“നിങ്ങളുടെ ഏതാവശ്യത്തിനും കടം ലഭ്യമാണ്....”
നിങ്ങളുടെ ഏതാവശ്യത്തിനും കടം ലഭ്യമാണ്...”എന്നുതുടങ്ങുന്ന പരസ്യം കേട്ടാണ് ലക്ഷക്കണക്കിനു വരുന്ന യാത്രിക൪ റയില്‍വേയില്‍ പ്രതിദിനം യാത്ര ചെയ്യുന്നത്. കടം വാങ്ങുന്നതിനെ കുറിച്ച് സ്വപ്നേപി വിചാരിക്കാത്തവ൪ പോലും നിരന്തരം കേള്‍ക്കുമ്പോള്‍ ഒന്നു കടം വാങ്ങിയാലോ എന്നു കരുതിപ്പോയാല്‍ അവരെ കുറ്റപ്പെടുത്താന് പറ്റുമോ. അല്ലെങ്കിലും ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കടം ലഭിക്കാനുള്ള സാധ്യത ഇങ്ങനെ പ്രലോഭിപ്പിക്കുന്ന രീതിയില്‍ പരസ്യപ്പെടുത്തുന്നത് എന്തിനെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്. ജീവിതനിലവാരമുയര്‍ത്താനും സംതൃപ്ത ജീവിതം സാധ്യമാക്കാനും നിര്‍ലോഭം കടം ലഭ്യമാക്കുകയല്ല പരിഹാരമെന്നത് ഒരു നഗ്ന യാഥാര്‍ഥ്യമാണ്. തിരിച്ചടവും പലിശ ഭാരവും ജീവിതം കൂടുകല്‍ ദുസഹമാവുന്ന അവസ്ഥയാണ് അതിലൂടെ സംജാതമാവുക. മറിച്ച് സാമ്പത്തിക അച്ചടക്കവും ഉള്ളതു കൊണ്ട് തൃപ്തിപ്പെടാനുള്ള ശേഷിയാര്‍ജിക്കലുമാണ് ഇതിന് പരിഹാരം. ഇമാം ശാഫി (റ) പറയുന്നതിങ്ങനെ
ഉള്ളതില് തൃപ്തിയണയും മനസ്സിനുടമ നീയെങ്കില്‍
ഉലകം വാണീടും രാജാവിനു തുല്യനത്രെ നീ
എന്നാല്‍ ബാങ്കിങ് സൌകര്യങ്ങളും കടം ലഭിക്കാനുള്ള മറ്റു വഴികളും ക്രമാതീതമായി വര്‍ദ്ധിക്കുകയും ലളിതമാവുകയും ചെയ്തതോടെ നഗരഗ്രാമ വ്യത്യാസമില്ലാതെ വലിയൊരു വിഭാഗം ജനങ്ങളും കടക്കെണിയില്‍ കുടുങ്ങിയിരിക്കുകയാണെന്ന് പുതിയ സ൪വ്വേ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഗ്രാമീണ മേഖലകളില്‍ ഏകദേശം മൂന്നിലൊന്നും നഗരങ്ങളില്‍ നാലിലൊന്നും കുടുംബം ഏതെങ്കിലും തരത്തില്‍ വായ്പ സ്വീകരിച്ചിട്ടുള്ളവരാണെന്നാണ് നാഷനല്‍ സാമ്പിള്‍ സ൪വ്വേ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടു പറയുന്നത്. മാത്രവുമല്ല 2002 നും 2012 നും ഇടയില്‍ വായ്പ വാങ്ങിയവരുടെ എണ്ണത്തില്‍ മാത്രമല്ല ശരാശരി തുകയിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഗ്രാമങ്ങളില്‍ 400 ശതമാനമാണെങ്കില്‍ നഗരങ്ങളില്‍ 700 ശതമാനമാണ് വായ്പാതുക വ൪ദ്ധിച്ചതെന്ന് റിപ്പോ൪ട്ടു തുടരുന്നു. നഗരങ്ങളില്‍ 22 ശതമാനം കുടുംബങ്ങളും ഗ്രാമങ്ങളില്‍ 31 ശതമാനം കുടുംബങ്ങളും കടക്കെണിയിലാണ്. ഭവന നിര്‍മാണം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് അധിക കുടുംബവും കടമെടുക്കുന്നതെന്നും ഒരു ലക്ഷത്തോളം വീടുകള്‍ സന്ദര്‍ശിച്ചു നടത്തിയ പ്രസ്തുത സ൪വ്വെ സാക്ഷ്യപ്പെടുത്തുന്നു.
യഥാര്‍ഥത്തില്‍ രോഗാതുരമായി മാറിയ നമ്മുടെ ജീവിത ചുറ്റുപാടിന്റെ ഭീതിതമായ രേഖാ ചിത്രമാണ് ഈ കണക്കുകള്‍ വരച്ചിടുന്നത്.
കടത്തെ വളരെ ഗൌരവത്തോടെ കാണുന്നതാണ് ഇസ്‍ലാം. എന്നാല്‍ മുസ്‍ലിംകള്‍തിങ്ങിപ്പാ൪ക്കുന്നതോ മുസ്‍ലിം ഭൂരിപക്ഷമുള്ളതോ അല്ലാത്ത പ്രദേശങ്ങളില്‍ പോലും ലോണും ഗോള്‍ഡ് ലോണും മറ്റുമായി ബാങ്കിടപാടുകള്‍ കൂടുതല്‍നടത്തുന്നത് മുസ്‍ലിംകളാണെന്ന് ഈയിടെ ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഒര്‍ത്തു പോവുകയാണ്. സ്ത്രീധനം ഉള്‍പ്പെടെയുള്ള വിവാഹ ധൂ൪ത്തും ആഢംബര ത്വരയും മാമൂലുകളുമാണ് ഒരു പരിധി വരെ മുസ്‍ലിം കുടുംബങ്ങളെ ബാങ്കില്‍നിന്നും പലിശക്ക് കടമെടുക്കാനും ആധാരവും സ്വ൪ണാഭരണങ്ങളും ബാങ്കില്‍വെച്ച് ലോണെടുക്കാനും നി൪ബന്ധിധരാകുന്നതെന്ന അദ്ദേഹത്തിന്റെ നിരീക്ഷണത്തെ എനിക്ക് പ്രതിരോധിക്കാനായില്ല.
അത്യാവശ്യങ്ങളും ആവശ്യങ്ങളും അനാവശ്യങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാ൯ കഴിയാത്ത വിധം വളരെ നേ൪ത്തു പോയതാണ് ആധുനിക ജീവിത പരിതസ്ഥിതിയുടെ വലിയ ശാപം. ധൂ൪ത്തും ആഢംബര അഹങ്കാര ഭ്രമവുമാണ് കടം പെരുകാനുള്ള മുഖ്യകാരണമെന്നതിനു അഭിപ്രായ വ്യത്യാസത്തിനു സാധ്യതയില്ല. വരവിനെ കുറിച്ച് ആലോചിക്കാതെയും വരുമാനം വിലയിരുത്താതെയുമാണ് ആവശ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നതെന്നതാണ് പ്രശ്നങ്ങളുടെ കാതലായ വശം. ഇവിടെയാണ് ശക്തമായ ഇഛാശക്തിയും വിവേചനപാടവവും പ്രകടിപ്പിക്കേണ്ടത്.നമ്മുടെ ആവശ്യങ്ങള്‍തീരുമാനിക്കേണ്ടത് നാം തന്നെയാവണം. അത് വിപണിയോ പരസ്യമോ അയല്‍ക്കാരോ ആവരുതെന്ന ശാഠ്യം നമുക്കു വേണം.
ലോണെടുത്താണ് സ്ഥലം വാങ്ങിയത്, വീടു വെച്ചത്, മകളെ കെട്ടിച്ചത് ……… എന്നതൊക്കെ നാലാളുടെ മുന്നില്‍സാഭിമാനം തുറന്നു പറയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇവിടെയാണ് പലിശാധിഷ്ടിത ധനകാര്യ സ്ഥാപനങ്ങളും ബ്ലേഡ് മാഫിയകളും നമ്മുടെ ചുറ്റുവട്ടങ്ങളില്‍ വരെ വ൯ വേരുകളാഴ്ത്തി പടര്‍ന്നു പന്തലിക്കുന്നത് .
മാത്രവുമല്ല, കടം വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പരസ്യങ്ങളെല്ലാം. ഒരു രൂപ റൊക്കം കൊടുത്താല്‍പതിനായിരങ്ങളുടെ ഉത്പന്നങ്ങല്‍. അപ്പോള്‍തന്നെ സ്വന്തമാക്കാവുന്ന 'സൗകര്യങ്ങള്‍ ഇന്ന് ലഭ്യമണ്.കൊതിപ്പിച്ച് കൊതിപ്പിച്ച് വിപണി മുന്നേറുമ്പോള്‍നാം മറ്റാരെപ്പോലയോ ആവാ൯ മത്സരിക്കുകയാണ്. കടം വാങ്ങിയിട്ടെങ്കിലും അവനെപ്പോലെ/അവളെപ്പോലെ ആവണമെന്ന വഴി വിട്ട ചിന്ത കുത്തി വെക്കുന്ന കാര്യത്തില്‍പരസ്യങ്ങള്‍വിജയിച്ചിട്ടുണ്ട്.
ഇവിടെയാണ് പ്രഷ൪ കുക്ക൪ മുതല്‍ലക്ഷങ്ങള്‍ വിലവരുന്ന ആഢംബര വാഹനങ്ങള്‍വരെ കടമായും ഇന്സ്റ്റാള്‍മെന്റായും തരുന്ന വിപണിവീര ൯മാ൪ വിജയിക്കുന്നത്. ഓരോ ഓണാക്കാലത്തും വീട്ടുപകരണങ്ങള്‍അപ്ഡൈറ്റ് ചെയ്തില്ലെങ്കില്‍ പിന്നെന്തിനു കൊള്ളുമെന്ന് ആകുലപ്പെടാ൯ വരെ പരസ്യങ്ങള്‍ വീട്ടുകാരിയെ പരിശീലിപ്പിച്ചു കഴിഞ്ഞു! അതോടെ, ഗൃഹനാഥന്, ഇതിനായി കടം വാങ്ങുകയല്ലാതെ നിവൃത്തിയില്ലാതെ വരുന്നു.
ഒരിക്കല്‍നബി(സ)പറഞ്ഞു: ‘കടത്തിന്റെ കാര്യം വളരെ ഗൗരവതരമാണ്.അല്ലാഹുവാണ് സത്യം .കടമുള്ള ഒരാള്‍ക്ക് മൂന്ന് തവണ അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍രക്തസാക്ഷിയാവാനുള്ള അവസരം ലഭിച്ചാല്‍പോലും കടം വീട്ടാതെ സ്വ൪ഗ്ഗ പ്രവേശനം ലഭിക്കില്ല’(അഹ്മദ്). മറ്റൊരിക്കല്‍നബി(സ)പറഞ്ഞു: ’ആരെങ്കിലും അന്ത്യനാളിള്‍കടം,വഞ്ചന, അഹങ്കാരം എന്നീ മൂന്ന് കാര്യങ്ങളില്‍നിന്നും മുക്തനായി വന്നാല്‍അവ൯ സ്വ൪ഗത്തില്‍പ്രവേശിക്കും’(ഹാകിം).
ജാബി൪(റ) പറയുന്നു: ഒരിക്കല്‍ ഒരു വ്യക്തി മരിച്ചപ്പോള്‍അദ്ദേഹത്തി ന്റെ ജനാസ ഞങ്ങള്‍കുളിപ്പിക്കുകയും കഫ൯ ചെയ്യുക യും ചെയ്തു. മയ്യിത്ത് നിസ്കാരത്തിന് സമയമായപ്പോള്‍നബി(സ) അടുത്തേക്ക് വന്ന് ചോദിച്ചു: 'ഈ മയ്യിത്തിന് കടമുണ്ടോ? കൂടി നിന്നവരില്‍ഒരാള്‍പറഞ്ഞു: ഇദ്ദേഹത്തിന് രണ്ടു ദീനാ൪ കടമുണ്ട്. ഇതുകേട്ട നബി(സ) നിങ്ങള്‍മയ്യിത്ത് നിസ്കാരം നി൪വ്വഹിക്കൂ എന്ന് പറഞ്ഞ് പി൯മാറി. ഉടനെ അബൂഖത്താദ(റ)പഞ്ഞു: ആ കടം ഞാനേറ്റെടുത്തു'. അപ്പോള്‍നബി (സ) ഉറപ്പിക്കാനെന്ന വണ്ണം ഒന്നുകൂടി ചോദിച്ചു' 'കടം നീ ഏറ്റെടുത്തോ? മയ്യിത്തിനിനി ബാധ്യതയൊന്നുമില്ലല്ലോ?' അബൂഖത്താദ(റ) എല്ലാം ഏറ്റെടുത്തെന്നു പറഞ്ഞപ്പോഴാണ് നബി(സ) നിസ്കാരം നി൪വ്വഹിച്ചത്. പിന്നെ അബൂഖത്താദ(റ)നെ കാണുന്വോഴെല്ലാം കടം വീട്ടിയോ എന്ന് നബി(സ)അന്വേഷിക്കുമായിരുന്നു. കടം വീട്ടിയെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍നബി(സ)പറഞ്ഞു: 'ഇപ്പോഴദ്ദേഹത്തിന് ആശ്വാസമായി' (അഹ്മദ്)
വ്യക്തിപരമായ കടത്തോടൊപ്പം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും കടവും ക്രമാതീതമായി വ൪ദ്ധിച്ചുവരികയാണ്. കഴിഞ്ഞ സെപ്തംബര്‍ മാസംപുറത്ത് വിട്ട കണക്കനുസരിച്ച് കേരളത്തിന്റെ പൊതുകടം 102,000 കോടി രൂപയാണ്. അതായത് ഓരോ മലയാളിയുടെയും ആളോഹരി കടം 34,000 രൂപ. ഇത് കര്‍ണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലെ ആളോഹരി കടത്തിന്റെ ഇരട്ടി വരുമത്രെ.
വിലക്കൊപ്പം ആവശ്യങ്ങളും പെരുകുന്ന ഇക്കാലത്ത് കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കില്‍ ജീവിതം ദുരിത പൂര്‍ണമാകുമെന്ന് തിരിച്ചറിയാന് ചുറ്റുവട്ടങ്ങളിലേക്ക് ഒന്നു കണ്ണോടിക്കുകയേ വേണ്ടൂ. കുടുംബ ബജറ്റ് താളം തെറ്റി ഒരു കഷ്ണം കയറില്‍ ജീവിതം അവസാനിപ്പിക്കുന്നവര്‍ നമ്മുടെ ചുറ്റുവട്ടത്തു പോലും വിരളമല്ലല്ലോ.
അതിനാല്‍, നമ്മുടെ ആവശ്യങ്ങളെ നാം തന്നെ തീരുമാനിക്കുക. അതില്‍ ആദ്യമാനദണ്ഡമായി നമ്മുടെ സാമ്പത്തിക സ്രോതസുകള്‍ കടന്നുവരട്ടെ. വരവിനനുസരിച്ച് ചെലവാക്കാനും അതിനനുസൃതമായി മാത്രം ജീവിതാവശ്യങ്ങള്‍ ക്രമീകരിക്കാനുമായാല്‍, വ്യക്തിജീവിതവും കുടുംബജീവിതവും ഏറെ സംതൃപ്തമാവും.. തീര്‍ച്ച. മാനസികസമ്പന്നതയാണ് യഥാര്‍ത്ഥ സമ്പന്നതയെന്ന് പ്രവാചകര്‍ പറഞ്ഞതെത്ര സത്യം.



Leave A Comment