വിദേശ ഉംറ തീർത്ഥാടനം ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ
മക്ക: ആഭ്യന്തര ഉംറ ആരംഭിച്ചതിന് പിന്നാലെ അടുത്ത മാസം മുതൽ വിദേശ തീർഥാടകർക്ക് ഉംറ ചെയ്യാനുള്ള അവസരം ഒരുങുന്നു. ഇതേതുടർന്ന് പുണ്യ നഗരികളിലെ താമസ സൗകര്യങ്ങള്‍ കുറ്റമറ്റതാക്കാനുള്ള നടപടികൾ ആരംഭിച്ചു. വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ ആഗ്രഹിക്കുന്ന മക്കയിലെയും മദീനയിലെയും കെട്ടിട ഉടമകളും പാര്‍പ്പിട യൂനിറ്റുകളും എത്രയും വേഗം ഉംറ ഓട്ടോമാറ്റഡ് സിസ്റ്റം വഴി വിവരങ്ങള്‍ പുതുക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശം നൽകിയിരിക്കുന്നത്.

നവംബര്‍ ഒന്ന് മുതല്‍ ഘട്ടം ഘട്ടമായി ഉംറ തീര്‍ഥാടനം പുനഃരാരംഭിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഹോട്ടലുകളുടെയും പാര്‍പ്പിട യൂനിറ്റുകളുടെയും വിവരങ്ങള്‍ പുതുക്കാന്‍ ആവശ്യപ്പെടുന്നതെന്ന് ഉംറ കാര്യങ്ങള്‍ക്കുള്ള ഹജ്, ഉംറ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയും സെന്‍ട്രല്‍ ബുക്കിംഗ് എന്‍ജിന്‍ സൂപ്പര്‍വൈസര്‍ ജനറലുമായ അബ്ദുറഹ്മാന്‍ ബിന്‍ ഫഹദ് ബിന്‍ ശംസ് ഹോട്ടലുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. വിവരങ്ങള്‍ പുതുക്കാന്‍ ടൂറിസം മന്ത്രാലയത്തില്‍ നിന്നുള്ള കാലാവധിയുള്ള ലൈസന്‍സ്, സിവില്‍ ഡിഫന്‍സ് ലൈസന്‍സ്, കമേഴ്സ്യല്‍ രജിസ്ട്രേഷന്‍, സക്കാത്ത്, നികുതി അതോറ്റിറ്റിയില്‍ നിന്നുള്ള വാറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ടാക്സ് നമ്പര്‍, ഉടമയുടെയോ പകരം ചുമതലപ്പെടുത്തുന്ന വ്യക്തിയുടെയോ തിരിച്ചറിയല്‍ കാര്‍ഡ്, ഉടമക്കു പകരം ചുമതലപ്പെടുത്തുന്ന വ്യക്തിക്കുള്ള വക്കാല, അതല്ലെങ്കില്‍ ചേംബര്‍ ഓഫ് കൊമേഴ്സില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത അംഗീകാര പത്രം എന്നിവയാണ് ഉംറ ഓട്ടോമാറ്റഡ് സിസ്റ്റം വഴി വിവരങ്ങള്‍ പുതുക്കുമ്പോള്‍ സമര്‍പ്പിക്കേണ്ടത്.

വിദേശ ഉംറ തീർത്ഥാടനം ആരംഭിക്കുമെങ്കിലും കൊവിഡ് വൈറസ് വ്യാപനം അധികരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവാദം നല്‍കുമോയെന്ന കാര്യത്തില്‍ ഇത് വരെ വ്യക്തത വന്നിട്ടില്ല. കൊവിഡ് വ്യാപനത്തെ തുടര്‍ന്നു മാര്‍ച്ച്‌ നാലിനു നിര്‍ത്തിവച്ച ഉംറ 7 മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് പുനരാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍. ഓരോ പതിനഞ്ച് മിനിറ്റിലും നൂറ് വീതം ഹാജിമാരാണ് മതാഫില്‍ പ്രവേശിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter