പതിനാലു നൂറ്റാണ്ട് പഴക്കമുള്ള  കളിമണ്‍ മസ്ജിദ്  ഇറാഖില്‍ കണ്ടെത്തി
ഇറാഖില്‍ കണ്ടെത്തിയ 1400-ഓളം വര്‍ഷം പഴക്കമുള്ള മസ്ജിദിന്റെ സൈറ്റില്‍ നിസ്കരിക്കുന്നു

ബാഗ്ദാദ്: ബ്രിട്ടീഷ് മ്യൂസിയം ഖനന ദൗത്യ സംഘവും പ്രാദേശിക ഇറാഖി ടീമും ചേർന്ന്, രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള പുരാവസ്തു സമ്പന്നമായ ധി ഖാർ ഗവർണറേറ്റിൽ ഹിജ്റ 60 (AD 679) കാലഘട്ടത്തിൽ കളിമണ്ണ് കൊണ്ടു നിർമ്മിച്ച  മസ്ജിദ് കണ്ടെത്തി.

അൽ-റഫായി പട്ടണത്തിൽ നിന്ന് കണ്ടെത്തിയ മസ്ജിദ് ഒരു ജനവാസ നഗരത്തിന്റെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. മസ്ജിദിന് ഏകദേശം എട്ട് മീറ്റർ (26 അടി) വീതിയും അഞ്ച് മീറ്റർ (16 അടി) നീളവുമുണ്ട്. പള്ളിയുടെ നടുവിൽ ഇമാമിന്റെ മിഹ്റാബ് വ്യക്തമാണ്. 25 പേർക്ക് നിസ്കരിക്കാവുന്നതാണ് മസ്ജിദ്.

ഗവർണറേറ്റിന്റെ അന്വേഷണ, ഉത്ഖനന വകുപ്പിന്റെ തലവൻ അലി ഷാൽഗാം ഈ കണ്ടെത്തലിനെ “ഏറ്റവും പ്രധാനപ്പെട്ടതും മഹത്തായതുമായ കണ്ടെത്തലുകളിൽ ഒന്ന്” എന്നാണ് വിശേഷിപ്പിച്ചത്. കാരണം ഇത് പൂർണ്ണമായും കളിമണ്ണില്‍ നിർമ്മിച്ചതും ഇസ്‌ലാമിന്റെ ആദ്യ വർഷങ്ങളിൽ ഉള്ളതുമാണ്.

ഷാൽഗാമിന്റെ അഭിപ്രായത്തിൽ, ഉമയ്യദ് കാലഘട്ടത്തിൽ തന്നെ പഴക്കമുള്ള പുരാവസ്തുശാസ്ത്രപരമായ  മതപരമായി പ്രാധ്യാന്യമുള്ള മറ്റു സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, മണ്ണൊലിപ്പ് കാരണം, ഇസ്ലാമിന്റെ ആ കാലഘട്ടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അവയില്‍ നിന്നു ലഭ്യമല്ല.

"കണ്ടെത്തിയ കളിമണ്‍ ഘടന  സൈറ്റിന്റെ ഉപരിതലത്തിനടുത്താണ് കണ്ടെത്തിയത്. വെള്ളം, കാറ്റ്, മഴ എന്നിവ മൂലമുള്ള മണ്ണൊലിപ്പ് കാരണം കെട്ടിടത്തിന്റെ കുറച്ച് അവശിഷ്ടങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.", അദ്ദേഹം പറഞ്ഞു. 

(അവലംബം: അല്‍-ജസീറ.കോം, അല്‍-അറബി.യുകെ)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter