ഭരമേല്‍പിക്കല്‍

സയ്യിദ് ജുര്‍ജാനി(റ) തന്റെ ‘തഅ്‌രീഫാത്തി’ല്‍ തവക്കുല്‍ (ഭരമേല്‍പിക്കല്‍) എന്താണെന്ന് നിര്‍വചിക്കുന്നത് കാണുക: അല്ലാഹുവിങ്കലുള്ളതുകൊണ്ട് ദൃഢമായി ഉറപ്പ് വെച്ചുപുലര്‍ത്തലും ജനങ്ങളുടെ പക്കലുള്ളതില്‍ നിന്ന് ആശ മുറിയലുമാകുന്നു തവക്കുല്‍. ശൈഖ് ഇബ്‌നു അജീബ(റ) പറയുന്നത് ഇതാണ്: മറ്റാരെയും അവലംബിക്കാത്തവിധം അല്ലാഹുവിനെക്കൊണ്ട് മാത്രമുള്ള ഹൃദയദാര്‍ഢ്യമാകുന്നു തവക്കുല്‍. അല്ലെങ്കില്‍ സര്‍വകാര്യങ്ങളും അറിയുന്നവനാണ് പടച്ചവന്‍ എന്നു മനസ്സിലാക്കി മുഴുവന്‍ വിഷയങ്ങളിലും അവന്റെ മേല്‍ ഭരമേല്‍പിക്കലും അവനുമായി ബന്ധപ്പെടലുമാണ് തവക്കുല്‍. സ്വന്തം കൈയിലുള്ളവയെക്കാള്‍ ദാര്‍ഢ്യത അല്ലാഹുവിങ്കലുള്ളവയിലായിരിക്കുകയും വേണം.
റബ്ബല്ലാത്ത മറ്റെന്തെങ്കിലും വസ്തുവിനോട് ഹൃദയം ബന്ധപ്പെടുന്നതില്‍ നിന്ന് നിന്നെപ്പറ്റി അവന്നുള്ള അറിവുകൊണ്ട് മതിയാക്കുകയും മുഴുവന്‍ കാര്യങ്ങളിലും അവങ്കലേക്കു മടങ്ങുകയും ചെയ്യുക എന്നതാണ് തവക്കുല്‍ എന്ന് ആത്മജ്ഞാനികളില്‍ ചിലര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശൈഖ് അബൂസഈദിനില്‍ ഖര്‍റാസ്(റ) എഴുതുന്നത് കാണുക: അല്ലാഹുവിനു വേണ്ടി അംഗീകരിക്കുക, അവന്റെ മേല്‍ ഭരമേല്‍പിക്കുക, അവന്‍ ബാധ്യതയേറ്റ മുഴുവന്‍ കാര്യങ്ങളിലും അവനിലേക്കാശ്രയിക്കുകയും അവനില്‍ സമാധാനം പൂണ്ടിരിക്കുകയും ചെയ്യുക, ഭക്ഷണം, ഭൗതിക കാര്യങ്ങള്‍, അവന്‍ ഏറ്റെടുത്ത മറ്റു വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് ഹൃദയത്തില്‍ നിന്ന് ചിന്തകളൊഴിവാക്കുക-ഇതാണ് തവക്കുല്‍ (റബ്ബില്‍ ഭരമേല്‍പിക്കല്‍).

ചുരുക്കത്തില്‍, അല്ലാഹുവില്‍ ഭരമേല്‍പിക്കുക എന്നുവെച്ചാല്‍ കാര്യങ്ങള്‍ അവനിലേക്ക് വിട്ടുകൊടുക്കുക, സര്‍വപ്പോഴും അവനെ അവലംബിക്കുക, സ്വന്തം കഴിവും ശേഷിയും വിട്ട് അവനെ ആശ്രയിക്കുക എന്നാണ്. മേല്‍പറഞ്ഞതും അല്ലാത്തതുമായ നിര്‍വചനങ്ങളില്‍ കാണാവുന്നപോല, ഹൃദയപരമായ ഒരു പദവിയാണ് തവക്കുല്‍. അതിനാല്‍ ജോലിയെടുക്കുകയോ മാധ്യമങ്ങളനുവര്‍ത്തിക്കുകയോ ചെയ്യലും തവക്കുലും തമ്മില്‍ വൈരുധ്യമൊന്നുമില്ല. കാരണം, ഭരമേല്‍പിക്കുക എന്നതിന്റെ സ്ഥലം ഹൃദയമാണ്; മാധ്യമങ്ങളുടെ സ്ഥലമാകട്ടെ ശരീരവും. നിരവധി വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളിലും ഒട്ടേറെ നബിവചനങ്ങളിലും ജോലി ചെയ്യാനുള്ള ആഹ്വാനമുണ്ടെന്നിരിക്കെ ഒരു സത്യവിശ്വാസി എങ്ങനെ അതുപേക്ഷിക്കും?

ഒരാള്‍ ഒട്ടകപ്പുറത്ത് തിരുമേനി(സ്വ)യുടെ അടുത്ത് വന്നിറങ്ങി. എന്നിട്ടു ചോദിച്ചു: നബിയേ, ഞാനതിനെ അഴിച്ചുവിടുകയും അല്ലാഹുവിങ്കല്‍ ഭരമേല്‍പിക്കുകയും ചെയ്യട്ടെ? അവിടന്ന് പ്രതികരിച്ചു: നീയതിനെ കെട്ടിയിടുക, എന്നിട്ട് തവക്കുലാക്കുക.(1) ഇതാണ് ഭരമേല്‍പിക്കല്‍ എന്നതിനാല്‍, മാധ്യമങ്ങള്‍ കൈവെടിഞ്ഞും ജോലി ചെയ്യാതെയും ഇരിക്കുന്നത് അലസതയും നിഷ്‌ക്രിയത്വവുമായിട്ടാണ് പണ്ഡിതന്മാര്‍ പരിഗണിച്ചിരിക്കുന്നത്. ഇസ്‌ലാമിന്റെ അന്തഃസത്തയുമായി അത് ഒട്ടുമേ യോജിക്കയില്ല. തസ്വവ്വുഫ് എന്നാല്‍ ഇസ്‌ലാമിനെ ശരിയായ രീതിയില്‍ ഗ്രഹിക്കലാണ് എന്ന് ഈ പശ്ചാത്തലത്തില്‍ സ്വൂഫികള്‍ ദൃഢമായി ഊന്നിപ്പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം വിശദീകരിക്കാനും തെറ്റുധാരണകള്‍ തിരുത്താനും ചിന്താഗതികള്‍ കുറ്റമറ്റതാക്കാനും വേണ്ടിയാണിത്.

ഇമാം ഖുശൈരി(റ) പറയുന്നു: തവക്കുലിന്റെ സ്ഥാനം ഹൃദയമാകുന്നു. നിര്‍ണയങ്ങളും വിധികളും അല്ലാഹുവിന്റെ ഭാഗത്തു നിന്നാണുണ്ടാകുന്നത് എന്ന് ദൃഢമായി മനുഷ്യന്‍ വിശ്വസിച്ചുകഴിഞ്ഞ ശേഷം, ബാഹ്യാവയവങ്ങള്‍ കൊണ്ടുള്ള പ്രവര്‍ത്തനം ഹൃദയം കൊണ്ടുള്ള തവക്കുലിന് വിരുദ്ധമാകയില്ല. എന്തെങ്കിലും വിഷയം പ്രയാസകരമായി വന്നാല്‍ അവന്റെ വിധിയനുസരിച്ചാണത്; സുഗമമായാലോ, അവന്‍ എളുപ്പമാക്കിത്തന്നതു മൂലവും.(2) ഇമാം ഗസ്സാലി(റ) എഴുതുന്നു: ചില മൂഢന്മാര്‍ വിചാരിക്കുന്നത് ജോലി ഉപേക്ഷിക്കുക, ചികിത്സാമുറകള്‍ കൈയൊഴിയുക, വിപത്തുകളിലേക്ക് ചെന്നുചാടുക എന്നിവയൊക്കെ തവക്കുലിന്റെ ഉപാധിയാണ് എന്നത്രേ. ആ ധാരണ തെറ്റാണ്. കാരണം ഇസ്‌ലാമിക ശരീഅത്തില്‍ ഹറാമാണ് അത്. തവക്കുലിനെ അത് ശ്ലാഘിച്ചുപറയുകയും അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ഒരു നിഷിദ്ധകാര്യം അനുവര്‍ത്തിച്ചുകൊണ്ട് തവക്കുല്‍ കിട്ടുന്നതെങ്ങനെ?

സ്വൂഫികളായ നേതാക്കള്‍ ഹൃദയപരമായ ഒരതിസൂക്ഷ്മവശത്തിലേക്ക് മുരീദുമാരുടെ സജീവശ്രദ്ധ തിരിച്ചിരിക്കുന്നു. ഇതാണത്: സര്‍വപ്രവര്‍ത്തനങ്ങളിലും മാധ്യമങ്ങള്‍ സ്വീകരിച്ചേ പറ്റൂ. എന്നാല്‍ അവയുടെ മേല്‍ അവലംബിക്കാവതല്ല. ഹൃദയം കൊണ്ട് ആ മാധ്യമങ്ങളിലേക്ക് തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യണം.

ഇമാം ഖാളീ ഇയാള്(റ) പറയുന്നു: അനിവാര്യമായ കാര്യങ്ങളില്‍ നിര്‍ബന്ധമായും ശ്രമങ്ങള്‍ അനുവര്‍ത്തിക്കണമെന്നാണ് ദൃഢവിജ്ഞാനികളായ സ്വൂഫികള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍, മാധ്യമങ്ങളിലേക്ക് തിരിഞ്ഞ് സമാധാനിച്ചിരിക്കുന്ന തവക്കുല്‍ ശരിയല്ല.(1) മറിച്ച്, മാധ്യമങ്ങള്‍ ചെയ്യുക എന്നത് അല്ലാഹുവിന്റെ ചര്യയും തത്ത്വവുമാണ്. അവ അനിവാര്യമായി ഉപകാരം ലഭിക്കുകയോ ഉപദ്രവം ഉപരോധിക്കുകയോ ചെയ്യുന്നില്ലെന്ന ദൃഢവിശ്വാസം വേണം. എല്ലാം ഉണ്ടായിത്തീരുന്നത് പടച്ചവനില്‍ നിന്നാണ് എന്ന് ഗ്രഹിക്കണം.(2)
തവക്കുലിന്റെ ശ്രേഷ്ഠത:

സത്യവിശ്വാസത്തിന്റെ ഉല്‍പന്നങ്ങളിലൊന്നും ആത്മജ്ഞാനത്തിന്റെ ഒരു ഫലവുമാണ് അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍. റബ്ബിനെയും അവന്റെ വിശേഷണങ്ങളെയും കുറിച്ച് ഒരാളുടെ ജ്ഞാനം എത്രയുണ്ടാകുമോ അതിനനുസരിച്ചായിരിക്കും അയാളുടെ തവക്കുല്‍. സംഗതികള്‍ യഥാര്‍ഥത്തില്‍ അനുവര്‍ത്തിക്കുന്നത് പടച്ചവന്‍ മാത്രമാണെന്നും മറ്റാരുമല്ലെന്നും മനസ്സിലാക്കുന്നവരേ അവന്റെ മേല്‍ ഭരമേല്‍പിക്കുകയുള്ളൂ. സാക്ഷാല്‍ തവക്കുല്‍ ചെയ്യുന്നവന്‍ അല്ലാഹുവിനെക്കൊണ്ട് അഭിമാനം കൊള്ളുന്നവനും മറ്റൊരാള്‍ക്കും കീഴ്‌പ്പെടാത്തവനുമായിരിക്കും. പടച്ചവനില്‍ മാത്രം ദൃഢവിശ്വാസമുള്ളവനും മറ്റാരോടും യാതൊന്നും ആവശ്യപ്പെടാത്തവനുമാകും. ആത്മജ്ഞാനികളായ മഹാന്മാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ആവശ്യങ്ങളും അപേക്ഷകളുമായി മനുഷ്യരെ സമീപിക്കുക എന്നത് മുരീദിനെ സംബന്ധിച്ചിടത്തോളം ഹീനമത്രേ; ആവശ്യമുള്ളതെന്തും അവന്റെ യജമാനന്റെ പക്കല്‍ തന്നെയുണ്ടല്ലോ.

ഇക്കാരണത്താലാണ് തവക്കുലിനെ ഈമാനുമായി അല്ലാഹു ബന്ധിച്ചത്. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുക.(3) സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കട്ടെ എന്നും ഖുര്‍ആനിലുണ്ട്.(4) സത്യസന്ധവും ആത്മാര്‍ഥവുമായി അല്ലാഹുവിങ്കല്‍ നിന്ന് സുരക്ഷയര്‍ഥിച്ച് സാക്ഷാല്‍ തവക്കുല്‍ ഒരാള്‍ സ്വീകരിക്കുകയാണെങ്കില്‍ റബ്ബ് അവനെ തന്റെ ദിവ്യസ്‌നേഹം എന്ന പദവി കൊണ്ട് ആദരിക്കും. ഏതു വിപത്തുകളും പരീക്ഷണങ്ങളും വന്നെത്തുമ്പോഴും ഇവന്‍ സ്വയം പര്യാപ്തനായിരിക്കും. ഇവന്റെ ഹൃദയം ഐശ്വര്യവും ദാര്‍ഢ്യവും കൊണ്ട് നിര്‍ഭരമാകും. ഇവന്റെ ബാഹ്യത്തെ മാന്യതയും പാതിവ്രത്യവും കൊണ്ട് അവന്‍ അലംകൃതമാക്കും. ഖുര്‍ആന്‍ പറയുന്നു: കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരെ അവന്‍ സ്‌നേഹിക്കുന്നതാകുന്നു. ആരൊരാള്‍ അല്ലാഹുവിന്റെ മേല്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കുന്നുവോ അവന്റെ ഏതു കാര്യത്തിനും പടച്ചവന്‍ തന്നെ മതിയായവനാണ്.

തവക്കുല്‍ ഹൃദയങ്ങളില്‍ ശാന്തിയും സമാധാനവുമുണ്ടാക്കും, വിശിഷ്യ പ്രതിസന്ധിഘട്ടങ്ങളിലും വിപത്തുകളുണ്ടാകുമ്പോഴും. ഹ. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറഞ്ഞു:  (ഞങ്ങള്‍ക്ക് അല്ലാഹു മതി; കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ ഏറ്റം ഉത്തമനത്രേ അവന്‍.) എന്ന ദിക്‌റ് താന്‍ അഗ്നികുണ്ഡത്തിലേക്കെറിയപ്പെട്ട സന്ദര്‍ഭം ഇബ്‌റാഹീം നബി(അ) ഉരുവിട്ടതാണ്. മുഹമ്മദ് നബി (സ്വ-യും അനുയായികളും) പറഞ്ഞതും അതുതന്നെ. മുശ്‌രിക്കുകള്‍ ഇങ്ങനെ വിളംബരം ചെയ്തപ്പോഴായിരുന്നു അത്-‘പ്രതിയോഗികള്‍ നിങ്ങളോട് യുദ്ധം ചെയ്യാനായി വമ്പിച്ച തോതില്‍ യോദ്ധാക്കളെ സമ്മേളിപ്പിച്ചിരിക്കുന്നു.’ തത്സമയം അവര്‍ പ്രതികരിച്ചു: ഞങ്ങള്‍ക്ക് അല്ലാഹു മതി; കാര്യങ്ങള്‍ ഭരമേല്‍പിക്കാന്‍ ഏറ്റം ഉത്തമനത്രേ അവന്‍.

അപ്പോള്‍ ആത്മാര്‍ഥമായി അല്ലാഹുവിങ്കല്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കുന്നവന്‍ അവന്റെ വിധിയില്‍ സംതൃപ്തനായിരിക്കും. അവന്റെ ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കും വിധേയനും ഏതു നിര്‍ണയത്തിലും ഹൃദയശാന്തി കണ്ടെത്തുന്നവനുമാകും. ബിശ്‌റുനില്‍ ഹാഫി(റ) പറയുന്നു: ഞാന്‍ അല്ലാഹുവില്‍ തവക്കുലാക്കി എന്ന് ഒരാള്‍ പ്രസ്താവിക്കും. എന്നാല്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജജല്‍പനം നടത്തുകയാണവന്‍.(4) ശരിയായ തവക്കുലാണ് അവന്‍ നിര്‍വഹിച്ചിരുന്നത് എങ്കില്‍, പടച്ചവന്‍ ചെയ്യുന്ന ഏത് പ്രവൃത്തിയിലും അവന്‍ സംതൃപ്തനായേനെ.

അല്ലാഹുവിങ്കല്‍ വിഷയങ്ങള്‍ ഭരമേല്‍പിക്കുന്നതിനെ തിരുനബി(സ്വ) ശ്ലാഘിച്ചിട്ടുണ്ട്. ജീവിതത്തില്‍ അതിനുള്ള പ്രസക്തിയെയും മനസ്സുകള്‍ സമാധാനപൂര്‍ണമാക്കുന്നതിനായി അതിനുള്ള മൂല്യത്തെയും പറ്റി റസൂല്‍(സ്വ) വിശദീകരിക്കുകയുണ്ടായി. ഒരു ഹദീസ് കാണുക: അല്ലാഹുവിന്റെ മേല്‍ ശരിയായ അര്‍ഥത്തില്‍ നിങ്ങള്‍ തവക്കുല്‍ ചെയ്യുന്നുവെങ്കില്‍ പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നതുപോലെ നിങ്ങള്‍ക്കും അവന്‍ ഭക്ഷണം തരുന്നതാണ്-അവ ഒട്ടിയ വയറുമായി രാവിലെ കൂടു വിട്ടുപോവുകയും നിറഞ്ഞ വയറുമായി വൈകീട്ട് തിരിച്ചെത്തുകയുമാണല്ലോ ചെയ്യുന്നത്. മാധ്യമങ്ങളുമായി ബന്ധപ്പെടുക എന്നത് തവക്കുലിന് എതിരല്ല എന്ന് ഈ ഹദീസില്‍ തന്നെ സൂചനയുണ്ട്. കാരണം, പക്ഷികള്‍ കൂടു വിട്ട് പുറത്തുപോകുന്നുണ്ട്, ഭക്ഷണം അന്വേഷിച്ച് പാറിപ്പറന്ന് നടക്കുന്നുണ്ട്, സ്രഷ്ടാവിനെക്കുറിച്ച് ദാര്‍ഢ്യം പുലര്‍ത്തി പടച്ചവനെ അവലംബിച്ചാണ് അവയങ്ങനെ ചെയ്യുന്നത്. തന്മൂലം ദുഃഖമോ സങ്കടമോ ഒന്നും പക്ഷികള്‍ക്കില്ല.

മുഴുവന്‍ സന്ദര്‍ഭങ്ങളിലും വിഷയങ്ങള്‍ പടച്ചവന്റെ മേല്‍ ഭരമേല്‍പിക്കാന്‍ മുസ്‌ലിം ഉമ്മത്തിനെ തിരുമേനി(സ്വ) പഠിപ്പിച്ചുണ്ട്; വിശിഷ്യ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍. അവിടന്ന് പ്രസ്താവിച്ചു: തന്റെ വീട്ടില്‍ നിന്ന് ഒരാള്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍  (അല്ലാഹുവിന്റെ തിരുനാമത്തോടെ ഞാന്‍ പുറത്തിറങ്ങുകയാണ്. അവന്റെ മേല്‍ കാര്യങ്ങളൊക്കെ ഞാന്‍ ഭരമേല്‍പിച്ചു. ആരാധനകള്‍ ചെയ്യാനുള്ള കഴിവും പാപങ്ങളില്‍ നിന്ന് വ്യതിചലിക്കാനുള്ള ശേഷിയുമൊക്കെ അല്ലാഹുവിനെക്കൊണ്ടു മാത്രമേ ഉണ്ടാകൂ.) എന്ന് പറഞ്ഞാല്‍ അവന് ഇങ്ങനെ പ്രതികരണമുണ്ടാകും: ‘നീ സന്മാര്‍ഗത്തിലാക്കപ്പെടുകയും സ്വയംപര്യാപ്തനാക്കപ്പെടുകയും ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു.’ കൂടാതെ പിശാച് അവന്റെ വഴിയില്‍ നിന്ന് മാറിനില്‍ക്കുന്നതുമാണ്. ഒരു പിശാച് മറ്റൊന്നിനോട് ഇങ്ങനെ ചോദിക്കും: സന്മാര്‍ഗത്തിലാക്കപ്പെടുകയും സ്വയംപര്യാപ്തനാക്കപ്പെടുകയും ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയെ നിനക്ക് എന്തു കാണിക്കാന്‍ കഴിയും?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter