ഇമാം ബൂസ്വീരി: കാവ്യപ്രപഞ്ചത്തിലെ അല്‍ഭുത പ്രതിഭ
എന്‍. മുഹമ്മദലി ഫൈസി നടമ്മല്‍പോയില്‍
ഹിജ്‌റ 608 ശവ്വാല്‍ ഒന്നിന് ഇമാം ബൂസ്വീരി(റ) ഈജിപ്തിലെ ദലാസ് എന്ന പ്രദേശത്ത് ജനിച്ചു. അബൂ അബ്ദില്ലാഹി മുഹമ്മദ്ബിന്‍ സഈദി ബിന്‍ ഹമാദി ബിന്‍ അബ്ദില്ലാഹി സന്‍ജാഹി അല്‍ ബൂസ്വീരി അല്‍ മിസ്വരി എന്നാണദ്ദേഹത്തിന്റെ പൂര്‍ണ നാമം. പിതാവിന്റെ നാടായ ബൂസ്വീരിലേക്ക് ചേര്‍ത്തിക്കൊണ്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.
അബൂഹയ്യാന്‍, അബുല്‍ ഫത്ഹിബിന്‍ സയ്യിദിന്നാബില്‍ യഅ്മരി, ഇസ്സുബിന്‍ ജമാഅതില്‍ കിനാനില്‍ ഹമവി തുടങ്ങിയ ഉന്നതരായ പണ്ഡിതന്മാരില്‍ നിന്നും വിദ്യ നേടി. അറബി സാഹിത്യത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം പദ്യരചനയില്‍ അസൂയാര്‍ഹമായ മുന്നേറ്റമാണ് നടത്തിയത്. ബല്‍ബീസിലെ നികുതി ശേഖരണ വകുപ്പിന്റെ മേധാവിയായി നിയോഗിക്കപ്പെട്ടെങ്കിലും ജോലിയില്‍ അധികകാലം തുടരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കീഴുദ്യോഗസ്ഥരില്‍ നിരുത്തരവാദിത്വവും അനീതിയും കാണാനിടയായ അദ്ദേഹം ഉദ്യോഗം രാജിവെച്ചൊഴിയുകയാണുണ്ടായത്.
പ്രസിദ്ധ സൂഫി പണ്ഡിതന്‍ സയ്യിദ് അബുല്‍ അബ്ബാസില്‍ മര്‍ബിയെപ്പറ്റി കേട്ടറിഞ്ഞ അദ്ദേഹം ഇസ്‌കന്തിരിയിലേക്ക് യാത്രതിരിച്ചു. അബുല്‍ അബ്ബാസു(റ)മായുള്ള സഹവാസം ഇമാമവര്‍കളില്‍ ആത്മീയമായ പരിവര്‍ത്തനം സൃഷ്ടിച്ചു. ഭൗതിക വിരക്തിയും സൂഫിസവും അദ്ദേഹത്തില്‍ പ്രകടമായി. പാണ്ഡിത്യത്തിലും ദീനീ വിഷയങ്ങളിലും ശ്രദ്ധേയമായ ചുവടുവെപ്പുകളുണ്ടായി.
പരലോക ചിന്തയിലും പ്രവാചക പ്രകീര്‍ത്തനങ്ങളിലും മുഴുകിയ ഇമാമവര്‍കള്‍ കവിതാരചനയില്‍ പുതിയൊരു ശൈലി തന്നെ സ്ഥാപിച്ചെടുത്തു. കവിതാരചനയില്‍ അതുല്യനായ അദ്ദേഹം ലോകപ്രശസ്ത പ്രവാചക പ്രകീര്‍ത്തന കാവ്യത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെട്ടു. ബൂസ്വീരി(റ)ന്റെ പ്രസിദ്ധ കവിതയാണ് ഖസീദത്തുല്‍ ബുര്‍ദ. പില്‍കാല പണ്ഡിത ശ്രേഷ്ഠരായ പലരും കവിതാ രചനയില്‍ ബുര്‍ദയുടെ ശൈലിയാണവലംബിച്ചത്. അറബി സാഹിത്യത്തിലെ അലങ്കാരശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ഖസീദതുല്‍ ബുര്‍ദ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ധാരാളം വ്യാഖ്യാന ഗ്രന്ഥങ്ങളും ഖസീദതുല്‍ ബുര്‍ദക്ക് വേണ്ടി രചിക്കപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍ സക്കി മുബാറക്ക് തന്റെ അല്‍ മദാഇഹുന്നബവിയ്യ എന്ന ഗ്രന്ഥത്തില്‍ ഇരുപതോളം വ്യാഖ്യാന ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്.
ശൈഖ് ജലാലുദ്ദീന്‍ മഹല്ലി(റ), ശൈഖ് അല്‍ മുല്ലാ അലി ഖാരിഅ് അല്‍ ഹനഫി(റ), ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സാരി(റ), അശ്ശൈഖ് ഖസ്ത്വല്ലാനി(റ), ശൈഖ് ഇബ്‌റാഹീമുല്‍ ബാജൂരി(റ) തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരുടെ വ്യാഖ്യാനങ്ങള്‍ പ്രസിദ്ധങ്ങളാകുന്നു.
160 ബൈതുകളടങ്ങിയ ഖസ്വീദതുല്‍ ബുര്‍ദ സ്മരണ, അനുരാഗം, ആഗ്രഹം പ്രകടിപ്പിക്കല്‍ എന്നീ വിഷയങ്ങളിലാരംഭിക്കുകയും ശരീരേച്ഛകളോടുള്ള മുന്നറിയിപ്പ്, നബികീര്‍ത്തനം, നബി(സ)യുടെ ജനനം, മുഅ്ജിസത്, ഖുര്‍ആന്‍, ഇസ്‌റാഅ് - മിഅ്‌റാജ്, ജിഹാദ്, തവസ്സുല്‍ എന്നീ വിഷയങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയും ചെയ്യുന്നു. വിശ്വപ്രസിദ്ധരായ പലരും ബുര്‍ദയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ആദരണീയമായ പരിഗണന നല്‍കുകയും ചെയ്തിട്ടുണ്ട്.
അമീര്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി ഫ്രഞ്ചുകാരുമായി ഏറ്റുമുട്ടിയപ്പോള്‍ തന്റെ പതാകയില്‍ ബുര്‍ദയിലെ വമന്‍ യകുന്‍ ബിറസൂലില്ലാഹി നുബ്‌റതുഹൂ.. എന്ന ഭാഗം ഉല്ലേഖനം ചെയ്തിരുന്നു. ഇബ്‌നു ഖല്‍ദൂന്‍ ഹള്‌റമി തൈമൂര്‍ ലങ്കിന് ബുര്‍ദ ഉപഹാരമായി നല്‍കിയിരുന്നു.
ബുര്‍ദ പാരായണത്തിനും പദ്യവിശകലനത്തിനും ലോക രാജ്യങ്ങളിലെ മുസ്‌ലിംകള്‍ പ്രത്യേക സദസ്സുകള്‍ തന്നെ സംഘടിപ്പിച്ചുവരുന്നുണ്ട്. യമനിലെ പല പ്രദേശങ്ങളിലും വെള്ളിയാഴ്ച പ്രഭാത നിസ്‌കാരശേഷവും അസ്വറിന് ശേഷവും ബുര്‍ദ പാരായണം ചെയ്യും. ഈജിപ്തിലെ അല്‍ അസ്ഹറിലെ പണ്ഡിതന്മാര്‍ വ്യാഴാഴ്ചകളില്‍ ബുര്‍ദ മജ്‌ലിസ് സംഘടിപ്പിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്നു. സിറിയയിലെ പള്ളികളിലും വീടുകളിലും ബുര്‍ദ പാരായണത്തിന് പ്രത്യേക സദസ്സുകള്‍ സംഘടിപ്പിക്കുകയും പ്രമുഖ പണ്ഡിതര്‍ അതില്‍ സംബന്ധിക്കുകയും ചെയ്തുവരുന്നു. മൊറോക്കോയില്‍ സംഘടിപ്പിക്കുന്ന ബുര്‍ദ മജ്‌ലിസില്‍ ഓരോ ഖണ്ഡികയും ഈണവും രാഗവും മാറിമാറി ആലപിക്കും. ഇന്ത്യ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഈ രീതി അവലംബിച്ചുവരുന്നുണ്ട്.
ഖസീദതുല്‍ ബുര്‍ദ രചിക്കാനിടയായ സാഹചര്യം ഇമാം ബൂസ്വീരി(റ) തന്നെ വിശദീകരിക്കുന്നു.
തളര്‍വാതം പിടിപെട്ട് എന്റെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നുപോയി. അപ്പോള്‍ നബി(സ)യെ മദ്ഹ് ചെയ്ത് ഒരു ഖസീദ രചിക്കുന്നതിനെക്കുറിച്ചാലോചിക്കുകയും അതില്‍ ഞാന്‍ മുഴുകുകയും ചെയ്തു. രോഗശമനത്തിനു വേണ്ടി പ്രസ്തുത കാവ്യം തവസ്സുലാക്കി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു കിടന്നുറങ്ങി. ഉറക്കില്‍ നബി(സ) തങ്ങളെ സ്വപ്നം കണ്ടു.
നബി(സ) തങ്ങള്‍ അവിടുത്തെ പരിശുദ്ധ കരം കൊണ്ട് മുഖത്ത് തടവുകയും ഒരു പുതപ്പ് കൊണ്ട് പുതപ്പിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ ഞെട്ടിയുണര്‍ന്നുപോയി. പിറ്റെ ദിവസം വീട്ടില്‍നിന്നും പുറത്തിറങ്ങി. വഴിയില്‍ പാവപ്പെട്ട ഒരു വ്യക്തിയെ കണ്ടുമുട്ടി. നബി(സ)യെ മദ്ഹ് ചെയ്ത് താങ്കള്‍ രചിച്ച കാവ്യം എനിക്ക് തന്നാലും -അദ്ദേഹം ആവശ്യപ്പെട്ടു.
''നിങ്ങളുടെ രോഗാവസ്ഥയില്‍ എഴുതാനാരംഭിച്ച കവിത'' അദ്ദേഹം മറുപടി പറഞ്ഞു.
എന്റെ സ്വപ്ന ദര്‍ശനം ഞാന്‍ പുറത്താരോടും പറഞ്ഞിരുന്നില്ല. അതുകൊണ്ട്തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി.
ഖസീദയുടെ ആദ്യഭാഗം പാടിക്കണ്ടദ്ദേഹം തുടര്‍ന്നു. നബി(സ)യുടെ മുമ്പില്‍ വെച്ച് കവിത ചൊല്ലുന്നത് ഇന്നലെ രാത്രി സ്വപ്നത്തില്‍ ഞാന്‍ കേള്‍ക്കുകയുണ്ടായി. നബി(സ)യെ അത് അത്ഭുതപ്പെടുത്തിയതും താങ്കളുടെ ദേഹത്തില്‍ നബി(സ) പുതപ്പിട്ടു മൂടുന്നതും ഞാന്‍ കണ്ടു.
ഞാനദ്ദേഹത്തിന് കവിത സമ്മാനിച്ചു. അതോടുകൂടി സ്വപ്നദര്‍ശനം ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുകയും ചെയ്തു.
സ്വപ്നത്തിലൂടെ തന്റെ കവിത നബി(സ) തങ്ങള്‍ക്ക് പാടിക്കേള്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഫമബ്‌ലഗുല്‍ ഇല്‍മി അന്നഹൂ ബഷറു എന്ന ഭാഗം പാടിനിര്‍ത്തിയപ്പോള്‍ അതിന്റെ രണ്ടാം പകുതി പൂര്‍ത്തീകരിക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ചു.
''അടുത്ത ഭാഗം പൂര്‍ത്തീകരിക്കാന്‍ എനിക്കറിയില്ല'' ഇമാം ബൂസ്വൂരി(റ) മറുപടി നല്‍കി.
ഉടനെ നബി(സ) തങ്ങള്‍ തന്നെ ആ ഭാഗം പൂര്‍ത്തീകരിച്ചുകൊണ്ട് പാടി: ''വ അന്നഹു ഖൈറു ഖല്‍ഖില്ലാഹി കുല്ലിഹിമീ''.
പദ്യഭാഗം പൂര്‍ത്തീകരിക്കാനാവശ്യമായ യോചിച്ച വാചകം നബി(സ)യില്‍നിന്നും കിട്ടിയതിനുള്ള നന്ദി പ്രകടിപ്പിച്ചു കൊണ്ട് 'മൗലായ സ്വല്ലി വസല്ലിം ദാഇമന്‍ അബദാ...
അലാ ഹബീബിക ഖൈരില്‍ ഖല്‍ഖി കുല്ലിഹിമീ'' എന്ന സ്വലാത്ത് ബുര്‍ദയിലെ ഓരോ ഖണ്ഡികക്ക് ശേഷവും ഇമാം ബൂസ്വീരി(റ) ആവര്‍ത്തിച്ചു.
ഇമാമവര്‍കള്‍ കവിതാരചനയില്‍ ഏര്‍പ്പെട്ടതോടെ രോഗം ഭേദമായിത്തുടങ്ങി. സമ്പൂര്‍ണ സുഖം കിട്ടിയതിനെപ്പറ്റി അദ്ദേഹം പ്രതിപാദിക്കുന്നു:
''എന്റെ ചിന്ത അവിടുത്തെ പ്രകീര്‍ത്തിക്കുന്നതില്‍ കേന്ദ്രീകരിച്ചതു മുതല്‍ എന്റെ രോഗമുക്തിയുടെ കാര്യം ഏറ്റെടുത്ത ഉത്തമനായി നബി(സ)യെ ഞാന്‍ കണ്ടു.''
ഖസ്വീദതുല്‍ ഹംസിയ്യ, ഖസ്വീദതുല്‍ മുളരിയ്യ എന്നിവയും ഇമാം ബൂസ്വീരി(റ)യുടെ പ്രസിദ്ധമായ കവിതകളാണ്.
ഖസ്വീദതുല്‍ ഹംസിയ്യക്ക് ധാരാളം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ശൈഖ് ഇബ്‌നുഹജറുല്‍ ഹൈതമിയുടെ ശറഹ് ആണ് ഏറ്റവും ശ്രദ്ധേയമായത്. മൂന്ന് വാള്യങ്ങളില്‍ പ്രസ്തുത ശറഹ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഅ്ബ് ബിന്‍ സുഹൈര്‍(റ) ന്റെ പ്രസിദ്ധമായ 'ബാനത് സുആദി'ന്റെ രീതി അവലംബിച്ച് അദ്ദേഹം രചിച്ച മറ്റൊരു കാവ്യസമാഹാരമാണ് ദുഖ്‌റുല്‍ മആദി ഫീ വസ്‌നി ബാനത് സുആദ' എന്ന കവിത.
ബുര്‍ദയോടൊപ്പം തന്നെ വിവിധ നാടുകളില്‍ പാരായണം ചെയ്ത് വരുന്ന രണ്ട് കവിതാ സമാഹാരമാണ് ഖസീദതുല്‍ മുളരിയ്യയും ഖസീദതുല്‍ മുഹമ്മദിയ്യയും.
ഹിജ്‌റ 696-ല്‍ അലക്‌സാണ്‍ട്രിയയിലായിരുന്നു ഇമാം ബൂസ്വീരി(റ)യുടെ വഫാത്ത്. തന്റെ ഗുരുനാഥന്‍ അബുല്‍ അബ്ബാസ് അല്‍ മര്‍സി(റ)യുടെ ഖബറിടത്തിനടുത്ത് തന്നെയാണ് ബൂസ്വീരി(റ)യുടെ അന്ത്യവിശ്രമ സ്ഥലവും.
Leave A Comment