അന്ത്യനാളില്‍ വിശ്വസിക്കല്‍

സര്‍വ്വ സൃഷ്ടികളും നശിച്ചു പോകുന്ന ദിവസമാണത്. അത് സംഭവിക്കുമെന്നതില്‍ സന്ദേഹമില്ല. ദജ്ജാല്‍ പ്രത്യക്ഷപ്പെടുന്നതും ഹ: ഈസാനബി(അ) ഇറങ്ങുന്നതും ദാബ്ബത്തുല്‍ അര്‍ള് എന്ന മൃഗം പ്രത്യക്ഷപ്പെടുന്നതും സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുന്നതും പശ്ചാത്താപത്തിന്റെ കവാടം അടക്കപ്പെടുന്നതും അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതാണ്. സര്‍വ്വ മനുഷ്യരും മരണാനന്തരം ഖബ്‌റില്‍ വെച്ച് മുന്‍കര്‍, നകീര്‍ എന്നീ മലക്കുകളുടെ ചോദ്യം ചെയ്യലിന് വിധേയരാകും. ഇതില്‍ പരാജയപ്പെടുന്നവര്‍ അവിടെവെച്ചുതന്നെ ശിക്ഷ അനുഭവിക്കേണ്ടിവരുന്നതാണ്. ഖിയാമനാളില്‍ അവരെല്ലാം മഹ്ശറില്‍ ഹാജരാക്കപ്പെടും.

ലോകാന്ത്യത്തില്‍ ഇസ്‌റാഫീല്‍( അ) ‘സ്വൂര്‍’ എന്ന കാഹളത്തില്‍ രണ്ടു പ്രാവശ്യം ഊതുന്നതും അതില്‍ ആദ്യത്തേത് കൊണ്ട് ജീവജാലങ്ങളെല്ലാം മരിക്കുന്നതും  രണ്ടാമത്തേത് കൊണ്ട് അവര്‍ക്കെല്ലാം ജീവന്‍ നല്‍കപ്പെടുന്നതുമാണ്. ഈ ദിനത്തില്‍ ഓരോരുത്തരുടേയും നന്മതിന്മകള്‍ എഴുതിവെച്ച ഏടുകള്‍ അവരവര്‍ക്ക് നല്‍കപ്പെടും. മുഅ്മിനുകള്‍ക്ക് വലത്‌കൈയിലും അവിശ്വാസികള്‍ക്ക് പിന്‍ഭാഗത്ത് കൂടി ഇടത് കൈയിലുമാണ് നല്‍കപ്പെടുക. ഓരോരുത്തരും പറഞ്ഞതും ചെയ്തതുമായ എല്ലാ കാര്യങ്ങളെ സംബന്ധിച്ചും അവിടെവെച്ചു വിചാരണ ചെയ്യപ്പെടുന്നതും ഗുണവും ദോഷവും തൂക്കി തിട്ടപ്പെടുത്താനുള്ള ഒരു തുലാസ് അവിടെ ഏര്‍പ്പെടുത്തുന്നതുമാണ്. അല്ലാഹുവിന്റെ ചില പ്രത്യേക ദാസന്‍മാര്‍ക്ക് അവിടെവെച്ച് അര്‍ശിന്റെ തണല്‍ നല്‍കപ്പെടും.

വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതും മുടിയേക്കാള്‍ നേരിയതുമായ ഒരു പാലം നരകത്തിന്റെ മീതെ അല്ലാഹു നിര്‍മ്മിച്ചിരിക്കുന്നു. ഇരുള്‍മുറ്റിയ സന്ദര്‍ഭത്തില്‍ അതിന്റെ മീതെ സര്‍വ്വ ജനങ്ങളും നടക്കേണ്ടിവരും. ഓരോരുത്തരുടേയും പദവിക്കനുസൃതമായ വേഗതയിലായിരിക്കും നടത്തം. ചിലര്‍ കാറ്റിന്റെ വേഗതയിലും ചിലര്‍ മിന്നലിന്റെ വേഗതയിലും ചിലര്‍ കുതിരയുടെ വേഗതയിലും കടന്നുപോകുന്നതാണ്. ചിലര്‍ അതില്‍ നിന്ന് നരകത്തിലേക്ക് വഴുതിവീഴും. പ്രസ്തുത പാലത്തിന്റെയും സ്വര്‍ഗ്ഗത്തിന്റെയും മദ്ധ്യേ നബിക്ക് ഹൗളുല്‍ കൗസര്‍ എന്ന തടാകമുണ്ട്. അതിലെ വെള്ളം പാലിനേക്കാള്‍ വെളുത്തതും തേനിനേക്കാള്‍ മധുരമുള്ളതുമാണ്. ഒരിക്കല്‍ അതില്‍ നിന്ന് കുടിച്ചാല്‍ പിന്നീടൊരിക്കലും ദാഹിക്കുകയില്ല. അതിന്റെ ചുറ്റുഭാഗങ്ങളില്‍ നക്ഷത്രങ്ങള്‍ കണക്കെ പാത്രങ്ങള്‍ നിരത്തിവെച്ചിട്ടുണ്ട്.

അല്ലാഹുവിന്റെ അനുവാദപ്രകാരം നബി ക്ക് ശഫാഅത്തുല്‍ കുബ്‌റാ എന്ന വലിയ ശുപാര്‍ശക്ക് അധികാരമുണ്ട്. അതിന്നുശേഷം മറ്റ് നബിമാര്‍, ഔലിയാഅ് എന്നിവര്‍ക്കും ശഫാഅത്തിന്ന് അധികാരം നല്‍കപ്പെടും. സ്വര്‍ഗ്ഗവും അതില്‍ പല അനുഗ്രഹങ്ങളും ഹൂറുല്‍ഈന്‍ എന്ന സ്ത്രീകളുമുണ്ട്. നരകവും അതില്‍ നാനാതരം ശിക്ഷകളുമുണ്ട്. ഇതെല്ലാം സത്യവും വിശ്വസിക്കല്‍ നിര്‍ബന്ധവുമാകുന്നു.

സ്വര്‍ഗ്ഗനരകാദികള്‍ ഇപ്പോള്‍ തന്നെ ഉള്ളതും ഒരുകാലത്തും നശിച്ചുപോകാത്തതുമാണ്. മുഅ്മിനുകള്‍ സ്വര്‍ഗ്ഗത്തില്‍ വെച്ച് അല്ലാഹുവിനെ ബാഹ്യമായ ദൃഷ്ടികൊണ്ട് കാണുന്നതാണ്. നമ്മുടെ നബി  പരലോകത്തെ സംബന്ധിച്ച് അറിയിച്ച ഇത്യാദി കാര്യങ്ങളെല്ലാം സത്യമാകുന്നു. തങ്ങള്‍ക്ക് അന്ത്യനാളില്‍ മഖാമ് മഹ്മൂദ് എന്ന സ്തുത്യര്‍ഹമായ പദവി നല്‍കപ്പെടും. നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലവും ചീത്തപ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷയും ലഭിക്കും. അവിശ്വാസികള്‍ കാലാകാലം നരകത്തില്‍ താമസിക്കേണ്ടിവരുന്നതാണ്. ദോഷം ചെയ്ത വിശ്വാസികളില്‍ അല്ലാഹു ഉദ്ദേശിച്ചവരെ അവരുടെ പാപം പൊറുത്തു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും അല്ലാത്തവരെ നരകത്തിലിട്ടു ശിക്ഷിക്കുകയും ചെയ്യും. ഇപ്രകാരമാണ് അന്ത്യനാളില്‍ വിശ്വസിക്കേണ്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter