മകന്‍ മരിച്ചിട്ടാണെങ്കിലും മരുമകളുടെ കണ്ണീര്‍ കാത്തിരിക്കുന്നവര്‍

യുക്തിവാദികളുമായുള്ള സംവാദമായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം. സാമൂഹ്യമാധ്യമങ്ങള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന സംവാദം, ക്രമസമാധാന പ്രശ്നങ്ങളോ മറ്റു അസ്വാരസ്യങ്ങളോ ഒന്നും ഇല്ലാതെ തന്നെ, നല്ല നിലയില്‍ അവസാനിച്ചു എന്ന് പറയാം. ഒരേ മതവിഭാഗത്തില്‍ പെട്ട വിവിധ പ്രസ്ഥാനക്കാരുടെ സംവാദങ്ങളേക്കാള്‍ മാന്യവും സഭ്യവും ഫലപ്രദവുമായിരുന്നു അതെന്ന് കൂടി പറയാതെ വയ്യ. 

പറഞ്ഞുവരുന്നത് സംവാദത്തെ കുറിച്ചല്ല, മറിച്ച് സംവാദാനന്തരം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളെ കുറിച്ചാണ്. യുക്തിവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ യാതൊരു വിധ യുക്തിബോധവുമില്ലാതെ, ഇസ്‍ലാമിനെ മാത്രം ടാര്‍ജറ്റ് ചെയ്യുന്നത് കാലങ്ങളായി നാം കണ്ട് വരുന്നതാണ്. അവരുമായി സംവാദം നടത്തുന്നത് കൊണ്ട് ഫലമുണ്ടാവുമെന്ന വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും, മൂക്കിന് തോണ്ടി വെല്ലു വിളിക്കുന്നിടത്ത് കാര്യങ്ങളെത്തുമ്പോള്‍ ഇടക്കെങ്കിലും ഒന്ന് ആവശ്യമാണെന്ന് പറയാതെ വയ്യ. അത്തരത്തില്‍ ഒന്നാണ് അക്ബര്‍ സാഹിബ് നടത്തിയത്. സംവാദത്തിന്റെ ആമുഖത്തില്‍ തന്നെ അത് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. 

എന്നാല്‍, അങ്ങനെ നടത്തിയ സംവാദത്തോട്, സമുദായത്തില്‍ തന്നെ പെട്ട ചിലര്‍ സ്വീകരിച്ച നിലപാടുകളിലെ യുക്തിയാണ് ഇപ്പോഴും ഒരു പിടുത്തവും കിട്ടാതെ പ്രഹേളികയായി തുടരുന്നത്. സംവാദാനന്തരം അക്ബര്‍ സാഹിബിന്റെ സംസാരത്തിലെ തെറ്റുകളും പിഴവുകളും ചൂഴ്ന്നുനോക്കി കണ്ടെത്താനുള്ള ഗവേഷണം യുക്തിവാദികളേക്കാളേറെ നടത്തുന്നത് ചില സമുദായാംഗങ്ങള്‍ തന്നെയാണോയെന്ന് തോന്നിപ്പോവുന്നു.

തെറ്റുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുന്നത് നല്ലത് തന്നെ. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് സ്ഥിരപ്പെടുത്തേണ്ടതോ സ്ഥാപിക്കേണ്ടതോ അല്ലല്ലോ അല്ലാഹുവിന്റെ മതമായ ഇസ്‍ലാമും അതിന്റെ ഏറ്റവും വലിയ അമാനുഷികതയായി എന്നെന്നും നിലനില്‍ക്കാനുള്ള വിശുദ്ധ ഖുര്‍ആനും. എന്നാല്‍, അത് ചെയ്യുന്നതിലെ ഉദ്ദേശ്യശുദ്ധിയും ചെയ്യുന്നതിന്റെ രീതിയുമാണ് പ്രശ്നം. അല്‍പജ്ഞരായ ചിലരെയെങ്കിലും സംശയത്തിലാഴ്ത്തുമോ എന്ന് പോലും ചിന്തിക്കാതെ, യുക്തിവാദം വളര്‍ന്നാലും വേണ്ടില്ല, എം.എം. അക്ബര്‍ സാഹിബിന്റെ പ്രകടനത്തിലൂടെ വഹാബിസത്തിന് മൈലേജ് കിട്ടാതിരിക്കണേ എന്ന് മാത്രമാണ് അത്തരക്കാരുടെ ചിന്ത. 

ശൈലിയും രീതിയും അത് തന്നെയാണ് വ്യക്തമാക്കുന്നത്. യുക്തി വാദിയായ ഇ.എ ജബ്ബാര്‍ മാഷ് പോലും ഏറെ മാന്യമായാണ്, പതിനായിരങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്ന മുഖാമുഖ സംവാദത്തില്‍ പോലും തന്റെ എതിര്‍കക്ഷിയായ അക്ബര്‍ എന്ന വിശ്വാസിയോട് പെരുമാറിയത്.
എന്നാല്‍ വിശ്വാസികളെല്ലാം ഏകോദര സഹോദരന്മാരാണെന്ന് നാഴികക്ക് നാല്‍പത് വട്ടം പറയുകയും പ്രസംഗിക്കുകയും ആ സൂക്തം ഓതിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നവര്‍, അത്തരത്തിലുള്ള യാതൊരു വിധ പരിഗണനയോ പ്രതിപക്ഷ മാന്യതയോ പോയിട്ട് സഭ്യത പോലും പാലിക്കാതെ തെറ്റുകള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ അത്തരക്കാരോട് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യും. പഴമക്കാരുടെ ആ ചൊല്ല് ഓര്‍മ്മവരികയാണ്, മകന്‍ മരിച്ചിട്ടാണെങ്കിലും മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി. 

നാഥാ, ഈ സമുദായത്തെ നീ തന്നെ കാത്തോളണേ..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter