ഇമാം അബുല്‍ ഹസന്‍ അല്‍ അശ്അരി

ഹിജ്‌റ രണ്ടാം ശതകത്തില്‍ അഹ്‌ലുല്‍ ഹദീസിനും അഹ്‌ലുല്‍ റഅ്‌യിനുമിടയില്‍ നിലനിന്നിരുന്ന അന്തരം ഇല്ലാതാക്കി, പുതിയൊരു രീതി ശാസ്ത്രം വികസിപ്പിച്ചെടുത്ത് ഇമാം ശാഫിഈ (150-204) സാധ്യമാക്കിയ നവോത്ഥാനത്തിന്റെ തൊട്ടടുത്ത നൂറ്റാണ്ടിലാണ് ഇമാം അബുല്‍ ഹസന്‍ അശ്അരിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കര്‍മശാസ്ത്രമായിരുന്നു ഇമാം ശാഫിഈയുടെ കര്‍മ മണ്ഡലമെങ്കില്‍ വിശ്വാസമേഖല(അഖീദ) യായിരുന്നു ഇമാം അശ്അരിയുടേത്. വിശ്വാസ കാര്യങ്ങളില്‍  ഖുര്‍ആന്‍, ഹദീസ് എന്നീ പ്രമാണങ്ങള്‍ക്കാണോ (നഖ്ല്‍), അതോ ബുദ്ധി(അഖ്ല്‍) ക്കാണോ പ്രാമുഖ്യം കല്‍പിക്കേണ്ടതെന്ന തര്‍ക്കം അതിന്റെ മൂര്‍ധന്യദശയില്‍ നില്‍ക്കുമ്പോഴാണ് ഒരു നിയോഗം പോലെ ഇമാം അശ്അരിയുടെ രംഗ പ്രവേശനം. 

സമൂഹമൊന്നടങ്കമോ അല്ലെങ്കില്‍ വലിയൊരു വിഭാഗമോ തെറ്റിദ്ധരിക്കുകയും അല്ലെങ്കില്‍ തങ്ങള്‍ പിന്തുടര്‍ന്നു വന്നിരുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ച് പുതിയ പാതയിലേക്ക് കയറി നടക്കാന്‍ ചങ്കുറപ്പില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് പുതിയ വഴിയുടെ സാധ്യത മനസ്സിലാക്കി സധൈര്യം മുന്നേറുന്ന നവോത്ഥാന നായകര്‍ പിറവിയെടുക്കുന്നത്. ഇമാം ശാഫിഈയും ഇമാം അശ്അരിയും ഇമാം ഗസാലിയുമൊക്കെ അനിതര സാധാരണമായ ധൈര്യം കാണിച്ചവരാണ്. ആ ധൈര്യമാണ് പില്‍ക്കാലത്തുള്ളവര്‍ക്ക് നിര്‍ഭയം സഞ്ചരിക്കാനുള്ള കെടാവിളക്കായത്.

പ്രശ്‌നകലുഷമായ സാഹചര്യത്തിലേക്ക് കടന്നുവന്ന ഇമാം അശ്അരി പ്രശ്‌നം ശരിക്ക് മനസ്സിലാക്കുകയും പരിഹാരം നിര്‍ദേശിക്കുകയും പിന്‍ഗാമികള്‍ക്ക് പിന്തുടരാവുന്ന ഒരു രീതിശാസ്ത്രം രൂപീകരിക്കുകയും ചെയ്തു. പ്രമാണങ്ങള്‍ക്കൊപ്പം (ഖുര്‍ആന്‍, ഹദീസ്) ബുദ്ധിക്കും സ്ഥാനം നല്‍കുകയും അതേ സമയം ബുദ്ധി പ്രമാണങ്ങള്‍ക്ക് എതിരാവുന്ന സമയത്ത് പ്രമാണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്ന ഈ രീതിശാസ്ത്രമനുസരിച്ച് വിശ്വാസസംബന്ധിയായ ഓരോ വിഷയവും അദ്ദേഹം വിശദീകരിച്ചു. 

തദടിസ്ഥാനത്തില്‍ 'രിസാലതുല്‍ ഖൗളി ഫീ ഇല്‍മില്‍ കലാം', 'അല്‍ ഇബാന', 'അല്ലുമഅ്', 'രിസാലതുന്‍ ഇലാ അഹ്‌ലില്‍ സ്സഗര്‍', 'മഖാലതുല്‍ ഇസ്‌ലാമിയ്യീന്‍', ഇസ്തിഹ്‌സാനുല്‍ ഖൗലി ഫീ ഇല്‍മില്‍ കലാം തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ രചിച്ചു, സംവാദങ്ങള്‍ നടത്തി, അങ്ങനെ 'അശ്അരി' മദ്ഹബെന്ന പേരില്‍ ഒരു വിശ്വാസധാര തന്നെ രൂപപ്പെട്ടു. തീവ്രതയോടെ പരസ്പരം ഏറ്റുമുട്ടുകയും പരസ്വരം കുഫ്‌റ് ആരോപിക്കുകയും  ചെയ്തിരുന്ന വിശ്വാസധാരകള്‍ക്കിടയില്‍ ഒരു മധ്യമ മാര്‍ഗമായി അശ്അരി മദ്ഹബ് അംഗീകരിക്കപ്പെട്ടു. ചിന്തയെ പരിണയിച്ച്  ഒരു ധ്രുവത്തിലും പ്രമാണങ്ങളുടെ പ്രകടാര്‍ത്ഥങ്ങള്‍ മുറുകെ പിടിച്ച് മറുധ്രുവത്തിലും നിലകൊണ്ടിരുന്ന മുഅ്തസിലികള്‍ക്കും ഹമ്പലികള്‍ക്കുമിടയിലാണ് പണ്ഡിതന്‍മാര്‍ അശ്അരികള്‍ക്ക് സ്ഥാനം നല്‍കിയത്. അഖ്‌ലും നഖ്‌ലും സമഞ്ജസമായി സമ്മേളിച്ച ഈ ചിന്താധാരക്ക് വലിയ അംഗീകാരം ലഭിച്ചു. ഫിഖ്ഹ്, ഹദീസ്, ഇല്‍മുല്‍ കലാം, തസ്വവ്വുഫ് എന്നീ ശാസ്ത്രശാഖകളുടെ സമ്മേളനവും ഇത് മൂലം സംഭവിച്ചു.

ഇമാം അശ്അരി: വ്യക്തിയും ജീവിതവും

പ്രമുഖ സ്വഹാബി വര്യന്‍ അബൂ മൂസല്‍ അശ്അരിയിലേക്കാണ് ഇമാം അശ്അരിയുടെ പരമ്പര ചേരുന്നത്. അലിയ്യുബ്‌നു ഇസ്മാഈലിബ്‌നു അബീ ബശ്ര്‍ ഇസ്ഹാഖ് ബ്‌നു സാലിമുബ്‌നു ഇസ്മാഈലിബ്‌നു അബ്ദുല്ലാഹിബ്‌നു മൂസബ്‌നു ബിലാലുബ്‌നു അബീ ബുര്‍ദുബ്‌നു അബീ മൂസല്‍ അശ്അരി എന്നാണ് പൂര്‍ണനാമം. ''അല്‍ അശ്അര്‍'' കുടുംബത്തിലേക്ക് ചേര്‍ത്തി അല്‍ അശ്അരി എന്ന് ഇദ്ദേഹം അറിയപ്പെടുന്നു (ഇബ്‌നു അസാകിര്‍: തബ്‌യീന്‍: 34,35) ഹിജ്‌റ 260 ല്‍ ബസ്വ്‌റയിലാണ് ഇദ്ദേഹത്തിന്റെ ജനനം. പിന്നീട് ബഗ്ദാദിലേക്ക് താമസം മാറുകയും ഹി. 324 ല്‍ വഫാത്താവുന്നത് വരെ അവിടെ തുടരുകയും ചെയ്തു (ഖഹ്ത്വാന്‍: അല്‍ അഖീദ വല്‍ ഇസ്‌ലാമിയ്യ 169) 

പ്രമുഖ ശാഫിഈ പണ്ഡിതന്‍മാരായ അബൂ ഇസ്ഹാഖ് അല്‍ മര്‍വസീ, ഇബ്‌നു സുറൈജ് എന്നിവരില്‍ നിന്നും അബൂഖലീഫ അല്‍ ജുമഹി, സകരിയ്യാ ബ്‌നു യഹ്‌യ അസ്സാജി, സഹ്‌ലുബ്‌നു നൂഹ്, മുഹമ്മദ് ബിന്‍ യഅ്ഖൂബ്, അല്‍ മുഖ്‌രി, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഖലഫ് അള്ളബ്ബി, എന്നീ പണ്ഡിതന്‍മാരില്‍ നിന്നും അദ്ദേഹം വിദ്യ നുകര്‍ന്നിട്ടുണ്ട്. പ്രമുഖ മുഅ്തസിലീ പണ്ഡിതന്‍ അബൂ അലി അല്‍ ജുബ്ബാഇയുടെ അടുത്ത ശിഷ്യനായിരുന്നു ഇമാം അശ്അരി (ഖഹ്ത്വാന്‍ അല്‍ അഖീദ വല്‍ ഇസ്‌ലാമിയ്യ 171,172) 

 പ്രമുഖ ഹദീസ് പണ്ഡിതനായിരുന്ന പിതാവ് തന്റെ ചെറുപ്പത്തിലേ വഫാത്തായി, തുടര്‍ന്ന് മഹാനവര്‍കള്‍ ഇമാം ജുബ്ബാഇയുടെയും അദ്ദേഹത്തിന്റെ മകന്‍ അബൂ ഹാശിം അല്‍-ജുബ്ബാഇയുടെയും കൂടെയാണ് വളര്‍ന്നത്. ജുബ്ബാഇ അദ്ദേഹത്തിന്റെ മാതാവിനെ വിവാഹം ചെയ്തത് കൊണ്ടായിരുന്നു അത്. ജുബ്ബാഇയില്‍ നിന്ന് ഇല്‍മുല്‍ കലാമും മുഅ്തസിലീ ആശയങ്ങളും ഇദ്ദേഹം പഠിച്ചെടുത്തു. മുഅ്തസിലീ വാദങ്ങളുടെ മര്‍മമറിഞ്ഞ് ഇദ്ദേഹം അവര്‍ക്കിടയിലെ പ്രമുഖ പണ്ഡിതനായി വളര്‍ന്നുവന്നു. പലപ്പോഴും സംവാദങ്ങള്‍ക്ക് അദ്ദേഹത്തെയാണ് ജുബ്ബാഇ പറഞ്ഞയച്ചിരുന്നത്. 

ഏറെ കാലം മുഅ്തസിലീ ആശയങ്ങള്‍ക്ക് നാവുകൊണ്ടും പേനകൊണ്ടും ശക്തിപകരുകയും ധൈഷണികമേഖലയില്‍ അദ്വിതീയനായി മാറുകയും ചെയ്തു. ഇമാം അശ്അരിയുടെ ജീവിതം പക്ഷേ, നാല്‍പതാം വയസ്സില്‍ മാറിമറിഞ്ഞു. മുഅ്തസിലീ ചേരി വിട്ട് അഹ്‌ലുസ്സുന്നത്തിന്റെ മാര്‍ഗത്തിലേക്ക് അദ്ദേഹം തിരിച്ചുവന്നു. പൊടുന്നനെ മുഅ്തസിലിസം വിടാന്‍ ഇമാമവര്‍കളെ പ്രേരിപ്പിച്ച ഘടകമെന്തെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കിലും ജുബ്ബാഇയുമായി നടത്തിയ സംവാദമാണ് അവയിലേറെയും പ്രശസ്തം.

ആ സംവാദം ഇങ്ങനെ: ''അടിമക്ക് ഏറ്റവും അനുയോജ്യമായ കാര്യം (അസ്‌ലഹ്) ചെയ്യല്‍ അല്ലാഹുവിന് നിര്‍ബന്ധമാണ്'' എന്ന മുഅ്തസിലീ ആശയത്തില്‍ പൊരുത്തക്കേട് അനുഭവപ്പെട്ട ഇമാം അശ്അരി തന്റെ ഉസ്താദ് ജുബ്ബാഇയോട് ചോദിച്ചു: 'മൂന്ന് പേര്‍ മരണപ്പെട്ടു, ഒരാള്‍ സച്ചരിതന്‍ മറ്റെയാള്‍ ദുര്‍മാര്‍ഗി, മൂന്നാമന്‍ കൊച്ചുകുട്ടി; ഇവരുടെ പരലോകം എങ്ങനെയായിരിക്കും?' ജുബ്ബാഇ പറഞ്ഞു: 'ഒന്നാമന്‍ സ്വര്‍ഗത്തില്‍, രണ്ടാമന്‍ നരകത്തില്‍. മൂന്നാമന് രണ്ടുമില്ല'. അപ്പോള്‍ അശ്അരി: 'അപ്പോള്‍ ''റബ്ബേ, നീ എന്തിനാണ് എന്നെ ചെറുപ്പത്തില്‍ മരിപ്പിച്ചത്. എനിക്ക് ആയുസ്സ് നല്‍കിയിരുന്നെങ്കില്‍ വിശ്വാസിയും നിന്നെ അനുസരിക്കുന്നവനുമായി ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമായിരുന്നല്ലോ'' എന്ന് മൂന്നാമന്‍ പറയുകയാണെങ്കില്‍ റബ്ബ് എന്ത് മറുപടി പറയും?' ജുബ്ബാഇ: ''റബ്ബ് പറയും: നീ വലുതായാല്‍ എന്നെ ധിക്കരിക്കുമെന്നും അങ്ങനെ നരകത്തില്‍ പ്രവേശിക്കുമെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ചെറുപ്പത്തിലേ മരിപ്പിച്ചത്.'' അപ്പോള്‍ അശ്അരി: ''റബ്ബേ നീ എന്തേ എന്നെ ചെറുപ്പതിത്തല്‍ മരിപ്പിക്കാതിരുന്നത്, എങ്കില്‍ എനിക്ക് ധിക്കാരിയും അത് മൂലം നരക വാസിയും ആയിരിക്കേണ്ടി വരികയില്ലായിരുന്നല്ലോ'' എന്ന് അതു കേട്ടു നില്‍ക്കുന്ന രണ്ടാമന്‍ ചോദിച്ചാലോ? അതോടെ ജുബ്ബാഇക്ക് ഉത്തരം മുട്ടി. അശ്അരി ജുബ്ബാഇയന്‍ ബന്ധം വിടുകയും മുഅ്തസിലികളെ ഖണ്ഡിക്കാന്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു. (തഫ്താസാനി, ശര്‍ഹുല്‍ അഖാഇദ് 6)

ഈ സംവാദമാണ് അശ്അരിയുടെ മനം മാറ്റത്തിന് കാരണമെന്ന് പല പണ്ഡിതന്‍മാരും അംഗീകരിക്കുന്നില്ല. അലി മുസ്ത്വഫാ ഗുറാബിയുടെ അഭിപ്രായത്തില്‍ അശ്അരിയുടെ മുഅ്തസിലി നിരാകരണവും അതിലേക്ക് നയിച്ച ഘടകങ്ങളും നിഗൂഢമാണ്. കാരണം നാല്‍പത് വര്‍ഷം ആ ആശയധാരയെ പിന്‍പറ്റിയ അദ്ദേഹം വെറുമൊരു സംവാദത്തിന്റെ പേരില്‍ അതു ഒഴിവാക്കുമെന്ന് കരുതാന്‍ വയ്യ. ഉസ്താദും ശിഷ്യനും തമ്മില്‍ വിവിധ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാം. രണ്ടുപേരും ഒരേ മദ്ഹബില്‍ തുടരുകയും ചെയ്യാം. നള്ളാമും ജുബ്ബാഇയും അബുല്‍ ഹുദൈലിനോട് ഇത്തരത്തില്‍ വിയോജിച്ചിരുന്നു. അതേ സമയം ഒരേ ആശയം പിന്‍തുടരുകയും ചെയ്തിരുന്നു (ഖഹ്ത്വാന്‍ അല്‍ അഖീദ: 176) ഇബ്‌നു അസാകിര്‍ ഉദ്ധരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം പ്രവാചകരെ സ്വപ്നത്തില്‍ ദര്‍ശിച്ചതാണ് ഇമാം അശ്അരിയുടെ പരിവര്‍ത്തനത്തിന് നിദാനമായത്. ഈ റിപ്പോര്‍ട്ട് പ്രകാരം മുഅ്തസിലീ വിജ്ഞാന ഗോപുരത്തിന്റെ പാരമ്യതയിലെത്തിയ ഇമാം അശ്അരിക്ക് അവയുടെ ആഴങ്ങളിലേക്ക് കടക്കുന്തോറും സംശയങ്ങള്‍ ജനിച്ചുതുടങ്ങി. അദ്ദേഹം തന്റെ ഗുരുനാഥന്മാരോട് സംശയ നിവാരണം നടത്തിയെങ്കിലുംതൃപ്തികരമായ മറുപടി ലഭിച്ചില്ല. അങ്ങനെയിരിക്കേ, റമളാന്‍ ആദ്യപത്തില്‍ അദ്ദേഹം പ്രവാചകരെ സ്വപ്നത്തില്‍ ദര്‍ശിച്ചു. തന്റെ പ്രശ്‌നങ്ങള്‍ പ്രവാചകര്‍ക്ക് മുമ്പില്‍ അദ്ദേഹം അവതരിപ്പിച്ചു. 'എന്നില്‍ നിന്ന് ശരിയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വഴികള്‍ പിന്തുടരുക' എന്ന് അല്ലാഹുവിന്റെ റസൂല്‍ ഉപദേശിച്ചു. രണ്ടാമത്തെ പത്തിലും സമാനമായ പ്രവാചക ദര്‍ശനം അദ്ദേഹത്തിന് ലഭിച്ചു. 'ഞാന്‍ പറഞ്ഞതനുസരിച്ച് എന്താണ് ചെയ്തതെന്ന് പ്രവാചകര്‍ ചോദിച്ചപ്പോള്‍ അവിടത്തെ തൊട്ട് ശരിയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ ഞാന്‍ പിന്തുടര്‍ന്നു' എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതോടെ ഇല്‍മുല്‍ കലാം ഒഴിവാക്കാനും ഖുര്‍ആന്‍ പാരായണത്തിലും ഹദീസ് പഠനത്തിലും മുഴുകാനും അദ്ദേഹം തീരുമാനിച്ചു. മൂന്നാമത്തെ പത്തില്‍ ഇരുപത്തിയേഴാം രാവിലാണ് ഇമാം അശ്അരി പ്രവാചകരെ സ്വപ്നത്തില്‍ കണ്ടത്. 'എന്ത് ചെയ്തുവെന്ന്' പ്രവാചകര്‍ വീണ്ടും ചോദിച്ചു.'താന്‍ ഇല്‍മുല്‍കലാം ഒഴിവാക്കിയെന്നും ഖുര്‍ആനും സുന്നത്തും മുറുകെപ്പിടിച്ചുവെന്നും' അദ്ദേഹം മറുപടി പറഞ്ഞപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: 'ഇല്‍മുല്‍ കലാം ഒഴിവാക്കാന്‍ ഞാന്‍ പറഞ്ഞിട്ടില്ല. എന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മദ്ഹബുകളെ ശക്തിപ്പെടുത്താനാണ് ഞാന്‍ പറഞ്ഞത്, കാരണം അതാണ് ശരി. അല്ലാഹുവിന്റെ സഹായം താങ്കള്‍ക്കുണ്ടാകും' -റസൂല്‍ പറഞ്ഞുകൊടുത്തു. അതോടെ പ്രമാണങ്ങളും ധിഷണയും സംയോജിപ്പിച്ച് അഹ്‌ലുസ്സുന്നയുടെ ആശയങ്ങള്‍ക്ക് അദ്ദേഹം ശക്തിപകര്‍ന്നുതുടങ്ങി. (ഇബ്‌നു അസാകിര്‍ 40,41)

വ്യത്യസ്ത വഴികളിലൂടെ വിവിധ രീതികളില്‍ ഇബ്‌നു അസാകിര്‍ വിവരിച്ച ഈ സ്വപ്ന ദര്‍ശന സംഭവവും ജുബ്ബാഇയുമായി നടത്തിയ സംവാദവും തമ്മില്‍ വൈരുധ്യമൊന്നും തോന്നേണ്ട കാര്യമില്ല. മറിച്ച്, ചേര്‍ത്തു വായിക്കുമ്പോള്‍ അവ തമ്മിലുള്ള ചരിത്രപരമായ ചേര്‍ച്ചയാണ് ബോധ്യമാവുക. സംവാദത്തിന്റെ കാര്യമെടുക്കുമ്പോള്‍ ഇമാം അശ്അരി താനിതുവരെ ശക്തിപ്പെടുത്തിപ്പോന്നിരുന്ന കാര്യങ്ങളില്‍ പല കാരണങ്ങളാല്‍ സംശയങ്ങളുണ്ടായി. അവ അദ്ദേഹം തന്റെ ഗുരുവുമായി ചര്‍ച്ചചെയ്തു. ഇത്തരത്തില്‍ അദ്ദേഹം ഉന്നയിച്ച സംശയങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് മാത്രമാകാം പ്രസ്തുത സംവാദം. മാനസികാസ്വാസ്ഥ്യം കൂടിവന്നുകൊണ്ടിരിക്കെ അദ്ദേഹം പ്രവാചകരെ സ്വപ്നത്തില്‍ ദര്‍ശിച്ചു. അതിന് ശേഷം ജനങ്ങളില്‍ നിന്നും കുറച്ചുദിവസം അദ്ദേഹം വിട്ടുനിന്നു. അഖീദയിലെ ഓരോ വിഷയവും പ്രവാചകര്‍ നിര്‍ദേശിച്ച രീതിശാസ്ത്രമനുസരിച്ച് പുനര്‍ വിചിന്തനം നടത്തി. അവസാനം ബസ്വ്‌റ പള്ളിയിലെ മിമ്പറില്‍ കയറിനിന്ന് അഹ്‌ലുസ്സുന്നയിലേക്കുള്ള മടക്കം അദ്ദേഹം പ്രഖ്യാപിച്ചു. ''എന്നെ അറിയുന്നവര്‍ക്കെല്ലാം എന്നെ നന്നായറിയാം. അറിയാത്തവര്‍ക്ക് വേണ്ടി ഞാന്‍ സ്വയം പരിചയപ്പെടുത്താം. ഞാന്‍ ഇന്നാലിന്ന ആളാണ്. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നും അല്ലാഹുവിനെ നേരിട്ട് കാണുക അസാധ്യമാണെന്നും എന്റെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദി ഞാന്‍ മാത്രമാണെന്നും വാദിക്കുന്ന ആളായിരുന്നു ഞാന്‍. ഇന്ന് മുതല്‍ ഞാന്‍ അത്തരം വാദങ്ങളില്‍ നിന്നും പിന്തിരിയുകയും മുഅ്തസിലീ വാദങ്ങളുടെ മുനയൊടിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്യുകയാണ്'' എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ പ്രസംഗം പുതിയൊരു ജ്ഞാന വിപ്ലവത്തിന് വിത്തിടുകയായിരുന്നു. ഇതാണ് അഹ്‌ലുസ്സുന്നയിലേക്ക് അദ്ദേഹം വന്നതു സംബന്ധിച്ചുള്ള ചരിത്രം. ഇനി ഈ മനംമാറ്റത്തോടെ അദ്ദേഹം ഏറ്റെടുത്ത ചരിത്രപരമായ ദൗത്യവും അതിന്റെ പ്രാധാന്യവും ചര്‍ച്ചചെയ്യാം. അതിന് മുമ്പ് അന്നത്തെ സാഹചര്യം ഒരല്‍പം പരിചയപ്പെടേണ്ടതുണ്ട്. 

ഇമാം അശ്അരി: കാലഘട്ടവും സാഹചര്യവും

വിശ്വാസ കാര്യങ്ങളില്‍ പരസ്പര വിരുദ്ധവും തീവ്രവുമായ അഭിപ്രായങ്ങളിലൂടെ മുസ്‌ലിം ലോകം ഒന്നാകെ ഭിന്നിച്ചുനില്‍ക്കുന്ന അത്യന്തം ദുരന്തപൂര്‍ണ്ണമായ ഘട്ടത്തിലാണ് ഇമാം അശ്അരി കടന്നുവരുന്നത്. മുഅ്തസിലുകള്‍,കുല്ലാബിയ, ജബ്‌രിയ്യഃ, മുര്‍ജിഅഃ തുടങ്ങി പത്തോളം വിഭാഗങ്ങള്‍ അന്ന് നിലവിലുണ്ടായിരുന്നെന്നാണ് അദ്ദേഹം തന്നെ മഖാലാതുല്‍ ഇസ്‌ലാമിയ്യീനില്‍ രേഖപ്പെടുത്തിയത്. ഏതു വിഷയത്തിലും ഒന്നിലധികം അഭിപ്രായങ്ങളുണ്ടായിരുന്നു. എന്നു മാത്രമല്ല തീവ്രതയോടു കൂടി വിരുദ്ധത വെച്ചുപുലര്‍ത്തുന്നവയായിരുന്നു അവ താനും. ചില ഉദാഹരണങ്ങള്‍ ഇവിടെ ഉദ്ധരിക്കാം; എന്താണ് ശരിയായ ഇസ്‌ലാമിക 'വിശ്വാസം' എന്ന ചര്‍ച്ചയില്‍ പ്രധാനമായും മൂന്ന് വാദഗതികള്‍ വെച്ചുപുലര്‍ത്തുന്നവരുണ്ടായിരുന്നു. പ്രവര്‍ത്തനവും വിശ്വാസവും കൂടിച്ചേര്‍ന്നതാണ് യഥാര്‍ത്ഥ വിശ്വാസം, പകുതിക്ക് നിലനില്‍പില്ലാത്തത് കൊണ്ട് വന്‍ദോഷി കാഫിറാണെന്ന് ഖവാരിജുകള്‍ വാദിച്ചു. ഹൃദയം കൊണ്ട് അല്ലാഹുവിന്റെ ദിവ്യത്വം അംഗീകരിക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ മുസ്‌ലിമാവുന്നുവെന്നും ക്രിസ്ത്യന്‍-ജൂത വിശ്വാസികളും മുസ്‌ലിംകളാണെന്നും മുര്‍ജിഅഃകള്‍ സിദ്ധാന്തിക്കാന്‍ ശ്രമിച്ചു. ഈ രണ്ട് നിലപാടുകളെയും സംയോജിപ്പിച്ച് പ്രവൃത്തിയും വിശ്വാസവും ഈമാനിന്റെ രണ്ട് ഘടകങ്ങളാണെന്നും അതുകൊണ്ട് തന്നെ വന്‍ദോഷി പകുതി മുഅ്മിനും പകുതി കാഫിറുമായിരിക്കുമെന്ന് മുഅ്തസിലുകള്‍ വിശ്വസിച്ചു.

അതുപോലെ, അല്ലാഹുവിന് സൃഷ്ടികളെ പോലെ കൈകളും കാലുകളും ഉണ്ടെന്ന വാദിക്കുന്ന മുജസ്സിമഃ കളും ഒരു വിഷയത്തിലും അല്ലാഹു തന്റെ സൃഷ്ടികളോട് സമമാവുന്നില്ലെന്ന വാദത്തില്‍ അല്ലാഹുവിന്റെ പ്രത്യേക വിശേഷണങ്ങളുടെ സാധുതയെ വരെ ചോദ്യം ചെയ്ത മുഅ#്തസിലുകളും പ്രത്യക്ഷത്തില്‍ അല്ലാഹുവിന് കൈകളുണ്ടെന്ന് അര്‍ഥമാക്കുന്ന ഖുര്‍ആനിക സൂക്തങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ പരസ്പരം കൊമ്പ് കോര്‍ത്തു.

മനുഷ്യ ചെയ്തികളുടെ കര്‍ത്താവിനെ ചൊല്ലിയുണ്ടായിരുന്ന തര്‍ക്കങ്ങളും പ്രശസ്തമാണ്. മനുഷ്യപ്രവര്‍ത്തികളില്‍ അല്ലാഹുവിന് കൈകടത്താനുള്ള അവകാശമുണ്ടെന്ന് വാദിക്കുക വഴി ഭൂമിയിലേക്കുള്ള മാനവ നിയോഗം നിരര്‍ത്ഥകമാവുന്നുവെന്നും മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന് പങ്കില്ലെന്ന് മാത്രമല്ല അവയെ കുറിച്ചുള്ള വ്യക്തമായ ധാരണ പോലും അവനില്ലെന്ന വാദമാണ് മഅ#്ബദുല്‍ ജുഹനി സ്ഥാപിച്ച ഖദരിയ്യഃ വിഭാഗം ഉന്നയിച്ചത്. ഈ വിഭാഗങ്ങളൊക്കെയും തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്നും ഇതര വിശ്വാസങ്ങള്‍ ഇസ്്‌ലാമിന്റെ വൃത്തത്തില്‍ നിന്നും പുറത്താണെന്നും ശക്തിയുക്തം വാദിച്ചു.

വിശ്വാസ സംബന്ധിയായി ധാരാളം വിരുദ്ധ വിഭാഗങ്ങള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും  മുഅ്തസിലുകളും ഹമ്പലി മദ്ഹബിന്റെ ചില വക്താക്കള്‍ നേതൃത്വം കൊടുക്കുന്ന മുജസ്സിമകളും (ദൈവത്തിന് മനുഷ്യ വിശേഷണങ്ങള്‍ കല്‍പിച്ചു നല്‍കുന്നവര്‍) ആയിരുന്നു ബഗ്ദാദ്, ബസ്വ്‌റ ഭാഗങ്ങളില്‍ ശക്തം. ഇവക്കിടയിലാണ് ഇമാം അശ്അരിയുടെ അനുരജ്ഞനം ഏറെയും നടക്കുന്നത്. 

ഹമ്പലികള്‍

ഹി. 260ലാണ് ഇമാം അശ്അരി ജനിക്കുന്നത്. നാല്‍പതാം വയസ്സിലാണ് അദ്ദേഹം മുഅ്തസിലിസം വിട്ടത് എന്ന് കണക്കാക്കുമ്പോള്‍ ഹി.300ലായിരിക്കാം അത്. പ്രമുഖ പണ്ഡിതന്‍ ഇമാം അഹ്മദ് (റ) വഫാത്താകുന്നത് ഹി.241ലും. അബ്ബാസി ഖലീഫ മഅ്മൂന്റെ കാലത്ത് മുഅ്തസിലുകള്‍ ഉയര്‍ത്തികൊണ്ടുവരുകയും മഅ്മൂന്‍ സര്‍വ പിന്തുണയും നല്‍കുകയം ചെയ്ത ''ഖല്‍ഖുല്‍ ഖുര്‍ആന്‍'' (ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വാദം) വാദത്തിനെതിരെ ശക്തമായി നിലകൊണ്ട് പീഢനങ്ങളേറ്റുവാങ്ങിയ ഇമാം അഹ്മദി(റ)ന്റെ ത്യാഗപൂര്‍ണ്ണമായ സമീപനം സുന്നികള്‍ക്ക് വലിയ കരുത്തുപകര്‍ന്നിരുന്നു. മഹാനവര്‍കളുടെ ചര്യ വലിയൊരു മാതൃകയുമായി. 

ഖുര്‍ആനിനും ഹദീസിനും ഇമാം അഹ്മദ് നല്‍കിയ പ്രാധാന്യം വലുതായിരുന്നു. ''ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. അത് അല്ലാഹുവിന്റെ സൃഷ്ടിയാണെന്നോ അല്ലെന്നോ ഞാന്‍ പറയില്ല, കാരണം അല്ലാഹുവിന്റെ റസൂല്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല'' എന്ന അദ്ദേഹത്തിന്റെ നിലപാട് പ്രശസ്തമാണ്. മുഅ്തസിലുകളുടെയും തത്വശാസ്ത്രത്തിന്റെയും കുത്തൊഴുക്കില്‍ ഖുര്‍ആനിന്റെ സ്ഥാനം നഷ്ടപ്പെടുമോ എന്ന് ഭയന്നതിനാലാണ് അന്ന് അദ്ദേഹം അത്തരമൊരു നിലപാട് കൈകൊണ്ടതെന്ന് വ്യക്തമാണ്. 

എന്നാല്‍, അദ്ദേഹത്തിന് ശേഷം ഹമ്പലി മദ്ഹബിന്റെ വക്താക്കളായി നിലകൊണ്ട ചില പണ്ഡിതന്‍മാര്‍ തങ്ങളുടെ നിലപാടുകള്‍ കടുപ്പിക്കുകയും മത വിഷയങ്ങളിലെ ബുദ്ധിയുടെ സാധുതയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്തു. തത്ഫലമായി അവരില്‍ തശ്ബീഹിന്റെയും തജ്‌സീമിന്റെയും (ദൈവത്തെ മനുഷ്യനുമായി സാദൃശ്യപ്പെടുത്തുക) വാദങ്ങള്‍ ആഴത്തില്‍ വേരുപിടിക്കാന്‍ തുടങ്ങി. ആ വാദങ്ങള്‍ ഇമാം അഹ്മദ്(റ)ന്റെ പേരില്‍ അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ മഹാനവര്‍കള്‍ക്ക് അത്തരം ഒരു വാദം ഉണ്ടായിരുന്നില്ലെന്ന ഇബ്‌നുല്‍ ജൗസിയുടെ ''ദഫ്ഉ ശുബ്ഹാത്തുത്തശ്ബീഹ്'' പോലുള്ള ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഏതായാലും ഈ വാദം സാധാരണ ഹമ്പലികളുടെ പൊതു അഭിപ്രായമായി മാറുന്ന ഘട്ടം വന്നു. അതോടൊപ്പം തീവ്രനിലപാടുകളും അവര്‍ കൈകൊണ്ടു. അവരുടെ നിലപാടുകള്‍ അംഗീകരിക്കാത്തവരെ അവര്‍ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരാണെങ്കില്‍ പോലും ശക്തമായി നേരിടുന്ന സ്ഥിതിവന്നു. ഇമാം അബൂഹനീഫയെ അവരില്‍ ചിലര്‍ ഇസ്‌ലാമിന് പുറത്തെന്ന് ആക്ഷേപിച്ചു. ഇമാം ഹാരിസുല്‍ മുഹാസിബിക്ക് ഒളിവില്‍ കഴിയേണ്ടിവന്നു. അദ്ദേഹം മരിച്ചപ്പോള്‍ നാലുപേര്‍ മാത്രമാണ് ജനാസ നമസ്‌കരിച്ചത്. ഇമാം അഹ്മദ് മുഹദ്ദിസാണ്, ഫഖീഹല്ല എന്ന് പറഞ്ഞതിന്റെ പേരില്‍ ഇമാം ത്വബ്‌രിക്ക് ബുദ്ധിമുട്ടുകള്‍ ഏല്‍കേണ്ടിവന്നു. അദ്ദേഹം വഫാത്തായപ്പോള്‍ ഹമ്പലികളുടെ ശല്യം ഭയന്ന് രാത്രിതന്നെ മറവുചെയ്യുകയാണുണ്ടായത്. അഹ്മദ് (റ) ന്റെ ജനാസക്കരികില്‍ വെച്ച് കറാബീസി വിമര്‍ശിക്കപ്പെട്ടു. മരണം വരെ വീട്ടിലിരിക്കാന്‍ അദ്ദേഹവും നിര്‍ബന്ധിതനായി. (അല്‍ അശ്അരി ബൈനല്‍ ഹനാബിലത്തി വല്‍ മുഅ്തസില 16,17,24,25) തീവ്ര ഹമ്പലികളുടെ ഗ്രന്ഥങ്ങള്‍ ധാരാളം അബദ്ധങ്ങള്‍ നിറഞ്ഞവയാണ്. തങ്ങള്‍ക്കെതിരെ അഭിപ്രായം പറയുന്നവരെ കാഫിറുകളാക്കുക അവരുടെ പതിവായിരുന്നു. ഇതിനു പുറമെയാണ് തജ്‌സീം, തശ്ബീഹ് വാദങ്ങള്‍. മനുഷ്യ ഗുണവിശേഷങ്ങളുമായി സാമ്യത പുലര്‍ത്തുന്ന പല പ്രയോഗങ്ങളും അല്ലാഹുവിന്റെ വിശേഷണങ്ങളായി ഖുര്‍ആനില്‍ വന്നിട്ടുണ്ട്. വജ്ഹ്, യദ്, രിജ്‌ല്, ഗളബ്, ളിഹ്ക് (മുഖം, കയ്യ്, കാല്, ദേഷ്യം, ചിരി എന്നൊക്കെ വാക്കര്‍ത്ഥം) തുടങ്ങിയവ ഉദാഹരണം. ഇത്തരം പ്രയോഗങ്ങളെ അവയുടെ  ബാഹ്യാര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കണമെന്നാണ് ഇക്കൂട്ടര്‍ വാദിച്ചത്. 

ഇത്തരം വാദങ്ങള്‍ മറ്റു പല അവാന്തര വിഭാഗങ്ങളും വെച്ചുപുലര്‍ത്തിയിരുന്നു. കറാമി വിഭാഗത്തിന്റെ നേതാവ് അബ്ദുല്ലാഹിബ്‌നു കര്‍റാം, ഖുര്‍ആന്‍ വ്യാഖ്യാതാവ് മുഖാതിലുബ്‌നു സുലൈമാന്‍, ശിയാക്കളിലെ ഹിശാമുബ്‌നുല്‍ ഹകം തുടങ്ങിയവര്‍ ഇത്തരം വാദങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നു. (ഖഹ്ത്വാന്‍ 355,356) ജൂത- സൗരാഷ്ട്ര മതങ്ങളുടെ സ്വാധീനങ്ങള്‍ ഇത്തരം വാദങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നു. ഈ വാദങ്ങളാണ് പില്‍കാലത്ത് ഇബ്‌നു തൈമിയ്യയും ശിഷ്യന്മാരും പുനരുജ്ജീവിപ്പിക്കുകയും സലഫി വാദങ്ങളുടെ മുഖമുദ്രയായി തീരുകയും ചെയ്തത്. അന്നും പില്‍കാലത്തും ഹമ്പലി തീവ്രസ്വഭാവങ്ങള്‍ക്ക് മുസ്‌ലിം ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹി. 310,317,323,329,447,469,475 തുടങ്ങിയ വര്‍ഷങ്ങളില്‍ ഹമ്പലികള്‍ നടത്തിയ ലഹളകള്‍ ഇബ്‌നുല്‍ അസീര്‍ ഇബ്‌നു കസീര്‍ തുടങ്ങിവര്‍ അവരുടെ ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അശ്അരി മദ്ഹബ് പിന്തുടരുന്നതിനാല്‍ ശാഫിഇകള്‍ക്ക് പള്ളിപ്രവേശനം നിഷേധിച്ചതിനും ബഗ്ദാദ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹി. അഞ്ചാം നൂറ്റാണ്ടില്‍ ബഗ്ദാദിലെ നിസാമിയ്യ മദ്‌റസക്കെതിരെ ഹമ്പലികള്‍ നടത്തിയിരുന്ന അക്രണമങ്ങളും ബഗ്ദാദിലെ ശാഫിഇകളെ സുബ്ഹി നമസ്‌കാരത്തില്‍ ഖുനൂത് ഓതുന്നതില്‍ നിന്നും ഫാതിഹയില്‍ ബിസ്മി ഓതുന്നതില്‍ നിന്നും വിലക്കിയതും ഹമ്പലി തീവ്രതയിലെ മറക്കാനാവാത്ത ഏടുകളാണ്. ഹമ്പലികളില്‍ ചെറിയ ഒരു വിഭാഗമാണ് ഇത്തരം സ്വഭാവങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നതെങ്കിലും അവരുടെ നിലപാട് പ്രകടമായിരുന്നു. ഇത്തരം ഒരു തീവ്രതയാണ് ഇമാം അശ്അരി രംഗത്തുവരുമ്പോള്‍ ഉണ്ടായിരുന്നത്. 

മുഅ്തസിലുകളും ചിന്തയും

പ്രമുഖ താബിഈ അല്‍ ഹസനുല്‍ബസ്‌രിയുടെ സദസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട വാസിലുബ്‌നു അത്വാഇലൂടെയാണ് മുഅ്തസില വിഭാഗം ഉദയം കൊള്ളുന്നത്. ഏറെ വികല ആശയങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നുവെങ്കിലും നന്മക്കും തിന്മക്കും പ്രത്യേകം ദൈവങ്ങളുണ്ടെന്ന് വിശ്വസിച്ചു വരുന്ന സൗരാഷ്ട്രര്‍ക്കെതിരെയും കപട വിശ്വാസം വെച്ചുപുലര്‍ത്തിയിരുന്ന സിന്ദീഖികള്‍ക്കെതിരെയും ക്രൈസ്തവ ത്രിയേകത്വ വാദത്തിനെതിരെയും പ്രതിരോധം ചമക്കുന്നതില്‍ ശ്ലാഘനീയമായ പങ്കുവഹിച്ചവരാണ് മുഅ്തസിലുകള്‍. പക്ഷേ ഗ്രീക്ക് ചിന്തയും മറ്റു പല വാദഗതികളും വായിക്കാന്‍ തുടങ്ങിയതോടെ ചിന്തയോടുള്ള അമിത ഭ്രമം അവരെ പിടികൂടി. അല്ലാഹുവിന്റെ ഗുണവിശേണങ്ങളും അതുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളും അവര്‍ നിഷേധിച്ചു. ചിന്തക്ക് നിരക്കുന്നില്ലെന്ന് തോന്നിയതോടെ ഖബ്‌റ് ശിക്ഷ, മഹ്ശറയിലെ വിചാരണ, ശഫാഅത്ത്, നന്മ തിന്മകളെഴുതിയ ഏട്, അവയുടെ തൂക്കല്‍, സ്വര്‍ഗത്തിലേക്കുള്ള പാലം, തുടങ്ങിയവയൊക്കെ അവര്‍ നിഷേധിച്ചു. ബുദ്ധിക്ക് നിരക്കാത്തവയെന്ന് തോന്നിയ ധാരാളം ഹദീസുകള്‍ ഇക്കൂട്ടര്‍ തള്ളിക്കളഞ്ഞു. പ്രമുഖ മുഅ്തസിലി വക്താക്കളായ നള്ളാം, അബുല്‍ ഹുദൈല്‍ അല്‍ അല്ലാഫ്, ജാഹിള്, ജുബ്ബാഇ, അദ്ദേഹത്തിന്റെ മകന്‍ അബൂഹാശിം തുടങ്ങിയവരൊക്കെ ഗുരുതരമായ വാദങ്ങള്‍ പ്രചരിപ്പിച്ചിരുന്നവരായിരുന്നു. പ്രമാണങ്ങള്‍ നിഷേധിച്ചതോടെ മതത്തില്‍ നിന്ന് അവര്‍ അകന്നുതുടങ്ങി. ബുദ്ധിയും പ്രമാണവും എതിരായാല്‍ ബുദ്ധിക്ക് മുന്‍തൂക്കം നല്‍കണം. കാരണം ബുദ്ധിയാണ് പ്രമാണങ്ങളുട അടിസ്ഥാനം. ബുദ്ധിമാന്മാര്‍ എല്ലാവരും കൂടി ഒരു സംഗതി നല്ലതെന്നോ (ഹസന്‍) ചീത്തയെന്നോ (ഖബീഹ്) വിധിച്ചാല്‍ അവരുടെ അഭിപ്രായം ഇജ്മാഅ് (ഏകകണ്ഡ തീരുമാനം) ആയി പരിഗണിക്കണം. എന്നുവരെ മുഅ്തസിലികള്‍ പറഞ്ഞു. (അല്‍ അശ്അരി ബൈനല്‍ ഹനാബിലത്തി വല്‍ മുഅ്തസില 24)

ഖലീഫ മഅ്മൂന്റെ കാലത്ത് ഔദ്യോഗിക പരിവേശം ലഭിച്ചതോടെ മുഅ്തസിലികളുടെ തനിനിറം വ്യക്തമായി. ധൈഷിണികരെന്നും സ്വതന്ത്രചിന്തകരുമെന്നൊക്കെ പേരെടുത്ത അവര്‍ ആശയ പ്രചരണത്തിന് അധികാരത്തിന്റെ മുഷ്ഠി പ്രയോഗിച്ചു. ഖല്‍ഖുല്‍ ഖുര്‍ആന്‍ വാദ സമയത്ത് ഹദീസ് പണ്ഡിതന്മാരെ തിരഞ്ഞുപിടിച്ച് പീഢിപ്പിച്ചു.  പല പണ്ഡിതന്മാരും അവരുടെ പീഢനം ഭയന്ന് നാടുവിട്ടു. പില്‍കാലത്ത് മുഅ്തസിലികള്‍ക്ക് സംഭവിച്ച ശക്തിക്ഷയത്തിന്റെ പ്രധാന കാരണവും ഇത്തരം സംഭവങ്ങളായിരുന്നു. മഅ്മൂന്‍, മുഅ്തസിം, വാസിഖ് തുടങ്ങിയവരുടെ കാലത്ത് ഇത്തരം സംഭവങ്ങളായിരുന്നു. എന്നാല്‍ മുതവക്കില്‍ അധികാരത്തിലെത്തിയതോടെ കാലചക്രം അതിന്റെ പ്രതിഫലനങ്ങള്‍ കാണിച്ചുതുടങ്ങി. ഇമാം അഹ്മദ് (റ) അടക്കമുള്ള ഹദീസ് പണ്ഡിതന്മാര്‍ മോചിപ്പിക്കപ്പെട്ടു. അവരുടെ അനുയായികള്‍ മുഅ്തസിലികളോട് കണക്കുതീര്‍ത്തു. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത വര്‍ദ്ധിക്കാനുള്ള ചരിത്രപമായ കാരണവും ഇതുതന്നെയായരുന്നു. 

മുസ്‌ലിം ചിന്താലോകത്ത് നിലനിന്നിരുന്ന മറ്റൊരു വിഭാഗം തത്വചിന്തകന്മാരായിരുന്നു.  ഇസ്‌ലാമിക ചിന്താ ധാരയെയും ഗ്രീക്ക് തത്വശാസ്ത്രത്തെയും കൂട്ടിക്കെട്ടാനുള്ള വ്യര്‍ഥ ശ്രമങ്ങള്‍ അന്നത്തെ മുസ്‌ലിം തത്വശാസ്ത്രജ്ഞര്‍ നടത്തി. മഅ്മൂന്റെ കാലത്ത് നടന്ന പരിഭാഷാ യജ്ഞത്തിലൂടെ മുസ്‌ലിം ലോകത്തേക്ക് കടന്നുവന്ന ഗ്രീക്ക് തത്വചിന്തയുടെ അറിയപ്പെടുന്ന ആദ്യമുസ്‌ലിം പ്രയോക്താവ് അബൂയൂസുഫ് യഅ്കൂബ് ബ്‌നു ഇസ്ഹാഖ് അല്‍ കിന്ദി (185-263)യായിരുന്നു. കിന്ദിക്ക് ശേഷം ഫാറാബി (260-324) രംഗത്തെത്തി. കിന്ദി പ്രമാണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയെങ്കലും ഫാറാബിയുടെ അടുത്ത് ചിന്തക്കായിരുന്നു പ്രാധാന്യം. ഈ ശൈലിക്ക് ആകര്‍ഷണീയത ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു അശ്അരിയുടെ കാലത്ത്.

ഖവാരിജ് ശിയാ തുടങ്ങിയ വിഭാഗങ്ങളും ശക്തമായി ഉണ്ടായിരുന്നു അക്കാലത്ത്. മറ്റൊരു വിഭാഗം കര്‍മ്മശാസ്ത്ര പണ്ഡിതന്മാരും ഖുര്‍ആന്‍ വ്യഖ്യാതാക്കളും ഹദീസ് പണ്ഡിതന്മാരുമടങ്ങുന്ന അഹ്‌ലുസ്സുന്നയായിരുന്നു. ബിദഇ പ്രസ്ഥാനങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുണ്ടായിരുന്നുവെങ്കിലും ഇല്‍മുല്‍ കലാമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഇവര്‍. വിശ്വാസ കാര്യങ്ങളിലുള്ള ഇഴകീറിയ ചര്‍ച്ചകള്‍ വേണ്ട എന്ന് വാദിച്ചിരുന്നെങ്കിലും ആവശ്യാനുസരണം ചര്‍ച്ചകള്‍ ആവാമെന്ന നിലപാടായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഇമാം ശാഫിഈ (റ) യും ബിശ്‌റുല്‍ മറീസിയും മുഅ്തസിലുകള്‍ക്കെതിരില്‍ നടത്തിയ സംവാദങ്ങളും ഇമാം അബുഹനീഫഃയുടെ 'അല്‍-ഫിഖ്ഹുല്‍ അക്ബറും' എല്ലാം ബിദ്അത്തിനെതിരെ അവര്‍ നടത്തിയ പോരാട്ടങ്ങളുടെ നിദര്‍ശനങ്ങളാണ്. എന്നാല്‍, അതീവ സൂക്ഷ്മതയും ദൈവ ഭക്തിയും കാത്തുസൂക്ഷിച്ചിരുന്ന ഇവര്‍ വിശ്വാസ കാര്യങ്ങളില്‍ ചിന്തക്ക് സ്ഥാനം നല്‍കിയാല്‍ പിഴവ് സംഭവിക്കുമോ എന്ന ഭയത്തില്‍ ഇല്‍മുല്‍ കലാമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

അര്‍ശിന്മേലുള്ള അല്ലാഹുവിന്റെ ഇസ്തിവാഇനെ പറ്റി ചോദിച്ചപ്പോള്‍ 'ഇസ്തിവാഅ് അറിയപ്പെട്ടതാണ്, എന്നാല്‍ അതിന്റെ രൂപം അജ്ഞാതമാണ്. അതിനെപ്പറ്റി ചോദിക്കല്‍ ബിദ്അത്താണ്. അതില്‍ വിശ്വസിക്കല്‍ നിര്‍ബന്ധവും' എന്ന ഇമാം മാലിക്കിന്റെ മറുപടിയും ഇല്‍മുല്‍ കലാമുമായി ബന്ധപ്പെട്ട ആരും വിജയിച്ചിട്ടില്ല '' തെറ്റിപ്പോയാല്‍ നിനക്ക് തെറ്റുപറ്റി എന്നു പറയുന്ന വിജ്ഞാനവുമായി ബന്ധപ്പെടുന്നതാണ് തെറ്റിപ്പോയാല്‍ കാഫിറായി എന്നു പറയുന്ന വിജ്ഞാനവുമായി ബന്ധപ്പെടുന്നതിനേക്കാള്‍ എനിക്കിഷ്ടം' എന്ന ഇമാം ശാഫിഈയുടെ വാക്കുകളും പ്രസ്തുത സൂക്ഷ്മതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. (ശഹ്‌റസ്താനി. അല്‍മിലല്‍ വ ന്നിഹല്‍1:81,ഹസനുശ്ശാഫിഈ അല്‍ മദ്ഖല്‍ 34). അവരുടെ വാക്കുകള്‍ അതിന്റെ സ്ഥാനത്ത് ശരിയായിരുന്നുവെങ്കിലും മാറിയ കാലഘട്ടം അഹ്‌ലുസ്സുന്നയുടെ ഭാഗത്തുനിന്ന് ഒരു ഇല്‍മുല്‍ കലാം ഉണ്ടാകേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നുണ്ടായിരുന്നു. ഇത്തരമൊരു ആവശ്യത്തിനുള്ള മറുപടിയായിരുന്നു ഇമാം അശ്അരി. 

അശ്അരി രീതി ശാസ്ത്രവും അതിന്റെ ശക്തിയും

ഏറെ സങ്കീര്‍ണവും ദുര്‍ഘടവുമായിരുന്നു ഇമാം അശ്അരിയുടെ മുമ്പിലുള്ള ദൗത്യം. ഒരു വശത്ത് ചിന്തക്ക് അമിത പ്രാധ്യാന്യം നല്‍കുന്ന തത്വചിന്തകരും മുഅ്തസിലികളും. മറുഭാഗത്ത് പ്രാമാണങ്ങളുടെ ബാഹ്യാര്‍ഥത്തെ അതേ പടി പിന്തുടരുന്ന തീവ്രഹമ്പലികള്‍. അതിനിടയില്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ മടിച്ചുനില്‍ക്കുന്ന അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്‍മാര്‍. ആദ്യം രണ്ടു വിഭാഗങ്ങള്‍ക്കും മധ്യേയുള്ള യഥാര്‍ത്ഥ ഇസ്‌ലാമിക വിശ്വാസത്തെ പുനരവതരിപ്പിച്ച് അഹ്‌ലുസ്സുന്നത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കനുസൃതമായി ഒരു ദൈവ ശാസ്ത്രസിദ്ധാന്തം വികസിപ്പിച്ചെടുക്കുക. അങ്ങനെ ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത് ഇസ്‌ലാമികമാണെന്ന് സ്ഥാപിക്കുക. ഇതായിരുന്നു ഇമാം അശ്അരിയുടെ ദൗത്യം. നിലവിലുണ്ടായിരുന്ന മുഴുവന്‍ വിഭാഗങ്ങളും ഖുര്‍ആനും ഹദീസും തന്നെയായിരുന്നു ആധാരമാക്കിയതെന്നത് അദ്ദേഹത്തിന്റെ ദൗത്യത്തെ കൂടുതല്‍ ദുര്‍ഘടമാക്കി. 

യഥാര്‍ത്ഥത്തില്‍ കര്‍മ ശാസ്ത്രത്തില്‍ ഇമാം ശാഫിഈ (റ) സാധ്യമാക്കിയ അതേ വിപ്ലവമാണ് ഇമാം അശ്അരി വിശ്വാസ ശാസ്ത്രത്തില്‍ സാധിച്ചെടുത്തത്. ഇമാം ശാഫിഈയുടെ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ഫലം ഇമാം അശ്അരിയാണെന്ന് അലീ സാമീ അന്നശ്ശാര്‍ നിരീക്ഷിക്കുന്നുണ്ട്. (നശ്അത്തുല്‍ ഫിക്‌രില്‍ ഫല്‍സഫി ഫില്‍ ഇസ്‌ലാം). 

സഈദ് റമളാന്‍ അല്‍ ബൂഥി നിരീക്ഷിക്കുന്നതു പോലെ പുതിയ സംവിധാനം കെട്ടിപ്പടുക്കാന്‍ പുതിയ അഭിപ്രായങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ട ആവശ്യം ഇമാം അശ്അരിക്കില്ലായിരുന്നു. കാരണം, അഹ്‌ലുസ്സുന്നയുടെ ആശയങ്ങള്‍ മുന്‍കാല പണ്ഡിതന്മാര്‍ പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. മാത്രവുമല്ല, ഖുര്‍ആനിലും ഹദീസിലും അവ വ്യക്തമായി ഉണ്ടായിരുന്നു താനും. എന്നാല്‍ ബിദഇ ആശയങ്ങളുടെ കുത്തൊഴുക്കില്‍ അവ മറഞ്ഞുകിടക്കുകയായിരുന്നു. അതു കൊണ്ടുതന്നെ ശക്തമായ ഒരു രീതി ശാസ്ത്രം അടിസ്ഥാനപ്പെടുത്തി അന്തരീക്ഷം ശുദ്ധീകരിക്കുകയും മറഞ്ഞുകിടക്കുന്ന ആ ആശയങ്ങളെ പുറത്തുകൊണ്ടുവരികയുമായിരുന്നു മഹാനവര്‍കളുടെ ഉത്തരവാദിത്തം(ബൂഥിയുമായി ഖാലിദ് അല്‍ ജുന്ദി അസ്ഹര്‍ ടിവിയില്‍ നടത്തിയ അഭിമുഖം)

ഇമാം മായര്‍ഖിയെ ഉദ്ധരിച്ചുകൊണ്ട് ഇമാം സുബ്കി(റ)'ത്വബഖാതുല്‍ കുബ്‌റാ'യില്‍ പറയുന്നു: ഇമാം അശ്അരി അഹ്‌ലുസ്സുന്നയുടെ ഭാഗത്തു നിന്നുള്ള ആദ്യത്തെ മുതകല്ലിമായിരുന്നില്ല, അദ്ദേഹം ഒരു അഭിപ്രായവും പുതുതായി ഉണ്ടാക്കിയിട്ടുമില്ല. മറിച്ച് മുന്‍കാല പണ്ഡിതന്മാരുടെ പാത പിന്തുടരുക മാത്രമാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ ആ മദ്ഹബിന് അദ്ദേഹം കൂടുതല്‍ കരുത്തും വ്യക്തതയും നല്‍കി. അതിന് ഊടും പാവും നല്‍കി. ഗ്രന്ഥങ്ങള്‍ രചിച്ചു (മുഹമ്മദ് സ്വാലിഹ് അല്‍ ഗര്‍സി- മന്‍ഹജുല്‍ അശാഇറ ഫില്‍ അഖീദ 34)

അങ്ങനെ ബുദ്ധിക്കും പ്രമാണങ്ങള്‍ക്കുമിടയില്‍ അദ്ദേഹം നിന്നു. രണ്ട് അവലംബങ്ങളെയും വിശ്വാസത്തിലെടുത്ത് തന്റെ ആശയ സംവിധാനം  അദ്ദേഹം കെട്ടിപ്പടുത്തു. അതു പ്രകാരം ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അല്ലാഹുവിന്റെയും പ്രവാചകന്മാരുടെയും ഗുണ വിശേഷണങ്ങള്‍ അദ്ദേഹം സ്ഥിരപ്പെടുത്തി. അന്ത്യനാള്‍, മലക്കുകള്‍, മഹ്ശറിലെ ചോദ്യം, ശിക്ഷയും പ്രതിഫലവും..... തുടങ്ങിയ കാര്യങ്ങളും അംഗീകരിച്ചു. ശേഷം ഖുര്‍ആനിനും തിരുസുന്നത്തിനും എതിരാകാത്ത രീതിയില്‍ ധൈഷണികമായി അവ സ്ഥാപിച്ചു.ഇവിടെ, മുഅ്തസിലികള്‍ ചെയ്തത് പോലെ ബുദ്ധിയെ പ്രമാണങ്ങളുടെ വിധികര്‍ത്താവായി ഇമാം അശ്അരി പരിഗണിച്ചില്ല. മറിച്ച് പ്രമാണങ്ങളുടെ സേവകന്റെ സ്ഥാനമാണ് ബുദ്ധിക്ക് നല്‍കിയത്. അദ്ദേഹത്തിന്റെ രീതി ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും അതു തന്നെയായിരുന്നു, മുഅ്തസിലികളെ പോലെ ബുദ്ധിക്ക് അമിത പ്രാധ്യാന്യം നല്‍കുകയോ, മറു വിഭാഗത്തെപ്പോലെ ബുദ്ധിയെ പാടെ അവഗണിക്കുകയോ ചെയ്തില്ല. ഖുര്‍ആന്‍- ഹദീസ് എന്നീ പ്രമാണങ്ങളെ ബുദ്ധിയുടെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ശറഇന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ബുദ്ധിക്ക് പിന്നില്‍ സഞ്ചരിക്കുകയും ചെയ്ത പ്രതിഭധനനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ബുദ്ധി പ്രമാണങ്ങള്‍ക്കെതിരാകുമ്പോള്‍ പ്രമാണങ്ങള്‍ പറയുന്നത് സ്വീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു. (സ്വാലിഹ് അല്‍ ഗര്‍സി -അഖീദതുല്‍ ഇമാം അശ്അരി 10) 

 ഇമാം അശ്അരിയുടെ ചിന്താശൈലി വിജയകരമായതിന് പിന്നില്‍ മറ്റുചില ഘടകങ്ങള്‍ കൂടിയുണ്ട്. ഇസ്‌ലാമിക വൈജ്ഞാനിക ശാസ്ത്രങ്ങളെല്ലാം അദ്ദേഹത്തില്‍ ഒരുമിച്ചകൂടിയിരുന്നു എന്നതാണത്. മുഅ്തസിലി ആശയം പിന്തുടര്‍ന്നിരുന്ന അദ്ദേഹം ധിഷണയുടെ ഉപയോഗവും അവരുടെ ഇല്‍മുല്‍ കലാമും ശരിക്ക് മനസ്സിലാക്കിയിരുന്നു. ഇസ്‌ലാമിക വിശ്വാസങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന് അവ ഏറെ സഹായകരമായിരുന്നു. കൂടാതെ അഹ്‌ലുസ്സുന്നയിലേക്ക് വന്നതോടുകൂടി, അഹ്‌ലുസ്സുന്നക്ക് വേണ്ടി ഇല്‍മുല്‍ കലാമും ഉപയോഗപ്പെടുത്തിയിരുന്ന അഹബ്ദുല്ലാഹിബ്‌നു കുല്ലാബി (വ:240) ന്റെ സുന്നീ കലാം അദ്ദേഹം സ്വായത്തമാക്കി. കൂടാതെ കര്‍മ്മശാസ്ത്രത്തിലെ തന്റെ ഇമാമായ ഇമാം ശാഫിഇയുടെ ഉസൂലൂല്‍ ഫിഖ്ഹും അദ്ദേഹത്തില്‍ സമ്മേളിച്ചിരുന്നു. ഹദീസ് നിദാന ശാസ്ത്രവും അതുവഴി അദ്ദേഹത്തിന് ലഭിച്ചിരുന്നു എന്ന് വേണം പറയാന്‍. അതിന് പുറമെ, ഇമാം ശാഫിഇയുടെ ശിഷ്യനും അഹ്‌ലുസ്സുന്നയുടെ നായകനും തന്റെ ഇമാമെന്ന് പലവുരു ഇമാം അശ്അരി ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതുമായ ഇമാം അഹ്മദ് (റ)ന്റെ ഹദീസ് ശൈലിയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതെല്ലാം ചേര്‍ന്നതാണ് ഇമാം അശ്അരിയിലെ പ്രതിഭാധനനായ പണ്ഡിതനെ വളര്‍ത്തിയെടുത്തത്. ഉസൂലുല്‍ ഫിഖ്ഹും ഹദീസും അവയുടെ അന്തസത്തയോടെ മനസ്സിലാക്കുക വഴി ഇല്‍മുല്‍ കലാമിനെ അവയുമായി സമന്വയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈയൊരു നേട്ടമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയമായി പണ്ഡിതന്മാര്‍ കണക്കാക്കുന്നത്. 

അതുവഴി ഖുലഫാഇന്റെയും ഹദീസ് പണ്ഡിതന്മാരുടെയും വിശ്വാസം ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കര്‍മ്മശാസ്ത്രത്തിലെ നാല് മദ്ഹബുകളും അഹ്‌ലുസ്സന്നയുടെ വിശ്വസധാരയായി അദ്ദേഹത്തിന്റെയും ഇമാം മാതുരീദിയുടെയും ധാരകളെ അംഗീകരിച്ചു. മുസ്‌ലിം ലോകത്ത് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട മദ്ഹബുകളില്‍ ഒന്നായി അശ്അരീ മദ്ഹബ് മാറി. ഫിഖ്ഹും ഹദീസും തസവ്വുഫും സമന്വയിപ്പിച്ച ധാരാളം പണ്ഡിതന്മാര്‍ ഇമാം അശ്അരിയുടെ പാത പിന്തുടര്‍ന്നു. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന പലപണ്ഡിതന്മാരും പില്‍കാലത്ത് മുജദ്ദിദുമാരായി അറിയപ്പെട്ടു. ഇമാം ബാഖില്ലാനി, ഇമാം ഗസ്സാലി, അബൂഇസ്ഹാഖ് അശ്ശീറാസി, ഇമാം ബൈഹഖി, അബുല്‍ ഖാസിം അല്‍ ഖുശൈരി, ഇമാം റാസി തുടങ്ങിയ ഒട്ടനവധി പണ്ഡിതന്മാര്‍ അശ്അരീ മദ്ഹബ് അംഗീരിച്ചവരാണ്. ഹമ്പലികളുടെ അക്രമണത്താല്‍ അനിസ്‌ലാമികമാണെന്ന് മുദ്രകുത്തപ്പെട്ടിരുന്ന തസവ്വുഫിന് ഇസ്‌ലാമിനുള്ളില്‍ നിന്ന് തന്നെ പുനരുജ്ജീവനം നല്‍കുന്നതില്‍ അശ്അരീ പണ്ഡിതന്മാര്‍ വഹിച്ച പങ്കും നിസ്തുലമാണ്. 

ശക്തമായ എതിര്‍പ്പുകളും ഖണ്ഡന മണ്ഡനങ്ങളും പരസ്പര കുഫ്‌റാരോപണങ്ങളും നിലനിന്നിരുന്ന ഇസ്‌ലാമിക ചിന്താ ലോകത്തെ  പരസ്പര ധാരണകളുടെയും മധ്യ നിലപാടിന്റെയും ഉദാത്തമായ ഒരു ശൈലി പഠിപ്പിച്ചു എന്നതാണ്. ഇമാം അശ്അരിയുടെ ഏറ്റവും വലിയ നേട്ടം. ഉദാഹരണത്തിന് മേല്‍ പ്രസ്താവിച്ച വന്‍പാപിയുടെ വിഷയമെടുക്കാം. വന്‍ദോഷി തൗബഃ ചെയ്യുന്നതോടെ അവന് പാപ മോചനം ലഭിക്കുന്നുവെന്ന മധ്യ നിലപാടാണ് ഇമാം അശ്അരി സ്വീകരിച്ചത്.

മാനവ ചെയ്തികളുടെ ഉത്തരവാദി ആരെന്ന ചോദ്യത്തിന് അല്ലാഹു എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെങ്കിലും 'കസ്ബി'നുള്ള അധികാരം മനുഷ്യനുണ്ടെന്ന് സ്ഥാപിക്കുക വഴി നൂറ്റാണ്ടുകള്‍ നിലനിന്ന തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് അന്ത്യമായി. മനുഷ്യന്‍ ഒരു പ്രവര്‍ത്തി ചെയ്യാനുദ്ദേഷിക്കുമ്പോള്‍ അല്ലാഹു അവനില്‍ അതിനുള്ള ശേഷി സൃഷ്ടിക്കുന്നു എന്നാണ് അദ്ദേഹം സമര്‍ഥിച്ചത്.

ഗ്രീക്ക് തത്വചിന്തയുടെ സ്വാധീനത്തില്‍ (അരിസ്റ്റോട്ടിലിന്റെ 'ഒരിക്കലും ചലിക്കാത്ത ചാലക ശക്തി' എന്ന തത്വവും പ്ലോട്ടിനസിന്റെ ഇമാനേഷന്‍ തിയറിയും സമര്‍ഥിച്ചത് സൃഷ്ടിക്കുക എന്ന വിശേഷണം ദൈവത്തിന് നല്‍കുക വഴി അവനില്‍ 'പുതുതാവല്‍' വന്നു ചേരുന്നു എന്നാണ്) അല്ലാഹുവിന് പ്രത്യേക വിശേഷണങ്ങളില്ലെന്ന് വാദിച്ച മുഅ#്തസിലുകളോട് ഇമാം പറഞ്ഞു; ''അല്ലാഹുവിന്റെ വിശേഷണങ്ങള്‍ 'അവനുമല്ല അവനല്ലാത്തതുമല്ല' എന്ന്. ഇതോടെ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ സംബന്ധിയായി അന്നുണ്ടായിരുന്ന പുകമറകള്‍ നീക്കം ചെയ്യപ്പെട്ടു.

ഖിബ്‌ലയിലേക്ക് തിരിയുന്ന ഒരാളെ കുറിച്ചും നാം കാഫിര്‍ എന്ന് പറയില്ല എന്ന് പ്രഖ്യാപിച്ചതോടെ പരസ്പര കുഫ്‌റാരോപണങ്ങള്‍ക്ക് അറുതിയായി. 

കാലാന്തരത്തില്‍ വന്ന പലരും അദ്ദേഹത്തിനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനമാണ് അവസാന കാലത്ത് അദ്ദേഹം ഇല്‍മുല്‍ കലാം കൈവെടിഞ്ഞിരുന്നുവെന്നത്. അദ്ദേഹത്തെ കുറിച്ച് മാത്രമല്ല, പില്‍കാലത്ത് വന്ന അനേകം അശ്അരീ പണ്ഢിതന്മാര്‍ക്കെതിരെയും സമാനമായ ആരോപണങ്ങളുണ്ടായിട്ടുണ്ട്. നവ സോകോള്‍ഡ് സലഫികളും ചില ഓറിയന്റലിസ്റ്റുകളുമാണ് ഈ ആരോപണങ്ങള്‍ക്ക് കുടപിടിക്കുന്നത്.

ഇമാം അശ്അരിയുടെ ജീവിതം മൂന്ന് ഘട്ടങ്ങളാണെന്നാണ് സലഫികളുടെ വാദം. ആദ്യം മുഅ്തസിലിയായിരുന്ന ഇമാം പിന്നീട് അഖ്‌ലിനും നഖ്‌ലിനും പ്രാധാന്യം നല്‍കുന്ന കുല്ലാബിയ്യഃയിലേക്കും അവസാനകാലത്ത് ഇമാം അഹ്മദ് (റ) ന്റെ പാത പിന്തുടര്‍ന്ന് അഹ്‌ലു ഹദീസിലേക്കും മാറിയെന്നാണ് സലഫീ പക്ഷം.

തശ്ബീഹിന്റെ ആയത്ത് വിശദീകരിക്കുന്ന സമയത്ത് 'ലുമഅില്‍' തഅ്‌വീല്‍ (ഇസ്‌ലാമിക നിയമങ്ങള്‍ക്കും അറബീ ഭാഷാ വ്യാകരണ ശാസ്ത്രത്തിനും എതിരല്ലാത്ത രീതിയില്‍ വിശദീകരിക്കുക) ചെയ്ത ഇമാം ഇബാനഃയിലെത്തുമ്പോള്‍ 'തവഖുഫി'(വിശദീകരണം ഒഴിവാക്കുക) ലേക്ക് മാറി എന്നാണ് സലഫികള്‍ ഈ വാദത്തിന് തെളിവായി ഉദ്ധരിക്കാറ്. എന്നാല്‍ അശ്അരീ ചിന്താ സരണിക്ക് ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് മനസ്സിലാക്കാത്തതിനാലാണ് ഈ വാദം ഉണ്ടാവുന്നതെന്ന് പറയാം. രണ്ട് രീതിയിലാണ് അശ്അരീ പണ്ഡിതര്‍ ഇത്തരം സൂക്തങ്ങളെ സമീപിച്ചിട്ടുള്ളത്. ഒന്ന്, ഈ വിഷയത്തില്‍ അഭിപ്രായം പറയാതിരിക്കുക. രണ്ട്, തഅ്‌വീല്‍ ചെയ്യുക. ഇമാം അശ്അരിയുടെ രണ്ട് കിതാബുകളിലുള്ള രണ്ട് നിലപാടുകളും സ്വീകാര്യമാണെന്നതാണ് വസ്തുത.

യഥാര്‍ത്ഥത്തില്‍, തത്വശാസ്ത്രത്തിന്റെ മുഴുവന്‍ മേഘലകളും ചര്‍ച്ച ചെയ്ത ഇമാം അശ്അരി ഇസ്‌ലാമിക ലോകത്തെ വലിയ തത്വശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. അരിസ്റ്റോട്ടിലിയന്‍ ഫിലോസഫിയില്‍ മാത്രം ഇസ്‌ലാമിക് ഫിലോസഫിയെ തളച്ചിടുന്നത് ഇസ്‌ലാമിന്റെ ധൈഷണിക പാരമ്പര്യത്തോട് ചെയ്യുന്ന ക്രൂരതയാണെന്ന് അലീ സാമീ അന്നശ്ശാര്‍ നിരീക്ഷിക്കുന്നുണ്ട്. വാസ്തവത്തില്‍ കിന്ദിയും ഫാറാബിയും അവതരിപ്പിച്ച അരിസ്റ്റോട്ടിലിയന്‍ തത്വശാസ്ത്രം, ഫിഖ്ഹ് ഉസ്വൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം, ഇബ്‌നു ഖല്‍ദൂനിനെ പോലുള്ളവര്‍ മുന്നോട്ട് വെച്ച സാമൂഹൃശാസ്ത്രം, തസവ്വുഫ്, അറബീ വ്യാകരണ ശാസ്ത്രം തുടങ്ങിയവയുടെ സമ്മിശ്രമാണ് ഇസ്‌ലാമിന്റെ ധൈഷണിക പാരമ്പര്യം. ഇത്തരം ചിന്തകളിലേക്കും പഠനങ്ങളിലേക്കും നമ്മുടെ ശ്രദ്ധ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

റഫറന്‍സ്

1. ഇബ്‌നു അസാകിര്‍: തബ്‌യീനു കദിബില്‍ മുഫ്തരി ഫീമാ നുസിബ ഇലല്‍ ഇമാം അബില്‍ ഹസനില്‍ അശ്അരി

2. ഖഹ്ത്വാന്‍ അബ്ദുറഹ്മാന്‍ അദ്ദൂരി: അല്‍ അഖീദ അല്‍ ഇസ്‌ലാമിയ്യ വമദാഹിബുഹാ

3. ഹസന്‍ അശ്ശാഫിഅ: അല്‍ മദ്ഖല്‍ ഇലാ ദിറാസത്തി ഇല്‍മില്‍ കലാം

4. ഇമാം അശ്അരീ കോണ്‍ഫറന്‍സ് (അല്‍ അസ്ഹര്‍): അല്‍ ഇമാം അബുല്‍ ഹസന്‍ അല്‍ അശ്അരി ബൈനല്‍ ഹനാബിലത്തി വല്‍ മുഅ്തസില

5. മുഹമ്മദ് ത്വാഹിര്‍ അല്‍ മീസാവി: ജുഹൂദുല്‍ ഇമാം അല്‍ അശ്അരി ഫീ തന്‍സീസില്‍ ഹിവാര്‍ മഅല്‍ ആഖര്‍ വ തഅ്‌സ്വീലു മനാഹിജിന്നഖ്ദി വത്തഖ്‌വീം

6. മുഹമ്മദ് സ്വാലിഹ് അല്‍ ഗര്‍സി: അഖീദത്തുല്‍ ഇമാം അല്‍ അശ്അരി- അയ്‌ന ഹിയ മിന്‍ അഖീദത്തിസ്സലഫ്

7. മുഹമ്മദ് സ്വാലിഹ് അല്‍ ഗര്‍സി: മന്‍ഹജുല്‍ അശാഇറ ഫില്‍ അഖീദ ബൈനല്‍ ഹഖീഖതി വല്‍ ഔഹാം

8. ജലാല്‍ മുഹമ്മദ്മൂസാ: നശ്അത്തുല്‍ അശ്അരിയ്യത്തി വതത്വവ്വുറാത്തുഹാ

9. മുഹമ്മദ് ത്വാഹിര്‍ ഇമാറ: തയ്യാറാത്തുല്‍ ഫിക്‌രിയ്യത്തില്‍ ഇസ്‌ലാമിയ്യ.

(ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേഴ്‌സിറ്റിയിലെ അഖീദ ആന്‍ഡ് ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ഏകദിന വര്‍ക്ക് ഷോപ്പിലെ  വിഷയാവതരണത്തില്‍ നിന്ന്,

കേട്ടെഴുത്ത്: ഷഹിന്‍ഷാ ഹുദവി ഏമങ്ങാട്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter