വഹാബിസം: സിദ്ധാന്തങ്ങള്‍
തൗഹീദ്-ശിര്‍ക്ക്, സുന്നത്ത്-ബിദ്അത്ത് എന്നിവയെ ചുറ്റിപ്പറ്റിയാണ് വഹാബിസത്തിന്റെ സിദ്ധാന്തങ്ങളും നിലപാടുകളും ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാന ആശയമായ തൗഹീദിനെ വഹാബികള്‍ മൂന്നായി വിഭജിച്ചു. 1. തൗഹീദ് റുബൂബിയ്യ (അല്ലാഹു എല്ലാത്തിന്റെയും സ്രഷ്ടാവും നിയന്താവുമാണെന്ന കേവല വിശ്വാസമാണത്രെ ഇത്). 2. തൗഹീദ് ഉലൂഹിയ്യ (ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന വിശ്വാസം) 3. തൗഹീദ് അസ്മാഅ് വസ്വിഫാത്ത് (ഖുര്‍ആനില്‍ വന്ന ദൈവ നാമങ്ങളും ഗുണവിശേഷണങ്ങളും അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കണമെന്ന വാദം).
ഇസ്‌ലാമിന്റെ അടിസ്ഥാനാശയമായ തൗഹീദ് വിശദീകരിക്കാനാണ് ആദം(അ) മുതല്‍ മുഹമ്മദ്(സ) വരെയുള്ള പ്രവാചകന്മാരെല്ലാം നിയുക്തരായത്. അതിനു ശേഷം പത്തു നൂറ്റാണ്ടിലധികം മുസ്‌ലിം പണ്ഡിത നേതൃത്വം തൗഹീദിന്റെ വ്യാഖ്യാനങ്ങള്‍ സമൂഹത്തിനു പഠിപ്പിച്ചു. പക്ഷേ, അവരാരും ഇങ്ങനെയൊരു വിഭജനം നടത്തുകയോ മൂന്നു കഷ്ണങ്ങള്‍ മാത്രം ഉയര്‍ത്തിക്കാണിക്കുകയോ ചെയ്തിരുന്നില്ല. ലോക മുസ്‌ലിംകളെ മതഭ്രഷ്ടരും ബഹുദൈവ വിശ്വാസികളുമാക്കി ചിത്രീകരിക്കുകയായിരുന്നു ഈ തൗഹീദ് വിഭജനത്തിന്റെ ഗൂഢ ലക്ഷ്യം. ഇസ്‌ലാമിന്റെ ആഗമനകാലത്ത് മക്കയിലുണ്ടായിരുന്ന വിഗ്രഹാരാധകരായ ബഹുദൈവ വിശ്വാസികളെല്ലാം തൗഹീദ് റുബൂബിയ്യ അംഗീകരിച്ചവരും സ്രഷ്ടാവും രക്ഷിതാവും നിയന്താവുമെല്ലാം അല്ലാഹുവാണെന്നു വിശ്വസിച്ചവരുമായിരുന്നു എന്ന് വഹാബികള്‍ പ്രചരിപ്പിച്ചു. മണ്‍മറഞ്ഞ മഹാത്മാക്കളോട് സഹായമര്‍ത്ഥിച്ചതായിരുന്നത്രെ അവര്‍ മുശ്‌രിക്കുകളായി മാറിയതിന്റെ മുഖ്യ കാരണം. മക്കയിലെ ബഹുദൈവ വിശ്വാസി (മുശ്‌രിക്ക്)കള്‍ക്കു പോലും അല്ലാഹുവില്‍ വിശ്വാസമുണ്ടായിരുന്നു എന്ന സമര്‍ത്ഥനത്തിലൂടെ പുണ്യപുരുഷന്മാരെ ഇടയാളന്മാരാക്കി സഹായമര്‍ത്ഥിക്കുന്ന മുസ്‌ലിം പൊതുസമൂഹത്തെ ബഹുദൈവ വിശ്വാസികളാക്കി ചിത്രീകരിക്കുകയായിരുന്നു വഹാബികള്‍.
അല്ലാഹു അല്ലാത്തവരെ വിളിക്കുന്നതും അവരോട് കാര്യങ്ങളര്‍ത്ഥിക്കുന്നതും അപേക്ഷിക്കുന്നതും അവരോടുള്ള പ്രാര്‍ത്ഥനയാണെന്നും പ്രാര്‍ത്ഥന ആരാധനയാണെന്നും ആരാധന അല്ലാഹു അല്ലാത്തവര്‍ക്കു ചെയ്യുന്നത് ശിര്‍ക്ക് ആണെന്നുമായിരുന്നു വഹാബീ സമര്‍ത്ഥനത്തിന്റെ കാതല്‍. ഇതനുസരിച്ച് ‘നബിയേ രക്ഷിക്കണേ…’എന്നോ ‘മുഹ്‌യദ്ദീന്‍ ശൈഖേ കാക്കണേ…’ എന്നോ ഒരു മുസ്‌ലിം പറഞ്ഞാല്‍ അതോടെ അയാള്‍ ബഹുദൈവ വിശ്വാസി (മുശ്‌രിക്ക്)യായി മാറും. പ്രാര്‍ത്ഥന, ആരാധന എന്നിവയുടെ അര്‍ത്ഥവും നിര്‍വചനവും ഇതിനായി വഹാബികള്‍ മാറ്റിമറിച്ചു. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഒരു വ്യക്തിക്കോ ശക്തിക്കോ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തോടെ നടത്തുന്ന അപേക്ഷകളും അര്‍ത്ഥനകളുമാണ് ആരാധനയെന്നു നിര്‍വചിച്ചു. ആരാധനയെ ഇവ്വിധം നിര്‍വചിച്ചതിന്റെ മാനദണ്ഡങ്ങളോ പ്രാമാണിക രേഖകളോ അവര്‍ വ്യക്തമാക്കിയതുമില്ല. തൗഹീദും ശിര്‍ക്കും വേര്‍തിരിക്കാന്‍ അവര്‍ കണ്ടെത്തിയ ഏക അളവുകോല്‍ സ്വന്തം യുക്തി മാത്രമായിരുന്നു.
സത്തയിലോ സവിശേഷതയിലോ പ്രവര്‍ത്തനങ്ങളിലോ അല്ലാഹുവിനു പങ്കാളികളുണ്ടെന്ന വിശ്വാസമാണ് വാസ്തവത്തില്‍ ശിര്‍ക്ക്. അതിന്റെ വിപരീതമാണ് തൗഹീദ്. അഥവാ ഏകദൈവ വിശ്വാസം. വിശ്വാസത്തെ ബാധിക്കുന്ന ഈ വിഷയത്തെ പ്രകടനങ്ങളിലും പ്രവര്‍ത്തനങ്ങളിലും മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു വഹാബിസം. ‘ശിര്‍ക്ക് ചെയ്യുന്ന മുസ്‌ലിം’ എന്ന പ്രയോഗത്തിലെ വൈരുദ്ധ്യവും വൈരൂപ്യവും അവര്‍ കാണാതെ പോയി. അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ത്ഥനക്കു കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ മഹാത്മാക്കളുടെ പേര് പരാമര്‍ശിക്കുക, ദുആയില്‍ ‘ബിഹുര്‍മത്തി’ എന്നോ ‘ബിജാഹി’ എന്നോ ഉള്ള പദപ്രയോഗങ്ങള്‍ നടത്തുക, വിഷമ ഘട്ടങ്ങളില്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ വിളിക്കുക, അവരോട് പരാതി പറയുക, അവരുടെ മഖ്ബറകളും മസാറുകളും സന്ദര്‍ശിച്ചു അനുഗ്രഹം തേടുക, അവ പരിപാലിക്കുക, നേര്‍ച്ച നേരുകയും ചെയ്യുക… തുടങ്ങിയ പ്രവര്‍ത്തനങ്ങളെയാണ് ബഹുദൈവ വിശ്വാസത്തി(ശിര്‍ക്ക്)ന്റെ കരിമ്പട്ടികയിലെണ്ണിയത്. അമ്പിയാക്കള്‍, ഔലിയാക്കള്‍, ശുഹദാക്കള്‍, സ്വാലിഹുകള്‍ തുടങ്ങിയ മഹാത്മാക്കളെ ആദരിക്കുകയും സ്‌നേഹിക്കുകയും അവരുടെ സഹായവും ശുപാര്‍ശയും പ്രതീക്ഷിക്കുകയും ചെയ്തതിന്റെ പേരിലാണ് ലോക മുസ്‌ലിംകളെ മുഴുവന്‍ ഇവര്‍ മതഭ്രഷ്ടരാക്കി ചിത്രീകരിച്ചത്.
‘ശിര്‍ക്ക്’ എന്നാരോപിക്കപ്പെട്ട ഇത്തരം കാര്യങ്ങളെല്ലാം പെട്ടെന്നൊരു സുപ്രഭാതത്തില്‍ മുസ്‌ലിം സമൂഹത്തില്‍ ആരംഭിച്ചതല്ല. നൂറ്റാണ്ടുകളുടെ മഹിത പാരമ്പര്യവും പണ്ഡിത ലോകത്തിന്റെ പൊതു സമ്മതവും അതിനുണ്ട്. ചരിത്ര ഗ്രന്ഥങ്ങളും രേഖകളും അതിനു സാക്ഷി. വിശ്വാസ കാര്യങ്ങളെയും അനുഷ്ഠാന കര്‍മ്മങ്ങളെയും മുടിനാരിഴകീറി ചര്‍ച്ച ചെയ്യുന്ന മദ്ഹബീ രചനകള്‍ അതു ശരിവെക്കുന്നു. സ്ഖലിതരഹിതമായ നിരവധി ഹദീസുകളിലെ വളച്ചുകെട്ടില്ലാത്ത പരാമര്‍ശങ്ങളും ഖുര്‍ആന്‍ വചനങ്ങളുടെ സൂചനകളുമെല്ലാം മുസ്‌ലിം പൊതുസമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയാണ് വാസ്തവത്തില്‍.
യുദ്ധക്കളത്തില്‍ വെച്ച് ‘വരാനിരിക്കുന്ന പ്രവാചകന്റെ ഹഖുകൊണ്ട് ഞങ്ങളെ സഹായിക്കണമേ’ എന്നു പ്രാര്‍ത്ഥിക്കുന്ന ഇസ്രയേല്യരുടെ കഥ പറയുന്നത് വിശുദ്ധ ഖുര്‍ആനാണ്. (അല്‍ ബഖറ: 89) ‘നിന്റെ നബിയുടെയും മുമ്പു കഴിഞ്ഞുപോയ മറ്റു അമ്പിയാക്കളുടെയും ഹഖുകൊണ്ട് എന്റെ ഉമ്മ ഫാത്വിമ ബിന്‍ത് അസദിനു നീ പൊറുത്തു കൊടുക്കണേ’ എന്നു പ്രാര്‍ത്ഥിച്ചത് മുഹമ്മദ് നബി(സ)യാണ്. (ത്വബ്‌റാനി, ഹാകിം, ഇബ്‌നു ഹിബ്ബാന്‍, ഇബ്‌നു അബീശൈബ, അബൂനുഐം). കാഴ്ച തിരിച്ചു കിട്ടാന്‍ സഹായാര്‍ത്ഥന നടത്തിയ അന്ധന് തവസുലിന്റെയും ഇസ്തിഗാസയുടെയും പ്രാര്‍ത്ഥനാവചനങ്ങള്‍ പഠിപ്പിച്ചുകൊടുത്തതും (തുര്‍മുദി, നസാഇ, ബൈഹഖി, ത്വബ്‌റാനി, ഇബ്‌നുമാജ) സ്വര്‍ഗ്ഗം ഉള്‍പ്പെടെ എന്തും തന്നോട് ചോദിക്കാമെന്ന് റബീഅ(റ)യോട് പറഞ്ഞതും (മുസ്‌ലിം) ഇതേ നബിയാണ്. നബി(സ)യെയും നബികുടുംബത്തെയും മധ്യവര്‍ത്തി (തവസ്സുല്‍)യാക്കി മഴക്കു വേണ്ടി പ്രാര്‍ത്ഥിച്ചത് ഉമറുല്‍ ഫാറൂഖ്(റ) ആണ് (ബുഖാരി). അദ്ദേഹത്തിന്റെ പുത്രന്‍ ഇബ്‌നു ഉമര്‍(റ) സ്വന്തം കാലിലെ തരിപ്പ് മാറാന്‍ വേണ്ടി ‘യാ മുഹമ്മദാഹ്…’ എന്നു വിളിച്ചു ഇസ്തിഗാസ നടത്തിയ സ്വഹാബിയാണ്. (ബുഖാരിയുടെ അദബുല്‍ മുഫ്‌റദ്). റൗളാ ശരീഫിലെത്തി ‘പ്രവാചകാ, അങ്ങയുടെ പ്രീതി പ്രതീക്ഷിച്ചുകൊണ്ട് ഞാനിതാ വന്നിരിക്കുന്നു’ എന്നു തുടങ്ങുന്ന കവിത ആലപിച്ചു സഹായാര്‍ത്ഥന നടത്തുന്ന ഇമാം അബൂഹനീഫ(റ)യെയാണ് അടുത്ത തലമുറയില്‍ നാം കാണുന്നത് (ഖസ്വീദത്തുന്നുഅ്മാനി). വിഷമ ഘട്ടങ്ങളില്‍ ഈ അബൂഹനീഫയുടെ മഖ്ബറയില്‍ ചെന്നു തവസ്സുലാക്കി പ്രാര്‍ത്ഥിക്കുന്ന ഇമാം ശാഫിഈ(റ)യെയാണ് പിന്നെ കാണുന്നത് (താരീഖുബഗ്ദാദ്). നബി(സ)യെ തവസ്സുലാക്കി ദുആ ചെയ്യല്‍ മദീനാ സന്ദര്‍ശന വേളയില്‍ പാലിക്കേണ്ട മര്യാദയാണെന്നു പഠിപ്പിക്കുന്ന ഇമാം ഗസ്സാലി(റ)യും (ഇഹ്‌യ) ഇമാം നവവി(റ)യുമാണ് (ഈളാഹ്) ശേഷം വരുന്നത്. അവസാനം തവസ്സുല്‍, ഇസ്തിഗാസ വിഷയത്തില്‍ സംശയം സൃഷ്ടിക്കാന്‍ ഇബ്‌നു തീമിയ്യ ഒരുമ്പെട്ടപ്പോള്‍ അവ പുണ്യകര്‍മ്മമാണെന്നു സ്ഥാപിക്കുന്ന ഇമാം സുബ്കി(റ)യും (ശിഫാഉസ്സഖാം) രംഗത്തു വരുന്നു.
വഹാബികള്‍ ശിര്‍ക്കിന്റെ കരിമ്പട്ടികയിലെണ്ണിയ കാര്യത്തോട് വിവിധ നൂറ്റാണ്ടുകളിലെ ജനനായകന്മാര്‍ സ്വീകരിച്ച സമീപനമാണ് ഇവിടെ വ്യക്തമാകുന്നത്. തവസ്സുലും ഇസ്തിഗാസയും കൊടിയ ശിര്‍ക്കാണെന്നു വന്നാല്‍ പ്രവാചകനോളം വരുന്ന ഇസ്‌ലാമിക സമൂഹം മൊത്തത്തിലാണ് പ്രതിക്കൂട്ടില്‍ വരുന്നത്. അവരെല്ലാം കടുത്ത മുശ്‌രിക്കുകളാണെങ്കില്‍ പിന്നെയാരാണ് ഉമ്മത്തിന്റെ വഴികാട്ടികളും മാതൃകാ പുരുഷന്മാരും? വഹാബികള്‍ ശിര്‍ക്കിന്റെ ഗണത്തില്‍ പെടുത്തിയ മറ്റൊരു വിഷയമാണ് തബര്‍റുക്ക്. അഥവാ മഹാത്മാക്കളുമായി ബന്ധപ്പെട്ട വസ്തുക്കളും സ്ഥലങ്ങളുമെല്ലാം അനുഗൃഹീതമാണെന്ന നിലപാട്. അതുകൂടി ഇവിടെ ചേര്‍ത്തു വെക്കുകയാണെങ്കില്‍ ശിര്‍ക്കിന്റെ വക്താക്കളും വിതരണക്കാരും മാത്രമേ മുസ്‌ലിം ലോകത്തുണ്ടായിട്ടുള്ളൂ എന്ന് തുറന്നു പറയേണ്ടിവരും. ‘ബറക്കത്ത്’ അംഗീകരിക്കാത്ത ഒരു തലമുറയെ ഇസ്‌ലാമിക ചരിത്രം അരിച്ചു പെറുക്കിയാല്‍ പോലും കണ്ടെത്തുക സാധ്യമല്ല. അവരെല്ലാം ബഹുദൈവ വിശ്വാസികളായിരുന്നുവെങ്കില്‍ യഥാര്‍ത്ഥ മുസ്‌ലിംകള്‍ ആരായിരുന്നുവെന്ന ചോദ്യമുയരുന്നു. വഹാബിസത്തെ വട്ടംകറക്കുന്നതും ഇത്തരം ചോദ്യങ്ങള്‍ തന്നെയാണ്.
തബര്‍റുക്ക്, തവസ്സുല്‍, ഇസ്തിഗാസ തുടങ്ങിയവ ശിര്‍ക്കാണെന്നും അതു ചെയ്യുന്നവര്‍ മുശ്‌രിക്കുകളാണെന്നും വാദിച്ചതാണ് വഹാബിസത്തിനു പറ്റിയ ഭീമാബദ്ധം. അവ തെറ്റാണെന്നോ അനാചാരമാണെന്നോ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നോ മാത്രം വാദിച്ചിരുന്നെങ്കില്‍ ന്യായീകരണത്തിന്റെ പഴുതുകളുപയോഗിച്ച് രക്ഷപ്പെടാമായിരുന്നു. എന്നാല്‍ ഒരു ജനതയെ മുഴുവന്‍ മതഭ്രഷ്ടരാക്കി അവതരിപ്പിക്കുന്നയിടത്താണ് അത് ആനന്ദം കണ്ടത്. ശിര്‍ക്കാരോപണത്തിന്റെ ഉപജ്ഞാതാവായ ഇബ്‌നു തീമിയ്യ പുലര്‍ത്തിയ സൂക്ഷ്മത പോലും വഹാബികള്‍ അംഗീകരിച്ചില്ല. മഹാത്മാക്കളോട് നേരിട്ടു നടത്തുന്ന സഹായാര്‍ത്ഥന (ഇസ്തിഗാസ)യെ വിമര്‍ശിച്ച ഇബ്‌നു തീമിയ്യ അവരെ മധ്യവര്‍ത്തികളാക്കി നടത്തുന്ന പ്രാര്‍ത്ഥന (തവസ്സുല്‍)യോട് അല്‍പം മിതമായ നിലപാടാണ് സ്വീകരിച്ചത്. നബി(സ)യെ തവസ്സുലാക്കി പ്രാര്‍ത്ഥിക്കുന്നത് അനുവദനീയമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. എന്നാല്‍ വഹാബികളാകട്ടെ നബി(സ)യെ ഇടയാളനാക്കി പ്രാര്‍ത്ഥിക്കുന്നതുപോലും ശിര്‍ക്കിന്റെ മുന്‍നിരയില്‍ പെടുത്തി.
മുസ്‌ലിം സമൂഹം മുഴുവന്‍ മതഭ്രഷ്ടരാണെന്ന വിചാരമാണ് അറേബ്യയിലുടനീളം അക്രമങ്ങളഴിച്ചുവിടാന്‍ വഹാബികളെ പ്രേരിപ്പിച്ചത്. എതിരാളികളായ ‘മുശ്‌രിക്കു’കളോട് പോരാടുന്നതും അവരുടെ ചോര ചിന്തുന്നതും നിര്‍ബന്ധമാണെന്ന് വിശ്വസിച്ചു. അവരെ അറുകൊല ചെയ്യാനും അടിച്ചമര്‍ത്താനും മതം അംഗീകാരം നില്‍കിയിട്ടുണ്ടെന്നു കരുതി ലക്ഷക്കണക്കിനു മുസ്‌ലിംകളെ തന്നെ കൂട്ടക്കശാപ്പു നടത്തി. അവരുടെ സ്വത്ത് കൊള്ള ചെയ്യുകയും ‘ഗനീമത്ത്’ എന്ന പേരില്‍ വീതംവെക്കുകയും ചെയ്തു. ബഹുദൈവ വിശ്വാസികളെ കുറിച്ച് ഖുര്‍ആന്‍ നടത്തിയ പരാമര്‍ശങ്ങളെല്ലാം മുസ്‌ലിംകളുടെ മേല്‍ കെട്ടിവെക്കാനും അതനുസരിച്ച് അവരോട് പെരുമാറാനും വഹാബികളെ പ്രേരിപ്പിച്ചത് ഈ ‘ശിര്‍ക്ക്’ ആയിരുന്നു.
ശുദ്ധമായ ഏകദൈവ വിശ്വാസത്തിലേക്കു ക്ഷണിക്കുന്നു എന്നവകാശപ്പെട്ടപ്പോഴും അല്ലാഹുവിനെ കുറിച്ച് വികലവും വികൃതവുമായ വിശ്വാസമാണ് വഹാബികള്‍ വെച്ചുപുലര്‍ത്തിയത്. അല്ലാഹുവിന് കൈ, കാല്, ഇരുത്തം, നടത്തം, കയറ്റം, ഇറക്കം തുടങ്ങിയ വിശേഷണങ്ങളെല്ലാം നല്‍കി പുതിയൊരു ദൈവസങ്കല്‍പം അവര്‍ സൃഷ്ടിച്ചു. ഇബ്‌നു തീമിയ്യ പറഞ്ഞുവെച്ച ഒരു അബദ്ധത്തെ നിരവധി അബദ്ധങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ട് ന്യായീകരിക്കുകയായിരുന്നു അവര്‍.
‘ബിദ്അത്തി’നെ കുറിച്ചുള്ള വിചിത്ര സങ്കല്‍പമാണ് വഹാബിസത്തിന്റെ മറ്റൊരു സൈദ്ധാന്തിക സവിശേഷത. പ്രാമാണിക പിന്തുണയുള്ള ചര്യകളും നടപടിക്രമങ്ങളുമാണ് സുന്നത്ത്. അതിന്റെ വിപരീതമാണ് ബിദ്അത്ത് (പുതിയത്). ഇസ്‌ലാമികാദര്‍ശത്തോട് എതിരല്ലാത്ത എല്ലാ പുതിയതിനെയും സ്വീകരിക്കാമെന്നും സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിക്കു വേണ്ടി അവ ഉപയോഗപ്പെടുത്താമെന്നുമാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നതും പ്രമാണങ്ങള്‍ പറയുന്നതും. എന്നാല്‍ വഹാബിസം ഇതംഗീകരിക്കുന്നില്ല. പ്രവാചകന്‍ അനുഷ്ഠിച്ചതായി ഹദീസില്‍ കണ്ടെത്താനാകാത്തവ മുഴുവന്‍ ബിദ്അത്താണെന്ന് അവര്‍ സിദ്ധാന്തിച്ചു. പ്രവാചകനു ശേഷം ഉണ്ടായ എല്ലാ പുതിയ കാര്യങ്ങളും പിഴച്ചതും വര്‍ജ്ജിക്കപ്പെടേണ്ടതുമാണെന്നു വിധിച്ചു. നബിദിനാഘോഷം, ദിക്ര്‍ ഹല്‍ഖ, സ്വലാത്ത് മജ്‌ലിസ് മുതലായവ മാത്രമായിരുന്നില്ല ബിദ്അത്തിന്റെ ഗണത്തില്‍ പെട്ടവ. ടെലഗ്രാഫും കമ്പിയില്ലാ കമ്പിയും ഇലക്ട്രിക് ഉപകരണങ്ങളുമെല്ലാം ബിദ്അത്തും നരകത്തിലേക്കുള്ള വിഭവങ്ങളും ആയിരുന്നു. ഫോട്ടോഗ്രാഫിയും മോട്ടോര്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ള ആധുനികതയുടെ മുഴുവന്‍ സിംബലുകളും മതം നിഷിദ്ധമാക്കിയ ബിദ്അത്താണെന്ന് വഹാബികള്‍ വിശ്വസിച്ചു. ആധുനികതയോട് പുറംതിരിഞ്ഞു നിന്ന ഈ നജ്ദിയന്‍ മതക്കാര്‍ക്കിടയില്‍ ഭരണ യന്ത്രവുമായി മുന്നോട്ടു പോവാന്‍ സഊദി ഭരണകൂടം പോലും പ്രയാസപ്പെട്ടു. അതേ കുറിച്ച് വഹാബീ ചരിത്രകാരനായ പി. മുഹമ്മദ് കുട്ടശ്ശേരി ഇങ്ങനെ രേഖപ്പെടുത്തുന്നു.
”ആധുനിക നാഗരികതയുടെ പ്രശ്‌നങ്ങളോ ആവശ്യങ്ങളോ അവര്‍ (വഹാബികള്‍) ശ്രദ്ധിച്ചില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിച്ച മുസ്‌ലിം നാടുകള്‍, ഇസ്‌ലാമിക രാജ്യങ്ങള്‍ തന്നെ അല്ലെന്ന് അവര്‍ വിശ്വസിച്ചു. അവ ജിഹാദ് ചെയ്യപ്പെടേണ്ട നാടുകളാണ്. അതുകൊണ്ട് ഇന്നത്തെ സഊദി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോള്‍ ഈ പരിതസ്ഥിതിയെയാണ് നേരിടേണ്ടിവന്നത്. രണ്ട് ശക്തികളെയാണ് അവര്‍ തങ്ങളുടെ മുന്നില്‍ കാണേണ്ടിവന്നത്. ഒന്ന്, ഇബ്‌നു അബ്ദുല്‍ വഹാബിന്റെ അധ്യാപനങ്ങള്‍ മുറുകെ പിടിച്ചു എല്ലാ പുതിയതിന്റെയും നേരെ കടുംപിടുത്തം കാണിക്കുന്നവര്‍. ടെലഗ്രാഫും, കമ്പിയില്ലാകമ്പിയും, മോട്ടോര്‍ വാഹനങ്ങളും വണ്ടികളുമെല്ലാം മതം തൃപ്തിപ്പെടാത്ത ബിദ്അത്ത് (പുത്തനാശയം) ആണെന്ന് നജ്ദിലെ മതത്തിന്റെ ആളുകള്‍ വിശ്വസിക്കുകയായിരുന്നു.” (ചന്ദ്രിക ആഴ്ചപ്പതിപ്പ് 2002 ഫെബ്രുവരി 9-15)
ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും ഈ പുത്തന്‍ വ്യാഖ്യാനങ്ങളിലൂടെ ഇസ്‌ലാമിക ചരിത്രത്തിലൊരിടത്തും മാതൃകാ യോഗ്യരില്ലെന്നും അതിന്റെ അകം ശൂന്യവും തമസ്സുറ്റതുമാണെന്നും സ്ഥാപിക്കുകയാണ് വഹാബിസം. എന്നാല്‍ മുസ്‌ലിം സമുദായത്തിനു മൊത്തത്തില്‍ മാര്‍ഗഭ്രംശം സംഭവിക്കുകയില്ലെന്നും ഓരോ തലമുറയിലും ഉടലെടുക്കാനിടയുള്ള വികല വിശ്വാസങ്ങളും അനാചാരങ്ങളും വിപാടനം ചെയ്യാന്‍ ഓരോ നൂറ്റാണ്ടിലും നവോത്ഥാന നായകന്മാര്‍ (മുജദ്ദിദ്) പ്രത്യക്ഷപ്പെടുമെന്നും നബി(സ) ഉറപ്പു നല്‍കിയതാണ്. നിരവധി ഹദീസുകളില്‍ ഇതു കാണാം. എന്നാല്‍ വഹാബീ വീക്ഷണ പ്രകാരം നൂറ്റാണ്ടുകളായി ശിര്‍ക്കിലും ബിദ്അത്തിലും ആണ്ടുപോയ സമുദായത്തെ സമുദ്ധരിക്കാന്‍ ഒരു നവോത്ഥാന നായകനും രംഗപ്രവേശം ചെയ്തിട്ടില്ല. ഇസ്‌ലാമിന്റെ ഇന്നലെകള്‍ ശൂന്യവും ഇരുള്‍ മുറ്റിയതുമാണത്രെ!
(മുഖ്യധാരയും വിഘടിത ചേരികളും: സ്വാദിഖ് ഫൈസി താനൂര്)
Leave A Comment