പ്രവാചക ജീവിതം അനുഭവവേദ്യമാക്കേണ്ട ദിനരാത്രങ്ങള്‍
കഴിഞ്ഞവർഷം പാണക്കാട് ഹാദിയ സെൻറർ മുറ്റത്ത് നല്ല നിലാവുള്ള രാത്രിയിൽ കൃത്രിമ വെളിച്ചങ്ങൾ ഒന്നുമില്ലാതെ ഞങ്ങൾ കുറേ ആളുകൾ പ്രിയ നബിയെ പറയാൻ ഇരുന്നു. പലഭാഷകളിലായി ഇഷ്ക്കിൻ കവിതകൾ പലരായി പാടി, നബി ചരിതങ്ങൾ പലരും ഓർത്തെടുത്തു, നബിയനുഭവങ്ങൾ പങ്കുവെച്ചു.
'എനിക്ക് ആരാണ് മുഹമ്മദ് നബി, ഞാൻ എങ്ങനെയെല്ലാം നബിയെ അറിയും, എൻറെ ഓർമ്മകളിൽ അനുഭവങ്ങളിൽ ശീലങ്ങളിൽ എന്തൊക്കെയാണ് മുഹമ്മദ് നബി' - ചേർത്ത് ചേർത്ത് ചൊല്ലി പോന്ന ഇഷ്ക്കിൻ ഈരടികൾക്കിടയിൽ കൃത്രിമത്വങ്ങൾ ഇല്ലാതെ, 'ഞാൻ എന്റെ ഫീലിങ് പരിധിയില്ലാതെ പ്രകടിപ്പിച്ചാൽ മറ്റുള്ളവർ എന്ത് കരുതും' എന്ന ഭയമില്ലാതെ, സന്നിഹിതരായ ഓരോരുത്തരും തങ്ങളുടെ യഥാർത്ഥ പ്രണയം തേടിക്കൊണ്ടിരുന്നു.
ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്ന് വന്നവർ
മണിക്കൂറുകൾ നീണ്ടുപോയ ആ ഇഷ്ക് മജ്ലിസിൽ നിന്ന്
പിരിഞ്ഞത് നല്ല ഒരു മൗലിദ്അനുഭവം നെഞ്ചേറ്റിയാണ്. പലരും നബിയെ പറഞ്ഞ് കരഞ്ഞു, ചിലർ പറഞ്ഞു മുഴുമിക്കാനാവാതെ വിതുമ്പി - ലഹരിയിൽ നിന്നുതിർന്ന കണ്ണീരുകൾ.
ഉപ്പ സിദ്ദീഖുൽ അക്ബർ കരയുന്നത് കണ്ട്, അതിലെ ഇഷ്ക്കിൻ ആഴം കണ്ട്, 'ആളുകൾ സന്തോഷം കൊണ്ടും കരയുമെന്ന് അന്നാണ് എനിക്ക് മനസ്സിലായത്' എന്ന് ഉമ്മുൽ മുഅമിനീൻ ആയിഷ ബീവി പറഞ്ഞ തിന്റെ വളരെ നേർത്ത ആധുനിക അനുരണനങ്ങൾ.
വിവിധ ദേശങ്ങളിലെ പുതിയകാല മുസ്ലിങ്ങളുടെ (9/11 അനന്തര) ഇസ്ലാം അനുഭവങ്ങൾ അന്വേഷിക്കുന്ന Journey Into Islam എന്ന ഗ്രന്ഥത്തിൽ വിഖ്യാത എഴുത്തുകാരൻ അക്ബർ എസ് അഹമ്മദ് ഒരു
അമേരിക്കൻ നഗരത്തിൽ കണ്ടുമുട്ടിയ ആധുനിക വേഷം ധരിച്ച യുവാവിനോട് 'നിങ്ങൾക്ക് ആരാണ് മുഹമ്മദ് നബി' എന്ന് ചോദിച്ചപ്പോൾ, എഴുന്നേറ്റുനിന്ന് പറയാൻ ശ്രമിച്, പറയാൻ കഴിയാതെ വാക്കുകൾ മുറിഞ്, വിങ്ങലായി, തേങ്ങലായി, കരച്ചിലായി മാറിയ നബി ഇഷ്ക്ഖിനേ കുറിച്ച് പറയുന്നുണ്ട്.
നൂറ്റാണ്ടുകളിൽ വിവിധദേശങ്ങളിൽ വിവിധ ഭാഷകളിൽ രൂപംകൊണ്ട പ്രവാചക പ്രണയത്തിൻറെ വരികളും വരകളും ഭാവങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും 'And Muhammad is His Messenger' എന്ന തൻറെ മികവുറ്റ ഗവേഷണ ഗ്രന്ഥത്തിലൂടെ ലോകത്തിനു സമ്മാനിച്ച ആനിമേരി ഷിമ്മൽ, തൻറെ തുർക്കിയിലെ യൂണിവേഴ്സിറ്റി ജീവിതകാലത്ത് പ്രമുഖരായ അധ്യാപകരും ഉദ്യോഗസ്ഥരും ഇസ്തംബൂളിലെ അവരുടെ വീടുകളിൽ സംഘടിപ്പിച്ചിരുന്ന മൗലിദ് സദസുകളിൽ പ്രാദേശിക തുർക്കിഷ് ഭാഷയിൽ പാടിയും പറഞ്ഞും നബിയെ ഓർതെടുത്ത് നെഞ്ചോട് ചേർത്ത് പ്രണയിച്ചിരുന്നതിൻെറ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്.
നബിയെ പറയലും കേൾക്കലും ആനന്ദകരമായ അനുഭവമാണ് വിശ്വാസികൾക്ക്. സ്വലാത്തുകൾ, സലാമുകൾ, പാടി-പറയുന്ന മദ്ഹുകൾ, സീറകൾ/ജീവചരിതങ്ങൾ, ഗുണപാഠകഥകൾ, ഹദീസുകൾ, ഹൃദയത്തിൽ നബിയെ ചേർത്തു വെച്ചവരുടെ പ്രണയാനുഭവങ്ങൾ - നബി പറച്ചിലുകൾ ആകുന്ന മൗലിദുകൾ ഹൃദ്യ അനുഭവങ്ങളാണ്, ആകണം.
ഉത്തരേന്ത്യൻ നഗര ഗ്രാമങ്ങളിലും പല പാശ്ചാത്യ നാടുകളിലും മുസ്ലിം വീടുകളിൽ സൗഹൃദക്കൂട്ടങ്ങളിലോക്കെ തങ്ങൾക്കറിയാവുന്ന ഭാഷയിൽ പാടാനും പറയാനും ലയിച്ചിരിക്കുന്ന സദസ്സുകൾ കാണുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ജാള്യത ഏതുമില്ലാതെ ഉപ്പയും ഉമ്മയും മക്കളും കുടുംബാംഗങ്ങളും ഇതിനുവേണ്ടി മാത്രം ഒരുമിച്ചു കൂടും. ഓരോരുത്തരും അവർ അനുഭവിച്ച നബിയെ പറയും. ഇഷ്ക് വഴിഞ്ഞൊഴുകുന്ന കാവ്യശകലങ്ങൾ കൊണ്ടും പല രീതികളിൽ ചൊല്ലുന്ന സ്വലാത്തുകൾ ബൈത്തുകൾ കൊണ്ടും ആ പറച്ചിലുകൾ ക്ക് സുഗന്ധം പുരട്ടും. പ്രവാചക ജീവിതത്തിലെ ഗുണപാഠകഥകൾ അയവിറക്കും. മധുരം നുണഞ്ഞ് പിരിയുമ്പോൾ ഹൃദയത്തിൽ എന്നപോലെ ബന്ധങ്ങളിലും പരിസരത്തും അവാച്യമായ ഒരു പ്രണയാനുഭൂതിയും അനുഭവവും നിറഞ്ഞുനിൽക്കും. വിശ്വാസത്തിന് ബലം നൽകുന്ന പ്രണയം സംഭവിക്കുന്നത് അങ്ങനെയാണ്.
നിങ്ങളുടെ മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റു ജനങ്ങളെക്കാളും എന്നെ പ്രണയിക്കുന്നത് വരെ നിങ്ങളുടെ വിശ്വാസം പൂർണ്ണമാകില്ലെന്ന് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം. നിങ്ങളുടെ മാതാപിതാക്കൾ, സന്താനങ്ങൾ, ഇണകൾ, നിങ്ങളുടെ കൂട്ടുകുടുംബങ്ങൾ, നിങ്ങൾക്കിഷ്ടപ്പെട്ട വീടുകൾ, നിങ്ങൾ സമ്പാദിച്ചു വെച്ച സമ്പാദ്യങ്ങൾ, നഷ്ടം വന്നു പോകുമോ എന്ന് ഭയപ്പെടുന്ന നിങ്ങളുടെ കച്ചവടങ്ങൾ ഇവയൊന്നും അല്ലാഹുവിനെക്കാളും അവൻറെ പ്രവാചകനേകാളും നിങ്ങൾക്ക് പ്രിയപ്പെട്ടത് ആകരുതെന്ന് ഖുർആൻ. ചെറുപ്പം മുതലേ മക്കളെ പഠിപ്പിക്കൻ നബി തന്നെ പറഞ്ഞ മൂന്നു കാര്യങ്ങളിൽ ഒന്നും രണ്ടും നബിയെ പ്രണയിക്കലും നബിയുടെ കുടുംബത്തെ പ്രണയിക്കലും ആണെങ്കിൽ, മൂന്ന് നബിക്ക് ഇറങ്ങിയ വിശുദ്ധ ഖുർആൻ പഠിപ്പിച്ചു കൊടുക്കലാണ്.
പ്രവാചകനെ ആഴത്തിൽ അറിയുന്നതും പ്രണയിക്കുന്നതും അല്ലാഹുവിനുള്ള സമർപ്പണത്തിന് പ്രധാനഘടകമാണ്. ആ നബിയോടുള്ള പ്രണയമാണ് നബി പരിചയപ്പെടുത്തി തന്ന അല്ലാഹുവിനെ മനമറിഞ്ഞ് ഇഷ്ടപ്പെട്ട് ഉള്ളുതുറന്ന് ആഗ്രഹിച് ആരാധിക്കാൻ വിശ്വാസിയെ പ്രാപ്തനാക്കുന്നത്.
നമസ്കാരം അല്ലാഹുവിലേക്കുള്ള ആരോഹണവും നാഥനോടുള്ള ഉള്ളുതുറന്ന സംഭാഷണവും ആകുന്നത് അ നമസ്കാരം നബിയുടെ മിഅറാജിന്റെയും മുനാജാത്തിന്റെയും ഓർമ്മക്കുള്ള അനർഘമായ ഒരു സമ്മാനമാണെന്ന് തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ്.
അല്ലെങ്കിലും ബാധ്യതയും നിർബന്ധവുമായി അടിച്ചേല്പ്പിക്കുന്ന കർമ്മങ്ങളെ മനസ്സറിഞ്ഞു ചെയ്ത് ആർക്കാണ് ശീലമുള്ളത്? പ്രണയമില്ലാത്ത ആരാധനകൾക്ക് എന്തൊരു രസമാണ് ഉണ്ടാവുക?
ഖുർആനിലെ ഏറ്റവും ശ്രേഷ്ഠ അധ്യായമായ, തൗഹീദിന് ആമുഖമായ, സൂറത്തുൽ ഇഖ്ലാസിലൂടെ അല്ലാഹുവിനെ അറിയുന്നത് തന്നെ ഖുൽ - നബിയെ നിങ്ങളാണ് ഇത് പറഞ്ഞുകൊടുക്കേണ്ടത് - എന്ന ദൈവീക ആജ്ഞയെ മധുരമായ ജീവിതത്തിലൂടെ പ്രിയ നബി പകർന്നു നൽകുമ്പോൾ ആണല്ലോ.
സത്യസന്ധനായ, കളവ് പറയാത്ത മുഹമ്മദ് (സ) റസൂലായി വന്ന് പരിചയപ്പെടുത്തിത്തന്ന അല്ലാഹുവിലും ആ അല്ലാഹു വിന്റെ ദീനിലും വിശ്വസിക്കാനല്ലാതെ, അല്ലാഹുവിനെയും അവന്റെ പരലോകങ്ങളേയും കാണുക പോയിട്ട് സങ്കൽപിക്കുക പോലും ചെയ്യാൻ നമുക്ക് എന്ത് പാങ്ങാണുള്ളത്?
എന്നുമെന്നും സ്തുതിക്കപ്പെട്ട മുഹമ്മദിനെ (സ), ഏതുസമയത്തും നെഞ്ചോടു ചേർക്കേണ്ട പ്രവാചകനെ, നൂറ്റാണ്ടുകളായി കവിതകളിലും ഗാനങ്ങളിലും ഗദ്യങ്ങളിലും പ്രണയിനികൾക്ക് പറഞ്ഞു തീർക്കാൻ കഴിയാത്ത പ്രവാചകനെ, പ്രണയിക്കാൻ ഇഷ്ടപ്പെടാൻ മക്കളെ പഠിപ്പിക്കണമെന്ന് പറഞ്ഞ പ്രവാചകൻറെ വാക്കുകൾ ശിരസാവഹിക്കാൻ നമുക്കെങ്ങനെ സാധിക്കും.
നൂറ്റാണ്ടുകളിൽ വിവിധദേശങ്ങളിൽ ഭാഷകളിൽ പ്രവാചക പ്രകീർത്തന സദസ്സുകൾ രൂപപ്പെട്ടുവന്നത് ആ ആശങ്കകൾക്ക് ഉള്ള ഉത്തരങ്ങളായാണ്. നബിയുടെ കാലത്തെ പറയാനും നബി ചരിത്രങ്ങൾ കേൾക്കാനും നബിയുടെ വാക്കുകൾ പകർത്താനും എത്രയെത്ര സഹാബികൾ തന്നെയാണ് പ്രമുഖ സഹാബികളെ സമീപിച്ചു കൊണ്ടിരുന്നത്.
ഈമാനിനെ നിർബന്ധ ഘടകമായ പ്രവാചക പ്രണയം ഉണ്ടാകാൻ നബിയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കണം, അറിയണം പാടണം പറയണം. അതിൽ ഉപമകൾ അലങ്കാരങ്ങൾ സങ്കല്പങ്ങൾ പ്രതീകങ്ങൾ ഒക്കെയുണ്ടാകും.
ഈമാനിൽ ലയിപ്പിച്ചു നിർത്തിയ ഇഷഖിന്റെയും മുഹബ്ബത്തിന്റെയും ഇഹ്തിരമിന്റെയും ഘടകങ്ങളാണ് മൗലിദുകള് ആയി മുൻഗാമികൾ നമുക്ക് കൈമാറിയത്. പക്ഷേ കേവലം ചടങ്ങുകളും വാദപ്രതിവാദ വിഷയങ്ങളും മാത്രമായി അത് ചുരുങ്ങിപോകുന്നുണ്ടോ എന്ന ആശങ്കയിൽ നിന്നാണ് ഈ എഴുത്ത്. പങ്കെടുത്തവർക്ക് മുഴുവൻ ഭാഗഭാക്കാകാവുന്ന, പ്രണയം അനുഭവിക്കാവുന്ന ' നെഞ്ചോടു ചേർക്കാവുന്ന പ്രകീർത്തന സദസ്സുകൾ നമുക്ക് തിരിച്ചുകൊണ്ടുവരാൻ ആകണം.
മൗലിദ് എന്ന ചടങ്ങു കഴിക്കാൻ നിങ്ങൾക്ക് ആളുകളെ കിട്ടിയില്ലെങ്കിലും നിങ്ങളറിയുന്ന നബിയെ പാടാനും പറയാനും സൗഹൃദക്കൂട്ടങ്ങളിൽ, വീടുകളിൽ, മക്കളോടൊപ്പം ഇരുന്നു ഒന്നു ശ്രമിച്ചു നോക്കൂ. നബിയുടെ ജീവിതം ഒരാവർത്തിയെങ്കിലും ഈ ഒന്നാം വസന്തകാലത്തെങ്കിലും ഒന്ന് വായിക്കുകയോ കേൾക്കുകയോ ചെയ്ത് നോക്കൂ. ചെറുപ്പക്കാരെയും മറ്റും ചേർത്തിരുത്തി അവരറിയുന്ന നബിയെ പറയാനും പാടാനും പഴയ പാട്ടുകൾ ഓർത്ത് നോക്കാനും അനേകം പ്രവാചക പ്രണയിനികൾ പുതിയ മലയാളത്തിൽ രചിച്ച ഹൃദ്യമായ അനുരാഗ രചനകൾ ചൊല്ലി നോക്കൂ. ഇടക്കൊക്കെ സ്വലാത്തുകളും ബൈത്തുകളും. സന്തോഷത്തിന് മിഴിവും വെണമയും കൂടാനും സങ്കടക്കടലുകളുടെ ആഴവും ആഘാതവും കുറയാനും സ്വലാത്തും പ്രകീർത്തനവും തന്നെ മതി എന്ന 'സുകൃതം ചെയ്ത മുൻഗാമികളുടെ ' അധ്യാപനമാണ് നമുക്ക് ജനിച്ചേടത്തും മരിച്ചേടത്തും വീടിരിക്കുമ്പോഴും രോഗം വരുമ്പോഴുമൊക്കെ ഒരുപോലെ ചൊല്ലാൻ മൻഖൂസ് മൗലിദും സലാം ബൈത്തും അശ്റഖയും ബുർദയും ലഭിച്ചത്. ആത്മീയതക്കപ്പുറം അവ നൽകുന്ന മാനസികവും സാംസ്കാരികവും സാമൂഹികവുമായ മാനങ്ങൾ അനവധിയാണ്.
മാറിവന്ന പുതിയ തലമുറക്കും ആ അനുഭവങ്ങൾ ലഭ്യമാകണം. വരണ്ട വാദങ്ങളും പ്രസംഗങ്ങളും സ്വാധീനിക്കുന്നത് വളരെ ചെറിയ ഒരു സമൂഹത്തെ മാത്രമാണ്. ഹൃദയം തൊട്ട പറച്ചിലും പാടലും അർത്ഥമറിയാതെ ചൊല്ലുന്ന വാക്കുകളുടെ പോലും ഗാംഭീര്യവും സൗന്ദര്യവും ഒക്കെ കൂടുതൽ മനസ്സുകളിൽ മാറ്റങ്ങളുണ്ടാക്കും, അനുഭൂതികൾ നൽകും. അതിന് അവ കേവലം ചടങ്ങുകൾ ആകരുത്. എല്ലാവർക്കും ഉൾക്കൊള്ളാവുന്ന അവതരണങ്ങൾ ആകണം, അനുഭവമാകണം.
ഈ റബീഉൽ അവ്വലിൽ ആ പഴയ പ്രകീർത്തന സദസ്സുകളിലേക്ക് നമുക്കൊന്നു തിരിച്ചു പോയാലോ. നമ്മുടെയൊക്കെ വീടുകളിൽ, സൗഹൃദക്കൂട്ടങ്ങളിൽ, നബിയെ പറയുന്ന പാടുന്ന ഒരു സദസ്സ് എങ്കിലും സൃഷ്ടിച്ചാലോ. നമുക്കും മക്കൾക്കും ഒക്കെ ഒന്നിച്ചിരുന്നു നബിയെ പറയാവുന്ന കുറച്ചുസമയമെങ്കിലും, ഫിർദൗസിൽ എത്തിയാൽ നബിയെ കാണാൻ എന്ന മോഹത്തോടെ, സംഘടിപ്പിച്ചാലോ
Leave A Comment