ജനാധിപത്യ ഇന്ത്യയുടെ വര്‍ത്തമാനങ്ങള്‍
അന്താരാഷ്ട്രാ ജനാധിപത്യ ദിനമായിരുന്നു ഇന്നലെ (സെപ്തംബര്‍ 15). യു.എന്‍ പൊതുസഭയുടെ തീരുമാന പ്രകാരമാണ് സെപതംബര്‍ 15 അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആചരിക്കുന്നത്. ഈ സാഹചര്യത്തിലെ ജനാധിപത്യ ഇന്ത്യയിലെ വര്‍ത്തമാനങ്ങളിലൂടെ കണ്ണോടിച്ചാല്‍ തീര്‍ത്തും ദാരുണമായ അവസ്ഥയാണ് ഇന്ത്യന്‍ ജനാധിപത്യതിനുള്ളതെന്ന് വ്യക്തമാകും. ദളിത ന്യൂനപക്ഷ അവകാശധ്വസംനങ്ങളുടെ നിരന്തര സംഭവങ്ങളാണ് സമീപകാലത്ത് രാജ്യത്തുണ്ടായിട്ടുള്ളത്. ജനാധിപത്യ സംവിധാനങ്ങള്‍ ഒന്നൊന്നായി വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നു. ജമ്മുകാശ്മീര്‍, എന്‍.ആര്‍.സി, ആള്‍കൂട്ടകൊലപാതകം തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം. ഇത്തരം ചെയ്തികളിലൂടെ അശാന്തിയുടെ വിളനിലമാകുകയാണ് ഭാരതാംബയുടെ മണ്ണ്.
സംഘപരിവാര്‍ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യത്തെ ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമുപയോഗിച്ച് വിമര്‍ശന മുന്നയിക്കുകയോ പ്രതികരിക്കുകയോ ചെയ്താല്‍ അവരെ രാജ്യദ്രോഹിയാക്കാനും തടവിലാക്കാനും ഭരണകൂടം മടിക്കാത്ത കാലം. ഡല്‍ഹി കലാപത്തിന് വിത്ത്പാകിയ ഫാഷിസത്തിന്റെ വക്താക്കള്‍ പലരും ഇപ്പോഴും സ്വതന്ത്ര്യരായി കഴിയുമ്പോള്‍ പരാതി ഉന്നയിച്ചവര്‍ പലരും പല കേസുകളും ചാര്‍ത്തപ്പെട്ട് അകത്ത് കഴിയുന്നു.
രാജ്യത്തെ പ്രമുഖ ചിന്തകരും എഴുത്തുകാരും ബുദ്ധിജീവികളും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും കലാകാരന്മാരും വിദ്യാര്‍ത്ഥികളും തുടങ്ങി പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്ന ഫാസിസ്റ്റ് വാഴ്ചയാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഉമര്‍ഖാലിദിനെ അറസ്റ്റ് ചെയ്തത് അതിലെ ഒടുവിലെത്തെ ഉദാഹരണം മാത്രം.
സീതാറാം യെച്ചൂരി, യോഗേന്ദ്രയാദവ്,ഡോക്യു സംവിധായകന്‍ രാഹുല്‍ റോയ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫ. അപൂര്‍വാനന്ദ് തുടങ്ങിയവരെല്ലാം വേട്ടയാടപ്പെടലിന്റെ ഇരകളാണ്. പ്രതികരിക്കുന്നവരെ വിവിധ കുറ്റങ്ങള്‍ ചുമത്തുന്ന, വിമര്‍ശിക്കുന്നവരെ വേട്ടയാടുന്ന ഫാഷിസ്റ്റ് സമീപനമാണ് രാജ്യത്ത് നടപ്പിലാകുന്നത്. എന്‍.ആര്‍.സി സമരത്തില്‍ പങ്കെടുത്തത്തിന്റെ പേരിലാണ് ഡോ. കഫീല്‍ഖാനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നത്.
ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി സഫൂറ സര്‍ഗാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, മീരാന്‍ ഹൈദര്‍, ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഷിഫാഉര്‍റഹ്മാന്‍, ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം, ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ്, യുണൈറ്റഡ് എഗൈനസ്റ്റ് ഹെയ്റ്റ് പ്രവര്‍ത്തകന്‍ ഖാലിദ് സെഫി കോണ്‍ഗ്രസ് വനിതാ നേതാവ് ഇസ്രത്ത് ജഹാന്‍, ഗുല്‍ഷിഫ ഫാത്തിമ അലീഗഢ് സര്‍വകലാശാല വിദ്യാര്‍ഥി ഷര്‍ജീല്‍ ഉസ്മാന്‍ എന്നിവരെല്ലാം അറസ്റ്റ് നേരിട്ടത് തന്നെ ഭരണകൂട വേട്ടയുടെ ഉദാഹരണമാണ്.
സംഘപരിവാര്‍ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള ജനാധിപത്യ രീതിയിലുള്ള പ്രതികരണങ്ങളെ ഇല്ലാതാക്കാനുള്ള ദ്രുവീകരണശ്രമങ്ങളാണ് രാജ്യത്തെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്. ഫാഷിസം സ്വന്തം പടിവാതിലിലേക്കെത്തുന്നത് വരെ മൗനം ദീക്ഷിക്കുന്നത് ജനാധിപത്യത്തോട് ചെയ്യുന്ന ക്രൂരതയാണ്, വേട്ടയാടപ്പെടുന്നവര്‍ക്ക് വേണ്ടി, നമ്മുടെ രാഷ്ട്രപിതാക്കള്‍ സ്വപ്‌നം കണ്ട ജനാധിപത്യ ഇന്ത്യക്കായ് നമുക്ക് ഒരുമയോടെ ശബ്ദമുയര്‍ത്താം.
അബ്ദുല്‍ ഹഖ് .എ.പി മുളയങ്കാവ്
Leave A Comment