ഡൽഹി കലാപം:   സീതാറാം യെച്ചൂരിയെയും യോഗേന്ദ്ര യാദവിനെയും കുറ്റപ്പത്രത്തിൽ ഉൾപ്പെടുത്തി
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്ക് നേരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട ഡല്‍ഹി കലാപത്തിൽ പ്രതിപക്ഷ നേതാക്കളെ ഡൽഹി പോലീസ് വേട്ടയാടുന്നു. കലാപത്തിന്റെ ഗൂഢാലോചനയിൽ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് തുടങ്ങിയവര്‍ പങ്കാളിയെന്ന് പൊലീസ് വ്യക്തമാക്കി. ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് യെച്ചൂരി ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും പേരുള്ളത്. സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി യൂനിവേഴ്സിറ്റി പ്രഫസര്‍ അപൂര്‍വാനന്ദ്, ഡോക്യുമെന്‍ററി സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുടെ പട്ടികയിലുണ്ട്.

സി.എ.എ വിരുദ്ധ പ്രക്ഷോഭകരോട് ഏതറ്റം വരെയും പോകാന്‍ നിര്‍ദേശിക്കുകയും പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകള്‍ക്ക് എതിരാണെന്ന് പ്രചരിപ്പിച്ച്‌ അസംതൃപ്തി പരത്തുകയും സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തിയെന്നുമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ആരോപിക്കുന്നത്. കലാപത്തില്‍ മൂന്ന് വിദ്യാര്‍ഥികളുടെ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്ട്രീയ നേതാക്കളുടെ പേരുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ഥികളായ ദേവാഗംന കലിത, നതാഷ നര്‍വാള്‍, ജാമിയ വിദ്യാര്‍ഥി ഗുല്‍ഫിഷ ഫാത്തിമ എന്നിവരുടെ കേസുകളുമായി ബന്ധപ്പെട്ടാണ് ഇത്. മൂന്നു പേര്‍ക്കുമെതിരെ നിരവധി വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് നിലവില്‍ നടക്കുന്നത്. ഇവരാണ് നേതാക്കളുടെ പങ്കിനെ കുറിച്ച്‌ പറഞ്ഞതെന്ന് പൊലീസ് അവകാശപ്പെടുന്നു. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 581 പേര്‍ക്ക് പരിക്കേല്‍ക്കുകയും 97 പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter