സയ്യിദ് ശരീഫ് ജുർജാനി(റ): അറിവും ആത്മീയതയും കോർത്തിണക്കിയ പണ്ഡിതൻ
കേരളത്തിനകത്തും പുറത്തുമുള്ള ദർസുകളിലും കോളേജുകളിലുമൊക്കെ പാരമ്പര്യമായി പഠിപ്പിക്കപ്പെടുന്ന ഗ്രന്ഥമാണ് റശീദിയ്യ ശരഹു രിസാലത്തി ശറഫിയ്യ. ഇമാം സയ്യിദ് ശരീഫ് ജുർജാനി രചിച്ച ശറഫിയ്യയാണ് ഇതിന്റെ മൂലഗ്രന്ഥം. ഇത്തരത്തിൽ കേരളീയ വൈജ്ഞാനിക മേഖലക്ക് സുപരിചിതനാണ് സയ്യിദ് ശരീഫ് ജുർജാനി.
ഹിജ്റ 740 ശഅ്ബാൻ 22ന്, വടക്കൻ ഇറാനിലെ ജൂർജാനിലാണ് സയ്യിദ് ശരീഫ് ജുർജാനിയുടെ ജനനം. അബുൽ ഹസൻ അലിയ്യ് ബ്നു മുഹമ്മദ് ബ്‌നു അലിയ്യിൽ ഹുസൈനി എന്നാണ് പൂര്‍ണ്ണ നാമം. ചെറുപ്രായത്തിൽ ആദ്യം അറബി ഭാഷ പഠനത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. നിരന്തരമായ പഠനത്തിലൂടെ അറബി ഭാഷയിൽ നിപുണനായ ശേഷം ചെറുപ്പത്തിൽ തന്നെ കാഫിയയുടെ വ്യാഖ്യാനമായ വാഫിയക്ക് ഒരു തഅ്‍ലീഖ് (ചെറു വിശദീകരണമടങ്ങിയ കുറിപ്പ്) രചിച്ചതായി അബ്ദുൽ ഹഖ് ലഖ്നവി തന്റെ അൽ ഫവാദുൽ ബഹിയ്യ ഫീ തറാജിമിൽ ഹനഫിയ്യയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ബൗദ്ധികമായ അറിവ് കരസ്ഥമാക്കാനാണ് അടുത്തതായി സയ്യിദ് ജുർജാനി പ്രയത്നിച്ചത്. ആ രംഗത്തെ പ്രഗല്‍ഭ ഗ്രന്ഥമായ മിഫ്താഹ് അതിന്റെ വ്യാഖ്യാനം അടക്കം, വ്യാഖ്യാതാവായ അന്നൂറു ത്വാഊസിയുടെ അടുക്കൽ നിന്നും ഖുതുബുദ്ധീൻ റാസി രചിച്ച ശറഹുല്‍ മിഫ്താഹ് മകൻ അബുൽ ഖൈർ അലിയ്യു ബ്നു ഖുതുബുദ്ധീൻ റാസിയിൽ നിന്നും പഠിച്ചെടുത്തു. ഇതിനു ശേഷമാണ് ശൈഖ് ബഹാഉദ്ധീൻ നഖ്ശബന്ദി(റ)വിന്റെ ശിഷ്യനായ മുഹമ്മദ് ബ്നു മുഹമ്മദുൽ അത്വാറുൽ ബുഖാരിയിൽ നിന്ന് തസ്വവ്വുഫ് കരഗതമാക്കിയത്.
"അത്വാർ തങ്ങളുടെ അടുക്കൽ എത്തുന്നവരെ അല്ലാഹുവിനെ അറിയേണ്ട രീതിയിൽ ഞാൻ അറിഞ്ഞിരുന്നില്ലെന്ന് സയ്യിദ് ജുർജാനി ഉദ്ധരിച്ചതായി അബ്ദുൽ ഹഖ് ലഖ്‌നവി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷം അദ്ദേഹം ഈജിപ്തിലേക്ക് പോകുകയും അൽഹിദായയുടെ ശറഹായ അൽഇനായയുടെ രചയിതാവായ ശൈഖ് അക്മലുദ്ധീൻ മുഹമ്മദുൽ ബാബർത്തിയുടെ ശിഷ്യത്വം സ്വീകരിക്കുകയും മതപരമായ നിരവധി അറിവുകൾ നേടിയെടുക്കുകയും ചെയ്തു.
പഠന ശേഷം അധ്യാപനത്തിലായിട്ടാണ് സയ്യിദ് ജുർജാനി ജീവിതം നയിച്ചത്. ഇതുമുഖേന സയ്യിദ് അലിയ്യുൽ അജമി, ഫത്ഹുല്ലാഹി ശീറാസി, മുഹമ്മദ്ബ്‌നു സയ്യിദ് ശരീഫ് തുടങ്ങിയ നിരവധി പ്രശസ്തരായ ശിഷ്യരെയും അദ്ദേഹത്തിന് ലഭിച്ചു. നിരവധി സാങ്കേതിക പദങ്ങളുടെ അർഥം വിവരിക്കുന്ന തഅ്‍രീഫാത് ആണ് സയ്യിദ് ജുർജാനിയുടെ പ്രധാന ഗ്രന്ഥങ്ങളിലൊന്ന്.
ആദ്യകാലങ്ങളിൽ നിരവധി പണ്ഡിതര്‍ ഇടപെടാൻ വിസമ്മതിച്ച തർക്ക ശാസ്ത്രത്തിൽ പിന്നീട് അൽമുൻതഖല്‍ ഫിൽജദൽ എന്ന ഗ്രന്ഥം രചിച്ച ഇമാം ഗസ്സാലി, അൽ മഊനത്തു ഫിൽജദൽ രചിച്ച അബൂ ഇസ്ഹാഖ് ശീറാസി, ഇമാമുൽ ഹറമൈനി തുടങ്ങിയവരുടെ പിൻഗാമിയായിട്ടാണ് സയ്യിദ് ശരീഫ് ജൂർജാനി രിസാലത്തു ശറഫിയ്യ രചിച്ചത്. അതിനു പുറമെ സമഖ്ശരിയുടെ തഫ്‍സീര്‍ കശാഫിന്റെ തുടക്ക ഭാഗങ്ങൾ, തഫ്താസാനിയുടെ മുത്വവ്വൽ, ഖുതുബുദ്ധീൻ റാസിയുടെ ശറഹുൽ മത്വാലിഅ് എന്നിവക്കെല്ലാം ഹാശിയയും, ഹിജ്റ 600 ൽ അന്തരിച്ച സിറാജുദ്ദീൻ സിജാവന്ദിയുടെ സിറാജിയ്യക്കൊരു വ്യാഖ്യാനവും ഇമാം രചിച്ചിട്ടുണ്ട്. പേർഷ്യൻ ഭാഷയിൽ സ്വർഫ്, നഹ്‌വ് എന്നിവയിൽ സ്വർഫെമീർ, നഹ്‍വെമീർ എന്ന പേരിലും മൻത്വിഖിൽ രിസാലതുസുഗ്റ, രിസാലതുൽകുബ്റ എന്ന പേരിലും ഇമാം ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്.
ഹിജ്റ 816 റബീഉൽ ആഖിർ 6 ന് ഇറാനിലെ ശീറാസിൽ വെച്ചാണ് ഇമാം സയ്യിദ് ശരീഫ് ജുർജാനി വാഫാത്തായത്. ശീറാസിലെ അൽ ജാമിഉൽ അതീഖിനോടടുത്ത് ഇമാം ജുർജാനി തനിക്കായി സ്വയം കുഴിച്ച ഖബറിൽ തന്നെയാണ് മറമാടപ്പെട്ടതെന്ന് ഷംസുദ്ദീൻ മുഹമ്മദ് ബ്‌നു അബ്ദു റഹ്മാൻ അസ്സഖാവി തന്റെ അള്ളൗഉൽ ലാമിഅ് ലിഅഹ്‍ലില്‍ ഖർനിതാസിഅ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയതായി കാണാം. അല്ലാഹു ആ മഹാന്റെ സേവനങ്ങള്‍ സ്വീകരിക്കട്ടെ.
Leave A Comment