ആസ്സാം പൗരത്വ ബിൽ: അറിഞ്ഞതിനേക്കാൾ ഭീതിദമാണ് കാര്യങ്ങൾ
ബംഗ്ലാദേശിയായെണന്ന് മുദ്ര കുത്തി അറസ്റ്റ്, 3 വര്‍ഷങ്ങള്‍ക്ക് ശേഷം നിയമപോരാട്ടത്തില്‍ മോചനം; റാഹത് അലിയുടെ അനുഭവം ആസ്സാം മുസ്ലിംകളുടെ കരളലിയിക്കുന്ന കഥകളിലൊന്ന്
മെയ് 7 ന് പടിഞ്ഞാറന്‍ ആസ്സാമിലെ ഗോല്‍പാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനാവുമ്പോള്‍ മൂന്ന് വര്‍ഷത്തോളം തന്‍റെ 'വീട്' പോലെ കരുതിയ ജയിലിനെക്കുറിച്ച് തെറ്റായൊന്നും പുറത്ത് പറയുകയില്ലെന്ന് റാഹത്ത് അലി ജയില്‍ സൂപ്രണ്ടിന് ഉറപ്പ് കൊടുത്തിരുന്നു. ഫോറിനേര്‍സ് ട്രിബ്യൂണല്‍ വിദേശികളെന്ന് വിധിച്ച ആളുകളെ പാര്‍പ്പിക്കുന്ന ഏഴ് പ്രത്യേക തടവറകളിലൊന്നാണ് ഈ സെന്‍ട്രല്‍ ജയില്‍. 1946 ലെ ഫോറിനേര്‍സ് ആക്ട് പ്രകാരമാണ് ഈ ട്രിബ്യൂണലുകള്‍ കേസില്‍ വിധി പറയുന്നത്. പാക്കിസ്ഥാനീ പൗരന്മാരുടെ കുടിയേറ്റം തടയാനായി 1962 ല്‍ രൂപം നല്‍കിയ ആസ്സാം പോലീസ് അതിര്‍ത്തി സേനയാണ് ആളുകളെ ബംഗ്ലാദേശികളെന്ന് മുദ്ര കുത്തുന്നതും അറസ്റ്റ് ചെയ്ത് ട്രൈബ്രൂണലിന്‍െ മുന്നിലേക്ക് അയക്കുന്നതും.
"സൂപ്രണ്ടിനോട് ഞാന്‍ വാക്ക് കൊടുത്തിട്ടുണ്ട്. പക്ഷേ, അവിടെ ഒരു മൃതശരീരം പോലെ കഴിയുന്നതിലും ഭേദം മരണമാണ്". 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രൈമറി സ്കൂള്‍ പഠനം നിര്‍ത്തുമ്പോള്‍ അക്ഷരങ്ങളും അക്കങ്ങളും മനസ്സിലാക്കാന്‍ സാധിക്കാതിരുന്നത് കൊണ്ട് തന്നെ 2015 ല്‍ ട്രിബ്യൂണലിന് മുമ്പില്‍ തന്‍റെ വയസ്സ് രേഖപ്പെടുത്തുമ്പോള്‍ 66 എന്നതിന് പകരം 55 എന്ന് തെറ്റ് സംഭവിച്ചതിന് ഇത്ര വലിയ വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം നിനിച്ചിരുന്നില്ല. വയസ്സിലെ ഈ പൊരുത്തക്കേടാണ് ഹജോ നഗരത്തിനടുത്ത ഫോറിന്‍ ട്രിബ്രൂണലിന് ഇദ്ദേഹത്തിന്‍റെ പൗരത്വം സംബന്ധിച്ച് സംശയമുണ്ടാക്കിയത്.
ബ്രഹ്മപുത്ര നദിയുടെ തീരത്ത് മണ്ണൊലിപ്പ് രൂക്ഷമായതിനാല്‍ നല്‍ബാരി ജില്ലയില്‍ നിന്ന് 20 കി.മീ ദൂരെയുള്ള ബഗ്നാപോട്ടയില്‍ നിന്ന് പിതാവ് മുനീറുദ്ദീന്‍ മാറിത്താമസിച്ച ക്രിത്യമായ തീയതി അറിയാത്തതും തിരിച്ചടിയായി. അതിന് പുറമെ ചില രേഖകളില്‍ രേഹത് അലി എന്നും മറ്റു ചിലതില്‍ റെഹാജ അലി എന്നുമുള്ള പേരിലെ അവ്യക്തതയും പൗരത്വവിഷയത്തില്‍ അദ്ദേഹത്തെ കുടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര കാരണം തന്നെയായിരുന്നു.
എണ്ണാനറിയാത്ത റാഹത് അലിക്ക് കാരാഗൃഹ വാസം ദിവസങ്ങള്‍ എണ്ണാന്‍ പഠിപ്പിച്ചു. കൂടെ ജയിലിലെ അന്തേവാസികളായിരുന്ന മറ്റു നാല് പേരും പക്ഷേ മാനസികാഘാതത്താല്‍ മരണപ്പെട്ടു. താനനുഭവിച്ച കടുത്ത മാനസിക വേദന അദ്ദേഹം പങ്ക് വെക്കുന്നത് ഇങ്ങനെയാണ്, "ബംഗ്ലാദേശിയെന്ന് മുദ്രകുത്തപ്പെട്ട ഓരോ ദിനവും എനിക്കെങ്ങനെയാണ് മറക്കാന്‍ സാധിക്കുക. സ്വാതന്ത്ര്യത്തിന്‍റെ പൊന്‍പുലരിയിലേക്ക് എത്തിച്ചേര്‍ന്നതിന്‍റെ മുമ്പുള്ള 1197 ദിനങ്ങളും അവരെന്നിലുള്ള ഇന്ത്യക്കാരനെ ഇല്ലാതാക്കിക്കൊണ്ടേയിരിക്കുകയായിരുന്നു".
ട്രിബ്യൂണലിന് മുമ്പില്‍ താന്‍ സമര്‍പ്പിച്ച സമാനമായ രേഖകള്‍ മാത്രമുള്ള സഹോദരി മന്‍ബഹര്‍ ബീവി ഇതേ കേസില്‍ പെട്ട് ഒടുവില്‍ ഇന്ത്യന്‍ പൗരയാണെന്ന വിധി വന്നത് കൊണ്ട് തന്നെ താനും മോചിപ്പിക്കപ്പെടുമെന്ന പ്രതീക്ഷ റാഹത് അലിക്കുണ്ടായിരുന്നു.
ഒടുവില്‍ അദ്ദേഹത്തിന്‍റെ പിതാമഹന്‍ ബഗ്നാപോട്ടയില്‍ 1947 ന് മുമ്പ് ഒരു ഭൂമി കൈവശം വെച്ചതിന്‍റെ രേഖയുടെ ബലത്തില്‍ മെയ് 3 ന് ഗുവാഹതി ഹൈക്കോടതി അലിയെ ഇന്ത്യക്കാരനായി പ്രഖ്യാപിച്ചു.
ദു:ഖസാന്ദ്രം
കൊപാനികചി ഗ്രാമത്തിലെ സര്‍വ്വരും അലിയുടെ മോചനം ആഘോഷമാക്കിയെങ്കിലും നിയമപോരാട്ടം നടത്തി വിജയം നേടിയെടുത്തിട്ടും അലി പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു. അലിയെ അറസ്റ്റ് ചെയ്ത ഉടനെ ഭാര്യ മാനസികമായി തകര്‍ന്ന് പോയതും തിരിച്ച് വന്നിട്ടും തിരിച്ചറിയാന്‍ കഴിയാത്തതുമായിരുന്നു വലിയ വേദന. ഈ നിയമയുദ്ധം ജയിക്കാനാവശ്യമായ 7 ലക്ഷം രൂപ ഉണ്ടാക്കാന്‍ ഭൂമിയും 8 പശുക്കളും തൊഴിലാവശ്യത്തിനുള്ള വാഹനവും പണയം മക്കള്‍ക്ക് പണയം വെക്കേണ്ടി വന്നുവെന്ന് പറയുമ്പോള്‍ അലിയുടെ വാക്കുകള്‍ വിറക്കുണ്ടായിരുന്നു.
അലിക്ക് ഏറെ വേദനാജനകമായി തോന്നുന്നത് തന്‍റെ കൂടെ തടവറയിലുണ്ടായിരുന്ന അന്തേവാസികളെക്കുറിച്ചുള്ള ഓര്‍മകളായിരുന്നു, "മരിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് പറഞ്ഞ് കൊണ്ട് അവരെന്‍റെ സ്വപ്നത്തില്‍ വരുന്നു. സാഹിറുല്‍ ഇസ്ലാം, നൂര്‍ മുഹമ്മദ്, സത്യ സാധു, അബ്ദുല്‍ സമദ് എന്നിങ്ങനെ ഏഴും എട്ടും വര്‍ഷങ്ങളായി തടവറയില്‍ കഴിയുന്നവരാണവര്‍, എന്നാല്‍ പണമില്ലാത്തതിന്‍റെ പേരില്‍ നിയമ പോരാട്ടം നടത്താനും അവര്‍ക്ക് ശേഷിയില്ല". അലി പറയുന്നു.
"ഞാന്‍ പുറത്ത് വന്ന ദിവസം ജയിലിലടക്കപ്പെട്ട ആ 25 ആളുകള്‍ എന്‍റെ ഉറക്കം കെടുത്തുന്നു. സ്വതവേ 70 മുതല്‍ 80 അന്തേവാസികളുള്ള ആ അഞ്ച് റൂമുകളില്‍ എങ്ങനെയാണ് അവര്‍ ഞരങ്ങിക്കഴിയുകയെന്നത് ആലോചിക്കാനാവുന്നില്ല".
ആസ്സാമിലെ ഇത്തരം തടവറകളില്‍ മൂന്ന് വര്‍ഷത്തിലധികം തടവ് ശിക്ഷ അനുഭവിച്ച ആളുകളെ ഒരു ലക്ഷം രൂപ വീതം രണ്ട് ഇന്ത്യന്‍ പൗരന്മാരുടെ ജാമ്യ പ്രകാരം വിട്ടയക്കാം എന്ന് സുപ്രീം കോടതി വിധി പറഞ്ഞിരുന്നു. അതേ സമയം 5 ലക്ഷം രൂപയുടെ ജാമ്യത്തില്‍ 5 വര്‍ഷങ്ങള്‍തടവ് അനുഭവിച്ചവരെ വിട്ടയക്കാമെന്ന നിലപാടാണ് ആസ്സാം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
ആശങ്കയില്‍ ഒരു ഗ്രാമം
കൊപാനികചി ഗ്രാമത്തിലെ മറ്റു മൂന്ന് പേര്‍ക്കെതിരെയും ഫോറിന്‍ ട്രിബൂണല്‍ ബംഗ്ലാദേശികളാണെന്ന കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇവരിലൊരാളായ ബര്‍ഹാനിന്‍റെ ഉമ്മ വിലപിക്കുന്നത് ഇങ്ങനെയാണ്, "ഞാനും എന്‍റെ മറ്റു മൂന്ന് മക്കളും 1951 ലെ പട്ടിക പ്രകാരം എന്‍.ആര്‍.സിയില്‍ ഉള്‍പ്പെട്ടിട്ടും എന്‍റെ മൂത്ത മകന്‍ മാത്രം എങ്ങനെയാണ് ബംഗ്ലാദേശിയായത്?
മറ്റൊരാളായ ബദര്‍ അലി പറയുന്നു, "എന്‍റെ മൂത്ത ജ്യേഷ്ഠന്‍ പ്രാദേശിക സ്കൂളിന്‍റെ ഹെഡ് മാസ്റ്ററായി വിരമിച്ചയാളാണ്. അദ്ദേഹം ഇന്ത്യന്‍ പൗരനാണെന്ന് തെളിയിച്ച അതേ രേഖകള്‍ കൊണ്ടാണ് ഉദ്യോഗസ്ഥര്‍ എന്നെ ബംഗ്ലാദേശിയായി പ്രഖ്യാപിച്ചതും".
ജൂലൈ 31 ന് പരിപൂര്‍ണ്ണ എന്‍.ആര്‍.സി പട്ടിക പുറത്ത് വരുന്നതോടെ കടുത്ത യാതനകള്‍ അനുഭവിക്കുന്ന പലര്‍ക്കും മോചനം ലഭിക്കുമെന്ന പ്രതീ്ക്ഷയിലാണ് റാഹത് അലി. "എന്‍റെ എന്‍.ആര്‍.സി അപേക്ഷ പരിഗണനയിലാണ്. ഇന്ത്യക്കാരനില്‍ നിന്ന് ബംഗ്ലാദേശിയാക്കപ്പെട്ട, വീണ്ടും ഇന്ത്യന്‍ പൗരത്വം ലഭിച്ച് എന്നെ പട്ടികയില്‍ പെടുത്തുന്നത് ഏറെ വൈകില്ല എന്ന് തന്നെയാണ് പ്രതീക്ഷ".
Leave A Comment