ശൈഖുല്‍ ഇസ്‌ലാം ബുര്‍ഹാനുദ്ദീന്‍ അബൂ ഇസ്ഹാഖിബ്നി അബീ ശരീഫ് അല്‍ മഖ്ദീസി
ശാഫിഈ മദ്ഹബിലെ കര്‍മശാസ്ത്ര പണ്ഡിതനും ഗ്രന്ഥരചയിതാവുമാണ് അല്‍ ഇമാം ബുര്‍ഹാനുദ്ദീന്‍ ഇബ്നു അബീ ശരീഫ് അല്‍ മഖ്ദീസി. മുഹര്‍റം 28 ആണ് മഹാനവര്‍കളുടെ വഫാത്ത് ദിനം.
അബൂ ഇസ്ഹാഖ് ബുര്‍ഹാനുദ്ദീന്‍ ഇബ്‌നുല്‍ അമീര്‍ നാസ്വിറുദ്ദീന്‍ ബ്‌നു അബീ ശരീഫ് അല്‍ മഖ്ദീസി അല്‍ മിസ്‌രീ അശ്ശാഫിഈ എന്നതാണ് പൂര്‍ണ നാമം.
ഹിജ്‌റ 836 ല്‍ ഫലസ്ഥീനിലെ ഖുദ്‌സിലാണ് മഹാനവര്‍കളുടെ ജനനം. തന്റെ സഹോദരനായ ശൈഖുല്‍ ഇസ്‌ലാം അല്‍ കമാല്‍ ബ്‌നു അബീശരീഫിന്റെ കൂടെ വിവിധ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടി. ഏഴാം വയസ്സില്‍ തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കി. ബൈത്തുല്‍ മുഖദ്ദസിലെ പണ്ഡിതരില്‍ നിന്നും വിജ്ഞാനം നേടിയ ശേഷം ഉപരിപഠനാര്‍ത്ഥം ഖൈറോയിലേക്ക് സഞ്ചരിക്കുകയായിരുന്നു. ഈജിപ്തിലെ കൈറോയില്‍ വെച്ച് നിരവധി വിഖ്യാത പണ്ഡിതരില്‍ നിന്നും വിവിധ വിജ്ഞാന മേഖലകളില്‍ അറിവുകള്‍ കരസ്ഥമാക്കി.
കൈറോയില്‍ നിന്ന് ഖാളീഖുളാത്ത് പ്രസിദ്ധ പണ്ഡിതന്‍ ബുല്‍ഖൈനി ഇമാം, ഖാളി ഖുളാത്ത് ശംസുദ്ദീന്‍ മുഹമ്മദ് അല്‍ ഖയാത്തി എന്നീ ഗുരുനാഥരില്‍ നിന്ന് ഫിഖ്ഹ് (കര്‍മശാസ്ത്രം) പഠിച്ചു. ശൈഖ് ജലാലുദ്ദീനുല്‍മഹല്ലിയില്‍ നിന്ന് ഉസ്വൂലുല്‍ ഫിഖ്ഹ്, ഫിഖ്ഹ് എന്നിവയില്‍ അവഗാഹം നേടി. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു ഹജറില്‍ നിന്നും മറ്റു പണ്ഡിതരില്‍ നിന്നും ഹദീസ് വിജ്ഞാനശാഖയും പഠിച്ചു. ഹിജ്‌റ 853ല്‍ ഹജ്ജ് ചെയ്തു, മക്ക മദീനയിലെ വിവിധ പണ്ഡിതരില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കുകയും അവര്‍ ഫത്‌വ നല്‍കാന്‍ അനുവാദം നല്‍കുകയും ചെയ്തു.
പിന്നീട് കൈറോയിലേക്ക് തിരിച്ചുവരികയും ദീര്‍ഘകാലം കൈറോയില്‍ താമസിക്കുകയും ചെയ്തു. അവിടെ നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തി. ഹിജ്‌റ വര്‍ഷം 906 ല്‍ ഈജിപ്തിന്റെ ഖാളീസ്ഥാനം ഏല്‍പിക്കപ്പെടുകയും 4 വര്‍ഷത്തോളം ആ ഉതത്തരവാദിത്വത്തില്‍ തുടരുകയും ചെയ്തു. ഖാളീഖുളാത്ത് ശറഫുദ്ദീന്‍ യഹ്‌യ അല്‍ മനാവിയുടെ പുത്രിയെയായിരുന്നു മഹാനവര്‍കള്‍ വിവാഹം ചെയ്തിരുന്നത്.
ശറഫുദ്ദീന്‍ യഹ് യ അല്‍ മനാവിക്ക് പകരം ഫത്‌വ നല്‍കുകയും ചെയ്തിരുന്നു.
പ്രസിദ്ധ പണ്ഡിതനായ അദ്ദേഹം വിവിധ മേഖലകളില്‍ ഗ്രന്ഥ രചന നടത്തുകയും ചെയ്തു. ശറഹ് ഖവാഇദുല്‍ ഇഅ്‌റാബ്, മന്‍ളൂമത്തുന്‍ ഫില്‍ ഖുര്‍ആന്‍, ശറഹുല്‍ മിന്‍ഹാജ്, ശറഹുല്‍ ഹാവി, അല്‍ ആയാത്തുല്ലത്തീ ഫീഹാന്നാസിഖ് വല്‍ മന്‍സൂഖ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
കൈറോയില്‍നിന്ന് ഹിജ്‌റ 898 ലാണ് വീണ്ടും ബൈത്തുല്‍ മുഖദ്ദസിലേക്ക് പോയത്. പിന്നീട് കൈറോയിലേക്ക് തന്നെ മടങ്ങി. മാതാപിതാക്കളെ സന്ദര്‍ശിക്കലായിരുന്നു ബൈത്തുല്‍ മുഖദ്ദസ് യാത്രയുടെ ലക്ഷ്യം.
ദീര്‍ഘകാലം കൈറോയില്‍ താമസിച്ച ഇമാം ബുര്‍ഹാനുദ്ദീന്‍ ഇബ്നു അബീ ശരീഫ് അല്‍ മഖ്ദീസി ഹിജ്‌റ വര്‍ഷം 923 മുഹര്‍റം 28 നാണ് നാഥനിലേക്ക് യാത്രയായത്. കൈറോയില്‍ വഫാത്തായ മഹാനവര്‍കളുടെ ഖബറിടം മഹാനായ ശാഫിഈ ഇമാമിന്റെ മഖ്ബറക്കടുത്താണ്.
Leave A Comment