ഇസ്‌ലാമും സാഹോദര്യവും
വര്‍ത്തമാന ലോകത്ത് ഏറെ തെറ്റുധരിക്കപ്പെടുന്ന മതവും മതാനുയായികളും ഇസ്‌ലാമും മുസ്‌ലിംകളുമാണ്. ഇസ്‌ലാമിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ശക്തി തിരിച്ചറിഞ്ഞ ശത്രുക്കളാണ് ഈ തെറ്റുധാരണകള്‍ പരത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നത്. തീവ്രവാദവും ഭീകരവാദവും ആരോപിച്ച് മുസ്‌ലിം മുന്നേറ്റങ്ങളെ തകര്‍ത്തുകളയാന്‍ ശത്രുപാളയത്തില്‍ സംഘടിതമായ നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഈ കുതന്ത്രങ്ങളും ഗൂഢാലോചനകളും അതിജീവിച്ച് ഇസ്‌ലാം അതിന്റെ മുന്നോട്ടുള്ള പ്രയാണം തുടരുക തന്നെയാണ്. വാര്‍ത്താ മാധ്യമങ്ങളുടെ പ്രചണ്ഡമായ പ്രചാരണങ്ങള്‍ക്കിടയിലും പാശ്ചാത്യ പൗരസ്ത്യ നാടുകള്‍ക്കിടയില്‍ ഇസ്‌ലാമിന്റെ പ്രചാരണം വര്‍ദ്ധിക്കുകയാണ്.
ഇസ്‌ലാമിന്റെ സമഗ്ര ജീവിത വ്യവസ്ഥിതി ആഗോള തലത്തില്‍ അംഗീകരിക്കപ്പെടുന്നതാണ് ഇതിനുകാരണം. ഇസ്‌ലാമിന്റെ സാഹോദര്യ സന്ദേശമാണ് ഏറെ പ്രസക്തമായതെന്നു ലോകം തിരിച്ചറിയുന്നു. മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവുകളും അസന്തുലിതത്വവും സൃഷ്ടിച്ചു മുതലെടുക്കുന്ന പൈശാചിക ശക്തികള്‍ മേല്‍ കൈനേടുന്ന ആധുനിക സംസ്‌കൃതികള്‍ക്കിടയില്‍ വിശ്വ മാനവികതക്കും ആഗോള സാഹോദര്യത്തിനും ഇസ്‌ലാം നല്‍കുന്ന സ്ഥാനം എന്തുകൊണ്ടും മാതൃകാപരവും അനുകരണീനയവുമാണ്.
ഇസ്‌ലാമിക സമൂഹം ആധുനിക ലോകത്ത് പ്രതിപക്ഷത്തിന്റെ റോളിലാണുള്ളത്. സര്‍വരംഗത്തും ഇസ്‌ലാം വിരുദ്ധ ശക്തികള്‍ മുസ്‌ലിംകളെയും മുസ്‌ലിംരാജ്യങ്ങളെയും കടന്നാക്രമിക്കുകയാണ്. അധിനിവേശത്തിന്റെ ഏറ്റവും വലിയ ഇരകള്‍ മുസ്‌ലിംകള്‍ തന്നെയാണ്. ഫലസ്തീന്‍, ഇറാഖ്, അഫ്ഗാന്‍, സുഡാന്‍, ചെച്‌നിയ, ഇറാന്‍, ഫിലിപെയ്ന്‍സ്, ബോസ്‌നിയ തുടങ്ങി കിഴക്കും പടിഞ്ഞാറും അതിനിടക്കും ഉയര്‍ത്തെഴുന്നേല്‍പിനു സാധ്യതയുള്ള മുസ്‌ലിം സമൂഹത്തെ സര്‍വ സംഹാര മാര്‍ഗങ്ങളും ഉപോയഗിച്ച് ശത്രുചേരി ആക്രമിക്കുകയാണ്. മുസ്‌ലിംകള്‍ക്കുനേരെയുള്ള ആക്രമണങ്ങളെ ഒരുതരത്തിലും അപലപിക്കാനോ പ്രതിരോധിക്കാനോ യാതൊരു അന്താരാഷ്ട്ര ഏജന്‍സികളോ കൂട്ടായ്മകളോ ഇല്ലെന്നതാണ് വസ്തുത. പലപ്പോഴും മുസ്‌ലിംകളെ തന്നെ ഉപയോഗിച്ചാണ് ശത്രുവിന്റെ സംഹാര താണ്ഡവം എന്നുകൂടിവരുന്നു.
മാനുഷിക സമൂഹത്തിനു നേരെയുള്ള കടന്നാക്രമണങ്ങളെയും ചൂഷണങ്ങളെയും ഒരേ രീതിയില്‍ നോക്കിക്കാണാനും പ്രതിരോധനിര സൃഷ്ടിച്ചെടുക്കാനും സാധ്യമാകുന്ന തരത്തില്‍ വിശ്വ സാഹോദര്യത്തിന്റെ മൗലിക സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയാണ് ഇന്നത്തെ ആവശ്യം.
ഇസ്‌ലാമിന്റെ സാധ്യത
ഇസ്‌ലാം എന്ന വാക്കുതന്നെ സമാധാനവും സഹകരണവുമാണു സൂചിപ്പിക്കുന്നത്. അക്രമത്തിന്റെയും ഭീകരതയുടെയും മുഖം സ്വീകരിക്കാന്‍ ഇസ്‌ലാമിന്റെ അനുയായികള്‍ക്കാവില്ല. അഞ്ചു നേരത്തെ നിസ്‌കാര ശേഷവും പരസ്പര അഭിസംബോധനത്തിലും സലാം – രക്ഷയും സമാധാനവും വരുവാനുള്ള പ്രാര്‍ത്ഥനയാണ് മുസ്‌ലിമിന്റേത്.
വര്‍ഗീയതയും തീവ്രവാദവും ഇസ്‌ലാം നിയമം മുഖേന വിലക്കിയ തിന്മകളാണ്. കക്ഷിത്വത്തിലേക്കു ക്ഷണിക്കുന്നവന് മതത്തില്‍ സ്ഥാനമില്ലെന്നു പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുണ്ട്.
നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ വന്‍ അപരാധമാണ്. മുസ്‌ലിം സമൂഹത്തോട് സന്ധിയില്‍ കഴിയുന്ന ഇതര മതവിഭാഗങ്ങളോട് അപമര്യാദയില്‍ പെരുമാറുന്നതുപോലും തെറ്റായിട്ടാണ് ഇസ്‌ലാം കാണുന്നത്.
ചാവേര്‍ ആക്രമണങ്ങളുടെയും ഭീകര പ്രവര്‍ത്തനങ്ങളുടെയും പേരില്‍ ഇസ്‌ലാമിനെ പഴിക്കുന്നവര്‍ മതത്തിന്റെ ശരിയായ നിലപാടു മനസ്സിലാക്കാത്തവരാണ്. ന്യയാവും നീതിയും പുലര്‍ന്നു കാണണമെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. ”ഒരു വിഭാഗത്തോടുള്ള വിദ്വേഷം അവരോട് നീതി പ്രവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങള്‍ക്കു പ്രേരണയാവരുത്.” (ഖുര്‍ആന്‍ 5:8) എന്നു ഇസ്‌ലാം ഉണര്‍ത്തുന്നു.
ഇസ്‌ലാമിന്റെ പ്രവാചകന്‍ നീതിക്കും ന്യായത്തിനും വാദിക്കുകയും ദയയും കാരുണ്യവും പരത്താന്‍ സ്വന്തം ജീവിതത്തിലൂടെ മാതൃകയാവുകയും ചെയ്തു. ശത്രുവിനെ പ്രതിരോധിക്കുന്നത് ന്യായമാണെങ്കില്‍ അതിരുവിടുന്നത് കുറ്റമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നത്. യുദ്ധം എല്ലാ അര്‍ത്ഥത്തിലും പ്രതിരോധത്തിലൂന്നിയതാണ്.
ഇസ്‌ലാമിക സമൂഹം ഇതര സമുദായങ്ങളോട് എങ്ങനെ വര്‍ത്തിക്കണമെന്നതിനു വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. മറ്റു മതാനുയായികളില്‍ നിന്നു വ്യത്യസ്തമായി മുന്‍കാല പ്രവാചകന്മാരെയും അവരുടെ വേദഗ്രന്ഥങ്ങളെയും ഇസ്‌ലാം സര്‍വഥാ അംഗീകരിക്കുന്നു. ‘നാം അവര്‍ക്കിടയില്‍ യാതൊരു വേര്‍തിരിവും നടത്തുന്നില്ല.’ എന്നാണു വിശ്വാസികളുടെ വിശുദ്ധ വചനമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. വിശ്വ മാനവികത ഇസ്‌ലാമിനോളം ഉള്‍ക്കൊള്ളാവുന്ന ഒരു മതമോ പ്രത്യയ ശാസ്ത്രമോ വേറെയില്ല. മനുഷ്യരെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്നും ഒരു മാതാവില്‍ നിന്നും പിതാവില്‍നിന്നും രൂപംകൊണ്ടവരാണെന്നും ഇസ്‌ലാം ഉത്‌ഘോഷിക്കുന്നു. പരസ്പരം തിരിച്ചറിവിനായുള്ള വകതിരിവുകളേ മനുഷ്യര്‍ക്കിടയിലുള്ളൂവെന്നുകൂടി ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്.
വര്‍ണ വിവേചനവും ജാതീയതയും ഇല്ലാത്ത ഒരു ആഗോള സമൂഹ സൃഷ്ടിക്ക് ഇസ്‌ലാമിനോളം സാധ്യതയുള്ള മതം വേറെയില്ല. സാമ്പത്തികമായ ആഗോള വത്കരണം സാമൂഹിക തലത്തിലേക്കുകൂടി വ്യാപിക്കുമ്പോള്‍ മനുഷ്യനെ സമ്പത്തിന്റെയോ മതത്തിന്റെയോ വര്‍ണത്തിന്റെയോ ജാതിയുടെ രാജ്യാതിര്‍ത്തിയുടെയോ പേരില്‍ വേര്‍തിരിക്കുന്നത് ന്യായമല്ല. പക്ഷേ, ആഗോളവത്കരണം ഈ തരത്തിലുള്ള സര്‍വ ഏറ്റക്കുറച്ചിലുകളും വിടവുകളും വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കുന്നുള്ളൂ. വിശ്വാസികള്‍ പരസ്പരം സഹോദരന്മാരാണെന്നു ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ഇസ്‌ലാമിന്റെ സാഹോദര്യ സന്ദേശം അടിവരയിടുന്നത് തഖ്‌വയിലാണ്. തഖ്‌വയുള്ളവരാരോ അവര്‍ക്കാണ് അല്ലാഹുവിങ്കല്‍ ഉന്നത സ്ഥാനം എന്നു ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.
ആത്മീയമായ ഉന്നതി കൈവരിക്കുന്ന ഒരു സമൂഹത്തില്‍ ഭൗതികമായ വേര്‍തിരിവുകളുടെ പേരില്‍ മനുഷ്യര്‍ക്കിടയില്‍ ചേരിതിരിവു സൃഷ്ടിക്കുക അസാധ്യമാണ്. ഉള്ളവരും ഇല്ലാത്തവരും ഒരുപോലെ കഴിയാന്‍ ഇസ്‌ലാമിക വ്യവസ്ഥിതി വിഭാവനം ചെയ്യുന്ന സാമൂഹിക നീതികൊണ്ടു സാധ്യമാണ്. മനുഷ്യന്റെ രക്തം, സമ്പത്ത്, അഭിമാനം ഇതു മൂന്നും പവിത്രമായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ഈ പവിത്രത നഷ്ടപ്പെടുത്തുന്നത് അവകാശ ലംഘനമായും കുറ്റകരമായും ഇസ്‌ലാം കാണുന്നു.
തെറ്റുധരിക്കപ്പെടുന്ന ജിഹാദ്
ജിഹാദ് ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയ പദമാണ്. സത്യത്തില്‍ ആധുനിക പൗരാണിക സമൂഹങ്ങളില്‍ നിലനിന്നിട്ടുള്ള യുദ്ധ നിയമങ്ങളും രക്തരൂക്ഷിതമായ പോരാട്ടങ്ങളും അക്രമവും മരണവുമായി താരതമ്യം ചെയ്യാവുന്നതല്ല ഇസ്‌ലാമിലെ ജിഹാദ്. നീതിയുടെ കാവലിനും നിലനില്‍പിനും വേണ്ടിയുള്ള പരിശ്രമമാണ് ജിഹാദുകൊണ്ട് ഇസ്‌ലാം വിവക്ഷിക്കുന്നത്.
ഭരണാധികാരികളുടെ തെറ്റിനു നിരപരാധികളായ ലക്ഷക്കണക്കിനു സാധാരണക്കാരെ കൊന്നൊടുക്കുന്ന ആധുനിക യുദ്ധവീരന്മാര്‍ യാതൊരു തരത്തിലുള്ള മൂല്യങ്ങളിലും വിശ്വസിക്കാത്തവരാണ്. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തികച്ചും അന്യായമായ കാരണങ്ങള്‍ കണ്ടെത്തി നിരപരാധികളെ കൊല്ലുന്നതും ഇവര്‍ പതിവാക്കിയിട്ടുണ്ട്.
ജന്മനാട്ടില്‍ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം നിഷേധിച്ച ശത്രുക്കള്‍ ഹിജ്‌റ പോയ നാട്ടിലും ശല്യം ചെയ്യാനെത്തിയപ്പോഴാണ് അല്ലാഹു യുദ്ധാനുമതി നല്‍കിയതുതന്നെ.
അക്രമിക്കപ്പെട്ടവര്‍ക്ക്, അക്രമിക്കപ്പെട്ടുവെന്ന കാരണത്താല്‍ തന്നെ യുദ്ധാനുമതി നല്‍കപ്പെട്ടുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്. മര്‍ദിതന്റെ മോചനത്തിനുവേണ്ടി മാത്രമാണ് യുദ്ധം ഇസ്‌ലാം അനുവദിക്കുന്നത്. താല്‍പര്യങ്ങള്‍ക്കു വേണ്ടി ഒരിക്കലും അക്രമിക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. വ്യക്തി സ്വാതന്ത്ര്യവും അവകാശവും ഇസ്‌ലാം എല്ലാവര്‍ക്കും വകവെച്ചുകൊടുക്കുന്നു.
ബഹുമത സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിമിന് അന്യ മതക്കാരോട് സഹിഷ്ണുതാപരമായ പെരുമാറ്റം വേണം എന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. ബുദ്ധിപരമായ തിരിച്ചറിവിലൂടെയാണ് ഒരാള്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടേണ്ടത്; ആയുധത്തിന്റെ ശക്തികൊണ്ടല്ല. മത സൗഹാര്‍ദ്ദം ഒരു താല്‍കാലിക സംവിധാനമായിട്ടല്ല, ഇസ്‌ലാമിക പ്രചാരണത്തിനുള്ള നല്ലവഴിയായിട്ടാണ് നിശ്ചയിക്കപ്പെടുന്നത്. ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കപ്പെട്ട നാടുകളിലൊക്കെ അതിന്റെ സമത്വബോധവും സാഹോദര്യ മനസ്സും തിരിച്ചറിഞ്ഞ് കടന്നുവന്നവരാണ് പുതിയ അനുയായികള്‍.
കേരളത്തില്‍ ഇസ്‌ലാം വ്യാപിക്കാന്‍ കാരണം അതിന്റെ ഈ ശക്തിയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ആഗോളതലത്തില്‍ എന്നപോലെ പ്രാദേശികമായും വിശ്വസാഹോദര്യത്തിനുള്ള ഇസ്‌ലാമിന്റെ ആഹ്വാനം ഉയര്‍ത്തിപ്പിടിച്ചാവണം നാം പ്രബോധന വീഥിയില്‍ ഇറങ്ങേണ്ടത്. എങ്കില്‍ മതത്തെക്കുറിച്ചുള്ള തെറ്റുധാരണകളെ ഒരു പരിധിവരെ പ്രതിരോധിക്കാനും ഇസ്‌ലാമിന്റെ നവലോക സാധ്യത പൂര്‍ണമായി ഉപയോഗിക്കാനും കഴിയും.
Leave A Comment