ഓറിയന്റലിസവും നബി വിമര്‍ശനങ്ങളും

പ്രവാചകവിമര്‍ശനത്തിന് ഓറിയന്റലിസത്തിന്റെ അത്രതന്നെ പഴക്കമുണ്ട്. കാലക്രമേണ ശൈലിയില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ പല കാര്യങ്ങളും അന്നും ഇന്നും ഒന്നുതന്നെ. ആദ്യകാലത്ത് പ്രവാചകരെ കുറിച്ചോ ഇസ്‌ലാമിനെ കുറിച്ചോ ശരിക്ക് പഠിക്കാതെ അന്ധമായ അധിക്ഷേപമാണ് നടന്നിരുന്നത്. പില്‍ക്കാലത്ത് കാര്യക്ഷമമായി പഠിക്കുന്ന സ്ഥിതി വന്നു. ഇക്കാലത്ത് ഒരു പ്രധാന തന്ത്രം ഓറിയന്റലിസ്റ്റുകള്‍ പയറ്റിയിരുന്നു. പ്രവാചകചരിത്രം വസ്തുനിഷ്ഠമായി അവതരിപ്പിക്കുക, അതിനിടെ വായനക്കാര്‍ അറിയാതെ വിഷം കുത്തിവെക്കുക, ഇല്ലാത്ത ഉദ്ധരണികള്‍ ചേര്‍ത്തോ ഹദീസുകളുടെ പകുതി കളഞ്ഞോ രണ്ട് ഹദീസുകള്‍ ഒന്നാക്കിയോ ഒക്കെ ആയിരിക്കും ആ കളി.

ആര്‍ക്കും സംശയം തോന്നാത്ത വിധം എവിടെനിന്ന് എടുത്തതാണിതെന്ന് പോലും ചിലപ്പോള്‍ അനുബന്ധമായി ചേര്‍ത്തിരിക്കും. അബുല്‍ ഹസന്‍ നദ്‌വി പറയുന്നു: ''ഓറിയന്റലിസ്റ്റുകള്‍ അവരുടെ ഗ്രന്ഥങ്ങൡ കൃത്യമായ ഒരളവ് വിഷം കരുതിവെക്കും. ആ അളവില്‍ അല്‍പംപോലും കൂട്ടുകയോ കുറക്കുകയോ ചെയ്യില്ല. അതുകൊണ്ടുതന്നെ വായനക്കാരന്‍ പലപ്പോഴും അത് തിരിച്ചറിഞ്ഞെന്ന് വരില്ല.'' (അല്‍ ഇസ്‌ലാമു വല്‍ മുസ്തശ്‌രിഖൂന്‍ അബുല്‍ ഹസന്‍ നദ്‌വി, പേജ് 20)

എന്നാല്‍ ശരിക്ക് വിലയിരുത്തുമ്പോള്‍ ആ ഒരളവ് തന്നെ മതിയാകും പ്രവാചക ചരിത്രത്തെ ആകെ താറുമാറാക്കാന്‍. 'നബിയെപ്പറ്റി ഭീതി ജനിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമായും നടന്നത്. വാട്ട് പറയുന്നു: മുഖ്യശത്രുവിനെക്കുറിച്ച് (ഇസ്‌ലാം) ജനങ്ങളില്‍ ഭയം നിറക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ മധ്യ കാലഘട്ടത്തില്‍ നടന്നു. അടിസ്ഥാനമില്ലാത്തവയായിരുന്നു അവയിലധികവും. അങ്ങനെ അന്ധകാരത്തിന്റെ രാജാവായി മുഹമ്മദ് വിലയിരുത്തപ്പെട്ടു. 11-ാം നൂറ്റാണ്ടോടെ ഇസ്‌ലാമിനെ പറ്റി പ്രചരിപ്പിച്ച കള്ളക്കഥകള്‍ക്ക് വമ്പിച്ച സ്വീകാര്യത ലഭിച്ചു. (Mohamemd at madina -watt, p. 324 : 5)

19-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലിറങ്ങിയ ഫ്രഞ്ച് എന്‍സൈക്ലോപീഡിയ ലാറൗസ് നബിയെ പരിചയപ്പെടുത്തിയതിങ്ങനെ: ഒട്ടകക്കള്ളനായ തന്റെ നെറികെട്ട ജീവിതവും ദുര്‍വൃത്തികളും കാമാസക്തിയും തുടര്‍ന്നു പോപ്പിന്റെ സിംഹാസനത്തിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട കര്‍ദിനാളാണ് മുഹമ്മദ്. ഈ തോല്‍വിക്ക് പകരം വീട്ടാനാണ് മുഹമ്മദ് പുതിയൊരു മതം രൂപീകരിച്ചത്. വിചിത്രവും അധാര്‍മികവുമായ ഒട്ടേറെ ചിന്തകള്‍ അയാളുടെ മനസ്സിനെയും സ്വഭാവങ്ങളെയും കീഴടക്കിയിരുന്നു. ബഹോമറ്റിന്റെ The life of Mohammed ഈ തരത്തിലുള്ള എഴുത്തിന്റെ മറ്റൊരു ഉദാഹരണമാണ്. മുഹമ്മദ് നബിയെപ്പറ്റി റിനോള്‍ട്ടും ഫ്രാന്‍ കോയ്‌സും (1831) പുസ്തകങ്ങളും ആദ്യകാലത്ത് നബിയെപ്പറ്റി പ്രചരിപ്പിച്ചിരുന്ന കഥകളെക്കുറിച്ച് വ്യക്തമായ അറിവ് നല്‍കുന്നുണ്ട്.

പ്രവാചകചരിത്രം വ്യക്തമായി പഠിച്ചിട്ടുള്ള ദര്‍മിംഗാം തന്റെ സമകാലികര്‍ പ്രചരിപ്പിച്ചിരുന്ന അബദ്ധങ്ങളെപ്പറ്റി പറയുന്നു: നൂറ്റാണ്ടുകളോളം നീണ്ടുനിന്ന യുദ്ധം ഇരു മതങ്ങള്‍ക്കുമിടയിലെ തെറ്റിദ്ധാരണ വര്‍ദ്ധിപ്പിച്ചു. എങ്കിലും പാശ്ചാത്യരായിരുന്നു (ക്രിസ്ത്യാനികള്‍) ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ മുമ്പില്‍ നിന്നത്. ബൈസന്റിയന്‍ പക്ഷപാതികളായിരുന്ന ഇക്കൂട്ടര്‍ ഇസ്‌ലാമിനെ പറ്റി പഠിക്കാന്‍ സമയം ചെലവഴിച്ചു. അങ്ങനെ മഹോമറ്റ് (നബി(സ)) ഒട്ടക കള്ളനും ദുര്‍വൃത്തനും വ്യഭിചാരിയും ഇന്ദ്രജാലക്കാരനും കൊള്ളത്തലവനുമായി ചിത്രീകരിക്കപ്പെട്ടു. പന്നിമാംസവും മദ്യവും ഇസ്‌ലാമില്‍ എങ്ങനെയാണ് നിഷിദ്ധമായത് എന്ന് വിവരിച്ചുകൊണ്ട് ഗ്യൂബര്‍ട്ട് ഡി നോഗന്റ് പറയുന്നു:  അമിത മദ്യപാനം മൂലമാണ് മുഹമ്മദ് മരിച്ചത്.

ഒരു ചാണകക്കൂമ്പാരത്തിന്റെ മുകളില്‍ കിടന്നിരുന്ന മുഹമ്മദിന്റെ മൃതശരീരം പന്നികള്‍ ഭക്ഷിച്ചു. അങ്ങനെയാണ് പന്നിമാംസവും കള്ളും ഇസ്‌ലാമില്‍ നിരോധിക്കപ്പെട്ടത്. അമേരിക്കയിലെ സണ്‍ഡേ സ്‌കൂളുകളിലൊന്നില്‍ ഈ കഥ പ്രചരിച്ചത് മറ്റൊരു വിധത്തിലാണ്: മുഹമ്മദ് ഒരിക്കല്‍ മദ്യപിച്ച് നിലത്ത് വീണപ്പോള്‍ പന്നിയുടെ കടിയേറ്റു. അതോടെ പന്നിമാംസവും കള്ളും ഇസ്‌ലാമില്‍ നിഷിദ്ധമായി. മഹോമറ്റിനെ വിഗ്രഹഭജ്ഞകനും ഒരു സ്വര്‍ണപ്രതിമയായി തന്നെയും മുസ്‌ലിം പള്ളികളെ സര്‍വ്വദേവതകളും പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രങ്ങളായും ചിത്രീകരിക്കുന്ന ധാരാളം ഇതിഹാസ കാവ്യങ്ങള്‍ ഇക്കാലത്ത് പ്രചരിച്ചു.

അന്തിയോക്ക് ഗീതം (Song of  Antioch) മുഹമ്മദിനെ വിശേപ്പിക്കുന്നത് ചിത്രപ്പണികളുള്ള ഒരു സിംഹാസനത്തില്‍ ആനപ്പുറത്തിരിക്കുന്ന സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത വലിയ ഒരു പ്രതിമയായാണ്. മുസ്‌ലിംകളുടെ പ്രതിമകള്‍ വലിച്ചെറിയുന്ന ചാര്‍ലമാന്റെ പടയാളികളുടെ കഥ പറയുന്ന റോളന്റ് ഗീതം സാരസന്മാര്‍ (പ്രാചീന അറബ് മുസ്‌ലിംകളെ അങ്ങനെയാണ് വിളിച്ചിരുന്നത്. ഇബ്രാഹീം നബിയുടെ ഭാര്യ സാറാബീവിയിലേക്ക് ചേര്‍ത്താണ് അങ്ങനെ വിളിച്ചിരുന്നത്), ടെര്‍മാഗന്റ്, മാഹം, അപ്പോളോ എന്നീ ദൈവങ്ങളെ ആരാധിച്ചിരുന്നുവെന്നും പറയുന്നു. ലൂസിഫര്‍, പ്ലൂട്ടോ, ജൂപിറ്റര്‍, ഡയാന, ദജ്ജാല്‍.. തുടങ്ങി മുസ്‌ലിംകള്‍ ആരാധിച്ചിരുന്ന(?) മുപ്പതോളെ വിഗ്രഹങ്ങളുടെ പേരുകള്‍ ഈ ഗീതം എണ്ണിപ്പറയുന്നുണ്ട്. (R.W. സൗതേണ്‍, വെസ്റ്റേണ്‍ വ്യൂസ് ഓണ്‍ ഇസ്‌ലാം ഇന്‍ ദ മിഡില്‍ ഏജ്‌സ്, പേജ് 32) ഇസ്‌ലാമില്‍ ബഹുഭര്‍ത്തൃത്വം അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് Roaman de mohamet  എന്ന കൃതി പറയന്നു.

റുഡോള്‍ഫ് ഡി ലൂധേമിന്റെ (620) കാലം മുതല്‍ ഇന്ന് നിക്കോളാസ് ഡി ക്യൂസ്, പൈപ്‌സ്, മറാക്കി, ഹോട്ടിന്‍ജര്‍, ബിബിലിയാന്‍ഡര്‍, പ്രീഡോക്‌സ് തുടങ്ങിയവരുടെ കാലം വരെയും വെറുപ്പും വിദ്വേഷവും മാത്രമായിരുന്നു പ്രമാണങ്ങള്‍. അതുകൊണ്ടുതന്നെ മുഹമ്മദ് വെറും ആള്‍മാറാട്ടക്കാരനും ഇസ്‌ലാം ചെകുത്താന്റെ സൃഷ്ടിയായും എല്ലാവിധ നാസ്തികത്വത്തിന്റെയും ഉറവിടമായും, മുസ്‌ലിംകള്‍ അപരിഷ്‌കൃതരും നിര്‍ഭയന്മാരുമായും ഖുര്‍ആന്‍ മണ്ടത്തരങ്ങളുടെ സമാഹാരമായും വിലയിരുത്തപ്പെട്ടു. ഇന്നസെന്റ് മൂന്നാമന്‍ പ്രവാചകരെ വിളിച്ചത് മതനിന്ദകനും ക്രൈസ്തവ വിരുദ്ധനുമെന്നാണ്.

14-ാം നൂറ്റാണ്ടില്‍ റെയ്മണ്ട് ലള്ളും 16-ാം നൂറ്റാണ്ടില്‍ ഗ്യുല്ലം പോസ്റ്റലും 18-ാം നൂറ്റാണ്ടില്‍ ഗാഗ്നിയറും റോളണ്ടും 19-ാം നൂറ്റാണ്ടില്‍ അബ്ബെഡി ബ്രോഗ്‌ലീയും റേനാനും എഴുതിപ്പിടിപ്പിച്ചതും മറ്റൊരാശയമല്ല. വോള്‍ട്ടെയര്‍, മോണ്ടസ്‌ക്യൂ, പാസ്‌കല്‍, മാല്‍ബ്രാഞ്ച് തുടങ്ങിയവരും ധാരാളം അബദ്ധങ്ങള്‍ ഇസ്‌ലാമിനെപ്പറ്റി പ്രചരിപ്പിച്ചിട്ടുണ്ട്.

ലീ കോംറ്റെ, ഡി ബൗലെയ്ന്‍ വില്ലേഴ്‌സ്, സ്‌പോള്‍, കോസ്സില്‍ ഡി പേഴ്‌സ്‌വാള്‍, ഡോസി, സ്‌പ്രെഞ്ചര്‍, ബാര്‍ത്ത് ലേമി, സെന്റ് എഹിലയര്‍ ഡി കാസ്ട്രീസ്, തോമസ് കാര്‍ലൈല്‍ തുടങ്ങിയവര്‍ ഇസ്‌ലാമിനെയും പ്രവാചകരെയും വസ്തുനിഷ്ഠമായി വിലയിരുത്താന്‍ ശ്രമിച്ചവരാണ്. 1876-ല്‍ ഡോട്ടി പ്രവാചകരെ മ്ലേഛനും വഞ്ചകനായ നാടോടിയുമായി അധിക്ഷേപിച്ചപ്പോള്‍ 1822-ല്‍ ഫോസ്റ്റര്‍ പ്രവാചകരെ കുറിച്ച് പറഞ്ഞത് മഹാമെറ്റ് ഡാനിയലിന്റെ കുഞ്ഞാടിന്റെ കൊമ്പും പോപ്പ് വലിയ ആടുമാണെന്നാണ്.'' (എമില്‍ ദര്‍മിംഗാം The life of mohamet p. 119-121 -ഡോ. മുഹമ്മദ് ഹുസൈന്‍ ഹൈക്കലിന്റെ life of mohammed-ല്‍ നിന്ന് ഉദ്ധരിച്ചത്. (ആമുഖം XIiii-IV) പ്രവാചകരെ കുറിച്ച് വിവിധ കാലങ്ങളിലായി യൂറോപ്പ് മുഴുവന്‍ പ്രചരിപ്പിച്ചിരുന്ന കള്ളക്കഥകളുടെ ഒരേകദേശ  ധാരണ ദര്‍മിംഗാമിന്റെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും.

ഇസ്‌ലാമുമായി വിദൂരബന്ധം പോലുമില്ലാത്ത കഥകളാണ് മധ്യകാലഘട്ടത്തില്‍ യൂറോപ്പ് മുഴുവന്‍ പ്രചരിപ്പിച്ചിരുന്നത്. മുമ്പ് പറഞ്ഞതുപോലെ, കുരിശുയുദ്ധ പരാജയവും മുഹമ്മദുല്‍ ഫതാഹിന്റെ കോണ്‍സ്റ്റാന്റ്‌നോപ്പിള്‍ കീഴടക്കലും (1453) യൂറോപ്പിലേക്കുള്ള ഇസ്‌ലാമിന്റെ അതിദ്രുത ഗതിയിലുള്ള കടന്നുവരവും മൂലം ക്രൈസ്തവ മനസ്സില്‍ കുടിയേറിയ ഇസ്‌ലാമിക വിദ്വേഷവും ഭീതിയും കൂടെ ഇസ്‌ലാമിനെ കുറിച്ചുള്ള അജ്ഞതയും ഒത്തുചേര്‍ന്ന ഇക്കാലത്ത് യൂറോപ്പിന്റെ രചനയും ജിഹ്വയും ഇങ്ങനെയായത് സ്വാഭാവികം മാത്രം. ആദ്യകാല യൂറോപ്പിന് നബിയുടെ പേര് പോലും ശരിയാംവണ്ണം മനസ്സിലായിരുന്നില്ല. അന്ധകാരത്തിന്റെ രാജാവ് എന്നര്‍ത്ഥം വരുന്ന mahound, maphomet, baphomet, bahem (മാഫോമെറ്റ്, ബാഫോമെറ്റ്, ബാഫം) തുടങ്ങിയ പേരുകളിലാണ് യൂറോപ്പ് നബിയെ പരിചയപ്പെട്ടത്. (ഖുദാബഖ്ശ് സ്വലാഹുദ്ദീന്‍ മുസാഹമതുന്‍ ഫീ താരീഖില്‍ ഹളാറതില്‍ ഇസ്‌ലാമിയ്യ, പേജ് 1/182)

മുസ്‌ലിംകള്‍ ബിംബാരാധകരാണെന്ന പ്രചാരണവും ഇക്കാലത്ത് ഉയര്‍ന്നുവന്നു. മുഹമ്മദ് ഒരു വിഗ്രഹത്തിന്റെ പേരാണെന്ന് വരെ പറഞ്ഞുകേട്ടു. 1099-ല്‍ കുരിശുയുദ്ധകാലത്ത് നോര്‍മണ്ടിയന്‍ ജനറല്‍ ടാങ്ക്രഡ് ഖുദ്ശില്‍ പ്രവേശിച്ചപ്പോള്‍ വെള്ളിയില്‍ തീര്‍ത്ത സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള കല്ലുകളും കൊണ്ട് അലങ്കരിച്ച മുഹമ്മദിന്റെ ഒരു പ്രതിമ കണ്ടെത്തിയെന്ന കഥ പ്രചരിപ്പിച്ചത് അങ്ങനെയാണ്. എലിസബത്ത് ഭരിച്ച 16-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടില്‍ mamnet എന്ന പേരില്‍ ചെറുവിഗ്രഹങ്ങള്‍ വിപണിയിലിറങ്ങിയിരുന്നു. പ്രവാചകരുടെ പേരിനോടൊപ്പിച്ച് വിഗ്രഹനിര്‍മ്മാണത്തിന് mammetry എന്ന വാക്കും ഉപയോഗത്തില്‍ വന്നു. മുഹമ്മദ് ഒരു ക്രിസ്ത്യന്‍ വിമത നേതാവാണെന്നും ഇസ്‌ലാം ക്രിസ്തുമതത്തില്‍ നിന്ന് പുറത്തുപോയ വിമതപ്രസ്ഥാനമാണെന്നും ഇക്കാലത്ത് പ്രചരിപ്പിച്ചു. ഒരു വിമത പ്രസ്ഥാനത്തിനെതിരെ ആ മതക്കാര്‍ക്കുണ്ടാകുന്ന വെറുപ്പ് മുഴുവന്‍ മുസ്‌ലിംകള്‍ക്കെതിരെ തിരിച്ച് വിടാനുള്ള ശ്രമമാണ് ഇതിലൂടെ പുറത്തുവന്നത്.

പോപ്പ് സ്ഥാനത്തെത്താന്‍ മത്സരിച്ച് പരാജയപ്പെട്ട കര്‍ദിനാളാണ് മുഹമ്മദ്, അല്ല അങ്ങനെ പരാജയപ്പെട്ട് പ്രതികാര വാഞ്ഛയുമായി തക്കംപാര്‍ത്ത് കഴിഞ്ഞിരുന്ന മറ്റൊരു കര്‍ദിനാള്‍ നബിയെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നുമുള്ള കഥകള്‍ ഇതിന്റെ ഭാഗമാണ്. ക്രിസ്തുമതത്തിലെ വ്യത്യസ്ഥ വിഭാഗങ്ങള്‍ തങ്ങളുടെ എതിരാളികളെ ഒതുക്കാന്‍ മുസ്‌ലിം ബന്ധം ആരോപിക്കുന്ന രീതിയും ഇക്കാലത്തുണ്ടായിരുന്നു. കത്തോലിക്കന്‍ ചര്‍ച്ചിനോട് സമരം പ്രഖ്യാപിച്ച് മാര്‍ട്ടിന്‍ ലൂഥര്‍ പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ കത്തോലിക്കര്‍ പറഞ്ഞു: ലൂഥറുടെ ആശയങ്ങള്‍ ഇസ്‌ലാമിന്റേതാണ്. എന്നാല്‍ ലൂഥര്‍ കത്തോലിക്കരെ തിരിച്ച് ആക്ഷേപിച്ചതും ഇതേ ബന്ധം പറഞ്ഞാണ്. ആംഗ്ലിക്കന്‍ ചര്‍ച്ചിനോട് യുദ്ധം പ്രഖ്യാപിച്ച ദേസ്തുകളെ (Deists) വിമര്‍ശിച്ച്‌കൊണ്ട് 1697-ല്‍ ഹംഫ്രീപ്രീഡോക്‌സ് ഒരു പുസ്തകമെഴുതി. അതിലദ്ദേഹം ദേസ്തുക്കളെ വിമര്‍ശിച്ചതും ഇസ്‌ലാമിക ബന്ധം പറഞ്ഞുകൊണ്ടായിരുന്നു. ആംഗ്ലിക്കന്‍മാര്‍ക്കെതിരെ ദേസ്തുകള്‍ ആയുധമായി ഉപയോഗിച്ചതും മുസ്‌ലിംകളെ തന്നെയായിരുന്നു. (വാട്ട്, carcyle on muhammed 249)

മുസ്‌ലിംകള്‍ കൊള്ളക്കാരും യുദ്ധക്കൊതിയന്മാരുമാണെന്നതായിരുന്നു മറ്റൊരു പ്രചാരണം. മുത്തശ്ശിക്കഥയിലെ കാട്ടാളന്റെ സ്ഥാനം നല്‍കപ്പെട്ടിരുന്നത് നബിക്കാണ്. കുട്ടികളെ അമ്മമാര്‍ പേടിപ്പിച്ചിരുന്നത് മുസ്‌ലിം വരുന്നുണ്ടെന്ന് പറഞ്ഞായിരുന്നു. ആധുനിക കാലത്തുപോലും ഈ കഥകള്‍ നിലനിന്നിരുന്നുവെന്നതാണ് ഏറെ ആശ്ചര്യകരം. ഇന്നും അതിന് പഞ്ഞമില്ല. 1908-1927-ല്‍ പുറത്തിറങ്ങിയ ഡേവിഡ് സാമുവേല്‍ മാര്‍ഗോലിയോത്തിന്റെ Encycle pedia of Relgigous & Ethics നബിയെ വിശേഷിപ്പിച്ചത് മദീന ഭരണാധികാരിയെന്ന നിലക്ക് കൊള്ളത്തലവന്റെ സ്ഥാനമാണ് നബി വഹിച്ചിരുന്നത് എന്നാണ്. PSR പെയ്‌നിന്റെ The Holy sword, the story of  islam from muhammed to present (1961) C.R. Haines ഹെയന്‍സിന്റെ Islam as a missionary religion വാഷിംഗ്ടണ്‍ ഇര്‍വ്വിംഗിന്റെ life of Muhammed തുടങ്ങി എണ്ണമറ്റ പുസ്തകങ്ങള്‍ ഈ വാദം ഉന്നയിക്കുന്നവയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter