ഖാദിയാനിസം

മുസ്‌ലിംകളുടെ സാംസ്‌കാരിക തകര്‍ച്ച ലക്ഷ്യം വെച്ചുകൊണ്ട് തമസ്സിന്റെ ഉപാസകര്‍ ജന്മം നല്‍കിയ ഒരു പ്രത്യയ ശാസ്ത്രമാണ് ഖാദിയാനിസം. അഹ്മദിയ്യാ പ്രസ്ഥാനം എന്നാണ് അനുയായികള്‍ പരിചയപ്പെടുത്തുന്നത്. ഇസ്‌ലാമിന്റെ പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യാറുണ്ടെങ്കിലും മുസ്‌ലിം മുഖ്യധാര അതംഗീകരിക്കുന്നില്ല. ഖാദിയാനികള്‍, മുസ്‌ലിംകള്‍ തന്നെയല്ലെന്നാണ് മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായം. ബാബിസം, ബഹായിസം എന്നിവയെ പോലെ ഒരു സ്വതന്ത്ര മതമാണ് ഖാദിയാനിസം. വേറൊരു മതം എന്നതില്‍ ബഹായികള്‍ അഭിമാനിക്കുമ്പോള്‍, ഇസ്‌ലാമിനു മേല്‍ ഇത്തിക്കണ്ണി പോലെ നില്‍ക്കാനാണ് ഖാദിയാനികള്‍ ഇഷ്ടപ്പെടുന്നതെന്നുമാത്രം.

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ പെടുന്ന ഖാദിയാന്‍ ഗ്രാമത്തില്‍ ജനിച്ച മീര്‍സാ ഗുലാം അഹ്മദ് (1839-1908) ആണ് സ്ഥാപകന്‍. മുഗള വംശ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ജനിച്ചതെങ്കിലും ഫാത്വിമ(റ)യുടെ സന്താന പരമ്പരയില്‍ ജനിച്ചു എന്നാണ് പിന്നീട് അവകാശപ്പെട്ടത്. മൂന്നാമത്തെ പിതാമഹനായ മീര്‍സാ ഗുല്‍ മുഹമ്മദ് മുഗള്‍ ഭരണകാലത്ത് പഞ്ചാബിലെ 85 ഗ്രാമങ്ങളുടെ ഭരണാധികാരിയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പുത്രന്‍ മിര്‍സാ അത്വാ മുഹമ്മദും സിഖുകാരും തമ്മില്‍ നടന്ന ഒരു യുദ്ധത്തില്‍ ഇതെല്ലാം നഷ്ടപ്പെടുകയും ഖാദിയാനില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്തു. 1818-ല്‍ മഹാരാജാ രഞ്ജിത് സിംഗാണ് അവരെ മടങ്ങിവരാന്‍ അനുവദിച്ചതും അഞ്ചിലൊന്ന് ഗ്രാമങ്ങള്‍ വിട്ടുകൊടുത്തതും. ഭരണകൂടത്തിന്റെ പക്ഷം ചേര്‍ന്നു മുസ്‌ലിംകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും സൈനിക സഹായം നല്‍കുകയും ചെയ്തതായിരുന്നു കാരണം.

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുകയും അവര്‍ക്കു കുതിരപ്പടയാളികളെ നല്‍കി സഹായിക്കുകയും ചെയ്തവരാണ് മീര്‍സയുടെ കുടുംബം. ഇക്കാര്യം മീര്‍സ തന്നെ പലപ്പോഴും അഭിമാനത്തോടെ എടുത്തു പറഞ്ഞിട്ടുണ്ട്. പിന്നീട് പുതിയ മതവുമായി രംഗപ്രവേശം ചെയ്തപ്പോള്‍ അദ്ദേഹത്തിനു ബ്രിട്ടീഷുകാര്‍ നല്‍കിയ അളവറ്റ പിന്തുണയും പ്രോല്‍സാഹനവും അതിന്റെ ശേഷവിശേഷങ്ങളില്‍ പെടുന്നു. പ്രവാചകനാണെന്ന അവകാശവാദത്തിലൂടെ വിവാദനായകനായി മാറിയ മിര്‍സ പെട്ടെന്നൊരു സുപ്രഭാതത്തില്‍ നടത്തിയ പ്രഖ്യാപനമായിരുന്നില്ല അത്. ആസൂത്രിതമായ നീക്കങ്ങളിലൂടെ ജനങ്ങളെ തന്നിലേക്ക് ആകര്‍ഷിക്കുകയും ഘട്ടം ഘട്ടമായി പുതിയ വാദങ്ങള്‍ പുറത്തെടുക്കുകയുമായിരുന്നു. ഇസ്‌ലാമിന്റെ ശക്തനായ സംരക്ഷകനായിട്ടാണ് ആദ്യം വേഷമിട്ടത്. ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ പൂര്‍ണമായും അടിച്ചമര്‍ത്തപ്പെട്ട പഞ്ചാബിലെയും മറ്റും മുസ്‌ലിംകളെ ശത്രുക്കള്‍ പരമാവധി ചൂഷണം ചെയ്തു. സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യ സമാജവും ക്രൈസ്തവ മിഷണറിയും ഇസ്‌ലാമിനു നേരെ രൂക്ഷ വിമര്‍ശനങ്ങളും ആരോപണങ്ങളും എയ്തുവിട്ടു. ഇസ്‌ലാമിനെ ഇകഴ്ത്തിക്കെട്ടുന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടത്തി.

ഈ ഘട്ടത്തില്‍ ആര്യ സമാജത്തെയും ക്രിസ്ത്യന്‍ മിഷണറിയെയും പ്രതിരോധിക്കാന്‍ മീര്‍സ മുന്നിട്ടിറങ്ങി. ഇതര മതഗ്രന്ഥങ്ങളില്‍ അവഗാഹം നേടിയ അദ്ദേഹം സംവാദങ്ങളിലൂടെയും മറ്റും അവരെ നേരിടുകയും വെല്ലുവിളിക്കുകയും ചെയ്തു. സ്വാഭാവികമായും മുസ്‌ലിംകള്‍ അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയും ബഹുമാനാദരവുകള്‍ നല്‍കുകയും ചെയ്തു. ഇതര മതക്കാരുടെ വൈരുധ്യങ്ങളും വൈകല്യങ്ങളും തുറന്നുകാണിക്കുന്ന മീര്‍സയുടെ ശൈലി പണ്ഡിതന്മാരെ പോലും വശത്താക്കി. അഹ്‌ലേ ഹദീസ് നേതാവായ മുഹമ്മദ് ഹുസൈന്‍ പട്ടാലവി തന്റെ ഇശാഅത്തുസ്സുന്ന വാരികയിലൂടെ മീര്‍സയെ വാനോളം പുകഴ്ത്തി. വിശ്വാസികള്‍ സാമ്പത്തികമായും മറ്റും സഹായിക്കാനും കൊണ്ടുനടക്കാനും തുടങ്ങി. ജനങ്ങള്‍ തന്റെ വലയില്‍ വീഴുന്നുണ്ടെന്നു മനസ്സിലാക്കിയ മീര്‍സ, അപകടകരമായ ഓരോ വാദങ്ങള്‍ പതുക്കെ പുറത്തെടുക്കാന്‍ തുടങ്ങി. ഇതിലെ അപകടങ്ങള്‍ തിരിച്ചറിഞ്ഞ പണ്ഡിതന്മാരില്‍ പലരും അദ്ദേഹത്തിന്റെ 'ഇസ്‌ലാമിക പ്രതിരോധ'ത്തെ ഓര്‍ത്ത് നിശബ്ദത പാലിക്കുകയായിരുന്നു. എന്നാല്‍ ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു നാടകത്തിന്റെ ആമുഖമായിരുന്നു എന്ന് സമൂഹം തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു. ക്രിസ്ത്യന്‍ മിഷണറിക്കും ആര്യസമാജത്തിനുമെതിരെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളൊന്നും ആത്മാര്‍ത്ഥമായിരുന്നില്ലെന്നും മുസ്‌ലിംകളെ വശീകരിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും പില്‍ക്കാലത്ത് മീര്‍സ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്നെ വിവരിക്കുന്നത് കാണുക:

''ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആത്മാര്‍ത്ഥതയുള്ളവരാകണമെന്നും അവരുമായി സമരം ചെയ്യരുതെന്നും അവരെ പിന്തുണക്കണമെന്നും ഞാന്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവ്വിഷയകമായി അറബി, ഉര്‍ദു, ഇംഗ്ലീഷ്, ഫാര്‍സി ഭാഷകളിലായി ഞാന്‍ ധാരാളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. 20 വര്‍ഷമായി ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളാണിതെല്ലാം. ഇന്ത്യയില്‍ മറ്റൊരു മുസ്‌ലിം കുടുംബത്തിനും ഇങ്ങനെ ചെയ്യാന്‍ സാധ്യമല്ല. ഈ ഗവണ്‍മെന്റിനോടുള്ള ആത്മാര്‍ത്ഥത കൊണ്ടല്ലാതെ സുദീര്‍ഘമായ ഇത്രയും കാലം ഇങ്ങനെ ചെയ്യുക സാധ്യമല്ല. മറ്റുള്ള മതക്കാരുമായി ഞാന്‍ സംവാദത്തിലേര്‍പ്പെടുന്നുവെന്നതും ക്രൈസ്തവ മിഷണറിക്കെതിരെ ഗ്രന്ഥരചന നടത്തി എന്നതും ശരിതന്നെ. ലുധിയാനയില്‍ നിന്നും പുറപ്പെടുന്ന നൂര്‍ അഫ്ശാന്‍ പോലുള്ള ചില ക്രിസ്ത്യന്‍ പത്രങ്ങള്‍ ഇസ്‌ലാമിനെ നിശിതമായി വിമര്‍ശിക്കുകയും മുഹമ്മദ് നബിയെക്കുറിച്ച് പല ദുരാരോപണങ്ങളും ഉന്നയിക്കുകയും ചെയ്തപ്പോള്‍ അത് മുസ്‌ലിം വികാരം ഇളക്കിവിടുകയും അവരെ വേദനിപ്പിക്കുകയും ചെയ്തു. അപ്പോള്‍ നാട്ടില്‍ സമാധാനം നഷ്ടപ്പെടരുതെന്നു കരുതിയാണ് അവരെഴുതിയ അത്രയും കടുത്ത ഭാഷയില്‍ തന്നെ അവര്‍ക്കു മറുപടി എഴുതിയത്.'' (തിര്‍യാഖുല്‍ ഖുലൂബ്: 307) ''മുസ്‌ലിംകളെ തന്ത്രപൂര്‍വ്വവും വിനയത്തോടെയും വശീകരിക്കുകയും വിപ്ലവ വാഞ്ച അവരില്‍ നിന്നൊഴിവാക്കുകയുമായിരുന്നു ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ നിശിത വിമര്‍ശനമുയര്‍ത്താന്‍ എന്നെ പ്രേരിപ്പിച്ചത്.'' (അതേ പുസ്തകം: 308)

പരിണാമ ഘട്ടങ്ങള്‍

സമുദായത്തെ സമുദ്ധരിക്കാന്‍ നിയുക്തനായ മുജദ്ദിദ് (നവോത്ഥാന നായകന്‍) ആണെന്നു വാദിച്ചുകൊണ്ടാണ് മീര്‍സാ ഗുലാം അഹ്മദിന്റെ രംഗപ്രവേശം. പിന്നീടത് പരിണമിച്ചു വാഗ്ദത്ത മഹ്ദി, ഈസാ മസീഹ്, പ്രവാചകന്റെ പ്രതിപുരുഷന്‍, പ്രവാചക ശ്രേഷ്ഠന്‍, ദൈവാവതാരം, യഥാര്‍ത്ഥ ദൈവം എന്നീ വാദങ്ങളിലൂടെ കടന്നുപോകുന്നു. വിശ്വാസികളെ ഘട്ടം ഘട്ടമായി വളച്ചു വശീകരിക്കുന്ന മീര്‍സയുടെ ഈ പരിണാമ ഘട്ടങ്ങളിലെല്ലാം നിറയെ വൈരുധ്യവും വൈകല്യവും കണ്ടെത്താനാകും. പക്വമതിയായ ഒരാള്‍ക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നതിലുമപ്പുറമായിരുന്നു അയാളുടെ ജല്‍പനങ്ങള്‍. 1879 മുതല്‍ 1891 വരെയുള്ള കാലഘട്ടം മീര്‍സയുടെ പരിണാമത്തിന്റെ പ്രഥമ ദശയാണ്. ഇക്കാലത്താണ് താന്‍ മുജദ്ദിദാണെന്ന് മീര്‍സ സ്വയം വിശേഷിപ്പിച്ചത്. 'ഓരോ നൂറ്റാണ്ടിലും സമുദായത്തെ സമുദ്ധരിക്കാന്‍ ഒരു മുജദ്ദിദിനെ അല്ലാഹു നിയോഗിക്കും' എന്ന ഹദീസില്‍ പിടിച്ചുകൊണ്ട് ഹിജ്‌റ പതിനാലാം നൂറ്റാണ്ടിലെ മുജദ്ദിദാണ് താനെന്ന് വാദിച്ചു. 1879-ല്‍ എഴുതിയ 'ബറാഹീനെ അഹ്മദിയ്യ' എന്ന ഗ്രന്ഥത്തിലൂടെയാണ് ഈ വാദത്തിനു തുടക്കം കുറിച്ചത്. ഇസ്‌ലാമിന്റെ മഹത്വം, ഖുര്‍ആനിന്റെ അമാനുഷികത, മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം എന്നിവയാണ് ഇതിലെ മുഖ്യ പ്രമേയം.

പുതിയ പ്രവാചകത്വത്തിന്റെ ആവശ്യകതയെ അതില്‍ നിരാകരിക്കുന്നുണ്ട്. വലിയ അവകാശവാദത്തോടുകൂടിയാണ് 'ബറാഹീനേ അഹ്മദിയ്യ'യുടെ രചന ആരംഭിക്കുന്നത്. ഇസ്‌ലാം സത്യമാണെന്നു സമര്‍ത്ഥിക്കുന്ന, മുന്നൂറ് തെളിവുകളോടുകൂടിയ, അന്‍പത് വാള്യങ്ങളുള്ള മഹാഗ്രന്ഥമായിരിക്കുമതെന്ന് തുടക്കത്തിലേ മീര്‍സ അവകാശപ്പെട്ടു. അതു വിളംബരം ചെയ്തുകൊണ്ട് രാജാക്കന്മാര്‍ക്കും മറ്റും കത്തുകളയക്കുകയും അതിലെ തെളിവുകളെ ഖണ്ഡിക്കാന്‍ മറ്റുള്ളവരെ വെല്ലുവിളിക്കുകയും ചെയ്തു. പ്രസിദ്ധീകരണത്തിനു വേണ്ടി വലിയൊരു സംഖ്യ മുന്‍കൂറായി സ്വീകരിച്ചു. അങ്ങനെ 1884 വരെ അതിന്റെ നാലു വാള്യങ്ങള്‍ പുറത്തിറങ്ങി. പക്ഷേ, വായനക്കാരെ നിരാശപ്പെടുത്തുന്നതായിരുന്നു അതിന്റെ ശൈലി. ഗ്രന്ഥത്തിന്റെ മൂന്ന്, നാല് ഭാഗങ്ങളില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അംഗീകരിക്കാന്‍ മുസ്‌ലിംകളെ പ്രേരിപ്പിക്കുകയും അവരോട് ആത്മാര്‍ത്ഥമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയുമാണ്. പിന്നീട് അതിന്റെ അഞ്ചാം വാള്യം 1905-ലാണ് പ്രസിദ്ധീകരിച്ചത്. അതോടെ അതവസാനിക്കുകയും ചെയ്തു. അമ്പത് വാള്യം അഞ്ചായി ചുരുക്കിയതിനെ ന്യായീകരിച്ചുകൊണ്ട് അഞ്ചാം ഭാഗത്തിന്റെ തുടക്കത്തില്‍ മീര്‍സ പറയുന്നതിങ്ങനെ:

''ഇസ്‌ലാമിന്റെ സത്യസന്ധത തെളിയിക്കുന്നതിനായി മുന്നൂറ് തെളിവുകള്‍ കൊണ്ടുവരുമെന്ന് പറഞ്ഞതില്‍ നിന്നും ഞാന്‍ പിന്മാറിയിരിക്കുന്നു. ഈ ഗ്രന്ഥം 50 വാള്യങ്ങളിലായി പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഞാനിപ്പോള്‍ അതഞ്ചാക്കി ചുരുക്കുകയാണ്. അന്‍പതിന്റെയും അഞ്ചിന്റെയും ഇടയിലുള്ള അന്തരം വെറും ഒരു പൂജ്യം ആയതിനാല്‍ അഞ്ചു വാള്യം പൂര്‍ത്തിയാക്കിക്കൊണ്ട് ഞാന്‍ എന്റെ വാഗ്ദാനം പാലിച്ചിരിക്കുന്നു.'' (ബറാഹീന്‍: 5/71, സീറത്തുല്‍ മഹ്ദി: 1/112) വലിയ പരസ്യപ്പെടുത്തലുകള്‍ക്കു ശേഷം രചിക്കപ്പെട്ട മീര്‍സയുടെ പ്രധാന ഗ്രന്ഥത്തിന്റെ അവസ്ഥയാണിത്. മുന്നൂറ് തെളിവുകളിലൂടെ സമര്‍ത്ഥിക്കുമെന്ന് അവകാശപ്പെട്ട ഗ്രന്ഥകര്‍ത്താവിന് ഒന്നുപോലും പൂര്‍ണമായി സമര്‍ത്ഥിക്കാന്‍ സാധിച്ചില്ല. ഈ വസ്തുത അദ്ദേഹത്തിന്റെ പുത്രന്‍ ബശീര്‍ അഹ്മദ് തന്നെ പറഞ്ഞിട്ടുണ്ട്. ''വാഗ്ദാനം ചെയ്ത 300 തെളിവുകളില്‍ നിന്ന് ഒന്നു മാത്രമേ ഇതില്‍ പറഞ്ഞിട്ടുള്ളൂ. ആ ഒരു തെളിവു തന്നെ പൂര്‍ണമായി പറഞ്ഞിട്ടുമില്ല.'' (സീറത്തുല്‍ മഹ്ദി: 1/116) ഇല്‍ഹം, സ്വപ്നം എന്നിവയിലൂടെ അല്ലാഹു തന്നോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു എന്ന് ഇക്കാലയളവില്‍ മീര്‍സ വാദിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പ്രതിരോധക വേഷം കാരണം അതൊരു കോളിളക്കത്തിനു വഴിവെച്ചില്ല. 1888-ല്‍ തന്നെ ബൈഅത്ത് ചെയ്യാന്‍ മുസ്‌ലിംകളോട് അഭ്യര്‍ത്ഥിക്കുകയും പിറ്റേ വര്‍ഷം മുതല്‍ ബൈഅത്ത് സ്വീകരിക്കുകയും ചെയ്തു. സമുദായത്തിലേക്ക് നിയോഗിക്കപ്പെട്ട ഒരു മുജദ്ദിദ് മാത്രമാണെന്നും തനിക്ക് ഇല്‍ഹാം ലഭിക്കുന്നുണ്ടെന്നുമായിരുന്നു അപ്പോഴും അദ്ദേഹം വാദിച്ചിരുന്നത്.

മസീഹ് വാദം

1879 മുതല്‍ മുജദ്ദിദിന്റെ വേഷം കെട്ടിയ മീര്‍സ 1891-ല്‍ മസീഹിന്റെ കോലം സ്വീകരിച്ചു രംഗത്തെത്തി. പെട്ടെന്ന് താന്‍ ഈസാ മസീഹാണെന്നു പറഞ്ഞാല്‍ ജനം തിരസ്‌കരിക്കുമെന്നു തിരിച്ചറിഞ്ഞ മീര്‍സ, ആദ്യം മസീലേ മസീഹ് (മസീഹിന്റെ സദൃശ്യന്‍) എന്നാണ് വാദിച്ചത്. തന്റെ 'ഇസാലേ ഔഹാ'മില്‍ അദ്ദേഹം പറയുന്നു: ഞാന്‍ മര്‍യമിന്റെ പുത്രന്‍ മസീഹാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അല്ലാഹുവിന്റെ മേല്‍ കളവ് ചമച്ചുണ്ടാക്കലാണ്. ഞാന്‍ മസീഹിന്റെ വെറും സദൃശ്യനാണെന്നും അദ്ദേഹത്തിലുണ്ടാകുന്ന പ്രത്യേകതകള്‍ എന്നിലും ഉണ്ടാകും എന്നും മാത്രമേ ഞാന്‍ വാദിക്കുന്നുള്ളൂ.'' (ഈസാലേ ഔഹാം: 79) പിന്നീട് ഈ വാദത്തില്‍ നിന്ന് കുറച്ചുകൂടി മുന്നോട്ടു പോയി താന്‍ യഥാര്‍ത്ഥ മസീഹ് തന്നെയാണെന്നു മീര്‍സ വാദിക്കുകയുണ്ടായി. അദ്ദേഹം പ്രഖ്യാപിച്ചു: നിങ്ങള്‍ കാത്തിരിക്കുന്ന മസീഹ് ഞാന്‍ തന്നെയാണ്. നിങ്ങള്‍ക്കു യാതൊരു സംശയവും വേണ്ട. അല്ലാഹു എനിക്ക് മര്‍യമിന്റെ പുത്രന്‍ ഈസാ എന്നു പേരു വെച്ചിരിക്കുന്നു. (കിശ്തിയേ നൂഹ്: 81) ഈ വാദത്തിലൂടെ ഇസ്‌ലാമിക വിശ്വാസത്തിന്റെ കടയ്ക്കലാണ് മീര്‍സ കത്തിവെച്ചത്. ഇസ്‌ലാമിക വിശ്വാസ പ്രകാരം ആകാശത്തേക്ക് ഉയര്‍ത്തപ്പെട്ട പ്രവാചകനാണ് ഈസാ(അ).

അദ്ദേഹം ക്രൂശിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തിട്ടില്ല. ശത്രുക്കളില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തി ആകാശത്തേക്കുയര്‍ത്തിയ ആ പ്രവാചകന്‍ അവസാന കാലത്ത് ഭൂമിയിലേക്ക് ഇറങ്ങിവരുമെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഡമസ്‌ക്കസിന്റെ കിഴക്കുള്ള വെള്ളമിനാരത്തിന് മേല്‍ രണ്ടു മഞ്ഞ തട്ടം ധരിച്ചുകൊണ്ടാണ് ഈസാ(അ) ഇറങ്ങുക എന്നും ദജ്ജാലിനെ കൊല്ലുമെന്നും ഹദീസുകളില്‍ കാണാം. മസീഹാണെന്നു വാദിച്ചു രംഗത്തെത്തിയ മീര്‍സയാകട്ടെ, വൈരുധ്യാത്മക വാദങ്ങളാണ് ഇവിടെ ഉയര്‍ത്തിയത്. ക്രൂശിക്കപ്പെട്ട മസീഹിനെ മൂന്നാം ദിവസം കുരിശില്‍ നിന്നിറക്കിയപ്പോള്‍ അദ്ദേഹം മരിച്ചിരുന്നില്ല. റോമന്‍ പട്ടാളക്കാരും ജൂതന്മാരും മരിച്ചതായി തെറ്റിദ്ധരിച്ചതാണ്. അവര്‍ അദ്ദേഹത്തെ ശവക്കല്ലറയില്‍ അടക്കിയെങ്കിലും അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റ് ഓടി രക്ഷപ്പെട്ടു. അങ്ങനെ ഇന്ത്യയിലെത്തുകയും കാശ്മീരില്‍ താമസമാക്കുകയും ചെയ്തു. അവിടെ വെച്ചാണ് മരണപ്പെട്ടത്... ഇങ്ങനെ പോകുന്നു മീര്‍സയുടെ ജല്‍പനങ്ങള്‍. ശ്രീനഗറിലെ ഖാന്‍യാന്‍ പ്രദേശത്തെ ഒരു സിദ്ധന്റെ ഖബര്‍ ചൂണ്ടിക്കാട്ടി അത് ഈസാ(അ)യുടേതാണെന്നു ഇയാള്‍ വാദിക്കുന്നു. മസീഹാണെന്നു വാദിച്ച മീര്‍സ ഒരേ സമയം ഈസാ(അ) വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ ചെയ്തിട്ടില്ല, ആകാശത്തേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു എന്ന ഖുര്‍ആന്‍ വചനത്തെ നിഷേധിക്കുകയും എന്നാല്‍ ഈസ(അ)യുടെ പുനരാഗമനവുമായി ബന്ധപ്പെട്ട ഹദീസുകളെ ഉപയോഗപ്പെടുത്തുകയുമായിരുന്നു. ഹദീസില്‍ പരാമര്‍ശിച്ച മസീഹും വേഷം കെട്ടിയ മീര്‍സയും തമ്മില്‍ വിദൂര ബന്ധം പോലുമില്ലെന്നതാണ് വാസ്തവം. ചരിത്ര പ്രസിദ്ധമായ ഡമാസ്‌കസിലെ അമവിയ്യാപള്ളിയുടെ വെള്ളമിനാരത്തിലായിരിക്കും ഈസാ(അ)യുടെ ആഗമം.

മീര്‍സ ജനിച്ചതാകട്ടെ പഞ്ചാബിലെ ഖാദിയാനിലും. ആകാശത്തു നിന്നിറങ്ങുന്നതിനു പകരം ചിറാഗ് ബീവിയുടെ മകനായി ജനിക്കുകയായിരുന്നു അദ്ദേഹം. ഹദീസില്‍ പരാമര്‍ശിച്ച രണ്ടു മഞ്ഞ വസ്ത്രങ്ങള്‍ക്കു മീര്‍സ നല്‍കിയ വിശദീകരണം താന്‍ അനുഭവിക്കുന്ന രണ്ടു മാറാരോഗങ്ങള്‍ എന്നാണ്; ഒന്ന് തല ചുറ്റലും; മറ്റൊന്ന് മൂത്രമൊലിപ്പും! ഹദീസിലെ വെള്ള മിനാരം ഖാദിയാനിലില്ലാത്തതുകൊണ്ട് അതുപരിഹരിക്കാന്‍ 1900-ല്‍ പൊതു പിരിവ് നടത്തി ഒരു മിനാരമുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1903-ല്‍ അതിനു തറക്കല്ലിട്ടെങ്കിലും നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് മീര്‍സ മരണപ്പെടുകയായിരുന്നു. ഇങ്ങനെ അറുവഷളന്‍ വിശദീകരണങ്ങളും നിലപാടുകളുമായി മസീഹായി വേഷം കെട്ടാന്‍ ശ്രമിക്കുന്ന മീര്‍സാ ഗുലാം അഹ്മദിനെയാണ് ഖാദിയാനി ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്നത്. ഈസ(അ)യുടെ ആഗമനത്തിനു മുമ്പ് ഇമാം മഹ്ദി പ്രത്യക്ഷപ്പെടുമെന്ന് ഹദീസുകളില്‍ കാണാം. ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ മഹ്ദിയും മസീഹും ഒരാള്‍ തന്നെയാണെന്നും എന്റെ രംഗപ്രവേശത്തോടെ അതു പൂര്‍ത്തിയായിരിക്കുന്നുവെന്നും വാദിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു മിര്‍സ. മസീഹും മഹ്ദിയും ഒരാള്‍ തന്നെയാണെന്ന ബാബികളുടെയും ബഹായികളുടെയും വാദം അപ്പടി സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മസീഹായി വേഷം കെട്ടാന്‍ മീര്‍സയെ പ്രേരിപ്പിച്ചത് ബ്രിട്ടീഷുകാരുടെ മെഗാഫോണായിരുന്ന നൂറുദ്ദീന്‍ ബുഹൈറവിയാണെന്നു ഖാദിയാനീ രേഖകളില്‍ നിന്നു മനസ്സിലാക്കാം.

സിയാല്‍കോട്ട് കോടതിയില്‍ ജോലി ചെയ്യുമ്പോഴാണ് മീര്‍സ ഇയാളുമായി പരിചയപ്പെടുന്നത്. പിന്നീട് ആത്മസുഹൃത്തും ഖലീഫയുമായി മാറിയ നൂറുദ്ദീന്‍, പറഞ്ഞു: 'താങ്കള്‍ വാഗ്ദത്ത മസീഹാണെന്നു പ്രഖ്യാപിക്കണം. അതിനുള്ള യോഗ്യത താങ്കള്‍ക്കുണ്ട്. താങ്കളുടെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചതോടുകൂടി ജനങ്ങള്‍ മസീഹിനെ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരിക്കുകയാണ്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് മസീഹ് വാദം. തുടര്‍ന്ന് അവര്‍ തമ്മില്‍ നടന്ന സംസാരത്തില്‍ മീര്‍സ പറഞ്ഞു: ബലഹീനനായ എനിക്ക് മസീഹായി അവതരിക്കാനുള്ള യോഗ്യതയില്ല. അതിനാഗ്രഹവുമില്ല. മറിച്ച് ജനങ്ങളെ നേര്‍വഴിക്കു നടത്താനുള്ള ഒരു പരിഷ്‌കര്‍ത്താവിന്റെ സ്ഥാനമേ എനിക്കുള്ളൂ.' (മക്തൂബാത്തേ അഹ്മദിയ്യ: 5/85) ഇതിനു ശേഷം നൂറുദ്ദീന്റെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് മസീഹ് വേഷം ധരിച്ചുകൊണ്ട് മീര്‍സ പ്രത്യക്ഷപ്പെടുന്നതും അതിനനുസരിച്ച് വാദങ്ങള്‍ ഉന്നയിക്കുന്നതും. സുഹൃത്തിന്റെ നിരന്തര പ്രേരണ കാരണം തനിക്കു മസീഹാകാന്‍ യോഗ്യതയുണ്ടെന്നു സ്വയം മനസ്സിലാക്കുകയായിരുന്നു പാവം മീര്‍സ!

'പ്രവാചക'നാകുന്നു

1891 മുതല്‍ 1900 വരെ മഹ്ദിയും മസീഹുമായി അഭിനയിച്ച മീര്‍സ അവസാനം നബിയാകാന്‍ തന്നെ തീരുമാനിച്ചു. 1900 ഓഗസ്റ്റില്‍ ഖാദിയാനിലെ പള്ളിയില്‍ വെച്ച് മൗലവി അബ്ദുല്‍ കരീം നടത്തിയ ജുമുഅ ഖുത്തുബയിലാണ് അതിന്റെ ആദ്യ വിളംബരം നടന്നത്. ''മിര്‍സാ ഗുലാം അഹ്മദ് അല്ലാഹുവിന്റെ ദൂതനാണ്. അദ്ദേഹത്തെ വിശ്വസിക്കല്‍ നിര്‍ബന്ധവുമാണ്. എല്ലാ പ്രവാചകന്മാരെ കൊണ്ടും വിശ്വസിക്കുകയും ഇദ്ദേഹത്തെ കൊണ്ട് അവിശ്വസിക്കുകയും ചെയ്യുന്നവര്‍ ഖുര്‍ആന്‍ വചനങ്ങള്‍ക്ക് വിപരീതം പ്രവര്‍ത്തിക്കുന്നവരാണ്.'' അബ്ദുല്‍ കരീം പ്രഖ്യാപിച്ചു. അപ്രതീക്ഷമായ ഈ പ്രഖ്യാപനം ജനങ്ങളെ മുഴുവന്‍ അത്ഭുതപ്പെടുത്തി. മീര്‍സയുടെ ഉറ്റ സുഹൃത്ത് മുഹമ്മദ് ഹസന്‍ അംറോഗിക്കു പോലും അതുള്‍കൊള്ളാനായില്ല. അടുത്ത വെള്ളിയാഴ്ച അബ്ദുല്‍ കരീം വീണ്ടും അതാവര്‍ത്തിക്കുകയും മീര്‍സയിലേക്ക് തിരിഞ്ഞുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു. ''നിങ്ങള്‍ നബിയും റസൂലുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ എന്നെ തിരുത്തുക'' നിസ്‌കാരാനന്തരം പിരിഞ്ഞു പോകുമ്പോള്‍ അബ്ദുല്‍ കരീം, മീര്‍സയെ പിടിച്ചു നിര്‍ത്തി ഒരു തീരുമാനം പറയണമെന്നാവശ്യപ്പെട്ടു. അപ്പോള്‍ അതംഗീകരിക്കുകയും അതു തന്നെയാണ് എന്റെ വിശ്വാസവും വാദവുമെന്ന് മീര്‍സ പറയുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത മുഹമ്മദ് ഹസന്‍ അംറോഗി, അബ്ദുല്‍ കരീമുമായി തര്‍ക്കിച്ചുകൊണ്ടിരിക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങി വന്നു ''സത്യവിശ്വാസികളെ, നിങ്ങളുടെ ശബ്ദം നബിയുടെ ശബ്ദത്തേക്കാള്‍ ഉയര്‍ത്തരുത്'' എന്ന ഖുര്‍ആന്‍ വചനം ഓതി.

ഇതായിരുന്നു പ്രവാചകത്വ വാദത്തിന്റെ തുടക്കം. മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനാണെന്നും അതിനു ശേഷം മറ്റൊരു പ്രവാചകന്‍ വരികയില്ലെന്നും പ്രസ്തുത കവാടം അടക്കപ്പെട്ടതാണെന്നും മുമ്പ് തെളിവുകളുദ്ധരിച്ചു സമര്‍ത്ഥിച്ചയാളായിരുന്നു മിര്‍സ. പുതിയ വേഷംകെട്ടലിലൂടെ അതെല്ലാം ദുര്‍ബലമായിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകത്വ വാദത്തില്‍ തന്നെ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ മീര്‍സ കടന്നുപോയതായി കാണാം. അതിങ്ങനെ സംഗ്രഹിക്കാം.

1.     മുഹദ്ദസ്: അല്ലാഹുവില്‍ നിന്ന് വര്‍ത്തമാനം പറയപ്പെടുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മുഹദ്ദസാണ് ഞാന്‍ എന്നായിരുന്നു തുടക്കത്തില്‍ മീര്‍സയുടെ വാദം. ''അല്ലാഹുവിന്റെ കല്‍പന പ്രകാരം മുഹദ്ദസാണെന്നേ ഞാന്‍ വാദിക്കുന്നുള്ളൂ. ഞാന്‍ നബിത്വ വാദിയല്ല. എന്നാല്‍ മുഹദ്ദസില്‍ പ്രവാചകത്വത്തിന്റെ ഭാഗിക ശക്തിയുണ്ടെന്നതില്‍ സംശയം വേണ്ട.'' (ഇസാലയേ ഔഹാം: 422) 2.     ഉമ്മത്തീ നബി: ദൈവം എന്നെ നബിയെന്നു പല പ്രാവശ്യം സംബോധനം ചെയ്തു. ഞാന്‍ ഒരു നിലയില്‍ നബിയും മറ്റൊരു വശത്ത് സമുദായത്തിലെ ഒരു വ്യക്തിയുമാണ്. (ഹഖീഖത്തുല്‍ വഹ്‌യ്: 149) 3.     ശരീഅത്തില്ലാത്ത നബി: ''മുഹമ്മദ് നബിയുടേത് അല്ലാത്ത മുഴുവന്‍ നുബുവ്വത്തുകളും അവസാനിച്ചു. അതുകൊണ്ട് ശരീഅത്തുമായി ഇനി ഒരു നബിയും വരില്ല. മുന്‍കാലങ്ങളില്‍ വന്ന ശരീഅത്തില്ലാത്ത നബിമാരെല്ലാം ശരീഅത്തുള്ളവരുടെ സമുദായമായിരുന്നു. ആ നിലയില്‍ ഞാനും മുഹമ്മദീയ സമുദായത്തില്‍ പെട്ട ഒരു വ്യക്തിയും പ്രവാചകനുമാണ്.'' (അത്തജല്ലിയാത്തുല്‍ ഇലാഹിയ്യ: 21) 4.     ശരീഅത്തീ നബി: ''ശരീഅത്ത് എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ വഹ്‌യനുസരിച്ചുള്ള കല്‍പനകളും നിരോധനകളും നിയമ സംഹിതയുമാണത്. അല്ലാഹുവാണ് ശരീഅത്തിന്റെ ഉടമ. എനിക്ക് അവന്‍ നല്‍കിയ വഹ്‌യില്‍ കല്‍പനകളും നിരോധനകളുമുണ്ട്.'' (അല്‍ അര്‍ബഈന്‍: 4/83) 5.     നിഴല്‍ നബി: സ്വതന്ത്ര പ്രവാചകത്വം (ഹഖീഖിനുബുവ്വത്ത്) പ്രവാചകത്വത്തിന്റെ ഒരു ഇനമായതുപോലെ നിഴല്‍ പ്രവാചകത്വം (സില്ലീനുബുവ്വത്ത്) പ്രവാചകത്വത്തിന്റെ ഇനങ്ങളില്‍ ഒന്നാണ്. വാഗ്ദത്ത മസീഹ് സില്ലീ നബിയായത് കൊണ്ട് പ്രവാചകത്വം ഇല്ലെന്നര്‍ത്ഥമില്ല. യഥാര്‍ത്ഥ നബിക്കുള്ള അവകാശങ്ങളെല്ലാം നിഴല്‍ നബിക്കുമുണ്ട്.'' (കലിമത്തുല്‍ ഫസ്ല്‍: 118) 6.     അവതാര നബി: ''ഞാന്‍ മുഹമ്മദ് നബിയുടെ അവതാരമാണ്.

20 വര്‍ഷം മുമ്പ് മുഹമ്മദ് എന്നും അഹ്മദ് എന്നും ബാറാഹീനേ അഹ്മദിയ്യയില്‍ അല്ലാഹു എനിക്ക് പേര് വെച്ചിരിക്കുന്നു. മുഹമ്മദ് നബിയുടെ ശരീരമാകുന്നു ഞാന്‍.'' (പൈഗാമേ സുല്‍ഹ് പത്രം) 7.     സംയുക്ത നബി: ''മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെയെല്ലാം പേരുകള്‍ എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ഞാന്‍ ആദമാണ്. നൂഹ്, ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ്, ഇസ്മാഈല്‍, മൂസാ, ദാവൂദ്, ഈസാ, മുഹമ്മദ് എന്നിവരെല്ലാമാണ്. അഥവാ അവരുടെയെല്ലാം അവതാരമാണ്.'' (തക്മിലത്തു ഹഖീഖത്തുല്‍ വഹ്‌യ: 84) മുഹമ്മദ് നബി(സ) ഖാത്തമുന്നബിയ്യീന്‍ ആണെന്നും അതോടെ പ്രവാചകത്വ ശൃംഖലക്കു പരിസമാപ്തി കുറിക്കപ്പെട്ടുവെന്നുമുള്ള ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറ മാന്തുകയായിരുന്നു പ്രവാചകത്വ വാദത്തിലൂടെ മീര്‍സ. തന്റെ പ്രവാചകത്വം ചോദ്യം ചെയ്തവര്‍ക്കു മുമ്പില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സാധിക്കാതെ പരുങ്ങിയ മീര്‍സ, വിവിധ ന്യായീകരണങ്ങളൊപ്പിച്ചു വേഷം മാറാന്‍ ശ്രമിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇവിടെ കാണുന്നത്. അതിനിടയില്‍ വൈരുധ്യങ്ങളും വൈകല്യങ്ങളും കടന്നുവരുന്നത് പാവം പ്രവാചകന്‍ കണ്ടില്ലെന്നുമാത്രം! മുജദ്ദിദായി തുടങ്ങി മഹ്ദിയിലൂടെയും മസീഹിലൂടെയും പ്രവാചകനിലൂടെയും കടന്നുപോകുന്ന മീര്‍സയുടെ തിരക്കഥ ദൈവവാദ സിദ്ധാന്തത്തിലാണ് അവസാനിക്കുന്നത്. അതിനിടയില്‍ ഹിന്ദുമതത്തിലെ ശ്രീകൃഷ്ണനായും കല്‍ക്കിയായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. 1904-ലാണ് താന്‍ ശ്രീകൃഷ്ണനാണെന്ന് മീര്‍സ പ്രഖ്യാപിച്ചത്. അദ്ദേഹം പറയുന്നു:

''അല്ലയോ ശ്രീകൃഷ്ണാ-രൂദ്രഗോപാലാ എന്ന് അല്ലാഹു എന്നെ വഹ്‌യില്‍ വിളിച്ചു'' (ലക്ചര്‍ സിയാല്‍കേട്ട്: 33). ഇതേ മീര്‍സയാണ് പിന്നീട് താന്‍ ദൈവമാണെന്ന വാദവുമായി രംഗത്തെത്തിയത്. ''ഞാന്‍ അല്ലാഹുവാണെന്ന് സ്വപ്നത്തില്‍ കണ്ടു. ഞാനുറപ്പിച്ചു; ഞാന്‍ തന്നെയാണ് അല്ലാഹുവെന്ന്'' (ആയിനേ കലാമത്തേ ഇസ്‌ലാം: 564) ''മനുഷ്യനെ മണ്ണില്‍ നിന്നും സൃഷ്ടിക്കുന്നത് ഞാനാണ്.'' (അതേ പുസ്തകം: 565) ചിത്തതയും സ്ഥിരതയും നഷ്ടപ്പെട്ട മീര്‍സ അവസാനം എത്തിപ്പെട്ട ഇടം ഏതാണെന്നു വ്യക്തം. എന്നിട്ടും ഇതെല്ലാം ന്യായീകരിക്കാന്‍ വ്യഥാ ശ്രമം നടത്തുകയാണ് അനുയായികളിപ്പോഴും. ഇസ്‌ലാമിലെ മഹ്ദി, ക്രിസ്തുമതത്തിലെ മിശിഹാ, ഹിന്ദുമതത്തിലെ കല്‍ക്കി, ബുദ്ധമതത്തിലെ മൈത്രേയന്‍, സൊറോസ്റ്റര്‍ മതത്തിലെ മസിയോ ദര്‍ബമി എന്നിവരെല്ലാം ഒരു വ്യക്തിയാണെന്നും അത് സാക്ഷാല്‍ മീര്‍സാ ഗുലാം അഹ്മദാണെന്നും പ്രചരിപ്പിക്കുകയാണ് ഖാദിയാനി മതത്തിലെ പുതിയ തലമുറ. നാളെ എന്തൊക്കെ അവകാശവാദങ്ങളുമായി അവരിറങ്ങുമെന്ന് അവര്‍ക്കുപോലും അറിയില്ല. അത്രയും വിചിത്രമാണ് അവര്‍ ഉന്നയിക്കുന്ന വാദങ്ങളും ന്യായീകരണങ്ങളും. (മുഖ്യധാരയും വിഘടിത ചേരികളും)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter