സെപ്തംബര്‍ 11 തരുന്ന പ്രതിവിചാരങ്ങള്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസ വകുപ്പില്‍ ഡിഗ്രിക്ക് പഠിക്കുന്ന ഞങ്ങള്‍ അവസാന വര്‍ഷ പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു. ദാറുല്‍ ഹുദായിലാണ്. സ്റ്റഡി ലീവായിരുന്നു. അരിച്ചാക്കുകള്‍ കൂട്ടിയിട്ട സ്റ്റോര്‍ റൂമിലാണ് ആരുടെയും ശല്യമില്ലാതിരിക്കാന്‍ വായിച്ചിരുന്നത്. എന്‍.വി. കൃഷ്ണവാര്യരുടെ കൊച്ചുതൊമ്മനൊക്കെ പഠിക്കാനുണ്ട്. 

ആരോ വന്നു അമേരിക്കയില്‍ ബോംബാക്രമണമെന്ന് പറഞ്ഞു. എല്ലായിടത്തും പൂരം സ്പോണ്‍സര്‍ ചെയ്യുന്ന അമേരിക്കക്കും സ്വന്തം നാട്ടില്‍ തന്നെ അത് കാണാന്‍ കഴിഞ്ഞല്ലോ എന്ന ആവേശമായിരുന്നോ? എന്തെല്ലാം സംഭവിക്കാനിരിക്കുന്നു എന്നറിയാത്തതിലുള്ള ബേജാറായിരുന്നോ? കാരണവര്‍ക്ക് തറവാട്ടില്‍ നടുത്തളത്തിലും തുപ്പാം എന്ന അമേരിക്കന്‍ എമ്പോക്കിത്തരത്തിനു കിട്ടിയ കിഴുക്കിലുള്ള അത്യല്‍സാഹമായിരുന്നോ? എന്താണ് വാര്‍ത്ത കേട്ടപ്പോള്‍ ഉണ്ടായത്? തീര്‍ച്ചയായും ഇതെല്ലാം കൂടിയ വികാരമായിരുന്നു.

ഞാനറിയുന്ന ഒരു ബന്ധു ടി.വി ഒന്നാം നിലയില്‍ നിന്ന് താഴത്തെ ഡൈനിംഗ് ഹാളിലേക്ക് മാറ്റി. ദാറുല്‍ ഹുദായില്‍ കറണ്ടുകട്ട് സമയത്ത് പ്രവര്‍ത്തിപ്പിക്കുന്ന ജനറേറ്ററില്‍ ഒഴിക്കാന്‍ കൂടുതല്‍ ഡീസല്‍ വാങ്ങി സൂക്ഷിച്ചു. 

ഇരകള്‍ പ്രതികരിക്കുമ്പോള്‍ അതിനു വ്യാകരണം ഉണ്ടാവുകയില്ലെന്ന് സിവിക് കോഴിക്കോട്ട് പ്രസംഗിച്ചു. ഇരകള്‍ ഒരുമ്പെടുന്ന വിധം എന്ന് റഫീഖ് തിരുവള്ളൂര്‍ ഞങ്ങളുടെ തെളിച്ചം മാസികയില്‍ കവര്‍ ചെയ്തു. 

ലോകത്ത് നല്ല മുസ്ലിംകള്‍, ചീത്ത മുസ്ലിംകള്‍ എന്നിങ്ങനെ രണ്ടു വിഭാഗമുണ്ടെന്ന് അമേരിക്കല്‍ പ്രസിഡണ്ട് ബുഷ് കണ്ടെത്തി. ഗുഡ് മുസ്ലിം, ബാഡ് മുസ്ലിം എന്ന പേരില്‍ മഹ്മൂദ് മംമ്ദാന്‍ പുസ്തകമൈഴുതി. 

എന്തിനാണ് അമേരിക്ക യുദ്ധം ചെയ്യുന്നത് എന്ന് അമേരിക്കയുടെ ഉള്ളില്‍ തന്നെ പരിശോധന നടത്തുന്ന മൈകല്‍ മൂറിന്റെ ഡോക്യുമെന്ററി വൈ വി ഫൈറ്റ് പുറത്തു വന്നു. 

വിറളിയെടുത്ത കാരണവര്‍ പാഞ്ഞു നടന്നു അഫ്ഗാനിലെ തോറാബോറയിലും കാബൂളിലും ഇറാക്കിലെ ബഗ്ദാദിലും മൗസിലിലും യുദ്ധം ചെയ്തു കൊണ്ടിരുന്നു. സദ്ദാമിനെയും ഉസാമയെയും തെരഞ്ഞുപിടിച്ചു കൊന്നു കളഞ്ഞു. 

ഇടക്കാലത്ത് ഒരു ഓട്ടയടക്കലിനു ഒബാമ മുതിര്‍ന്നുവെങ്കിലും ട്രംപ് ഇപ്പോഴും പറയുന്നത് മുസ്ലിംകള്‍ ഞങ്ങളെ വെറുക്കുന്നു എന്നാണ്, ഫ്രോയിഡിയന്‍ രീതിയില്‍ പറഞ്ഞാല്‍ അവര്‍ക്ക് മുസ്ലിംകളെ വെറുക്കണം, അതിനാണ്. 

ഒരു മുസ്ലിം എഫ്ബി സുഹൃത്തിനെ ബഗ്ദാദി എന്നു കേരളത്തിലെ ഒരു വിപ്ലവ കവിക്കു വിളിക്കാന്‍ പാകത്തില്‍ ഇസ്ലാമിക ടെററിസം ആഗോള സത്യമായി. എന്തു കണ്ടാലും മുട്ടിനുമുട്ടിനു ഇടതുപക്ഷത്തിനു ഉപയോഗിക്കാവുന്ന പദമായി താലിബാനിസം പുരോഗമിച്ചു. 

അമേരക്കയിലെ ഹോട്ട് ഡെസ്റ്റിനേഷനായി ഗ്രൗണ്ട് സീറോ മാറി. ഹോളിവുഡ് സിനിമകളില്‍ പുരാവൃത്തം പോലെ ആവര്‍ത്തിച്ചിരുന്ന അലീന്‍ ഫോഴ്സുകള്‍ അങ്ങനെ 9/11 ലൂടെ സാക്ഷാല്‍കൃതമായി.

9/11നെക്കുറിച്ചു Welcome to the Desert of the Real എന്ന പുസ്തകമെഴുതിയ ഇടതു ചിന്തകന്‍ സ്ലാവോയ് ഷിഷേക് പറയുന്നത് ഇത്രയേ ഉളളൂ:

America will finally risk stepping through the fantasmatic screen that separates it from the Outside World, accepting it's arrival in the Real world, making the long-overdue move ' A thing like this should'nt happen here' to 'A thing like this shouldn't happen anywhere'.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter