സുദർശൻ ടിവിയുടെ മുസ്‌ലിം വിദ്വേഷ പരിപാടി നിർത്തി വെക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി
ന്യൂഡല്‍ഹി: മുസ്‌ലിം സമുദായം യുപിഎസ് സിയിൽ കടന്ന് കയറുന്നുവെന്ന് പറഞ്ഞ് യുപിഎസ് സി ജിഹാദ് എന്ന പേരിൽ സുദർശൻ ടിവി സംപ്രേഷണം ചെയ്യാൻ തീരുമാനിച്ച ടെലിവിഷൻ പരിപാടിക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന പരിപാടി സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി 'ബിന്ദാസ് ബോല്‍' എന്ന പരിപാടി സെപ്തംബര്‍ 17 വരെ നിര്‍ത്തിവെക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നതാണ് പരിപാടിയെന്ന് ജസ്റ്റിസ് വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.

"ഇത് സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്‍റെയും സല്‍പ്പേര് കളങ്കപ്പെടും. വസ്തുതകളുെട പിന്‍ബലമില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വഴി യു.പി.എസ്.സിയെക്കൂടിയാണ് അപമാനിക്കുന്നത് ".- സുപ്രീം കോടതി പറഞ്ഞു. സര്‍ക്കാര്‍ സര്‍വ്വീസുകളിൽ മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ കൂടുതലായി എത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ചാനൽ ആരോപണം ഉയർത്തുന്നത് ആശങ്കജനകമാണെന്ന് ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്രയും കെ.എം ജോസഫും ഉള്‍പ്പെട്ട ബെഞ്ച് പ്രസ്താവിച്ചു.

'ഈ പരിപാടിയിലേക്ക് നോക്കൂ, എത്ര ക്രൂരമാണ്. ഒരു സമുദായം സിവില്‍ സര്‍വ്വീസിലേക്ക് പ്രവേശിക്കുന്നതിനെ ഇത്തരത്തിലാണോ ചിത്രീകരിക്കുന്നത്' ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു. നേരത്തെ പരിപാടി സംപ്രേഷണം ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. മുസ്‌ലിം സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ളതൊന്നും പരിപാടിയിൽ ഇല്ലെന്നായിരുന്നു ഇതിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter