മരണാനന്തര ജീവിതം ഖുര്‍ആനില്‍

മരണം മൂലം ജീവിതം അവസാനിക്കുകയല്ല, അതിന്റെ ദശയില്‍ നിന്ന് മറ്റൊരു ദശയിലേക്കുള്ള ഒരു പരിവര്‍ത്തനം മാത്രമാണ് സംഭവിക്കുന്നത്. മനുഷ്യന്‍ മരണമടഞ്ഞതു മുതല്‍ പരലോകത്തില്‍ പുനര്‍ജീവിപ്പിക്കപ്പെടുന്നതുവരെ ഉള്ള കാലത്തിന് ബര്‍സഖ് എന്ന് പറയുന്നു. ഈ കാലത്തെ ജീവിതം അദൃശ്യവിഷയങ്ങളില്‍ പെട്ടതാകയാല്‍ അതിനെക്കുറിച്ച് ഖുര്‍ആനിലും സുന്നത്തിലും പറഞ്ഞത് വിശ്വസിക്കുവാനേ നമുക്ക് നിവൃത്തിയുള്ളൂ.
ഖുര്‍ആന്‍ പറയുന്നു: അല്ലാഹു താങ്കള്‍ക്ക് കിതാബും ഹിക്മത്തും അവതരിപ്പിച്ചുതന്നിരിക്കുന്നു (അന്നിസാഅ്:113). നബി ജനങ്ങള്‍ക്ക് കിതാബും ഹിക്മത്തും പഠിപ്പിച്ചുകൊടുത്തിരിക്കുന്നു എന്ന് ആലുഇംറാന്‍ 164 ലും അല്‍ജുമുഅ 2 ലും പറയുന്നു. നിങ്ങളുടെ വീടുകളില്‍ ഓതപ്പെടുന്ന അല്ലാഹുവിന്റെ ആയത്തുകളെയും ഹിക്മത്തിനെയും നിങ്ങള്‍ ഓര്‍ക്കുക എന്ന് അല്‍അഹ്‌സാബ് 34 ലും പ്രസ്താവിക്കുന്നുണ്ട്. കിതാബു കൊണ്ടുള്ള വിവക്ഷ ഖുര്‍ആന്‍ ആകുന്നു. ഹിക്മത്തു കൊണ്ടുള്ള ഉദ്ദേശ്യം നബി യുടെ സുന്നത്തുമാണ്. മഹാന്മാരായ പൗരാണിക മതപണ്ഡിതരുടെ ഏകോപിച്ച തീരുമാനമാണിത്. നബി  കൊണ്ടുവന്നതെല്ലാം സ്വീകരിക്കണമെന്ന് അല്‍ഹശ്ര്‍ 7 ല്‍ അല്ലാഹു കല്‍പിച്ചിട്ടുമുണ്ട്.
അതിനാല്‍ ഒരു കാര്യം സ്പഷ്ടമായി. ഖുര്‍ആന്‍ ഞാന്‍ സ്വീകരിക്കും, സുന്നത്ത് ഞാന്‍ സ്വീകരിക്കില്ല എന്ന് പറയുന്നവന്‍ യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ തിരസ്‌കരിക്കുന്നവനാണ്. സുന്നത്ത് സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന പോലെതന്നെ ഖുര്‍ആന്‍ ഗ്രഹിക്കുന്നത് സുന്നത്തിന്റെ വെളിച്ചത്തിലായിരിക്കുകയും വേണം. സുന്നത്തിനെ ഉപേക്ഷിച്ചുകൊണ്ട് ഖുര്‍ആന്‍ ഗ്രഹിക്കാന്‍ തുനിയുന്നത് കടുത്ത ദുര്‍മാര്‍ഗമാണ്.
അപ്പോള്‍ മരണപ്പെട്ട മനുഷ്യന്‍ ഖിയാമത്ത് നാള്‍വരെ ഏതവസ്ഥയിലാണ്, അവര്‍ക്ക് വല്ല രക്ഷയോ ശിക്ഷയോ ഉണ്ടോ എന്ന് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നമുക്ക് പരിശോധിക്കാം. ഖുര്‍ആന്‍ അല്‍അന്‍ആം 93 ല്‍ പറയുന്നു: അക്രമികള്‍ മരണത്തിന്റെ കഠിനാവസ്ഥയില്‍ കിടക്കുകയും മലക്കുകള്‍ അവരുടെ കൈകള്‍ നീട്ടിക്കൊണ്ട് ‘നിങ്ങളുടെ ആത്മാവിനെ പുറത്തേക്ക് തള്ളുക, നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ അസത്യം ജല്‍പിക്കുകയും അവന്റെ ദൃഷ്ടാന്തങ്ങളെ അഹങ്കാരപൂര്‍വം വെടിഞ്ഞുനില്‍ക്കുകയും ചെയ്തിരുന്നതു നിമിത്തം ഇന്ന് നിന്ദ്യമായ ശിക്ഷ നിങ്ങള്‍ക്ക് പ്രതിഫലം തരുന്നതാണ്’ (എന്ന് അവരോട് പറയുകയും ചെയ്യുന്ന) സന്ദര്‍ഭം താങ്കള്‍ കണ്ടിരുന്നെങ്കില്‍ (അതൊരു ഭയങ്കര കാഴ്ച തന്നെയാണ്!). ‘ഇന്ന് നിന്ദ്യമായ ശിക്ഷ നിങ്ങള്‍ക്ക് പ്രതിഫലം തരുന്നതാണ്’  എന്ന് മരണവേളയില്‍ മലക്കുകള്‍ പറയുന്നതില്‍ നിന്ന് മരണത്തെ തുടര്‍ന്നുകൊണ്ടുതന്നെ അവര്‍ ശിക്ഷ അനുഭവിക്കുമെന്ന് വ്യക്തമായിരിക്കുന്നു. അല്‍അന്‍ഫാല്‍ 50 ല്‍ അല്ലാഹു പറയുന്നു: അവിശ്വാസികളെ അവരുടെ മുന്‍ഭാഗങ്ങളിലും പിന്‍ഭാഗങ്ങളിലും അടിച്ചുകൊണ്ട് മലക്കുകള്‍ മരണപ്പെടുത്തുകയും ജ്വലിക്കുന്ന തീ കൊണ്ടുള്ള ശിക്ഷ നിങ്ങളൊന്ന് രുചിച്ചുനോക്കുക (എന്ന് അവരോട് പറയുകയും) ചെയ്യുന്ന സന്ദര്‍ഭം താങ്കള്‍ കണ്ടിരുന്നെങ്കില്‍ (അതൊരു ഭയങ്കര കാഴ്ച തന്നെയാണ്!). ഈ വാക്യം മൂലവും അവിശ്വാസികള്‍ മരണത്തോടുകൂടി തന്നെ ശിക്ഷ അനുഭവിക്കുമെന്ന് തെളിയുന്നുണ്ട്.
ചെങ്കടലില്‍ മുക്കിനശിപ്പിക്കപ്പെട്ട ഫിര്‍ഔനെയും അവന്റെ ജനതയെയും കുറിച്ച് അല്ലാഹു ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ‘രാവിലെയും വൈകുന്നേരവും അവരെ നരകത്തിന്റെ മേല്‍ പ്രദര്‍ശിപ്പിക്കപ്പെടും. ഫിര്‍ഔനെയും അവന്റെ ജനതയെയും കഠിനമായ ശിക്ഷയില്‍ കടത്തുക എന്ന് ഖിയാമത്തുനാളില്‍ പറയപ്പെടും’ (ഗാഫിര്‍:46). ഫിര്‍ഔനും അവന്റെ കൂട്ടുകാരും ഖിയാമത്തുനാള്‍ വരെ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഈ വാക്യം സ്പഷ്ടമായിത്തന്നെ തെളിയിക്കുന്നുണ്ടല്ലോ. ഇനി നൂഹ്‌നബി(അ)യുടെ ജനതയെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക: അവരുടെ കുറ്റങ്ങള്‍ കാരണമായി അവര്‍ വെള്ളത്തില്‍ മുക്കി നശിപ്പിക്കപ്പെട്ടു. ഉടനെ അവര്‍ അഗ്നിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു (നൂഹ്:25). സത്യനിഷേധികള്‍ ഖിയാമത്തിന്റെ മുമ്പുതന്നെ ശിക്ഷ അനുഭവിക്കുമെന്ന് പഠിപ്പിക്കുന്നതാണ് ഈ വാക്യവും. വീണ്ടും നോക്കുക:  ‘പരലോകത്തുവെച്ചുള്ള ശിക്ഷക്കു പുറമെ അക്രമികള്‍ക്ക് വേറെയും ശിക്ഷയുണ്ട്’ എന്ന് അത്ത്വൂര്‍ 47 ല്‍ ഖുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. ഇഹലോകശിക്ഷയും ബര്‍സഖില്‍ വെച്ചുള്ള ശിക്ഷയും ഇതിലുള്‍പ്പെടുന്നുവെന്ന് പല മുഫസ്സിറുകളും രേഖപ്പെടുത്തിയിരിക്കുന്നു. ‘വേറെയും ശിക്ഷയുണ്ട്’ എന്നതിന്റെ ഉദ്ദേശ്യത്തെപ്പറ്റി ഖബ്ര്‍ ശിക്ഷയാണെന്നാണ് ഇബ്‌നുഅബ്ബാസ്(റ) പറയുന്നത് (അല്‍ബഹ്‌റുല്‍മുഹീഥ്-അബൂഹയ്യാന്‍-വാല്യം 8, പേജ് 153). ഖബ്ര്‍ ശിക്ഷ സത്യസന്ധവും വിശ്വസനീയവുമാണെന്നതിന് ധാരാളം ആയത്തുകളെടുത്തുദ്ധരിച്ച് ഇബ്‌നുഖയ്യിം കിതാബുര്‍റൂഹില്‍ വിശദമായി സംസാരിച്ചിട്ടുണ്ട്. അതില്‍ സൂറത്തുത്ത്വൂറിലെ മേല്‍പറഞ്ഞ ആയത്തിനു ശേഷം അദ്ദേഹമെഴുതുന്നു: ഇതുകൊണ്ടുള്ള ഉദ്ദേശ്യം, വധം കൊണ്ടോ മറ്റോ ഇഹലോകത്തുള്ള ശിക്ഷയോ ബര്‍സഖില്‍ വെച്ചുള്ള ശിക്ഷയോ ആകാം. ഏറ്റം സ്പഷ്ടമാകുന്നത് ബര്‍സഖില്‍ വെച്ചുള്ള ശിക്ഷയാണെന്നാകുന്നു… (അര്‍റൂഹ്, പേജ് 106).
സൂറത്തുസ്സജ്ദ 21 ല്‍ അല്ലാഹു പറയുന്നു: ‘അവര്‍ മടങ്ങേണ്ടതിനായി വലിയ ശിക്ഷക്കുമുമ്പ് ചെറിയ ശിക്ഷയില്‍ നിന്ന് ഒരു ഭാഗം നാം അവരെ ആസ്വദിപ്പിക്കുന്നതാണ്.’ പരലോകത്തുവെച്ചുള്ളതാണ് ഇതില്‍ പറഞ്ഞ വലിയ ശിക്ഷ. ചെറിയ ശിക്ഷയില്‍ ഒരു ഭാഗം ഇവിടെ വെച്ച് നല്‍കുന്നുവെങ്കില്‍ മറ്റേ ഭാഗം ഖബ്‌റില്‍ വെച്ചാണ് നല്‍കപ്പെടുക. അതുകൊണ്ടത്രേ ഖബ്‌റിലെ ശിക്ഷക്ക് തെളിവാണ് ഈ വാക്യമെന്ന് ഇബ്‌നുഅബ്ബാസ്(റ) തുടങ്ങി പലരും പറഞ്ഞിട്ടുള്ളത്. അത്തൗബ 101 ല്‍ ‘അവരെ നാം രണ്ടു പ്രാവശ്യം ശിക്ഷിക്കും; പിന്നീട് കഠിന ശിക്ഷയിലേക്ക് അവര്‍ മടക്കപ്പെടും’ എന്നത്രെ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളത്. അവിടെ രണ്ടു പ്രാവശ്യം എന്ന് പറഞ്ഞിട്ടുള്ളത്, ഒന്ന് ഇഹലോകത്തുവെച്ചും മറ്റൊന്ന് ഖബ്‌റില്‍ വെച്ചുമാണെന്ന് ഇബ്‌നുഅബ്ബാസ്, ഖതാദ, ഹസന്‍(റ) മുതലായവര്‍ പറഞ്ഞിരിക്കുന്നു.
ദുര്‍മാര്‍ഗികള്‍ക്ക് ഖബ്‌റില്‍ വെച്ച് ശിക്ഷ ലഭിക്കുന്നതുപോലെത്തന്നെ സുകൃതികള്‍ക്ക് സുഖസന്തോഷങ്ങള്‍ ലഭിക്കുമെന്നും ഖുര്‍ആന്‍ തെളിവ് നല്‍കുന്നുണ്ട്. ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണുക: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരണമടഞ്ഞുപോയവരാണെന്ന് താങ്കള്‍ ധരിക്കരുത്. പ്രത്യുത അവര്‍ താങ്കളുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ആഹാരം നല്‍കപ്പെടുന്നുണ്ട്’ (ആലുഇംറാന്‍ 169). സുകൃതികള്‍ അവരുടെ സല്‍ക്കര്‍മ ഫലങ്ങള്‍ പുനരുത്ഥാനത്തിനു മുമ്പുതന്നെ അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ഈ വാക്യം പഠിപ്പിക്കുന്നു. സത്യവിശ്വാസം അവലംബിച്ചതിനാല്‍ നിര്‍ഭയരായ ആത്മാക്കളോട് ‘എന്റെ അടിമകളുടെ സമൂഹത്തില്‍ പ്രവേശിക്കുക, എന്റെ സ്വര്‍ഗത്തില്‍ കടക്കുകയും ചെയ്യുക’ എന്ന് പറയപ്പെടുമെന്ന് ഖുര്‍ആന്‍ അല്‍ഫജ്ര്‍ 29,30 ല്‍ കാണാം. ഇങ്ങനെ പറയുന്നത് മരണവേളയിലാണെന്നാണ് സ്വഹാബികളും താബിഉകളും മറ്റും പ്രസ്താവിക്കുന്നത്. അപ്പോള്‍ സ്വര്‍ഗീയ സുഖാനുഭൂതികള്‍ മരണത്തോടു കൂടിത്തന്നെ അനുഭവസിദ്ധമാവുമെന്ന് ഈ വാക്യം പഠിപ്പിക്കുന്നു. ഈ വിഷയകമായി വേറെയും ഖുര്‍ആന്‍ വാക്യങ്ങളുണ്ട്.
ഇനി നബിയുടെ ഹദീസുകളില്‍ ചിലത് കാണുക: 1. (നിശ്ചയമായും ഈ സമുദായം അവരുടെ ഖബ്‌റുകളില്‍ വെച്ച് പരീക്ഷിക്കപ്പെടും. നിങ്ങള്‍ മരിച്ചവരെ ഖബ്‌റടക്കാതെ വിട്ടേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നില്ലെങ്കില്‍ ഖബ്‌റിലെ ശിക്ഷയില്‍ നിന്ന് ഞാന്‍ കേള്‍ക്കുന്നത് നിങ്ങളെയും കേള്‍പിക്കുവാന്‍ അല്ലാഹുവിനോട് ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു.) ഇങ്ങനെ പറഞ്ഞ ശേഷം ഖബ്‌റിലെ ശിക്ഷയെക്കുറിച്ച് അല്ലാഹുവിനോട് അഭയം തേടുവാന്‍ നബി സ്വഹാബികള്‍ക്ക് നിര്‍ദേശം നല്‍കി (മുസ്‌ലിം). 2. നമസ്‌കാരത്തിലെ അവസാനത്തെ അത്തഹിയ്യാത്ത് ഓതിയ ശേഷം നാലു കാര്യങ്ങളെക്കുറിച്ച് അല്ലാഹുവിനോട് അഭയം തേടുവാന്‍ നബി കല്‍പിച്ചിട്ടുണ്ട്. അവയില്‍ ഒന്ന് ഖബ്‌റിലെ ശിക്ഷയാണ് (മുസ്‌ലിം). 3. നബി ഒരു ഹദീസില്‍ പറയുകയാണ്: (ജൂതന്മാര്‍ തങ്ങളുടെ ഖബ്‌റുകളില്‍ ശിക്ഷിക്കപ്പെടുന്നു-ബുഖാരി, മുസ്‌ലിം.) 4. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: (അല്ലാഹുവേ, നിന്നോട് ഞാന്‍ നരകശിക്ഷയില്‍ നിന്നും ഖബ്‌റിലെ ശിക്ഷയില്‍ നിന്നും ജീവിതത്തിലെയും മരണത്തിലെയും നാശത്തില്‍ നിന്നും മസീഹ് ദജ്ജാലിന്റെ നാശത്തില്‍ നിന്നും കാവല്‍ തേടുന്നു.) എന്ന പ്രാര്‍ഥന നബി ഞങ്ങള്‍ക്ക് പഠിപ്പിച്ചുകൊണ്ടിരുന്നു, ഖുര്‍ആനിലെ ഒരധ്യായം പഠിപ്പിച്ചുകൊണ്ടിരുന്നതുപോലെ (മുസ്‌ലിം). ഇതില്‍ നരകത്തിന്റെ ശിക്ഷയെക്കുറിച്ചെന്നപോലെ ഖബ്‌റിലെ ശിക്ഷയെക്കുറിച്ചും അല്ലാഹുവിനോട് അഭയം തേടുന്നുണ്ടല്ലോ. 5. നബി പ്രസ്താവിക്കുന്നു: (നിശ്ചയമായും ഖബ്‌റില്‍ ഉള്ളവര്‍ ശിക്ഷിക്കപ്പെടും. മൃഗങ്ങളെല്ലാം അത് കേള്‍ക്കുന്നതാണ്-ബുഖാരി, മുസ്‌ലിം.) ഖബ്‌റില്‍ വെച്ച് സജ്ജനങ്ങള്‍ക്ക് രക്ഷയും ദുര്‍ജനങ്ങള്‍ക്ക് ശിക്ഷയുമുണ്ടെന്ന് വേറെയും പ്രബല ഹദീസുകളില്‍ വന്നിട്ടുണ്ട്. മുസ്‌ലിംകളെല്ലാം നമസ്‌കാരത്തില്‍ (അല്ലാഹുവേ, നിശ്ചമയായും ഖബ്‌റിലെ ശിക്ഷയില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം പ്രാപിക്കുന്നു) എന്ന് പ്രാര്‍ഥിച്ചുവരുന്നത് നബിയുടെ ആജ്ഞയനുസരിച്ചാണ്.

( ഫതഹുര്‍റഹ്മാന്‍: വിശുദ്ധഖുര്‍ആന്‍ വ്യാഖ്യാനം, ആമുഖം, എസ്.പി.സി, ചെമ്മാട്, മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter