വീണ്ടും പശുക്കൊല; യുപിയില്‍ ഒരാളെ അടിച്ചുകൊന്നു
കോടതി ഇടപെട്ടിട്ടും രാജ്യത്ത് പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലപാതകം തുടരുന്നു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കന്നുകാലി മോഷണം ആരോപിച്ചു യുവാവിനെ ഒരു സംഘം അക്രമികള്‍ അടിച്ചുകൊന്നു. 22കാരനായ ഷാറൂഖ് ഖാനാണ് കൊല്ലപ്പെട്ടത്. ദുബൈയില്‍ ജോലിചെയ്യുന്ന ഇയാള്‍ ലീവിനു നാട്ടിലെത്തിയതായിരുന്നു.
ബറേലി ജില്ലയിലെ ഭോലാപൂര്‍ ഹിന്ദോലിയ ഗ്രാമത്തിലാണ് സംഭവം. ഷാറൂഖ് ഖാനും സുഹൃത്തുക്കളും ചേര്‍ന്നു കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ പൊലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ക്രൂര മര്‍ദനത്തില്‍ കരളും കിഡ്നിയും അടക്കമുള്ള ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കൊല്ലപ്പെട്ട യുവാവ് ലഹരിക്ക് അടിമയായിരുന്നെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവമെന്നും കന്നുകാലിയെ മോഷ്ടിക്കാനെത്തിയ നാലംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടുകയായിരുന്നെന്നും സിറ്റി പൊലിസ് സൂപ്രണ്ട് അഭിനന്ദന്‍ അറിയിച്ചു. ഷാറൂഖ് ഖാനൊപ്പമുണ്ടായിരുന്നവര്‍ തടാകത്തില്‍ ചാടി രക്ഷപ്പെട്ടു. നീന്തലറിയാത്ത ഇയാള്‍ പിടിക്കപ്പെടുകയായിരുന്നെന്നാണ് പൊലിസ് വിശദീകരണം.
എന്നാല്‍, തന്റെ സഹോദരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയതായിരുന്നെന്നും കൊല്ലപ്പെട്ടതായി പൊലിസാണ് അറിയിച്ചതെന്നും ഷാറൂഖ് ഖാന്റെ സഹോദരന്‍ ഫിറോസ് പറഞ്ഞു. ദുബൈയില്‍ തരക്കേടില്ലാത്ത ജോലിയുള്ള ഷാറൂഖിനു മോഷണത്തിനിറങ്ങേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയ കുടുംബം പൊലിസ് വിശദീകരണത്തെ തള്ളുകയും ചെയ്തു. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്.
കന്നുകാലിയെ മോഷ്ടിച്ചതിനാണ് ഹിന്ദോലിയയില്‍ ഷാറൂഖ് ഖാന്‍ എന്ന യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചതെന്ന പൊലിസ് വിശദീകരണം തള്ളി കുടുംബം. ദുബൈയില്‍ ജോലി ചെയ്യുന്ന ഷാറൂഖ് സാമ്പത്തികമായി നല്ലനിലയിലാണെന്നും അദ്ദേഹത്തിനു മോഷ്ടിക്കേണ്ട കാര്യമില്ലെന്നും സഹോദരന്‍ ഫിറോസ് പറഞ്ഞു.
ഷാറൂഖ് ഖാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബന്ധുവീട്ടിലേക്കു പോയതായിരുന്നെന്നു മറ്റു കുടുംബാംഗങ്ങളും വിശദീകരിച്ചു. മര്‍ദനമല്ല, അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതാകാം മരണകാരണമെന്ന പൊലിസ് വിശദീകരണവും പൊളിഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Leave A Comment