ഫാഷിസ്റ്റ് കാലത്ത് സര്‍വകലാശാലകളെ പോലും ഭയം ഭരിക്കുന്നു!
സ്വന്തമായി അഭിപ്രായം പറഞ്ഞാല്‍ നിശബ്ദത സ്വീകരിക്കേണ്ട ഇടമായി സര്‍വ്വകലാശാലകള്‍ മാറികൊണ്ടിരിക്കുന്നു. അഭിപ്രായങ്ങള്‍ പൊറുക്കാനാവാത്ത അപരാധമായി മാറി, പറയുന്നതൊക്കെ എതിരഭിപ്രായങ്ങളായാല്‍ രണ്ടാം കിടയായി മുദ്രകുത്തപ്പെടുന്ന ഭീകരാന്തരീക്ഷം കാസര്‍ഗോട്ടെ കേന്ദ്ര സര്‍വ്വകലാശാലയേയും വേട്ടയാടുകയാണിന്ന്.
വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും നിരുത്തരവാദപരമായ സമീപനങ്ങള്‍ വിദ്യാര്‍ത്ഥികളെ ഏറെ ആശങ്കാകുലരാക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയെ നിസ്സാര കാര്യത്തിന് ജയിലിലടയ്ക്കുന്നു. അതിനെ എതിര്‍ത്ത അധ്യാപകന് നേരെ അച്ചടക്ക നടപടിയെടുക്കുന്നു. കേട്ട് കേള്‍വിയില്ലാത്ത നടപടികളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്.
2014-ല്‍ മോദി ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം ഫാഷിസ്റ്റ് അധികാര പ്രകടനം ആദ്യം ദൃശ്യമായത് രാജ്യത്തെ സര്‍വ്വകലാശാലകളിലാണല്ലോ.
പ്രത്യേകിച്ച് പുരോഗമന ചിന്തകള്‍, ഇടത് ആശയങ്ങള്‍, അംബേദ്കര്‍ ആശയങ്ങള്‍ എന്നിവ കാര്യമായി സ്വാധീനിച്ച സര്‍വ്വകലാശാലകളില്‍. ജെ.എന്‍.യു, ജാമിഅ മില്ലിയ്യ, അലിഗര്‍, ഹൈദരാബാദ് എന്നിങ്ങനെ നീണ്ടുപോകുന്നു ആ നിര. കാസര്‍ഗോട്ടെ കേന്ദ്ര സര്‍വകലാശാലയും ഇപ്പോള്‍ അതിന്റെ ഭാഗമാവുകയാണ്.
രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.യു.കെയില്‍ നടന്ന പ്രതിഷേധത്തിലൂടെ അഖില്‍ തായത്ത് എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമത്തിലേക്ക് എത്തി നില്‍ക്കുകയാണ്. അവരാണ് ചരിത്രത്തിന്റെ യഥാര്‍ത്ഥ ഇരകള്‍, ഞാനല്ല'' എന്ന തലക്കെട്ടില്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിയത് കാരണത്താല്‍ വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ജൂലായ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
ലഭിക്കേണ്ട നീതി ലഭിക്കാതിരിക്കുമ്പോള്‍ അതിനെതിരില്‍ പോസ്റ്റിയത് കാരണത്താല്‍ പുറത്താക്കുകയും അഖിലിനെ തിരിച്ചെടുക്കാനുള്ള ഒരു നടപടിയും എടുത്തില്ല എന്ന് മാത്രമല്ല നവംബറില്‍ നടക്കുന്ന പരീക്ഷ എഴുതാനുള്ള അവസരം പോലും നിഷേധിച്ചിരിക്കുകയാണ്. സ്വതന്ത്രമായ അഭിപ്രായ പ്രകടനം ഫാഷിസത്തിന് എല്ലാ കാലത്തും പൊറുക്കാനാവാത്ത അപരാധമാണ്.
ഭയം വിതച്ച് അധികാരം ഉറപ്പിക്കുന്ന സര്‍വ്വകലാശാലയിലെ ഏറ്റവും ഒടുവിലത്തെ ഇരയായിരിക്കുകയാണ് അഖില്‍. ദളിത് ഗവേഷകനായ നാഗരാജും ഇരയ്‌ക്കൊപ്പം തന്നെയാണ്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമലയുടെ രക്തസാക്ഷിത്വം രാജ്യത്ത് വലിയ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് തുടക്കമായതും ജെ.എന്‍.യുവില്‍ ഉമര്‍ ഖാലിദ്, കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ അടക്കമുള്ളവരെ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തി ജയിലിലടച്ചത് ഇവിടെയും തുടര്‍ക്കഥയാവുകയാണ്.
ജെ.എന്‍.യുവില്‍ അവിടെ എ.ബി.വി പി യുടെ ആക്രമണത്തിന് ഇരയായ ശേഷം കാണാതായ നജീബ് അഹ്മദ് എന്ന വിദ്യാര്‍ത്ഥിക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താന്‍ പോലും ഇത് വരെ കഴിഞ്ഞിട്ടില്ല. കേന്ദ്ര സര്‍വകലാശാലയിലും അധികാര പ്രയോഗം തുടരുകയാണ്.
കേട്ട് കേള്‍വിയില്ലാത്ത ഭീകര നടപടിക്കാണ് നാഗരാജു എന്ന ദലിത് ഗവേഷകന്‍ വിധേയനായത്. അമ്മയുടെ മരണവും കുടുംബ പ്രശ്‌നങ്ങളും ഒപ്പം ഫെലോഷിപ്പ് മുടങ്ങിയതിനാല്‍ ഉണ്ടായ കടബാധ്യതകളും മൂലം വിഷാദം അനുഭവിച്ച് വരുകയായിരുന്ന തെലങ്കാനയിലെ ഒരു പിന്നോക്ക ഗ്രാമത്തില്‍ നിന്നെത്തിയ നാഗരാജു ചെയ്ത കുറ്റം ഇരുന്നൂറ് രൂപ പോലും വിലമതിക്കാത്ത ഒരു ഗ്ലാസ് പാന്‍ കൈ കൊണ്ട് ഇടിച്ച് പൊട്ടിച്ചു എന്നതായിരുന്നു.
സാധാരണ ഗതിയില്‍ കോഷന്‍ ഡിപോസിറ്റില്‍ നിന്നും പിഴ ഈടാക്കി തീര്‍ക്കാവുന്ന പ്രശ്‌നം. പക്ഷെ ഇര ദളിതനായത് കൊണ്ടും എന്തും ചെയ്യാമെന്ന അധികാര ധാര്‍ഷ്ട്യമായിരുന്നു ഇവിടെ ഉയര്‍ന്ന് വന്നത്. ഈ പ്രശ്‌നം സര്‍വ്വകലാശാലയ്ക്ക് അകത്ത് തീര്‍ത്തു കൂടെ എന്ന് പൊലീസുകാര്‍ക്ക് പോലും ചോദിക്കേണ്ടി വന്നു. അഞ്ച് ദിവസമാണ് നാഗരാജു ജയിലില്‍ കിടന്നത്. കേസും സര്‍വ്വകലാശ ലയില്‍ നിനുള്ള ഭീഷണിയും ഇപ്പോഴും നിലനില്‍ക്കുന്നു.
ഹിന്ദുത്വ അജണ്ടകള്‍,അഴിമതി, സ്വജനപക്ഷാപാതം, വിദ്യാര്‍ത്ഥി വേട്ട, ദലിത് മുസ്ലിം വിരുദ്ധത, ലിംഗ വിവേചനം എന്നിവയെല്ലാം മുഖമുദ്രയാക്കിയാണ് അധിക സര്‍വ്വകലാശാലകളുടെ നീക്കം. വിദ്യാര്‍ത്ഥികള്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരല്ല.വ്യത്യസ്ത ആശയത്തിനും വൈവിധ്യമാര്‍ന്ന മുന്നേറ്റത്തിനും ഇടം നല്‍കിയ പാരമ്പര്യമാണ് സര്‍വ്വകലാശാലയ്ക്കുള്ളത്.
ഞങ്ങള്‍ മാത്രം അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ മതി എന്ന ആധിപത്യത്തിന്റെ ഭീകര സ്വരം ക്യാമ്പസുകളെ ഭീതിപ്പെടുത്തുന്നുണ്ട്. വിജയിക്കുക എന്നത് വിദ്യാര്‍ത്ഥി കളുടെ നിലനില്‍പ്പിന്റെ ഭാഗമാവുമ്പോള്‍ സര്‍വ്വകലാശാലയുടെ ഭരണ സമിതിക്കോ പെലീസ് സംവിധാനത്തിനോ അടിച്ചമര്‍ത്താനാവില്ല എന്നാണ് സി.യു.കെ വിളിച്ച് പറയുന്നത്.
Leave A Comment