ന് ആലോചിക്കാനെങ്കിലുമുള്ള സാവകാശവും സമചിത്തതയും....കാള പെറ്റെന്ന് കേള്‍ക്കുമ്പൊഴേ കയറെടുത്തിറങ്ങരുത്.

2. രക്ഷകരായി ചമഞ്ഞിറങ്ങുന്നവരെ കാണുമ്പൊ ആ രക്ഷകപ്പട്ടം കൊണ്ട് നേട്ടം അവര്‍ക്കാണോ അതോ നമുക്കാണോ എന്ന് ആലോചിക്കാനുള്ള വിവേകം. ഒരു ദുരന്തം 'ബീഫ് ഫെസ്റ്റിവല്‍ നടത്തിയാല്‍ കേരളത്തില്‍ കൊലപാതകം നടക്കും' എന്ന് വെല്ലുവിളിച്ചാല്‍ കൊല്ലാനിറങ്ങുന്നതിനു മുന്‍പ് ആലോചിക്കുക. ആ കൊലപാതകം കൊണ്ട് രാഷ്ട്രീയനേട്ടം അയാള്‍ക്കാണോ അതോ....ഒ.കെ?

3. കണക്കുകളും കള്ളക്കണക്കുകളും പറയുന്നിടത്ത് സോഴ്‌സ് ചോദിക്കുക. അതിന്റെ പിന്നിലെ യാഥാര്‍ഥ്യം മനസിലാക്കാന്‍ ശ്രമിക്കുക.. നമുക്ക് വിദ്യാഭ്യാസമുള്ളത് എന്തിനാണെന്ന് തിരിച്ചറിയുക.

ഏറ്റവും പ്രധാനമായത് വ്യക്തിബന്ധങ്ങള്‍ വളര്‍ത്തുക. അടുത്തുള്ള അയല്‍ക്കാരനെക്കാള്‍ വലുതല്ല ഡല്‍ഹിയിലുള്ള - ഉത്തരേന്ത്യയിലുള്ള - നിയമസഭയിലോ ഫേസ്ബുക്കിലോ ഉള്ള നേതാക്കളെന്ന് തിരിച്ചറിയുക. തൊട്ടടുത്ത ഫ്‌ലാറ്റിലുള്ളവരെ കാണുമ്പൊ ഒന്ന് ചിരിക്കുന്നതും വിശേഷങ്ങള്‍ ചോദിക്കുന്നതും പോലെയുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ വലിയ വലിയ ബന്ധങ്ങളിലേക്ക് വഴിതുറക്കും..

അത്തരം ചെറിയ ബോണ്ടുകളാണ് വര്‍ഗീയതയെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ മാര്‍ഗം. കാലം മോശമാണ്....കരുതിയിരിക്കുക. ഈ കേരളം ഇതുപോലെ തന്നെ നമുക്ക് വേണം...

കടപ്പാട്. ഫെയ്‌സ്ബുക്ക്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter