സാഹിദുൽ കൗസരി: ഉസ്മാനി ഖിലാഫത്ത് ബാക്കിവെച്ച പണ്ഡിതമുഖം
ഉസ്മാനിയ്യ ഖിലാഫത്ത് മുസ്‍ലിം ലോകത്തിന് സമർപ്പിച്ച വിശ്വപണ്ഡിതരിൽ പ്രധാനിയായിരുന്നു സാഹിദുൽ കൗസരി എന്ന പേരിൽ വിശ്രുതനായ മുഹമ്മദ് സാഹിദ് ബിൻ ഹസൻ അൽഹുലമി അൽ കൗസരി. കർമശാസ്ത്രത്തിൽ ഹനഫി മദ്ഹബും വിശ്വാസത്തിൽ മാതുരീദി സരണിയും അനുധാവനം ചെയ്ത അദ്ദേഹം വിപുലമായ ഗ്രന്ഥശേഖരങ്ങളിലൂടെ ഇസ്‍ലാമിക കർമശാസ്ത്രത്തെയും വിശ്വാസധാരയെയും പ്രതിരോധിക്കാനും വൈജ്ഞാനികവും സാമൂഹികവുമായ നവോത്ഥാനത്തിന് നേതൃത്വം നൽകാനും മുന്നിൽ നിന്നു.
ജീവിതം
ക്രി. 1879/ഹി.1296ൽ തുർക്കിയിലെ ഇസ്തംബൂളിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദൂസ്ജ (Düzce)യിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കൗസരി എന്ന പേര് പിതാമഹനിലേക്ക് ചേര്‍ത്താണെന്നും കുടുംബം വസിച്ചിരുന്ന ശേസ് (Shez) നദീതീരത്തെ കൗസരി എന്ന ഗ്രാമത്തിലേക്ക് ചേര്‍ത്താണെന്നും അഭിപ്രായമുണ്ട്. ദാറുൽഹദീസ് എന്ന പേരിൽ പിതാവ് സ്ഥാപിച്ച മദ്‌റസയിൽ അദ്ദേഹത്തിന് കീഴിൽ തന്നെ ഫിഖ്ഹ്, ഹദീസ് വിജ്ഞാനങ്ങളഭ്യസിച്ചു തുടങ്ങി. പിതൃവ്യനായ മൂസാ അൽ കാളിം ആയിരുന്നു മറ്റൊരു പ്രധാന ഗുരുനാഥൻ.
ശേഷം ഇസ്തംബൂളിലെ ആസ്താനയിൽ ജാമിഉൽഫാതിഹിനോട് ചേർന്ന മദ്രസയിൽ പഠനം തുടർന്നു. പ്രമുഖ പണ്ഡിതനും വിശിഷ്യാ ബൗദ്ധികശാസ്ത്രങ്ങളിൽ അഗ്രഗണ്യനുമായിരുന്ന ഇബ്‌റാഹീം അഗീനിയെയാണ് തന്റെ ഗുരുവായി തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം അലി സൈനുൽആബിദീൻ ബിൻ അലസൂനിയുടെ പക്കൽ പഠനം പൂർത്തീകരിച്ചു. ഈ രണ്ട് ഗുരുവര്യരും സാഹിദുൽകൗസരിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ പ്രധാനപങ്ക് വഹിച്ചതായി കാണാം. ‘ഇരുവരെയും കൊണ്ട് അല്ലാഹു എനിക്ക് വിജയവാതിൽ തുറന്നു’ എന്ന് അദ്ദേഹം പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. 1893-1907 കാലയളവിലാണ് അദ്ദേഹം ഇസ്തംബൂളിൽ പഠനം നടത്തുന്നത്. ശേഷം അവിടെ തന്നെ അധ്യാപകനായി നിയമിതനായി.
1916ൽ മദ്‌റസ സുലൈമാനിയ്യയിൽ തഫ്‌സീർ, ഹദീസ് ഡിപാർട്മെന്റിൽ അധ്യാപനമാരംഭിച്ചു. ഇക്കാലത്ത് കൈകാര്യം ചെയ്ത ത്വബഖാതുൽ ഖുറാഇ വൽ മുഫസ്സിരീൻ എന്ന പാഠ്യവിഷയം ‘അൽമദ്ഖൽ ലി ഉലൂമിൽഖുർആൻ’ എന്ന പേരിൽ ഗ്രന്ഥമായി ക്രോഡീകരിച്ചിരുന്നെങ്കിലും പിന്നീട് നഷ്ടപ്പെട്ടു. ക്രോഡീകരണകാലം മുതൽ ഇക്കാലം വരെ ഖുർആനെതിരെ വന്ന ഓറിയന്റലിസ്റ്റുുകളുടെയും മറ്റും വിമർശനങ്ങൾക്ക് യുക്തമായ മറുപടികൾ കണ്ടെത്താനായിരുന്നു അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ ശ്രമിച്ചത്. തുർക്കിയിൽ വെച്ച് അദ്ദേഹം രചന നിർവഹിച്ച ഇരുപതോളം ഗ്രന്ഥങ്ങളിൽ രണ്ടെണ്ണമൊഴിച്ച് ബാക്കിയെല്ലാം നഷ്ടപ്പെടുകയാണുണ്ടായത്.
ശൈഖുൽ ഇസ്‍ലാമിന്റെ കീഴിൽ ദർസി വകീൽ (മതപഠനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉന്നതാധികാരി) ആയി നിയമിതനായെങ്കിലും വൈകാതെ തൽസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട് ബോർഡ് അംഗം മാത്രമായി ശേഷിച്ചു. സുല്‍ത്താന്‍ മുസ്തഫ മൂന്നാമന്‍ (വഫാത് ഹി. 1178) സ്ഥാപിച്ച മദ്‌റസ ആതുരസേവാകേന്ദ്രമാക്കി മാറ്റുന്നതിനോട് അദ്ദേഹം പ്രകടിപ്പിച്ച എതിർപ്പാണ് ഈ സ്ഥാനഭ്രംശത്തിൽ കലാശിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ മൂലം 1922 വരെ അത് മദ്രസയായി തന്നെ തുടർന്നു. 1922ൽ അബ്ദുൽ മജീദ് രണ്ടാമൻ ഖലീഫയായി നിയമിതനാവുകയും വ്യവസ്ഥാപിത നിയമങ്ങളും ചട്ടങ്ങളും പൂർണമായും മാറ്റങ്ങൾക്ക് വിധേയമാവുകയും ചെയ്തു.
1922ൽ ലൈബ്രറിയിൽ തന്റെ വിജ്ഞാനസേവനത്തിലേർപ്പെട്ടിരിക്കെ തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കപ്പെട്ടു എന്നറിഞ്ഞ സാഹിദുൽ കൗസരി, കടൽ മാർഗം അലക്സാണ്ട്രിയയിലേക്ക് കടന്നു. പിന്നീട് 1929ലാണ് കുടുംബവുമായി സന്ധിക്കുന്നത്. തുർക്കിയിൽ 45 വർഷവും ശാം, മിസ്വ്‌റ് എന്നിവിടങ്ങളിലായി 30 വർഷവുമാണ് അദ്ദേഹം കഴിച്ചു കൂട്ടിയത്.
ക്രി. 1952/1371 ദുല്‍ഖഅ്ദ 19ന് 75-ാം വയസ്സില്‍ വഫാത്തായി. ഖറാഫതുശാഫിഈയില്‍ മറമാടപ്പെട്ടു.
രാഷ്ട്രീയാന്തരീക്ഷം
1909ൽ സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ സ്ഥാനഭ്രംശത്തിലേക്കെത്തിച്ച ഖിലാഫത്ത് വിരുദ്ധനീക്കങ്ങളും ബാഹ്യപ്രവർത്തനങ്ങളും സജീവമായ കാലത്താണ് അദ്ദേഹത്തിന്റെ ജീവിതം. ജീര്‍ണതകള്‍ക്കെതിരെ രംഗത്തിറങ്ങാനും ഖിലാഫത്തിന്റെ പ്രതാപം വീണ്ടെടുക്കാനും തുനിഞ്ഞ സുല്‍താന്റെ ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. ഒരു ഭാഗത്ത് പാന്‍ ഇസ്‍ലാമിക് മൂവ്‌മെന്റും മറ്റൊരു ഭാഗത്ത് ഇത്തിഹാദിയ്യ മൂവ്‌മെന്റും നവോത്ഥാനശ്രമങ്ങളെന്ന പേരില്‍ പുതിയ പദ്ധതികളുമായി രംഗത്തിറങ്ങി. രാജ്യത്തിനകത്തെ രാഷ്ട്രീയവും ഭരണപരവുമായ കാര്യങ്ങളുടെ നടത്തിപ്പുകള്‍ പോലും ബാഹ്യശക്തികളുടെ കരങ്ങളിലൂടെയായിരുന്നു ചലിച്ചത്. 1800കളുടെ അവസാനത്തില്‍ സുല്‍ത്താന്റെ നിലപാടുകള്‍ക്കെതിരെ രാഷ്ട്രീയനീക്കത്തിനിറങ്ങിയ അല്‍ഇത്തിഹാദു വതറഖി എന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങൾ 1909ഓടെ വിജയം കണ്ടു. സുല്‍ത്താന്‍ സ്ഥാനഭ്രഷ്ടനാവുകയും സാലൂനീകില്‍ തടവിലാക്കപ്പെടുകയും ചെയ്തു.
മാസോണിസത്തിന്റെ പൂര്‍ണപിന്തുണയോടെ അധികാരകേന്ദ്രങ്ങളില്‍ നിലയുറപ്പിച്ച ഇക്കൂട്ടര്‍ അറബികളെയും അറബി ഭാഷയെയും രാഷ്ട്രത്തില്‍ നിന്ന് നീക്കം ചെയ്യാനാരംഭിച്ചു. തുടര്‍ന്ന് വന്ന മുസ്തഫ കമാല്‍ അതാതുര്‍ക്കിന്റെ കമാലിയ്യ മൂവ്‌മെന്റോടെ ശരീഅത്തിന്റെ അവസാന ശേഷിപ്പുകളും നീക്കം ചെയ്യപ്പെട്ട് മതവിരുദ്ധത കൊണ്ടാടപ്പെടുന്ന മതേതരരാഷ്ട്രം പിറവി കൊണ്ടു. മുസ്തഫ സ്വബ്‍രി, സാഹിദുല്‍ കൗസരി തുടങ്ങിയവർ ഇക്കാലത്ത് നില്‍ക്കപ്പൊറുതിയില്ലാതെ രാഷ്ട്രമുപേക്ഷിക്കേണ്ടി വന്നവരിൽ ചിലരാണ്.
ഭരണകാര്യങ്ങൾ ഇത്തിഹാദിയ്യൂനിൻറെ നിയന്ത്രണത്തിന് കീഴിൽ വന്നതിന് ശേഷം, നിലവിലെ ചട്ടങ്ങൾ പൂർണമായ പരിഷ്‌കരണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട സമിതിയിൽ സാഹിദുൽ കൗസരിയും അംഗമായിരുന്നു. പരിഷ്‌കരണവാദങ്ങൾക്ക് മുമ്പിൽ അടിയറ വെച്ച് സ്വയം സമർപ്പിതനാവാനോ എല്ലാം ഇട്ടെറിഞ്ഞ് പോകാനോ അദ്ദേഹം തയ്യാറായിരുന്നില്ല. മറിച്ച് പരിഷ്‌കാരവാദങ്ങളെ തിരുത്തിയും യുക്തിപൂർവ്വം ഖണ്ഡിച്ചും കൂടെ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രത്തിൽ മതവിജ്ഞാനകാലയളവ് 8 വർഷത്തേക്ക് ചുരുക്കാനുള്ള വാദങ്ങളെ മറികടന്ന് 14 വർഷത്തിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയം കണ്ടത് ഇതിന്റെ ഭാഗമായിരുന്നു.
വൈജ്ഞാനികലോകം
ക്രി.1922/ ഹി.1341ലാണ് അദ്ദേഹം അലക്‌സാണ്ട്രിയയിൽ എത്തിച്ചേർന്നത്. ശേഷം ഡമസ്‌കസിൽ ഒരു വർഷം താമസിച്ചു. ഈജിപ്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം മദ്‌റസതു മുഹമ്മദ് ബകിൽ സേവനനിരതനായി. 1347ൽ വീണ്ടും ശാമിൽ ഒരു വർഷം തങ്ങി. ഇക്കാലയളവിലെല്ലാം വിവിധ പണ്ഡിതന്മാരുടെ പക്കല്‍ നിന്ന് ഇജാസ സ്വീകരിക്കാനും ഹദീസ് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ശ്രമിച്ചു. ഡമസ്കസിൽ താമസമാക്കിയ രണ്ട് വർഷവും അദ്ദേഹം അവിടുത്തെ അൽമക്തബതുളാഹിരിയ്യ ലിൽ മഖ്ത്വൂതാത് എന്ന ലൈബ്രറിയിൽ ആണ് വസിച്ചിരുന്നത്.
തുർക്കി, ജർകസി, അറബി, ഫാരിസി ഭാഷകളിൽ പ്രാവീണ്യം നേടിയ അദ്ദേഹം ഹദീസിലും ഫിഖ്ഹിലുമായിരുന്നു പ്രധാനശ്രദ്ധ പതിപ്പിച്ചത്. പൊതുവെ ഉസ്മാനിയ്യ ഖിലാഫത്തിൽ അൽപപ്രാധാന്യം മാത്രം നൽകപ്പെട്ടിരുന്ന ഹദീസിന് പ്രാധാന്യം നൽകുക വഴി തുർക്കിയിലും പിന്നീട് അസ്ഹറിലും ഹദീസ് വിജ്ഞാനശാഖക്ക് പുതുവഴി വെട്ടാൻ അദ്ദേഹം നിമിത്തമായി. ഇസ്‍ലാം വിമർശനങ്ങളുടെ പ്രധാന ഉറവിടം ഹദീസ് വിജ്ഞാനശാസ്ത്രമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതോടൊപ്പം കർമശാസ്ത്രവിശകലനങ്ങളിൽ കേവല മസ്അലകൾക്കപ്പുറം പ്രമാണങ്ങളുമായി സംവദിക്കാനും അത് വഴി മദ്ഹബുകളുടെ അന്തസത്ത ഉൾകൊള്ളാനും ശ്രമിച്ചു.
ഉസ്മാനി ഖിലാഫത്തിൻറെ അവസാന ശൈഖുൽ ഇസ്‍ലാം മുസ്ത്വഫ സ്വബ്‍രി ബൗദ്ധികജ്ഞാനങ്ങൾക്ക് പ്രാമുഖ്യം നൽകിയപ്പോൾ ഫിഖ്ഹ്, ഹദീസ് അടക്കമുള്ള പൗരാണികജ്ഞാനസ്രോതസ്സുകളെ ആഴത്തിൽ വിലയിരുത്തുകയും അതടിസ്ഥാനമാക്കി ആധുനികതയെ വായിക്കുകയുമായിരുന്നു കൗസരി നിർവഹിച്ച ദൗത്യം. പൂർണമായും പാരമ്പര്യരീതിയിലധിഷ്ഠിതമായ വിജ്ഞാനസമ്പാദനത്തിലേർപ്പെടുമ്പോഴും ആധുനികവെല്ലുവിളികളോട് വസ്തുനിഷ്ഠമായി സംവദിക്കാൻ അദ്ദേഹം തയ്യാറായി. തന്നിലര്‍പ്പിതമായ പണ്ഡിതദൗത്യബോധമാണ് അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത്. തനിക്ക് ബോധ്യമായ ആദര്‍ശങ്ങള്‍ക്കും ആശയങ്ങള്‍ക്കും കാവൽ നിൽക്കുകയും വൈജ്ഞാനികമായ സംവാദങ്ങളുടെ വാതില്‍ തുറന്ന് വെക്കുകയും ചെയ്തു. വിവിധ ഘട്ടങ്ങളിലായി ഉടലെടുത്ത രചനകള്‍ ഇതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു.
ഓരോ മേഖലയിലും മുസ്‍ലിം സമൂഹത്തെ ഗ്രസിച്ച മൂല്യശോഷണത്തിന് കാരണം അദ്ദേഹം പറഞ്ഞ് വെക്കുന്നുണ്ട്. വിശ്വാസത്തില്‍ വഹാബിസത്തിന്റെ കടന്നുവരവും ഫിഖ്ഹില്‍ മദ്ഹബ് നിരാകരണവും രാഷ്ട്രീയത്തില്‍ ഇസ്‍ലാമിക മതനിഷ്ഠയുടെ അഭാവവും വിദ്യാഭ്യാസസമ്പ്രദായത്തില്‍ പാരമ്പര്യരീതിയുടെ അകല്‍ച്ചയും സാമൂഹികമായ അരക്ഷിതാവസ്ഥയില്‍ പടിഞ്ഞാറിന്റെ അതിപ്രസരവും അദ്ദേഹം കാരണങ്ങളായി നിരീക്ഷിക്കുന്നു.
രചനാ ലോകം
ഗ്രന്ഥങ്ങളോടും രചനയോടും അസാമാന്യ ആഭിമുഖ്യം പുലർത്തിയ വ്യക്തിത്വമായിരുന്നു അല്‍കൗസരി. 50ലേറെ ഗ്രന്ഥങ്ങൾ, 20ലേറെ കിതാബുകളുടെ തഹ്ഖീഖുകൾ, 75 ലേറെ കിതാബുകൾക്ക് ആമുഖങ്ങൾ, 100ലേറെ ലേഖനങ്ങൾ എന്നിങ്ങനെ വിശാലമായി കിടക്കുകയാണ് അദ്ദേഹത്തിന്റെ രചനാലോകം. 24-ാം വയസ്സിൽ ഇർഗാമുൽമരീള് എന്ന ഗ്രന്ഥത്തിലൂടെയാണ് രചനാമേഖലയിലേക്ക് പ്രവേശിക്കുന്നത്. നഖ്ശബന്ദിയ്യാ ത്വരീഖത്തിനെ കുറിച്ചായിരുന്നു ഈ കൃതി.
ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന ആശയങ്ങൾ, ഇസ്‍ലാം വിമർശനങ്ങൾക്കുള്ള മറുപടികൾ, വിശ്വാസാടിത്തറകളുടെ സംസ്ഥാപനം, പുതിയ ഇസങ്ങളോടും ചിന്താധാരകളോടുമുള്ള സമീപനം തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചു കിടന്ന അദ്ദേഹത്തിന്റെ രചനകൾ അറബി കവിതയിലും എത്തി നിന്നു. ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് അദ്ദേഹം രചിച്ച ഹനീനുൽമുതഫജിഅ് വ അനീനുൽമുതവജിഅ് എന്ന കവിതാ സമാഹാരം അതിനുദാഹരണമാണ്.
ശീഇസം, ഒറിയന്റലിസം, പടിഞ്ഞാറിന്റെ ആധുനികത, സലഫിസം തുടങ്ങിയവ മുസ്‍ലിം ലോകത്ത് വിതറിയ വികലവാദങ്ങള്‍ക്കെതിരെയുള്ള പ്രതിരോധവും സാമൂഹികമായി ഗ്രസിച്ച മൂല്യശോഷണത്തിനുള്ള പ്രതിവിധികളും തന്റെ രചനകളില്‍ വിഷയീഭവിച്ചു. കുടുംബത്തിന്റെ അനിവാര്യതയും മുസ്‍ലിം സ്ത്രീയുടെ നടപ്പുരീതിയും അതില്‍ പ്രധാനമായിരുന്നു.
അറബി സാഹിത്യത്തിലെ അസാമാന്യപാടവം അദ്ദേഹത്തിൻറെ രചനകൾക്ക് സ്വീകാര്യത വർധിപ്പിച്ചു. അറബി ഭാഷയിലെ തന്റെ വ്യുൽപത്തിക്ക് കാരണമായി അദ്ദേഹം ഈജിപ്തിൽ ജീവിച്ച ഉസ്താദ് അലികുർജുവിനോട് പങ്ക് വെക്കുന്നത്, പഠനകാലത്ത് പിതാവുമായി നടത്തുന്ന കത്തിടപാടുകളാണ്. പതിനഞ്ച് വർഷക്കാലം അവർ നടത്തിയ കത്തിടപാടുകൾ പിതാവിന്റെ കൽപനപ്രകാരം അറബി ഭാഷയിൽ മാത്രമായിരുന്നു.
താൻ ജീവിക്കുന്ന സമൂഹത്തിന്റെ സാഹചര്യങ്ങളും മതകീയ ആവശ്യങ്ങളും അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റെ രചനകളെല്ലാം. പല വിധത്തിലുള്ള പ്രേരകങ്ങൾ അവക്ക് പിന്നിൽ പ്രവർത്തിച്ചു. സാഹചര്യബന്ധിതമായ പ്രശ്നങ്ങൾക്ക് പരിഹാരം കൽപിക്കലായിരുന്നു പ്രധാന പ്രേരകം. ഈജിപ്തിൽ പ്രവേശിച്ച അദ്ദേഹം മദ്ഹബ് നിരാകരണവും മതവിമർശനവും പേറി നടക്കുന്ന ഒരു സമൂഹത്തെ ദർശിച്ചതിനെ തുടർന്നാണ്, അദ്ദേഹത്തിന്റെ അല്ലാമദ്ഹബിയ്യ ഖൻത്വറതു ല്ലാദീനിയ്യ രചിക്കപ്പെടുന്നത്.
ഉസ്മാൻ ബിൻ സഈദ് അദ്ദാരിമിയുടെ അന്നഖ്ദു അലാ ബിശ്ർ അൽമരീസി എന്ന തജ്‌സീം വാദങ്ങൾ നിറഞ്ഞ ഗ്രന്ഥം പുനപ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ ജാമിഅതുൽ അസ്ഹറിൽ ഉസ്വൂലുദ്ദീൻ തലവനായിരുന്ന അബ്ദുൽ മജീദ് അല്ലബ്ബാൻ മേൽഗ്രന്ഥത്തിന് ഖണ്ഡത്തിനായി ആദ്യം മുന്നിൽ കാണുന്നത് കൗസരിയെയാണ്. എന്നാൽ അദ്ദേഹം രോഗാതുരനായതിനാൽ മൊറോക്കോ പണ്ഡിതൻ അബ്ദുല്ലാ അൽഗിമാരിയാണ് ഈ ദൗത്യം നിർവഹിച്ചത്. ഇതിൻറെ ബാക്കിയെന്നോണം അസ്സൈഫു സഖീൽ (തഖിയ്യുദ്ദീൻ സുബ്കി), തബ്‍യീനു കദിബിൽ മുഫ്തരി (ഇബ്നുഅസാകിർ), അൽ അസ്മാഉ വസ്വിഫാത് (ഇമാം ബൈഹഖി) എന്നീ ഗ്രന്ഥങ്ങൾ തഹ്ഖീഖോടെ പുനപ്രസിദ്ധീകരിക്കാൻ കൗസരി മുന്നിട്ടിറങ്ങി.
ശൈഖുൽ അസ്ഹറായിരുന്ന ശൈഖ് ശൽതൂത് അടക്കമുള്ള പണ്ഡിതന്മാരുടെ പക്കൽ നിന്ന് വന്ന ആശയവ്യതിയാനത്തിനെതിരെയും കൗസരിയുടെ രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടു. ഈസാ നബിയുടെ അവരോഹണത്തെ എതിർത്ത അദ്ദേഹത്തിനെതിരെ വിരചിതമായ ഗ്രന്ഥമാണ് നള്റതുൻ ആബിറ ഫീ മസാഇമി മൻ യുൻകിറു നുസൂല ഈസാ ഫിൽ ആഖിറ. ഇവ്വിഷയകമായി അബ്ദുല്ലാഹിൽ ഗുമാരി രചിച്ച ഇഖാമതുൽ ബുർഹാൻ ഫീ നുസൂലി ഈസാ ഫീ ആഖിരിസമാൻ എന്ന ഗ്രന്ഥത്തിന് കൗസരി എഴുതിയ അവതാരികയും പ്രസ്താവ്യമാണ്.
വ്യക്തികൾക്കപ്പുറം ആശയങ്ങളും ആദർശങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനങ്ങളുടെയും നിരൂപണങ്ങളുടെയും ഹേതു. താൻ ആദരവ് കൽപിച്ചിരുന്ന മുസ്ത്വഫ സ്വബ്‍രിയോട് ഖളാഅ്, ഖദ്‌റ് വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചത് ഇതിന്റെ ഭാഗമായിരുന്നു. ഇവ്വിഷയകമായി സ്വബ്‍രി രചിച്ച മൗഖിഫുൽബശർ തഹ്ത സുൽതാനിൽഖദ്‍ർ എന്ന ഗ്രന്ഥത്തിന് ഖണ്ഡനമായി പുറത്തിറങ്ങിയതാണ് കൗസരിയുടെ അൽഇസ്തിബ്സ്വാർ ഫീ തഹദ്ദുസി അനിൽ ജബ്‍രി വൽ ഇഖ്തിയാർ.
അക്കാലത്തെ ഖാളിയും പ്രസിദ്ധ മുഹദ്ദിസുമായിരുന്ന അഹ്‍മദ് ശാകിറിന്റെ നിളാമുത്വലാഖി ഫിൽഇസ്‍ലാം എന്ന ഗ്രന്ഥത്തിന് മറുപടിയായാണ് അൽ ഇശ്ഫാഖ് അലാ അഹ്കാമി ത്വലാഖ് എന്ന ഗ്രന്ഥം രചിക്കപ്പെടുന്നത്. നാല് മദ്ഹബുകൾക്കും വിരുദ്ധമായി ത്വലാഖ് മസ്അലകളെ സമീപിച്ച ഗ്രന്ഥത്തിന് മറുപടി പറയുന്നതോടൊപ്പം ത്വലാഖിന്റെ വിവിധ വശങ്ങൾ യുക്തിബദ്ധമായി കൈകാര്യം ചെയ്തതായി കാണാം.
ഹനഫി മദ്ഹബിനെ നെഞ്ചേറ്റിയ അദ്ദേഹം അബൂ ഹനീഫ ഇമാമിനെ പ്രതിരോധിച്ചും പണ്ഡിതപ്രമുഖരുടെ ജീവിതങ്ങൾ വിശകലനം ചെയ്തും ഏറെ രചനകൾ നടത്തി. അക്കാലത്ത് ഈജിപ്തിൽ പ്രവർത്തിച്ചിരുന്ന ജംഇയ്യതു അൻസാരിസ്സുന്ന അൽമുഹമ്മദിയ്യ എന്ന തീവ്രസലഫിസത്തിന്റെ വക്താക്കൾ മദ്ഹബ് നിരാകരണത്തിന്റെ തീക്ഷ്ണത പ്രകടിപ്പിക്കാനെന്നോണം അബൂ ഹനീഫ ഇമാമിനെതിരെ വിരചിതമായ ചില ഗ്രന്ഥശകലങ്ങൾ പ്രസിദ്ധീകരിക്കുകയും ഹനഫികൾക്കിടയിൽ വ്യാപിപ്പിക്കുകയും ചെയ്തു. ഇന്നേരമാണ് ഇമാമിനെ പ്രതിരോധിച്ച് ശക്തമായി രംഗത്ത് വരുന്നത്. തഅ്നീബുൽ ഖതീബ്, അന്നുകതുത്വരീഫ, അൽ ഗുർറതുൽ മുനീഫ ഫീ തഹ്ഖീഖി ബഅ്ളി മസാഇലി ഇമാം അബീഹനീഫ എന്നിവ തദ്വിഷയകമായി വിരചിതമായ പ്രധാനഗ്രന്ഥങ്ങളാണ്.
ബുലൂഗുൽ അമാനി ഫീ സീറതി മുഹമ്മദ് ബിൻ ഹസൻ ശൈബാനി, ഹുസ്നു തഖാളി ഫീ സീറതി അബീയൂസുഫ് അൽഖാളി, ലമഹാതുന്നളർ ഫീ സീറതിൽ ഇമാം സുഫർ, അൽഹാവി ഫീ സീറതിത്വഹാവി, അൽഇംതാഅ് ഫീ സീറതിൽ ഇമാമൈൻ ഹസൻ ബിൻ സിയാദ് വസ്വാഹിബിഹി മുഹമ്മദ് ബിൻ ശുജാഅ് എന്നീ ഗ്രന്ഥങ്ങൾ മദ്ഹബിലെ പ്രധാന പണ്ഡിതരുടെ ജീവചരിത്രം വിവരിക്കുന്നു.
പൊതുവെ പണ്ഡിതന്മാർ അകലം പാലിച്ച വിജ്ഞാനശാഖകളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. വിശിഷ്യാ ഹദീസിലെ ആഴത്തിലുള്ള അവഗാഹം അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തി. ഇസ്തംബൂളിലായിരിക്കെ തന്നെ ഹദീസിൽ രചനകൾ പുറത്ത് വന്നെങ്കിലും അവ നഷ്ടപ്പെടുകയായിരുന്നു. ഇബ്ദാഉ വുജൂഹി തഅദ്ദി ഫീ കാമിലി ഇബ്നിഅദി, തഅഖുബുൽ ഹസീസ് ലിമാ യൻഫീഹി ഇബ്നു തൈമിയ മിനൽ ഹദീസ് എന്നിവ അക്കാലത്തെ രചനകളാണ്. ഈജിപ്തിലെത്തിയതിന് ശേഷവും ഈ മേഖലയിൽ രചനകൾ തുടർന്നു. ശുറൂത്വുൽ അഇമ്മ ഖംസ (മുഹമ്മദ് ബിൻ മൂസാ അൽഹാസിമി), ശുറൂത്വുൽ അഇമ്മ സിത്ത (മുഹമ്മദ് ബിൻ ത്വാഹിർ അൽമഖ്ദിസി), രിസാലതു അബീദാവൂദ് ഇലാ അഹ്‍ലി മക്ക തുടങ്ങിയ ഗ്രന്ഥങ്ങൾ തഹ്ഖീഖ് ചെയ്തു.
വിശ്വാസപരമായും കർമപരമായും അതിപ്രധാനമായ അനേകം വിഷയങ്ങൾ ഉൾപെട്ട എഴുത്തുകളാണ് മഖാലാതുൽ കൗസരി ഉൾകൊള്ളുന്നത്. ഖാദിയാനിസം, ബഹായിസം അടക്കം നൂതനമായി രൂപം കൊണ്ട വിഭാഗങ്ങളെയും അദ്ദേഹം ആശയപരമായി ഇതിൽ ഖണ്ഡിക്കുന്നു.
മുഹമ്മദ് അമീൻ ഖാൻജി, ഹുസാമുദ്ദീൻ അൽഖുദ്സി തുടങ്ങി ധാരാളം പ്രസാധകരുമായി ബന്ധം സ്ഥാപിച്ച് കൈയെഴുത്ത് പ്രതികളായി ശേഷിച്ചിരുന്ന അനേകം ഗ്രന്ഥങ്ങൾ പുറം ലോകത്തെത്തിക്കാനും അദ്ദേഹം പരിശ്രമിച്ചിരുന്നു. താൻ പിന്തുടരുന്ന കർമശാസ്ത്രസരണിക്ക് പുറത്തുള്ള അനേകം ഗ്രന്ഥങ്ങളും അദ്ദേഹത്തിലൂടെ വെളിച്ചം കണ്ടു. ഇബ്നു അബീ ഹാതിം എന്നവരുടെ ആദാബുശ്ശാഫിഈ വമനാഖിബുഹു എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത് അദ്ദേഹത്തിന്റെ നിർദേശപ്രകാരം അൽ അസ്ഹറിലെ പണ്ഡിതന്മാരാണ്.
ഇന്ത്യയിൽ നിന്ന് ഇബ്നു അബീ ഹാതിമിന്റെ അൽജർഹു വത്തഅ്ദീൽ എന്ന ഗ്രന്ഥം ശൈഖ് അബ്ദുർറഹ്‍മാൻ അൽമുഅല്ലിമി അൽയമാനിയുടെ തഹ്ഖീഖോടെ പുറത്തിറങ്ങുന്നത് അറിഞ്ഞ കൗസരി, ആശയപരമായി തന്റെ പ്രതിയോഗി കൂടിയായിരുന്ന അൽമുഅല്ലിമിക്ക് കത്തയച്ച് തുർക്കി ലൈബ്രറിയിൽ ശേഷിക്കുന്ന കൈയെഴുത്ത് പ്രതിയെക്കുറിച്ചുള്ള വിവരം നൽകുന്നത് കാണാം. വിജ്ഞാനസേവനത്തിന് ആത്മാർത്ഥതയോടെ അശ്രാന്തപരിശ്രമം നടത്തിയ ശുദ്ധമനസ്സാണ് അദ്ദേഹത്തിൽ നമുക്ക് ദർശിക്കാനാവുക.
തന്റെ ആശയാദർശങ്ങളിൽ കണിശമായ സത്യസന്ധതപുലർത്തുകയും വിമർശനങ്ങളെ ശക്തമായി നേരിടുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. വിഷയാടിസ്ഥാനത്തിൽ വിമർശനങ്ങളുടെ തീക്ഷ്ണതയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായിരുന്നു. വിശ്വാസപരമായ ചർച്ചകളിൽ ഇടപെടുമ്പോൾ പൊതുവെ ശക്തമായ വിമർശനരീതി അവലംബിച്ച അദ്ദേഹം കർമശാസ്ത്രഭിന്നതയിൽ സ്വാഭാവികമായ ലളിതഭാവമായിരുന്നു സ്വീകരിച്ചിരുന്നത്.
വൈജ്ഞാനിക വിയോജിപ്പുകൾ രേഖപ്പെടുത്തുന്നതിന് അദ്ദേഹത്തിന് മുന്നിൽ വ്യക്തികളോ അവരുടെ സ്ഥാനങ്ങളോ തടസ്സമായില്ല. വിമർശനങ്ങളെ വൈജ്ഞാനികദൗത്യമായി കാണാനും വൈയക്തിക വിരോധങ്ങൾക്ക് ഇടം നൽകാതിരിക്കാനും അദ്ദേഹം ശ്രദ്ധ ചെലുത്തി. അതോടൊപ്പം തന്റെ ആശയങ്ങൾക്കെതിരെ വരുന്ന വിമർശനങ്ങളെയും നിരൂപണങ്ങളെയും ഉൾകൊള്ളുകയും സ്വാഗതം ചെയ്യുകയും ചെയ്തു. സ്വഫആതുല്‍ ബുര്‍ഹാന്‍ അലാ സ്വഫഹാതില്‍ ഉദ്‍വാന്‍ എന്ന ഗ്രന്ഥത്തിന്റെ അവസാനം അദ്ദേഹം ഇങ്ങനെ പറഞ്ഞ് വെക്കുന്നു: “വൈജ്ഞാനികമായി നമ്മുടെ ആശയങ്ങള്‍ക്കെതിരെ രംഗത്ത് വരുന്നവര്‍ക്ക് സ്വാഗതം. താമസിയാതെ നമ്മുടെ ജ്ഞാനത്തിനനുസരിച്ച് മറുപടി പ്രതീക്ഷിക്കാം. എന്നാല്‍ ആക്ഷേപത്തിന്റെയും വ്യക്തിഹത്യയുടെയും മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അത് അശക്തരുടെയും വൃദ്ധകളുടെയും രീതിയാണ്. ഭരമേല്‍പിക്കാന്‍ അല്ലാഹു മതിയായവനാണ്”.
പണ്ഡിതന്മാരുമായുള്ള ബന്ധം
പിതാവിൽ നിന്നാരംഭിച്ച് അക്കാലത്തെ പ്രമുഖ പണ്ഡിതന്മാരുടെ പക്കൽ നിന്നെല്ലാം അദ്ദേഹം വിദ്യനുകർന്നിട്ടുണ്ട്. ഹസൻ ഹുലുമി അൽഖസ്ത്വമൂനി, ളിയാഉദ്ദീൻ കുമുശ്ഖാനവി, യൂസുഫ് തികോശി തുടങ്ങിയവർ അദ്ദേഹത്തെ സ്വാധീനിച്ചവരിൽ പ്രമുഖരാണ്.
അതേ സമയം തന്റെ സമകാലീനരായ പണ്ഡിതന്മാരുമായി സുദൃഢബന്ധം കാത്ത് സൂക്ഷിക്കുകയും വൈജ്ഞാനികചർച്ചകൾക്കും സംവേദനങ്ങൾക്കും അവസരമൊരുക്കുകയും ചെയ്തു. അതിലൂടെ അവരുടെയെല്ലാം അംഗീകാരത്തിനും പ്രശംസക്കും അദ്ദേഹം പാത്രമാവുകയും ചെയ്തു. കൗസരിയുടെ തഅ്‌നീബുൽ ഖത്വീബ്, നുകതുത്വരീഫ് എന്നീ രണ്ട് ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് മുസ്ത്വഫ സ്വബ്‍രി പറയുന്നതായി കാണാം: 'തുർക്കിയിലെ ജാമിഉൽ ഫാതിഹിലെ മദ്‌റസകൾക്ക് അസ്ഹറിന്റെ മദ്‌റസകൾക്ക് മേൽ അഭിമാനിക്കാവുന്ന രണ്ട് ഗ്രന്ഥങ്ങളാണിവ.' കൗസരിയുടെ വാദങ്ങളെ ഖണ്ഡിക്കുന്ന അവസരത്തിലാണ് ഈ വാക്കുകൾ എന്നതും പ്രധാനമാണ്.
ഉസ്മാനി പണ്ഡിതരെ ലോകം വീക്ഷിച്ചത് അദ്ദേഹത്തിലൂടെയായിരുന്നു. അഹ്‌മദ് ഖൈരി പാഷ, ഹുസാം അല്‍ഖുദ്‌സി, അബ്ദുല്ലാഹ് അല്‍ഹിംസ്വി അല്‍ജര്‍കസി, അബ്ദുൽ ഫത്താഹ് അബൂ ഗുദ്ദ, മുഹമ്മദ് അമീൻ സിറാജ് തുടങ്ങി അനേകം പണ്ഡിതപ്രതിഭകളായ ശിഷ്യഗണങ്ങളിലൂടെ തലമുറകളിലേക്ക് ആ പണ്ഡിതതാവഴി കൈമാറാനും അദ്ദേഹത്തിന് സാധിച്ചു.
തന്റെ സമകാലീനരായ നിരവധി പണ്ഡിതന്മാരുമായി ബന്ധം സ്ഥാപിക്കാനും അതുവഴി വിജ്ഞാനസേവനങ്ങൾക്ക് ആക്കം കൂട്ടാനും അദ്ദേഹം മുതിർന്നു. അനേകം ഇന്ത്യൻ പണ്ഡിതരുമായി അദ്ദേഹത്തിന് ആത്മബന്ധമുണ്ടായിരുന്നതായി കാണാം. ശബീർ അഹ്‍മദ് ഉസ്മാനി, ളഫർ അഹ്‍മദ് ഥാനവി, അൻവർ ശാഹ് കശ്മീരി, മുഹമ്മദ് യൂസുഫ് ബന്നൂരി തുടങ്ങിയവർ അക്കൂട്ടത്തിൽ പ്രമുഖരാണ്. വിവിധ പണ്ഡിതന്മാരുമായി കത്തിടപാടുകളിലൂടെ ആശയവിനിമയങ്ങൾ നടത്തുകയും വൈജ്ഞാനിക ചലനങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
ജീവിതവിശുദ്ധി
വിജ്ഞാനസമ്പാദനത്തിലും സേവനത്തിലും നിസ്തുലമായ മാതൃകയായി ജീവിക്കുമ്പോള്‍ തന്നെ പേരിനെ അന്വര്‍ത്ഥമാക്കും വിധം ത്യാഗപൂര്‍ണമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. ദാരിദ്ര്യം മൂലം പഠനകാലത്ത് അദ്ദേഹം നേരിടുന്ന പ്രാരാബ്ധം ശൈഖ് അബ്ദുൽഫത്താഹ് അബൂ ഗുദ്ദ തൻറെ സ്വഫഹാതുൻ മിൻ സ്വബ്‍രിൽഉലമാഇൽ വിവരിക്കുന്നുണ്ട്.
ആത്മാർത്ഥമായ പണ്ഡിതദൗത്യനിർവഹണത്തിനായി പൂര്‍ണാര്‍ത്ഥത്തില്‍ ജീവിതം ഉഴിഞ്ഞ് വെച്ച അദ്ദേഹത്തിന് പ്രാരാബ്ധങ്ങളേറെ അഭിമുഖീകരിക്കേണ്ടി വന്നു. വലിയ സമ്പത്തിനുടമയായിരുന്ന അദ്ദേഹം ദാരിദ്ര്യത്തിലേക്ക് ജീവിതം പറിച്ചു നട്ടു. ഖിലാഫതിന് കീഴിൽ ശൈഖുൽ ഇസ്‍ലാമിന്റെ വകീൽ തസ്തികയിൽ ഇരുന്ന അദ്ദേഹത്തിന് അറുപത് സ്വർണനാണയങ്ങളായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നത്. സമ്പത്തിനേക്കാൾ തന്റെ ആശയാദർശങ്ങളോട് പ്രതിപത്തി പുലർത്തിയതിനാണ് തന്റെ സ്ഥാനങ്ങളൊഴിയേണ്ടി വന്നത്.
ജീവിതം മുഴുക്കെ അഭിമാനത്തോടെ മാത്രം വര്‍ത്തിക്കാനും ദാരിദ്ര്യത്തിന്റെ പേരില്‍ സഹതാപത്തിനും നിന്ദ്യതക്കും പാത്രമാകാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഒരു കച്ചവടക്കാരനോട് പോലും വില പേശലില്ലായിരുന്നുവെന്ന് ശിഷ്യന്‍ ഹുസാമുദ്ദീന്‍ ഖുദ്‌സി അനുസ്മരിക്കുന്നുണ്ട്. അതേ സമയം തന്റെ അധ്യാപനം, രചന തുടങ്ങിയ തന്റെ വിജ്ഞാനസേവനത്തില്‍ നിന്ന് കൂലി സ്വീകരിക്കാനും അദ്ദേഹം ഒരുക്കമല്ലായിരുന്നു. 50ഓളം ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം തന്റെ ഗ്രന്ഥങ്ങളിൽ നിന്ന് ഒരു സാമ്പത്തിക ലാഭവും കൈപറ്റിയിരുന്നില്ല എന്ന് പബ്ലിഷർ കൂടിയായ ഖുദ്‌സി അനുസ്മരിക്കുന്നുണ്ട്. ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ രോഗാതുരനായി കിടക്കുന്ന സമയത്ത് പോലും സഹായമനസ്‌കരുടെ ദാനം പൂര്‍ണമായും നിരസിച്ച നേരം സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ വിറ്റ് കിട്ടിയ സമ്പത്ത് ചെലവഴിക്കുകയായിരുന്നു.
ശൈഖ് മുഹമ്മദ് അബൂസുഹ്‌റ ഈജിപ്തിലെ ജാമിഅതുൽ മലിക് ഫുആദിലേക്ക് കൗസരിയെ അധ്യാപകനായി ക്ഷണിച്ചിരുന്നു. എന്നാൽ ക്ഷീണിതനായിരുന്ന അദ്ദേഹം ക്ഷണം നിരസിച്ച് പറഞ്ഞു: 'അധ്യാപനം ഒരു സൂക്ഷിപ്പ് സ്വത്താണ്. അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന രൂപത്തിൽ അത് നിർവഹിക്കാൻ എനിക്ക് ഈ സമയത്ത് സാധിക്കില്ല.' അദ്ദേഹത്തെ അബൂ സുഹ്‌റ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്: ‘വിജ്ഞാനത്തെ ജീവിതോപാധിയായി കാണുകയോ മറ്റു ലക്ഷ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുകയോ ചെയ്യാത്ത മുന്‍ഗാമികളുടെ ശേഷിപ്പായിരുന്നു യഥാര്‍ത്ഥത്തില്‍ സാഹിദുല്‍ കൗസരി.’
അവലംബം
അൽ ഇമാമുൽ കൗസരി - അഹ്‍മദ് ഖൈരി
ശൈഖു ഉലമാഇൽ ഇസ്‍ലാം സാഹിദുൽ കൗസരി - ഡോ.അമാർ ജൈദൽ
മഖാലാതുൽ കൗസരി - സാഹിദുൽ കൗസരി
സീറതുൽ ഇമാമിൽ കൗസരി - ഡോ.ഹംസ ബക് രി (Youtube)
ശൈഖുൽ ഇസ്‍ലാം കൗസരി - ഡോ. അബ്ദുൽ ഖാദിർ ഹുസൈൻ (Youtube)
Leave A Comment