സി.എം. അബ്ദുല്ല മൗലവിയും ഉത്തര മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനവും

‘ഇന്ത്യയില്‍ നിന്നുള്ള പണ്ഡിതരുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഞാന്‍ 1999 മാര്‍ച്ച് മാസം 7 ാം തീയ്യതി കേരള പ്രവിശ്യയിലെ കാസര്‍കോടെത്തുന്നത്. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സെന്ന മഹത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യാനായിരുന്നു ആ യാത്ര. ആ സ്ഥാപനത്തില്‍ അനാഥകളും അഗതികളുമായ നിരവധി വിദ്യാര്‍ത്ഥികള്‍ മത ലൗകിക വിദ്യാഭ്യാസം നേടുന്നു. അവര്‍ക്ക് സൗജന്യ താമസ ഭക്ഷണ സൗകര്യങ്ങളാണ് പഠനത്തിനായി ഒരുക്കിയിട്ടുള്ളത്. സമ്മേളനത്തില്‍ വെച്ച് സംഘാടകരുടെ ആവശ്യം മാനിച്ച് ഞാനൊരു നിമിഷക്കവിത ആലപിക്കുകയുണ്ടായി. കവിത ഒരു പണ്ഡിതന്‍ മലബാറി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. ഞാനെഴുതിയ കവിത ആദരസൂചകമായി ആ സ്ഥാപനത്തില്‍ എടുത്തുവെച്ചിട്ടുണ്ട്. ഈ ബൃഹത് വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പണ്ഡിതശ്രേഷ്ംരായ അശൈഖ് ഖാസി അബ്ദുല്ലയാണ്’

ഒമാന്‍ സുല്‍ത്താനേറ്റിലെ വിദ്യാഭ്യാസ മേധാവിയായിരുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായ ഹസന്‍ ബ്‌നു മുഹമ്മദ് ബ്‌നു മഅ്ഫൂളുല്‍ ഖസ്‌റജി തന്റെ ‘മഫാതീഉല്‍ ഉളൂളി ഫീ റിഹ്‌ലത്തി ഇബ്‌നി മഅ്ഫൂള്” എന്ന അറബി ഗ്രന്ഥത്തില്‍ (പേജ് 297) കുറിച്ചതാണ് ഈ വരികള്‍. യുഎഇയിലെ അബൂദബിയിലും ദുബൈയിലും ഒമാനിലെ മുസന്ധമിലുമായി കുറേക്കാലം വിദ്യാഭ്യാസ ജാഗരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഈ അറബി പണ്ഡിതന്‍ കേരളത്തിലെ വിദ്യാഭ്യാസ സംസ്‌ക്കരണ പക്രിയകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പണ്ഡിതനേതൃത്വത്തെ ശ്ലാഘിച്ചുക്കൊണ്ടാണ് ആ കവിതയിലെ വരികള്‍ പൂര്‍ത്തിയാക്കിയത്. (അതേ പുസ്തകം പേജ് 298). ഉത്തരകേരളത്തില്‍ വിപ്ലവാത്മകമായ വിദ്യാഭ്യാസ പ്രസരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സിഎം അബ്ദുല്ല മൗലവി ചെമ്പരിക്കയെ പ്രത്യേകം എടുത്തുപ്പറയുന്നുണ്ട്.

ബഹുമുഖ പ്രതിഭാധനനായ സിഎം അബ്ദുല്ല മൗലവിയുടെ വിദ്യാഭ്യാസ സംസ്‌ക്കാരിക സാഹിത്യ സംഭാവനകള്‍ പൊതുജന സമക്ഷം അനാവരണം ചെയ്യപ്പെടാതിരിക്കുന്നത് അദ്ദേഹത്തോടുള്ള രണ്ടാം കൊലയായി കണക്കാക്കപ്പെടുക തന്നെ ചെയ്യും. അവ അമര സ്മരണകളായി എന്നും നാടിനും നാട്ടാര്‍ക്കുമൊപ്പം ഉണ്ടാവണം. സ്മരണകള്‍ എന്നും ജീവിക്കും. നാം വിസ്മരിക്കരുതെന്ന് മാത്രം.

യഥാര്‍ത്ഥത്തില്‍, കേരളത്തില്‍ പൊതുവായും ഉത്തരകേരളത്തില്‍ പ്രത്യേകിച്ചും ദക്ഷിണ കര്‍ണാടകയില്‍ ഭാഗികമായും മത മതേതര സമന്വയ വിദ്യാഭ്യാസത്തിന് ആശയം പാകിയത് സിഎം അബ്ദുല്ല മൗലവിയാണെന്ന് തറപ്പിച്ചു പറയാനാവും. അതിന്റെ പ്രയോഗവല്‍ക്കരണത്തില്‍ കാലതാമസമുണ്ടായെങ്കിലും കാസര്‍കോട് ജില്ലയില്‍ അനവധി വിദ്യാഭ്യാസ സംസ്ഥാപനങ്ങള്‍ക്ക് സ്ഥാപക സാരഥ്യവും അധ്യാപക സേവനവും നല്‍കി മാറ്റങ്ങള്‍ക്ക് തിരി കൊളുത്തിയവരാണ് മഹാനവര്‍കള്‍.

ദേളി സഅദിയ്യ കോളേജും ചട്ടഞ്ചാലിലും ഉദുമയിലുമായുള്ള മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സും യശ്ശരീരനായ സിഎം അബ്ദുല്ല മൗലവിയുടെ നേതൃത്വത്തിലുള്ള ഉലമാ ഉമറാ കൂട്ടുകെട്ടിന്റെ ഭാഗമായി സ്ഥാപിതമായതാണ്. മാത്രമല്ല, നീലേശ്വരം മര്‍കസും പരവനടുക്കം ആലിയ കോളേജും സിഎം ഉസ്താദെന്ന മഹാന്റെ ധന്യ സാരഥ്യത്തില്‍ അനുഗ്രഹീതമായതുമാണ്. ചുരുക്കത്തില്‍ വിജ്ഞാനീയങ്ങള്‍ക്കായി ഒഴിഞ്ഞു വെച്ചതായിരുന്നു ആ ജീവിതം.

ഇംഗ്ലീഷ് ഭാഷാജ്ഞാനവും സ്ത്രീ വിദ്യാഭ്യാസവും തഴഞ്ഞ പഴഞ്ചരും അപരിഷ്‌കൃതരുമെന്ന് പരമ്പരാഗത പണ്ഡിതരെ പരിഹസിച്ചിരുന്ന ഉല്‍പതിഷ്ണുക്കളുള്ള സമൂഹത്തിലാണ് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഇതര ഭൗതിക ശാസ്ത്രങ്ങളും സ്വയത്തമാക്കി ഒരു ഇസ്ലാമിക പണ്ഡിതന്‍ വിദ്യാഭ്യാസം വിപ്ലവം സാധ്യമാക്കിയത്. പാരമ്പര്യ ഇസ്ലാമിക ഗോളശാസ്ത്രത്തോടൊപ്പം (ഇല്‍മുല്‍ ഫലക്) ആധുനിക വാന ഗോള ശാസ്ത്രവും അത്യാധുനിക സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി ആദ്ദേഹം നടത്തിയ ഗവേഷണങ്ങളും, കണ്ടെത്തിയ വാന നിരീക്ഷണ കോമ്പസ്സുകളും ആ മാഹാത്മാവിന്റെ വിദ്യാമാഹാത്മ്യം വിളിേേച്ചാതുന്ന സാക്ഷിപത്രങ്ങളാണ്. ്അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള ഗോള ശാസ്ത്രപഠനങ്ങളും ഗഹനമാണ്.

നറു പുഞ്ചിരിയും ലളിത പെരുമാറ്റവും സൗമ്യ ഭാഷണവും അതുല്യമാക്കിയ ആ വ്യക്തിത്വത്തിലേക്ക് പ്രൗഡമായ പാണ്ഡിത്യവും ചേര്‍ന്നപ്പോഴാണ് വടക്കന്‍ മലബാര്‍ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സംസ്‌കാരിക ഉണര്‍വ് ദൃശ്യമായത്. ആ പണ്ഡിത സൗന്ദര്യത്തില്‍ നിന്നുയിര്‍ ക്കൊണ്ട വാക്കുകളും ലിഖിതങ്ങളുമാണ് ഒരു സമൂഹത്തെ നയിച്ചതും നയിച്ചുക്കൊണ്ടിരിക്കുന്നതും. മഹിതമായ കുടുംബ പാരമ്പര്യവും ആ അതുല്യതയുടെ മാറ്റ് കൂട്ടുകയാണുണ്ടായത്.

പോക്കര്‍ഷ (പോക്കൂഷാ) മുതല്‍ ഈ മഹാപണ്ഡിത ഇതിഹാസം വരെയുള്ള കണ്ണികള്‍ നാടിനും നാട്ടാര്‍ക്കും ആത്മബലവും ആത്മീയ വലയവും നല്‍കിയെന്നതില്‍ സന്ദേഹിക്കാനില്ല. അവരുടെ പൂര്‍വ്വ സൂരികള്‍ പ്രവാചക അനുചരരായ സ്വഹാബത്തോളം എത്തിനില്‍ക്കുന്ന മഹത് നിരയാണ്. ദിവ്യ സ്വപ്‌നപ്രകാരം പോക്കര്‍ഷാ നദിയോര നാഗരിക പ്രദേശമായ ചെമ്മനാട് വിട്ട് അറബിക്കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചെമ്പരിക്കയില്‍ പോയതും പള്ളിക്കടുത്ത് താമസിച്ചതും ചരിത്രനിയോഗങ്ങളാണ്. സൂഫിവര്യനായിരുന്ന പോക്കര്‍ഷായുടെ മകന്‍ അബ്ദുല്ലാഹില്‍ ജംഹരി എന്നവരാണ് പിന്നീടുള്ള ധാര്‍മികാന്തരീക്ഷം കൂടുതല്‍ സജീവമാക്കിയത്. അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് കുഞ്ഞി മുസ്ലിയാരാണ് നാടുണര്‍ത്തിയ നവോത്ഥാനത്തിന് നേതൃത്വം നല്‍കിയത്. ഖാസിയും മുദരിസുമായിരുന്ന അദ്ദേഹം മന്ത്രിച്ചൂതിയ വെള്ളത്തിനും നൂലിനും കാത്തു നില്‍ക്കുന്ന നീണ്ട നിര അന്ന് ചെമ്പരിക്ക തീരത്തെ സ്ഥിരം കാഴ്ചയായിരുന്നു. മതജാതി ഭേദമന്യെ എല്ലാവരും ആ മഹാനെ കാണുകയും പ്രാര്‍ത്ഥനക്ക് അപേക്ഷിച്ച് അനുഗ്രഹം തേടുകയും ചെയ്തിരുന്നു. അത്യാഹിതങ്ങള്‍ക്കും ശാരീരിക പ്രയാസങ്ങള്‍ക്കും മാനസിക അസ്വസ്തകള്‍ക്കുമുള്ള പൂര്‍ണശമനം കേളി കേട്ടതായിരുന്നു. പാമ്പ് തേള്‍ വിഷങ്ങള്‍ക്കുള്ള മന്ത്രൗഷധത്തിനായി ദൂരദിക്കുകളില്‍ നിന്ന് പോലും അനവധിപേര്‍ എത്താറുണ്ടായിരുന്നു.(ഇക്കാര്യങ്ങള്‍ സിഎം ഉസ്താദ് തന്നെ പിതാവിന്റെ സ്മരണക്കായി രചിച മന്‍ഖബതുല്‍ മര്‍ഹൂം മുഹമ്മദ് കുഞ്ഞി മുസ്ലിയാരില്‍ ശംരീക്കി എന്ന അറബി ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്) അവരാണ് ചെമ്പരിക്ക വലിയ ഖാളിയാര്‍ചയായി അറിയപ്പെടുന്നത്. ഈയൊരു സാമൂഹികാന്തരീക്ഷത്തിലാണ് അവര്‍ക്ക് അബ്ദുല്ല എന്ന പൊന്നോമന ജനിക്കുന്നത്. അതായത് നമ്മുടെ സ്മരണീയ പുരുഷന്‍ ശൈഖുനാ സിഎം അബ്ദുല്ല മൗലവി ചെമ്പരിക്ക.

അവരിലൂടെയാണ് വടക്കേ മലബാറിന്റെയും ദക്ഷിണ കര്‍ണാടകത്തിന്റെയും മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ നവോത്ഥാനം പൂര്‍ണമാവുന്നത്. വ്യക്തിസുവിശേഷങ്ങളുള്ള ആദരണീയനായി സമൂഹത്തില്‍ വിരാജിച്ച മഹാനവര്‍കളാണ് പിന്നീട് ചെമ്പരിക്ക ഖാസിയാര്‍ച്ചയായി അവരോധിതനായത്. വിദ്യയുടെ എല്ലാമായിരുന്നു. വിദ്യാര്‍ത്ഥിയും അധ്യപകനും വിദ്യാ സംഘാടകനും സ്ഥാപകനും സ്ഥാപനമേധാവിയുമൊക്കെയായിരുന്നു. എല്ലാം ധര്‍മ്മത്തിലധിഷ്ഠിതമായിക്കൊണ്ട് ആധുനിക പുരണേണ്ട സാഹചര്യത്തിലും പാരമ്പര്യ കണ്ണി കൈവിടാതെ ഒരു മഹാ വൃന്ദത്തെ നയിച്ച പരിഷ്‌ക്കര്‍ത്താവ് കൂടിയായിരുന്നു. തീര്‍ത്തും പണ്ഡിതോചിതമായിരുന്നു ആ ജീവിതവും ദര്‍ശനവും. പ്രവാചകാനുരാഗത്തില്‍ ധര്‍മ്മപാഠങ്ങള്‍ക്കായി ജീവിതാര്‍പ്പണം നടത്തിയ ഈ സ്വാതികന്‍ അവസാന കാലങ്ങളില്‍ രോഗശയ്യയില്‍ കിടക്കുമ്പോള്‍ പ്രവാചകാപദാനങ്ങളുടെ ഖസീദത്തുല്‍ ബുര്‍ദ ഈരടികളുടെ ഗദ്യ പരിഭാഷ തയ്യാറാക്കി ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. ബുര്‍ദാ രചയിതാവായ ഇമാം ബൂസ്വൂരിയുടെ വാതരോഗം ആ കാവ്യം രചിച്ച സാഹചര്യത്തില്‍ ശമനം പ്രാപിച്ചപ്പോള്‍ സിഎം അബ്ദുല്ല മൗലവിയുടെ കരള്‍ സംബന്ധമായ രോഗം പൂര്‍ണമായും സുഖപ്പെടുകയാണുണ്ടായത്. പ്രവാചക കുടുംബത്തോടും അതിരറ്റ ബഹുമാനവും സ്‌നേഹവുമായിരുന്നു. ആ വിയോഗം പോലും പ്രവാചകാനുരാഗത്തിന്റെ താളാത്മകത വിളിച്ചോതുന്നതായിരുന്നു. ഫെബ്രുവരി 15ന് മഹാന്‍ പരലോകം പുല്‍കിയപ്പോള്‍ ഫെബ്രുവരി 16ന്റെ പൊതുജന വായന പ്രവാചകാപദാനങ്ങളുടെ കാവ്യഭംഗിയായ ബുര്‍ദക്കുറിച്ചായിരുന്നു. അങ്ങനെ കൂടുതല്‍ പേര്‍ക്ക് ബുര്‍ദാ കാവ്യത്തെക്കുറിച്ചറിയാനും പാരായണം ചെയ്യാനും സാധിച്ചുവെന്നതാണ് വസ്തുത.

അനേകം വിഷയങ്ങളില്‍, വിവിധ ഭാഷകളില്‍, വിത്യസ്ത കലകളില്‍ ഗ്രന്ഥരചന നടത്തിയ സിഎം ഉസ്താദിന്റെ ഗദ്യ പദ്യ രചനകളിലുള്ള സാഹിതീയ വിലയിരുത്തലുകള്‍ കാര്യമായി നടന്നിട്ടില്ലയെന്നത് ദുഖസത്യമാണ്. തന്റേതായി തൂലികയില്‍ നിന്ന് വിരിഞ്ഞ മാലയും മൗലിദും ഗോളശാസ്ത്രവും ചരിത്രപഠനവും ഇസ്ലാമിക ധര്‍മപാഠ പഠനങ്ങളും ശ്രദ്ധേയമാണ്. എന്നാല്‍ 1980 കാലങ്ങളില്‍ ഒരു ഇസ്ലാമിക സാംസ്‌കാരിക മാസിക ഉത്തര മലബാറില്‍ നിന്ന് പുറത്തിറങ്ങിയിരുന്നതായി നമ്മുക്കറിയുമോ, അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ അദ്ദഅ്‌വാ എന്ന മാസിക പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. സിഎം ഉസ്താദ് തന്നെയായിരുന്നു അതിന്റെ ഉടമയും എഡിറ്ററും പബ്ലിഷറും പ്രധാന ലേഖകനുമെല്ലാം. സ്വന്തം സ്ഥാപനമായിരുന്ന സഅദിയ്യ കോളേജായിരുന്നു കേന്ദ്രം. കേരള ഇസ്ലാമിക സാഹിത്യത്തിന്റെ ആദ്യ പതിപ്പുകളില്‍പ്പെട്ട ഈ മാഗസിനെപ്പറ്റി പഴയ ഇസ്ലാമിക വിജ്ഞാനകോശങ്ങളില്‍ വിവരണമുണ്ട്. മാത്രമല്ല, 1970 കാലഘട്ടത്തില്‍ തന്റെ പിതാവിന്റെ പേരില്‍ മാല മൗലിദ് രചിച്ചുവെന്നതും ചരിത്ര പ്രാധാന്യമുള്ള പരമാര്‍ത്ഥമാണ്. ഇനിയും കുറേ കാര്യങ്ങള്‍ ഉസ്താദിനെ ക്കുറിച്ചറിയാനുണ്ട്. അടുത്തറിയുംതോറും വിജ്ഞാനങ്ങളുടെ അത്ഭുത ലോകത്തേക്കാനയിക്കുനന അനുഭൂതി. ഈ രംഗത്ത് നമ്മളില്‍ നിന്ന് കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും അനിവാര്യമായിരിക്കുകയാണ്.

ആ വഴിത്താരകള്‍ എല്ലാ നിലക്കും ധന്യമായിരുന്നു. ഒടുവില്‍ ആ മേനി തടവിത്തലോടിയ അറബിക്കടല്‍ പോലും നിശബ്ദതയുടെ വാചാലതക്ക് മുമ്പില്‍ ശാന്തമാവുകയാണ് ചെയ്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter