ഭയപ്പെടാതിരിക്കാന്‍, ദുഖിക്കാതിരിക്കാന്‍
പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇഹലോകത്തും പരലോകത്തും ഭയഖേദങ്ങളില്ലാത്തവരെപ്പറ്റി പല സൂക്തങ്ങളിലായി വിവരിച്ചിട്ടുണ്ട്:
അറിയുക, സത്യവിശ്വാസം കൈക്കൊള്ളുകയും അതിസൂക്ഷ്മ ജീവിതം നയിക്കുകയും ചെയ്ത അല്ലാഹുവിന്റെ മിത്രങ്ങളുണ്ടല്ലൊ. അവര്‍ക്ക് യാതൊരു ഭയപ്പാടും ദുഖമുണ്ടാക്കുന്നതല്ല. ഭൗതിക ജീവിതത്തിലും പരലോകത്തും അവര്‍ക്ക് ശുഭവാര്‍ത്തയാണുണ്ടാവുക. അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് ഭേദഗതിയുണ്ടാവില്ല. അതത്രെ മഹാവിജയം (സൂറത്തു യൂനുസ് 62, 63, 64).
അല്ലാഹു തന്റെ ഇഷ്ടദാസന്മാര്‍ക്ക് ഇഹത്തില്‍ അധികരിച്ച ഐശ്വര്യങ്ങളും പരത്തില്‍ അനന്തമായ സൗഭാഗ്യങ്ങളുമുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ട്. സത്യനിഷേധികള്‍ക്ക് കടുത്ത ശിക്ഷകളുണ്ടെന്ന് താക്കീത് ചെയ്യുന്നുമുണ്ട്. സുവിശേഷങ്ങളും താക്കീതുകളും പ്രവാചകന്മാര്‍ മുഖേനയാണ് അല്ലാഹു അവതരിപ്പിക്കുന്നത്.
അല്ലാഹു പറയുന്നു: ശുഭവാര്‍ത്താ വാഹകരും താക്കീതു നല്‍കുന്നവരും മാത്രമായാണു നാം ദൂതന്മാരെ നിയോഗക്കാറുള്ളത്. അതിനാല്‍ സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മ്മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് ദുഖിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യാജമാക്കിയിരുന്നവരെ അവരുടെ ധിക്കാരം കാരണമായി ശിക്ഷ പിടികൂടുന്നതായിരിക്കും (ഖുര്‍ആന്‍, സൂറത്തുല്‍ അന്‍ആം 48, 49).
യഥാര്‍ത്ഥ സത്യവിശ്വാസികള്‍ക്ക് മാലാഖമാര്‍ പോലും സന്തോഷദായകമായ അറിയിപ്പ് നല്‍കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പ്രഖ്യാപിക്കുകയും ആ നിലപാടില്‍ ഋജുവായി നിലകൊള്ളുകയും ചെയ്തവരിലേക്ക് മരണസമയം മലക്കുകള്‍ ഇറങ്ങിവന്ന് ഇങ്ങനെ ശുഭവാര്‍ത്തയറിയിക്കും
'നിങ്ങള്‍ ഭയപ്പെടുകയോ ദുഖിക്കുകയോ അരുത്. നിങ്ങള്‍ക്കുള്ള വാഗ്ദത്ത സ്വര്‍ഗം കൊണ്ട് സന്തുഷ്ടരായിക്കൊള്ളുക. ഐഹിക ജീവിതത്തിലും പരലോകത്തും നിങ്ങളുടെ സംരക്ഷകരാണ് ഞങ്ങള്‍. പരലോകത്ത് നിങ്ങള്‍ അഭിലഷിക്കുന്നതും ആവശ്യപ്പെടുന്നതുമത്രയും ഉണ്ട്. ഏറെ മാപ്പരുളുന്നവനും കരുണാമയനുമായവന്റെ ആതിഥ്യമത്രേ അത്' (സൂറത്തു ഫുസ്സ്വിലാത്ത് 30, 31, 32).
മാത്രമല്ല അന്ത്യനാളില്‍ അല്ലാഹു വിളിച്ചുപറയും: സത്യവിശ്വാസം കൈക്കൊള്ളുകയും കീഴ്‌പ്പെട്ട് ജീവിക്കുകയും ചെയ്തിരുന്ന എന്റെ അടിമകളേ, നിങ്ങള്‍ക്കിന്ന് ഒരുവിധ ഭയവും സങ്കടവും വേണ്ടതില്ല. നിങ്ങളും ഇണകളും ആഹ്ലാദ നിര്‍ഭരരായി സ്വര്‍ഗപ്രാപ്തരായിക്കൊള്ളുക (ഖുര്‍ആന്‍, സൂറത്തുസ്സുഖ്‌റുഫ് 68, 69, 70).
വേര്‍പിരിയുന്ന ഐഹിക ലോകത്തേക്കാള്‍ പുല്‍കാനിരിക്കുന്ന പാരത്രിക ലോകം അത്യുത്തമമെന്ന നിര്‍ഭയത്വം ഉറപ്പു നല്‍കിക്കൊണ്ടുള്ള ആശ്വാസവാര്‍ത്തയാണ് അല്ലാഹു ഖിയാമത്ത് നാളില്‍ നല്‍കുന്നത്. ഈ വിളിയാളം കേട്ട് ഇതിന് അര്‍ഹരല്ലാത്തവര്‍ പോലും അക്കൂട്ടത്തില്‍പ്പെടാന്‍ ആശിച്ചുപോവുന്നതായിരിക്കും.
സ്വര്‍ഗസ്ഥരാവുന്ന സത്യവിശ്വാസികളുടെ സുഖസൗകര്യങ്ങളും വിശേഷങ്ങളും അല്ലാഹു വിവരിക്കുന്നുണ്ട്: ശാശ്വത നിവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളില്‍ അവര്‍ പ്രവേശിക്കുന്നതും സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടുന്നതുമാണ്. അതില്‍ അവരുടെ ഉടയാടകള്‍ പട്ടായിരിക്കും. അവര്‍ ഇങ്ങനെ പറയുന്നതാണ്
'ഞങ്ങളില്‍ നിന്ന് ദുഖം നിഷ്‌കാസനം ചെയ്ത അല്ലാഹുവിന്നത്രെ സ്‌തോത്രങ്ങളഖിലവും. ഞങ്ങളുടെ നാഥന്‍ ഏറെ പൊറുക്കുന്നവനും പ്രതിഫലം നല്‍കുന്നവനും തന്നെയത്രെ. ശാശ്വതനിവാസത്തിനുള്ള ഈ ഗേഹത്തില്‍ തന്റെ ഔദാര്യത്താല്‍ അവന്‍ ഞങ്ങളെ അധിവസിപ്പിച്ചിരിക്കുകയാണ്. ഒരുവിധ ബുദ്ധിമുട്ടും ക്ഷീണവും ഞങ്ങളെ തീണ്ടുകയേയില്ല' (ഖുര്‍ആന്‍, സൂറത്തു ഫാത്വിര്‍ 33, 34, 35).
ഭയവും ദുഖവുമില്ലാത്ത കൂട്ടരെ അല്ലാഹു ഖുര്‍ആനിലൂടെ നിര്‍ണയിച്ചുപ്പറഞ്ഞിട്ടുണ്ട്: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങളനുവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം അല്ലാഹുവിങ്കലുണ്ട്. അവര്‍ക്ക് ഭയപ്പെടുകയോ ദുഖിക്കുകയോ ചെയ്യേണ്ടിവരില്ല (സൂറത്തു ബഖറ 62).
ഇസ്ലാം മതം അനുശാസിക്കും പ്രകാരം ജീവിച്ചവര്‍ക്കാണ് ഇഹപര നിര്‍ഭയത്വം ലഭിക്കുന്നത്. അല്ലാഹു പറയുന്നു: എന്റെയടുത്തുനിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നെത്തുകയും അതാരെങ്കിലും പിന്തുടരുകയും ചെയ്യുന്നുവോ അവര്‍ ഭയപ്പെടുകയോ ദുഖിക്കുകയോ ചെയ്യേണ്ടിവരില്ല (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 38).
എന്റെ മാര്‍ഗദര്‍ശനം ആരത് അനുധാവനം ചെയ്യുന്നുവോ അവര്‍ മാര്‍ഗഭ്രഷ്ടരോ ഭാഗ്യശൂന്യരോ ആയിത്തീരില്ല (സൂറത്തു ത്വാഹാ 12123).
ഭയപ്പാടും ഖേദങ്ങളുമേല്‍ക്കാത്ത ഈ അനുഗ്രഹീത പദവി ലഭിക്കാന്‍ ഒരു വിശ്വാസി പ്രഥമമായി ചെയ്യേണ്ടത് അല്ലാഹു കല്‍പ്പിച്ച നിര്‍ബന്ധിത ആരാധനാ കര്‍മ്മങ്ങള്‍ മുറപോലെ നിര്‍വ്വഹിക്കലാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മ്മങ്ങളനുഷ്ഠിക്കുകയും നമസ്‌ക്കാരം യഥാവിധി നിലനിര്‍ത്തുകയും സക്കാത്ത് നല്‍കുകയും ചെയ്യുന്നവര്‍ക്ക് തങ്ങളുടെ പ്രതിഫലം അല്ലാഹുവിങ്കലുണ്ടായിരിക്കും. അവര്‍ക്ക് ദുഖമോ ഭയപ്പാടോ ഉണ്ടാവില്ല (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ 277).
ദാനധര്‍മ്മം ചെയ്യുന്നവര്‍ക്കും പേടിക്കാനോ ദുഖിക്കാനോ ഇല്ല: രാപ്പകലന്തരമന്യേ രഹസ്യമായും പരസ്യമായും സ്വധനം ചെലവു ചെയ്യുന്നവര്‍ക്ക് തങ്ങളുടെ പ്രതിഫലം അല്ലാഹുവിങ്കലുണ്ട്. ഭയപ്പാടോ ദുഖമോ അവര്‍ക്കുണ്ടാവില്ല (സൂറത്തുല്‍ ബഖറ 274).
സല്‍വൃത്തരായ വിശ്വാസികള്‍ക്ക് മനസമാധാനവും സ്വസ്ഥതയും നല്‍കുമെന്ന് അല്ലാഹു സുവിശേഷം അറിയിക്കുന്നുണ്ട്: സുകൃതം ചെയ്ത് ആരൊരാള്‍ സ്വന്തത്തെ അല്ലാഹുവിന് കീഴ്‌പ്പെടുത്തിയോ അവന്ന് തന്റെ നാഥങ്കല്‍ കൂലിയുണ്ട്. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടാനോ ദുഖിക്കാനോ ഇല്ല (സൂറത്തുല്‍ ബഖറ 112).
ആരാധനകളില്‍ കൃത്യതയും സുക്ഷ്മതയും പുലര്‍ത്തി ഇടപാടുകളും സമ്പര്‍ക്കങ്ങളും സുതാര്യമാക്കിയാല്‍ ഇരുലോകത്തും വിജയമുറപ്പിക്കാം. അല്ലാഹു പറയുന്നു: ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും ശേഷം ഋജുവായി നിലക്കൊള്ളുകയും ചെയ്തവര്‍ക്ക് ഒട്ടുമേ ഭയപ്പാട് വേണ്ട. അവര്‍ ദുഖിക്കേണ്ടി വരികയുമില്ല. സ്വര്‍ഗക്കാരാണവര്‍. തങ്ങളനുവര്‍ത്തിച്ചിരുന്ന സുകൃതങ്ങള്‍ക്കു പ്രതിഫലമായി അവരതില്‍ ശാശ്വതവാസികളായിരിക്കും (സൂറത്തു അഹ്ഖാഫ് 13, 14).
അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ചും നിരോധനങ്ങള്‍ വെടിഞ്ഞും വാക്കിലും പ്രവര്‍ത്തിയിലും നന്മ മാത്രമേ കൊണ്ടുവരാവൂമെന്നാണ് പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ സാരോപദേശം. ഒരിക്കല്‍ സ്വഹാബികളിലൊരാള്‍ നബി (സ്വ)യോട് ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരേ, ഞാന്‍ ഏത് കാര്യമാണ് മുറുകെ പിടിക്കേണ്ടത്? നബി (സ്വ) അരുളി: എന്റെ നാഥന്‍ അല്ലാഹുവാണെന്ന് പറഞ്ഞ് ചൊവ്വായ വഴിയില്‍ അടിയുറച്ചുനില്‍ക്കുക (ഹദീസ് തുര്‍മുദി 2410).
മറ്റുള്ളവരോട് സ്‌നേഹത്തോടെയും സഹിഷ്ണുതയോടെയും ഇടപഴകുന്നവര്‍ക്ക് ഹൃദയവിശാലതയും ഇരുലോകജയവും നിര്‍ഭയത്വവും പ്രതീക്ഷിക്കാം. നബി (സ്വ) പറയുന്നു: അല്ലാഹുവിന്റ അടിമകളില്‍ ഒരു കൂട്ടരുണ്ട്. അവര്‍ നബിമാരുമല്ല. രക്തസാക്ഷികളുമല്ല. പക്ഷേ, അന്ത്യനാളില്‍ അവരുടെ ആ സ്ഥാനത്തിന് നബിമാരും രക്തസാക്ഷികളും കൊതിക്കും. സ്വഹാബികള്‍ ചോദിച്ചു: അവര്‍ ആരാണ് നബിയേ.. പറഞ്ഞുതന്നാലും. നബി (സ്വ) പറഞ്ഞു: അവര്‍ തമ്മില്‍ ധന ഇടപാടുകളില്ലാതിരിന്നിട്ടും, ബന്ധുക്കള്‍ അല്ലാതിരുന്നിട്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍പരസ്പരം ഇഷ്ടപ്പെട്ടവരാണവര്‍. അല്ലാഹുവാണേ സത്യം, അവരുടെ മുഖം പ്രകാശമായിരിക്കും. അവര്‍ പ്രകാശത്തിലായിരിക്കും. ജനം ഒന്നടങ്കം പേടിച്ചാലും അവര്‍ പേടിക്കുകയില്ല. ജനം ഒന്നടങ്കം ദുഖിച്ചാലും അവര്‍ക്ക് ദുഖിക്കേണ്ടിവരില്ല (ഹദീസ് അബൂദാവൂദ് 3527).
Leave A Comment