മനുഷ്യത്വം, അതല്ലേ പ്രധാനം
rabee 21പ്രവാചകര്‍ ഒരിക്കല്‍ അനുയായികളോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോഴാണ് അതിലൂടെ ഒരു ശവമഞ്ചമേറ്റി ഒരു സംഘം ജൂതന്മാര്‍ കടന്നുപോയത്. ശവമഞ്ചം വരുന്നത് കണ്ട് പ്രവാചകര്‍ എണീറ്റ്നിന്നു. അത് കണ്ട് അനുയായികളും എണീറ്റു. അതങ്ങ് കടന്നുപോയപ്പോള്‍ അവര്‍ ചോദിച്ചു, പ്രവാചകരേ, അതൊരു ജൂതവിശ്വാസിയുടെ ശവമാണല്ലോ, പിന്നെന്തിനാ താങ്കള്‍ എണീറ്റുനിന്നത്? പ്രവാചകരുടെ മറുപടി ഇപ്രകാരമായിരുന്നു, അതൊരു മനുഷ്യനല്ലേ. മനുഷ്യത്വത്തിന് അര്‍ഹമായ വില കല്‍പിക്കാന്‍ പഠിപ്പിക്കുന്നതായിരുന്നു പ്രവാചകരുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം. അതിന് മുമ്പില്‍ മതമോ ജാതിയോ തടസ്സമായിരുന്നില്ല. ആ മഹദ് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമുക്കിത് ദര്‍ശിക്കാനാവും. പ്രവാചകനിയോഗത്തെകുറിച്ച് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് തന്നെ ഇങ്ങനെയാണ്, ലോകത്തുള്ളവര്‍ക്കെല്ലാം കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല (സൂറതുല്‍ അന്‍ബിയാഅ്-107). ലോകത്തുള്ള സകല ചരാചരങ്ങള്‍ക്കും അനുഗ്രഹമായാണ് പ്രവാചകനിയോഗം എന്നര്‍ത്ഥം. ജാതിമതഭേദങ്ങളോ അചേതന-സചേതന വകതിരിവുകളോ അവിടെ ഇല്ല. പ്രവാചകരുടെ ജീവിതത്തിലും കര്‍മ്മമണ്ഡലങ്ങളിലും ഇത് പ്രകടമാണ് താനും. അവിടുന്ന് പല ഘട്ടങ്ങളിലും അഭിസംബോധന ചെയ്യുന്നത്, ഏയ് ജനങ്ങളേ എന്നാണ്. മനുഷ്യരെല്ലാം ഒരുമ്മയുടെയും വാപ്പയുടെയും മക്കളാണെന്നതാണ് പ്രവാചകാധ്യാപനങ്ങളുടെ അടിസ്ഥാനം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കുക, ജനങ്ങളേ, നിശ്ചയമായും ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമായി നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ പരസ്പരം അറിഞ്ഞ് പരിചയപ്പെടുവാനായി നിങ്ങളെ നാം ശാഖകളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും നിങ്ങളില്‍ നിന്ന് അല്ലാഹുവിങ്കല്‍ അത്യാദരണീയന്‍ ഏറ്റവും ഭയഭക്തിയുള്ളവനാണ്. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനും തന്നെയാകുന്നു. (ഹുജുറാത് -13) മനുഷ്യോല്‍പത്തി മുതല്‍ കാലാന്തരങ്ങളിലൂടെ പരിഷ്കരണത്തിനായി നിയുക്തരായ അനേകായിരം പ്രവാചകരുടെ നീണ്ട ശൃംഖലക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് താന്‍ നിയുക്തനായതെന്നും അവരെല്ലാം ചേര്‍ന്ന് പണിത കെട്ടിടത്തിലെ അവസാന കല്ല് വെക്കലാണ് തന്റെ നിയോഗലക്ഷ്യമെന്നും പ്രഖ്യാപിക്കുന്നതിലൂടെ മുന്‍ഗാമികളെയെല്ലാം ആദരിക്കുകയും അവരോട് പൂര്‍ണ്ണമായും ചേര്‍ന്ന് നില്‍ക്കുകയുമാണ് അവിടുന്ന് ചെയ്യുന്നത്. ആ അധ്യാപനത്തെ യഥാര്‍ത്ഥാര്‍ത്തില്‍ ഉള്‍ക്കൊള്ളാനായാല്‍ ഇതര മതസ്ഥര്‍ക്കൊന്നും തന്നെ ആ പ്രവാചകനിയോഗത്തെ നിഷേധിക്കാനാവില്ല. ഇതരമതസ്ഥരോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന് പോലും അവിടുന്ന് അനുയായികളെ വ്യക്തമായി ഉപദേശിച്ചിട്ടുണ്ട്. ദിമ്മിയ്യായ (മുസ്ലിം ഭരണത്തിന് കീഴിലുള്ളവര്‍) അവിശ്വാസിയെ അക്രമിക്കുന്നത് എന്നെ അക്രമിക്കുന്നതിന് തുല്യമാണെന്നായിരുന്നു പ്രവാചകര്‍ അനുയായികളെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നത്. യുദ്ധ വേളകളില്‍ ഇതരമതസ്ഥരുടെ ആരാധനാലയങ്ങളോ അവകളിലിരിക്കുന്ന ആളുകളെയോ സ്പര്‍ശിക്കുക പോലുമരുത് എന്നായിരുന്നു പ്രവാചകരുടെ കര്‍ശനമായ നിര്‍ദ്ദേശം.  യുദ്ധക്കളത്തില്‍ മരിച്ചുവീഴുന്ന ശത്രുസൈനികരെ അംഗച്ഛേദം ചെയ്യരുതെന്നതും ആ പ്രവാചകരുടെ പ്രത്യേകോപദേശമായിരുന്നു. ഏറെ പ്രതീക്ഷകളുമായി കടന്നു ചെന്ന ത്വാഇഫില്‍, കണക്ക്കൂട്ടലുകള്‍ക്ക് വിരുദ്ധമായി നേരിടേണ്ടിവന്ന പീഢനപര്‍വ്വങ്ങള്‍ക്കൊടുവിലും ആ സമൂഹത്തിനെതിരെ പ്രാര്‍ത്ഥിക്കാന്‍ പോലും പ്രവാചകര്‍ തയ്യാറാവാതിരുന്നത് ഇന്നും ഉള്‍പ്പുളകത്തോടെയാണ് ചരിത്രം ഓര്‍ക്കുന്നത്. ആ സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കാന്‍ അനുവാദം ചോദിക്കുന്ന പര്‍വ്വതങ്ങളുടെ മാലാഖയോട് അവിടുന്ന് പറയുന്നത്, വേണ്ട, അവരില്‍ ഒരാളെങ്കിലും സത്യമാര്‍ഗ്ഗത്തിലേക്ക് കടന്നുവരുന്നുവെങ്കില്‍ അതല്ലേ ഉത്തമം എന്നായിരുന്നു. മക്കാവിജയവേളയിലും നമുക്ക് ദര്‍ശിക്കാനാവുന്നത് മനുഷ്യത്വത്തെ മാനിക്കുന്ന മഹനീയ രംഗങ്ങളാണ്. ചരിത്രം പോലും  മൂക്കത്ത് വിരല്‍വെച്ചുപോയ നിമിഷമായിരുന്നു അത്. മക്ക ജയിച്ചടക്കാനായി പുറപ്പെട്ട സൈന്യത്തില്‍ മുഹാജിറുകളായ മക്കക്കാര്‍ക്ക് പുറമെ മദീനക്കാരുമുണ്ടായിരുന്നു. എല്ലാവരും ഏറെ സന്തോഷത്തിലാണ്. പലരും പല മുദ്രാവാക്യങ്ങളും മുഴക്കിയാണ് നീങ്ങുന്നത്. കൂട്ടത്തില്‍ ചിലര്‍ ഇങ്ങനെ പറഞ്ഞു, ഇന്ന് പോരാട്ടത്തിന്റെ ദിവസമാണ്, ഇന്ന് പല മാനങ്ങളും ഹനിക്കപ്പെടും, ഖുറൈശികള്‍ ഇന്ന് നിന്ദ്യരായിത്തീരും. ഇത് കേട്ട പ്രവാചകര്‍ ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു, അല്ലാ, ഇന്ന് കാരുണ്യത്തിന്റെ ദിവസമാണ്, മാനങ്ങളെല്ലാം പൂര്‍ണ്ണമായും പാവനമാക്കപ്പെടുന്ന ദിനമാണ്, എല്ലാവരെയും ആദരിക്കുന്ന ദിവസമാണ് ഇന്ന്. നോക്കൂ, പ്രബോധനപാതയില്‍ സാധ്യമായ എല്ലാ പ്രതിബന്ധങ്ങളും തീര്‍ത്ത്, ജന്മനാട് ഉപേക്ഷിക്കാന്‍ വരെ തന്നെയും അനുയായികളെയും നിര്‍ബന്ധരാക്കിയ ഒരു സമൂഹത്തെയാണ് പ്രവാചകര്‍ ഈ കാരുണ്യത്തിന്റെ കണ്ണ് കൊണ്ട് നോക്കിക്കാണുന്നത്.  മനുഷ്യത്വത്തിന്റെ പരമമായ അര്‍ത്ഥവും ആശയവും ഉള്‍ക്കൊണ്ടവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ചിന്തിക്കാനാവൂ. ചരിത്രത്തിന്റെ ഇന്നലെകളിലെവിടെയും ഇത്രയും വലിയ മഹാമനസ്സുകളെ വേറെ കാണാനാവില്ല. സകലമാനുഷ്യകത്തിനും അതിലുപരി അഖില ചരാചരങ്ങള്‍ക്കും അനുഗ്രഹവര്‍ഷമായി നിയുക്തരായ പ്രവാചകര്‍ക്ക് അത്തരത്തിലേ ചിന്തിക്കാനാവൂ. -മജീദ് ഹുദവി പുതുപ്പറമ്പ്-

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter