പരീക്ഷാഹാളില്‍ പെണ്ണിന്റെ തട്ടമഴിക്കുന്നവര്‍ അറിയണം; അവള്‍ക്കും ചില അവകാശങ്ങളില്ലേ
സിബി.എസ്.ഇ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഹാളില്‍ തട്ടത്തിനു വിലക്ക് ഏര്‍പ്പെടുത്തിയതും ഫാസിസത്തെ പ്രതിരോധിക്കാന്‍ കൊച്ചിയിലും കോഴിക്കോട്ടുമായി വെവ്വേറെ നടന്ന സംഗമങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
തട്ടത്തിനുള്ള വിലക്ക് ലിബറല്‍ മതേതര വാദികള്‍ക്ക് പ്രശ്‌നമാകാത്തത് പോലെ മുസ്്‌ലിംകളുടെ തന്നെ ആവിഷ്‌കാരമായ മുസ്്‌ലിം യൂത്ത് ലീഗിനും പ്രശ്‌നമാകുന്നില്ല എന്നത് ആശങ്കാജനകമാണ്.
രാജ്യത്ത് മുസ്‌ലിംകള്‍ കേവലം ന്യൂനപക്ഷം മാത്രമല്ല. മറിച്ച്,സവര്‍ണ പൊതുബോധത്തില്‍ വല്ലാതെ അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗം കൂടിയാണ്. ഇന്ത്യന്‍ ദേശീയതയില്‍ ക്രൈസ്തവര്‍ക്കും സിക്കുകാര്‍ക്കുമില്ലാത്ത അപരത്വം സ്വാതന്ത്ര്യം ലഭിച്ച് ആറു പതിറ്റാണ്ടിന് ശേഷവും ഈ സമുദായം പേറുകയാണ്.
സി.ബി.എസ്.ഇ പ്രവേശന പരീക്ഷാ ഹാളില്‍ സിക്ക് തലപ്പാവിന് ഒരു വിലക്കുമില്ലാത്ത കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
പരീക്ഷാ ഹാളില്‍ മുസ്്‌ലിം പെണ്‍കുട്ടിയുടെ തട്ടം ഉപയോഗിച്ച് ചെയ്യാവുന്ന എല്ലാ ഏര്‍പ്പാടും സിക്കുകാരന്റെ തലപ്പാവു കൊണ്ടും ചെയ്യാം. സിക്കുകാരന്റെ തലപ്പാവിനെ ദേശീയതയുടെ കള്ളിയിലേക്ക് സ്വാംശീകരിച്ച അധീശബോധം തട്ടത്തെ ഇപ്പോഴും പുറത്തു നിര്‍ത്തുകയാണ്.
ഈ സവര്‍ണ ബോധത്തിന്റെ നടത്തിപ്പുകാരായി ഭരണകൂടം മാറി എന്നത് തന്നെയാണ് സി.ബി.എസ്.ഇയുടെ നിര്‍ദേശം സൂചിപ്പിക്കുന്നത്.
സി.ബി.എസ്.ഇയുടെ ഇത്തരമൊരു നിര്‍ദേശം പുറത്തുവന്ന് ഒരാഴ്ച തികയുമ്പോഴും നമ്മുടെ 'സെക്കുലര്‍ ' പൊതുമണ്ഡലം എങ്ങനെ പ്രതികരിച്ചു എന്ന് ചിന്തിക്കുന്നിടത്താണ് കോഴിക്കോട്ടെ അമാനവ സംഗമം പ്രസക്തമാകുന്നത്.
ഫാസിസത്തിനെതിരേ മതവും ജാതിയും മാറ്റിവച്ച് മനുഷ്യനായി വന്ന് ഞങ്ങളോടൊപ്പം പ്രതിഷേധിക്കൂ എന്നാണ് കൊച്ചിയിലെ മനുഷ്യസംഗമക്കാരുടെ ആഹ്വാനം. ഇടതു ലിബറല്‍ പശ്ചാത്തലമുള്ള നാല്‍പ്പതോളം സംഘടനകളായിരുന്നു പരിപാടിയുടെ സംഘാടനത്തിനു പിന്നില്‍. പല വ്യക്തികളും സംഘടനകളും ക്ഷണിക്കപ്പെട്ട മനുഷ്യസംഗമത്തില്‍ നിന്നും മുസ്്‌ലിം സംഘടനകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ടു. ആളെണ്ണിയാല്‍ അന്‍പതു പേര്‍ തികയാത്ത മുസ്‌ലിം മഹിളാ ആന്ദോളന്‍ , നിസ എന്നീ രണ്ടു സ്ത്രീ സംഘടനകളെ മാത്രം ക്ഷണിച്ചു. സെക്കുലര്‍ ലിബറലുകള്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ വച്ച് പെരുമാറാത്ത മുസ്‌ലിംകള്‍ ഫാസിസ്റ്റുകള്‍ക്ക് തുല്യരാണെന്ന് വിധിയെഴുതി ഫാസിസത്തിന്റെ ഏറ്റവും വലിയ ഇരകളായ മുസ്‌ലിംകളെ ഒഴിവാക്കി. മുസ്്‌ലിം പേരുകാരനായ, ഇസ്്‌ലാം അനുസരിച്ച് ജീവിക്കാത്ത മനുഷ്യസംഗമത്തിന് സംഘാടകന്‍ തന്നെ സെക്കുലര്‍ ലിബറലുകളുടെ ന്യൂനപക്ഷ വിരുദ്ധതയെ വേദിയില്‍ കയറി പച്ചക്ക് ചീത്ത വിളിച്ചപ്പോഴാണ് കാര്യങ്ങള്‍ പലര്‍ക്കും തെളിഞ്ഞത്.
മനുഷ്യസംഗമം അദൃശ്യരാക്കിയ മുസ്‌ലിം സ്വത്വത്തിന്റെ പ്രഖ്യാപനമായിരുന്നു കോഴിക്കോട് കടപ്പുറത്ത് നടന്ന അമാനവ സംഗമം. ഈ സംഗമത്തില്‍ തലയില്‍ കെട്ടും തൊപ്പിയും മഫ്തയും പര്‍ദയും ബാങ്ക് വിളിയും നിസ്‌കാരവും എല്ലാം ചേര്‍ന്ന് മുസ്്‌ലിം സ്വത്വത്തിന്റെ പ്രഖ്യാപനവും അതിലുള്ള ആ സമൂഹത്തിന്റെ അഭിമാനവും പ്രതിഫലിച്ചു. ദലിത് ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം അതില്‍ പങ്കെടുത്തു.
മുസ്്‌ലിം സ്വത്വങ്ങളിലൊന്നായ തട്ടം ഊരിയെറിഞ്ഞവരാണ് മനുഷ്യ സംഗമത്തിന്റെ സംഘാടക കമ്മിറ്റിയില്‍ നിന്ന് മുസ്‌ലിംകളെ അകറ്റിയത്. തട്ടമെന്ന സ്വത്വത്തിന്റെ വിലയെ പുച്ഛിക്കുന്ന ആ മനുഷ്യര്‍ക്ക് തട്ടമിട്ടവരുടെ സ്വത്വത്തെക്കുറിച്ച് ആലോചിക്കാന്‍ കഴിയുമോ? ആലോചിച്ചാല്‍ തന്നെ അതില്‍ നീതിയുണ്ടാകുമോ? അക്കാര്യത്തില്‍ അവരുടെ ചിന്തകളില്‍ പിശക് പറ്റിയെന്ന് മനുഷ്യസംഗമം കഴിയും മുന്‍പെ അവര്‍ കുറ്റസമ്മതം നടത്തേണ്ടി വന്നത് അതുകൊണ്ടാണ്.അതിനിടയില്‍ വന്ന സി.ബി.എസ്.ഇയുടെ തട്ടവിലക്ക് അപ്പോഴും സെക്കുലര്‍ ലിബറലുകള്‍ക്കും പൊതുമണ്ഡലത്തിനും ഒരു ചര്‍ച്ചാ പ്രശ്‌നമാകുന്നില്ല. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും വിലക്കപ്പെടുന്ന തട്ടം പൊതുമണ്ഡലത്തില്‍ അത്രമേല്‍ അരോചകമാക്കപ്പെടുന്ന സാഹചര്യം എങ്ങനെ ഉണ്ടായി. ഇടത് സെക്കുലര്‍ ലിബറലുകള്‍ എന്തുകൊണ്ട് 'തട്ട' കാര്യത്തില്‍ മൗനം പാലിക്കുന്നു. മുസ്്‌ലിം യൂത്ത് ലീഗും ലീഗിലെ തന്നെ ചില യുവ നേതാക്കളും മുസ്്‌ലിം പെണ്‍കുട്ടിയുടെ തട്ടമിടാനുള്ള അവകാശത്തെക്കുറിച്ച് മിണ്ടാന്‍ ഭയക്കുന്നിടം വരെ കാര്യങ്ങള്‍ എങ്ങനെയെത്തി. നിലവിളക്ക് കത്തിക്കാന്‍ വെമ്പുന്നവര്‍ക്ക് താത്തക്കുട്ടിയുടെ തലയില്‍ ഒരു കീറ് മുണ്ടിടാനുള്ള ആഗ്രഹത്തെക്കുറിച്ച് ഒന്നും പറയാനില്ല!
ഇടതുവലതു പാര്‍ട്ടികളിലും ന്യൂനപക്ഷ സമുദായ പാര്‍ട്ടിയിലും സവര്‍ണ ഹൈന്ദവ പൊതുബോധം സ്ഥാപിച്ച പൊതുബോധം (?)ശക്തമാണ്. കോട്ടയത്തെ മേരി റോയിയുടെ സ്‌കൂളിലെ ആണ്‍പെണ്‍ വിവേചനം ഗൗരവമേതും ഇല്ലാതെ കണ്ട എം.എ ബേബിക്ക് ഫാറൂഖ് കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കാന്‍ പാടില്ലെന്ന നിലപാട് അതിഗൗരവമുള്ള ഒന്നായി മാറി.
കന്യാസ്ത്രീകളുടെ തട്ടത്തിന് വിലക്കില്ലാത്ത ക്രൈസ്തവ സ്‌കൂളുകളില്‍ മുസ്‌ലിം കുട്ടികളുടെ തട്ടത്തിന് വിലക്ക്. ഏതു വസ്ത്രവും ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും ക്രൈസ്ത കോളജില്‍ പര്‍ദയ്ക്ക് വിലക്ക്. സിക്കുകാരന്റെ തലപ്പാവിന് സ്വാതന്ത്ര്യമുണ്ടായിരിക്കെ മുസ്്‌ലിം പെണ്‍കുട്ടിയുടെ തട്ടത്തിന് സി.ബി.എസ്.ഇ പരീക്ഷയില്‍ വിലക്ക്.
ഈ പ്രശ്‌നത്തെ അര്‍ഹിച്ച ഗൗരവത്തോടെ നമ്മുടെ സമൂഹം കൈകാര്യം ചെയ്യുന്നുണ്ടോ? സി.ബി.എസ്.ഇ നിര്‍ദേശം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഇടതുപക്ഷവും വലതുപക്ഷവും പ്രതികരിച്ചിട്ടില്ല. ന്യൂനപക്ഷമായ മുസ്്‌ലിംകള്‍ക്ക് അവരുടെ സ്വത്വവും സംസ്‌കാരവും വിശ്വാസവും നിലനിര്‍ത്തി ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണിത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും പ്രതികരിക്കാത്തത് നേരത്തേ പറഞ്ഞ സവര്‍ണ പൊതുബോധത്തിന്റെ ഊക്കാണ്.
നിലവിളക്ക് കത്തിക്കാനുള്ള അവകാശത്തിനായി പോരാടിയ യുവ നേതാക്കള്‍ തട്ടമിടാനുള്ള അവകാശത്തിന് വേണ്ടി സംസാരിക്കാത്തത് എന്തുകൊണ്ടാണ്? അഭിമാനകരമായ അസ്തിത്വമെന്ന പ്രഖ്യാപിത ലക്ഷ്യം ഇനിയും നിറവേറിയിട്ടില്ലെന്ന് 'സെക്കുലര്‍ 'ബാധ കേറിയ നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം.ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് പോലും സവര്‍ണ പൊതുബോധം പൊതുമണ്ഡലത്തെ ആവേശിച്ചതിന്റെ ഭാഗമാണ്. സമുദായത്തിന് വേണ്ടി നില്‍ക്കുന്നവര്‍ ഡി.വൈ.എഫ്.ഐക്കാരെ പോലെയല്ല ചിന്തിക്കേണ്ടത്. നൂറ്റാണ്ടുകളാല്‍ സ്ഥാപിതമായ സവര്‍ണ പൊതുബോധത്തില്‍ നിന്ന് മതം ഉപേക്ഷിച്ച് വരാന്‍ പറയുന്ന ലിബറല്‍ ഇടതുപക്ഷത്തിന് ചിന്ത പണയം വച്ചിട്ട് സി.പി.എം വിരുദ്ധതയും പിണറായി വിജയന്റെ ഭാര്യയുടെ സാരിയുടെ വിലയെക്കുറിച്ചും പ്രസംഗിച്ചിട്ട് കാര്യമില്ല.'അഭിമാനകരമായ അസ്തൃിത്വം' എന്ന പരിധിയില്‍ ഇപ്പോള്‍ വന്നത് തട്ടമാണ്. അത് അഭിമാനത്തോടെ അണിയാനുള്ള മാപ്പിളപെണ്‍കൊടിയുടെ അവകാശം സംരക്ഷിക്കാന്‍ ,അഭിമാനത്തോടെ അതിന് വേണ്ടി ശബ്ദിക്കുമ്പോഴേ നിലപാടുകളുടെ നില കര്‍ശനമാക്കിയ പൂര്‍വിക പാതയില്‍ നില്‍ക്കാനുള്ള അര്‍ഹത പൂര്‍ണമായി നേടുകയുള്ളൂ



Leave A Comment