പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാണോ?
schoolഒരു മനഃശാസ്ത്ര ചികിത്സകനെന്ന നിലയില്‍ മുന്നിലെത്തുന്ന രോഗികളുടെയെല്ലാം രഹസ്യവിവരങ്ങള്‍ പുറത്തു പറയുന്നത് ശരിയല്ലെന്നറിയാം. എങ്കിലും സമൂഹം അതീവ ശ്രദ്ധ പതിക്കേണ്ടതും, ജാഗ്രത പാലിക്കേണ്ടതുമായ ചില കേസനുഭവങ്ങള്‍ രോഗികളെ തിരിച്ചറിയാത്ത വിധം ഞാന്‍ അവതരിപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം മുമ്പിലെത്തിയ ഒരു കേസ് ഏത് കരളുറപ്പുള്ളവനെയും ഞെട്ടിക്കുന്നതായിരുന്നു. സമൂഹത്തിന്റെ ഉള്ളറകളില്‍ ചില മലിനമനസ്സുകള്‍ കാട്ടിക്കൂട്ടുന്ന ക്രൂരകൃത്യങ്ങള്‍ എത്രമാത്രം വികൃതമാണെന്ന് ഈ സംഭവത്തിലൂടെ മനസ്സിലാക്കാനാവും. കുടുംബത്തിലെ ഒരു മുതിര്‍ന്നയാളില്‍നിന്നു ലൈംഗിക പീഡനത്തിനിരയായ ഒരു പതിനൊന്നുവയസ്സുകാരിയാണിതിലെ കഥാപാത്രം. 'ബിനില' എന്ന അഞ്ചു വയസ്സുകാരിയുടെയും 'ജാസില' എന്ന ഏഴു വയസ്സുകാരിയുടെയും ലൈംഗിക പീഡന മരണം ഈയിടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പത്രങ്ങളിലും ചാനലുകളിലും ഈ സംഭവം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. അതിനോട് ചേര്‍ത്തു വായിക്കാവുന്ന സംഭവം. പക്ഷേ, ഈ കേസിലെ പ്രതി ആ കുടുംബത്തിന് വേണ്ടപ്പെട്ടയാളാണ്. കേസു കൊടുത്താല്‍ നാട്ടില്‍ മാന്യതയും നിലയും വിലയുമുള്ള അവരുടെ കുടുംബത്തിന് മാനക്കേടാവുമത്രെ! പെണ്‍കുട്ടിക്ക് ഭാവിയില്‍ ഉണ്ടായേക്കാവുന്ന മാനക്കേടുകളും അവര്‍ ഭയപ്പെടുന്നു. ശരിയാണ്, ഇത്തരം സംഗതികളെ സഹതാപമനസ്ഥിതിയോടെ കാണാനുള്ള സന്മനസ്സ് പൊതുവെ നഷ്ടപ്പെട്ടിരിക്കുന്നു. സിനിമ ആസ്വദിക്കുന്നതുപോലെ തന്നെ പീഡനങ്ങളും ഇന്നൊരു 'കല'യായി തീര്‍ന്നിരിക്കുന്നു. സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത ഒരു കാലമാണോ വന്നുചേര്‍ന്നിരിക്കുന്നത്. പിഞ്ചുബാലികമാര്‍ പോലും കാമഭ്രാന്തന്മാരുടെ കരങ്ങളില്‍ ഞെരിഞ്ഞമരുന്ന സംഭവ കഥകള്‍ ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്നു. പുറത്തറിയപ്പെടാത്ത എത്രയോ സംഭവങ്ങള്‍ വേറെയും. കുറച്ചുമുമ്പ് ഡിഗ്രിക്കു പഠിക്കുന്ന ഒരു പെണ്‍കുട്ടിയും അവരുടെ മാതാവും എനിക്കരികിലെത്തി. നേരിട്ടു പറയുന്നതിലുള്ള വിഷമം കൊണ്ടാണത്രെ എട്ടുപേജുവരുന്ന ഒരു കത്ത് അവള്‍ എനിക്കുനേരെ നീട്ടി. പ്രായപൂര്‍ത്തിയായ കാലം തൊട്ടേ സ്വന്തം പിതാവുതന്നെ അവളെ കാമപൂര്‍ത്തീകരണത്തിനു ഉപയോഗിക്കുന്നുവെന്ന് ചുരുക്കം. 'പുറത്തറിഞ്ഞാല്‍ നിന്നെ കൊല്ലും.' 'ഞാന്‍ ആത്മഹത്യ ചെയ്യും..' 'മാതാവിനെ ഒഴിവാക്കേണ്ടി വരും..' എന്നിത്യാദി ഭീഷണികളുമായി അഞ്ചു വര്‍ഷത്തോളം അവരുടെ ബന്ധം തുടര്‍ന്നു. പിതാവുമായുള്ള എന്തോ ഒരു വഴക്കിനിടയില്‍ അവള്‍ ഈ വേണ്ടാത്തരങ്ങളെ കുറിച്ച് ഉറക്കെ വിളിച്ച് പറഞ്ഞു. മാതാവ് അറിയുകയും ചെയ്തു. കുടുംബം കലുഷിതമാകാന്‍ മറ്റെന്തെങ്കിലും കാരണം വേണ്ടതുണ്ടോ..? പീഡിതയായ പതിനൊന്നുവയസ്സുകാരിയെകുറിച്ച് പറഞ്ഞുവല്ലോ.. പിതാവിന്റെ സഹോദരീഭര്‍ത്താവാണ് അവളെ നശിപ്പിച്ചത്. ബന്ധുക്കളാവുമ്പോള്‍ വളരെ അടുത്തു പെരുമാറുന്നതും സംസാരിക്കുന്നതും സ്വാഭാവികമാണ്. അതില്‍ മറ്റുള്ളവര്‍ക്കു സംശയമോ തെറ്റിദ്ധാരണയോ ഉണ്ടാകില്ല. മാത്രമല്ല, ഒരു അന്യവ്യക്തിയോടുണ്ടാകുന്ന ഭയമോ അകല്‍ചയോ പെണ്‍കുട്ടിയില്‍ ഉണ്ടാകുന്നുമില്ല. പെണ്‍കുട്ടികള്‍ ഒരു ഭാരമായി കരുതുന്ന സാമൂഹിക പരിസ്ഥിതികളില്‍ പുരുഷ മനസ്സിനു ഉള്ളിലെ പൈശാചികത തിരിച്ചറിയാന്‍ പാവം പെണ്‍കുട്ടികള്‍ക്ക് സാധിക്കാതെ പോകുന്നു. കാമത്തിന്റെ ഭ്രാന്തമായ ആവേശം 'സ്വന്തം ചോര' എന്ന ഹൃദയബന്ധത്തെ കരിച്ചുകളയുകയും മഹിതമായ കുടുംബബന്ധങ്ങളെ പൊട്ടിക്കുകയും ചെയ്യുന്നു. പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്തോ ആവശ്യത്തിന് പറഞ്ഞയച്ചതായിരുന്നു ഈ പെണ്‍കുട്ടിയെ. അവള്‍ അവിടെയെത്തുമ്പോള്‍ പ്രസ്തുത പുരുഷന്‍ മാത്രമായിരുന്നു വീട്ടില്‍. അയാളുടെ അടുത്ത പെരുമാറ്റം അവളില്‍ യാതൊരു ഭയവും ഉണ്ടാക്കിയില്ലായിരിക്കണം. കുട്ടിയെ വീട്ടിനകത്തേക്ക് വിളിച്ച് ബലമായി അയാള്‍ കൃത്യം നിര്‍വഹിക്കുകയായിരുന്നു. സംഭവത്തിനു ശേഷം കുട്ടിയിലുണ്ടായ ഭയവും ആസ്വാഭാവികമായ പെരുമാറ്റങ്ങളുമാണ് സംഗതി വെളിച്ചത്തുകൊണ്ടുവന്നത്. പെണ്‍കുട്ടികള്‍ ഇങ്ങനെ അക്രമിക്കപ്പെടുന്നതില്‍ നാം ജാഗ്രത പാലിക്കേണ്ട ഒരുപാട് സംഗതികളുണ്ട്. 'സെക്‌സ്' എന്നതിന് അച്ചടക്കവും രഹസ്യവുമുണ്ടായിരുന്നു ഒരുകാലത്ത്. ഇന്നത് സര്‍വവ്യാപിയാണ്. എങ്ങനെ, എവിടെവെച്ചും ഏതു വിധേനയും അതു നുകരാനും പുണരാനുമുള്ള മനസ്സ് അധികപേരിലും നിലകൊള്ളുന്നു. ലജ്ജയും മാനവും തീരെ ഇല്ലാതായി. ആണ്‍ പെണ്‍ ബന്ധങ്ങള്‍ക്ക് അതിരുകളില്ലാത്ത അടുപ്പമുണ്ടായി. ഒന്ന് തൊട്ടാലും പിടിച്ചാലും ഒന്നും സംഭവിക്കില്ലെന്ന ധാരണയുമുണ്ടായിരിക്കുന്നു. പക്വതയും മാന്യതയുമുള്ള മനുഷ്യന്‍പോലും ലൈംഗികതയുടെ കാര്യത്തില്‍ മൃഗമാണ്. മനുഷ്യത്വം ഇല്ലാതാകുന്ന ഒരവസ്ഥ ഉത്തേജന സമയത്ത് മനുഷ്യരിലുണ്ടാകുന്നു. കപട സദാചാരം കൊടികുത്തിവാഴുകയാണ് നമുക്കിടയില്‍. ധര്‍മം പ്രസംഗിക്കുന്നവര്‍ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ അധര്‍മിയായി മാറുന്നു. എന്തു ചെയ്യാം.. കാലം അങ്ങനെയായിപ്പോയി. സ്ത്രീയെ ലൈംഗിക ഉപകരണമായി മാത്രം കാണുന്ന ഈ സാമൂഹികബോധത്തിന് ഇനി മാറ്റമുണ്ടാകുമോ എന്ന് പറയാനാകില്ല. ചുറ്റുപാട് വളരെ മലീമസമാണ്. അവസരവും സാഹചര്യവും മുതലെടുക്കാന്‍ പിശാച് കിണഞ്ഞു ശ്രമിക്കുന്നു. മനുഷ്യനെ എത്ര അധമനാക്കാന്‍ സാധിക്കുമോ അത്തരമൊരു പരീക്ഷണത്തിലാണ് പിശാച്. അതുകൊണ്ടാണ് മുമ്പിലുള്ളത് തന്റെ ചോരയിലുള്ള പെണ്‍കുട്ടിയാണെന്നറിഞ്ഞിട്ടും പ്രായപൂര്‍ത്തിയാവാത്ത ബാലികയാണെന്നറിഞ്ഞിട്ടും ഒരു പൊന്നോമനയുടെയും തന്റെയും ഭാവിയാണ് താന്‍ തകര്‍ക്കുന്നതെന്ന് ബോധ്യമുണ്ടായിട്ടും ആ മനുഷ്യന്‍ അങ്ങനെ ചെയ്തുപോയത്. പൈശാചികമായ ആവേശമാണ് ഇത്തരം ചെയ്തികള്‍ക്കു പിന്നില്‍. വരുംവരായ്കയെ കുറിച്ച് ഭയമില്ലാഞ്ഞിട്ടല്ല. എന്തോ ഒരു ഭ്രാന്തമായ ധൈര്യം ഇവിടെ വിവേകത്തെ തല്ലിത്തകര്‍ക്കുന്നു. മുമ്പു സൂചിപ്പിച്ച 'ബിനില'യെയും 'ബാസില' യെയും പിച്ചിച്ചീന്തിയത് അവരുടെ അയല്‍വാസികളായിരുന്നു. ലൈംഗികമായ തങ്ങളുടെ ആവശ്യം നിര്‍വഹിച്ചെടുക്കുക മാത്രമല്ല ആ ഭ്രാന്തന്മാര്‍ ചെയ്തത്. സംഭവം പുറത്തറിയാതിരിക്കാന്‍ ആ പെണ്‍കുട്ടികളെ ഇല്ലാതാക്കുക എന്ന കൃത്യം കൂടി ചെയ്തു. എത്രമാത്രം അധ:പതിച്ചിരിക്കണം അവരുടെ മനസ്സ്. ബാലികാ പീഡനങ്ങള്‍ ഇന്ന് പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ലൈംഗികത മുളപൊട്ടിയതുമുതല്‍ ഇത് എങ്ങനെയെങ്കിലും ഉപയോഗപ്പെടുത്തണമെന്നാഗ്രഹിച്ചു നടക്കുന്ന കൗമാരപ്രായക്കാര്‍ വരെ ഈ പ്രതിപ്പട്ടികയിലുണ്ട്. കുട്ടികളില്‍പോലും ലഹരിയും മദ്യവും വ്യാപിച്ചിരിക്കുന്നു. പലവിധ ലഹരി ഉപഭോഗങ്ങളാല്‍ വഴിതെറ്റുകയാണ് യുവസമൂഹം. ലഹരി മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു. വിവേകത്തെ വിപാടനം ചെയ്യുന്നു. ലഹരിക്ക് അടിമപ്പെട്ട വ്യക്തി സ്വബോധം നഷ്ടപ്പെട്ട് പല ഹീനകൃത്യങ്ങളും ചെയ്യുന്നു. 'ലഹരി എല്ലാ തിന്മകളുടെയും താക്കോലാണെ'ന്ന പ്രവാചകവചനം എത്ര സത്യം! വ്യക്തം! വെറുതെ ഒരു തമാശക്കുവേണ്ടി തുടങ്ങി, പിന്നീടതില്‍ നിന്ന് മോചനം നേടാനാവാത്ത അവസ്ഥയില്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഭാരമായിത്തീര്‍ന്ന ഒട്ടേറെ മുസ്‌ലിം ചെറുപ്പക്കാരെ ചികിത്സിക്കേണ്ടതായി വന്നിട്ടുണ്ട്. പാന്‍മസാലകളില്‍ മുച്ചൂടും ലഹരിയാണ്. എന്തിനേറെ കൊച്ചു കുട്ടികള്‍ നുണയുന്ന മിഠായികളില്‍ പോലും മയക്കുമരുന്നുകളുടെ അതിപ്രസമുണ്ടെന്നാണറിവ്. അന്യപുരുഷന്മാരില്‍ വികാരം ജനിപ്പിക്കുമാറുളള പെണ്‍കുട്ടികളുടെ വേഷവിധാനങ്ങളും ഇതിന് ആക്കം കൂട്ടുന്നുണ്ടെന്ന് പറയാതെ വയ്യ. ഏറ്റവും പുതിയ ഡിസൈനുകളും ശരീരത്തിന്റെ പ്രസക്തഭാഗങ്ങള്‍ പുറത്ത് കാണുന്നതോ നിഴലിക്കുന്നതോ ആയ വസ്ത്രങ്ങളും കുട്ടികളെ ധരിപ്പിക്കാന്‍ രക്ഷിതാക്കള്‍ മത്സരിക്കുകയാണിന്ന്. പര്‍ദ്ദയും മഫ്തയും ധരിച്ച ഉമ്മയോടൊപ്പം തട്ടമിടാതെ ശരീര വടിവ് വ്യക്തമാക്കുന്ന വേഷം ധരിച്ച് പെണ്‍മക്കള്‍ നടന്നുപോകുന്ന കാഴ്ച എത്ര വേദനാജനകമാണ്. മകളെ 'മോഡേണ്‍ ഗേള്‍' ആക്കാന്‍ പൂതി മനസ്സില്‍ വെച്ച് നടക്കുന്ന രക്ഷിതാക്കള്‍ അവര്‍ക്ക് നേരെ വന്നേക്കാവുന്ന അപകടങ്ങളെ മുന്‍കൂട്ടിക്കാണാത്തത് എത്ര ദുഃഖകരം! സ്ത്രീകള്‍ മാന്യവും മഹിതവുമായ വേഷം ധരിക്കണം. കുട്ടികളെ കൊണ്ട് മാതാപിതാക്കള്‍ അത് ശീലിപ്പിച്ചെടുക്കുകയും വേണം. മറ്റുളളവരുടെ ആകര്‍ഷണ വസ്തുവായും ആസ്വാദന ചഷകമായും നമ്മുടെ പെണ്‍മക്കളെ മാറ്റേണ്ടതില്ല. ആണ്‍കുട്ടികള്‍ മറച്ചിരിക്കേണ്ടതിലേറെ ഭാഗങ്ങള്‍ മറയ്ക്കുകയും പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും മറച്ചിരിക്കേണ്ട ഭാഗങ്ങള്‍ വെളിവാക്കി നടക്കുകയും ചെയ്യുന്ന ഇന്നത്തെ വേഷരീതികളെ കുറിച്ച് ആരെന്ത് പറഞ്ഞാലും ഗുണകരമല്ല? ഒരുവേള, ഇതിലൂടെ ലൈംഗിക അതിക്രമങ്ങളെ സ്ത്രീകള്‍ മാടി വിളിക്കുകയാണെന്ന് പറയുകയായിരിക്കും ശരി. ടെലിവിഷന്‍, സമൂഹത്തിലെ മറ്റൊരു തിന്മയാണ്. പെണ്‍കുട്ടികളുടെ ഭാവിക്കും ജീവിതത്തിനും ഇത് ഭീഷണിയായിത്തീരുന്നുണ്ട്. സിനിമകളിലും പരസ്യങ്ങളിലും കുത്തിനിറച്ച ലൈംഗിക അതിപ്രസര കാഴ്ചകള്‍ പലരുടെയും വിവേകം നഷ്ടപ്പെടുത്തുന്നുണ്ട്. സിനിമകളില്‍ നിന്നും മറ്റും പ്രചോദനം ഉള്‍കൊണ്ട് സൗകര്യം കിട്ടുമ്പോള്‍ ഒരു 'ബലാത്സംഗ'ത്തിന് കൗമാരമനസ്സുകള്‍ പ്രചോദിക്കപ്പെടുന്നു. ടെലിവിഷനിലൂടെയും മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും വ്യാപിക്കുന്ന രതിവൈകൃതങ്ങളെ പിടിച്ചു കെട്ടാന്‍ നമ്മുടെ നാട്ടില്‍ യാതൊരു നിയമവുമില്ല. സകല കൗമാര, യുവ പ്രായക്കാരിലും മൊബൈല്‍ ഫോണുണ്ട്. മൊബൈല്‍ കമ്പനികളാവട്ടെ സൗജന്യസന്ദേശങ്ങള്‍ക്കുള്ള അവസരങ്ങള്‍ വാരിക്കോരി നല്‍കുന്നു. അതുമൂലം രതിസന്ദേശങ്ങളും അശ്ലീല ചിത്രങ്ങളും മൊബൈല്‍ ടു മൊബൈല്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു വില്ലനാണ് കമ്പ്യൂട്ടര്‍. അതില്ലാത്ത വീടുകള്‍ ചുരുക്കമായി വരുന്നു. കൗമാരക്കാരുടെ കൈവശം പോലും 'ബ്ലൂ' സി.ഡി.കളുടെ ശേഖരമുണ്ടാകുന്നു. സ്‌കൂളുകളില്‍ വെച്ച് സി.ഡി.കള്‍ കൈമാറി അവര്‍ സെക്‌സ് ആസ്വദിക്കുന്നു. കഴിഞ്ഞ ദിവസം ഒരു പത്തുവയസ്സുകാരനെ ചികിത്സിക്കേണ്ടതായി വന്നു. ഫ്‌ളാറ്റിലാണ് അവരുടെ താമസം. തൊട്ടടുത്ത ഫ്‌ളാറ്റില്‍ വെച്ച് അവനേക്കാള്‍ മുതിര്‍ന്ന ഒരു പയ്യന്‍ അവന് കമ്പ്യൂട്ടറില്‍ രതി ചിത്രം കാണിച്ചുകൊടുത്തു. ഒരു സ്ത്രീ മൃഗങ്ങളുമായി ഇണ ചേരുന്ന രംഗമാണത്രെ അവന്‍ കണ്ടത്. അതിന് ശേഷം അവന്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങി. തന്റെ മാതാവും പെങ്ങളും ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നുണ്ടോ എന്ന സംശയമാണ് അവന്. അവരോട് അകല്‍ചയും വഴക്കും അവനില്‍ വര്‍ദ്ധിച്ചു. പറഞ്ഞു വരുന്നത്, കൗമാരക്കാര്‍ വികലമായ ലൈംഗിക അറിവുകള്‍ നേടിയെടുക്കുകയും അത് പ്രാവര്‍ത്തികമാക്കാന്‍ അവസരം പാര്‍ത്ത് നടക്കുകയുമാണ്. ഇതുപോലുള്ള വൈകൃതങ്ങളിലൂടെ ബാലന്‍സ് തെറ്റിയ കൗമാരം അത് സാക്ഷാല്‍ക്കരിക്കാന്‍ അയല്‍പക്കത്തെ പെണ്‍കുട്ടിയെയും സ്വന്തം പെങ്ങളെയും കരുവാക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. കൗമാരക്കാര്‍ മാത്രമല്ല കല്യാണം കഴിച്ച് കുട്ടികളുള്ളവര്‍ വരെ അനുവദനീയമല്ലാത്ത മറ്റു മാര്‍ഗത്തില്‍ എങ്ങനെ 'സെക്‌സ്' നേടാം എന്ന് തലപുകഞ്ഞ് ചിന്തിക്കുന്നു. നമ്മുടെ പെണ്‍മക്കളെ രക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. അവരുടെ സുരക്ഷിതത്വത്തില്‍ നാം ജാഗരൂകരാവുക തന്നെ വേണം. ബോധവല്‍കരണം തന്നെയാണ് പ്രധാനം. ഉമ്മമാര്‍ക്കിതില്‍ നല്ല റോളുണ്ട്. കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള അവസരങ്ങള്‍ വേണം. അമിതമായ സ്വാതന്ത്ര്യവും അതിര് വിട്ട നിയന്ത്രണവും നല്ലതല്ല. ആരോട്, എങ്ങനെയെല്ലാം പെരുമാറണമെന്ന വ്യക്തമായ ബോധം കുട്ടികളില്‍ ഉണ്ടാക്കാന്‍ സാധിക്കണം. ആണ്‍കുട്ടികളില്‍ നിന്നോ മറ്റു മുതിര്‍ന്നവരില്‍ നിന്നോ അസ്വാഭാവികമായ വല്ല പെരുമാറ്റങ്ങളുമുണ്ടായാല്‍ അവിടെ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കണം. അവരുടെ കൂട്ടുകെട്ടുകളെ പറ്റിയും അവര്‍ ഒറ്റക്ക് പുറത്ത് പോകുന്ന സാഹചര്യങ്ങളെ കുറിച്ചും ഉമ്മമാര്‍ ശ്രദ്ധിക്കുന്നത് നന്ന്. വീട്ടുജോലിക്കാരോടൊപ്പവും ഒപ്പം പഠിക്കുന്ന ആണ്‍കുട്ടികളോടൊപ്പവും അയല്‍വാസി പയ്യന്‍മാരോടൊപ്പവും പെണ്‍മക്കള്‍ തനിച്ചാവുന്നത് ശ്രദ്ധവേണം. ആണും പെണ്ണും തനിച്ചാവുന്നിടത്ത് മൂന്നാമനായി പിശാച് ഉണ്ടാവുമെന്ന നബിവചനം ഇവിടെ ശ്രദ്ധേയമാണ്. പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും വ്യാപകമായി ലൈംഗിക പീഡനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനെതിരെയും ജാഗ്രത പാലിക്കണം. കാമഭ്രാന്ത് മുതുകിലേറ്റിയ ഇത്തരം വേണ്ടാത്തരക്കാരെ ശിക്ഷിക്കാനുള്ള നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ, മതിയായ ശിക്ഷ പലപ്പോഴും ലഭിക്കാതെ പോകുന്നു. കൃഷ്ണപ്രിയ എന്ന പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ വ്യക്തി ജാമ്യം നേടി വീണ്ടും നാട്ടിലെത്തി വിലസിയപ്പോള്‍ അയാളെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം നാം മറന്നിട്ടില്ല. ആ പിതാവിനെ കോടതി വെറുതെ വിട്ടു എന്നതും ശ്രദ്ധേയം. കാമാസക്തി ചിലരില്‍ രോഗമാണ്. മാനസികമായ തകരാറാണത്. ഇത്തരം ചില ക്രൂരകൃത്യങ്ങള്‍ ചെയ്തുകഴിഞ്ഞതിനു ശേഷമേ അവരിലെ രോഗാവസ്ഥ നാം തിരിച്ചറിയുകയുള്ളൂവെന്നു മാത്രം. എല്ലാറ്റിനുമുപരിയായി ഇക്കാര്യത്തിലും പെണ്‍മക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കുകയേ നിവൃത്തിയുള്ളൂ. അല്ലാഹുവിന്റെ സഹായം നമുക്കാവശ്യമാണ്. അവന് മാത്രമേ അവരെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്ന് ചുരുക്കം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter