മുരീദിന്റെ മര്യാദകള്‍
ഒരു ശൈഖുമായുള്ള സമ്പര്‍ക്കത്തിന്റെ പ്രാധാന്യവും ഗുണവും നാം മനസ്സിലാക്കി. ഒരു മുഹമ്മദീയ പിന്‍ഗാമിയുമായുള്ള സമ്പര്‍ക്കം കൂടുതല്‍ ഗുണപ്രദമാണെന്നും നാം കണ്ടു. മുരീദുമാരെ സംസ്‌കരിച്ചെടുക്കാന്‍ പ്രത്യേകാനുമതി നല്‍കപ്പെട്ടതും പൂര്‍ണത പ്രാപിച്ച മനുഷ്യരുടെ പദവിയാര്‍ജിച്ചതുമായ ഒരു മാര്‍ഗദര്‍ശിയായിരിക്കുമല്ലോ അദ്ദേഹം. മാത്രമല്ല, ശരീഅത്തും ഹഖീഖത്തുമൊക്കെ പഠിച്ചയാളും തിരുനബി(സ്വ)യിലേക്ക് ഗുരുപരമ്പര ചെന്നെത്തുന്ന വ്യക്തിയുമായിരിക്കും ആ ശൈഖ്. കൂടാതെ ബൈഅത്തിന്റെയും ഗുരുവുമായി ഉടമ്പടി ചെയ്യേണ്ടതിന്റെയും പ്രസക്തിയും അത് വിടാതെ മുറുകെ പിടിക്കേണ്ടതിന്റെ അനിവാര്യതയും നാം ഗ്രഹിക്കുകയുണ്ടായി.
ഇനി ആത്മാര്‍ഥനും സത്യസന്ധനുമായ ഒരു മുരീദിനുണ്ടാകേണ്ട സ്വഭാവഗുണങ്ങളും മര്യാദകളുമാണ് നാമിവിടെ പറയാന്‍ പോകുന്നത്. തന്റെ ലക്ഷ്യമായ ദൈവിക സാമീപ്യത്തിലെത്താന്‍ ഈ മര്യാദകള്‍ പാലിച്ചേപറ്റൂ. കാരണം, അല്ലാഹുവിന്റെയാളുകള്‍ ഒന്നടങ്കം അംഗീകരിച്ച ഒരു സിദ്ധാന്തമുണ്ട്: മര്യാദ ഇല്ലാത്തവന് സന്മാര്‍ഗസഞ്ചാരമില്ല. സന്മാര്‍ഗസഞ്ചാരമില്ലാത്തവന് അല്ലാഹുവിങ്കലെത്തിച്ചേരാനും സാധ്യമല്ല; മര്യാദയുള്ളവനാകട്ടെ ചുരുങ്ങിയ കാലം കൊണ്ട് ഉന്നതന്മാരുടെ പദവികള്‍ പ്രാപിക്കാന്‍ സാധിക്കുന്നതുമാണ് എന്നതത്രേ ആ സിദ്ധാന്തം. മുരീദിന് തന്റെ ശൈഖിനോടും സതീര്‍ഥ്യരോടുമുള്ള ചില മര്യാദകളാണിവിടെ പറയുന്നത്.
മുരീദിന് ശൈഖിനോട് രണ്ടുതരം മര്യാദകളുണ്ട്-ആന്തരികമായവയും ബാഹ്യമായവയുമാണവ. ആന്തരികമായവ ആദ്യം പറയാം:
1) ശൈഖിന് പൂര്‍ണമായി വിധേയനാവുക, അദ്ദേഹത്തിന്റെ കല്‍പനകളും ഉപദേശങ്ങളുമെല്ലാം അനുസരിക്കുക എന്നതാണ് ഒന്നാമത്തേത്. തന്റെ വ്യക്തിത്വത്തില്‍ നിന്ന് പൂര്‍ണമായും ഉള്‍വലിയുകയും തന്റെ ബുദ്ധിയെ അവഗണിച്ചു തള്ളുകയും ചെയ്തുകൊണ്ടുള്ള അന്ധമായ വിധേയത്വം എന്നല്ല ഇതിന്റെ വിവക്ഷ. അവഗാഹവും പ്രത്യേകജ്ഞാനവുമുള്ള ഒരു സമുന്നതവ്യക്തിയുടെ അഭിപ്രായങ്ങള്‍ക്ക് നാം വിധേയരാവുന്ന ഗണത്തിലാണ് ഇതുവരുന്നത്. അടിസ്ഥാനപരവും ചിന്താപരവുമായ ചില മുഖവുരകളില്‍ ദൃഢവിശ്വാസം വെച്ചുപുലര്‍ത്തിക്കൊണ്ടുള്ളതാണ് ഈ വിധേയത്വം. യോഗ്യനായ ഒരു ശൈഖില്‍ നിന്ന് അദ്ദേഹത്തിന് അനുമതി ലഭിച്ചതും അദ്ദേഹത്തിന്റെ യോഗ്യതയും വിഷയസംബന്ധിയായ പരിജ്ഞാനവും കാരുണ്യവും യുക്തിയുമൊക്കെ അവയില്‍ ചിലതാണ്. ശരീഅത്തിലും ഹഖീഖത്തിലുമൊക്കെയുള്ള ശൈഖിന്റെ അഗാധപാണ്ഡിത്യത്തെക്കുറിച്ചും മുരീദിനറിയാം.
ആ നിലക്ക്, ഇവിടെ പറഞ്ഞ വിധേയത്വം ഒരു രോഗിക്ക് ഡോക്ടറോടുള്ള വിധേയത്വത്തോടുപമിക്കാവുന്നതാണ്. ഡോക്ടറുടെ ചികിത്സാമുറകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമെല്ലാം സമ്പൂര്‍ണമായിത്തന്നെ അയാള്‍ വിധേയനാവുന്നു. എന്നാല്‍, രോഗി അവന്റെ ബുദ്ധി പണയം വെച്ചിരിക്കുന്നുവെന്നോ തന്റെ ചിന്താശേഷിയിലും വ്യക്തിത്വത്തിലും നിന്ന് ഉള്‍വലിഞ്ഞിരിക്കുന്നുവെന്നോ ഈയവസ്ഥയെപ്പറ്റി ആരും പറയാറില്ല. മാത്രമല്ല, നിഷ്പക്ഷമതിയും ബുദ്ധിമാനുമൊക്കെയായാണയാള്‍ വിശേഷിപ്പിക്കപ്പെടുക. കാരണം, സവിശേഷജ്ഞാനിയായ ഒരാള്‍ക്ക് തന്റെ കാര്യം ഏല്‍പിച്ചുകൊടുക്കുകയാണയാള്‍. രോഗശമനം ലഭിക്കണമെന്ന ലക്ഷ്യത്തില്‍ തത്സമയമാണ് അയാള്‍ സത്യസന്ധത പുലര്‍ത്തുന്നവനായിത്തീരുന്നത്.
2) മുരീദുമാരെ തര്‍ബിയത്ത് ചെയ്‌തെടുക്കുന്ന രീതികളെപ്പറ്റി ശൈഖിനെ വിമര്‍ശിക്കാന്‍ പാടില്ല. കാരണം, സവിശേഷജ്ഞാനവും അനുഭവത്തിലൂടെയുള്ള അറിവുകളും വെച്ച് തദ്വിഷയകമായി അദ്ദേഹം പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതാണ്. ശൈഖിന്റെ പ്രവര്‍ത്തനങ്ങളും നടപടികളുമൊക്കെ വിമര്‍ശനാത്മകമായി മാത്രം വിലയിരുത്തുക എന്ന ഒരു രീതിയും മുരീദ് സ്വീകരിച്ചുകൂടാത്തതാണ്. അങ്ങനെ വരുമ്പോള്‍ ഗുരുവിലുള്ള അയാളുടെ വിശ്വാസം ദുര്‍ബലമായി വന്നുകൊണ്ടിരിക്കും; അദ്ദേഹത്തില്‍ നിന്ന് ബഹുമുഖനന്മകള്‍ തടയപ്പെടും. തനിക്കും ശൈഖിനുമിടയിലുള്ള ഹൃദയബന്ധങ്ങളും ധാര്‍മികസിദ്ധികളുമൊക്കെ വിച്ഛേദിതമാകാനും അത് വഴിതെളിക്കും.
അല്ലാമാ ഇബ്‌നുഹജര്‍ ഹൈതമി പറയുന്നു: ശൈഖുമാരോടുള്ള വിമര്‍ശനത്തിന്റെ കവാടം ഒരാള്‍ തുറക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളും സ്ഥിതിഗതികളുമൊക്കെ നിരൂപണാത്മകമായി കാണാനും വിലയിരുത്താനും തുനിയുകയും ചെയ്താല്‍ അവന്‍ നന്മയില്‍ നിന്ന് തടയപ്പെടുകയും ഭവിഷ്യത്ത് ചീത്തയാവുകയും ചെയ്യുമെന്നതിന്റെ അടയാളമാണത്. യാതൊരു ഗുണഫലവും അതുകൊണ്ട് ഉണ്ടാവുകയുമില്ല. ഇക്കാരണത്താലാണ്, തന്റെ ശൈഖിനോട്(1) ‘എന്തുകൊണ്ട് അങ്ങനെ’ എന്ന് ചോദ്യം ചെയ്യുന്നയാള്‍ വിജയിക്കുകയില്ല എന്ന് മഹാന്മാര്‍ പറഞ്ഞിട്ടുള്ളത്. അതായത്, സംസ്‌കരണത്തിലും ഥരീഖത്തിലുമുള്ള ശൈഖ് ആണ് ഇവിടെ ഉദ്ദേശ്യം.
ശൈഖിനോടുള്ള ബന്ധം വിച്ഛേദിക്കുവാനും അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുവാനുമായിരിക്കും പിശാച് മുരീദിന്റെ മനസ്സില്‍ സംശയങ്ങള്‍ ഇട്ടുകൊടുക്കുക. ഗുരുവിന്റെ ഏതെങ്കിലും പ്രവൃത്തിയിലോ നടപടിയിലോ നിയമാനുസൃതമായ വല്ല സംശയവും ഉണ്ടായാല്‍ തന്നെ(2) അദ്ദേഹത്തെപ്പറ്റി നന്മയേ വിചാരിക്കാവൂ; ഇസ്‌ലാമില്‍ അതിന് ന്യായയുക്തമായ വ്യാഖ്യാനമുണ്ടാകുമെന്നും കര്‍മശാസ്ത്രപരമായി ആ പ്രവൃത്തിക്ക് പഴുതുകളുണ്ടാകുമെന്നുമാണ് മനസ്സിലാക്കേണ്ടത്. ഇനി, അതിനും കഴിയുന്നില്ല എന്നാണെങ്കില്‍ ബഹുമാനവും മര്യാദയുമൊക്കെ യഥാവിധി പാലിച്ചുകൊണ്ട് അദ്ദേഹത്തോട് വിശദീകരണം തേടണം. ശൈഖുമായുള്ള ചര്‍ച്ചകളെ സംബന്ധിച്ച് വിവരിക്കുന്നേടത്ത് വിശദീകരണം വരാന്‍പോകുന്നുണ്ട്.
അല്ലാമാ ഇബ്‌നുഹജര്‍ ഹൈതമി(റ) പറയുന്നു: ശൈഖുമാരില്‍ നിന്ന് മേല്‍കാണിച്ചവിധം പ്രവര്‍ത്തനങ്ങളുണ്ടാകുമ്പോള്‍, ന്യായയുക്തവ്യാഖ്യാനം അതിനുണ്ടാകുമെന്ന് സമാശ്വസിക്കുക, അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാതിരിക്കുക, അവരുടെ കാര്യങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഭരമേല്‍പിക്കുക, പരമാവധി ശ്രമിച്ച് തന്റെ സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയും മനസ്സിനെ സംസ്‌കരിക്കുന്നതില്‍ ബദ്ധശ്രദ്ധനാവുകയും ചെയ്യുക-ഇങ്ങനെയുള്ള നിലപാട് സ്വീകരിക്കുന്ന ഒരാള്‍ പെട്ടെന്ന് ലക്ഷ്യം കാണുകയും ചുരുങ്ങിയ സമയത്തിനകം ഉദ്ദിഷ്ട സ്ഥാനത്ത് എത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
3) തന്റെ ശൈഖ് പാപസുരക്ഷിതന്‍ (മഅ്‌സ്വൂം) ആണെന്ന് വിശ്വസിക്കാന്‍ പാടില്ല. പൂര്‍ണമായ അവസ്ഥ പ്രാപിച്ച ആളാണെങ്കിലും പാപങ്ങളില്‍ നിന്ന് സുരക്ഷയുള്ളവനല്ല ശൈഖ്. അപൂര്‍വമായി അദ്ദേഹത്തില്‍ നിന്ന് ചില്ലറ പാളിച്ചകളോ കൊച്ചുവ്യതിയാനങ്ങളോ വന്നേക്കാം. പക്ഷേ, ആ അവസ്ഥയിലയാള്‍ സ്ഥിരമായി നിലകൊള്ളില്ല. അദ്ദേഹത്തിന്റെ മനക്കരുത്ത് അല്ലാഹു അല്ലാത്തതിനോട് ബന്ധിക്കുന്നതുമല്ല. മറിച്ച് ശൈഖ് മഅ്‌സ്വൂമാണെന്ന് വിശ്വസിക്കുകയും എന്നിട്ട് അതിനോട് നിരക്കാത്തത് മുരീദിന്റെ ശ്രദ്ധയില്‍ പെടുകയും ചെയ്താല്‍ സംശയത്തിലും അസ്വസ്ഥതയിലുമകപ്പെടും. ഗുരുവില്‍ നിന്നുള്ള ഗുണങ്ങള്‍ നിഷേധിക്കപ്പെടുകയും ബന്ധം വിച്ഛേദിതമാവുകയും ചെയ്യുക എന്നതാവും അതിന്റെ അനന്തരഫലം.
ശൈഖ് മഅ്‌സ്വൂമാണെന്ന് വിശ്വസിക്കരുത് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, ഏത് പ്രവൃത്തിയിലും എന്തു നിര്‍ദേശം നല്‍കുമ്പോഴും തെറ്റു വരാനുള്ള സാധ്യതയോടെ അദ്ദേഹത്തെ വീക്ഷിക്കണമെന്നല്ല. അങ്ങനെയാകുമ്പോള്‍ ഗുരുവില്‍ നിന്ന് കിട്ടേണ്ട ഗുണഫലങ്ങള്‍ സ്വയം തടഞ്ഞുവെക്കുക എന്നതാകും ഫലം. സംശയദൃഷ്ടിയോടെ ഡോക്ടറെ സമീപിക്കുന്ന ഒരു രോഗിയെപ്പോലെയാകും അപ്പോളയാള്‍. തന്നെ ചികിത്സിക്കുമ്പോള്‍ ഡോക്ടര്‍ക്ക് തെറ്റുപറ്റാമല്ലോ എന്ന ചിന്തയേ അപ്പോഴയാള്‍ക്കുണ്ടാകൂ. ഇത് വിശ്വാസ്യത ദുര്‍ബലപ്പെടുത്താനും സംശയം ജനിപ്പിക്കാനും സ്വയമേവ അസ്വസ്ഥതയും ചാഞ്ചല്യവും ഉണ്ടാക്കാനുമേ കാരണമായിത്തീരൂ.
4) തന്റെ ശൈഖിന്റെ പൂര്‍ണതയും മാര്‍ഗദര്‍ശനത്തിനും സംസ്‌കരണത്തിനും അദ്ദേഹത്തിന് സമ്പൂര്‍ണ യോഗ്യതയുണ്ടെന്നും മുരീദ് വിശ്വസിച്ചിരിക്കേണ്ടതാണ്. പ്രാരംഭഘട്ടത്തില്‍ അദ്ദേഹത്തെപ്പറ്റി അവന്‍ തന്നെ പരിശോധിച്ച് സൂക്ഷ്മവിശകലനം നടത്തി ഉണ്ടാക്കിയെടുക്കുന്നതാണ് ഈ വിശ്വാസം. തത്സമയം മുഹമ്മദീയ പിന്തുടര്‍ച്ചക്കാരനുണ്ടാകേണ്ട മുന്‍ചൊന്ന എല്ലാ ലക്ഷണങ്ങളും തന്റെ ഗുരുവിനുണ്ടെന്ന് അവന് ബോധ്യം വന്നതാണ്. മാത്രമല്ല, ഈ ഗുരുവിനെ പിന്തുടരുന്നവര്‍ വിശ്വാസത്തിലും ആരാധനകളിലും വിജ്ഞാനത്തിലും സല്‍സ്വഭാവശീലങ്ങളിലും ദൈവികജ്ഞാനങ്ങളിലുമൊക്കെ മുന്നേറുന്നതായും അവന് ദൃഢമായിരുന്നു.
5) തന്റെ ശൈഖിനോടുള്ള സമ്പര്‍ക്കത്തില്‍ മുരീദ് സത്യസന്ധനും ആത്മാര്‍ഥനും ആയിരിക്കേണ്ടതാണ്. അപ്പോള്‍ അദ്ദേഹത്തെ അന്വേഷിക്കുന്നതില്‍ അവന്‍ ജാഗ്രതയുള്ളവനും സങ്കുചിത ലക്ഷ്യങ്ങളിലും നിക്ഷിപ്തതാല്‍പര്യങ്ങൡും നിന്ന് വിശുദ്ധനും ആയിത്തീരും.
6) ശൈഖിനെ ബഹുമാനിക്കലും സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അദ്ദേഹത്തിന്റെ ആദരം കാത്തുസൂക്ഷിക്കലും. ശൈഖ് ഇബ്‌റാഹീം ബിന്‍ ശൈബാന്‍ ഖര്‍മീസീനി(റ) പറയുന്നു: മശാഇഖുമാരോടുള്ള ബഹുമാനം ഒരാള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ വ്യാജമായ വാദഗതികള്‍ വഴി അവന്‍ പരീക്ഷിക്കപ്പെടുന്നതും അതുകൊണ്ടുതന്നെ അവന്‍ അപമാനിതനായിത്തീരുന്നതുമാണ്.
മുഹമ്മദുബ്‌നു ഹാമിദിത്തുര്‍മുദി(റ) പ്രസ്താവിച്ചു: അല്ലാഹു നിന്നെ ഒരു പദവിയിലേക്ക് എത്തിച്ചുതരികയും എന്നിട്ട് ആ പദവിയുടെ ആസ്വാദ്യത അനുഭവിക്കുവാനും അതിന്റെയാളുകളെ ആദരിക്കാനുമുള്ള അവസരം നിനക്ക് നിഷേധിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ നീ വഞ്ചിതനും നിഗൂഢപരീക്ഷണത്തിന് വിധേയനുമാണെന്ന് ഗ്രഹിച്ചുകൊള്ളുക… മറ്റൊരിക്കല്‍ അദ്ദേഹം വ്യക്തമാക്കി: മശാഇഖുമാരുടെ കല്‍പനയും അവരുടെ സംസ്‌കരണമുറകളും ഒരാള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ പിന്നെ ഒരു ഖുര്‍ആനും സുന്നത്തും കൊണ്ട് അവന്‍ സംസ്‌കാരസമ്പന്നനാവുകയില്ല.
അബുല്‍അബ്ബാസില്‍ മര്‍സി(റ) പറഞ്ഞു: സ്വൂഫികളുടെ സ്ഥിതിഗതികളും ചരിത്രങ്ങളും നാം വിശദാന്വേഷണം നടത്തിനോക്കി. അവരെ അധിക്ഷേപിച്ച ഒരാളെയും നല്ല നിലക്ക് മരിച്ചുപോയതായി നമുക്ക് കാണാന്‍ കഴിഞ്ഞില്ല.(3) ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) പറഞ്ഞു: ഏതെങ്കിലും വലിയ്യിന്റെ അഭിമാനം ഒരാള്‍ ഹനിച്ചാല്‍ ഹൃദയം മരവിപ്പിച്ച് അല്ലാഹു അവനെ പരീക്ഷിക്കുന്നതാണ്.
7) തന്റെ ശൈഖിനോട് മുരീദിന് മികച്ച സ്‌നേഹമുണ്ടായിരിക്കണം. എന്നാല്‍ മറ്റു മശാഇഖുമാരുടെ പദവി ഒട്ടും കുറച്ചുകാണരുതെന്ന നിബന്ധന കൂടി ഇവിടെയുണ്ട്. തന്റെ ശൈഖിനെ അതിരുവിട്ട് സ്‌നേഹിച്ച് മനുഷ്യത്വത്തിന്റെ പരിധിയില്‍ നിന്ന് മേലോട്ടുയര്‍ത്തുന്ന ദുഷിച്ച അവസ്ഥയിലേക്ക് തരംതാഴാനും പാടില്ല. അദ്ദേഹത്തിന്റെ കല്‍പനകളിലും നിരോധങ്ങളിലും യോജിപ്പ് പ്രകടിപ്പിച്ചും അവസ്ഥകളും നടപടികളും വഴി അല്ലാഹുവിനെ അറിയുന്നതുകൊണ്ടുമാണ് ശൈഖിനോടുള്ള മുരീദിന്റെ സ്‌നേഹം വര്‍ധിക്കുന്നത്. ആ യോജിപ്പ് മുഖേന അവന്റെ വ്യക്തിത്വം ഉന്നതമായിക്കൊണ്ടിരിക്കുമ്പോഴൊക്കെയും ആത്മജ്ഞാനം വര്‍ധിതമായിത്തീരും. അപ്പോള്‍ ഗുരുവിനോടുള്ള സ്‌നേഹം കൂടിക്കൂടിവരുന്നതുമാണ്.
8) മറ്റൊരു ശൈഖിലേക്ക് കണ്ണുവെച്ചുകൊണ്ടിരിക്കാനും മുരീദിന് പാടില്ല. രണ്ട് ശൈഖുമാര്‍ക്കിടയില്‍ പെട്ട് ഹൃദയത്തിന് ചാഞ്ചല്യം വരാതിരിക്കാനാണിത്. ഒരേ സമയത്ത് രണ്ട് ഭിഷഗ്വരന്മാരുടെ ചികിത്സ ചെയ്തുകൊണ്ടിരിക്കുന്ന രോഗിയെപ്പോലെയായിരിക്കും അവന്‍-പരിഭ്രമത്തിലും അനിശ്ചിതത്വത്തിലും അകപ്പെട്ടുപോകും.
ഇനി മുരീദിന് ശൈഖുമായുണ്ടാകേണ്ട ബാഹ്യമര്യാദകളെപ്പറ്റി പറയാം: രോഗി ഡോക്ടറോട് യോജിക്കുന്നതുപോലെ, കല്‍പനകളിലും നിരോധങ്ങളിലുമൊക്കെ ശൈഖുമായി യോജിക്കുക എന്നതാണ് അവയില്‍ ആദ്യത്തേത്.
2) അദ്ദേഹത്തിന്റെ സദസ്സില്‍ അച്ചടക്കവും ഗാംഭീര്യവും മുറുകെ പിടിക്കണം. ചാരിയിരിക്കുക, കോട്ടുവായിടുക, ഉറങ്ങുക, അകാരണമായി ചിരിക്കുക, അദ്ദേഹത്തോട് ശബ്ദമുയര്‍ത്തുക, സമ്മതമില്ലാതെ സംസാരിക്കുക തുടങ്ങിയവയൊന്നും ശൈഖിന്റെ സദസ്സില്‍ വെച്ച് ചെയ്യാന്‍ പാടില്ല. കാരണം, ഇവയൊക്കെ അദ്ദേഹത്തെ അവഗണിക്കലും അനാദരിക്കലുമാകുന്നു. മര്യാദയും ബഹുമാനവുമില്ലാതെ ശൈഖുമാരോട് സമ്പര്‍ക്കം പുലര്‍ത്തുന്നത് അവരുടെ സഹായവും ദര്‍ശനഫലങ്ങളും ഗുണൈശ്വര്യങ്ങളും തടയപ്പെട്ടുപോകുന്നതിന് നിമിത്തമായിത്തീരുന്നതാണ്.
3) സൗകര്യപ്പെടുന്നതിനനുസരിച്ച് അദ്ദേഹത്തിന് സേവനം ചെയ്യാന്‍ തത്രപ്പെടണം. സേവനം ചെയ്യുന്നവന് സേവനം ലഭിക്കുമെന്നാണ് ആപ്തവാക്യം.
4) അദ്ദേഹത്തിന്റെ സദസ്സുകളില്‍ എപ്പോഴും സന്നിഹിതനാവുക. വിദൂരദിക്കുകളിലാണെങ്കില്‍ കഴിവനുസരിച്ച് ആവര്‍ത്തിച്ച് സന്ദര്‍ശിക്കണം. ‘ശൈഖിനെ സന്ദര്‍ശിക്കല്‍ മുരീദിനെ ഉയര്‍ത്തുകയും സംസ്‌കരിക്കുകയും ചെയ്യും’-സ്വൂഫികള്‍ പറയാറുണ്ട്. മാത്രമല്ല, മശാഇഖുമാരുടെ രീതിതന്നെ മൂന്ന് മൗലിക കാര്യങ്ങളിലധിഷ്ഠിതമാണ്-സമ്മേളിക്കുക, ശ്രദ്ധിച്ചുകേള്‍ക്കുക, അനുധാവനം ചെയ്യുക എന്നിവയാണത്. ഇതുവഴി സല്‍ഫലങ്ങള്‍ ലഭ്യമാകും.
5) ശൈഖ് കൈക്കൊള്ളുന്ന സംസ്‌കരണപരമായ നടപടികളില്‍ ക്ഷമ മുറുകെ പിടിക്കണം. ചിലപ്പോഴദ്ദേഹം പരുഷമായി പെരുമാറുകയോ അവഗണിക്കുകയോ ചെയ്‌തെന്നുവരും. ശിഷ്യനെ മാനസികമായ പരുക്കന്‍ അവസ്ഥകളിലും ഹൃദയപരമായ രോഗങ്ങളിലും നിന്ന് വിമോചിപ്പിച്ചെടുക്കുക എന്നതാവും അദ്ദേഹത്തിന്റെ ലക്ഷ്യം. ഇബ്‌നുഹജര്‍ ഹൈതമി(റ) പറയുന്നു: ഭാഗ്യവാന്മാരല്ലാത്ത മിക്കവരും ഗുരുവില്‍ നിന്ന് എന്തെങ്കിലും കാഠിന്യം ദൃശ്യമാകുമ്പോഴേക്കും തെറ്റിപ്പിരിഞ്ഞുപോരുകയും മ്ലേച്ഛതകളും ന്യൂനതകളും കൊണ്ട് അദ്ദേഹത്തെ-താനതില്‍ നിന്ന് പൂര്‍ണമുക്തനായിരിക്കെ-അധിക്ഷേപിക്കുകയും ചെയ്യുന്നു. സൗഭാഗ്യവാനായൊരാള്‍ ഇക്കാര്യം പ്രത്യേകം ഗൗനിച്ചിരിക്കണം. കാരണം, മനസ്സിന്റെ ഉദ്ദേശ്യം അയാളെ തകര്‍ത്തുകളയുക എന്നതു മാത്രമായിരിക്കും. അതിനാല്‍ ശൈഖിനെ വിട്ട് പിന്തിരിഞ്ഞുപോവുക എന്ന താല്‍പര്യത്തില്‍ മനസ്സിനെ അനുസരിക്കരുത്.
6) ശൈഖിന്റെ സംസാരങ്ങളില്‍ നിന്ന് ജനങ്ങളോടെന്തെങ്കിലും പറഞ്ഞുകൊടുക്കുകയാണെങ്കില്‍ അവരുടെ ഗ്രഹണശേഷിയും ബുദ്ധിശക്തിയുമനുസരിച്ച് മാത്രമേ ഉദ്ധരിച്ചുകൊടുക്കാവൂ. അദ്ദേഹത്തിനും സ്വന്തത്തിനുതന്നെയും ദോഷം വരാതിരിക്കാനാണിത്.(2) ഇമാം അലി(റ) പ്രസ്താവിച്ചു: ജനങ്ങള്‍ക്ക് മനസ്സിലാകുംവിധമാണ് അവരോട് സംസാരിക്കേണ്ടത്. അല്ലാഹുവും റസൂലും അവരാല്‍ നിഷേധിക്കപ്പെടണമെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടോ?
നാം ഇപ്പറഞ്ഞ മര്യാദകളത്രയും അല്ലാഹുവിന്റെ തിരുസാന്നിധ്യം ലക്ഷ്യം വെച്ചിട്ടുള്ള ശരിയായ മുരീദിന്റേതാണ്. ഭാഗികാര്‍ഥത്തിലുള്ള മുരീദിന് സമ്പര്‍ക്കത്തിന്റെ ഉപാധികളോ മര്യാദകളോ അനിവാര്യമല്ല. സ്വൂഫികളുടെ വേഷഭൂഷാദികളണിയുക, അവരുടെ ഗണത്തില്‍ ചേരുക എന്നിങ്ങനെയുള്ള ഉദ്ദേശ്യങ്ങള്‍ മാത്രമുള്ളവനാണ് ഭാഗികാര്‍ഥത്തിലുള്ള മുരീദ്. ഇയാള്‍ക്ക് ഒരു ഥരീഖത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനും കുഴപ്പമില്ല. ബറകത്തിനു മാത്രം ഥരീഖത്ത് സ്വീകരിക്കുന്നവരുടെ സ്ഥിതിയും ഇങ്ങനെത്തന്നെ. മുറബ്ബികളായ മാര്‍ഗദര്‍ശികള്‍ക്കിടയില്‍ ഇക്കാര്യം സുജ്ഞാതമാണ്.
ഇനി, മുരീദിന് തന്റെ സഹോദരങ്ങളോടുള്ള മര്യാദകള്‍ പറയാം: സാന്നിധ്യത്തിലായാലും അസാന്നിധ്യത്തിലായാലും ‘ഇഖ്‌വാനീങ്ങ’ളുടെ മാന്യത കാത്തുസൂക്ഷിക്കലാണ് ഒന്നാമത്തേത്. അവരിലൊരാളെപ്പറ്റിയും ഗീബത്ത് പറയരുത്. ആരുടെയും പദവിയും മാന്യതയും ഇടിച്ചുതാഴ്ത്താനും പാടില്ല. കാരണം, പണ്ഡിതന്മാരുടേതും സജ്ജനങ്ങളുടേതുമെന്നപോലെ അവരുടെ മാംസവും വിഷലിപ്തമാകുന്നു.
2) വിവരമില്ലാത്തവര്‍ക്ക് പഠിപ്പിച്ചും വഴി തെറ്റിയവരെ സന്മാര്‍ഗദര്‍ശനം ചെയ്തും ദുര്‍ബലരെ ശക്തിപ്പെടുത്തിയുംകൊണ്ട് അവര്‍ക്ക് സദുപദേശം ചെയ്യല്‍. അനിവാര്യമായി മുറുകെ പിടിക്കേണ്ട ചില ഉപാധികള്‍ സദുപദേശത്തിനുണ്ട്. ഉപദേശിക്കുന്നവനും ഉപദേശിക്കപ്പെടുന്നവനും മൂന്നു വീതം ഉപാധികളാണുള്ളത്. രഹസ്യമായി ചെയ്യുക, സൗമ്യമായിരിക്കുക, മേല്‍ക്കോയ്മ പ്രകടിപ്പിച്ചുകൊണ്ടല്ലാതെയാവുക എന്നിവയാണ് ഉപദേശകനുള്ള നിബന്ധനകള്‍. ഉപദേശിക്കപ്പെടുന്ന കാര്യം സ്വീകരിക്കുക, ഉപദേഷ്ടാവിന് കൃതജ്ഞത രേഖപ്പെടുത്തുക, ഉപദേശിക്കപ്പെട്ടത് ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുക എന്നിവയാണ് ഉപദേശത്തിന് വിധേയനാകുന്നവന്‍ പാലിക്കേണ്ട ശര്‍ഥുകള്‍.
3) ഇഖ്‌വാനീങ്ങളോട് വിനയവും നിഷ്പക്ഷതയും പാലിക്കയും കഴിവനുസരിച്ച് അവര്‍ക്ക് സേവനങ്ങളനുഷ്ഠിക്കുകയും ചെയ്യുക. കാരണം, ജനങ്ങളുടെ നായകന്‍ അവര്‍ക്ക് സേവനം ചെയ്യുന്നവനാണ് എന്ന് ഹദീസിലുണ്ട്.
4) അവരെപ്പറ്റി സദ്വിചാരം വെച്ചുപുലര്‍ത്തുകയും അവരുടെ ന്യൂനതകള്‍ ചികയുന്നതില്‍ വ്യാപൃതനാകാതിരിക്കയും അവരുടെ കാര്യങ്ങള്‍ അല്ലാഹുവിങ്കലേക്ക് വിടുകയും ചെയ്യേണ്ടതാണ്. ഒരു കവി പറയുന്നത് കാണുക: ന്യൂനതകള്‍ നിന്നില്‍ തന്നെയാണുള്ളതെന്ന് കണ്ടാല്‍ മതി. ആളുകള്‍ക്കത് സ്പഷ്ടമായി കാണുന്നുണ്ടെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് അത് മറഞ്ഞിരിക്കുകയാണെന്നും മനസ്സിലാക്കണം.
5) ഏതെങ്കിലും വീഴ്ചകള്‍ക്ക് അവര്‍ എന്തെങ്കിലും കാരണം ബോധിപ്പിച്ചാല്‍ അത് സ്വീകരിക്കേണ്ടതാണ്.
6) അവര്‍ക്കിടയില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങളോ പിണക്കങ്ങളോ ഉണ്ടായാല്‍ മാധ്യസ്ഥ്യം വഹിക്കുകയും നല്ല ബന്ധമുണ്ടാക്കുകയും ചെയ്യുക.
7) അവരുടെ മാന്യത നിഹനിക്കപ്പെടുകയോ അവര്‍ പീഡനവിധേയരാവുകയോ ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രതിരോധം ഏര്‍പ്പെടുത്തുക.
8) അവരുടെ നേതൃസ്ഥാനമോ മറ്റുള്ളവരെക്കാള്‍ തനിക്കൊരു മുന്‍ഗണനയോ ആവശ്യപ്പെടാന്‍ പാടില്ല. കാരണം, നേതൃസ്ഥാനം ആവശ്യപ്പെടുന്നവന് അത് നല്‍കപ്പെടരുതെന്നാണ് നിയമം.
ഥരീഖത്തില്‍ പ്രവേശിക്കുന്നവര്‍ ശ്രദ്ധ ചെലുത്തുകയും മുറുകെ പിടിക്കുകയും ചെയ്യേണ്ട ഏതാനും മര്യാദകളാണ് ഇവിടെ പറഞ്ഞത്. ഥരീഖത്ത് എന്നുവെച്ചാല്‍ തന്നെ അത് മുഴുക്കെ മര്യാദകളാണ്. ‘നിന്റെ അമലുകള്‍ ഉപ്പും അദബുകള്‍ പൊടിയുമായിക്കാണുക’ എന്നുവരെ ചില മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്.
അബൂഹഫ്‌സ് നൈസാബൂരി(റ) പ്രസ്താവിക്കയുണ്ടായി: തസ്വവ്വുഫ് മുഴുവനും മര്യാദകളാണ്. ഓരോ സമയത്തിനും ഓരോ അദബുണ്ട്; ഓരോ അവസ്ഥക്കും ഓരോ പദവിക്കും വെവ്വേറയാണ് മര്യാദകള്‍. അതുകൊണ്ട് അദബുകള്‍ മുറുകെ പിടിച്ചവന്‍ പുണ്യപുരുഷന്മാരുടെ പദവിയിലെത്തും. അദബുകള്‍ ഒരാള്‍ക്ക് നിഷേധിക്കപ്പെട്ടു എന്നിരിക്കട്ടെ, എങ്കല്‍ സാമീപ്യം പ്രതീക്ഷിക്കപ്പെടുന്നിടത്തുനിന്ന് അയാള്‍ ദൂരീകൃതനാകും; സ്വീകാര്യത പ്രതീക്ഷിക്കപ്പെടുന്ന രംഗങ്ങളില്‍ നിന്ന് അയാള്‍ ബഹിഷ്‌കൃതനായിത്തീരും.
ചുരുക്കിപ്പറഞ്ഞാല്‍, ഥരീഖത്തില്‍ പ്രവേശിക്കുന്ന ഒരു മുരീദിന് തന്റെ ശൈഖിനോടും സതീര്‍ത്ഥ്യരോടും പൊതുജനങ്ങളോടും ഉള്ള അദബുകള്‍ക്ക് കൈയും കണക്കുമില്ല. മുറബ്ബികളും മാര്‍ഗദര്‍ശികളുമായ പല മഹാന്മാരും തദ്വിഷയകമായിമാത്രം പ്രത്യേക ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിരിക്കുന്നു. ഇബ്‌നു അറബി അല്‍ഹാതിമി, ശഅ്‌റാനി, അഹ്മദ് സര്‍റൂഖ്, ഇബ്‌നു അജീബ, സുഹ്‌റവര്‍ദി(റ) മുതലായവര്‍ക്ക് ഈ വിഷയത്തില്‍ രചനകളുണ്ട്.
Leave A Comment