ശബ്ദങ്ങളും വാക്കുകളുമില്ലാത്തവരുടെ ലോകം

മഹാനന്ദ നദിക്കപ്പുറത്ത് ഒറ്റപ്പെട്ട് കിടക്കുന്ന ബംങ്കർദ്വാരിലെ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് കഴിഞ്ഞ് ഉച്ചഭക്ഷണം കഴിച്ച വീട്ടിൽ നിന്നാണ്   ബധിരനും മൂകനുമായ സാജിദിനെ കാണുന്നത്. അറിയാവുന്ന സൈൻ ലാംഗ്യേജ് ഉപയോഗിച്ച് കാച്ചിയപ്പോൾ ഞങ്ങൾ വളരെ പെട്ടെന്ന് ചെങ്ങാതിമാരായി. ചെറിയ ഇടപഴകലിൽ തന്നെ സാജിദ് അതി സമർത്ഥനാണെന്ന് മനസ്സിലായി. മൊബൈൽ കൊടുത്തപ്പോൾ അവൻ സെൽഫിയെടുത്തു. ഗെയിംസ് നോക്കി, ഫോട്ടോകൾ പരതി.

കേരളത്തിൽ പഠിക്കാൻ സൗകര്യം ചെയ്താൽ പഠിക്കാമോ എന്ന് ചോദിച്ചപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു. വിമാനത്തിൽ പറന്ന് പോകുന്ന ആംഗ്യം കാണിച്ചു. അതേ അങ്കണത്തിലെ മറ്റൊരു വീട്ടിൽ നിന്നും ദാറുൽ ഹുദയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന മറ്റൊരു പയ്യനു കൂട്ടാവുമെന്ന് വരച്ചു (പറഞ്ഞു).

ഒരാഴ്ചയായി വായിച്ചു കൊണ്ടിരുന്ന ഇറാനിയൻ - ഡച്ച് എഴുത്തുകാരൻ ഖാദിർ അബ്ദുല്ലയുടെ സുപ്രസിദ്ധ ഡച്ച് നോവലിന്റെ ഇംഗ്ലീഷ് ഭാഷ്യം 'My Father's Notebook' അന്ന് രാവിലെ വായിച്ച് തീർത്തതിന്റെ ത്രില്ലിലായിരുന്നു ഞാൻ. സഫ്റോൺ മലഞ്ചെരിവിലെ ഒരു പരമ്പരാഗത ഇറാനിയൻ ഗ്രാമത്തിൽ ജനിച്ച് വളർന്ന ബധിരനും മൂകനുമായ അകാ അക്ബർ എന്ന നെയ്തുകാരനെ കുറിച്ചുള്ള പ്രവാസിയായ മകന്റെ മനോഹരമായ ഓർമ്മകുറിപ്പുകളാണ് പ്രസ്തുത നോവൽ. ഇരുപതാം നൂറ്റാണ്ടിന്റെ സംഭവബഹുലമായ ഇറാനിയൻ ചരിത്രഗതികൾ ഹൃദ്യമായി പറഞ്ഞു പോകുന്നുണ്ടതിൽ. ഷായും മുസദീഖും, ഖുമൈനിയും, ഇറാൻ ഇറാഖ് യുദ്ധവും, ഇടതുപക്ഷ മുവ്മെൻറുകളും, തടങ്കൽ പിഡനങ്ങളും മറ്റുമായി എല്ലാറ്റിലൂടെയും കടന്നു പോകുന്നുണ്ട്.

എന്നാൽ കേൾക്കാനും സംസാരിക്കാനും കഴിയാത്ത അകാ അകബറിന്റെ കണ്ണിലൂടെ രൂപപ്പെടുന്ന ലോകങ്ങളും, ആംഗ്യങ്ങളിൽ വിരിയുന്ന സംവേദനങ്ങളും തന്റേതായ പരിസരിങ്ങളിൽ ആശയ വിനിമയം നടത്തി നെയ്തെടുക്കുന്ന ജീവിതവും ഒക്കെയാണ് ഈ നോവൽ ഏറെ ഹൃദ്യമാക്കുന്നത്.

ഉമ്മ മരിച്ചെന്ന് കുട്ടിയായ അക്ബറിന് പറഞ്ഞു കൊടുക്കാൻ അടയാളങ്ങളോ ആശയക്കളോ തേടുന്ന അമ്മാവൻ കസാൻ ഖാന്‍,.. 

നിർബന്ധ സൈനിക സേവനത്തിന് പിടിച്ചു കൊണ്ട് പോകാൻ വന്ന ഷായുടെ പട്ടാളക്കാരിൽ നിന്ന് ഗ്രാമത്തിലെ യുവാക്കൾ മുഴുവനും പലേടത്തും ഓടി ഒളിച്ചപ്പോ കുതിരപ്പുറത്ത് അത് വഴി വന്ന അക്ബറിനോട് നിൽക്കാൻ പലയാവൃത്തി പറഞ്ഞിട്ടും നിൽകാതിരുന്നതിൽ ദേശ്യപ്പെട്ട് വെടിയുതിർക്കാൻ നിൽക്കുന്ന പട്ടാളക്കാരനോട് 'അവന് ചെവി കേൾക്കില്ല, അവനെ വെറുതെ വിടൂ' എന്ന് ഒളിയിടത്തിൽ നിന്ന് വിളിച്ച് പറഞ്ഞ് പിടി കൊടുത്ത  കൂട്ടുകാരൻ,... 

എന്നിട്ടും വിശ്വാസിക്കാതെ പിടിച്ചു കൊണ്ട് പോയി മിണ്ടാത്ത അക്ബറിനെ  ക്രൂരമായ മൂന്നാം മുറകൾ നടത്തി സംസാരിപ്പിക്കാൻ ശ്രമിക്കുന്ന പട്ടാളക്കാര്‍,... 

പതിനെട്ടായിരത്തിലധികം അടി ഉയരമുള്ള പേർഷ്യയുടെ മേലാപ്പെന്ന് വിളിക്കുന്ന ഇറാനിലെ ഏറ്റവും വലിയ പർവ്വതമായ ദമാവൻദിന്റെ ഉച്ചിയിലേക്ക് ആരോഹണ സംഘത്തിന്റെ കൂടെ കയറി തന്റെ പിതാവിന് ഈ ലോകത്തിന്റെ അനന്തതയുടെ അറിവനുഭവം നൽകുന്ന മകനും കഥ പറച്ചിലുകാരനും വിപ്ലവകാരിയും ആയ ഇസ്മ ഈൽ...

വാക്കുകളും ശബ്ദങ്ങളുമില്ലാത്തവരുടെ വല്ലാത്ത ഒരു ലോകം നമ്മുടെ മുമ്പിൽ തുറന്ന് വെക്കുന്നുണ്ട് നോവലിസ്റ്റ്. 

കാസാൻ ഖാന്റെ നിർബന്ധപ്രകാരം അക്ബർ സ്വന്തമായി രൂപപ്പെടുത്തിയ ഒരെഴുത്ത് ശൈലിയിൽ എഴുതി വെച്ച നോട്ട് ബുക്ക് അനാവരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഇസ്മാഈൽ. സഫ്റോൺ പർവ്വതനിരകളിലെ എത്തിപ്പെടൽ ശ്രമകരമായ ഒരു ഗുഹയുടെ ചുമരുകളിൽ ഉയരത്തിൽ Cyrus the Great ന്റെ കാലത്ത് കൊത്തിവെക്കപ്പെട്ട, നൂറ്റാണ്ടുകളായി പലരും വായിച്ചെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട,  cuneiform inscription ന്റെ അടുത്ത് പണിപ്പെട്ട് അക്ബറിനെ കൊണ്ട് പോയി കുതിരപ്പുറത്ത് കയറ്റി നിർത്തി ആ രൂപങ്ങളിൽ കൈ കൊണ്ട് വരപ്പിച്ചാണ് കാസാൻ അക്കബറിന് സ്വന്തം എഴുത്തുണ്ടാക്കാൻ വഴി തുറന്ന് കൊടുത്തത്.

കണ്ണ് കാണാത്തവരേക്കാളും നമുക്ക് ആകാംക്ഷകളും അൽഭുതങ്ങളും നിസ്സഹായതകളും നൽകുന്നതാണ് ശബദങ്ങളും വാക്കുകളുമില്ലാത്തവരുടെ ലോകം.

ഓരോ ജീവിതത്തേയും വിലമതിക്കുന്ന നല്ല എതെങ്കിലും കേന്ദ്രത്തിൽ പ0ന സൗകര്യം ഒരുക്കിത്തരാം എന്ന് പറഞ്ഞാണ് സാജിദിനോട് വിട ചോദിച്ചത്.

സാജിദും അകാ അക്ബറും ചില ദൗത്യങ്ങൾ പെട്ടെന്ന് ചെയ്ത് തീർക്കാനുള്ള യാദൃശ്ചികമായ വന്ന് ചേരലാകാം. 

കിഷൻ ഗഞ്ച് ജില്ലയിലോ നാല് ജില്ലകൾ ഉൾകൊള്ളുന്ന സീമാഞ്ചൽ റീജിയണിലോ ഒരൊറ്റ സ്പെഷൽ സ്കൂളും ഇല്ലാ എന്നാണ് ഇത് വരെ അന്വോഷിച്ചറിഞ്ഞത്.

രണ്ട് മാസം മുമ്പ് ഇവിടെ നിന്ന് കേരളം സന്ദർഷിച്ച പ്രമുഖരുടെ ഒരു സംഘത്തിന് കോഴിക്കോട്ടെ സ്മൈല്‍ സ്കൂൾ കാണിച്ചു കൊടുത്തിരുന്നു. വടകര തണലിന്റെ കീഴിലുള്ള ഈ സ്ഥാപനത്തിൽ ഓട്ടിസം, MR, സെറിബറൽ പഴ്സി അടക്കം ഡിഫറൻറലി ഏബ്ള്ഡ് ആയ കുട്ടികളെ പരിചരിച്ച് പഠിപ്പിക്കുന്ന രീതികൾ കണ്ട് അവരിൽ പലരും കരഞ്ഞു. ഒരു ആരോഗ്യ പ്രശ്നവുമില്ലാത്ത സാധാരണ കുട്ടികൾക്ക് തന്നെ പഠന സൗകര്യങ്ങൾ ഇല്ലാത്ത തങ്ങളുടെ നാട്ടിൽ ഇങ്ങിനെയൊക്കെ ഒന്ന് എന്ന് വരാൻ എന്നാണ് അവർ ചോദിച്ചത് , വേദനയോടെ.

കഴിഞ ദിവസമാണ് പ്രിയ സുഹൃത്ത് ഷാനു Shanavas Ti വിളിച്ച് 'തണലിന്റെ' ഏറ്റവും വലിയ അനുഗ്രഹമായ ഡോ. ഇദ്രീസ് സാറിന് ഫോൺ കൊടുത്തതും തണലിന്റെ തണലിൽ കിഷൻ ഗഞ്ചിൽ ഇത്തരം കുട്ടികൾക്ക് ഒരു തണലൊരുക്കാനുള്ള പ്രാരംഭ കാര്യങ്ങൾ അന്വേഷിക്കാൻ പറഞ്ഞതും. 

2019 എല്ലാം കൊണ്ടും അനൽപമായ പ്രതീക്ഷയുടേതാണ്.

2018 നൽകിയതും ഒത്തിരി ആത്മ നിർവൃതി നൽകിയ സന്തോഷങ്ങളാണ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter