മുഹമ്മദ് നബിയും ഓറിയന്റലിസവും  (2)

യാഥാര്‍ത്ഥ്യത്തോട് പുലബന്ധംപോലുമില്ലാത്ത ഇത്തരം അബദ്ധജടിലങ്ങളായ ധാരണകളാണ് മധ്യകാല യൂറോപ്പ് വെച്ച് പുലര്‍ത്തിയിരുന്നത്. 18-ാം നൂറ്റാണ്ടു വരെ യൂറോപ്പില്‍ ഇറങ്ങിയ ഇസ്‌ലാമിനെപ്പറ്റി സംസാരിക്കുന്ന എല്ലാ ഗ്രന്ഥങ്ങളും ഈവക കെട്ടുകഥകള്‍കൊണ്ട് സമ്പന്നമാണ്. യോഹന്നാന്‍ ദിമിശ്ഖിയുടെ De hearasibus, വിന്‍സന്റ് ഡോ ബോപിയുടെ space lem historical, പെഡ്രോസാന്‍ പാസ്‌കലിന്റെ sobre el steon mehometane, ഗില്‍ബര്‍ട്ട് ഓഫ് ഹോഗന്റിന്റെ Geste dei perframcos തുടങ്ങിയ പുസ്തകങ്ങളും വാള്‍ട്ടര്‍ ഓഫ് സെന്‍സ് (Walter of sence ofio de machomet, എംബ്രകോ ഓഫ് മെയ്ന്‍സ് (a vita mehametic) അലക്‌സാണ്ടര്‍ ഡന്‍പോര്‍ട്ട് തുടങ്ങിയവരുടെ കവിതാസമാഹാരങ്ങളും ഇത്തരം കഥകളാണ് പടച്ചുവിട്ടത്.

ഡാന്റെ (Dante) 1265-1321 യുടെ Divine comedy യാണ് ഇക്കാലത്ത് പുറത്തിറങ്ങിയ മറ്റൊരു പ്രധാന പുസ്തകം. ഈ പുസ്തകത്തില്‍ ചര്‍ച്ചില്‍നിന്ന് പിഴച്ച് പോയ ആളാണ് മുഹമ്മദെന്നും അതുകൊണ്ടുതന്നെ നരകത്തിന്റെ 28-ാം അടിത്തട്ടിലാണ് പ്രവാചകരുടെ സ്ഥാനമെന്നും ഡാന്റെ പറയുന്നുണ്ട്. 1632-ല്‍ അന്തരിച്ച ബെഡ്‌പെലിന്റെ പുസ്തകത്തിന്റെ പേര് തന്നെ മുഹമ്മദെന്ന കപട വേഷധാരി (mohammedis impostu-rae) എന്നാണ്. പുസ്തകത്തിന്റെ തലക്കെട്ടില്‍ നിന്ന് തന്നെ ഉള്ളടക്കം എന്തായിരിക്കുമെന്ന് ബോധ്യമാവുന്നുണ്ടല്ലോ.

എന്നാല്‍ 18-ാം നൂറ്റാണ്ട് ഈ രംഗത്ത് ചില മാറ്റങ്ങളോടെയാണ് പിറവിയെടുത്തത്. 1704-ല്‍ എച്ച്. റോളണ്ടിന്റെ മുഹമ്മദീയ മതം (De religione mahom-edica) പുറത്തിറങ്ങി. 1730-ല്‍ കൗണ്ട് ഡി ബൗലിയന്‍ വില്ലേഴ്‌സിന്റെ  മുഹമ്മദിന്റെ ചരിത്രം vie de mahometDw പുറത്തിറങ്ങി. അബുല്‍ ഫിദാഇന്റെ അല്‍ മുഖ്തസ്വറുഫീ അഖ്ബാരില്‍ ബശറിന്റെ യൂറോപ്യന്‍ വിവര്‍ത്തനം ജീന്‍ ഗാഗ്‌നെയര്‍ പുറത്തിറക്കിയതും ഇതേ കാലത്താണ്. യൂറോപ്പില്‍ ഇസ്‌ലാമിനെ നിഷ്പക്ഷമായി വിലയിരുത്താന്‍ ശ്രമിച്ച ആദ്യ പുസ്തകങ്ങളായിരുന്നു ഇവ മൂന്നും. പ്രവാചക ചരിത്ര രചനയില്‍ പുതിയൊരു മാനം തുറന്നിടാന്‍ ഈ പുസ്തകങ്ങള്‍ക്ക് സാധിച്ചു.

ഇതിനെത്തുടര്‍ന്നാണ് ഗിബ്ബന്റെ The hsitory of the decline and fall of the roamn empire 1780ല്‍ പുറത്തുവന്നത്. കൂടുതല്‍ നന്നായി വിലയിരുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അപകടകരമായ പല അബദ്ധങ്ങളും ഗിബ്ബന്‍ വരുത്തിവെച്ചിട്ടുണ്ട്. നബിയെ കപടനും മുസ്‌ലിംകളും അപരിഷ്‌കൃതരുമായി വിശേഷിപ്പിക്കുന്ന വോള്‍ട്ടെയറിന്റെ മതഭ്രാന്തന്‍ അഥവാ പ്രവാചകന്‍ മുഹമ്മദ് (Le fanatisme on mahomet le porhpete) എന്ന നാടകം പുറത്തുവന്നും ഇതേ കാലയളവിലാണ്. അഥവാ 1742-ല്‍. 1756-ല്‍ പുറത്തിറക്കിയ Essai Sur Meoures et le’sprit des nations (വിവിധ രാഷ്ട്രങ്ങളുടെ ചിന്തകളും സ്വഭാവങ്ങളും) എന്ന പുസ്തകത്തിലും വോള്‍ട്ടെയര്‍ തന്റെ കഠിനമായ ഇസ്‌ലാമിക വിരുദ്ധത തുറന്ന് പ്രകടിപ്പിക്കുന്നുണ്ട്. റോളണ്ട് പോലുള്ളവരുടെ നിഷ്പക്ഷ വിലയിരുത്തലുകള്‍ പുറത്തുവന്നുവെങ്കിലും പ്രവാചകരെ പറ്റിയുള്ള തങ്ങളുടെ പരമ്പരാഗത കാഴ്ചപ്പാടുകള്‍ കൈവിടാന്‍ തയ്യാറില്ലെന്ന യൂറോപ്പിന്റെ ദുശ്ശാഠ്യമാണ് വോള്‍ട്ടെയറിന്റെയും ഇനി പറയപ്പെടുന്ന മറ്റു ചിലരുടെയും നിലപാടുകള്‍ വ്യക്തമാക്കുന്നത്. പ്രവാചക ചരിത്രരചനയില്‍ വഴിത്തിരിവ് സൃഷ്ടിച്ച തോമസ് കാര്‍ലൈല്‍, ഗോയ്‌ഥേ എന്നീ രണ്ട് പേരുടേതായിരുന്നു അടുത്ത ഊഴം. ഗോയ്‌ഥേയാണ് ആദ്യം രംഗപ്രവേശം ചെയ്തത്. ജര്‍മ്മന്‍കാരനായ ഗോയ്‌ഥെയുടെ Mahomet Gesang എന്ന കവിത പുറത്തുവന്നത് 1773-ലാണ്. ഇതിന് ശേഷം ഒരു പ്രഭാഷണത്തില്‍ അദ്ദേഹം ചോദിച്ച 'ഇതാണ് ഇസ്‌ലാമെങ്കില്‍ നമ്മളെല്ലാവരും ജീവിക്കുന്നത് ഇസ്‌ലാമില്‍ തന്നെയല്ലേ' എന്ന ചോദ്യം യൂറോപ്പ് മുഴുവന്‍ പ്രകമ്പനംകൊണ്ടു. യൂറോപ്പ് മുഴുവന്‍ ഇളക്കിമറിച്ച തോമസ് കാര്‍ലൈന്റെ The hero as prophet mahomet എന്ന ചരിത്രപ്രസിദ്ധമായ പുസ്തകം പുറത്തുവരുന്നത് ഇതിന് ശേഷമാണ്. വൈജ്ഞാനികമായി നോക്കുമ്പോള്‍ കാര്‍ലൈലിന്റെ പുസ്തകം അത്ര ഗംഭീരമായിരിക്കണമെന്നില്ല. പക്ഷേ, ചരിത്രപരമായി വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണ്. തികച്ചും നിഷേധാത്മക നിലപാടിലൊഴുകുകയായിരുന്ന യൂറോപ്യര്‍ ചിന്താധാരയെ തടംകെട്ടി നിറുത്തി പുതിയൊരു തിരിച്ചറിവിലേക്ക് ഗതിമാറ്റിയൊഴുക്കുകയായിരുന്നു കാര്‍ലൈല്‍. അതിനദ്ദേഹം കാണിച്ച ആര്‍ജവം അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നോ എന്നതല്ല, മറിച്ച് പ്രവാചകരെ കുറിച്ച് അന്നുവരെ നിലനിന്നിരുന്ന ധാരാളം ദുഷ്പ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ കാര്‍ലൈലിന് കഴിഞ്ഞു എന്നതാണ് വലിയ കാര്യം. അതുകൊണ്ടു തന്നെ കാര്‍ലൈലിനെ ചരിത്രത്തില്‍ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ മുസ്‌ലിം ചരിത്രകാരന്മാര്‍ ശ്രമിച്ചവരാണ്. പില്‍ക്കാലത്ത് കാര്‍ലൈലിന്റെ പാത സ്വീകരിച്ചവരാണ് എച്ച്.ജി.വെല്‍സും ആര്‍നോള്‍ഡ് ജെ. ടോയന്‍ബിയും. 19-ാം നൂറ്റാണ്ട്  മറ്റൊരു നിലപാട് മാറ്റത്തിന് കൂടി സാക്ഷിയായി. ഇസ്‌ലാമിന്റെ ഉറവിടമന്വേഷിക്കുന്ന ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയത് ഇക്കാലത്താണ്. 1833-ല്‍ എബ്രഹാം ഗേയ്ഗറുടെ മുഹമ്മദ് യഹൂദ മതത്തില്‍ നിന്നെടുത്തതെന്തൊക്കെ? (was hat moahmemd aus dem judenthun aufgenojmen) എന്ന പുസ്തകം പുറത്തുവന്നു. തുടര്‍ന്ന് ഇസ്‌ലാമിന്റെ ഉറവിടം ജൂത-ക്രൈസ്തവ മതങ്ങളാണെന്ന് വാദിക്കുന്ന ധാരാളം പുസ്തകങ്ങള്‍ പുറത്തിറങ്ങി. ഡിബി മക്‌ഡോണാല്‍ഡിന്റെ Aspects of Islam, ജി.എഫ്.മൂറിന്റെ history of Religions Judaism Christianity and moahm-edanism, ജൂലിയന്‍ ഒബര്‍മാന്റെ The arab hertage, വില്യം മോണ്ട്‌ഗോമറി വാട്ടിന്റെ muhammed at mediva , ചാള്‍സ് കട്ട്‌ലര്‍ ടോറിയുടെ The jewish foundation of islam തുടങ്ങിയ പുസ്തകങ്ങള്‍ ഈ വക ചര്‍ച്ചകള്‍ കുത്തിനിറക്കപ്പെട്ടവയാണ്. പ്രവാചക ചരിത്രരചനാ രംഗത്ത് യൂറോപ്പില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകള്‍ യൂറോപ്യന്‍ ധൈഷണിക ലോകത്ത് പ്രഗത്ഭമതികളായി അറിയപ്പെട്ടിരുന്ന പല പണ്ഡിതന്മാരും പ്രവാചക ജീവിതം പഠിക്കാന്‍ ശ്രമിക്കുകയും തദ്‌വിഷയകമായി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. പക്ഷേ, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇവരില്‍ പലര്‍ക്കും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ കഴിയാതെപോയി. പഴയ മുത്തശ്ശിക്കഥകള്‍ ഏറ്റുപറയുന്ന രീതിക്ക് മാറ്റം വന്നുവെങ്കിലും പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നവണ്ണം പുതിയ തരം വാദമുഖങ്ങളിലൂടെ നബിയുടെ പ്രവാചകത്വത്തെ ചോദ്യം ചെയ്യുന്ന രീതി പലരും തുടര്‍ന്നു. എങ്കിലും പ്രവാചക ജീവിതത്തെ സത്യസന്ധമായി വിലയിരുത്താന്‍ ശ്രമിച്ച മികച്ച കൃതികളും ഇക്കാലത്ത് വരിചിതമായിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാവതല്ല. വഹ്‌യിനെ (ദിവ്യബോധനം)ക്കുറിച്ചും പ്രവാചകരുടെ ദൈവിക ബന്ധങ്ങളെക്കുറിച്ചും പുതിയ പല നിര്‍വ്വചനങ്ങളും വന്നു എന്നതാണ് ഈ നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ പ്രത്യേകത. ഓരോരുത്തരും തങ്ങള്‍ക്ക് കൂടുതല്‍ പരിചയമുള്ള മേഖലകള്‍ വെച്ചാണ് വഹ്‌യിനെയും ഇസ്‌ലാമിക തത്വങ്ങളെയും വിലയിരുത്താന്‍ ശ്രമിച്ചത്. വഹ്‌യ് എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ അധിക പേര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഡോക്ടറായിരുന്ന അലയോ സ്‌പ്രെഞ്ചര്‍ വഹ്‌യ് നബിക്ക് ചില അസ്വസ്ഥതകള്‍ അനുഭവപ്പെടാറുണ്ടായിരുന്നുവെന്നും നെറ്റിയില്‍ വിയര്‍പ്പ് പൊടിയാറുണ്ടായിരുന്നുവെന്നും നിരീക്ഷിച്ച് നബിക്ക് ബാധിച്ചത് ഒരുതരം അപസ്മാരമായിരുന്നു എന്നാണ് കണ്ടെത്തിയത്. നബിക്ക് ഹിസ്റ്റീരിയയായിരുന്നു എന്നും സ്‌പ്രെഞ്ചര്‍ പറഞ്ഞിട്ടുണ്ട്. muhammed and quran a psychological stduy life and teaching of muhammed എന്നീ ഗ്രന്ഥങ്ങളിലാണ് അദ്ദേഹം ഈ വാദങ്ങള്‍ ഉന്നയിച്ചത്. 1908-1939-ല്‍ ഇറങ്ങിയ ഇസ്‌ലാമിക എന്‍സൈക്ലോപീഡിയയില്‍ ഫ്രാന്‍സ് ബുള്‍ നബിയെ കാണുന്നതും ഹിസ്റ്റീരിയ ബാധിതനായാണ്. വിഹ്‌യിനെ മനഃശാസ്ത്രപരമായി വിശദീകരിക്കാനാണ് ബുള്‍ ശ്രമിച്ചത്. Das leban muhammeds nachden quellen popular dargest ellt എന്ന ഗ്രന്ഥത്തില്‍ ഹിസ്റ്റീരിയബാധയെ നോല്‍ഡക്ക് നിരാകരിക്കുന്നുണ്ടെങ്കിലും വഹ്‌യിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ അദ്ദേഹത്തിനും കഴിഞ്ഞിട്ടില്ല. ജര്‍മ്മന്‍ ഓറിയന്റലിസ്റ്റ് ഹ്യൂബര്‍ട്ട് ഗ്രിം സാമ്പത്തിക വശങ്ങളിലൂടെ ഇസ്‌ലാമിനെ വിലയിരുത്താന്‍ ശ്രമിച്ചപ്പോള്‍ മാകസിം റോഡിന്‍സണ്‍ കൂട്ടുപിടിച്ചത് മാകസിസത്തെയായിരുന്നു. വഹ്‌യിനെക്കുറിച്ച് വിശദമായ ചര്‍ച്ച ശേഷം വരുന്നത് കൊണ്ട് ഇവിടെ കൂടുതല്‍ വിശദീകരിക്കുന്നില്ല. ജൂതനായ ഗോള്‍ഡ് സിഹര്‍ പ്രവാചക പഠനരംഗത്ത് പുതിയൊരു മേഖലക്കുകൂടി തുടക്കം കുറിച്ചു. ഹദീസുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയായിരുന്നു അത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ധാരാളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. സിഹറിന്റെ കണ്ടുപിടുത്തത്തിന് യൂറോപ്പില്‍ വലിയ പ്രചാരം ലഭിച്ചു. ഈ പാത പിന്തുടര്‍ന്നവരില്‍  പ്രമുഖനായ ഹെന്‍ട്രിലാമന്‍സ്, ഇസ്‌ലാമിനെ ശക്തമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചവരാണിവരും. ആര്‍നോള്‍ഡ് ടോയന്‍ബിയുടെ A study of Hostory, എച്ച്.ജി. വെല്‍സിന്റെ muhammed and islam, ലിയോണ്‍ കയതാനിയുടെ Annali dell islam, അല്‍ഫോണ്‍സ് എടിന്‍ ഡീഗെ സുലൈമാന്‍ ഇബ്രാഹീം എന്നിവര്‍ ചേര്‍ന്നെഴുതിയ The life of mohammed- the prophet of allh, വില്യം മൂറിന്റെ The life of mahome,t വാഷിംഗ്ടണ്‍ ഇര്‍വ്വിംഗിന്റെ The life of mohanet, പൊളസ്റ്റന്റെ muhamed his life ad doctories, സെയ്‌ലിന്റെ The life of muhamemd, വാട്ടിന്റെ muahmemd at mecca, muhammed at madina, muhamemd prophet and states man തുടങ്ങിയവ ഇക്കാലങ്ങളില്‍ പുറത്തിറങ്ങിയ ചില പ്രധാന പുസ്തകങ്ങളാണ്. ഇവയില്‍ ഇസ്‌ലാമിനെ നല്ലനിലയില്‍ വിലയിരുത്താന്‍ ശ്രമിച്ചവരും തെറ്റിദ്ധരിപ്പിക്കുന്നവയുമുണ്ട്. എച്ച്.ജി. വെല്‍സ്, ടോയന്‍ബി, ഡീഗെ തുടങ്ങിയര്‍ നബിയുടെ  മഹത്വത്തെ അംഗീകരിച്ചവരാണ്. വില്യം മൂര്‍, ഇര്‍വ്വിംഗ് എന്നിവര്‍ പിന്തുടര്‍ന്നത് നിഷേധാത്മക നിലപാടാണ്.

നല്ല പല സേവനങ്ങളും പക്ഷേ.... ഓറിയന്റലിസ്റ്റുകള്‍ എയ്തുകൂട്ടിയ ഇത്തരം വിമര്‍ശനങ്ങളുടെ അബദ്ധങ്ങളും വിലയിരുത്തുമ്പോള്‍ തന്നെ അതിനേക്കാള്‍ പ്രാധാന്യത്തോടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. മുസ്‌ലിം ലോകത്തിന് വിലമതിക്കാനാവാത്ത പല വിശിഷ്ട സേവനങ്ങളും ഓറിയന്റലിസ്റ്റുകള്‍ ചെയ്തുതന്നിട്ടുണ്ട്. ഇസ്‌ലാമിനെ വസ്തുതാപരമായി വിലയിരുത്താന്‍ ശ്രമിച്ച ഓറിയന്റലിസ്റ്റുകള്‍ മുസ്‌ലിംകളല്ലെന്നും അവര്‍ ക്രിസ്തുമത വിശ്വാസികളോ ജൂതന്മാരോ ഒക്കെയാണെന്നും നമ്മള്‍ പരഗണിക്കുന്നു. കാരണം, എത്ര പോസിറ്റീവായി സമീപിച്ചാലും സ്വന്തം മതത്തിന്റെ സ്വാധീനം ഇടക്കൊക്കെ അവരില്‍നിന്ന് പുറത്തുവരാനിടയുണ്ട്. അവയെ നമ്മള്‍ കണ്ടില്ലെന്ന് നടിക്കണം. എന്നുവെച്ച് അത്തരക്കാരെ പൂര്‍ണമായും പാപമുക്തരാക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. ഇനി ഓറിയന്റലിസ്റ്റുകളുടെ ചില സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാം. 1) നൂറ്റാണ്ടുകളോളം അജ്ഞാതമായി കിടന്നിരുന്ന പല വിജ്ഞാനീയങ്ങളും രേഖകളും സ്ഥിരോത്സാഹവും കഠിനാധ്വാനവും കൊണ്ട് ഓറിയന്റലിസ്റ്റുകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. (അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍ -നദ്‌വി, പേജ് 16) നബി (സ) വിവിധ രാജാക്കന്മാര്‍ക്കയച്ച കത്തുകള്‍ ഉദാഹരണം. 2) ഇസ്‌ലാമിക ചരിത്രത്തിലും മറ്റ് വിഷയങ്ങളിലും വിലപ്പെട്ട ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. അറബി സാഹിത്യത്തെ കുറിച്ച് ബ്രോക്കല്‍മാന്‍ എഴുതിയ The history of arabic literature അറബി സാഹിത്യത്തിന്റെ ചരിത്രം സവിസ്തരം പ്രതിപാദിക്കുന്നതോടൊപ്പം അറബിയില്‍ അന്നുവരെ വിരചിതമായ ഒട്ടുമിക്ക ഗ്രന്ഥങ്ങളുടെയും പട്ടിക നല്‍കിയിട്ടുണ്ട്. ഒപ്പം രചയിതാക്കളുടെ ചരിത്രവും ബ്രോക്കല്‍മാന്റെ തന്നെ history of the islamic peoples, ഫിലിപ്പ് കെ. ഹിറ്റിയുടെ hisotry of arab,s മോണ്ട്‌ഗോമറി വാട്ടിന്റെ muahmemd at meacca , muhammed at madina muhamemd propheted states man എന്നീ മൂന്ന് പുസ്തകങ്ങള്‍, എഡ്വേര്‍ഡ് വില്യം ലെയിനിന്റെ Arabic English lexicon, തോമസ് ആര്‍നോള്‍ഡിന്റെ The preaching os islam  എന്നിവ ഇവയില്‍ ചിലതാണ്. 3) നിരവധി ആധികാരിക ഗ്രന്ഥങ്ങള്‍ സൂക്ഷ്മ പഠനത്തിന് വിധേയമാക്കുകയും മൂല്യവത്തായ ആമുഖങ്ങള്‍ എഴുതുകയും ചെയ്തു. ഇമാം ഇബ്‌നു ഹജറില്‍ അസ്ഖലാനിയുടെ അല്‍ ഇസ്വാബ ഫീ തംയീസി സ്വഹാബക്ക് സ്‌പ്രെഞ്ചര്‍ എഴുതിയ ആമുഖം ഇതിനു ഉദാഹരണമാണ്. 4) പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങള്‍ ഒറ്റനോട്ടത്തില്‍ ലഭിക്കാന്‍ ഗ്രന്ഥസൂചികകള്‍ നല്‍കി. അറബിയില്‍ ഈ സമ്പ്രദായം കൊണ്ടുവന്നത് ഓറിയന്റലിസ്റ്റുകളാണ്. 14 പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളും മറ്റ് ചരിത്രഗ്രന്ഥങ്ങളിലുമായി പരന്ന് കിടക്കുന്ന ഹദീസുകള്‍ കോര്‍ത്തിണക്കി അവക്ക് വിശദമായൊരു ഇന്‍ഡക്‌സ് നല്‍കിയ എ.ജെ. വെന്‍ഡിങ്കിന്റെ സേവനം (മിഫ്താഹു കുനൂസിസ്സുന്ന എന്നാണ് ഈ ഗ്രന്ഥത്തിന്റെ പേര്) ഇതിനുദാഹരണമാണ്. സ്വിഹാഹുസ്സിത്ത (സ്വഹീഹുല്‍ ബുഖാരി, മുസ്‌ലിം, തിര്‍മുദി, നസാഇ, ഇബ്‌നു മാജ, അബൂദാവൂദ്), മുസ്‌നദുദ്ദാരിമി, മുസ്‌നദു അഹ്മദ്, മുവത്വഅ് എന്നീ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളിലെ ഹദീസുകള്‍ക്ക് അവയുടെ അക്ഷരമാലാ ക്രമത്തില്‍ ഗ്രന്ഥസൂചിക തയ്യാറാക്കിയതും വെന്‍ഡിങ്കാണ്. (അല്‍ മുഅ്ജമുല്‍ മുഫ്ഹരിസ് ലി അല്‍ഫാൡ ഹദീസ്) അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍ അലവി മാലിക്കി മക്കി 175 അല്‍ മുസ്തശ്‌രിഖൂന്‍ നജീബ് അല്‍ അഖീഖി 2/668) ഇതുപോലെ ഖുര്‍ആനിനും ഒരു ഇന്‍ഡക്‌സ് തയ്യാറാക്കപ്പെട്ടിട്ടുണ്ട്. നുജൂമുല്‍ ഖുര്‍ആന്‍ എന്ന പേരില്‍ ഗുസ്താവ് ഫ്‌ലോഗല്‍ ആണ് ഇത് തയ്യാറാക്കിയത്. (അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍ -ഉമര്‍ ഫാറൂഖ്, പേജ് 137,139) 5) നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ ആദ്യമായി അച്ചടിശാലകളിലെത്തിയത് ഓറിയന്റലിസ്റ്റുകള്‍ വഴിയാണ്. ഉദാഹരണമായി ഫ്രോയിട്ടേജിലൂടെ തഫ്‌സീറുല്‍ ബൈളാവിയും (1845-ല്‍) വില്യം നാസൂലേസിലൂടെ തഫ്‌സീറുല്‍ കശ്ശാഫും (1856-59) ബ്രേട്‌സലിലൂടെ ഇമാം ശീറാസിയുടെ തഅ്‌ലീമുല്‍ ഖിറാആതിസ്സബ്അ് ഇമാം അബൂ ഉബൈദയുടെ ഫളാഇലുല്‍ ഖുര്‍ആന്‍ വആദാബുഹു ഇമാം കിസാഇയുടെ അല്‍ മുശ്തബഹു ഫില്‍ ഖുര്‍ആന്‍ എന്നിവയും ആദ്യമായി പ്രസിദ്ധീകൃതമായി. (മജല്ലതു, പേജ് 139) 6) ഓറിയന്റലിസ്റ്റുകള്‍ നിരവധി ഇസ്‌ലാമിക എന്‍സൈക്ലോപീഡിയകള്‍ തയ്യാറാക്കിയിട്ടുണ്ട്. വികലമായ ആശയങ്ങള്‍ ധാരാളം ഉണ്ടെങ്കിലും മികച്ച സേവനമാണ് അവരിതിലൂടെ നിര്‍വ്വഹിച്ചത്. ദാഇറതുല്‍ മആരിഫില്‍ ഇസ്‌ലാമിയ്യ (ഇസ്‌ലാമിക് എന്‍സൈക്ലോപീഡിയ, ഡിക്ഷ്ണറി ഓഫ് ഇസ്‌ലാം, ഓറിയന്റല്‍ മുസ്‌ലിം തിയറീസ് ഓഫ് ഫൈനാന്‍സ് എന്നിവ ഉദാഹരണം) നമുക്ക് പകര്‍ത്താവുന്ന ചില സ്വഭാവങ്ങള്‍ ഓറിയന്റലിസ്റ്റുകള്‍ക്കുണ്ട്. 1) വൈജ്ഞാനിക മേഖലയില്‍ ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുക. ആ ലക്ഷ്യം എത്തിപ്പിടിക്കുന്നതിന് എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാവുക. മക്കയെ കുറിച്ച് പഠിക്കാന്‍ സ്റ്റൂക്ക് ഹോര്‍ഗ്രൂനി ചെയ്ത ത്യാഗം ഇതിന് തെളിവാണ്. മക്കയില്‍ പ്രവേശിക്കുന്നതിന് അബ്ദുല്‍ ഗഫ്ഫാര്‍ എന്ന പേര് അദ്ദേഹം സ്വീകരിച്ചു. അങ്ങനെ 1884-ല്‍ മക്കയില്‍ പ്രവേശിക്കുകയും അഞ്ചുവര്‍ഷം അവിടെ താമസിച്ച് മക്കയെ കുറിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതുകയും ചെയ്തു. ഒന്ന്: മക്കയിലേക്കുള്ള ഹജ്ജ്, രണ്ട്: 19-ാം നൂറ്റാണ്ടിലെ മക്കയും അതിന്റെ ഭൂമിശാസ്ത്രവും. (മഹ്മൂദ് ഹംദി സഖ്‌സൂഖ് അല്‍ ഇസ്‌ലാമു വല്‍മുസ്തശ്‌രിഖൂന്‍, പേജ് 82) 2) ഏതെങ്കിലും ഒരു വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പല ഓറിയന്റലിസ്റ്റുകളും ഇസ്‌ലാമിക ചരിത്രം, പ്രവാചക ചരിത്രം, ഖുര്‍ആന്‍, ഹദീസ് എന്നിങ്ങനെ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അതിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. 3) അറബി ഗ്രന്ഥങ്ങള്‍ കിട്ടാവുന്നിടത്ത് നിന്നെല്ലാം ശേഖരിക്കുക. ഓറിയന്റലിസ്റ്റുകള്‍ യൂറോപ്പിലേക്ക് കടത്തിയ ഗ്രന്ഥങ്ങളുടെ എണ്ണം പരിശോധിക്കാന്‍ ഇത് ബോധ്യപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter