ഫാഷിസത്തിന്റെ ക്രൂരകൃത്യങ്ങള്‍

യൂറോപ്യന്‍ ഫാഷിസം പ്രധാനമായും ഒന്നാം ലോകമഹായുദ്ധത്തോടു കൂടി ഉയര്‍ന്നുവരികയും രണ്ടാം ലോകമഹായുദ്ധമവസാനത്തോടുകൂടി മണ്ണടിയുകയുംചെയ്ത പ്രതിഭാസമാണ്. എന്നാല്‍, ഇന്ത്യന്‍ ഷാഷിസത്തിന്റെ അടിവേരുകള്‍ യൂറോപ്യന്‍ ഫാഷിസത്തിന്റെ ആരംഭഘട്ടത്തിലേക്കു നീണ്ടുകിടക്കുകയാണെങ്കിലും മുഖ്യമായും അതൊരു സമകാലിക പ്രശ്‌നമാണ്. ജര്‍മ്മനിയില്‍ 1930-കളുടെ തുടക്കത്തില്‍ നാസിസം ഉയര്‍ത്തിയ മുദ്രാവാക്യവും രീതിശാസ്ത്രവും ഇന്ത്യന്‍ ഫാഷിസം ഉയര്‍ത്തിപ്പിടിക്കുകയാണ്. ഇന്ത്യന്‍ ഫാഷിസം രൂപംകൊള്ളുന്നത് 1923-ല്‍ വി ഡി സവര്‍ക്കര്‍ ഹിന്ദുവിന് നല്‍കിയ നിര്‍വചനത്തോടെയാണ്. സിന്ധു നദി മുതല്‍ ഇന്ത്യന്‍ സമുദ്രം വരെ നീണ്ടുകിടക്കുന്ന ഭാരതഭൂമിയെ തന്റെ പിതൃഭൂമിയും പുണ്യഭൂമിയും തന്റെ മതത്തിന്റെ തൊട്ടിലുമായി കരുതുന്നയാളാണ് ഹിന്ദു എന്ന് ഹിന്ദുത്വം; ആരാണ് ഹിന്ദു? എന്ന തന്റെ ലഘുലേഖയില്‍ പിതൃഭൂമി - പുണ്യഭൂമി സമവാക്യത്തിന്റെ വിവക്ഷകള്‍നല്‍കി വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്.

ആര്‍ എസ് എസ് സ്ഥാപിച്ചത് 1925-ലാണ്. അഞ്ചാളുകള്‍ ചേര്‍ന്നാണ് അതുണ്ടാക്കിയത്. ഹെഡ്‌ഗെവാര്‍, ബി എന്‍ മുന്‍ജെ, ബാബു റാവു സവര്‍ക്കര്‍ (വി ഡി സവര്‍ക്കറുടെ അനുജന്‍), ഡോ എല്‍ വി പരാജ്ഞപെ, ഡോ: ബി ബി ഥാല്‍ക്കര്‍ എന്നിവരായിരുന്നു. ഹിന്ദുമഹാസഭ, ആര്യസമാജ് മുതലായ സംഘടനകളുമായി ബന്ധം സ്ഥാപിച്ച ആര്‍ എസ് എസിന് അതിവേഗതയിലുള്ള വളര്‍ച്ചയുണ്ടായി. 1940-ല്‍ എം എസ് ഗോള്‍വാള്‍ക്കര്‍ ആര്‍ എസ് എസിന്റെ സര്‍സംഘ് ചാലക് ആയി നിയമിതനായി. ഹിന്ദുത്വ രാഷ്ട്രത്തിന്റെയും വര്‍ഗീയതയുടെയും പൊതുനിലപാടുകള്‍ ഗോള്‍വാള്‍ക്കറുടെ വാക്കുകളെ കേന്ദ്രീകരിച്ചായിത്തീര്‍ന്നു. ഹിറ്റ്‌ലറുടെ മെയിന്‍ കാംഫ് പോലെ ഇന്ത്യന്‍ ഫാഷിസത്തിന്റെ പ്രമാണമാണ് ഗോള്‍വാള്‍ക്കറുടെ വിചാരധാര (ബഞ്ച് ഓഫ് തോട്ട്‌സ്). 1966-ലാണ് ഇത് ഇറങ്ങിയത്. ഗോള്‍വാള്‍ക്കര്‍ പറഞ്ഞു: കഴിവും പാരമ്പര്യവുമുള്ള രാഷ്ട്രങ്ങളുടെ അനുഭവം ഉള്‍ക്കൊണ്ട് ഹിന്ദുസ്ഥാനിലെ അഹിന്ദുക്കള്‍ ഹിന്ദുസംസ്‌കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ആദരിക്കുകയും ആരാധിക്കുകയും വേണം. ഹിന്ദു രാഷ്ട്രത്തിന്റെ മഹ്ത്വവല്‍ക്കരണമൊഴിച്ച് മറ്റൊരാശയവും അവരിലുണ്ടാകരുത്. ഹിന്ദു രാഷ്ട്രത്തിന് പൂര്‍ണ്ണമായി കീഴ്‌പ്പെട്ട്, ഒന്നും അവകാശപ്പെടാതെ ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുന്‍ഗണനയ്ക്കും അവകാശമില്ലാതെ പൗരാവകാശംപോലുമില്ലാതെ അവര്‍ക്കിവിടെ ജീവിക്കാം. (വിചാരധാര, പേജ് : 52)

അഹിന്ദുക്കളെ തകര്‍ക്കാനായി ഹിന്ദുക്കളോട് സൈനികപരിശീലനം നടത്താന്‍ ഗോള്‍വാള്‍ക്കര്‍ ആവശ്യപ്പെട്ടു. 1945-ല്‍ ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന സവര്‍ക്കര്‍ ഒരു മുദ്രാവാക്യമുയര്‍ത്തി: രാഷ്ട്രീയത്തെ ഹിന്ദുവല്‍ക്കരിക്കുക! ഹിന്ദുരാജ്യത്തെ സൈനികവല്‍ക്കരിക്കുക!!

1939-ല്‍ പ്രസിദ്ധീകരിച്ച 'നാം നമ്മുടെ ദേശീയത നിര്‍വ്വചിക്കുന്നു' എന്ന ഗ്രന്ഥത്തിലൂടെ ഗുരു ഗോള്‍വാള്‍ക്കര്‍ സാംസ്‌കാരിക ദേശീയതയെന്ന സവര്‍ക്കറുടെ സങ്കല്‍പം വിപുലീകരിച്ചു. സാംസ്‌കാരിക പൈതൃകത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആര്‍ എസ് എസും സവിശേഷ അവകാശങ്ങള്‍ നല്‍കുന്ന രാഷ്ട്രീയ വ്യവസ്ഥയുടെ സ്ഥാപനത്തിന് ഹിന്ദുമഹാസഭയും പിന്നീട് ജനസംഘവും തുടര്‍ന്ന് ബി ജെ പിയും രംഗത്തെത്തുകയായിരുന്നു. 1925 മുതല്‍ സജീവമായിരുന്ന ആര്‍ എസ് എസിന്റെ സ്വാധീനം സവര്‍ണ്ണജാതികള്‍ക്കപ്പുറത്തേക്ക് ഉണ്ടായിരുന്നില്ല. ഹിന്ദുമഹാസഭ അപ്രസക്തമായി. ജനസംഘത്തിനും ചലനമുണ്ടാക്കാനായില്ല. ആര്‍ എസ് എസ് നിരവധി തന്ത്രങ്ങള്‍ പയറ്റി. ഹിന്ദുക്കളെ പ്രവര്‍ത്തനസജ്ജമാക്കാനും ഭൂരിപക്ഷ ജനങ്ങളെ ഹിന്ദുത്വവാദികളാക്കാനും ത്രിശൂലം പോലുള്ള മതചിഹ്നങ്ങള്‍ ഉപയോഗപ്പെടുത്തി. രാമ ജന്മഭൂമിക്കുവേണ്ടി ഹിന്ദുക്കള്‍ എഴുപത്താറ് യുദ്ധങ്ങള്‍ ചെയ്തുവെന്നും അതിലെല്ലാമായി മൂന്നു ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും പ്രചാരണം നടത്തി. (ഓര്‍ഗനൈസര്‍ 1989 - ഒക്‌ടോബര്‍ 8)

പ്രധാനമായും രണ്ട് ചരിത്ര നിര്‍മ്മിതികളാണ് ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായി അവതരിപ്പിക്കുന്നതിനു പിന്നിലെ യുക്തിയായി ഉയര്‍ത്തിക്കാണിക്കപ്പെട്ടത്.

ഒന്ന്, വേദകാലം മുതലുള്ള അനുസ്യൂതമായ ഒരു ചരിത്രപാരമ്പര്യത്തിന്റെ അവകാശികളാണ് തങ്ങളെന്ന വാദം.  രണ്ട്, മറ്റു മതവിഭാഗങ്ങളില്‍പ്പെട്ടവരെല്ലാം വിദേശങ്ങളില്‍നിന്ന് കുടിയേറിയവരോ വൈദേശിക വിശ്വാസങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവരോ ആയതിനാല്‍ അവര്‍ രാഷ്ട്രത്തിന്റെ ഭാഗമല്ല എന്ന ജല്‍പനം. ഇവ രണ്ടും തെറ്റായ വാദഗതികളായിരുന്നു. അങ്ങനെ ഹിന്ദുത്വ വാദികള്‍ വിദേശമതങ്ങളെ നേരിടാന്‍ ഹിന്ദുക്കളെ മതത്തിന്റെ പേരില്‍ അക്രമാസക്തരാക്കി. കരുണയുടെ പ്രതീകമായ രാമനെപ്പോലും ധ്വംസകനാക്കി അവതരിപ്പിച്ചു. പ്രശാന്തിയും പുഞ്ചിരിയും തൂകുന്ന ദൈവാവതാരത്തില്‍നിന്ന് അമ്പും വില്ലുമായി ആക്രമണാത്മകമായ ഒരു യോദ്ധാവിന്റെ ഭാവത്തിലേക്ക് ശ്രീരാമനെ മാറ്റുന്ന പുനരുത്ഥാനവിഗ്രഹശാസ്ത്രം പുതിയ സൈനിക ആത്മീയതയുടെ അടയാളമാക്കി.

ഇളം വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ വിദ്വേഷത്തിന്റെ കനല്‍കട്ടകള്‍ കോരിയിട്ടു. ഇതിനായി രാജ്യത്ത് 65000ത്തോളം സ്‌കൂളുകള്‍ സംഘ് പരിവാര്‍ സ്ഥാപിച്ചു. ഹിന്ദുത്വപുനരുത്ഥാന പരിപാടിയായിരുന്നു ഈ സ്‌കൂളിലെ കരിക്കുലത്തിന്റെ അടിസ്ഥാനം. അതിനപ്പുറം അധികാരത്തിലെത്തുമ്പോള്‍ പൊതുവിദ്യാഭ്യാസത്തിന്റെ പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതിയും സിലബസ് മാറ്റിയും വിദ്യാഭ്യാസം കാവിവത്ക്കരിച്ചു. നമ്മളും നമ്മുടെ വിദ്യാര്‍ത്ഥികളും എന്ന എം എസ് ഗോള്‍വാള്‍ക്കറുടെ ലേഖനത്തിലെ കാഴ്ചപ്പാടായിരുന്നു ഈ കാവിവല്‍ക്കരണം. വിദ്യാഭ്യാസം, ചരിത്രം, പുരാവസ്തു പഠനം, സംഗീതം, മാധ്യമം എന്നിവിടങ്ങളിലൊക്കെ സംഘം സ്വാധീനമുറപ്പിക്കാന്‍ ശ്രമിച്ചു. എല്ലാ ഭാഷകളിലും പ്രസിദ്ധീകരണങ്ങളുണ്ട്. എല്ലാ ജില്ലകള്‍ക്കും ചരിത്രമെഴുതാന്‍ പ്രത്യേകം കമ്മിറ്റികളുണ്ട്. സാഹിത്യസംഘടനകള്‍, നാടക ക്ലബ്ബുകള്‍, നിരവധി ഗ്രാമങ്ങളില്‍ അതിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രപുനരുദ്ധാരണ കമ്മിറ്റികള്‍ എല്ലാമുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഫിലോസഫിക്കല്‍ റിസര്‍ച്ച്, അബ്ദുല്‍ കലാം ആസാദ് സെന്റര്‍ ഫോര്‍ സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസ് എന്നിങ്ങനെ നിരവധി വിദ്യാഭ്യാസ ധനസഹായ സ്ഥാപനങ്ങളുടെ നിയന്ത്രണം സംഘ് പരിവാര്‍ കയ്യടക്കിക്കഴിഞ്ഞു. ചരിത്രത്തെ പരിവാര്‍ വക്രീകരിച്ചു. അഖണ്ഡഭാരതത്തിന്റെ ഭൂപടത്തില്‍ പാക്കിസ്ഥാനും ബംഗ്ലാദേശും ഭൂട്ടാനും നേപ്പാളും തിബറ്റും മ്യാന്‍മാറും ചേര്‍ന്നതാണ്. ഭൂമിശാസ്ത്ര നാമങ്ങള്‍ പോലും ഹൈന്ദവത ധ്വനിപ്പിക്കുംവിധം മാറ്റിമറിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രം ഹിന്ദുമഹാസാഗരവും അറബിക്കടല്‍ സിന്ധു സാഗരവും ബംഗാള്‍ ഉള്‍ക്കടല്‍ ഗംഗാ സാഗരവുമാക്കുന്നു.

ഇന്ത്യാ ചരിത്രത്തിലെ ആറ് സുവര്‍ണ്ണയുദ്ധങ്ങള്‍ എന്ന വി ഡി സവര്‍ക്കറുടെ പുസ്തകത്തിലെ ആശയപ്രകാരം ചരിത്രത്തെ വക്രീകരിക്കുകയായിരുന്നു ബി ജെ പി സര്‍ക്കാറുകള്‍. ആശയപരമായി വര്‍ഗീയവും സ്വഭാവത്തില്‍ ജനാധിപത്യവിരുദ്ധവും പ്രയോഗരീതികളില്‍ ഫാസിസ്റ്റുമായ ബി ജെ പി അധികാരത്തില്‍ വന്ന് പല അപകടങ്ങളും വരുത്തി. ആര്‍ എസ് എസ് നേതാവ് മുന്‍ജേയും ഹെഡ്‌ഗേവാറും ലാലു ഗോഖലയും തമ്മില്‍ നടത്തിയ ഒരു കൂടിക്കാഴ്ചയെക്കുറിച്ച് മുന്‍ജേയുടെ 1934 മാര്‍ച്ച് 31-ലെ ഡയറിക്കുറിപ്പില്‍ അദ്ദേഹം പറയുന്നു: പഴയ ശിവജിയെയോ വര്‍ത്തമാനകാലത്തെ ഇറ്റലിയിലെ മുസോളിനിയെയോ ജര്‍മ്മനിയിലെ ഹിറ്റ്‌ലറെയോ പോലുള്ള ഒരു ഹിന്ദു ഏകാധിപതിയുള്ള നമ്മുടെ സ്വന്തം സ്വരാജ് ഉണ്ടാവാത്തിടത്തോളം ആ ആശയം സഫലീകരിക്കാനാവില്ല. എന്നാല്‍ അത്തരമൊരു ഏകാധിപതി ഇന്ത്യയില്‍ ഉയര്‍ന്നു വരുന്നതുവരെ നാം കയ്യും കെട്ടിയിരിക്കണമെന്ന് അതിനര്‍ത്ഥമില്ല.

സ്വതന്ത്ര ഇന്ത്യയോ ജനാധിപത്യ സംവിധാനമോ ആര്‍ എസ് എസ് ആശയത്തിലില്ല. ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ യാതൊരു പങ്കും പരിവാര്‍ വഹിച്ചില്ല. 1920-കളുടെ അന്ത്യത്തിലെ ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഔദ്യോഗികരേഖകളില്‍ ബ്രിട്ടീഷ് വിരുദ്ധമായ യാതൊരു പരാമര്‍ശവുമില്ല. സ്വാതന്ത്ര്യസമരത്തില്‍ ആര്‍ എസ് എസ് പങ്കുള്ള രേഖയടങ്ങുന്ന ഒരൊറ്റ ഗ്രന്ഥംപോലും ആ സംഘടന എഴുതിയിട്ടില്ല. പലപ്പോഴും സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയാണുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ അഡോള്‍ഫ് ഹിറ്റ്‌ലറുമായി ജീവന്‍ മരണ പോരാട്ടം നടത്തുമ്പോള്‍ ആര്‍ എസ് എസ് ഗ്രന്ഥമായ നാം അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രം നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നു എന്നതില്‍ ഹിറ്റ്‌ലര്‍ മഹത്വവല്‍ക്കരിക്കപ്പെട്ടിട്ടുപോലും ബ്രിട്ടീഷുകാര്‍ അതിനെ നിരോധിക്കാതിരുന്നത് ആര്‍ എസ് എസ് ബ്രിട്ടീഷ് ബന്ധത്തിന്റെ ഫലമാണ്. 1937-ല്‍ അഹമ്മദാബാദില്‍ വെച്ച് ഹിന്ദുമഹാസഭയുടെ 19-ാമത് സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗത്തില്‍ ദ്വിരാഷ്ട്രവാദം ഉന്നയിക്കുകയും ചെയ്തു സവര്‍ക്കര്‍.

സ്വതന്ത്ര ഇന്ത്യയല്ല ഏകാധിപത്യ രാഷ്ട്രമാണ് പരിവാറിന്റെ ലക്ഷ്യം. പക്ഷേ, രാഷ്ട്രം ഹിന്ദുത്വത്തിന് വഴങ്ങിയില്ല എന്നത് ആശ്വാസകരമാണ്. 1963-ല്‍ ഡൊണാള്‍ഡ് യൂജിന്‍ സ്മിത് എന്ന അമേരിക്കന്‍ രാഷ്ട്രീയ ശാസ്ത്രജ്ഞന്‍ എഴുതി: ഭാവിയില്‍ ഇന്ത്യ ഒരു  ഹിന്ദുരാഷ്ട്രമാകുമോ എന്നത് ഇപ്പോഴേ തള്ളിക്കളയാവുന്ന സാധ്യതയല്ല. എന്തായാലും ആ സാധ്യത ഇപ്പോള്‍ വളരെ ശക്തമല്ല. മതനിരപേക്ഷ ഇന്ത്യക്ക് അതിജയിക്കാനുള്ള സാധ്യത കൂടുതലാണ്. (ഇന്ത്യ എ സെക്യുലാര്‍ സ്റ്റേറ്റ്, പ്രിന്‍സ്റ്റണ്‍, പേജ് 501. ഉദ്ധരണം: ഡോ: കെ എന്‍ പണിക്കര്‍. ഇരുള്‍ വീഴും മുന്‍പേ, പേജ്: 68) ഈ പ്രസ്താവന വന്ന് നാലരപ്പതിറ്റാണ്ടാകുന്ന ഘട്ടത്തിലും മതേതര ഇന്ത്യക്ക് അതിജീവിക്കാനാകുന്നു. പല മേഖലകളിലും മുടന്തിയാണെങ്കിലും കഴിഞ്ഞ ആറു പതിറ്റാണ്ടായി ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്നു. എന്നാല്‍, ഗുജറാത്തുപോലുള്ള സമീപകാല തെരഞ്ഞെടുപ്പുകള്‍ ഫാഷിസം ജനാധിപത്യത്തില്‍ മേല്‍കൈനേടുന്നത് രാഷ്ട്ര നിലനില്‍പ്പിന്‍മേല്‍  സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തുകയാണ്. അവസരവാദത്തിന്റെയും കൈയ്യൂക്കിന്റെയും രാഷ്ട്രീയം മേല്‍കൈ നേടുന്നത് രാഷ്ട്രത്തിന്റെ ഭാവിയെ ആശങ്കപ്പെടുത്തുന്നു. ഭീകരസ്‌ഫോടനങ്ങളും കലാപങ്ങളും നടത്തി സംഘ്പരിവാര്‍ രൗദ്രഭാവം പൂണ്ടെത്തുന്നതിന്റെ വര്‍ത്തമാനങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അടുത്തകാലത്ത് രാജ്യത്ത് നടന്ന  ഈ നാലു സ്‌ഫോടനങ്ങളിലും തനിക്കും സംഘ്പരിവാര്‍ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ഇപ്പോള്‍ ആര്‍ എസ് എസ് നേതാവ് സ്വാമി അസിമാനന്ദ കുറ്റസമ്മതം നടത്തിയിരിക്കുന്നു. സി ബി ഐയുടെ പ്രത്യേക കോടതിയിലാണ് കുറ്റസമ്മതം. ആര്‍ എസ് എസിന് പുറമെ ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, അഭിനവ് ഭാരത്, ജയ്‌വന്ദേമാതരം, വനവാസി കല്യാണ്‍ ആശ്രമം എന്നിവക്കും പങ്കുണ്ടെന്നാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആര്‍ എസ് എസ് ആസൂത്രണത്തില്‍ നടന്ന സ്‌ഫോടനങ്ങള്‍ മറച്ചുവെക്കാന്‍ കൂടുതല്‍ സ്‌ഫോടനങ്ങള്‍ നടന്നതായി രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്‌കോഡ് കണ്ടെത്തി. ആര്‍ എസ് എസ് സ്‌ഫോടനങ്ങളുടെ ചുമതലയുണ്ടായിരുന്ന പ്രചാരക് സുനില്‍ ജോഷിക്ക് പുറമെ അയാളുടെ സുഹൃത്തും മധ്യപ്രദേശിലെ ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ രാംജി (രാമപ്രസാദ് കലോഡ)യും കൊല്ലപ്പെട്ടു. അജ്മീര്‍ സ്‌ഫോടനത്തിനുള്ള ബോംബുകള്‍ സുനില്‍ ജോഷിക്ക് വിതരണം ചെയ്തത് രാംജിയായിരുന്നു. അസിമാനന്ദയുടേയും ഇന്ദ്രേഷ്‌കുമാറിന്റെയും പങ്കാളിത്തം മറച്ചുവെക്കാന്‍ ജോഷിയെയും രാംജിയേയും അവരുടെ തന്നെ ആളുകള്‍ ഇല്ലായ്മചെയ്‌തെന്നാണ് രാജസ്ഥാന്‍ എന്‍ ടി എസ് കരുതുന്നത്.

മലേഗാവിലെ ബോംബ് സ്‌ഫോടനത്തിന്റെ ശില്‍പി പ്രജ്ഞാസിംഗ് താക്കൂറും ശ്രീകാന്ത് പ്രസാദ് പുരോഹിതും പിടിക്കപ്പെട്ടപ്പോള്‍ ഭീകരവിരുദ്ധ സ്‌കോഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെ വന്‍സ്രാവുകളെക്കുറിച്ച് ചില സൂചനകള്‍ നല്‍കിയിരുന്നു. ബാല്‍താക്കറെ, തൊഗാഡിയ പോലുള്ളവരിലേക്കായിരുന്നു അത് നീണ്ടത്. കുറഞ്ഞനാളുകള്‍ക്കകം ഭീകരര്‍ കര്‍ക്കറയെ വെടിവെച്ചുകൊന്നു. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐലേക്കാണ് അന്വേഷണം നീങ്ങിയത്. എന്നാല്‍ ഐ എസ് ഐയുമായുള്ള ആര്‍ എസ് എസ് ബന്ധം കൂടുതല്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഹിന്ദുത്വ ഭീകരര്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്നവിവരം. ഹിന്ദുത്വ താല്‍പര്യ സംരക്ഷണത്തിന് സ്‌ഫോടനങ്ങള്‍ വേണമെന്ന് വിശ്വസിക്കുന്ന സനാതന്‍സംസ്ഥ, ധര്‍മ്മശക്തി സേന, ഹിന്ദുജനജാഗ്രതാസമിതി തുടങ്ങിയ സംഘടനകള്‍ക്ക് കേരളത്തില്‍ യൂണിറ്റുകളുണ്ടത്രെ. ധര്‍മ്മശക്തി സേനയുടെ പരിശീലന ക്യാംപ് 2008 മെയ് 25-ന് കാസര്‍ക്കോട് നടന്നിരുന്നു. ആര്‍ എസ് എസിന്റെ ഹിന്ദുത്വവത്ക്കരണത്തിന്റെ രാക്ഷസീയത കേരളത്തില്‍ വ്യാപകമാകാതിരിക്കുന്നത് മുസ്‌ലിംകളുടെ തീവ്രവാദരഹിത സമീപനമാണ്.

പകരം വീട്ടാന്‍ തീവ്രവാദത്തിനും മതരാഷ്ട്രവാദത്തിനും മെനക്കെടുന്നത് സംഘ് പരിവാറിനെ സുഖിപ്പിക്കുകയേയുള്ളൂ. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയായ മനുഷ്യന്‍ ദൈവിക വ്യവസ്ഥ  നടപ്പാക്കാനുള്ള സംവിധാനത്തിനുവേണ്ടി സമരം ചെയ്യണമെന്നും മറ്റു വ്യവസ്ഥിതികള്‍ അംഗീകരിക്കുന്നത് ബഹുദൈവവിശ്വാസമാണെന്നുമുള്ള മൗദൂദിയന്‍ മതരാഷ്ട്രവാദമാണ് ഹിന്ദുത്വത്തെ കൂടുതല്‍ ചൊടിപ്പിച്ചത്. മതതീവ്രവാദിയുടെ പ്രതിരോധവാദം അല്‍പജ്ഞാനത്തിന്റേതുമാണ്. പരിവാറിനെ പ്രതിരോധിക്കാന്‍ തീവ്രവാദികളാവുന്നത് ആത്മഹത്യാപരം എന്ന തിരിച്ചറിവ് വിവേകത്തിന്റേതാണ്. തീവ്രവാദിയും വര്‍ഗീയവാദിയും ചെയ്തികള്‍ മറച്ചുവെക്കാനും സ്വയം രക്ഷപ്പെടാനും നിര്‍വചനങ്ങള്‍ തേടിപ്പോവാറുണ്ട്. എന്നാല്‍ ഒരു സാമൂഹ്യ പ്രതിഭാസത്തെ നിര്‍വചിക്കേണ്ടതില്ല. കാര്യം മനസ്സിലാക്കുന്നതിന് നിര്‍വചനങ്ങള്‍ പലപ്പോഴും പ്രതിബന്ധങ്ങളാണ് സൃഷ്ടിക്കുന്നത്. സങ്കീര്‍ണ്ണമായ അനുഭവങ്ങളെ സജാതീയവത്ക്കരിക്കാനാണ് നിര്‍വചനങ്ങള്‍ ശ്രമിക്കുക.

മതം സമാധാനവും സുരക്ഷിതത്വവും നല്‍കുമ്പോള്‍ തീവ്രവാദം ദുഃഖവും ഭയവുമാണ് സൃഷ്ടിക്കുന്നത്. തീവ്രവാദം അതിന്റെ അനുയായികളില്‍തന്നെ ആദ്യം ഭയവും ഭീരുത്വവുമാണ് നല്‍കുന്നത്. ശത്രുവിന്റെ ശക്തിയും സന്നാഹങ്ങളും അതിശയോക്തിപരമായി അവതരിപ്പിച്ചും ശത്രു ചെയ്തുകൊണ്ടിരിക്കുന്ന ദ്രോഹങ്ങളുടെ കഥകള്‍ പറഞ്ഞു ഫലിപ്പിച്ചും അനുയായികളെ അരക്ഷിതബോധത്തിലും ശത്രുഭയത്തിലും മരണാഭിമുഖ്യത്തിലുമെത്തിക്കുകയാണ് തീവ്രവാദം ചെയ്യുന്നത്. പിന്നീട് രക്തസാക്ഷിത്വത്തിന്റെ മേന്മകള്‍ പറഞ്ഞും മത സായുധപോരാട്ടത്തിനാണ് മറ്റെല്ലാറ്റിനേക്കാളും പ്രാധാന്യം നല്‍കിയിട്ടുള്ളതെന്ന് സ്ഥാപിച്ചും അനുയായികളെ സ്വര്‍ഗ്ഗത്തിന് വേണ്ടി ആത്മഹത്യ ചെയ്യുകയെന്ന വികൃതവും നിരര്‍ത്ഥകവുമായ സ്ഥിതിയില്‍ എത്തിക്കുന്നു. അരക്ഷിതബോധം, ശത്രുഭയം, നിരാശ, ദു:ഖം, അവസാനം ആത്മഹത്യ ഇതാണ് തീവ്രവാദിയുടെ പരിണാമവ്യവസ്ഥകള്‍.

ആര്‍ എസ് എസിന് ബദലായി വന്ന പോപ്പുലര്‍ ഫ്രണ്ടും ഐ എസ് എസും ഈ ബോധമാണ് യുവാക്കളില്‍ സൃഷ്ടിക്കുന്നത്. സംഘ് പരിവാറിന് അന്നവും വെള്ളവും നല്‍കുകയാണ് തീവ്രവാദികള്‍ ചെയ്യുന്നത്. ഇസ്‌ലാമിനെയും വേദഗ്രന്ഥങ്ങളെയും ഇതിന്നായി ഉപയോഗപ്പെടുത്തുന്നത് ഹൈന്ദവതയെ ഉപയോഗപ്പെടുത്തുന്ന പരിവാറിന്റെ തന്ത്രം തന്നെയാണ്. എന്നാല്‍ ഇസ്‌ലാമില്‍ ജിഹാദുണ്ട്. ഇസ്‌ലാം ജിഹാദ് കല്‍പിച്ചിട്ടുമുണ്ട്. അത് ഒരു മുസ്‌ലിമിന് ഒഴിവാക്കാനാവില്ല. നിങ്ങളുടെ ശരീരത്താലും സമ്പത്തിനാലും ദൈവമാര്‍ഗത്തില്‍ ജിഹാദ് നടത്തുക. അതാണ് നിങ്ങള്‍ക്കുത്തമം. (ഖുര്‍ആന്‍ 61: 11). ഉപരിപ്ലമായി ലാഘവബുദ്ധിയോടെ വിലയിരുത്തേണ്ടതല്ല ഇസ്‌ലാമിലെ ജിഹാദിന്റെ സാധുതയും പ്രായോഗികതയും. ഓറിയന്റലിസ്റ്റുകളും സയണിസ്റ്റുകളും ഖുര്‍ആനിലെ ജിഹാദിന്റെ സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യാനും ഇസ്‌ലാമിനെ ഭീകരവാദമാക്കി ചിത്രീകരിക്കാനും ശ്രമിക്കുമ്പോള്‍ അത്തരം തെറ്റിദ്ധാരണകള്‍ക്ക് വളംവെക്കുകയാണ് ഇന്നത്തെ തീവ്രവാദികളുടെ സായുധപ്രതിരോധത്തിനും പ്രത്യാക്രമണത്തിനും തെളിവായി ജിഹാദിനെ സമര്‍പ്പിക്കുന്നവര്‍ ചെയ്യുന്നത്.

രക്തസാക്ഷിത്വത്തിനു വേണ്ടി യുവാക്കളെ സജ്ജമാക്കുന്നവര്‍ സ്വീകരിക്കുന്നത് സയണിസ്റ്റുകളും ഫാസിസ്റ്റുകളും സ്വീകരിച്ച അതേ ഖുര്‍ആന്‍ വ്യാഖ്യാനരീതി തന്നെയാണെന്നത് വ്യക്തമാണ്. മെഴുകുതിരിയുടെ ചുറ്റുമിരുന്ന് കാലിന്റെ ചുവപ്പ് മാറാത്ത കുട്ടികളോട് വിശുദ്ധ ഖുര്‍ആനിലെ ജിഹാദിന്റെ സൂക്തങ്ങളുദ്ധരിച്ച് സായുധവിപ്ലവം പ്രായോഗികമാക്കുന്നതിന് ഒരുങ്ങിയിരിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ ഇസ്‌ലാംവിരുദ്ധരുടെ ആരോപണങ്ങള്‍ സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഹിന്ദുത്വ ഫാഷിസം വിജയിപ്പിക്കുന്നതും ഇവിടെത്തന്നെ.

ജിഹാദ് ഇസ്‌ലാമിലെ മൗലിക

തത്ത്വങ്ങളില്‍ പെട്ടതാണ്. ആത്മസംസ്‌കരണം മുതല്‍ ജീവത്യാഗം വരെ നീളുന്ന പ്രക്രിയയാണ് ജിഹാദ്. നാവും അക്ഷരങ്ങളും തൂലികയും കടലാസും വാളും തോക്കുമൊക്കെ അതാത് ഘട്ടങ്ങളില്‍ ആയുധമാകും. മക്കാജീവിതത്തില്‍ പ്രവാചകന്റെ ജിഹാദ് സഹനസമരമായിരുന്നു. ബദ്‌റ്, ഉഹ്ദ് പോര്‍ക്കളങ്ങളും ജിഹാദ് തന്നെ. സ്വലാഹുദ്ദീന്‍ അയ്യൂബി നടത്തിയ ഖുദ്‌സിന്റെ മോചനസമരം ജിഹാദായിരുന്നപോലെ ഖുദ്‌സിന്റെ മോചനത്തിന് ഫലസ്തീനികള്‍ ഇപ്പോള്‍ നടത്തുന്നതും ജിഹാദ് തന്നെ. സ്‌പെയിനിലെ മുസ്‌ലിംകളുടെ വൈജ്ഞാനിക വിപ്ലവവും ജിഹാദായിരുന്നു. ജീവിതത്തില്‍ ആയുധമെടുക്കാതെ ഇമാം ഗസാലി (റ) നടത്തിയ പരിവര്‍ത്തനവും ജിഹാദാണ്. ജിഹാദിന്റെ നാനാര്‍ത്ഥങ്ങളില്‍ ഇന്ത്യയെ പോലെയുള്ള ജനാധിപത്യ, മതേതര രാജ്യത്ത് സാധ്യതയും സാധുതയും പ്രായോഗികതയും ആയിത്തീരുന്നത് ഏതാണ് എന്നതാണ് തീരുമാനിക്കപ്പെടേണ്ടത്. ജനാധിപത്യം നിലനില്‍ക്കുകയും മതസ്വാതന്ത്ര്യം അനുവദിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യപോലുള്ള രാഷ്ട്രങ്ങളില്‍ പ്രസ്തുത സ്വാതന്ത്ര്യം നിലനിര്‍ത്താനാവശ്യമായ പ്രക്രിയകളാണ് ജിഹാദ് കൊണ്ട് വിവക്ഷിക്കപ്പെടേണ്ടത്. ഇന്ത്യയില്‍ ഇസ്‌ലാമിനെ വളര്‍ത്താന്‍ അനുയോജ്യമാണ് എന്നതിനാലാണ് അതിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഈ ആസൂത്രിത ശ്രമത്തെ പരാജയപ്പെടുത്താനും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും ഇസ്‌ലാമിന്റെ ഉദാത്തമായ ദര്‍ശനവും സഹിഷ്ണുതാമുഖവും ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ് ഇന്ത്യയില്‍ നടത്തേണ്ട ജിഹാദ്.

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഹിന്ദുത്വ ഫാഷിസത്തിനെതിരാണ്. വിശിഷ്യാ കേരളത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ജിഹാദിലെ  സായുധപ്രതിരോധം നിരന്തരമായ കുഴപ്പങ്ങള്‍ക്കാണ് കാരണമാവുക. ഒന്നാമതായി സായുധ പ്രതിരോധം ഹിന്ദുത്വഭീകരതയെ ശക്തിപ്പെടുത്തും. ഇസ്‌ലാമിക പ്രബോധനത്തിന് പ്രതിപക്ഷബഹുമാനവും സഹനമനസ്‌കതയും ആവശ്യമാണെങ്കില്‍ പ്രതിരോധം പ്രതിയോഗിയോട് പ്രബോധനം നടത്തുക പ്രയാസമാക്കും. ഇസ്‌ലാം ഭീകരതയാണ് എന്ന സയണിസ്റ്റ് ഫാഷിസ്റ്റ് പ്രചരണം പ്രബോധിത ജനതയില്‍ ഇസ്‌ലാമിനെക്കുറിച്ച് ഉണ്ടാക്കിത്തീര്‍ത്ത മറ പ്രതിരോധംകൊണ്ട് നീക്കിയെടുക്കാന്‍ സാധിക്കാതെവരും. ഇത്തരം ഘട്ടങ്ങളിലൊന്നും ഇസ്‌ലാം സായുധവിപ്ലവം അനുവദിക്കുന്നില്ല. സുങ്കുചിത ദേശീയതയില്‍ രാഷ്ട്രം നിര്‍മ്മിക്കാന്‍ പാടുപെടുന്ന സംഘ്പരിവാര്‍ ഇതിഹാസകഥകളും യുദ്ധങ്ങളും ദേവന്മാരുടെ ധീരതകളും പ്രതിയോഗികളുടെ അധര്‍മ്മവും ക്രൂരതയുമാണ് അണികളെ സജ്ജമാക്കാന്‍ പ്രയോഗിക്കുന്നത്. ഇപ്രകാരം പ്രതിരോധത്തിന്റെ

പേരില്‍ അരാചകത്വം സൃഷ്ടിക്കുന്ന തീവ്രവാദിയും ബദറും ഉഹ്ദുമാണ് അണികളെ ധരിപ്പിക്കുന്നത്. എന്നാല്‍, മഹാഭാരതത്തിലെ കൗരവരും രാമായണത്തിലെ രാവണനും മുസ്‌ലിംകളായിരുന്നില്ല എന്ന് പരിവാറും മക്കത്തെ മുശ്‌രിക്കുകള്‍ കേരളത്തിലെ ഹിന്ദുക്കളല്ല എന്ന് തീവ്രവാദികളും ഓര്‍ക്കണം.

നാനാത്വത്തില്‍ ഏകത്വമെന്ന മുദ്രാവാക്യത്തില്‍ തന്നെ ഇന്ത്യ നിലനില്‍ക്കണം. മുസ്‌ലിം ന്യൂനപക്ഷം പിന്തള്ളപ്പെട്ടവരാണെന്ന് സച്ചാര്‍ നേരിന്റെ കണ്ണാടിവെക്കുമ്പോള്‍ അത് രാഷ്ട്രവും രാഷ്ട്രീയക്കാരും തിരിച്ചറിയണം. സര്‍വ്വോപരി സ്വയം തിരിച്ചറിവ് മുസ്‌ലിംകള്‍ക്ക് വേണം. ഇനിയും പിന്നാക്കത്തിന്റെ ഭാണ്ഡം ഏന്താതെ സര്‍വ്വസജ്ജരാവണം മുസ്‌ലിംകള്‍. അവരെ കൈപ്പിടിച്ചുയര്‍ത്തുന്നവരാണ് സഹവാസി. രാഷ്ട്രത്തിന്റെ രക്ഷയും ഭാവിയും സൗഹൃദത്തിന്റെ കൂട്ടായ്മയിലാണ് എന്നതാണ് തിരിച്ചറിവിന്റെ പാഠം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter