ട്രാന്‍സ്ജന്ഡറുകളെ മനസ്സിനൊത്ത് മാറാന്‍ സമ്മതിച്ചാലെന്താ..
ട്രാന്‍സ്ജന്‍ഡറുകളുടെ പ്രശ്നങ്ങള്‍ ഇന്ന് പലരും ഇടക്കിടെ ഉന്നയിക്കാറുള്ളതും മറുപടി ആവശ്യപ്പെടുന്നതുമാണ്. തങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാനുള്ള അവകാശം ഏതൊരു മതവും വകവെക്കേണ്ടതല്ലേ എന്നതാണ് അവയില്‍ ഏറ്റവും പ്രധാനം. പുരുഷ ശരീരത്തിനുള്ളില്‍ തളച്ചിടപ്പെട്ട സ്ത്രീ മനസ്സോ നേരെ തിരിച്ചോ ഉള്ളവരാണ് ഇവര്‍ എന്ന് ഒറ്റവാക്കില്‍ പറയാം. ട്രാന്‍സജന്ഡേഴ്സുകളുടെ നേരിട്ടുള്ള തുറന്ന് പറച്ചിലുകള്‍ പലതും കേട്ടതിലൂടെ, അവര്‍ കുടുംബത്തിലും സമൂഹത്തിലും സഹിക്കേണ്ടിവരുന്ന പ്രയാസങ്ങളുടെയും അപമാനത്തിന്റെയും കഥകള്‍ കേട്ട് ശരിക്കും മനസ്സ് വേദനിച്ചുപോയിട്ടുണ്ട്. ഈ വിഭാഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചതിലൂടെ എനിക്ക് ബോധ്യമായ കാര്യങ്ങള്‍ ഇവിടെ കുറിക്കുകയാണ്.
മൌലികമായി സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ രണ്ട് വിഭാഗമായാണ് മനുഷ്യസൃഷ്ടിപ്പ്. ഇത് രണ്ടുമല്ലാത്ത ഒരു വിഭാഗത്തെ കുറിച്ച് ഖുര്‍ആനില്‍ വ്യക്തമായ പരാമര്‍ശമില്ലെന്ന് പറയാം. എന്നാല്‍, സൂറതുന്നൂറിലെ 31-ാം സൂക്തത്തില്‍ പരാമര്‍ശിക്കുന്ന (ആസക്തി ഇല്ലാത്തവര്‍) എന്നതിന്റെ വ്യാഖ്യാനത്തില്‍ ചില പണ്ഡിതര്‍ ഇത്തരക്കാരെയും ഉള്‍പ്പെടുത്തിയാതി കാണാം. അതേ സമയം, ശാരീരികമായി പുരുഷനായിരിക്കെത്തന്നെ സ്ത്രീകളുടെ ചേഷ്ടകളോ തിരിച്ചോ കാണിക്കുന്നവരെ കുറിച്ച് ഹദീസുകളില്‍ പരാമര്‍ശമുള്ളതായി കാണാം. എന്നാല്‍, മനസ്സില്‍ തോന്നുന്നത് പ്രകാരം ജീവിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞ്, ഒരു ആക്ടീവിസമായി ഇന്ന് വളര്‍ന്നുവന്നിരിക്കുന്ന ഒന്നാണ് LGBTQIA എന്ന് പറയാം.
LGBTI+ ഇന്ന് ആഗോളതലത്തില്‍ തന്നെ, അവഗണിക്കാനാവാത്തവിധം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ട്രാന്‍സ്ജന്ഡേഴ്സിനോടുള്ള രാജ്യത്തിന്റെ സമീപനം ശരിയല്ലെന്നും ആയതിനാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോക കപ്പ് ബ്രിട്ടണ്‍ അടക്കമുള്ള ടീമുകള്‍ ബഹിഷ്കരിക്കണമെന്നും വരെ പറഞ്ഞ് ഖത്തറിനെതിരെ പ്രമുഖരുടെ ശബ്ദമുയര്‍ന്നത് ഇതിന്റെ അവസാന തെളിവാണ്. ഈ പശ്ചാത്തലത്തില്‍ എന്താണ് LGBTQI എന്ന സങ്കേതങ്ങളും അവയുടെ അര്‍ത്ഥമെന്നും ട്രാന്‍സ്ജന്ഡേഴ്സിനോടുള്ള സമീപനം എങ്ങനെ ആയിരിക്കണെന്നും വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.
LG: സ്വന്തം ലിംഗത്തില്‍ പെട്ടവരോട് തന്നെ ലൈംഗിക ആസക്തി തോന്നുന്ന സ്ത്രീകളെയും പുരുഷന്മാരെയും സൂചിപ്പിക്കാനാണ്, ആദ്യ രണ്ടക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് (ലെസ്പിയന്‍, ഗേ). ഇത്തരത്തിലുള്ള ലൈംഗിക ബന്ധങ്ങളെ ഇസ്‍ലാം ഒരിക്കലും അനുവദിക്കുന്നില്ലെന്ന് പറയേണ്ടതില്ലല്ലോ. അത്തരത്തില്‍ തോന്നുന്ന ആസക്തികളെ കൌണ്‍സിലിംഗിലൂടെയും മറ്റു മാനസിക-ശാരീരിക പരിശീലനങ്ങളിലൂടെയും മാറ്റിയെടുക്കാവുന്നതാണ്. ഇവരെകുറിച്ച് നാം മുമ്പ് വിശദമാക്കിയത് താഴെ ലിങ്കുകളില്‍ വായിക്കാവുന്നതാണ്.
സ്വവർഗ ലൈംഗികത: നിയമ സാധുതയുടെ രീതി ശാസ്ത്രം
B: രണ്ട് വിഭാഗത്തോടും ഒരു പോലെ ലൈംഗിക ആസക്തി തോന്നുന്നവരെയാണ് ബൈസെക്‍ഷ്വല്‍ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവരെ, ശാരീരികമായി ഏത് ലിംഗത്തിലാണെന്നതിന്റെ അടിസ്ഥാനത്തില്‍ മേല്‍ പറഞ്ഞ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്താവുന്നതാണ്.
T: ട്രാന്‍സ്ജെന്‍ഡേഴ്സ് എന്നാണ് ഇതിന്റെ പൂര്‍ണ്ണരൂപം. ഇന്ന് ഏറ്റവും അധികം ശബ്ദിച്ചുകൊണ്ടിരിക്കുന്നത് ഈ വിഭാഗത്തിന്റെ വക്താക്കളെന്ന് പറയുന്നവരാണ്. ആണിന്റെയോ പെണ്ണിന്റെയോ ശാരീരിക ഘടനയും അവയവങ്ങുമെല്ലാം ഉണ്ടാവുമ്പോഴും മനസ്സ് താന്‍ എതിര്‍ലിംഗക്കാരനാണ് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയും അതിനനുസരിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇവര്‍.
ഏഴ് മക്കളുടെ പിതാവായ 45 കാരന്‍, ഒരു ദിവസം താന്‍ ആണല്ലെന്നും 6 വയസ്സുള്ള ചെറിയ പെണ്‍കുട്ടിയാണെന്നും പറഞ്ഞ്, പാവകളുമായി കളിക്കുന്നതും തലയില്‍ റിബണും വായില്‍ നിപ്പിളുമായി ഇരിക്കുന്നതും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇത്തരം ചിന്തകള്‍ മെന്റല്‍ ഡിസോര്‍ഡറാണ് പറയാതെ നിര്‍വ്വാഹമില്ല. ആ വാര്‍ത്ത ഇവിടെ വായിക്കാവുന്നതാണ്.
മതത്തെ കാര്യമായി സമീപിക്കാത്ത ലിബറല്‍ രാജ്യങ്ങളില്‍ പൊതുവെ കാണപ്പെടുന്ന, സര്‍വ്വ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദത്തിന്റെ ഭാഗമായി, അവിടങ്ങളിലെ ഇത്തരക്കാരും തങ്ങളുടെ മനസ്സ് പറയുന്നത് പ്രകാരം ജീവിക്കാന്‍ നിയമപരമായി തന്നെ അംഗീകാരം വേണമെന്ന വാദം ഉയര്‍ത്തുന്നുണ്ട്. ആ വാദമാണ്, പതുക്കെപ്പതുക്കെ, മതത്തെയും മതനിയമങ്ങളെയും പണ്ട് മുതലേ അംഗീകരിച്ചുപോരുന്ന ഏഷ്യന്‍ രാജ്യങ്ങളിലേക്കും എത്തിക്കൊണ്ടിരിക്കുന്നത്.
ഇത്തരക്കാരുടെ പ്രശ്നങ്ങളെ വൈദ്യശാസ്ത്ര പരമായി സമീപിക്കുമ്പോള്‍, നമുക്ക് രണ്ട് പരിഹാരങ്ങളാണ് നിര്‍ദ്ദേശിക്കാനാവുക. ഒന്നുകില്‍, കൌണ്‍സിലിംഗ്, മെന്റല്‍ തെറാപ്പി തുടങ്ങിയ ചികില്‍സാരീതികളിലൂടെ ശരീരത്തിന് അനുസരിച്ച് മനസ്സിനെ മാറ്റിയെടുക്കുക. അല്ലെങ്കില്‍, മനസ്സിന് അനുസൃതമായി, സര്‍ജറിയിലൂടെ ആവശ്യമായ അവയങ്ങള്‍ വെച്ച് പിടിപ്പിച്ച് ശരീരത്തെ മാറ്റിയെടുക്കുക. ഇതില്‍ രണ്ടാമത്തെ രീതിയിലേക്ക് വൈദ്യശാസ്ത്രം ഇന്നും എത്തിയിട്ടില്ല. ശാരീരികമായി പുരുഷനായ ഒരാള്‍ക്ക്, അയാളുടെ നിലവിലെ ലൈംഗിക അവയവം ഒഴിവാക്കി പകരം സ്ത്രീയുടെ ലൈംഗിക അവയവം വെച്ച് കൊടുക്കുകയും അത് സാധാരണപോലെ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുക എന്നത് ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, അത്തരത്തില്‍ സര്‍ജറികള്‍ നടത്തി രൂപത്തിലെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നത് കൊണ്ട്, ഭാവിയില്‍ വലിയ ശാരീരിക-മാനസിക പ്രയാസങ്ങളുണ്ടാവുന്നു എന്നത് പലരുടെയും അനുഭവങ്ങള്‍ വെച്ച് വൈദശ്യശാസ്ത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ ലിങ്കിലൂടെ ഒന്ന് കണ്ണോടിച്ചാല്‍, അത്തരം ഒരു പിടി അനുഭവങ്ങള്‍ വായിക്കാവുന്നതാണ്.
മാത്രവുമല്ല, ഇത്തരത്തില്‍ സര്‍ജറിയിലൂടെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തി, ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്നവര്‍ തമ്മില്‍ യഥാര്‍ത്ഥ ലൈംഗിക ബന്ധം നടക്കുന്നില്ലെന്നും സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്താനായി ഒരു കുടുംബം പോലെ ജീവിക്കുക മാത്രമാണെന്നും പല ട്രാന്‍സ്ജന്‍ഡേഴ്സുകളും തുറന്ന് പറഞ്ഞതുമാണ്.
ഇനി, ശസ്ത്രക്രിയയിലൂടെ കേവല അവയവമാറ്റം സാധ്യമായാല്‍ പോലും, ശരീരത്തിലെ മറ്റു ഘടകങ്ങളെല്ലാം സൃഷ്ടിപ്പിലുള്ളതിനോട് അനുയോജ്യമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. അതെല്ലാം പുതുതായി മാറ്റിവെച്ച ലിംഗത്തിന് അനുസൃതമായി മാറ്റുക എന്നത് ഒട്ടും പ്രായോഗികമല്ലെന്ന് പറയേണ്ടതില്ലോ.
എങ്കില്‍ പിന്നെ, ഒന്നാമത്തെ മാര്‍ഗ്ഗമായ, കൌണ്‍സിലിംഗ് പോലോത്ത വിവിധ മെന്റല്‍ തെറാപ്പികളിലൂടെ ശരീരത്തിന് അനുസരിച്ച് മനസ്സിനെ പരുവപ്പെടുത്തി എടുക്കുക എന്നത് തന്നെയാണ്. ഒരു സമൂഹത്തിന് മുന്നില്‍ നിയമമായി അത് മാത്രമേ പറയാനും കഴിയൂ. അല്ലാത്ത പക്ഷം, നൈമിഷിക സുഖത്തിന് വേണ്ടി മദ്യവും മയക്കുമരുന്നും ഉപയോഗിക്കാന്‍ അനുവദിക്കുന്നത് പോലെ, അവരെ വലിയൊരു ദുരന്തത്തിലേക്കായിരിക്കും നാം ഇതിലൂടെയും പറഞ്ഞയക്കുന്നത്.
ട്രാന്‍സ്ജെന്‍ഡേഴ്സ് ആക്ടിവിസ്റ്റുകള്‍ ഇതാണ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. കൌണ്‍സിലിംഗ് നല്‍കാന്‍ പോലും അനുവദിക്കാതെ, അത്തരം കേന്ദ്രങ്ങള്‍ തന്നെ സമരത്തിലൂടെയും അക്രമത്തിലൂടെയും പൂട്ടിച്ച്, അവയെല്ലാം അവകാശലംഘനമായി മുദ്രകുത്തി, യഥേഷ്ടം ജീവിക്കാന്‍ അനുവദിക്കണമെന്നാണ് അവരുടെ വാദം. മനുഷ്യകുലത്തെ കുറിച്ചും മാനുഷിക മൂല്യങ്ങളെകുറിച്ചും സര്‍വ്വോപരി സമൂഹത്തിന്റെയും വ്യക്തിയുടെയും ഭാവിയെ കുറിച്ചും ആശങ്കപ്പെടുന്നവര്‍ക്ക് അത്തരം നീക്കത്തെ ഒരിക്കലും പിന്തുണക്കാനാവില്ലല്ലോ.
ദൈവത്തിന്റെ സൃഷ്ടിപ്പിന്റെ രഹസ്യങ്ങള്‍ അവനാണല്ലോ അറിയുന്നത്. അവന്‍ സൃഷ്ടിച്ചത് മുറിച്ച് മാറ്റി മറ്റൊന്ന് വെച്ച് പിടിപ്പിക്കുന്നതിനെ തുടര്‍ന്ന് വരാവുന്ന ശാരീരിക-മാനസിക ഭവിഷ്യത്തുകള്‍ എന്തെല്ലാമാവുമെന്ന് സൃഷ്ടികളായ നമുക്ക് പറയാനാവില്ല. നേരത്തെ പറഞ്ഞത് പോലെ, അത്തരം ദുരനുഭവങ്ങള്‍ വേണ്ടത്ര നമുക്ക് മുമ്പിലുള്ളപ്പോള്‍ വിശേഷിച്ചും. അത് കൊണ്ട് തന്നെയാണ്, അല്ലാഹു സൃഷ്ടിച്ചതില്‍ മാറ്റം വരുത്താന്‍ നമുക്ക് അവകാശമില്ലെന്ന ഇസ്‍ലാമിന്റെ അടിസ്ഥാന തത്വം പ്രസക്തമാവുന്നതും. അത് തന്നെയാണ് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ കാര്യത്തിലും ഇസ്‍ലാമിന് പറയാനുള്ളത്.
I-ഇന്റര്‍സെക്‍സ്- ഏത് ലിംഗമാണെന്ന് തീരുമാനിക്കാനുള്ള ശാരീരികാവയവങ്ങള്‍ രണ്ട് ലിംഗത്തിന്റേതും ഉള്ളവരോ ഒന്നും ഇല്ലാത്തവരോ ആണ് ഇവര്‍. ഇവരെയാണ് നാം ഖുന്‍സാ എന്ന് വിളിക്കുന്നത്. ഇവരെ സ്ത്രീ-പുരുഷന്‍ എന്നതിലെ ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ ലോകത്ത് വളരെ കുറഞ്ഞ പേര്‍ മാത്രമേ ജനിക്കുന്നുള്ളൂ എന്നും അവരില്‍ തന്നെ ഭൂരിഭാഗവും ഉപയോഗശൂന്യമായ അവയവയം മുറിച്ച് മാറ്റി, ആണോ പെണ്ണോ ആയി തന്നെയാണ് ജീവിതം നയിക്കുന്നത് എന്നും വൈദ്യശാസ്ത്ര രേഖകള്‍ പറയുന്നു. ഇത്തരക്കാരെ കുറിച്ചുള്ള ഇസ്‍ലാമിക കാഴ്ചപ്പാട് വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്.
നേരത്തെ പറഞ്ഞത് പോലെ, ഇന്ന് ഇതൊരു ആക്ടിവിസമായി മാറിയിട്ടുണ്ട്. ഇത്തരം ആക്റ്റിവിസ്റ്റുകളെയും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെയുമാണ് പൊതുവെ ക്വിയര്‍സ് (Queers) എന്ന് അറിയപ്പെടുന്നത്.
പൊതുവില്‍ പറഞ്ഞാല്‍, ജന്മനായുള്ള അവയവങ്ങളെ നോക്കിയാണ് ആണും പെണ്ണും തീരുമാനിക്കപ്പെടേണ്ടത്. അവയില്‍ അപൂര്‍ണ്ണതകളോ പ്രശ്നങ്ങളോ വരുന്നിടത്ത് ശാരീരികമായി തന്നെ ചികില്‍സിക്കേണ്ടതാണ്. അതേസമയം, ശാരീരികമായി പ്രശ്നങ്ങളൊന്നുമില്ലാതിരിക്കുകയും പ്രശ്നങ്ങള്‍ മനസ്സിനാവുകയും ചെയ്യുമ്പോള്‍ ചികില്‍സ നടത്തേണ്ടത് ശരീരത്തിനല്ല, മറിച്ച് മനസ്സിനാണ്. സമൂഹത്തോടും വ്യക്തികളുടെ ഭാവി ജീവിതത്തോടും പ്രതിപത്തിയുള്ളവര്‍ക്ക് ഈ നിലപാട് സ്വീകരിക്കാനേ സാധിക്കൂ. ഇസ്‍ലാമും അത് തന്നെയാണ് മുന്നോട്ട് വെക്കുന്നത്.
ചുരുക്കത്തില്‍, ഇസ്‍ലാമിൽ സെക്സ് ആണ് ജന്ഡര്‍ നിർണയിക്കാൻ ഉള്ള മാനദണ്ഡം. അഥവാ, ജീവശാസ്ത്ര പരമായ ലിംഗത്തിന് അനുസരിച്ചാണ് ലിംഗ ബോധം തീരുമാനിക്കേണ്ടത്. ട്രാൻസ്‍കൾക്കു ശാരീരികമായി പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവാറില്ല. ലൈംഗിക ഉദ്ധാരണം വരെ സാധ്യമായ പുരുഷന്മാരായിരിക്കെ, സ്ത്രീകളുടെ ലിംഗ ബോധം ഉള്ള ട്രാൻസ്കളെ (എം ടു എഫ്) നമുക്ക് കാണാൻ കഴിയും. അവർ അനുഭവിക്കുന്ന വേദനയും ഒറ്റപ്പെടലും അതിതീവ്രമാണ്. അവരെ ചേർത്തു പിടിക്കുകയും മാനസികമായ പിന്തുണ നൽകുകയും, ചികിത്സാ മാർഗങ്ങൾ ആരായുകയും ചെയ്യേണ്ട ബാധ്യത സമൂഹത്തിലെ ഓരോ വ്യക്തിക്കുമുണ്ട്, സ്വസഹോദരന്റെ വേദനകള്‍ അകറ്റുന്നത് ധര്‍മ്മമാണെന്ന നിലയില്‍ മുസ്‍ലിമിന് വിശേഷിച്ചും ആ ബാധ്യത ഉണ്ട്.
അത്തരമൊരു പിന്തുണ ലഭ്യമാകാത്തത് കൊണ്ടാണ് അവർ മനസ്സിന് അനുസരിച്ച് ശരീരം കീറി മുറിക്കുന്നത് മാത്രമേ പരിഹാരമുള്ളൂ എന്ന് വാദിക്കുകയും, പ്രായ പൂർത്തി പോലും ആവാത്ത കുട്ടികളെ താൻ ആണാണോ പെണ്ണാണോ എന്ന ആശയക്കുഴപ്പത്തി ലേക്ക് തള്ളിവിടുകയും ചെയ്യുന്ന gender activists കളുടെ വലയിൽ പോയി വീഴുന്നത്. അതിന് പരിഹാരമാവേണ്ടത് നാം തന്നെയാണ്.
Leave A Comment