എൽ.ജി.ബി.ടി ആക്ടിവിസം:  ട്രാന്‍സ്ജൻഡറുകളുടെ പ്രശ്നങ്ങളറിയാൻ ആർക്കാണ് നേരം?   (ഭാഗം-ഒന്ന്)

LGBTQI+ രാഷ്ട്രീയം ഇന്ന് ആഗോള തലത്തില്‍തന്നെ അവഗണിക്കാനാവാത്ത വിധം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ട്രാന്‍സ് ജന്ഡേഴ്സിനോടുള്ള രാജ്യത്തിന്റെ സമീപനം ശരിയല്ലെന്നും ആയതിനാല്‍  അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് ബ്രിട്ടണ്‍ അടക്കമുള്ള ടീമുകള്‍ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഖത്തറിനെതിരെ പ്രമുഖരുടെ ശബ്ദമുയര്‍ന്നത്  ഇതിൻറെ അവസാനത്തെ ഉദാഹരണമാണ്. ഈ പശ്ചാത്തലത്തില്‍ എന്താണ് LGBTQI എന്നും അവരോടുള്ള സമീപനം എങ്ങനെയായിരിക്കണെന്നും വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ. ട്രാൻസ്ജെൻഡറുകളുടെ കാര്യം ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ട്രാന്‍സ്ജൻഡർ ആണെന്ന് സ്വയം മനസ്സിലാക്കുന്നവരെ കേട്ടതിൻറെയും, അവര്‍ കുടുംബത്തിലും സമൂഹത്തിലും സഹിക്കേണ്ടി വരുന്ന പ്രയാസങ്ങളുടെയും അപമാനത്തിന്റെയും കഥകള്‍ അവരോട് നേരിട്ട് സംസാരിച്ച് മനസ്സിലാക്കിയതിൻറെയും അടിസ്ഥാനത്തിൽ അവരെക്കുറിച്ചും ചിലതു പറയാൻ ശ്രമിക്കാം.

L, G: ലെസ്ബിയൻ, ഗേ

 സ്വന്തം ലിംഗത്തില്‍ പെട്ടവരോട് തന്നെ ലൈംഗിക ആസക്തി തോന്നുന്ന സ്ത്രീകളെയും പുരുഷന്മാരെയും സൂചിപ്പിക്കാനാണ്, ആദ്യ രണ്ടക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് (ലെസ്ബിയന്‍, ഗേ). ഇസ്ലാമിക സമൂഹങ്ങളിൽ സ്വവർഗരതിക്കാരായ പുരുഷൻമാർ ഉണ്ടായിട്ടുണ്ട്.മാത്രമല്ല,  ലോകമതങ്ങളിൽ സ്വലിംഗരമികളോട് താത്വികമായി ഏറ്റവുമധികം കാർക്കശ്യം സ്വീകരിക്കുന്നതും, അതേസമയം, പ്രായോഗിക തലത്തിൽ ഏറ്റവും സഹിഷ്ണുത കാണിക്കുന്നതും ഇസ്ലാം ആണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്[i] എന്നാൽ പുതിയ കാലത്തെ ഗേകളുമായി അക്കാലത്തുള്ളവർ രണ്ടുകാര്യങ്ങളിൽ വ്യത്യസ്തരാണ്. ഒന്ന്, സ്വവർഗത്തോടു തോന്നുന്ന ലൈംഗികാകർഷണം തങ്ങളുടെ സ്വത്വത്തെ നിർണയിക്കുന്നതായി അവർ കരുതിയില്ല.രണ്ട്, ചിലർ സ്വവർഗരതിക്കാർ ആണെന്ന് മനസ്സിലാക്കിയപ്പോഴും അവരുടെ ലൈംഗികചോദനക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ ധാർമികമായി ശരിയായിരുന്നു എന്ന് അവർ ന്യായീകരിച്ചിരുന്നില്ല.

ഞാൻ ഒരു മുസ്ലിം മാത്രമല്ല, ഒരു മദ്യപാനിയായ മുസ്ലിമാണ്, എനിക്ക് എൻറേതായ അവകാശങ്ങൾ വേണം എന്നു പറയുന്നതുപോലെ, ഞാനൊരു സ്വവർഗരതിക്കാരനായ മുസ്ലിമാണ്, എന്നെയതിന് സമ്മതിക്കണമെന്ന് വാദിക്കുന്നവരാണ് പുതിയകാലത്തെ സ്വവർഗരതിക്കാർ.

അവരെക്കുറിച്ച് വിശദമായി ഇവിടെ വായിക്കാം:

സ്വവർഗ ലൈംഗികത: നിയമ സാധുതയുടെ രീതി ശാസ്ത്രം (ഭാഗം 1)

ഇസ്ലാമിക പാരമ്പര്യത്തിൽ സ്വവർഗമോഹികൾക്ക് നിയമസാധുതയുണ്ട് എന്നു വാദിക്കുന്ന ചിലരും രംഗത്തുവന്നിട്ടുണ്ട്. മുസ്ലിം പാരമ്പര്യങ്ങളിലെ ചില ആഖ്യാനങ്ങളിൽ ഇത്തരക്കാരുടെ ആചാര്യനായ സ്കോട്ട് കൂഗ്ൾ നടത്തിയ തിരിമറിയെക്കുറിച്ചും രീതിശാസ്ത്രപരമായ അബദ്ധങ്ങളെക്കുറിച്ചുമുള്ള വിശകലനം  വായിക്കാം:

ഇസ്ലാമും സ്വവർഗ ലൈംഗികതയും: സ്കോട്ട് കുഗ്ള്‍ വാദങ്ങളിലെ വൈരുദ്ധ്യങ്ങൾ


ഹോമോ വേദനയുടെ ദൈവശാസ്ത്രം

ഇത്തരം ആസക്തികളെ കൌണ്‍സിലിംഗിലൂടെയും മറ്റു സ്വാഭാവിക ജീവിതം പരിശീലിക്കുന്നതിലൂടെയും മാറ്റിയെടുക്കാവുന്നതാണ് എന്നത് നമ്മുടെ നാട്ടിൻപുറങ്ങളിലെ അനുഭവങ്ങളിലൂടെയും ശാസ്ത്രീയ പഠനങ്ങളിലൂടെയും തെളിഞ്ഞതാണ്.ഞങ്ങളെ ചികിത്സിക്കേണ്ട, ഞങ്ങളുടേത് രോഗാവസ്ഥയല്ല, സ്വാഭാവികതയാണ്, ഞങ്ങൾക്ക് ഇതുപോലെ നടക്കാനുള്ള അവകാശം വകവെച്ചുതരണം എന്ന രാഷ്ട്രീയവാദം മാത്രമാണ് ഇനി ബാക്കിയുള്ളത്. രണ്ടു കാര്യങ്ങൾ ഇവിടെ പ്രസക്തമാണ്. ഒന്ന്,സ്വവർഗരതിയെ പ്രകൃതിവിരുദ്ധമെന്ന് പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. യഥാർഥത്തിൽ ഇത്തരം ചിന്തകൾ ഇസ്ലാമിൻറെ വീക്ഷണത്തിൽ പ്രകൃതിവിരുദ്ധമൊന്നുമല്ല. എല്ലാം മനുഷ്യരിൽ ഉണ്ടാകാവുന്ന വികാരങ്ങളിൽ (ശഹ് വത്ത്) ഉൾപ്പെടുത്താവുന്നതാണ്.

അതിനാൽ, വിവാഹം കഴിക്കാത്തവർക്ക് വ്യഭിചരിക്കാൻ തോന്നുന്നതും, വിവാഹിതർക്ക് അവിഹിതബന്ധത്തിന് തോന്നുന്നതും, ശിശുരതിക്കാർക്കും, ശവരതിക്കാർക്കും മദ്യപാനികൾക്കും അവരവരുടെ മനസ്സിൽ തോന്നുന്നതും ഒക്കെ ശഹ് വത്ത് എന്ന കാറ്റഗറിയിൽ പെടുത്താം. അത്തരം പ്രവണതകളെ വിശ്വാസികൾ അവരുടെ ഈമാൻ ഉപയോഗിച്ച് ചെറുക്കുമ്പോൾ അനുഭവിക്കുന്ന പ്രയാസത്തേക്കാൾ വലിയ പ്രയാസമൊന്നുമല്ല ഗേകളും ലെസ്ബിയനുകളും അനുഭവിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

രണ്ട്, സ്വവർഗരതി മുമ്പ് മാനസികരോഗമായിട്ടായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്.1969 ൽ അമേരിക്കയിലെ സ്റ്റോൺവോളിൽ സ്വവർഗരതിക്കാർ അവരുടെ അവകാശങ്ങളുടെ സംരക്ഷണത്തിനെന്ന പേരിൽ, പ്രതിഷേധവും കലാപങ്ങളും (സ്റ്റോൺവോൾ അപ്രൈസിംഗ്) നടത്തിയിരുന്നു.പിന്നീട്1974 ൽ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ ഹോമോസെക്ഷ്വാലിറ്റിയെ മനോരോഗങ്ങളുടെ പട്ടികയായ ഡി.എസ്.എമ്മിൽ (Diagnostic and Statistical Manual of Mental Disorders) നിന്നും ഒഴിവാക്കുകയുണ്ടായി.എന്നാൽ, ശാസ്ത്രീയപഠനങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നില്ല ഇത്. മറിച്ച്, അക്കാദമിക്  സെമിനാറുകൾ തടസ്സപ്പെടുത്തുക, ശാസ്ത്രജ്ഞരെ കയ്യേറ്റം ചെയ്യുക, ശാസ്ത്രീയ നിരീക്ഷണങ്ങൾ പരിഗണിക്കാതെ വോട്ടിനിട്ട് അഭിപ്രായം രൂപീകരിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെയായിരുന്നു. എന്തുതന്നെയായാലും,മാനസികരോഗം, പ്രകൃതിവിരുദ്ധം എന്നീ പ്രയോഗങ്ങളൊന്നും ഇസ്ലാമിലെ ലൈംഗികധാർമികതയെ കൃത്യമായി പ്രതിനിധീകരിക്കുന്നില്ല. പ്രകൃതിവിരുദ്ധമാവട്ടെ അല്ലാതിരിക്കട്ടെ, രോഗാവസ്ഥയാണെങ്കിലും അല്ലെങ്കിലും ശരി, ധാർമികമായി ഇതിനെ ന്യായീകരിക്കാനുള്ള ന്യായം ഇസ്ലാമിനകത്ത് ലഭ്യമല്ല.

അതിനാൽ, ലഹരിയോടുള്ള അഡിക്ഷൻ, മോഷണത്തോടുള്ള അഡിക്ഷൻ പോലെയുള്ളവ ബാധിച്ചവരെ സഹായിക്കുന്നതിനുള്ള രീതികൾ ഇത്തരക്കാരെ സഹായിക്കാനും സ്വീകരിക്കാവുന്നതാണ്. പ്രകൃതിവിരുദ്ധം,രോഗാവസ്ഥ എന്നീ വിശേഷണത്തേക്കാൾ, സ്വവർഗരതിയെ മനുഷ്യൻ ചെറുത്തുതോൽപ്പിക്കേണ്ട അധമവികാരങ്ങൾ എന്നു വിളിക്കുന്നതായിരിക്കും കൂടുതൽ ശരി.

B:ബൈസെക്ഷ്വൽ

ബൈസെക്ഷ്വൽ. ഉഭയലിംഗർ എന്ന് പരിഭാഷപ്പെടുത്താം.  രണ്ടു വിഭാഗത്തോടും ഒരുപോലെ ലൈംഗികാസക്തി തോന്നുന്നവരെയാണ് ബൈസെക്ഷ്വല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മുകളിൽ വിശദീകരിച്ചത് മുഴുവൻ ഇവരുടെ കാര്യത്തിലും ബാധകമാണ്.

T: ട്രാൻസ്ജെൻഡർ

അപരലിംഗർ എന്നോ, ലിംഗഭിന്നർ എന്നോ മൊഴിമാറ്റാം. ഇന്ന് ഏറ്റവുമധികം ശബ്ദിച്ചുകൊണ്ടിരിക്കുന്നത് ഈ വിഭാഗത്തിൻറെ വക്താക്കളെന്ന് പറയുന്നവരാണ്. ഇവരെക്കുറിച്ചാണ് നാം കൂടുതൽ അറിയേണ്ടതും. കാരണം, ഇവരുടെ പ്രശ്നം കേവലം സ്വവർഗരതിക്കാരുടെ ആസക്തിയല്ല, ഇവരുടെ ശരീരവും മനസ്സും തമ്മിലുള്ള ചേർച്ചയില്ലായ്മയാണ്. പുരുഷശരീരത്തിനുള്ളില്‍ തളച്ചിടപ്പെട്ട സ്ത്രീമനസ്സോ, സ്ത്രീ ശരീരത്തിൽ തളച്ചിടപ്പെട്ട പുരുഷനോ ആണെന്ന് ഇവരെ ഒറ്റവാക്കില്‍പരിചയപ്പെടുത്താം.വലിയ മനോവേദനയിലൂടെയാണ് ഇവർ ദിനേന കടന്നുപോകുന്നത്. മനശാസ്ത്രപരമായി ജെൻഡർ ഡിസ്ഫോറിയ (Gender Dysphoria: GD) എന്ന അവസ്ഥയാണ് ഇവർ നേരിടുന്നത്.

മൌലികമായി സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ രണ്ടു വിഭാഗമായാണ്  മനുഷ്യ സൃഷ്ടിപ്പ്. ഇത്  രണ്ടുമല്ലാത്ത ഒരു വിഭാഗത്തെക്കുറിച്ച്  ഖുര്‍ആനില്‍ വ്യക്തമായ പരാമര്‍ശമില്ലെങ്കിലും ചില സൂചനകളുണ്ട്. സൂറതുന്നൂറിലെ 31-ം സൂക്തത്തില്‍ സ്ത്രീകൾക്ക് അവരുടെ സൌന്ദര്യം ആരുടെയെല്ലാം മുമ്പിൽ പ്രകടിപ്പിക്കാമെന്ന് വിശദീകരിക്കുന്ന സ്ഥലത്ത് ഭർത്താക്കൾ, പിതാക്കൾ, ഭർതൃപിതാക്കൾ, പുത്രന്മാർ തുടങ്ങിയവരെ എണ്ണിയ കൂട്ടത്തിൽ ഗൈരി ഉലിൽ ഇർബ (സ്ത്രീകളോട് വൈകാരികാവശ്യം ഇല്ലാത്തവർ) എന്നൊരു വിഭാഗത്തെ കൂടി പരാമർശിക്കുന്നുണ്ട്. സ്ത്രീകളോട് വികാരങ്ങളില്ലാത്ത പുരുഷന്മാരായ പരിചാരകരെന്നാണ് ഇതിൻറെ വിവക്ഷയെങ്കിലും ഈ വിവക്ഷക്കകത്ത് പ്രവാചകരും സഹാബികളും മുഖന്നസ് എന്ന വിഭാഗത്തക്കൂടി ഉൾപ്പെടുത്തിയതായി ഹദീസുകളിൽ കാണാം. സ്ത്രീയുടെ ചേഷ്ടകളും മാനറിസവുമെല്ലാമുള്ള പുരുഷനെയാണ് മുഖന്നസ് എന്ന് ഹദീസുകളിൽ പൊതുവെ വിളിച്ചുകാണുന്നത്. പെരുമാറ്റത്തിൽ സ്ത്രൈണതയുള്ള ഒരു പുരുഷൻ നബിയുടെ ഭാര്യമാരടക്കമുള്ള സ്ത്രീകളുമായി സജീവമായി ഇടപെടുമായിരുന്നു. എന്നാൽ ഒരിക്കൽ അയാൾ ത്വാഇഫിലുള്ള ബിൻതു ഗൈലാൻ എന്നൊരു സ്ത്രീയെ ശൃംഗാരഭാവത്തോടെ ശരീരവർണന നടത്തുന്നത് പ്രവാചകർ കേൾക്കാനിടയായി. അതേതുടർന്ന് പ്രവാചകർ അയാളെ നാടുകടത്തുകയും “ഇത്തരക്കാരെ ഇനി നിങ്ങളുടെയടുത്തേക്ക് കടത്തരുതെന്ന്” ശാസിക്കുകയും ചെയ്തു. ഈ സംഭവം സഹീഹ് മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്.

ഈ ഹദീസിന് ഇമാം നവവി തൻറെ ശറഹു മുസ്ലിമിൽ നൽകിയ വിശദീകരണം ട്രാൻസുകളെക്കുറിച്ചുള്ള നമ്മുടെ ധാരണ കൂടുതൽ വികസിപ്പിക്കുന്നതാണ്. അതിൻറെ ആശയം ഇങ്ങനെ ചുരുക്കാം:“മുഖന്നസ് രണ്ടുവിധമാണ്. ഒന്ന്സൃഷ്ടിപ്പിൽ തന്നെ സ്ത്രൈണതയുള്ളവർ. ഇവർക്കുമേൽ ആക്ഷേപമോ, കുറ്റമോ ശിക്ഷയോ ഒന്നുമില്ല. ഇതുകൊണ്ടാണ് പ്രസ്തുത സംഭവത്തിലെ മുഖന്നസ് സ്ത്രീകൾക്കിടയിൽ ഇടപഴകുന്നത് നബി ആദ്യം നിരാകരിക്കാതിരുന്നത്. എന്നാൽ, പിന്നീട് നബി അയാളുടെ മുഖന്നസ് എന്ന പ്രത്യേക വിശേഷണത്തെയോ സൃഷ്ടിപ്പിനെയോ നിരാകരിക്കുകയായിരുന്നില്ല. മറിച്ച് അയാൾ സ്ത്രീവർണന നടത്തിയതിനെ വിലക്കുകയായിരുന്നു. രണ്ടാമത്തെ വിഭാഗം മനപൂർവ്വം വസ്ത്രമണിയുന്നതടക്കമുള്ള സ്ത്രൈണഭാവം സ്വീകരിക്കുന്നവരാണ്. സ്ത്രീകളെപ്പോലെ നടക്കുന്ന പുരുഷന്മാരെയും പുരുഷന്മാരെപ്പോലെ നടക്കുന്ന സ്ത്രീകളെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസ് ഇവരെക്കുറിച്ചാണ് പരാമർശിക്കുന്നത്”[ii].

സ്ത്രീകളുടെ മനസ്സും മാനറിസവും പുരുഷൻറെ ശരീരവുമുള്ളവരെക്കുറിച്ച് മുഖന്നസ് എന്ന് പരിചയപ്പെടുത്തുന്ന പോലെ പുരുഷൻറെ മനസ്സും മാനറിസവും സ്ത്രീയുടെ ശരീരവും ഉള്ളവരെ ഹദീസുകളിൽ മുതറജ്ജിലാത്ത് എന്നാണ് പരിചയപ്പെടുത്തുന്നത്. മുതറജ്ജിലാത്തുകളെയും മുഖന്നസുകളെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് ഹദീസുകളിൽ കാണാം. (ബുഖാരി, മുസ്നദ് അഹ്മദ്). എന്നാൽ, സൃഷ്ടിപ്പിൽ തന്നെ മുതറജ്ജിലും മുഖന്നസും ആയവർക്ക് ഇത് ബാധകമല്ലെന്നും, മനപൂർവം എതിർലിംഗത്തിൻറെ രൂപഭാവങ്ങൾ സ്വീകരിക്കുന്നവരെയാണ് ഹദീസിൽ അപലപിച്ചതെന്നും മുകളിലെ ഇമാം നവവിയുടെ വിശകലനത്തിൽ നിന്നും വ്യക്തമാണ്. ഇത്രയും വിവരിച്ചതിൽ നിന്നും മൂന്ന് കാര്യങ്ങൾ മനസ്സിലാക്കാം:

ഒന്ന്,ട്രാൻസ്ജെൻഡറുകൾക്ക് നബിയുടെ കാലത്തെ സമൂഹത്തിൽ പരിഗണനീയമായ സ്ഥാനം ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ നബിയുടെ ഭാര്യമാരടക്കമുള്ളസ്ത്രീകളുമായി വളരെ സ്വാഭാവികമായിഇടപഴകാൻ അവർക്ക് അവസരമുണ്ടായത്.

രണ്ട്:യഥാർഥ ട്രാൻസ്ജെൻഡറുകൾ എന്ന ലൈംഗികന്യൂനപക്ഷം പുതിയൊരു പ്രതിഭാസമല്ല, നബിയുടെ കാലത്തും അതിനുമുമ്പും അവരുണ്ടായിരുന്നു.

അങ്ങനെയാണെങ്കിൽ പിന്നീടെങ്ങനെയാണ് അവർ അരികുവത്ക്കരിക്കപ്പെട്ടത്? ഒരുപക്ഷെ, ക്രിസ്തീയ ധാർമികത അവരെ അകറ്റിനിർത്തുകയും, കോളനിവത്ക്കരണാനന്തര ലോകക്രമത്തിലെ നിയമങ്ങൾ അതേ ധാർമികതയെ നിലനിർത്തുകയും ചെയ്തപ്പോൾ അവർ പൂർണമായും അവഗണിക്കപ്പെട്ടതായിരിക്കാം. ഈ അവഗണനയിലും വിവേചനത്തിലും പൊറുതിമുട്ടി ജീവിക്കുമ്പോഴാണ് എൽ.ജി.ബി.ടി ആക്റ്റിവിസവും രാഷ്ട്രീയവും അവരുടെരക്ഷക്കെത്തിയത്. എന്നാൽ എൽ.ജി.ബി.ടി ആക്ടിവിസം മുന്നോട്ടുവെക്കുന്ന പരിഹാരങ്ങൾ എന്തെല്ലാമാണ്? എൽ.ജി.ബി.ടി രാഷ്ട്രീയം സജീവമായ ശേഷം ട്രാൻസ്ജെൻഡറുകളുടെ സാമൂഹികബോധത്തിലുണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ്?

രണ്ടാം ഭാഗത്തില്‍ വായിക്കാം

(ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി,  ഡിപാര്‍ട്ട്മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജ്യന്‍സ് തലവനാണ് റഷീദ് ഹുദവി)


[i]ഡോ. ജെ.ജെ. പള്ളത്ത്, സ്വലിംഗരമികളോട്മതത്തിനെന്താപ്രശ്നം, മാതൃഭൂമിആഴ്ചപ്പതിപ്പ്. സെപ്തംബർ23-29, 2018.

 

[ii]ഇമാം നവവി,കിതാബുസ്സലാം, ശറഹുന്നവവി അലാ മുസ്ലിം

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter