ഔലിയാക്കളും കറാമത്തും
ഇക്കാലത്ത് കറാമത്തിനെക്കുറിച്ച് ജനങ്ങളില്‍ നിന്ന് നിരന്തരമായ ചോദ്യങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണ്. ശരീഅത്തില്‍ അതിന് സ്ഥിരീകരണമുണ്ടോ? ഖുര്‍ആനിലും ഹദീസിലും അതിന് വല്ല തെളിവുകളുമുണ്ടോ? ഔലിയാക്കളുടെയും ഭക്തന്മാരുടെയും കൈക്ക് അത്ഭുതസിദ്ധികള്‍ നടപ്പാക്കുന്നതിന്റെ യുക്തിയെന്താണ്?-ഇങ്ങനെ പോകുന്നു സംശയങ്ങള്‍. ഇക്കാലത്ത് നിരീശ്വരത്വത്തിന്റെയും ഭൗതികതയുടെയും അലയൊലികളും ദുര്‍മാര്‍ഗവല്‍ക്കരണത്തിന്റെയും സംശയം ജനിപ്പിക്കുന്നതിന്റെയും പ്രവാഹങ്ങളും വര്‍ധിച്ചിരിക്കുകയാണല്ലോ.
അതിനാല്‍ നമ്മുടെ മക്കളില്‍ വലിയൊരു വിഭാഗത്തിന്റെയും ഹൃദയങ്ങളില്‍ അവ സ്വാധീനം ചെലുത്തിയിരിക്കുന്നു. അഭ്യസ്തവിദ്യരില്‍ പലരെയും അത് വഴിതെറ്റിച്ചിട്ടുമുണ്ട്. കറാമത്തുകളെ സംബന്ധിച്ചിടത്തോളം തള്ളിപ്പറയുന്ന നിഷേധിയുടെയോ ചാഞ്ചാടുന്ന സന്ദേഹിയുടെയോ അത്ഭുതം കൂറുന്ന വിസ്മയക്കാരന്റെയോ നിലപാടിലാണ് അവരുള്ളത്. അല്ലാഹുവിനെയും അവന്റെ മഹച്ഛക്തിയെയും കുറിച്ച് അവര്‍ക്കുള്ള വിശ്വാസത്തിന്റെ ദൗര്‍ബല്യമാണതിന് കാരണം. റബ്ബിന്റെ ആത്മമിത്രങ്ങളെയും ഔലിയാക്കളെയും സംബന്ധിച്ചുള്ള അവരുടെ അംഗീകാരത്തിന്റെ കുറവും അതിന് നിമിത്തമാണ്. ഈ പശ്ചാത്തലത്തില്‍, സത്യം വെളിച്ചത്തു കൊണ്ടുവരുന്നതിനും അല്ലാഹുവിന്റെ ശരീഅത്തിന് പിന്‍ബലമേകുന്നതിനുമായി ഈ വിഷയം ചെറിയ തോതില്‍ കൈകാര്യം ചെയ്യാന്‍ നാം ഉദ്ദേശിക്കുകയാണ്.
ഔലിയാക്കളുടെ കറാമത്തുകള്‍ വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും സ്വഹാബത്തിന്റെ ചരിത്രത്തിലും അവിടന്നിങ്ങോട്ട് ഇന്നേ ദിവസം വരെയുമുള്ള മഹാന്മാരുടെ സംഭവങ്ങളിലും സ്ഥിരപ്പെട്ടുകഴിഞ്ഞതാണ്. കര്‍മശാസ്ത്രപണ്ഡിതന്മാര്‍, മുഹദ്ദിസുകള്‍, ഉസ്വൂലികള്‍, സ്വൂഫീസാരഥികള്‍ തുടങ്ങി അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ മഹാഭൂരിഭാഗം പണ്ഡിതശ്രേഷ്ഠരും കറാമത്ത് അംഗീകരിച്ചവരത്രേ. അവരുടെ രചനകളെല്ലാം ഉച്ചൈസ്തരം അതുദ്‌ഘോഷിക്കുന്നുമുണ്ട്. വ്യത്യസ്ത ഇസ്‌ലാമിക കാലഘട്ടങ്ങളില്‍ പലര്‍ക്കും നേരിട്ട് കണ്ട് അനുഭവമുള്ളതുമാണത്. ആ നിലക്ക്, കറാമത്ത് എന്ന സംഗതി മുതവാത്തിര്‍ (അനിഷേധ്യസത്യം) ആയി സ്ഥിരപ്പെട്ടതാണ്. അവയുടെ ഉള്ളടക്കവും വിശദീകരണങ്ങളും വ്യത്യസ്തമായിരിക്കുമെന്നു മാത്രം. പുത്തനാശയങ്ങളുടെയും വ്യതിയാനത്തിന്റെയും വക്താക്കള്‍ മാത്രമേ കറാമത്ത് നിഷേധിച്ചിട്ടുള്ളൂ. അവരാകട്ടെ, അല്ലാഹുവിലും അവന്റെ വിശേഷണങ്ങളിലും കര്‍മങ്ങളിലുമൊക്കെ വിശ്വാസദൗര്‍ബല്യം ഉള്ളവരത്രേ.
കറാമത്തുകള്‍ ഖുര്‍ആനില്‍:
പരിശുദ്ധ ഖുര്‍ആനില്‍ ഔലിയാക്കള്‍ക്ക് കറാമത്ത് സ്ഥിരീകരിക്കുന്ന സൂക്തങ്ങളുണ്ട്. ഗുഹാവാസികളുടെ (അസ്വ്ഹാബുല്‍ കഹ്ഫ്) കഥ അതില്‍ പെട്ടതാണ്. വിപത്തുകളില്‍ നിന്നൊക്കെ സുരക്ഷിതരായി മുന്നൂറ്റി ഒമ്പത് കൊല്ലക്കാലം അവരതില്‍ ജീവനോടെ ഉറങ്ങിക്കഴിഞ്ഞു. വെയിലിന്റെ ചൂടില്‍ നിന്ന് അല്ലാഹു അവര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടായിരുന്നു. ഖുര്‍ആന്‍ അവരുടെ അവസ്ഥകള്‍ വിവരിക്കുകയുണ്ടായി: സൂര്യന്‍ ഉദിച്ചുയര്‍ന്നാല്‍ അവരുടെ ഗുഹ വിട്ട് വലതുഭാഗത്തേക്ക് തിരിയുന്നതായി നിനക്ക് കാണാം. അസ്തമിക്കാന്‍ പോകുമ്പോഴാകട്ടെ, ഗുഹാവാസികളെ അത് ഇടതുഭാഗത്താക്കി മാറ്റും… അവര്‍ ഉണര്‍ന്നു കിടക്കുന്നവരാണെന്നാണ് നീ വിചാരിക്കുക(2), യഥാര്‍ഥത്തില്‍ നിദ്രയിലാണവര്‍. ഇടതുഭാഗത്തേക്കും വലതുഭാഗത്തേക്കും ഇടക്കിടെ അവരെ നാം തിരിച്ചുകിടത്തും.(3) അവരുടെ നായ ഗുഹാമുഖത്തുതന്നെ കൈപരത്തി കിടക്കുന്നുണ്ട്… ആ ഗുഹയിലവര്‍ മൂന്നൂറ്റി ഒമ്പത് വര്‍ഷം താമസിച്ചു.(4) ഗുഹാവാസികളുടെ ഇക്കഥ സുപ്രസിദ്ധമാണല്ലോ.
മര്‍യം ബീവി(റ) ഈത്തപ്പന കുലുക്കിയതും കറാമത്തിനുള്ള ഖുര്‍ആനിക പ്രമാണമാണ്. ഉണങ്ങിയ ഈന്തത്തടിയാണവര്‍ കുലുക്കിയത്. തല്‍ക്ഷണമത് പച്ച പിടിച്ചതാവുകയും പഴുത്ത് പാകമായ പഴം വീഴ്ത്തിക്കൊടുക്കുകയും ചെയ്തു. അത്, ഈത്തപ്പഴത്തിന്റെ സീസണ്‍ അല്ലായിരുന്നുതാനും. അല്ലാഹു നിര്‍ദേശിച്ചു: ആ ഈന്തത്തടി പിടിച്ചുകുലുക്കുക, എങ്കില്‍ നിങ്ങള്‍ക്കത് പഴുത്തു പാകമായ പഴം വീഴ്ത്തിത്തരുന്നതാണ്.
സകരിയ്യാ നബി(അ)യുടെ അനുഭവം ഖുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. മര്‍യം ബീവി(അ) ധ്യാനനിമഗ്നയായിരിക്കുന്ന മുറിയിലേക്ക് സകരിയ്യാ നബി കടന്നുചെല്ലുമ്പോഴെല്ലാം അവിടെ അപൂര്‍വ ഭക്ഷ്യവസ്തുക്കളുണ്ടായിരുന്നു. സകരിയ്യാ നബിയല്ലാതെ മറ്റാരും അങ്ങോട്ട് കടന്നുചെല്ലാറില്ലതാനും. സ്വാഭാവികമായും അദ്ദേഹം ചോദിക്കും, മര്‍യമേ, ഇതെവിടന്നാണ് കിട്ടിയത്? ബീവിയുടെ പ്രതികരണം: അല്ലാഹുവിങ്കല്‍ നിന്ന്. ഖുര്‍ആന്‍ വിവരിക്കുന്നത് നോക്കുക: ആരാധനാമുറിയില്‍ മര്‍യം ബീവിയുടെയരികിലേക്ക് സകരിയ്യാ നബി പ്രവേശിക്കുമ്പോഴെല്ലാം അവിടെ ഭക്ഷ്യവസ്തുക്കളുണ്ടാകും. മര്‍യമേ, ഇത് നിനക്കെവിടെ നിന്ന് കിട്ടി എന്ന് ചോദിക്കുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്ന് എന്നായിരിക്കും മറുപടി.
സുലൈമാന്‍ നബി(അ)-ആസ്വഫുബ്‌നു ബര്‍ഖിയാ സംഭവം. ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും പക്ഷമനുസരിച്ച് ആസ്വഫ് എന്ന വലിയ്യാണതിലെ കഥാപാത്രം. ഖുര്‍ആന്‍ പ്രസ്താവിച്ചു: കിതാബില്‍ നിന്നുള്ള വിജ്ഞാനമുണ്ടായിരുന്ന ഒരാള്‍ (ആസ്വഫ്) പ്രതികരിച്ചു: കണ്ണടച്ചു തുറക്കും മുമ്പ് ബില്‍ഖീസിന്റെ സിംഹാസനം ഞാന്‍ താങ്കള്‍ക്ക് കൊണ്ടുവന്നുതരാം.(4) അങ്ങനെ കണ്ണിമക്കുന്നതിനിടയില്‍ (സെകന്റ് നേരം കൊണ്ട്) യമനില്‍ നിന്ന് ഫലസ്ഥീനിലേക്ക് ആസ്വഫ് ബില്‍ഖീസിന്റെ സിംഹാസനം കൊണ്ടുപോയി.
ഹദീസുകളിലെ കറാമത്തുകള്‍:
ഇനി കുറ്റമറ്റ നബിവചനങ്ങളിലും കറാമത്തുകളുടെ സത്യസന്ധതക്കും അസ്തിത്വത്തിനും നിരവധി തെളിവുകള്‍ കാണുവാന്‍ സാധിക്കുന്നതാണ്. ആരാധനാനിമഗ്നനായിക്കഴിഞ്ഞിരുന്ന ജുറൈജിന്റെ കഥ അവയില്‍ സുപ്രധാനമാണ്. തൊട്ടിലില്‍ കിടക്കുന്ന പ്രായത്തിലുള്ള പിഞ്ചുകുഞ്ഞ് അദ്ദേഹത്തോട് സംസാരിച്ചതാണ് സംഭവം. ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിക്കപ്പെട്ട സ്വഹീഹായ ഹദീസാണ് അത്.
തൊട്ടിലില്‍ സംസാരിച്ച മറ്റൊരു കുട്ടിയുടെ കഥയും കറാമത്തിന് തെളിവാണ്.(1) യാത്രാമധ്യേ ഒരു ഗുഹയില്‍ അഭയം തേടിയ മൂന്നു പേരുടെ കഥയുണ്ട്. അവരതില്‍ പ്രവേശിച്ച ശേഷം വലിയൊരു പാറക്കല്ല് ഉരുണ്ടുവന്നുവീണ് ഗുഹാമുഖം അടച്ചുകളയുകയുണ്ടായി. പിന്നീട് ആ പാറ നീങ്ങി ഗുഹ തുറന്നു. ഈ സംഭവം ബുഖാരിയിലും മുസ്‌ലിമിലും ഉള്ളതാണ്.(2) ഒരു പശുവിന്റെ ചരിത്രവും പ്രമാണങ്ങളിലുണ്ട്. അത് തന്റെ യജമാനനോട് സംസാരിച്ചതാണ് സംഭവം. കുറ്റമറ്റതും സുപ്രസിദ്ധവുമായ ഹദീസിലുള്ളതാണത്.(
ഇനി സ്വഹാബത്തിന്റെ ചരിത്രം പരിശോധിച്ചു നോക്കിയാല്‍ ധാരാളം കറാമത്ത് സംഭവങ്ങള്‍ അവരില്‍ നിന്നുദ്ധരിക്കപ്പെട്ടതായി കാണാന്‍ കഴിയും. ഹ. അബൂബക്ര്‍ സ്വിദ്ദീഖ്(റ)വിന്റെയടുത്ത് അതിഥികള്‍ വന്നപ്പോഴുണ്ടായ സംഭവം അതില്‍ പെട്ടതാണ്. വിരുന്നുകാരെത്തിയപ്പോള്‍ സ്വിദ്ദീഖ്(റ)വിന്റെ വീട്ടുകാര്‍ തയ്യാറാക്കിയ ഭക്ഷണം വര്‍ധിച്ചുവരികയാണുണ്ടായത്. ആഹരിച്ചു കഴിഞ്ഞ ശേഷം, നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ ഭക്ഷണം കൂടുതല്‍ കാണപ്പെടുകയായിരുന്നു. ഈ സംഭവം സ്വഹീഹായ ഹദീസിലുള്ളതും ഇമാം ബുഖാരി(റ) ഉദ്ധരിച്ചതുമാകുന്നു.(1) രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) മദീനയിലെ മിമ്പറില്‍ കയറി നിന്ന് സേനാനായകനെ വിളിച്ച്, ഹേ സാരിയ, പര്‍വതത്തില്‍ കയറി രക്ഷപ്പെടുക എന്നാഹ്വാനം ചെയ്തതും കറാമത്തുതന്നെ. അത് ഹസന്‍ ആയ ഹദീസിലുള്ളതാണ്.(2) തന്റെ സമീപത്തേക്കുവന്ന ഒരു വ്യക്തിയോട് അന്യസ്ത്രീയെ നോക്കിയത് ഹ. ഉസ്മാനു ബ്‌നു അഫ്ഫാന്‍(റ) തുറന്നുപറഞ്ഞ ഹദീസും കറാമത്തിന് തെളിവു തന്നെ.
ഹ. അലിയ്യുബ്‌നു അബീഥാലിബ്(റ) മരിച്ചവരുടെ സംസാരം കേട്ട സംഭവമുണ്ട്. ഇമാം ബൈഹഖി(റ) അതുദ്ധരിച്ചിരിക്കുന്നു.(4) അബ്ബാദുബ്‌നു ബിശ്‌റ്, ഉസൈദുബ്‌നു ഹുളൈര്‍(റ) എന്നീ രണ്ടു സ്വഹാബികള്‍ ഇരുട്ടുള്ള ഒരു രാത്രി നബിസന്നിധിയില്‍ നിന്ന് മടങ്ങി പോയപ്പോള്‍ അവരുടെ വടി പ്രകാശിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അതും സ്വഹീഹായ ഹദീസ് തന്നെ. ബുഖാരി ആ ചരിത്രം ഉദ്ധരിച്ചിരിക്കുന്നു.
ഹ. ഖുബൈബിന്റെ അത്ഭുതസിദ്ധി പ്രസിദ്ധമാണ്. ബന്ധനസ്ഥനായിരുന്ന അദ്ദേഹത്തിന്റെ കൈയില്‍ അസമയത്ത് മുന്തിരിക്കുല കാണപ്പെടുകയായിരുന്നു. കുറ്റമറ്റ ഹദീസാണത്.(1) ഹ. സഅ്ദുബ്‌നു അബീവഖ്ഖാസ്വിന്റെയും സഈദുബ്‌നു സൈദി(റ)ന്റെയും ഒരത്ഭുതവൃത്താന്തമുണ്ട്. അവരില്‍ ഓരോരുത്തരും തനിക്കെതിരെ വ്യാജം പറഞ്ഞ വ്യക്തിക്ക് പ്രതികൂലമായി പ്രാര്‍ഥിക്കുകയായിരുന്നു. ആ ദുആക്ക് ഉത്തരം ലഭിക്കുകയും ചെയ്തു. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചതാണിത്.
ഹ. അലാഉബ്‌നുല്‍ ഹള്‌റമി(റ)(1) തന്റെ കുതിരപ്പുറത്ത് സമുദ്രം മുറിച്ചുകടക്കുകയും(2) അദ്ദേഹത്തിന്റെ ദുആ മൂലം വെള്ളം ഉറവയെടുക്കുകയും ചെയ്ത സംഭവം ഇബ്‌നുസഅ്ദ് ഥബഖാത്തില്‍ ഉദ്ധരിച്ചതാണ്.(3) ഹ. ഖാലിദുബ്‌നുല്‍ വലീദ്(റ) ബോധപൂര്‍വം സ്വന്തമായി വിഷം കുടിച്ച അത്ഭുതകൃത്യവും ഉണ്ടായതാണല്ലോ. ബൈഹഖി, അബൂനുഐം, ഥബ്‌റാനി, ഇബ്‌നുസഅ്ദ് എന്നിവര്‍ സ്വഹീഹായ നിവേദക ശൃംഖലയോടെ ഉദ്ധരിച്ചതാണത്.(4) ഒരിക്കല്‍ ഹംസത്തുബ്‌നുല്‍ അസ്‌ലമി(റ) എന്ന സ്വഹാബിയുടെ കൈവിരലുകള്‍ പ്രകാശിക്കുകയുണ്ടായി. അന്ധകാരനിബിഡമായ ഒരു രാത്രിയായിരുന്നു അത്. ഇമാം ബുഖാരി താരീഖില്‍ ഈ സംഭവമുദ്ധരിച്ചിട്ടുണ്ട്.(5) ഉമ്മുഐമന്‍ ബീവി(റ)ക്ക് ഹിജ്‌റാ വഴിമധ്യേ അത്യന്തം കഠിനമായ ദാഹമുണ്ടാവുകയും മുകളില്‍ നിന്നിറങ്ങിവന്ന ബക്കറ്റില്‍ നിന്ന് വെള്ളം കുടിച്ച് ദാഹശമനം വരുത്തുകയും ചെയ്തത് അബൂനുഐം ഹില്‍യയിലുദ്ധരിച്ചതാണ്.(1) സ്വഹാബികളിലൊരാള്‍ ഒരു സ്ഥലത്ത് തമ്പ് കെട്ടുകയുണ്ടായി. അത് ഒരു ഖബ്‌റിന്റെ മുകളിലായിരുന്നു. അതിനുള്ളില്‍ നിന്ന് സൂറത്തുല്‍ മുല്‍ക്ക് (തബാറക) ഓതുന്നത് അദ്ദേഹം ശ്രവിച്ചത് ദുര്‍മുദി ഉദ്ധരിച്ചിട്ടുണ്ട്.(2) ഹ. സല്‍മാനുല്‍ ഫാരിസിയും അബുദ്ദര്‍ദാഉം(റ) ഒന്നിച്ച് ഭക്ഷണം കഴിച്ചപ്പോള്‍ പാത്രം തസ്ബീഹ് ചൊല്ലിയതും അവരിരുവരും അത് ശ്രവിച്ചതും അബൂനുഐം നിവേദനം ചെയ്തതാണ്.(3) തിരുമേനി(സ്വ)യുടെ മൗലാ(4) സഫീന(റ)യും സിംഹവുമൊന്നിച്ചുണ്ടായ അത്ഭുത സംഭവം ഇമാം ഹാകിം മുസ്തദ്‌റകിലും അബൂനൂഐം ഹില്‍യയിലും പറഞ്ഞിട്ടുണ്ട്.
തിരുനബി(സ്വ)യുടെ സ്വഹാബികളില്‍ നിന്നുണ്ടായ അത്ഭുതസംഭവ പരമ്പരകളുടെ നീണ്ട നീണ്ട ശൃംഖലയില്‍ നിന്ന് തുച്ഛം മാത്രമാണ് നാമിവിടെ ഉദ്ധരിച്ചത്. താബിഉകളുടെയും തബഉത്താബിഉകളുടെയും കാലം മുതല്‍ ഇന്നുവരെയുള്ള ഒട്ടേറെ ഔലിയാക്കളിലൂടെ ധാര മുറിയാതെ കറാമത്തുകള്‍ സംഭവിക്കുക തന്നെയായിരുന്നു. അവ എണ്ണിക്കണക്കാക്കുക ദുഷ്‌കരവും തിട്ടപ്പെടുത്തുക പ്രയാസപൂര്‍ണവുമായിരിക്കും.(1) ഈ വിഷയകമായി പണ്ഡിതന്മാര്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഔലിയാക്കള്‍ക്ക് കറാമത്തുകള്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിക്കാന്‍ വേണ്ടിത്തന്നെ മഹോന്നതന്മാരായ പണ്ഡിതസാരഥികള്‍ ബൃഹദ് ഗ്രന്ഥങ്ങള്‍ എഴുതിയിരിക്കുന്നു. ചിലരെ താഴെ പറയാം:
ഇമാം ഫഖ്‌റുദ്ദീന്‍ റാസി, അബൂബക്‌രിനില്‍ ബാഖില്ലാനി, ഇമാമുല്‍ ഹറമൈന്‍, അബൂബക്‌രിബ്‌നു ഫൂറക്, ഇമാം ഗസ്സാലി, നാസ്വിറുദ്ദീന്‍ ബൈളാവി, ഹാഫിളുദ്ദീന്‍ അന്നസഫി, താജുദ്ദീനിസ്സുബ്കി, അബൂബക്ര്‍ അല്‍അശ്അരി, അബുല്‍ ഖാസിമില്‍ ഖുശൈരി, ഇമാം നവവി, അബ്ദുല്ലാഹില്‍ യാഫിഈ, യൂസുഫുന്നബ്ഹാനി(റ). ദൃഢവിജ്ഞാനികളായ ഇവരെപ്പോലുള്ള വേറെയും നിരവധി പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിരിക്കുന്നു. അങ്ങനെയത് സുസ്ഥിരവും ദൃഢതരവും ശക്തവും, യാതൊരു സംശയവും തെറ്റിദ്ധാരണവും കടന്നുവരാത്തുതുമായ ഒരു വിജ്ഞാനമായിക്കഴിഞ്ഞിട്ടുണ്ട്.
കറാമത്തുകളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന ചിലര്‍ ഇങ്ങനെ ചോദിക്കാം: സ്വഹാബികളുടെ കറാമത്തുകള്‍ കുറേയുണ്ടെങ്കിലും അവരുടെ കാലശേഷം വന്ന ഔലിയാക്കളുടെ കറാമത്തുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറവാകാന്‍ കാരണമെന്താണ്? അല്ലാമ താജുദ്ദീനിസ്സുബ്കി(റ) തന്റെ ഥബഖാത്തില്‍ ഇതിന് മറുപടി പറയുന്നുണ്ട്: ഇമാം അഹ്മദുബ്‌നുല്‍ ഹമ്പലി(റ)നോട് ഇങ്ങനെ ചോദിക്കപ്പെട്ടപ്പോള്‍ നല്‍കിയ മറുപടി തന്നെയാണത്. മഹാന്‍ പ്രതികരിച്ചു: അവരുടേത് പ്രബലമായ ഈമാന്‍ ആയിരുന്നു. അതുകൊണ്ട് കൂടുതല്‍ ശക്തി പ്രദാനം ചെയ്യുന്ന കറാമത്തുകള്‍ അവര്‍ക്കാവശ്യമില്ലായിരുന്നു. പില്‍ക്കാലക്കാരുടെ വിശ്വാസമാകട്ടെ അത്ര പ്രബലമായിരുന്നില്ല. തന്മൂലം കറാമത്തുകള്‍ വഴി അവര്‍ക്ക് പിന്‍ബലം നല്‍കപ്പെടുകയായിരുന്നു.
കറാമത്തുകളിലടങ്ങിയ യുക്തി:
ഇനി ഔലിയാക്കള്‍ മുഖേന അത്ഭുതസിദ്ധികള്‍ പ്രത്യക്ഷീഭവിപ്പിക്കപ്പെടുന്നതിന്റെ തത്ത്വമെന്താണെന്നു നോക്കാം. സാധാരണ നടപടികളെ ഉല്ലംഘിക്കുന്ന-അവക്കെതിരായ-വിവിധ കാര്യങ്ങള്‍ കൊണ്ട് തന്റെ സ്‌നേഹഭാജനങ്ങളും ആത്മമിത്രങ്ങളുമായ ആളുകളെ ആദരിക്കണമെന്നതാണ് അല്ലാഹുവിന്റെ യുക്തി താല്‍പര്യപ്പെടുന്നത്. നിഷ്‌കളങ്ക വിശ്വാസത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പേരില്‍ അവരെ ആദരിക്കുക, അല്ലാഹുവിന്റെ ദീനിനെ സഹായിക്കുന്നതിന്റെയും അതിനു വേണ്ടി ത്യാഗമനുഷ്ഠിക്കുന്നതിന്റെയും പേരില്‍ അവര്‍ക്ക് പിന്‍ബലം നല്‍കുക, പടച്ചവന്റെ മഹച്ഛക്തി പ്രകടമാക്കുക മുതലായവയാണതുകൊണ്ട് ലക്ഷീകരിക്കപ്പെടുന്നത്. സത്യവിശ്വാസികള്‍ക്ക് അവരുടെ ഈമാന്‍ വര്‍ധിച്ചുകിട്ടുന്നതിന് ഇത് സഹായകമാകും; കൂടാതെ പ്രകൃതി നിയമങ്ങളെക്കുറിച്ച മനുഷ്യരുടെ ധാരണ തിരുത്തപ്പെടാനും ഇത് വഴിതെളിക്കുന്നതാണ്-പ്രാപഞ്ചിക നടപടിക്രമങ്ങളും പ്രകൃതിയുടെ നിയമങ്ങളുമൊക്കെ അല്ലാഹുവിന്റെ സൃഷ്ടിപ്പും നിര്‍ണയവുമനുസരിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് സ്വയമേവ ഒരു പ്രതിഫലനവുമുണ്ടാക്കാന്‍ കഴിയുന്നതല്ല. പ്രത്യുത മാധ്യമങ്ങള്‍ ഉണ്ടാകുമ്പോള്‍-അവ നിമിത്തമായല്ല-അവന്‍ ഫലങ്ങള്‍ സൃഷ്ടിക്കുകയാണ്. അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ വിശ്വാസം ഇങ്ങനെയാണല്ലോ.
കറാമത്തുകള്‍ക്കെതിരെ ആക്ഷേപമുന്നയിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെ വാദിക്കാവുന്നതാണ്: സത്യത്തിന് പിന്‍ബലമേകലും അല്ലാഹുവിന്റെ മതം പ്രചരിപ്പിക്കലും അസാധാരണ പ്രവര്‍ത്തനങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടല്ലല്ലോ വേണ്ടത്? ബുദ്ധിപരമായ പ്രമാണങ്ങള്‍ നിരത്തിയും സുഗ്രാഹ്യമായ തെളിവു സഹിതവുമല്ലേ അത് നിര്‍വഹിക്കേണ്ടത്? ഈ ചോദ്യത്തിനുള്ള നമ്മുടെ മറുപടിയും ‘അതെ’ എന്നു തന്നെയാണ്. ഇസ്‌ലിമാകാധ്യാപനങ്ങളുടെ പ്രചാരണം ഋജുവായ ചിന്താശേഷിക്ക് പിന്‍ബലം നല്‍കിക്കൊണ്ടും സത്യസന്ധമായ വാചികശൈലിയിലൂടെയും അസത്യവാദികളുടെ നടുവൊടിക്കുന്ന പ്രമാണങ്ങള്‍ മുന്‍നിറുത്തിക്കൊണ്ടും തന്നെയാണ് നിര്‍വഹിക്കേണ്ടത്.
എന്നാല്‍ ജനം പക്ഷപാതവും മത്സരമനഃസ്ഥിതിയുമുള്ളവരാണെങ്കില്‍ പുനരാലോചന ആവശ്യമാണ്. അത്തരം സാഹചര്യങ്ങളില്‍ സാധാരണ നടപടികളെ ഭഞ്ജിച്ചുകളയുന്ന അത്ഭുത സംഭവങ്ങള്‍ അനിവാര്യമായി വന്നേക്കും. തന്റെ അമ്പിയാക്കളെയും മുര്‍സലുകളെയും അമാനുഷികദൃഷ്ടാന്തങ്ങള്‍ നല്‍കി പിന്തുണക്കണമെന്നാണല്ലോ അല്ലാഹുവിന്റെ ഹിക്മത്ത് താല്‍പര്യപ്പെട്ടത്. അവരുടെ സത്യനിഷ്ഠ പ്രകടമാക്കുക, പ്രബോധനകൃത്യത്തില്‍ അവര്‍ക്ക് പിന്‍ബലമേകുക, കൊട്ടിയടക്കപ്പെട്ട മനസ്സുകളെയും ശിലാഹൃദയങ്ങളെയും അവയുടെ പക്ഷപാതിത്വത്തില്‍ നിന്ന് സ്വതന്ത്രമാകാനും ചിന്താശൂന്യതയില്‍ നിന്ന് വിമോചിതമാകാനും പ്രേരിപ്പിക്കുക എന്നിവയാണതിന്റെ ഉദ്ദേശ്യം. അപ്പോഴവ സത്യസന്ധമായി ചിന്തിക്കുകയും അതുവഴി അവിച്ഛേദ്യമായ ദാര്‍ഢ്യത്തിലേക്കും അടിയുറച്ച ഈമാനിലേക്കും ചെന്നെത്തുകയും ചെയ്യുന്നതാണ്.
ഇപ്പറഞ്ഞതില്‍ നിന്ന് ഒരു കാര്യം സ്പഷ്ടമാകും: പ്രവാചകന്മാരുടെ അമാനുഷകൃത്യങ്ങളും ഔലിയാക്കളുടെ അത്ഭുത സംഭവങ്ങളും ചില തത്ത്വങ്ങളിലും ലക്ഷ്യങ്ങളിലും സന്ധിക്കുന്നുണ്ട് എന്നതാണത്. അവ രണ്ടിനുമിടയില്‍ ഒരു വ്യത്യാസമുണ്ടെന്നു മാത്രം-മുഅ്ജിസത്തുകള്‍ അമ്പിയാക്കള്‍ക്ക് മാത്രമേയുണ്ടാകൂ; കറാമത്തുകള്‍ സംഭവിക്കുക ഔലിയാക്കള്‍ക്ക് മാത്രവുമായിരിക്കും. ഓരോ വലിയ്യിന്റെയും കറാമത്ത് അദ്ദേഹത്തിന്റെ നബിയുടെ മുഅ്ജിസത്ത് ആകുന്നു.
കറാമത്തും ഇസ്തിദ്‌റാജും:
ഔലിയാക്കള്‍ കാണിക്കുന്നതിനോട് സദൃശമായി അസാധാരണമായ ചില തട്ടിപ്പുകള്‍ ചിലര്‍ പ്രകടിപ്പിക്കാറുണ്ട്. ഇതാണ് ഇസ്തിദ്‌റാജ്. ഈ തട്ടിപ്പുകള്‍ക്കും ആ അത്ഭുതകൃത്യങ്ങള്‍ക്കുമിടയിലുള്ള അന്തരം അനിവാര്യമായി ഗ്രഹിച്ചേ പറ്റൂ. ഇസ്‌ലാമിന്റെ മേല്‍വിലാസത്തിലറിയപ്പെടുന്ന ചില അധര്‍മകാരികളുടെ കൈയായി അസാധാരണ സംഭവങ്ങളുണ്ടാകുന്നതായി നാം കാണാറുണ്ട്. അവരാകട്ടെ പരസ്യമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും ദീനില്‍ നിന്ന് വ്യതിചലിച്ചവരുമായിരിക്കും.
അപ്പോള്‍, ഔലിയാക്കളുടെ കൈയായി മാത്രം സംഭവിക്കുന്നതാണ് കറാമത്ത്. അദ്ദേഹം സത്യസന്ധമായ വിശ്വാസസംഹിതകള്‍ മുറുകെ പിടിക്കുകയും ആരാധനകളില്‍ നിത്യമായിരിക്കുകയും പാപങ്ങള്‍ കൈവെടിയുകയും ചെയ്യുന്ന വ്യക്തിയായിരിക്കും. ദേഹേച്ഛകളിലോ ഭൗതികാസക്തികളിലോ അയാള്‍ മുഴുകിപ്പോവില്ല. ‘അറിയുക, അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക് യാതൊരു ദുഃഖവും ഭയപ്പാടും ഉണ്ടായിരിക്കുന്നതല്ല; സത്യവിശ്വാസം കൈക്കൊള്ളുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തവരാണവര്‍’ എന്ന് ഖുര്‍ആനില്‍(1) പ്രസ്താവിച്ചത് അത്തരക്കാരെക്കുറിച്ചാണ്. എന്നാല്‍ കപടഭക്തന്മാരുടെയും അധര്‍മകാരികളുടെയും കൈയായി സംഭവിക്കാറുള്ള ചില അത്ഭുത സംഭവങ്ങളുണ്ട്. വാള്‍ കൊണ്ട് ശരീരത്തില്‍ കുത്തുക, തീയും കുപ്പിക്കഷ്ണങ്ങളും തിന്നുക മുതലായവ ഉദാഹരണം. ഇവ തട്ടിപ്പിന്റെ (ഇസ്തിദ്‌റാജ്) ഗണത്തില്‍ പെട്ടതത്രേ.
മറ്റൊരു വ്യത്യാസം കൂടി ഇത് രണ്ടിനുമിടയിലുണ്ട്. വലിയ്യ് കറാമത്തുകളില്‍ തല്‍പരനായിരിക്കുകയോ, മറ്റുള്ളവരോട് അതിന്റെ പേരില്‍ ആഭിജാത്യം നടിക്കുകയോ ചെയ്യുന്നതല്ല. ഇമാം ഫഖ്‌റുദ്ദീന്‍ റാസി(റ) തന്റെ അത്തഫ്‌സീറുല്‍ കബീറില്‍ പറയുന്നു: കറാമത്ത് ഉള്ള ഒരു വ്യക്തി അതില്‍ സമാശ്വസിക്കുകയോ സന്തോഷിക്കുകയോ ചെയ്തുകൊണ്ടിരിക്കുകയില്ല. പ്രത്യുത, അത് വെളിപ്പെടുത്തുമ്പോള്‍ അല്ലാഹുവിനെക്കുറിച്ച വര്‍ധിച്ച ഭയം അയാളിലുണ്ടാവുകയാണ് ചെയ്യുക. റബ്ബിന്റെ ആജ്ഞാശക്തിയെപ്പറ്റി അയാളിലപ്പോള്‍ വര്‍ധിച്ച ജാഗ്രതയാണുണ്ടാവുക. കാരണം ഇത് ഇസ്തിദ്‌റാജിന്റെ ഗണത്തില്‍ പെട്ടതായേക്കുമോ എന്ന ഭയം അയാളിലുണ്ടാകുന്നതാണ്.
എന്നാല്‍ പകിട്ടുകളും തട്ടിപ്പുകളും കാണിക്കുന്നയാള്‍ തന്റെ കൈയായി പ്രകടമാകുന്ന കാര്യങ്ങളില്‍ സംതൃപ്തനായിരിക്കും. തനിക്ക് അര്‍ഹതയുള്ളതുകൊണ്ടുതന്നെയാണ് ഈ അസാധാരണ കൃത്യം പ്രകടിപ്പിക്കാന്‍ സാധിച്ചത് എന്നയാള്‍ വിചാരിക്കുകയും ചെയ്യും. ഇങ്ങനെ വരുമ്പോള്‍ അയാള്‍ മറ്റുള്ളവരെ നിസ്സാരരായി കാണുന്നതും അവരോട് അഹങ്കാരം പ്രകടിപ്പിക്കുന്നതുമാണ്. റബ്ബിന്റെ ശിക്ഷയിലും പാരത്രിക ഭയാനകതകളിലും നിന്ന് സുരക്ഷിതബോധം തോന്നുന്നതും ദുഷിച്ച ഭവിഷ്യത്തിനെപ്പറ്റി ഭയമില്ലാതെ വരുന്നതുമാണ്. അപ്പോള്‍, അസാധാരണ സംഭവങ്ങള്‍ കാണിക്കുന്ന ആരില്‍ നിന്നെങ്കിലും മേല്‍പറഞ്ഞ അവസ്ഥകളോ ലക്ഷണങ്ങളോ പ്രകടമായാല്‍, അത് കറാമത്തല്ല ഇസ്തിദ്‌റാജ് (തട്ടിപ്പ്) ആണ് എന്ന് മനസ്സിലാക്കാം. ഇക്കാരണത്താലാണ് സൂക്ഷ്മജ്ഞാനികളായ പണ്ഡിതന്മാര്‍ ഇങ്ങനെ പ്രസ്താവിച്ചത്: അല്ലാഹുവിന്റെ തിരുസാന്നിധ്യവുമായുള്ള ബന്ധവിച്ഛേദനം മിക്കപ്പോഴും സംഭവിക്കാറുള്ളത് അത്ഭുതസംഭവങ്ങള്‍ ഉണ്ടാകുന്ന സ്ഥാനം പ്രാപിക്കുമ്പോഴാകുന്നു.
അപ്പോള്‍ സൂക്ഷ്മജ്ഞാനികളുടെ അവസ്ഥ വ്യത്യസ്തമാണ്. പരീക്ഷണങ്ങളുടെ വിവിധ ഇനങ്ങളെക്കുറിച്ച് പേടിയുള്ളതുപോലെതന്നെ, തങ്ങളുടെ കൈയായി കറാമത്തുകള്‍ വെളിപ്പെട്ടുപോയേക്കുമോ എന്നതിനെ സംബന്ധിച്ച് ഭയപ്പാടുള്ളവരായിരിക്കും അവര്‍. എന്നാല്‍ അസാധാരണ കൃത്യങ്ങള്‍ തങ്ങള്‍ വഴി പ്രത്യക്ഷീഭവിക്കുന്നതില്‍ സംതൃപ്തിയും സാന്ത്വനവും കണ്ടെത്തുന്നവര്‍ റബ്ബിന്റെ പന്ഥാവില്‍ നിന്ന് ബന്ധവിച്ഛേദിതരാണ് എന്നതിന് പല ന്യായങ്ങളും ഉണ്ടെന്ന് പറഞ്ഞ ഇമാം റാസി(റ) പതിനൊന്ന് തെളിവുകളും അവിടെ ഉദ്ധരിച്ചിട്ടുണ്ട്. ഒന്നുമാത്രം ഇവിടെ പറയാം:
തന്റെ കര്‍മങ്ങള്‍ നിമിത്തമായി അല്ലാഹുവിങ്കല്‍ നിന്ന് അത്ഭുതസിദ്ധികള്‍ ലഭ്യമാകാന്‍ മാത്രം താനര്‍ഹനായിരിക്കുന്നു എന്ന് ഒരാള്‍ക്ക് തോന്നിയാല്‍, ഹൃദയത്തിനകത്ത് സ്വന്തം കര്‍മങ്ങളെ സംബന്ധിച്ച് വലിയ മതിപ്പുതന്നെ ഉണ്ടായിരിക്കുന്നു എന്നാണര്‍ഥം. സ്വന്തം അനുഷ്ഠാനങ്ങളെപ്പറ്റി ഇങ്ങനെ ഒരു മതിപ്പുണ്ടായിത്തീരുന്നവന്‍ മൂഢനാണ്. റബ്ബിന്റെ മഹത്ത്വത്തെയും സ്ഥാനമാനങ്ങളെയും സംബന്ധിച്ച് ഒരാള്‍ യഥായോഗ്യം ഗ്രഹിക്കുകയാണെങ്കില്‍, അതുമായി തുലനം ചെയ്യുമ്പോള്‍ സര്‍വസൃഷ്ടികളുടെയും ആരാധനകളുടെ ആകെത്തുക തുച്ഛമാണെന്ന് കാണാം. അവന്‍ ചെയ്തുതരുന്ന അനുഗ്രഹങ്ങളുടെയും സുഖസൗകര്യങ്ങളുടെയും പശ്ചാത്തലത്തില്‍ മുഴുവന്‍ സൃഷ്ടികളും ഒന്നടങ്കമായി കൃതജ്ഞത രേഖപ്പെടുത്തിയാലും അത് തുച്ഛമായിരിക്കും. സമസ്ത ചരാചരങ്ങളുടെയും അറിവുകളും വിജ്ഞാനങ്ങളും അല്ലാഹുവിന്റെ പ്രതാപത്തിനു മുമ്പില്‍ അജ്ഞതയും പരിഭ്രാന്തിയുമായിരിക്കും.
ഇമാം റാസി(റ) തുടരുന്നു: ഞാന്‍ ഒരു ഗ്രന്ഥത്തില്‍ ഇങ്ങനെ വായിക്കുകയുണ്ടായി-ശൈഖ് അബൂഅലിയ്യിനിദ്ദഖ്ഖാഖി(റ)ന്റെ സദസ്സില്‍ ഒരു ഖുര്‍ആന്‍ പാരായകന്‍ ഈയര്‍ഥമുള്ള ആയത്ത് ഓതി: ഉദാത്തവാക്കുകള്‍ അവനിലേക്ക് കയറുന്നു; ഉത്തമകര്‍മങ്ങള്‍ അവന്‍ ഉയര്‍ത്തുന്നതുമാണ്.
അപ്പോള്‍ ശൈഖ് പ്രസ്താവിച്ചു: അല്ലാഹു നിന്റെ കര്‍മങ്ങള്‍ സ്വീകരിച്ചിരിക്കുന്നു എന്നതിന് തെളിവ്, അത് നിന്റെ മനസ്സില്‍ അവശേഷിക്കാതിരിക്കലാണ്. നിന്റെ അനുഷ്ഠാനങ്ങള്‍ സ്വന്തം മനസ്സില്‍ ബാക്കിയിരിക്കുന്നുണ്ട് എങ്കില്‍ ആ കര്‍മം തള്ളപ്പെടുന്നുതായിരിക്കും; അങ്ങനെയില്ലെങ്കില്‍ അത് ഉയര്‍ത്തപ്പെട്ടതാകുന്നതാണ്.
ഇപ്പറഞ്ഞതനുസരിച്ച് ഒരാള്‍ അസാധാരണകാര്യങ്ങള്‍ കാണിക്കുമ്പോഴേക്ക് അയാള്‍ വലിയ്യാണ് എന്ന് നമുക്ക് വിധി കല്‍പിക്കാന്‍ കഴിയില്ല; അയാളുടെ ആ പ്രവൃത്തി കറാമത്തായി ഗണിക്കാനും വയ്യ. അല്ലാഹുവിന്റെ ശരീഅത്ത് അയാള്‍ എങ്ങനെ സ്വീകരിക്കുന്നു, അയാളുടെ സ്വഭാവരീതികള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ നോക്കിയാണത് വിലയിരുത്തേണ്ടത്. ഇമാം അബൂയസീദല്‍ ബിസ്ഥാമി ഇങ്ങനെ പറഞ്ഞിരിക്കുന്നു: ഒരാള്‍ വെള്ളത്തില്‍ മുസ്വല്ല വിരിച്ച് നമസ്‌കരിക്കുകയോ അന്തരീക്ഷത്തില്‍ ചമ്രം പടിഞ്ഞിരിക്കുകയോ ചെയ്താലും അയാളെക്കുറിച്ച് നിങ്ങള്‍ വഞ്ചിതരായിപ്പോകരുത്; ശരീഅത്തിന്റെ വിധിവിലക്കുകളില്‍ അയാളുടെ സമീപനം എങ്ങനെയെന്ന് കണ്ടറിഞ്ഞിട്ടേ വിധിയെഴുതാവൂ.
Leave A Comment