പദ്മശ്രീ ഹരേകല ഹജ്ജബ്ബയെ തേടിയെത്തുമ്പോള്‍

"നിങ്ങള്‍ ആ പള്ളി കാണുന്നുണ്ടോ", മംഗളൂരുവിനടുത്തുള്ള ഹരേകല ഗ്രാമത്തിലെ ത്വാഹാ പള്ളിയുടെ മിനാരത്തിലേക്ക് വിരല്‍ ചൂണ്ടി അദ്ദേഹം തുടര്‍ന്നു, “അതിന്റെ ഭാഗമായ മദ്റസ കെട്ടിടത്തിലാണ് എന്റെ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2000 ല്‍, അന്നത്തെ സ്ഥലം എം.എല്‍.എ ആയിരുന്ന യു.ടി ഫരീദ് സാഹിബിന്റെ സഹായത്തോടെയായിരുന്നു, 28 കുട്ടികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ സൌകര്യങ്ങള്‍ ഞങ്ങള്‍ അവിടെ ഒരുക്കിയത്”, ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം, 2021 ല്‍ രാഷ്ട്രപതിയില്‍നിന്ന് പരമോന്നത ബഹുമതികളിലൊന്നായ പദ്മശ്രീ ഏറ്റുവാങ്ങി രാഷ്ട്രത്തിന്റെ അഭിമാനപുത്രനായപ്പോഴും, ഹരേകല ഹജ്ജബ്ബ എന്ന ആ വിശ്വാസി താന്‍ പിന്നിട്ട വഴികളിലേക്ക് തന്നെയാണ് തിരിഞ്ഞുനോക്കുന്നത്. ചെരുപ്പ് പോലും ധരിക്കാത്ത ആ മനുഷ്യന്ന് താണ്ടിയ വഴികളെ മറക്കുക സാധ്യമല്ലല്ലോ. മുന്നോട്ടുള്ള പ്രയാണത്തിന് ആ അറുപത്തഞ്ചുകാരന്ന് ഇപ്പോഴും ഊര്‍ജ്ജം പകരുന്നതും അത് തന്നെയാണ്.
കര്‍ണ്ണാടക സംസ്ഥാനത്തിലെ, മംഗളൂരുവിനടുത്തുള്ള ഹരേകല ഗ്രാമത്തിലെ, ഒരു സാധാരണ മുസ്‍ലിം കുടുംബത്തിലായിരുന്നു ഹജ്ജബ്ബയുടെ ജനനം. ദാരിദ്ര്യം പിടിമുറുക്കിയ ബാല്യകാലത്ത്, വിദ്യാലയത്തിന്റെ പടി കയറാന്‍പോലും സമയം ലഭിച്ചില്ലെന്ന് പറയുന്നതാവും ശരി. കുടുംബം പോറ്റാന്‍ പാട് പെടുന്ന പിതാവിനെ സഹായിക്കാനായി, ചെറുപ്പത്തില്‍ തന്നെ ഓറഞ്ച് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. 

1991ലാണ് അദ്ദേഹത്തിന്റെ ചിന്തയെ പിടിച്ചുലച്ച ആ സംഭവം അരങ്ങേറുന്നത്. ഓറഞ്ചുകള്‍ ഉന്തുവണ്ടിയുമായി നീങ്ങുമ്പോള്‍, എതിരെ വന്ന ഒരു വിദേശി, ഓറഞ്ചിന് വില എത്രയാണെന്ന ആംഗലേയചോദിച്ചതിന് മുന്നില്‍ ഹജ്ജബ്ബ ശരിക്കും വിയര്‍ത്തു. വിദ്യനേടാനാവാത്തതില്‍ അദ്ദേഹത്തിന് വല്ലാത്ത ജാള്യത തോന്നിയെങ്കിലും, അത് അദ്ദേഹത്തില്‍ ഒരു തീപ്പൊരിയായി കത്തിയാളുകയായിരുന്നു. തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് ഇനിയും ഇത്തരം ദുരവസ്ഥകള്‍ വരരുതെന്ന് അതോടെ അദ്ദേഹം പ്രതിജ്ഞയെടുത്തു. 

അവിടന്നങ്ങോട്ട്, തന്റെ ഗ്രാമത്തിലൊരു വിദ്യാലയം എന്ന സ്വപ്നം ഉറക്കിലും ഉണര്‍ച്ചയിലുമെല്ലാം അദ്ദേഹം കൊണ്ട് നടന്നു. ഓറഞ്ച് വിറ്റ് കിട്ടുന്ന തുഛമായ വരുമാനത്തില്‍നിന്ന് ദിവസവും ഒരു വിഹിതം അതിനായി മാറ്റി വെച്ചു. അങ്ങനെയാണ്, 2000 ജൂണ്‍ 17ന്, ത്വാഹാപള്ളിയോട് ചേര്‍ന്ന മദ്റസാ കെട്ടിടത്തില്‍ ഒരു സ്കൂള്‍ തുടങ്ങുന്നിടത്ത് കാര്യങ്ങളെത്തുന്നത്. 

അതോടൊപ്പം, സമാനമനസ്കരായ പലരെയും കണ്ട് സംഭാവനകള്‍ സ്വീകരിച്ച്, സ്ഥലം വാങ്ങാന്‍ ആവശ്യമായ തുക അദ്ദേഹം കണ്ടെത്തി. വൈകാതെ, സ്ഥലം വാങ്ങി, ഗവണ്‍മെന്റിന് കൈമാറി, സ്കൂള്‍ ഔദ്യോഗികമാക്കുകയായിരുന്നു ഹജ്ജബ്ബ.
സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഗ്രാമത്തില്‍, ഒരു സ്കൂള്‍ നടത്തിക്കൊണ്ട്പോവുക അത്ര എളുപ്പമായിരുന്നില്ല. പക്ഷെ, പിന്മാറാന്‍ ഒട്ടും മനസ്സില്ലാത്ത ഹജ്ജബ്ബ സഹായത്തിനെ പല വ്യക്തികളെയും സംഘടനകളെയും സമീപിച്ചു. സ്കൂളിലേക്കുള്ള ആദ്യ അധ്യാപകനെ നല്കിയത്, ഡോ. വീരേന്ദ്ര ഹെഗ്ഡെ നേതൃത്വം നല്കുന്ന, കര്‍ണ്ണാകടയിലെ ധര്‍മ്മസ്ഥല മഞ്ജു നാഥ ക്ഷേത്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മ്മസ്ഥല ഗ്രാമീണ വികസന സമിതിയായിരുന്നു. തുടര്‍ന്ന് ബംഗ്ളൂര്‍ ശാദിമഹല്‍ ഓര്‍ഗനൈസേഷനും കൂടുതല്‍ അധ്യാപകരെ നല്കി സഹായിച്ചു.

2001ല്‍ പ്രത്യേക കെട്ടിടം പണിയുകയും 5-ാംക്ലാസ് വരെ പഠനസൌകര്യമൊരുക്കുകയും ചെയ്തു. അപ്പോഴും ഹജ്ജബ്ബയുടെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. 2006ല്‍ ആറാംക്ലാസ് തുടങ്ങുകയും 2010ല്‍ ആ ഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ അതേ സ്കൂളില്‍ വെച്ച് ആദ്യമായി പത്താംക്ലാസ് പൊതുപരീക്ഷ എഴുതുകയും ചെയ്തു.

ഇന്ന് 1.33 ഏകര്‍ സ്ഥലത്ത് പരന്ന് കിടക്കുന്ന ഗവണ്‍മെന്റ് ഹയര്‍ സെകന്ററി സ്കൂള്‍ ആയി അത് വികസിച്ചിരിക്കുകയാണ്. ഔദ്യോഗിക പേരുകളില്‍ ഗവണ്‍മെന്റ് ഹയര്‍ സെകന്ററി സ്കൂള്‍ എന്നാണെങ്കിലും നാട്ടുകാര്‍ക്ക് അത് ഇന്നും ഹജ്ജബ്ബാ സ്കൂള്‍ തന്നെയാണ്. ഹജ്ജബ്ബയുടെ മകള്‍ പഠിച്ചതും ഇന്നും കൊച്ചുമക്കളുമെല്ലാം പഠിക്കുന്നതും അതേ സ്കൂളില്‍തന്നെയാണ്.
വര്‍ഷങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍, രാഷ്ട്രം ഒന്നടങ്കം ഇന്ന് അദ്ദേഹത്തെ ആദരവോടെ വിളിക്കുന്നത്, അക്ഷരങ്ങളുടെ സന്യാസി എന്നാണ്. അതിനായി, അദ്ദേഹത്തിന് ലഭിച്ച ആദരങ്ങളും ബഹുമതികളും തന്റെ വീടിനോട് ചേര്‍ന്ന കൊച്ചുറൂമില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരിക്കുന്നു, അതില്‍ അവസാനമായെത്തിരിയിരിക്കുന്നതാണ്, പദ്മശ്രീ പുരസ്കാരം. അവ നോക്കി, ഹജ്ജബ്ബ പറയുന്നത് ഇങ്ങനെയാണ്, “ഇതൊന്നും എനിക്കുള്ളതല്ല, അതിന് മാത്രം വലിയ ആളൊന്നുമല്ല ഞാന്‍. ഇതെല്ലാം സ്കൂളിനുള്ളതാണ്. നൂറുകണക്കിന് സുമനസ്സുകളുടെ പിന്തുണയുടെയും പ്രാര്‍ത്ഥനയുടെയും ഫലമാണ് ഇത്.”

തന്റെ സ്വപ്നസാക്ഷാല്‍ക്കാരത്തില്‍ കൂടെ നിന്ന ആരെയും ഹജ്ജബ്ബ ഇന്നും മറന്നിട്ടില്ല. സ്കൂളിന്റെ ചുമരില്‍, സഹകരിച്ചവരുടെയെല്ലാം പേരുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. രണ്ടായിരം മുതല്‍ ലക്ഷങ്ങള്‍ വരെ സംഭാവന ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ അതില്‍ കാണാവുന്നതാണ്. പക്ഷെ, തന്റെ അധ്വാനവും സമയവുമെല്ലാം അതിനായി മാറ്റി വെച്ച ഒരാളുടെ പേര് മാത്രം അതിലില്ല. അതേകുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു,  “എല്ലാം അവരാണ് ചെയ്തത്. ഞാനൊരു മുസ്‍ലിമാണെങ്കിലും എല്ലാ മതസ്ഥരും ഇതുമായി പരമാവധി സഹകരിച്ചിട്ടുണ്ട്. പള്ളിയും ചര്‍ച്ചും അമ്പലവും അവക്ക് കീഴിലെ വിവിധ സമിതികളുമൊക്കെ വളരെയേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സ്ഥലത്തെ എം.എല്‍.എമാരും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമെല്ലാം കൂടെ നിന്നു. അവര്‍ക്കാണ് ഇതിന്റെ പൂര്‍ണ്ണ ബഹുമതി. അവരുടെ പിന്തുണയില്ലായിരുന്നെങ്കില്‍ എനിക്കൊന്നും സാധ്യമാവുമായിരുന്നില്ല.”

ഇനി എന്താണ് ഭാവി പദ്ധതി എന്നതിനും ആ സാധാരണക്കാരന് കൃത്യമായ മറുപടിയുണ്ട്, ഒരു പ്രീയൂണിവേഴ്സിറ്റി കോളേജ് കൂടി ഇവിടെ പണിയേണ്ടതുണ്ട്. പ്രദേശത്തുകാരോടും സര്‍ക്കാറിനോടും അതാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്. പദ്മശ്രീ സ്വീകരിച്ച ശേഷം പ്രധാനമന്ത്രിയോടും ഞാന്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതോടൊപ്പം, സ്കൂളിലേക്ക് നിലവില്‍ റോഡ് ഗതാഗതം ഇല്ലെന്ന് തന്നെ പറയാം. കുട്ടികളെല്ലാം നടന്നാണ് വരുന്നത്. അതിന് കൂടി ഒരു പരിഹാരമായാല്‍ ഇനിയും എത്രയോ പേര്‍, വിശിഷ്യാ പെണ്‍കുട്ടികള്‍ സ്കൂളിലേക്ക് വരുമെന്ന് തീര്‍ച്ചയാണ്. അതും പരിഹരിക്കേണ്ടതുണ്ട്."

ജീവിത പ്രാരാബ്ധങ്ങള്‍ ഒട്ടേറെ ബാക്കിയുണ്ടെങ്കിലും, ബഹുമതിയുടെ ഭാഗമായി ലഭിച്ച തുകയൊക്കെയും സ്കൂളിന്റെ പുരോഗതിക്കായി തന്നെ നീക്കി വെക്കുമെന്ന് കൂടി പറയുമ്പോള്‍, ആ സാധാരണമനുഷ്യന്റെ ആത്മാര്‍ത്ഥതക്ക് മുമ്പില്‍ അറിയാതെ നമിച്ച് പോകുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter