മുസ്‌ലിം സത്രീയുടെ അവകാശങ്ങള്‍-

സ്ത്രീക്ക് മഹത്തായ സ്ഥാനങ്ങളും ഉത്തരവാദിത്വങ്ങളും അവകാശങ്ങളും  നല്‍കിയ മതമാണ് വിശുദ്ധ ഇസലാം

സ്ത്രീയുടെ മഹത്വത്തെകുറിച്ചും അവകാശങ്ങളെ കുറിച്ചും വിശുദ്ധ ഇസ്‌ലാമിന്റെ  പ്രമാണങ്ങളിലും കാണാന്‍ സാധിക്കും.
സ്ത്രീയും പുരുഷനും പ്രകൃതിപരമായി,ജൈവപരമായി ശരീരഘടനയില്‍ വ്യത്യാസങ്ങളുള്ള രീതിയിലാണ് സൃഷടിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീകള്‍ക്ക് ഒരുപാട് അവകാശങ്ങളും ഇസ്‌ലാം അനുവദിച്ച് നല്‍കിയിട്ടുണ്ട്.വിശുദ്ധ ഇസ്‌ലാം കടന്നുവരുന്നതിന് മുമ്പ് സ്ത്രീക്ക് മാന്യമായ സ്ഥാനങ്ങളോ അവകാശങ്ങളോ നല്‍കിയിരുന്നില്ലെന്ന് ചരിത്ര ഗന്ഥങ്ങളില്‍ നിന്ന് ബോധ്യപ്പെടുന്ന വസ്തുതയാണ്.
ബാബിലോണിയ,റോം, ഹമുറാബി, ഭാരതം തുടങ്ങിയ പ്രാചീന സംസ്‌കാരങ്ങളിലും പഴയ മതങ്ങളിലും  സ്ത്രീകളെ അടിച്ചര്‍ത്തപ്പെട്ടതായി നമുക്ക് കാണാന്‍ സാധിക്കും,യൂറോപ്പില്‍ സ്ത്രീക്ക് ആത്മാവുണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്ത കാലഘട്ടം വരെയുണ്ടായിരുന്നു. ഈ പരിസരത്തു നിന്ന് കൊണ്ടാണ് ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളെ മനസ്സിലാക്കേണ്ടത്. 

ജനിക്കാനുള്ള അവകാശം

ജനനം മുതല്‍ക്ക് തന്നെ തുടങ്ങാം, പ്രാകൃതമായ ആറാം നൂറ്റാണ്ടില്‍ ജനിക്കുന്നത് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞാല്‍ കുഴിച്ചുമൂടിയിരുന്നു.സത്രീകള്‍്ക്ക് അവകാശങ്ങളൊന്നും നല്‍കിയിരുന്നില്ല, പെണ്‍കുഞ്ഞ് ജനിച്ചെന്ന് അറിഞ്ഞാല്‍ മുഖം കറുത്ത് കരിവാളിച്ചിരുന്നുവെന്നും കഴിഞ്ഞകാല ചരിത്രങ്ങളാണ്. ഇവിടെയാണ് ഇസ്‌ലാം സത്രീക്ക് ജനിക്കാനുള്ള അവകാശം നല്‍കുന്നത്്.
മഹാനായ ഉമര്‍ (റ) ഖലീഫയായിരിക്കുന്ന കാലത്ത്  അംറ് ബ്‌നു ആസ്വി(റ)ന്റെ നേതൃത്വത്തില്‍ ഈജിപ്ത് കീഴടക്കിയപ്പോള്‍ അവിടെയുമുണ്ടായിരുന്നു സ്ത്രീകളെ വിലകല്‍പ്പിക്കാത്ത ദുരാചാരം. നൈല്‍നദിയില്‍ വെള്ളം കുറയുമ്പോള്‍ സുന്ദരിമാരായ ബാലികമാരെ നറുക്കെടുത്ത് ജീവനോടെ നദിയിലേക്കറിയുന്ന ആചാരമായിരുന്നു നിലനിന്നിരുന്നത്. മഹാനായ ഉമര്‍ (റ) ലൂടെയാണ്  ആ ദുരാചാരത്തിന് അന്ത്യം കുറിച്ചത്്.  
പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്ന സംസ്‌കാരം അറബികളില്‍ മാത്രമല്ല ഇന്ത്യയിലും നിലനിന്നിരുന്നുവെന്ന് നമുക്ക് കാണാന്‍ സാധിക്കും.

സ്ത്രീക്കും പുരുഷനും തുല്യാവകാശം

സ്ത്രീയും പുരുഷനും തുല്യമായി ജീവിക്കാനുള്ള അവകാശമാണ് ഇസ്‌ലാം നല്‍കിയത്. വിശുദ്ധ ഖുര്‍ആനിലെ നിസാഅ് സൂറത്തിലെ ഒന്നാമത്തെ സൂക്തത്തിലൂടെ അല്ലാഹു പറയുന്നു.
'ഹേ മനുഷ്യരെ ഒരേയൊരു വ്യക്തിയില്‍ നിന്ന് നിങ്ങളെ പടക്കുകയും അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരുവരില്‍ നിന്നുമായി ഒട്ടേറെ സ്ത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക'(സൂറത്തു നിസാഅ് 1)

ഒരേ അസ്തിത്വത്തില്‍ നിന്നാണ് സ്ത്രീയെയും പുരുഷനെയും പടച്ചതെന്ന് ഈ സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നു.ഒരേ അസ്തിത്വമാണ്, അടിമയായല്ല സൃഷ്ടിച്ചിട്ടുള്ളത്.പരസ്പരം ഇണകളായും സ്‌നേഹം സഹവര്‍തിത്വത്തിലുമാണ് കഴിയേണ്ടത്.  
വിശുദ്ധ ഖുര്‍ആന്‍ വീണ്ടും പറയുന്നു
'സത്യവിശ്വാസികളും സത്യവിശ്വാസിനികളും മിത്രങ്ങളാകുന്നു, '(സൂറത്തുത്തൗബ 71)
അല്ലാഹുവിന്റെ മുമ്പില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. അവര്‍ സനേഹത്തിലും കരുണയിലുമാണ് ജീവിക്കേണ്ടത്. പരസ്പരം താങ്ങും തണലുമായാണ് ജീവിക്കേണ്ടത്. സത്വവിശ്വാസിയുടെ പരമപ്രധാനമായ ലക്ഷ്യം സ്വര്‍ഗം നേടുക എന്നതാണല്ലോ , ആ സ്വര്‍ഗം നേടുന്നതിന്റെ പരിശ്രമത്തിലും് ഇസ്‌ലാം സ്ത്രീയുടെയും പുരുഷന്റെയും ഇടയില്‍ ഒരു വിവേചനവും് നല്‍കിയിട്ടില്ല
വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു.
'സത്യവിശ്വാസിയായികൊണ്ട് ആണോ പെണ്ണോ ആയ ഒരാള്‍ സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചാല്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും, കടുകിട അവരോട് അക്രമം പ്രവര്‍ത്തിക്കപ്പെടില്ല' (സൂറത്ത് നിസാഅ് 124)
സ്ത്രീയും പുരുഷനും നാഥന്റെ മുമ്പില്‍ തുല്യരാണെന്നും അവര്‍ പരസ്പരസ്‌നേഹത്തോടെയും ഇണകളായും തുണകളായുമാണ് കഴിയേണ്ടതെന്നുമാണ് ഇസ്‌ലാം കല്‍പിക്കുന്നത്.

മകളും സഹോദരിയുമായിരിക്കുമ്പോള്‍

മകളായിരിക്കുവാനുള്ള അവകാശവും ഇസ് ലാം നല്‍കുന്നു. മക്കള്‍ക്കിടയില്‍ വിവേചനം കാണിക്കരുതെന്ന് പ്രവാചകന്‍(സ) ഉദ്‌ബോധനം നല്‍കി. 
പ്രാചീന ബാബിലോണിയന്‍ സംസ്‌കാരത്തില്‍ ഒരാള്‍ മറ്റൊരാളെ വധിച്ചാല്‍ ഘാതകന്റെ നിരപരാധിയായ മകളെ കൊല്ലണമെന്ന നിയമമായിരുന്നു ഹമുറാബി- ബാബിലോണിയന്‍ സംസ്‌കാരത്തിലുണ്ടായിരുന്നത്. കുടുംബനാഥന്‍(ഭര്‍ത്താവോ പിതാവോ ആകട്ടെ) സ്വന്തം ഭാര്യാപുത്രിമാരെ മേല്‍ പൂര്‍ണ അധികാരം റോമന്‍ സംസ്‌കാരത്തില്‍ നല്‍കിയിരുന്നു. 
സഹോദരിയായിരിക്കുമ്പോള്‍സഹോദരന്റെ അടുത്ത് നിന്ന് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ഇസ്‌ലാം പഠിപ്പിച്ചു.

ഭാര്യക്ക് ലഭിക്കേണ്ട അവകാശങ്ങള്‍

ഭാര്യയായിരിക്കുമ്പോള്‍ ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചും ഇസലാമികാധ്യാപനങ്ങളുണ്ട്.
ഭാര്യയെ ഭര്‍ത്താവിന്റെ അടിമയായിട്ടല്ല ഇസ്‌ലാം പരിചയപ്പെടുത്തിയത്. സ്വന്തം ഭാര്യയെ വരെ കൊലപ്പെടുത്താന്‍ മാത്രം ദീര്‍ഘമായിരുന്നു റോമന്‍ സംസ്‌കാരത്തിലെ പരമാധികാരങ്ങള്‍.ഭാരതത്തില്‍ ഭര്‍ത്താവിന്റെ  ചിതയില്‍ ചാടി വിധവയായ ഭാര്യയും മരിക്കണമെന്ന സതി സമ്പ്രദായം നിലനിന്നിരുന്നു.
ഇവിടെയാണ് ഇസ്‌ലാം സ്ത്രീക്ക് കിട്ടേണ്ട അവകാശങ്ങളെ പരിചയപ്പെടുത്തിയത്. സ്ത്രീയെ വിമോചകയാക്കി.അവള്‍ക്ക് ഇണയെ തിരഞ്ഞെടുക്കുമ്പോഴും വിവാഹത്തിനും സ്ത്രീയുടെ അവകാശങ്ങളെ നല്‍കി.പുനര്‍വിവാഹത്തിന് തന്റെ സമ്മതമില്ലാതെ കഴിക്കാന്‍ ഇസ്‌ലാം അനുവദിച്ചില്ല. വിവാഹത്തിന് സ്ത്രീക്ക് മഹര്‍ നല്‍കാനും ഭര്‍ത്താവിന്റെ സമ്പത്തില്‍ നിന്ന ഭാര്യയെ പോറ്റാനും സുഖകരമല്ലാത്ത ദാമ്പത്യത്തില്‍ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയാനും ഇസ്‌ലാം അവള്‍ക്ക് അനുവാദം നല്‍കി.

മഹര്‍
വിവാഹവേളയില്‍ വധുവിനെ സന്തുഷ്ഠമാക്കാന്‍ വേണ്ടി നല്‍കുന്ന ഒന്നാണല്ലോ മഹര്‍.വിവാഹം സാധുവാകണമെങ്കില്‍ സ്ത്രീക്ക് മഹര്‍ നല്‍കണം. മഹറില്‍ എത്രതുകയാണ് വേണ്ടതെന്ന് ഇസ് ലാം നിശ്ചയിച്ചിട്ടില്ല, സ്ത്രീ തൃപ്തിപ്പെടുന്ന,ഭര്‍ത്താവിന്റെ കഴിവിനനുസരിച്ചുള്ള ഒരുതുകയാണ് മഹര്‍.ഒരിക്കല്‍ ഉമര്‍ (റ) മിമ്പറില്‍ കയറി മഹര്‍ നിയന്ത്രണത്തെ കുറിച്ച് പ്രസംഗിച്ചു.400 ദിര്‍ഹമില്‍ കൂടിയ മഹ് ര്‍ പാടില്ലെന്ന നിരോധനാഞ്ജ പുറപ്പെടുവിച്ചു.അപ്പോള്‍ അതിനെതിരെ ഒരു സ്ത്രീ വിശുദ്ധ ഖുര്‍ആനിലെ സൂറത്തുന്നിസാഅിലെ സൂക്തം(20)  ഓതി, 'അതിലൊരുവള്‍ക്ക(ധനത്തിന്റെ) കൂമ്പാരം കൊടുത്തിട്ടുണ്ടെങ്കിലും (അത് തിരിച്ചെടുക്കരുത്)' അത് കേട്ടതും ഉമര്‍ (റ) തന്റെ ഉത്തരവില്‍ നിന്ന് പിന്മാറുകയാണുണ്ടായത്.(ഫത്ഹുല്‍ബാരി)

സമ്പത്ത്
ഭാര്യക്ക് ഭര്‍ത്താവിന്റെ ധനത്തില്‍ നിന്നാണ് നല്‍കേണ്ടത്. അവളുടെ ആവശ്യം നിറവേറ്റേണ്ടതും അവളുടെ ചെലവുകള്‍ നടത്തേണ്ടതും ഭര്‍ത്താവിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ സ്ത്രീക്ക് ഭര്‍ത്താവിനോട് പോലും ചോദിക്കാതെ സ്വന്തം സമ്പത്തില്‍ക്രയവിക്രയാധികാരം ഇസ് ലാം അനുമതി നല്‍കുന്നുണ്ട്.

വിവാഹമോചനത്തിനുള്ള അവകാശം
ദാമ്പത്യജീവിതം സുഖകരമല്ലാത്ത തുടരാന്‍ കഴിയാത്ത അവസ്ഥയില്‍ പുരുഷന് ത്വലാഖ് അനുവദിക്കുന്നത് പോലെ സ്ത്രീക്ക് വിവാഹമോചനവും ഇസ് ലാം അനുവദിക്കുന്നുണ്ട്. മഹ്്്‌റ് തിരിച്ചുനല്‍കിയോ നഷ്ടപരിഹാരം നല്‍കിയോ ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് മോചനം നേടാം.

ഉമ്മയായിരിക്കുമ്പോള്‍ ലഭിക്കേണ്ട അവകാശങ്ങള്‍

സ്ത്രീയെ മാതാവായി കാണാനുള്ള അവകാശം.
സ്ത്രീയുടെ കാല്‍പാദത്തിലാണ് സ്വര്‍ഗമെന്ന് പഠിപ്പിച്ചു.അവള്‍ ഉമ്മയായിരിക്കുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കപ്പെട്ട പോലെ അവള്‍ക്ക് അവകാശങ്ങളും നല്‍കി. നാളെ നയിക്കേണ്ട മക്കളെ പ്രസവിക്കാനും ശുശ്രൂഷിക്കാനും അവരെ നല്ലനിലയില്‍ വളര്‍ത്താനും. അത് കൊണ്ടാണ് പ്രവാചകരോട് ഒരു അനുചരന്‍ വന്ന് തന്റെ നല്ലസഹവാസത്തിന് ഏറ്റവും അര്‍ഹന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്‍ (സ) മൂന്ന് തവണയും നിന്റെ ഉമ്മയോടാണെന്നും നാലാമാത് നിന്റെ  ഉപ്പയോടാണെന്നും പ്രതിവചിച്ചത്്.(ബുഖാരി,മുസ്‌ലിം)
സ്വന്തം ഉമ്മയുടെ കടമ നിര്‍വ്വഹിക്കാത്തതിന്റെ പേരില്‍ ശഹാദത്ത് കലിമ ചൊല്ലാ്ന്‍ കിട്ടാത്ത അല്‍ഖമ (റ) ന്റെ ചരിത്ര കഥതന്നെ ഉമ്മയുടെ മഹാത്മ്യത്തെ വ്യക്തമാക്കിത്തരുന്നു.
വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു
'മതാപിതാക്കളോടുള്ള ബാധ്യതാ നിര്‍വ്വഹണകാര്യം മനുഷ്യനോട് നാം ഊന്നിപ്പറഞ്ഞിട്ടുണ്ട്.മാതാവ് അവനെ ഗര്‍ഭത്തില്‍ ചുമന്നത് മേല്‍ക്കുമേല്‍ ബലഹീനതയോടെയാണ്.അവന്റെ മുലയൂട്ടല്‍ നിര്‍ത്തുക രണ്ടു വര്‍ഷം കൊണ്ടത്രെ.അത് കൊണ്ട് എനിക്കും മാതാപിതാക്കള്‍ക്കും നീ കൃതജ്ഞത പ്രകാശിപ്പിക്കണം;നിന്റെ തിരിച്ചുവരവ് എന്റെ അടുത്തേക്ക് തന്നെയാണ്.'(സൂറത്തു ലുഖ്മാന്‍ 14)
അസ്മാഅ് (റ) പറയുന്നു എന്റെ ഉമ്മ ബഹുദൈവ വിശ്വാസിനിയായിരിക്കെ എന്റെ അടുത്തേക്ക് വന്നു, അപ്പോള്‍ ഞാന്‍ പ്രവാചകരോട് ചോദിച്ചു.എന്റെ ഉമ്മ എന്റെടുക്കല്‍ നിന്ന് വല്ലതും ലഭിക്കമെന്ന് പ്രതീക്ഷിച്ച് വന്നതാണ് അവരുമായുള്ള ബന്ധം തുടരട്ടെയോ പ്രവാചകന്‍ (സ) യുടെ മറുപടി മാതാവിനോട് ബന്ധം തുടരുകയെന്നായിരുന്നു.

അനന്തരാവകാശം

സ്ത്രീക്ക് അന്തരാവകാശവും ഇസ്‌ലാം നല്‍കി. ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ നിന്നും ഇസ്‌ലാം അവകാശങ്ങള്‍ സ്ത്രീക്ക് നല്‍കി.
ഭര്‍ത്താവ് മരിക്കുമ്പോള്‍ സ്ത്രീ(വിധവ) അതേ ചിതയില്‍ ആത്മഹത്യചെയ്യണമെന്ന രീതി ഇന്ത്യന്‍ സംസ്‌കാരത്തിലും നിലനിന്നിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു
'മാതാപിതാക്കളും ഏറ്റമടുത്തബന്ധുക്കളും വിട്ടേച്ചു പോയ സമ്പത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിഹിതമുണ്ട്.കുറച്ചാകട്ടെ കൂടിയതാകട്ടെ നിശ്ചിത ഓഹരിയാണത്'(സൂറത്തുന്നിസാഅ് 7)
ഭാര്യയുടെ വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലും ഇസ് ലാം സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കുന്നുണ്ട്

വിമര്‍ശകരോട് സ്‌നേഹപൂര്‍വ്വം

സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നില്ലെന്നും സ്ത്രീപുരുഷ സമത്വവാദമാണ് നടപ്പിലാക്കേണ്ടതെന്നും പറഞ്ഞിറങ്ങുന്ന ആധുനിക ലിബറല്‍ വാദികളും ഫെമിനിസ്റ്റുകളും തതുല്യമായ ആശയമുളളവര്‍ മനസ്സിലാക്കേണ്ട യാഥാര്‍ത്ഥ്യം സ്ത്രീയും പുരുഷനും പ്രകൃതിപരമായി ശരീരഘടനയില്‍ ചില വ്യത്യാസങ്ങളുണ്ട്. സ്ത്രീയുടെ ചുമതലകള്‍ പുരുഷനോ പുരുഷന്റെ ചുമതലകള്‍ സ്ത്രീക്കോ വഹിക്കാന്‍ കഴിയുന്നതല്ല. എല്ലാവരും എല്ലാവരുടെ ജോലിയും അവകാശങ്ങളും ഒരുപോലെ വേണമെന്ന ചിന്ത സന്തുലിതാവസ്ഥയില്‍ നിന്ന് അസന്തിലാവസ്ഥയിലേക്കാണ് നയിക്കുക. പുരുഷന് പ്രസവിക്കാനോ മുലയൂട്ടാനോ കുട്ടികളെ പോറ്റാനോ കഴിയുന്നില്ലെന്ന പോലെ സ്ത്രീകള്‍ക്ക പുരുഷന്റെ ഉത്തരവാദിത്വങ്ങളും പേറാന്‍ കഴിയുകയില്ലെന്ന പ്രകൃതിനിയമവും മനസ്സിലാക്കിയിരിക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter