മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്  ഇടക്കാല ജാമ്യം

മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം. അഞ്ചുദിവസത്തെ ഇടക്കാല ജാമ്യമാണ് സുപ്രീംകോടതി അനുവദിച്ചത്. പൊലീസ് സുരക്ഷയിലാണ് അഞ്ച് ദിവസത്തെ ജാമ്യം. മാതാവിനെയല്ലാതെ മറ്റാരെയും കാണരുതെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിഷ്കര്‍ഷിച്ചു. അടുത്ത ബന്ധുക്കളെയും കാണാന്‍ അനുവാദമുണ്ട്. എന്നാല്‍ മാധ്യമങ്ങളെ കാണുന്നതിന് വിലക്കുണ്ട്.

ഇടക്കാല ജാമ്യം രണ്ട് ദിവസമായി കുറക്കണമെന്ന എസ്‌.ജി വാദം സുപ്രീം കോടതി തള്ളി. കേസ് പരിഗണിക്കുന്നത് നാളേക്ക് മാറ്റണമെന്നും പിഎഫ്ഐ പ്രവർത്തകനാണ് സിദ്ദീഖ് കാപ്പാനെന്നും എസ് ജി കോടതിയില്‍ വാദിച്ചു. മാതാവിന്‍റെ മരണം ആസന്നമാണെന്ന് പറയുമ്പോ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. അറസ്റ്റിലായി അഞ്ചുമാസത്തിന് ശേഷമാണ് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കുന്നത്.

90 വയസ്സായ കിടപ്പിലായ മാതാവിന്‍റെ ആരോഗ്യം പരിഗണിച്ച് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യൂ.ജെ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. സിദ്ദീഖ് കാപ്പന്‍റെ മാതാവ് കദീജ കുട്ടിയുടെ ആരോഗ്യം ദിനം പ്രതി ക്ഷയിച്ചു വരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയമെല്ലാം മകന്‍ സിദ്ദീഖ് കാപ്പനെ അന്വേഷിക്കുമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്ത വിവരം ഇത് വരെ മാതാവിനെ സംഭവം അറിയിച്ചിട്ടില്ല. കാപ്പന്‍റെ മാതാവിന്‍റെ അവസാന ആഗ്രഹമാണ് മകനെ കാണുകയെന്നതെന്നും നിലവിലെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം നല്‍കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. സിദ്ദീഖ് കാപ്പനും രോഗിയായ മാതാവും തമ്മിലുള്ള വീഡിയോ കോണ്‍ഫറന്‍സിംഗിന് കെ.യു.ഡബ്ല്യു.ജെയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അടുത്തിടെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് സിദ്ദീഖ് കാപ്പനെ ഒക്ടോബര്‍ അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter