മര്‍ഹൂം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി

മര്‍ഹൂം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി

പരിശുദ്ധവും പരിപാവനവുമായ സുന്നത്ത് ജമാഅത്തിന്റെ വിശ്വാസാചാരപ്രചരണാര്‍ത്ഥം തന്റെ ജീവന്‍ ഉഴിഞ്ഞുവെച്ച മൗലാനയുടെ സ്വദേശം തിരൂരിനടുത്തുള്ള ആദൃശ്ശേരിയാണ്. തന്റെ പിതാവ് മുത്താട്ട് കാള മൊയ്തീന്‍കുട്ടി സാഹിബും മാതാവ് തിരൂരങ്ങാടി ചാലിലകത്ത് ഫാത്തിമ സാഹിബയുമാണ്. ചരിത്രപുരുഷന്‍ മാതാവിന്റെ ഗൃഹത്തില്‍ തന്നെയാണ് വളര്‍ന്നത്. അതുകൊണ്ടാണത്രെ മൗലാനയെ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് പറഞ്ഞുവരുന്നത്. ചാലിലകത്ത് കുടുംബം പൗരാണികമായി ഒരു പണ്ഡിതകുടുംബമായി അറിയപ്പെട്ടിരുന്നില്ലെങ്കിലും കുത്തായി ഹാജി സാഹിബ് സാമാന്യം വിവരമുള്ള ഒരാളായിരുന്നു. മമ്പുറം ഖുത്തുബുസ്സമാന്‍ സൈതലവി തങ്ങള്‍(റ) തന്റെ ഓമനപുത്രന്‍ സയ്യിദ് ഫസല്‍  പൂക്കോയ തങ്ങള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുവാന്‍ കുത്തായി ഹാജി സാഹിബിനെയാണ് ഏല്‍പ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ പുത്രനാണ് സുപ്രസിദ്ധ മതപണ്ഡിതനും മൗലാനയുടെ അമ്മാവനുമായ അലിഹസ്സന്‍ മുസ്‌ലിയാര്‍ മര്‍ഹൂം.  തന്റെ സന്താനങ്ങള്‍ പിതാവിന്റെ കാല്‍പ്പാടുകള്‍ വിട്ട് സ്വയം മുജാഹിദുകളായി പരിണമിച്ചെങ്കിലും അദ്ദേഹം ഒരു തികഞ്ഞ സുന്നിയായിരുന്നുവെന്നത്  പ്രത്യേകം പ്രസ്താവ്യമാണ്. ഈ മഹാന്‍ മുഖേനയാണ് ചാലിലകത്ത് തറവാട് അറിയുവാനും കേള്‍ക്കുവാനും ഇടയായത്.
മൗലാന ഖുര്‍ആന്‍ പഠനം സ്വമാതാവിന്റെ അടുക്കല്‍നിന്നുതന്നെയാണ് നിര്‍വഹിച്ചത്. മതപഠനത്തില്‍ തന്റെ പ്രഥമഗുരു കോടഞ്ചേരിക്കാരന്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ അവര്‍കളാണ്. മറ്റൊരു ഗുരു സ്വന്തം അമ്മാവന്‍ ആലസ്സന്‍ മുസ്‌ലിയാര്‍ അവര്‍കള്‍ തന്നെയാണ്. ഇവര്‍ രണ്ടുപേരും മക്കയില്‍ താമസിച്ചു വിജ്ഞാനം കരസ്ഥമാക്കിയവരായിരുന്നു. അണ്ടത്തോടുകാരന്‍ അമ്മു മുസ്‌ലിയാര്‍ എന്നവരുടെ അടുക്കല്‍ നിന്നും മൗലാന ഓതിയിട്ടുണ്ട്. കുറച്ചുകാലം അദ്ദേഹം പൊന്നാനിയിലും ഓതിത്താമസിച്ചിരുന്നു.  അക്കാലത്ത് പരേതനായ തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാര്‍ (വെളിയങ്കോട്), വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ (വലിയ ബദര്‍ മൗലിദ് ഗ്രന്ഥകര്‍ത്താവ്) എന്നവരില്‍ നിന്നാണ് മൗലാന ഓതിയിരുന്നത്. മൗലാനയുടെ ഈ ഗുരുനാഥന്‍മാര്‍ ആരുംതന്നെ പുത്തന്‍ ഖുറാഫികള്‍ ആയിരുന്നില്ല. അവരെല്ലാം സുന്നത്ത് ജമാഅത്തിന്റെ കെടാവിളക്കുകളായി പ്രശോഭിച്ചവരാണ്.
അനന്തരം ചരിത്രപുരുഷന്‍ വെല്ലൂര് ബാഖിയാത്ത് സ്വാലിഹാത്തില്‍ ചേര്‍ന്ന് കുറച്ചുകാലം അവിടെ താമസിച്ചശേഷം ബങ്കളൂര്‍ക്ക് പോവുകയും കുറേകാലം അവിടെ കഴിച്ചുകൂട്ടിയ ശേഷം വീണ്ടും വെല്ലൂരിലേക്ക് തന്നെ തിരിച്ചുവരികയും ലത്തീഫിയ്യാ മദ്രസയില്‍ ചേര്‍ന്ന് അബ്ദുല്‍ വഹാബ് ഹസ്രത്തിന്റെ അടുക്കല്‍ നിന്ന് പഠിപ്പ് തുടര്‍ന്നുപോവുകയും ചെയ്തു. അവിടെവെച്ച് മൗലാന ഹൈഅത്ത് (ഗോളശാസ്ത്രം), മന്തിഖ് (തര്‍ക്കശാസ്ത്രം), ഫല്‍സഫ (തത്വശാസ്ത്രം), ഹന്തസ (ജ്യോമട്രി) മുതലായ ശാസ്ത്രങ്ങളിലെല്ലാം പല പ്രധാന ഗ്രന്ഥങ്ങളും ഓതിത്തീര്‍ത്തു.  കേരളത്തിലെ വന്ദ്യരായ ഗുരുനാഥന്‍മാരില്‍ നിന്നു വേണ്ടുവോളം ഫിഖ്ഹ് കരസ്ഥമാക്കിയതിനാല്‍ വെല്ലൂരില്‍നിന്ന് മൗലാനക്ക് അത് പഠിക്കേണ്ടിവന്നില്ല. മൗലാന തികഞ്ഞ ഒരു ഫഖീഹ് ആയിരുന്നു. ഇന്നത്തെ പുത്തന്‍ ഖുറാഫികളായ ഗുരുവിന്റെ മാര്‍ഗം പിഴച്ചവരായി പരിഗണിച്ചുവരുന്ന ഗുരുത്വംകെട്ട ശിഷ്യന്‍മാരില്‍ ചിലര്‍ ഫിഖ്ഹ് കയ്യൊഴിച്ച് കിത്താബ് സുന്നത്ത് പ്രചരണവുമായി രംഗത്തിറങ്ങിയതുപോലെ മൗലാന ഒരിക്കലും ചെയ്തിരുന്നില്ല. കര്‍മ്മപരമായ വിഷയങ്ങളില്‍ അദ്ദേഹം ഫിഖ്ഹ് മുറുകെപ്പിടിച്ച ഒരാളായിരുന്നു. പരിഷ്‌കാരഭ്രമത്തില്‍ മൗലാനക്കുണ്ടായിരുന്ന അതിരുകവിഞ്ഞ ജിജ്ഞാസ കണ്ട അക്കാലത്തെ സാഹിദുകളും മുത്തഖികളുമായ ഉലമാക്കളില്‍ ചിലര്‍ അദ്ദേഹത്തിന്റെ പരിഷ്‌കരണ സംരംഭങ്ങളില്‍ സംശയാലുക്കളായിരുന്നുവെങ്കിലും ഉല്‍പതിഷ്ണുക്കള്‍ തട്ടിമൂളുംപ്രകാരം മൗലാന കാഫിറാണെന്നോ സുന്നത്ത് ജമാഅത്തില്‍നിന്ന് വ്യതിചലിച്ചയാളാണെന്നോ ആരും പറഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം.  വെല്ലൂരില്‍നിന്ന് മടങ്ങിയതില്‍ ശേഷം പുളിക്കല്‍ വെച്ചും അനന്തരം നല്ലളത്ത് വെച്ചുമാണ് അദ്ദേഹം ദര്‍സ് നടത്തിയത്. അതിനു ശേഷമാണ് അദ്ദേഹം മയ്യഴിയിലെ പെരിങ്ങാടി ജുമുഅത്ത് പള്ളിയില്‍ വെച്ച് ദര്‍സ് ആരംഭിച്ചത്. നല്ലളത്ത് നിന്ന് വിട്ട് മയ്യഴിയിലേക്ക് പോകുന്നതിനു മുമ്പായി കുറച്ചുകാലം അദ്ദേഹം സ്വദേശമായ തിരൂരങ്ങാടിയില്‍ തന്നെ താമസിച്ചിരുന്നു. അക്കാലത്താണ് പരേതന്‍ തറമ്മല്‍ പള്ളി പണിയിച്ചത്. കുറച്ചുകാലം അവിടെവെച്ചുതന്നെ ദര്‍സ് നടത്തുകയുണ്ടായിട്ടുണ്ട്. 'ഐന്‍ ഖിബ്‌ല' വാദക്കാരനായതുകൊണ്ട് തന്റെ വാദമനുസരിച്ചുള്ള ജുമുഅ അതില്‍ ഏര്‍പ്പെടുത്തിയെന്നല്ലാതെ മൗലാനയുടെ അന്ത്യകാലം വരെ അതില്‍വെച്ച് സ്ത്രീജുമുഅ നടത്തുകയോ മറ്റോ അദ്ദേഹം ചെയ്തിരുന്നില്ലെന്നു മാത്രമല്ല, അതിനുള്ള സൂചനപോലും തന്റെ അനുയായികള്‍ക്കോ ശിഷ്യഗണങ്ങള്‍ക്കോ നല്‍കിയിരുന്നില്ല. 1908-ല്‍ അദ്ദേഹം വാഴക്കാട് ദാറുല്‍ ഉലൂം മദ്രസയിലെ പ്രധാന മുദരിസായി നിയമിക്കപ്പെട്ടു. അതോടെ കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും യോഗ്യന്‍മാരായ പല മുസ്‌ലിയാക്കന്മാരും മൗലാനയുടെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് അവിടെ വന്നു താമസിച്ചു. തന്റെ ശിഷ്യഗണങ്ങളില്‍ പ്രധാനികളാണ് ഇന്നു ജീവിച്ചിരിപ്പുള്ള ദേഹവും ഇന്നുള്ള കേരള ഉലമാക്കളില്‍ അഗ്രഗണ്യനുമായ മൗലാന കുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ഒരു പ്രസിദ്ധ ആലിമും സാഹിദുമായ വാഴക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ (ഓച്ചറ-പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ വന്ദ്യഗുരു), പരേതനായ മൗലാന ശര്‍ശേരി അഹമദ്കുട്ടി മുസ്‌ലിയാര്‍, മര്‍ഹൂം സുലൈമാന്‍ മുസ്‌ലിയാര്‍, മര്‍ഹൂം യൂനുസ് മുസ്‌ലിയാര്‍ (തിരുവിതാംകൂര്‍) മുതലായവര്‍. കേരള നദ്‌വത്തിന്റെ പ്രസിഡന്റായ കെ.എം. മൗലവിയും മറ്റും മൗലാനയുടെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് തന്റെ കൂടെ ഇസ്തിഗാസകളും തവസുലുകളും അടങ്ങിയിട്ടുള്ള എത്രയോ മൗലിദ് റാത്തീബ് സദസുകളിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്തിരുന്നുവെന്നുള്ളതും കഴിഞ്ഞുപോയ യാഥാര്‍ത്ഥ്യ സംഭവങ്ങളാണ്.

ഉല്‍പതിഷ്ണു മൗലവിമാരില്‍ ചിലര്‍ ഇത്തിഹാദിന്റെ പേരില്‍ ഇഫ്തിറാഖുണ്ടാക്കി കൊണ്ടിരിക്കുന്ന അല്‍ ഇത്തിഹാദിലും തങ്ങളുടെ ദുഷിച്ച ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായി മൗലാനയെ ചിത്രീകരിച്ചുകൊണ്ട് ആടിനെ പട്ടിയാക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മൗലാനാ അവര്‍കള്‍ തറാവീഹ് 20 റക്അത്ത് തന്നെ നിസ്‌കരിക്കണമെന്നും നമസ്‌കാരത്തില്‍ കൈവെക്കേണ്ടത് നെഞ്ചിന്റെ താഴെയാണെന്നും സ്ത്രീകള്‍ക്ക് ജുമുഅ ആവശ്യമില്ലെന്നും മറ്റും പഠിപ്പിച്ചതും തന്റെ കിതാബുല്‍ അമലിയ്യാത്തില്‍ എഴുതി റിക്കാര്‍ഡാക്കിയതും മൗലാന തികച്ചും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയക്കാരനാണെന്നുള്ളതിലേക്ക് പ്രത്യക്ഷ ലക്ഷ്യമാണ്. മാത്രമല്ല, ഇസ്‌ലാമിനെ നശിപ്പിക്കുവാന്‍ ഇസ്‌ലാമിന്റെ ഉള്ളില്‍നിന്നുതന്നെ ഉടലെടുത്തുകൊണ്ടിരിക്കുന്ന സര്‍വ്വ പുത്തന്‍ പ്രസ്ഥാനങ്ങളുടെയും ബദ്ധവൈരിയായിരുന്നു മൗലാന അവറുകളെന്ന് തന്റെ കാലത്ത് കേരളക്കരയില്‍ വന്നെത്തിയ പുത്തന്‍ പ്രസ്ഥാനമായ ഖാദിയാനിസത്തോട് താന്‍ ചെയ്ത സമരവും അതിന്നെതിരായി താന്‍ എഴുതിയ 'അത്തഅ്യ്യീദാത്തുല്‍ ബലീഗത്തുന്നൂറാനിയ്യ ഫീ ഖത്ഇ ദവാബിരില്‍ ഫിര്‍ഖത്തില്‍ ഖാദിയാനിയ്യ' എന്ന കൃതിയും സാക്ഷ്യം വഹിക്കുന്നു. 
വാഴക്കാട്ടുനിന്ന് വിട്ട ശേഷം 1919- ല്‍ മൗലാന മണ്ണാര്‍ക്കാട് ഒരു മുദരിസായി നിയമിക്കപ്പെടുകയും അവിടെവെച്ച് പരലോകം പ്രാപിക്കുകയും ചെയ്തു. തന്റെ ജനാസ അവിടെ നിന്ന് തിരൂരങ്ങാടിയില്‍ കൊണ്ടുവരികയും അമ്മാവനായ ആലസന്‍ മുസ്‌ലിയാരുടെ ഖബറിന് സമീപം മറയടക്കപ്പെടുകയും ചെയ്തു.
അല്ലാഹുതആലാ പരേതാത്മാവിന്റെ കാലടിപ്പാടുകളില്‍നിന്ന് വ്യതിചലിച്ച സന്താനങ്ങള്‍ക്കും അനുയായികള്‍ക്കും ശിഷ്യഗണങ്ങള്‍ക്കും മൗലാനയുടെ യഥാര്‍ത്ഥ ജീവിത ചര്‍ച്ചയിലേക്ക് മടങ്ങുവാന്‍ തൗഫീഖ് ചെയ്യുകയും അദ്ദേഹത്തിന്റെ ഖബറിനെ വിശാലമാക്കുകയും കരുണ നല്‍കുകയും ചയ്യുമാറാകട്ടെ-ആമീന്‍

(1961-ലെ സമസ്ത കക്കാട് സമ്മേളന പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)


എംഎ തിരൂരങ്ങാടി
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter