കശാപ്പ്‌ നിരോധനത്തിലെ ഫാസിസ്റ്റ് അജണ്ടകള്‍

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതും മൃഗങ്ങളെ ബലിയറുക്കുന്നതും നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിധി വന്നിരിക്കുന്നു. പശു, കാള, പോത്ത്, എരുമ, പശുക്കുട്ടി, കാളക്കുട്ടി എന്നിവയാണ് ഈ നിയമത്തിന് വിധേയമാകുന്നത്. എന്നാല്‍, കോഴി, ആട് തുടങ്ങിയവയെ അറുക്കുന്നതുകൊണ്ട് വിരോധമില്ല. ഈ നിയമത്തിനു പിന്നിലെ സര്‍ക്കാര്‍ അജണ്ട തീര്‍ത്തും ഏകപക്ഷീയവും ജനവിരുദ്ധവുമാണെന്നതില്‍ സംശയമില്ല. ജനങ്ങളുടെ ഭക്ഷണത്തില്‍ പോലും നിയന്ത്രണം കൊണ്ടുവന്ന് ഫാസിസം കളിക്കുന്ന ഭരണകൂടം എന്തുകൊണ്ട് കാലികളുടെ കാര്യത്തില്‍ മാത്രം ഈ നിയമം കൊണ്ടുവന്നു? അറവും കൊലയുമാണ് പ്രശ്‌നമെങ്കില്‍ ആടും കോഴിയുമെന്താ വീവനുള്ളവയല്ലേ? അവയെക്കുറിച്ചൊന്നും യാതൊരു നിയമവും ആരും പറഞ്ഞിട്ടില്ല. പശു ഇനത്തില്‍ പെട്ട കാലികള്‍ക്കു മാത്രമാണോ പ്രാണനും വേദനയുമുള്ളത്?! ഇവിടെ പ്രശ്‌നം, വേദനവും പ്രാണനുമല്ല. സാക്ഷാല്‍, ഹിന്ദുത്വ ഫാസിസം തന്നെയാണ് ഇവിടെ കളിക്കുന്നത്. ഗോരക്ഷ തന്നെയാണ് ഇതിനു പിന്നിലെ വലിയ അജണ്ട.

കാലി അറവും മുസ്‌ലിം വിരുദ്ധതയും

മത സാമൂഹിക രാഷ്ട്രീയ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്കെല്ലാം വളരെ ദാരുണമായൊരു മുഖം കൈവന്നിട്ടുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും ഒരു മുസ്‌ലിം മാനം കല്‍പ്പിക്കുകയും വസ്തുതകള്‍ നോക്കാതെ കണ്ട് അവക്കൊരു വൈകാരിക ഭാവം പകരുകയും ചെയ്യുക എന്നതാണത്. ബി.ജെ.പിയുടെ മാതൃഘടകമായ 'സ്വയം സേവക'രാണ് ഈ അവസ്ഥക്കു പിന്നിലെ പ്രധാന കാരണക്കാര്‍. ഇന്ന് ഗോമാംസ വിഷയത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ഇന്ത്യയില്‍ മുസ്‌ലിം ആഗമനത്തോടെയാണ് ബീഫ് ഭക്ഷണമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നു പറഞ്ഞ് ഇന്ത്യന്‍ മുസ്‌ലിംകളെ ഭീകരവല്‍കരിക്കാന്‍ ശ്രമിക്കുകയാണ്ഹിന്ദുത്വവാദികള്‍. 
    ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാള്‍ക്കറാണ് ആദ്യമായി ഇങ്ങനെയൊരു ആരോപണം മുന്നോട്ടെറിഞ്ഞത്. 1966 ലായിരുന്നു ഇത്. അദ്ദേഹം പറഞ്ഞു:
    'വിദേശികള്‍ നമ്മുടെ നാട്ടില്‍ ആക്രമിച്ചു കയറിയതു മുതലാണ് അത് തുടങ്ങിയത്. ജനങ്ങളെ അടിമകളാക്കി വെക്കാന്‍ ഏറ്റവും നല്ല മാര്‍ഗമായി അവര്‍ മനസ്സിലാക്കിയത് ഹിന്ദുക്കളില്‍ ആത്മ-ബഹുമാനം ജനിപ്പിക്കുന്ന സര്‍വ്വ ചിഹ്നങ്ങളെയും നശിപ്പിച്ചുകളയുകയെന്നതാണ്. അതിന്റെ ഭാഗമായി മതപരിവര്‍ത്തനം, ക്ഷേത്രങ്ങളും മഠങ്ങളും തകര്‍ക്കല്‍ പോലെയുള്ള പല കാടത്തരങ്ങളും അവര്‍ ചെയ്തു. അതിനെ തുടര്‍ന്നാണ് ഗോവധം ആരംഭിക്കുന്നത്.'82
    ഇതോടെ, മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള മറ്റൊരു വിഷയമായി മാറി പശു. 2015 ഒക്ടോബറില്‍ 'ബീഫ് കഴിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ മുസ്‌ലിംകള്‍ക്ക് രാജ്യത്ത് ജീവിക്കുന്നത് തുടരാമെ'ന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രസ്താവിച്ചതോടെ ഈ ചര്‍ച്ച ഒന്നുകൂടി ശക്തിപ്പെട്ടു. യു.പിയിലെ ദാദ്രിയില്‍ നടന്ന അഖ്‌ലാഖിന്റെ ദാരുണമായ കൊലയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. 'ക്രിസ്ത്യാനികളും മുസ്‌ലിംകളും ഗോമാംസം കഴിക്കണമെന്ന് എവിടെയും പറയുന്നില്ല' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിലും ക്രിസ്ത്യാനിറ്റിയിലും ഗോമാംസം പുണ്യമുള്ളതൊന്നുമല്ല എന്ന് ഖട്ടാര്‍ പറഞ്ഞത് വസ്തുതതന്നെയാണ്. പക്ഷെ, ഇന്ത്യയില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളുമാണ് അത് ഉപയോഗിക്കുന്നത് എന്ന പൂര്‍ണ അറിവോടെത്തന്നെയാണ് അദ്ദേഹമിത് പറഞ്ഞത്. 

മൃഗബലി ഹിന്ദു വിശ്വാസത്തിന്റെ ഭാഗം
    ഇന്ത്യയില്‍ വേദകാലത്തെ ആചാരങ്ങളുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു മൃഗബലി. ഇത് ചരിത്രപരാമയ തെളിവുകള്‍കൊണ്ട് സ്ഥിരീകരിക്കാന്‍ കഴിയുന്ന കാര്യമാണ്. പശു, കാള തുടങ്ങിയവയെല്ലാം അക്കാലത്ത് ബലിയായി അറുക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഒരു കാര്‍ഷിക സമൂഹം വളര്‍ന്നുവരികയും അതേസമയം ബുദ്ധമതവും ജൈനമതവും ശക്തിപ്പെടുകയും ചെയ്തതോടെ മാത്രമാണ് മൃഗബലിക്കെതിരെയുള്ള ശബ്ദങ്ങള്‍ ഉയര്‍ന്നുതുടങ്ങുന്നത്. ഇതോടെ കാളകളടക്കം പല ബലികളും തടയപ്പെടുകയും പശു ആരാധിക്കപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍, ക്രിസ്ത്യാനികളും മുസ്‌ലിംകളും ഈ മണ്ണില്‍ കാല് കുത്തുന്നതിനുമുമ്പുതന്നെ ഇന്ത്യയില്‍ ഗോമാംസം ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതാണ് സത്യം.
    ഇന്ത്യയില്‍ ഗോവധത്തെക്കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷെ, ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ ആര്‍.എസ്.എസ്സില്‍നിന്നും കടമെടുത്ത മുസ്‌ലിംവിരോധം മാത്രം ലാക്കാക്കി ഇതിന്റെ പേരില്‍ മുസ്‌ലിംകളെ മാത്രം ഇരവല്‍കരിക്കാന്‍ ശ്രമിക്കുന്നത് വലിയൊരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. മതത്തിലപ്പുറം ഈ അജണ്ടയുടെ കറുത്ത മുഖമാണ് ഇവിടെ മികച്ചുകാണുന്നത്. ഇന്ത്യയുടെ വടക്കു-കിഴക്കന്‍ ഭാഗങ്ങളിലും കേരളം, ഗോവ, കര്‍ണാടക, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപകമായി ഗോമാംസം ഉപയോഗിക്കപ്പെടുന്നുണ്ട്. ക്രിസ്ത്യാനികളും ഹിന്ദുക്കളും ദലിതുകളുംവരേ ഒരുപോലെ ഇത് ഉപയോഗിക്കുന്നു. അതുകൊണ്ട് അവരെല്ലാം ദേശവിരുദ്ധരാണെന്ന് പറയാനാകുമോ?!
    ബീഫിന്റെ പേരില്‍ മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ തങ്ങള്‍ സ്വന്തം നേതാവായി ഉയര്‍ത്തിക്കാണിക്കുന്ന സ്വാമി വിവേഗാനന്ദന്റെ തദ്വിഷയകമായ ഈ പ്രസ്താവന ഒരാവര്‍ത്തി വായിക്കുന്നത് നല്ലതാണ്. പ്രാചീന ഇന്ത്യയിലെ 'ഹിന്ദുക്കള്‍' ഗോമാംസം ഉപയോഗിച്ചതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു:
    'ഞാന്‍ പറയുന്നത് നിങ്ങളെ അല്‍ഭുതപ്പെടുത്തിയേക്കാം. ഇന്ത്യയിലെ പ്രാചീന മതനിയമ പ്രകാരം ബീഫ് കഴിക്കാത്തവര്‍ക്ക് ഒരുത്തമ ഹിന്ദുവാകാന്‍ കഴിഞ്ഞിരുന്നില്ല. പ്രത്യേകം മുഹൂര്‍ത്തങ്ങളില്‍ അവര്‍ കാളകളെ ബലിയറുത്ത് ഭക്ഷിക്കുമായിരുന്നു.'
    രാമകൃഷ്ണ മിഷനും മറ്റും ഗവേഷണം നടത്തി ഉറപ്പുവരുത്തിയ കാര്യമാണിത്. ഇന്ത്യയുടെ വേദകാല ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ആധികാരികമായി പഠനം നടത്തിയ സി. കുഞ്ഞന്‍ രാജ ബീഫുമായി ബന്ധപ്പെട്ട് പറയുന്നത് ഇങ്ങനെയാണ്:
    'ബ്രാഹ്മണര്‍ ഉള്‍പ്പെടേയുള്ള വേദകാല ആര്യന്മാര്‍ മത്സ്യം, മാംസം മാത്രമല്ല, ഗോമാംസവും ഭക്ഷിക്കുന്നവരായിരുന്നു. ബീഫ് വിളമ്പിയാണ് അന്ന് ഒരു വിശിഷ്ട അതിഥി വീട്ടില്‍ സ്വീകരിക്കപ്പെട്ടിരുന്നത്. വേദകാല ആര്യന്മാര്‍ ഗോമാംസം ഭക്ഷിച്ചിരുന്നുവെങ്കിലും പാലുള്ള കറവപ്പശുവിനെ അറുത്തിരുന്നില്ല. ആഗ്ജ്ഞ എന്നാണ് ഇത്തരം പശുക്കള്‍ വിളിക്കപ്പെട്ടിരുന്നത്. കൊല്ലാന്‍ പാടില്ലാത്തത് എന്നാണ് അതിനര്‍ത്ഥം. എന്നാല്‍, അതിഥികള്‍ ഗോഗ്ജ്ഞ എന്ന പേരില്‍ വിളിക്കപ്പെട്ടു. പശുവിനെ അറുത്ത് സര്‍ക്കരിക്കപ്പെടേണ്ടവര്‍ എന്നാണ് ഇതിന്റെ വിവക്ഷ. കാളകള്‍, മച്ചിപ്പശുക്കള്‍, പശുക്കുട്ടികള്‍ തുടങ്ങിയവയാണ് അവിടെ വ്യാപകമായി അറുക്കപ്പെട്ടിരുന്നത്.'
    ഹിന്ദൂയിസത്തെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തിയ മറ്റൊരു പണ്ഡിതനാണ് ബി.ആര്‍. അംബേദ്കര്‍. 'ഹിന്ദുക്കള്‍ ബീഫ് കഴിച്ചിരുന്നില്ലേ?' എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം മനോഹരമായ ഒരു പഠനം തയ്യാറാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ഇത് ലഭ്യമാണ്. ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണത്തിന്റെ വെളിച്ചത്തില്‍ തന്റെ കണ്ടെത്തലായി അദ്ദേഹം മുന്നോട്ടുവെക്കുന്നത് ഇതാണ്: 
    'ഋഗ്വേദത്തിലെ ആര്യന്മാര്‍ ഭക്ഷണാവശ്യങ്ങള്‍ക്കുവേണ്ടി പശുക്കളെ കൊന്നിരുന്നു. വ്യാപകമായി അവര്‍ ഗോമാംസം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഋഗ്വേദത്തില്‍നിന്നും ഇത് വളരെ വ്യക്തമാണ്. അതില്‍ ഒരിടത്ത് (ത.86.14) ഇങ്ങനെ കാണാം. ഇന്ദ്രന്‍ പറയുന്നു: 'ഒരാള്‍ക്കുവേണ്ടി 15/20 കാളകളെയാണ് അവര്‍ പാകം ചെയ്തിരുന്നത്.' കുതിരകള്‍, കാളകള്‍, മൂരികള്‍, മച്ചിപ്പശുക്കള്‍, ആടുകള്‍ തുടങ്ങിയവയാണ് അഗ്നിക്കുവേണ്ടി ബലിയറുക്കപ്പെട്ടിരുന്നത് എന്ന് മറ്റൊരിടത്ത് (ത.91.14) കാണാം. വാളുകൊണ്ടോ മഴു കൊണ്ടോ ആണ് പശുക്കളെ അറുക്കപ്പെട്ടിരുന്നതെന്നും ഋഗ്വേദത്തില്‍നിന്നും (ത.72.6) വ്യക്തമാണ്.'
    ഇന്ത്യയുടെ ഭരണഘടനയായി അംഗീകരിക്കണമെന്ന് ആര്‍.എസ്.എസ് പറയുന്ന മനുസ്മൃതിയും ഈ വിഷയത്തിലേക്ക് സൂചന നല്‍കുന്നത് കാണാം. അതിന്റെ അഞ്ചാം അധ്യായത്തില്‍ വിവിധ തരത്തിലുള്ള മാംസങ്ങള്‍ പാകം ചെയ്യുന്നതിനെ കുറിച്ച് പറയവെയാണ് ഈ സൂചന കാണുന്നത്. 32 ാം സൂക്തത്തില്‍ ഇങ്ങനെ കാണാം: 
    'മാംസം കഴിക്കുന്നവര്‍, ദൈവങ്ങളെ തൊഴുമ്പോള്‍ പാപ മുക്തനാകുന്നു. മാസം വാങ്ങിയതോ സ്വന്തമായി അറുത്തതോ സമ്മാനമായി ലഭിച്ചതോ ആയാലും കുഴപ്പമില്ല.' ഈ പ്രസ്താവന എല്ലാ മാംസങ്ങളെയും ഒരുപോലെ ഉള്‍കൊള്ളിക്കുന്നുണ്ട്. വ്യക്തമാക്കി പറയാത്തതിനാല്‍ ബീഫും ഇതില്‍ പെടുമെന്ന് ചുരുക്കം. 

കാലികളും ഫാസിസ്റ്റുകളും

    ഗോവധവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഇടക്കിടെ ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ 'ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍' എന്ന ഒരു ചോദ്യമാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിംകളെ അരിക് നിര്‍ത്താന്‍ ഹിന്ദുത്വര്‍ നടത്തുന്ന ഒരു ഗൂഢ പദ്ധതിയാണിത്. 'വിദേശ' മതങ്ങളില്‍ വിശ്വസിക്കുന്നവരായതിനാല്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ദേശവിരുദ്ധരാണെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ധമനികളില്‍ ഹിന്ദു രക്തം ഒഴുകുന്നില്ല, സംസ്‌കൃതം അറിയില്ല, ആര്യഗണത്തില്‍ പെടുന്നില്ല തുടങ്ങിയ വിഷയങ്ങളാണ് ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ദേശവിരുദ്ധരാക്കാന്‍ അവര്‍ എടുത്തുപറയുന്ന കാരണങ്ങള്‍. അതുകൊണ്ടുതന്നെ, അവരെ സൂചിപ്പിക്കാന്‍ 'മ്ലേച്ഛന്മാര്‍' എന്നാണ് അവര്‍ ഉപയോഗിക്കുന്നത്. വി.ഡി. സവര്‍ക്കറും ഗോള്‍വാള്‍ക്കറും അനുയായികളില്‍ കുത്തിവെച്ച മാരകമായ ഒരാശയമാണിത്. മുസ്‌ലിംകളെ അക്രമിക്കാനും കൊലപ്പെടുത്താനും ഒരു കാരണം കണ്ടെത്തുകയെന്ന അജണ്ട മാത്രമാണ് ഇതിനു പിന്നില്‍. അല്ലാതെ, ഇതിന് ഒരു മതകീയ പിന്‍ബലം ചരിത്രം വെച്ച് സ്ഥാപിക്കാന്‍ സാധ്യമല്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter