ഓണവിവാദങ്ങള്‍ ബാക്കി വെക്കുന്നത്..

ഓണവും ആഘോഷവുമാണ് കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതെന്ന് തോന്നുന്നു. ഓണം ഹൈന്ദവസുഹൃത്തുക്കളുടെ മാത്രം ആഘോഷമാണോ അതോ കേരളീയരുടെ മുഴുവന്‍ ആഘോഷമാണോ എന്നത് ഇപ്പോഴും തീരുമാനമായിട്ടില്ല. ഓണം ആരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതും മാവേലിയില്‍ തുടങ്ങി ചേരമാന്‍ പെരുമാള്‍ വരെയുള്ള വിവിധ രാജാക്കന്മാര്‍ക്കിടയില്‍ ഇപ്പോഴും തൂങ്ങിക്കിടക്കുക തന്നെയാണ്.

എന്നാല്‍ അവയൊന്നും ചര്‍ച്ചിത വിഷയത്തെ സാരമായി ബാധിക്കുന്നില്ലെന്ന് പറയാം. കാരണം, മുസ്‍ലിംകള്‍ക്ക് ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാമോ എന്നതാണല്ലോ വിഷയത്തിന്റെ മര്‍മ്മം. ഇവ്വിഷയകമായി ഇസ്‍ലാമിക പ്രമാണങ്ങളില്‍നിന്ന് വായിച്ചെടുക്കാവുന്നത് ആദ്യം ചുരുക്കി പറയട്ടെ. ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടേതായ ആഘോഷങ്ങളുണ്ട്. അവയെല്ലാം അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഓണത്തിലും ക്രിസ്തുമസിലും പെരുന്നാളിലുമെല്ലാം ഇത്തരം കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നത് കാണാം. അവയെയെല്ലാം പരസ്പരം മാനിക്കുകയാണ് ആദ്യം വേണ്ടത്, അതോടൊപ്പം, തന്റെ വിശ്വാസമാണ് ശരിയെന്ന് സ്നേഹബുദ്ധ്യാ ഇതരര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനാ ഓരോരുത്തര്‍ക്കും ഉറപ്പ് നല്കുന്നുമുണ്ട്.

ഇനി ഇതരരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലേക്ക് വരാം. മറ്റൊരു മതത്തിന്റെ ആഘോഷങ്ങളിലും ചടങ്ങുകളിലും ആ ഒരു ലക്ഷ്യത്തോടെ പങ്കെടുക്കുകയെന്നത് ഒരിക്കലും തന്റെ വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുന്ന ഏതൊരാള്‍ക്കും ചെയ്യാനാവില്ലല്ലോ, കാരണം അതോടെ അയാളുടെ വിശ്വാസത്തിന് തന്നെ കോട്ടം തട്ടുകയാണല്ലോ ചെയ്യുന്നത്.

എന്നാല്‍ അവരുടെ മതാഘോഷത്തില്‍ പങ്കെടുക്കുകയാണെന്ന ലക്ഷ്യമൊന്നുമില്ലാതെ, അവ കണ്ട് നില്‍ക്കുകയോ സുഹൃത്തുക്കളുടെയോ അയല്‍വാസികളുടെയോ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് (ഭക്ഷണത്തില്‍ നിഷിദ്ധമായതൊന്നും ഇല്ല എന്ന നിബന്ധനയോടെ) തെറ്റാണെന്ന് പറഞ്ഞുകൂടാ. പരസ്പര സ്നേഹവും മാനവിക സൌഹാര്‍ദ്ദവും നിലനിര്‍ത്താന്‍ അത് പലപ്പോഴും ഫലപ്രദവുമാണ്. വിശിഷ്യാ, മനുഷ്യമനസ്സുകള്‍ക്കിടയില്‍ മതിലുകള്‍ തീര്‍ക്കാന്‍ ബോധപൂര്‍വ്വം കൊണ്ടുപിടിച്ചശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത്. ഇക്കാര്യം മുമ്പ് പലപ്പോഴും പലയിടങ്ങളിലായി ഈ സൈറ്റിലൂടെ തന്നെ നാം തുറന്ന് പറഞ്ഞതുമാണ്. Www.fatwaonweb.net

ഇനി ഈ ചര്‍ച്ചയില്‍ ഉള്‍പ്പെടുന്നവരോടാണ് പറയാനുള്ളത്. ഇവരെ മൂന്ന് വിഭാഗമാക്കി തിരിക്കാമെന്ന് തോന്നുന്നു. ഒന്നാമതായി വിശ്വാസികള്‍. പലരും ഈ വിഷയത്തോട് പല രീതിയില്‍ പ്രതികരിച്ചതായാണ് കാണാന്‍ കഴിഞ്ഞത്. നാം ജീവിക്കുന്നത് ഒരു ബഹുസ്വര സമൂഹത്തിലാണെന്നും സാമൂഹ്യമാധ്യമങ്ങള്‍ വഴി എഴുതിവിടുന്നത് എല്ലാവരിലേക്കും ഒരു പോലെ എത്തുമെന്നുമുള്ള സാമാന്യ ബോധമാണ് ആദ്യമായി നമുക്കുണ്ടാവേണ്ടത്. ഇത്തരം വിഷയങ്ങളിലെ മതവിധി എന്താണെന്ന് മനസ്സിലാക്കിയേ ഇനിയെങ്കിലും പ്രതികരിക്കാവൂ. എന്തിനും ഏതിനും പ്രതികരിക്കണമെന്ന വാശി പലപ്പോഴും കോട്ടമാണ് സമുദായത്തിനും സമൂഹത്തിനും വരുത്തി വെക്കുന്നത്. നേരത്തെ അറിയിച്ചില്ലെങ്കിലും അറിയിക്കുന്നത് നേരാവണമെന്ന വാശിയാണ് നമുക്ക് വേണ്ടത്.

രണ്ടാമത്തെ വിഭാഗം, ദൈവവിശ്വാസമില്ലാത്തവരാണ്. അവര്‍ക്ക് വിവിധ മതക്കാര്‍ തമ്മില്‍ അടിപിടികൂടുന്നതും മതത്തിന്റെ പേരില്‍ തമ്മില്‍തല്ലുന്നതും കാണാന്‍ രസമായിരിക്കാം. അതിനായി ഇടക്കിടെ ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നേക്കാം. മതങ്ങളില്‍ വിശ്വാസമില്ലെങ്കിലും മാനുഷിക മൂല്യങ്ങളെങ്കിലും ഉണ്ടാവണേ എന്ന് നമുക്ക് അവരോട് സ്നേഹത്തിന്റെ ഭാഷയില്‍ ആവശ്യപ്പെടാം, അല്ലാത്തവരോട് സഹതപിക്കാം. മേലിലെങ്കിലും ഇത്തരം ഇരകളില്‍ കൊത്താതിരിക്കാന്‍ നമുക്ക് ശ്രമിക്കാം.

ഇതര മതസ്ഥരാണ് മൂന്നാമത്തെ വിഭാഗം. പ്രധാനമായും പറയാനുളളത് അവരോടാണ്. ഇസ്‍ലാം ഇതരമതങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമാവുന്ന പ്രധാന ഘടകം ഏകദൈവവിശ്വാസമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെല്ലാം ചെയ്യുന്നത് അല്ലാഹു മാത്രമാണെന്നും ആരാധനകളെല്ലാം നിര്‍വ്വഹിക്കേണ്ടത് അവനാണെന്നുമാണ് മുസ്‍ലിംകളുടെ അടിസ്ഥാന വിശ്വാസം. അതിലൂടെ മാത്രമേ പരലോകമോക്ഷം സാധ്യമാവൂ എന്ന് വിശ്വസിക്കുന്നതോടൊപ്പം, എല്ലാവരും ആ വിശ്വാസം ഉള്‍ക്കൊള്ലണമെന്നും അതിലൂടെ സ്വര്‍ഗ്ഗാവകാശികളാവണമെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് മുസ്‍ലിംകള്‍. ആദ്യപ്രാവചകനായ ആദം നബി (അ) മുതല്‍ മൂസാ (അ), ഈസാ (അ) അടക്കം അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ്വ) വരെയുള്ള മുഴുവന്‍ പ്രവാചകന്മാരും  ഈ സന്ദേശത്തിലേക്കാണ് ജനങ്ങളെ ക്ഷണിച്ചതും. പ്രവാചകര്‍ക്ക് ശേഷം, ഈ സന്ദേശം ഇതരമതസ്ഥരായ സുഹൃത്തുക്കള്‍ക്ക് എത്തിച്ചുകൊടുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമായി അവര്‍ കാണുന്നു, അത് നിര്‍വ്വഹിക്കാത്ത പക്ഷം, അവര്‍ കൂടി ഉത്തരവാദികളാകുന്നതുമാണ്. അത് കൊണ്ട് തന്നെ, ഏകദൈവ വിശ്വാസത്തിന് വിരുദ്ധമാവുന്ന ഒന്നിന്റെയും ഭാഗമാവാന്‍ ഒരിക്കലും ഒരു മുസ്‍ലിമിന് സാധിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ.

അത് കൊണ്ട് തന്നെ, അത്തരം കാര്യങ്ങള്‍ വരുമ്പോള്‍, അവ ചെയ്യാതെ മാറി നില്‍ക്കാന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന മൌലികാവകാശം വകവെച്ച് കൊടുക്കാന്‍ നിങ്ങളും തയ്യാറാവണമെന്നത് ഒരു ന്യായമായ ആവശ്യമല്ലേ. പറ്റില്ലെന്ന് വാശിപിടിക്കുന്നത് ഫാഷിസമാണല്ലോ. കേരളത്തിലെന്നല്ല, ഇന്ത്യയിലെതന്നെ ഹൈന്ദവ വിശ്വാസികളില്‍ ബഹുഭൂരിഭാഗവും ഈ ബഹുസ്വരതയെ അംഗീകരിക്കുന്നവരും അത്തരം ഇന്ത്യയുടെ ഭാഗമാണെന്നതില്‍ അഭിമാനിക്കുന്നവരും ഭാരതം എന്നും അങ്ങനെത്തന്നെയായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണെന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.

സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്പരം കടിച്ചുകീറാന്‍ മുറവിളി കൂട്ടുന്നവര്‍, അതിനായി ശമ്പളം പറ്റുന്നവരോ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമായവരോ ആയ ഏതാനും ചില പാവങ്ങള്‍ മാത്രമാണ്. സമൂഹത്തിലേക്കിറങ്ങുമ്പോഴേ യഥാര്‍ത്ഥ ചിത്രം കാണാനാവൂ. രാമന്റെ ബൈകിന് പിന്നില്‍ പോവുന്ന മുഹമ്മദും ബീരാന്‍റെ ഹോട്ടലില്‍ സൊറ പറഞ്ഞിരിക്കുന്ന ദാമുവേട്ടനുമെല്ലാമാണ് ഇപ്പോഴും അവിടെയുള്ളത്. അതിനാല്‍ നമുക്ക് യാത്ര തുടരാം. സൌഹാര്‍ദ്ദപൂര്‍ണ്ണമായ മതേതര ഇന്ത്യ മരിക്കാതെ നമുക്ക് നോക്കാം.

ഒരച്ഛനമക്ക് പിറന്ന മക്കള്‍

ഓര്‍ത്താലൊരൊറ്റത്തറവാട്ടുകാര്‍ നാം

നാഥന്‍റെ മുറ്റത്ത് വിളഞ്ഞിടുന്ന

നന്മുന്തിരിക്കൊന്ന് മനുഷ്യവര്‍ഗ്ഗം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter