മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രയേല്‍ നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍

മുസ്‌ലിംകളുടെ പുണ്യകേന്ദ്രമായ മസ്ജിദുല്‍ അഖ്‌സ വളപ്പില്‍ ഇസ്രയേല്‍ നിയന്ത്രണം ശക്തമാക്കിയതോടെ വീണ്ടും സയണിസ്റ്റ് ഭീകരത ചര്‍ച്ചയാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിസ്‌കരിക്കാനെത്തിയവര്‍ക്കു നേരെയുണ്ടായ പോലീസ് ബലപ്രയോഗം വലിയ സംഘര്‍ഷങ്ങള്‍ക്ക് വാതില്‍ തുറക്കുകയാണ്. തുടര്‍ന്നുണ്ടായ പോരാട്ടത്തില്‍ മൂന്നു ഫലസ്തീനികള്‍ ദാരുണമായി വധിക്കപ്പെടുകയും അനവധിയാളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. ഇസ്രയേലിന്റെ ഈ ധിക്കാരത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. 

കഴിഞ്ഞ 14 ന് ഫലസ്തീന്‍ പൗരന്മാരും ഇസ്രയേല്‍ പട്ടാളവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിതുറക്കുന്നത്. അതിനെ തുടര്‍ന്ന് ഇസ്രയേല്‍ മസ്ജിദുല്‍ അഖ്‌സായിലേക്കുള്ള പ്രവേശനത്തില്‍ ഫലസ്തീനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് പള്ളി തുറന്നുനല്‍കിയതുമില്ല. ഞായറാഴ്ചയാണ് പിന്നീടത് തുറന്നുകൊടുത്തത്. അതുതന്നെ, പൂര്‍ണനിയന്ത്രണത്തിനു കീഴിലും. 

പള്ളിയിലേക്ക് പ്രവേശിക്കുന്നിടത്ത് ഇലക്ട്രോണിക് ഗേറ്റ് സ്ഥാപിച്ചുകൊണ്ടാണ് ഇസ്രയേല്‍ നിയന്ത്രണം ശക്തമാക്കിയിരിക്കുന്നത്. 50 വയസിനു താഴെയുള്ളവര്‍ പള്ളിയിലേക്കും ജറൂസലം നഗരത്തിലേക്കും പ്രവേശിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.

പള്ളിയിലേക്കുള്ള പ്രവേശനത്തില്‍ ഇസ്രയേല്‍ കൊണ്ടുവന്ന അന്യായമായ ഈ നിയന്ത്രണത്തെ ഒരു വെല്ലുവിളിയായിട്ടാണ് ഫലസ്തീനികള്‍ സ്വീകരിച്ചിരിക്കുന്നത്. പള്ളിപ്രവേശനം നിയന്ത്രമാധീതമായി തങ്ങളുടെ അവകാശമാണെന്നും അതിനെതിരെയുള്ള ഏതു ശ്രമങ്ങളോടും തങ്ങള്‍ പോരാടുമെന്നും അവര്‍ പറയുന്നു. 

1969 നു ശേഷം ഇതാദ്യമായാണ് പള്ളി നിസ്‌കരിക്കുന്നവര്‍ക്ക് തുറന്നുകൊടുക്കാതെ സൈന്യം അടച്ചുപൂട്ടുന്നത്. അതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പള്ളിക്കു പുറത്തുനിന്നാണ് വിശ്വാസികള്‍ നിസ്‌കരിച്ചിരുന്നത്. പള്ളിയിലേക്ക് പ്രവേശിക്കാന്‍ ഇലക്ട്രോണിക് ഗേറ്റ് സ്ഥാപിച്ചതും മുസ്‌ലിംകളെ ചൊടിപ്പിച്ചിട്ടുണ്ട്. 

മുസ്‌ലിംകള്‍ക്ക് പ്രാര്‍ത്ഥനക്കും ജൂതന്മാര്‍ക്ക് സന്ദര്‍ശനത്തിനും മസ്ജിദുല്‍ അഖ്‌സായില്‍ അനുമതി നിലനില്‍ക്കെയാണ് ഇസ്രയേല്‍ പട്ടാളം ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. മുസ്‌ലിംകളെ ക്രമേണ പള്ളിപ്രവേശത്തില്‍നിന്നും മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ ഭാഗികമായ നിയന്ത്രണം. 

മൂന്നുപേരുടെ മരണത്തില്‍ കലാശിച്ച പുതിയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച്, അഖ്‌സാ പള്ളിയില്‍ മുന്‍കാല സ്ഥിതി തന്നെ തുടരണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങള്‍ മുന്നോട്ടുവന്നത് ശുഭകരമാണ്. അഖ്‌സായിലെ സംഘര്‍ഷം ആശങ്കാജനകമാണെന്നും പള്ളിയുടെ സംരക്ഷണ ചുമതലയുള്ള ജോര്‍ദാനും ഇസ്രയേലും സമാധാനം തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വൈറ്റ്ഹൗസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന് ഇസ്രയേലും ജോര്‍ദാനും ശ്രമിക്കണമെന്ന് യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കിയിരിക്കുന്നു. 

ഹറമിലും ഖുദ്‌സിലുമുള്ള ചരിത്രശേഷിപ്പുകള്‍ ലോകമുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടതാണെന്നും ആയതിനാല്‍ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും വ്യക്തമാക്കിയിട്ടുണ്ട്. ലബനാനും ജോര്‍ദാനും സഊദിയും പറ്റു പല രാജ്യങ്ങളും ഇസ്രയേലിന്റെ ഈ ക്രൂരനടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. അഖ്‌സായില്‍ പൂര്‍വ്വ സ്ഥിതി നിലനിര്‍ത്തി, എന്നും സമാധാനം കളിയാടാന്‍ ആവശ്യമായതെല്ലാം ബന്ധപ്പെട്ടവരില്‍നിന്നും ഉണ്ടാവണമെന്നും അവ ആവശ്യമുന്നയിച്ചിട്ടുണ്ട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter