അബ്ദുല്‍ ഹഖ് ദഹ്‌ലവി: ഹദീസ് ലോകത്തെ ഇന്ത്യന്‍ നക്ഷത്രം

ഇമാം അബ്ദുല്‍ ഹഖ് ദഹ്‌ലവി എന്ന പണ്ഡിതന്റെ ജന്മംതന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡം ലോകത്തിനു സമ്മാനിച്ച കാണിക്കയായാണു കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ ഇസ്‌ലാമിക പണ്ഡിതരില്‍ പ്രഗത്ഭനായ ജാമി സഅദി (റ) അനുഭവിച്ചുപോന്നിരുന്ന അനുഭൂതികളും മറ്റും ദഹ്‌ലവി തങ്ങളെയും തേടിയെത്തിയിരുന്നു. അറേബ്യയിലെന്നല്ല ഇസ്‌ലാമിക ലോകത്ത് തന്നെ ഉദിച്ചുയര്‍ന്ന ഒരു വിജ്ഞാനത്തിന്റെ വെള്ളിനക്ഷത്രമായ ദഹ്‌ലവി തങ്ങളുടെ കൃതികള്‍ അല്‍ അസ്ഹര്‍ പോലോത്ത വിജ്ഞാന സമുച്ചയങ്ങള്‍ അവിടത്തെ പാഠഭാഗമായി തെരഞ്ഞെടുത്തു എന്നതു തന്നെ ലോകം അദ്ദേഹത്തെ വരവേറ്റതിനും അദ്ദേഹം ആസ്വദിക്കുന്ന ഔന്നത്യത്തിന്റെയും തികഞ്ഞ സാക്ഷ്യമാണ്.

വൈജ്ഞാനിക വിളക്കുമാടത്തില്‍ ദഹ്‌ലവി തങ്ങള്‍ നാലര നൂറ്റാണ്ട് മുമ്പ് കത്തിച്ചു വച്ച ദീപശിഖ ഭൂലോകത്തുള്ള സര്‍വ അന്ധകാരങ്ങളെയും പ്രചരണങ്ങളെയും തുടച്ചുനീക്കി. ഇമാമവര്‍കളുടെ സന്ദേശങ്ങളെല്ലാം ലോകത്തിന് ഒഴിച്ചുകൂടാന്‍ കഴിയാത്തതായിരുന്നു എന്നത് ചരിത്രമറിയുന്നവര്‍ക്ക് സുവ്യക്തമാണ്. 
ഒരു കാലത്ത് മുസ്‌ലിം നേതാക്കളും പണ്ഡിതന്മാരും സമൂഹത്തിനു വേണ്ടി സമര്‍പ്പിച്ച ത്യാഗങ്ങളും മറ്റും ലോകത്ത് വീണ്ടും അനുഭവമാവാന്‍ ആധുനിക പണ്ഡിതര്‍ ഇത്തരം പഠനങ്ങള്‍ പാഠമാക്കുക അനിവാര്യമാണ്. 
ഇമാം അബ്ദുല്‍ ഹഖ് ദഹ്‌ലവി(റ) ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍ ക്രിസ്താബ്ദം 1551 (ഹിജ്‌റ 958)ല്‍ ആണ് ജനിച്ചത്. ഉയര്‍ന്ന പഠനങ്ങളുടെയും ചിന്തകളുടെയും ഉടമയായ അക്കാലത്തെ പ്രഗത്ഭ പണ്ഡിതന്‍ കൂടിയായിരുന്ന പിതാവ് സയ്ഫുദ്ദീന്‍ തങ്ങളില്‍നിന്നാണ് ദഹ്‌ലവി(റ) പ്രാഥമിക വിദ്യാഭ്യാസം നേടിയത്. കൂര്‍മ ബുദ്ധിയുടെ ഉടമയായിരുന്നു മഹാനവര്‍കള്‍ പഠന കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിയത് ആത്മസംസ്‌കരണത്തിനും ആധ്യാത്മിക പഠനത്തിനുമായിരുന്നു. ഒരു ഹാഫിളിന്റെ പിതാവ് ആവണം എന്ന തന്റെ ഹൃദയാഭിലാശം സാക്ഷാല്‍ക്കരിക്കാന്‍ അതിയായി കൊതിച്ച സയ്ഫുദ്ദീന്‍ തങ്ങള്‍ ദഹ്‌ലവി(റ)യെ ഖുര്‍ആന്‍ പഠനത്തിനു നിരന്തരം പ്രേരിപ്പിക്കുകയും മകന്റെ പഠനത്തില്‍ നന്നായി ശ്രദ്ധ പുലര്‍ത്തുകയും ചെയ്തു. 
പണ്ടുകാലങ്ങളിലെ പണ്ഡിതന്മാരെ പോലെ തന്നെ പ്രാഥമിക പഠനത്തിനും ഖുര്‍ആന്‍ മനപ്പാഠത്തിനും ശേഷം വീട്ടില്‍ നിന്നും രണ്ടു മൈല്‍ അപ്പുറത്തുള്ള മദ്‌റസയിലേക്ക് പുറപ്പെട്ട ഇമാമവര്‍കള്‍ അവിടന്ന് വിജ്ഞാനം നുകരാനായി അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരുന്നു. അറബി ഭാഷാ പാണ്ഡിത്യം നേടിക്കഴിഞ്ഞപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിലേക്ക് തന്റെ ലക്ഷ്യം തിരിച്ചുവിട്ടു. അങ്ങനെ  തന്നെ പഠിപ്പിച്ച ഗുരുനാഥന്മാരെ പോലും അമ്പരപ്പിച്ച സ്ഥാനത്തേക്ക് ദഹ്‌ലവി തങ്ങള്‍ എത്തിയപ്പോള്‍ പഠിപ്പിക്കാനും ഫത്‌വ നല്‍കാനും തുടങ്ങി. ഫത്ഹ്ബൂര്‍ സക്‌രിയില്‍  കഴിയുന്ന കാലം; അക്കാലത്ത് ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന മുഗള്‍ രാജാക്കന്മാരുടെ അംഗീകാരവും ഇമാമവര്‍കളെ തേടിയെത്തി. സമൂഹത്തെ നയിക്കേണ്ട ഉത്തരവാദിത്വം ചുമലിലുള്ളതിനാല്‍ മഹാനവര്‍കള്‍ തന്റെ ക്ഷീണവും മറ്റും ഒഴിച്ചുവച്ച് തന്റെ 38ാം വയസില്‍ തന്നെ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ഉറവിടമായ അറേബ്യയിലേക്കു പുറപ്പെട്ടു. എങ്കിലും വഴിമധ്യേ ചില കാരണങ്ങളാല്‍ ഗുജറാത്തില്‍ ഇറങ്ങേണ്ടി വന്നു. ഒരു വര്‍ഷം അവിടെ കഴിച്ചുകൂട്ടി. അടുത്ത വര്‍ഷം ഹജ്ജ് എന്ന സുപ്രധാന ലക്ഷ്യം മുന്നില്‍ കണ്ട് മക്കയിലേക്ക് തിരിച്ച മഹാനവര്‍കള്‍ ഹിജ്‌റ 999 വരെ മക്കയില്‍ കഴിച്ചു കൂട്ടി.  ഇക്കാലയളവില്‍ മക്കയിലെ പ്രമുഖ ഹദീസ് പണ്ഡിതന്മാരില്‍നിന്ന് ബുഖാരി, മുസ്‌ലിം തുടങ്ങിയ ലോകത്തെ അറിയപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍ പഠിക്കുകയും ചെയ്തു. അങ്ങനെ ഹദീസ് എന്ന ശാഖയെ അതിന്റെ ഉറവിടത്തില്‍നിന്നുതന്നെ ഒപ്പിയെടുക്കാന്‍ മഹാനവര്‍കള്‍ക്ക് സാധ്യമായി.
ഇതെല്ലാം മഹാനവര്‍കളുടെ ജീവിതത്തില്‍ നന്മയും നൈപുണ്യവും വിതറുന്നതില്‍ സുപ്രധാന പങ്ക് തന്നെ വഹിച്ചു.  ഹിജ്‌റ വര്‍ഷം 999ല്‍ തന്റെ ജന്മദേശമായ ഇന്ത്യയിലേക്കു തന്നെ മഹാനവര്‍കള്‍ മടങ്ങി. ഇന്ത്യയുടെ അന്ധകാരനിബിഢമായ അന്തരീക്ഷത്തെ താന്‍ നുകര്‍ന്നെടുത്ത വിജ്ഞാനങ്ങള്‍ കൊണ്ട് പ്രകാശപൂരിതമാക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയ മഹാനവര്‍കള്‍ അതിനായി തന്റെ ശ്രദ്ധ തിരിച്ചു. ശേഷം തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ വഴി ഡല്‍ഹിയെ നബിചര്യകളുടെയും മതകീയ പരിപാലനത്തിന്റെയും കേന്ദ്രമാക്കാന്‍ മഹാനവര്‍കള്‍ക്കു സാധിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തും മതകീയ പ്രഭ പരത്തിയ ആ വെള്ളിനക്ഷത്രം ഹിജ്‌റ 1051ല്‍ റബീഉല്‍ അവ്വല്‍ മാസത്തില്‍ അല്ലാഹുവിലേക്ക് യാത്രയായി. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter