റമദാന്‍ വിളിക്കുമ്പോള്‍

പരിശുദ്ധ റമദാനില്‍ ഓരോ സത്യവിശ്വാസിയും മറ്റു മാസങ്ങളേക്കാള്‍ കൂടുതല്‍ ആത്മീയോല്‍ക്കര്‍ഷത്തിലേക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു. ചുറ്റും മുസ്ലിംകളെക്കുറിച്ച് ഭയവും സംശയവും നിലനില്‍ക്കുന്ന, തങ്ങളുടെ നിരപരാധിത്വം ആവര്‍ത്തിച്ച് വ്യക്തമാക്കേണ്ട,  സ്വന്തം നിലപാടുകളും വിശ്വാസാദര്‍ശങ്ങളും കുറ്റവിമുക്തമാക്കി ഇടക്കിടക്ക് അവതരിപ്പിക്കേണ്ട കാളിമയാര്‍ന്ന കാലഘട്ടത്തില്‍ കടന്ന് വന്ന റമദാന്‍ നമ്മെ വലിയ ഉത്തരവാദിത്വങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയും മുന്‍ പ്രതാപം തിരിച്ച് പിടിക്കാനുള്ള സന്ദേശം നല്‍കുകയും ചെയ്യുന്നുണ്ട്.

                        പൂര്‍വ്വ സൂരികളായ പണ്ഡിതര്‍ റമദാനിനെ പരിചയപ്പെടുത്താറുള്ളത് ആദരവിന്‍റെ മാനദണ്ഡത്തില്‍ പെടുത്തിയാണ്. നാം ആദരിക്കേണ്ട മാസമാണിതെന്നും അതോട് കൂടെ ആത്മീയമായി ഏറെ മുന്നേറാനുള്ള സുവര്‍ണ്ണാവസരമായി ഇതിനെ കാണണമെന്നും അവര്‍ പറഞ്ഞ് വെച്ചിട്ടുണ്ട.്

                        ഓരോ മുസ്ലിം സ്ത്രീയും പുരുഷനും സമൂഹത്തില്‍ തങ്ങളിലധിഷ്ഠിതമായ ഉത്തരവാദിത്തത്വത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായിരിക്കണം. റമദാന്‍ പെട്ടെന്നുള്ള മാറ്റങ്ങളുടെ മാസമാണ്. ഇഹലോകത്തെ സുഖാഡംബരങ്ങളില്‍ നിന്നും സ്വാര്‍ത്ഥത നിറഞ്ഞ സ്വഭാവങ്ങളില്‍ നിന്നും റമദാനില്‍ ആളുകള്‍ മുക്തി ആഗ്രഹിക്കുന്നു. യഥാര്‍ത്ഥ ഇസ്ലാമിക പാന്ഥാവിലേക്ക് അവര്‍ പ്രവേശിക്കുകയും ചെയ്യുന്നു. ആ പാന്ഥാവിലേക്ക് കാലെടുത്ത് വെക്കുന്നവര്‍ ഏകനായ തന്‍റെ നാഥനുമായി ഏറ്റവും ഇണക്കത്തില്‍ സംഭാഷണത്തിലേര്‍പ്പെടുന്നു.

                        റമദാന്‍ നമ്മുടെ സ്വത്വത്തിലേക്കുള്ള തിരിഞ്ഞ് നടത്തമാണ്. ഈ ജീവിതം എന്തിനുള്ളതാണ്. നാമെവിടെ നിന്ന് വന്നു, എവിടേക്ക് പോവുന്നു, ഈ പാന്ഥാവിലുള്ള ഞാന്‍ ആരാണ്. എന്‍റെ മാതാപിതാക്കള്‍, മക്കള്‍ മറ്റു കുടുംബം, എന്‍റെ സമുദായം ആരാണിവരൊക്കെയെനിക്ക് എന്നതൊക്കെ റമദാന്‍ അവനെ ഓര്‍മിപ്പിക്കും.

                        നബി (സ) മുന്നറിയിപ്പ് തന്ന ചില നോമ്പുകാരെപ്പോലെയാവാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. നബി (സ) പറഞ്ഞു, 'ചിലര്‍ക്ക് വ്രതമനുഷ്ഠിക്കുക വഴി വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും സമ്പാദിക്കാന്‍ കഴിയുകയില്ല'. നോമ്പിനെ ശരീരത്തിന്‍റെ ബാഹ്യമായ വികാരങ്ങള്‍ നിയന്ത്രിക്കുകയും ആന്തരികമായും ആത്മീയമായും യാതൊരു നേട്ടവും കൈവരിക്കാന്‍ സാധിക്കാതിരിക്കുമ്പോഴുമാണ് ഈ രീതിയില്‍ വ്രതം നിഷ്ഫലമായിപ്പോവുന്നത്.

                         ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം വ്രതം കേവലമൊരു ആചാരാനുഷ്ടാനവും റമദാന്‍ രാത്രികള്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന ചില സമ്പ്രദായങ്ങളുമല്ലാതെ മറ്റൊന്നുമല്ല.

                        പുതുചിന്തകള്‍ക്കും പുനര്‍വിചിന്തനങ്ങള്‍ക്കും വഴിയൊരുക്കുന്നതോടൊപ്പം പ്രാര്‍ത്ഥനകളില്‍ അലിഞ്ഞില്ലാതാവണം ഓരോ സത്യവിശ്വാസിയുടെയും കണ്ഠനാഡി. പുലര്‍ച്ചെ അത്താഴം കഴിച്ചതിന്ന് ശേഷം ഫജ്റുദിക്കുന്നതിന്ന് മുമ്പുള്ള സമയവും വ്രതം അവസാനിപ്പിക്കുന്ന സമയവും തീര്‍ത്തും പ്രാര്‍ത്ഥന നിരതമായിരിക്കണം.

                        മനസ്സിനെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ വ്രതമനുഷ്ടിക്കുക വഴി സാധിക്കണം. തെറ്റായ ചിന്തകളില്‍ നിന്നും തിന്മയുടെ മുള്‍പടര്‍പ്പുകളില്‍ നിന്നും മനസാ വാചാ കര്‍മ്മണാ  ഓരോ വിശ്വാസിയും നിയന്ത്രണം കരഗതമാക്കിയിരിക്കണം.

                        മനസ്സിനെ നിയന്ത്രിക്കുന്നതോടൊപ്പം സ്വന്തം പ്രവൃത്തികളെ ഒന്ന് പൂര്‍ണ്ണമായും ഗുണദോഷ വിചിന്തനത്തിന് വിധേയമാക്കണം. ജീവിതത്തിലെ കഴിഞ്ഞ് പോയ ഏടുകള്‍ ഒന്നൊഴിയാതെ ഈ പരിശോധനയില്‍ കടന്ന് വരണം.

                        ശക്തമായ പ്രചാരണങ്ങളും എതിര്‍പ്പുകളും മുസ്ലിമിനെ ഞെക്കിക്കൊല്ലുന്ന സാഹചര്യത്തില്‍ തങ്ങളെ വലയം ചെയ്യുന്ന, ചെയ്ത് കൊണ്ടിരിക്കുന്ന ഭയത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് പുറത്ത് കടന്ന് വികാരങ്ങളെ നിയന്ത്രണവിധേയമാക്കാണ്ടേത് ഓരോ വിശ്വാസിയുടെയും കടമയാണ്.

                        മുസ്ലിമിനെതിരെ ലോകത്ത് വലിയ ശക്തി നിരന്തരം ചരട് വലിച്ച് കൊണ്ടിരിക്കുന്നു വെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് സമ്മതിക്കുന്നതോടൊപ്പം തന്നെ അത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒഴിവ് കഴിവോ വെറുതെയിരിക്കാനുള്ള ലൈസന്‍സോ ആവരുത്. നിരന്തരം 'പാശ്ചാത്യ ശക്തികളെ' കുറ്റപ്പെടുത്തുന്നതിന് പകരം നാമിന്ന് എന്ത് പുരോഗതിയാണ് കരഗതമാക്കിയതെന്ന ചിന്ത നമുക്കുണ്ടാവണം; വിദ്യാഭ്യാസ വളര്‍ച്ചക്ക് വേണ്ടി എന്ത് സംഭാവനയാണ് നാം നല്‍കിയത്, നീതി സംരക്ഷിക്കപ്പെടാനും സാമൂഹിക സ്വാതന്ത്ര്യം നിലനിര്‍ത്താനും എന്ത് ത്യാഗമാണ് നാം സഹിച്ചതെന്നും സ്ത്രീകളുടെ അന്തസ്സും കുട്ടികളുടെ അഭിമാനവും സംരക്ഷിക്കാനും പാവപ്പെട്ടവര്‍ക്കും അരിക് വത്ക്കരിക്കപ്പെട്ടവര്‍ക്കും തണലൊരുക്കാനും എന്ത് നയപരിപാടികളാണ്  നാം മുന്നോട്ട് വെച്ചിട്ടുള്ളതെന്നുമുള്ള ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം നാം നല്‍കിയേ തീരൂ.

                        മാത്രമല്ല, നാം പ്രതിനിധാനം ചെയ്യുന്ന ആശയധാരയുടെ വെള്ളിവെളിച്ചം ഇതരമതസ്ഥര്‍ക്കിടയില്‍ പ്രസരണം ചെയ്യുന്നതില്‍ നാം എത്രമാത്രം വിജയം കണ്ടിട്ടുണ്ടെന്ന ചോദ്യവും നമ്മെ തുറിച്ച് നോക്കുന്നുണ്ട്. ഈ ചോദ്യങ്ങള്‍ക്കെല്ലാം പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമായ ഒരുത്തരം നല്‍കുന്നുണ്ട്, അല്ലാഹു ഒരു സമുദായത്തിലും പരിവര്‍ത്തനം സൃഷ്ടിക്കില്ല, ആ സമുദായം സ്വയം പരിവര്‍ത്തനത്തിന് തയ്യാറാകാത്തിടത്തോളം കാലം!

 

          (ഒക്സ്ഫോര്‍ഡ് യൂനിവേര്‍സിറ്റി ഇസ്ലാമിക് ഡിപ്പാര്‍ട്ട്മെന്‍റ് ഹെഡ് ആണ് ലേഖകന്‍)

വിവര്‍ത്തനം റാഷിദ് ഓത്തുപ്പുരക്കല്‍

 

 

           

                                             

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter