ദാറുല്‍ഹുദായിലെ നനവുണങ്ങാത്ത മണ്ണ്

ദാറുല്‍ ഹുദായിലെ നനവുണങ്ങാത്ത മണ്ണ് 
 ■ സി.പി. സൈതലവി 

ആ രാത്രിവെളിച്ചത്തിലും അകലെ നിന്നു കാണാം; മശ്‌രിഖും മഗ്‌രിബും കീര്‍ത്തി പരന്ന ദാറുല്‍ ഹുദായുടെ മുറ്റത്ത് രണ്ടു കുട്ടികള്‍ ഇരുന്ന് ഓതുന്നു. മുന്നില്‍ നനവുണങ്ങാത്ത മണ്ണില്‍ ഒടിച്ചുകുത്തിയ മൈലാഞ്ചിച്ചെടികള്‍ക്കു കീഴെ മഹാഗുരു ഉറങ്ങുന്നു. മഞ്ഞുവീഴുന്നതും വെയില്‍ വന്നു പോകുന്നതുമറിയാതെ, രാപകലുകള്‍ മാഞ്ഞുപോകുന്നത് ഗൗനിക്കാതെ ശിഷ്യഗണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വം ആ ഖബറിങ്കലൂടെ സലാം ചൊല്ലി പതിവായി കടന്നുപോകുന്നു. ആയിരത്തഞ്ഞൂറു വരുന്ന ആ കൂട്ടത്തില്‍ പല ഭാഷക്കാര്‍, പരദേശക്കാരും ഉണ്ട്. ദാറുല്‍ ഹുദായുടെ അകത്തളങ്ങള്‍ മൂകമാണ്. ഗൃഹനാഥന്‍ പൊയ്‌പ്പോയ ദു:ഖം സങ്കടമേഘങ്ങളായി ഘനീഭവിച്ചു നില്‍ക്കുന്നു ആ അന്തരീക്ഷ വായുവില്‍ പോലും.

ഒരായുസ്സിന്റെ കണക്കുപുസ്തകത്തില്‍ രേഖപ്പെടുത്താവുന്നതിലപ്പുറം കീര്‍ത്തിയും കര്‍മ്മവും അടയാളപ്പെടുത്തി ചരിത്രത്തിലേക്ക് മടങ്ങിപ്പോയിരിക്കുന്നു ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍. ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ അങ്കണത്തില്‍ അഭിമാനസ്മരണകളുടെ ഒരു തൈമാവ് തളിരിടുന്നതും മാമ്പൂ വിരിയുന്നതും അറിവിന്റെയും ആദരവിന്റെയും മധുരഫലങ്ങളുള്ള മഹാവൃക്ഷമായി അതു തലമുറകളിലൂടെ പടര്‍ന്ന് പന്തലിക്കുന്നതും കാണാം ദൂരെ. ഇല്‍മിനും ഇബാദത്തിനു (അറിവിനും ആരാധനക്കും) മായി ജീവിതം മാറ്റിവെച്ച ചെറുശ്ശേരി ഉസ്താദ് നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ തലമുറയില്‍ പോലും വഴിവിളക്കായുണ്ടാവും. അധ്യാപകനായി ആറു പതിറ്റാണ്ട് അവിശ്രാന്തം പ്രവര്‍ത്തിക്കുക, ബോധം മറയുംവരെ അധ്യാപനത്തില്‍ മുഴുകുക, മതവിധി സംബന്ധിച്ച സങ്കീര്‍ണതകളെ കാര്യകാരണ സഹിതം ബോധ്യപ്പെടുത്തുന്ന ഫത്‌വ തയ്യാറാക്കിക്കൊണ്ടിരിക്കെ ജീവിതാന്ത്യത്തിന്റെ രോഗാവസ്ഥയിലേക്ക് വീഴുക.

യുദ്ധത്തിനിടയില്‍ വീരമൃത്യു വരിച്ച പടയാളിയെ പോലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എഴുപത്തെട്ടാം വയസ്സിലും കര്‍മ്മനിരതനായി മരണത്തിലേക്കു മറയുകയായിരുന്നു. തന്റെ ശിഷ്യരില്‍, അനുയായികളില്‍, സഹപ്രവര്‍ത്തകരില്‍ ആത്മവീര്യത്തിന്റെ ഉത്തേജകം കുത്തിവെക്കാനാണ് എന്നും ആ മഹാ പണ്ഡിതന്‍ ഉല്‍സാഹിച്ചത്. ഭൗതിക ജീവിതത്തിന്റെ മത്സരപ്പാച്ചിലില്‍ എപ്പോഴും പിന്നിലാക്കപ്പെടുന്ന, സാധാരണക്കാരായ മതാധ്യാപകരെ പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും ചുവടുതെറ്റാതെ ആദര്‍ശ ബലത്തില്‍ അഭിമാനികളായി ജീവിക്കാന്‍ അദ്ദേഹം നിരന്തരം പ്രേരിപ്പിച്ചു.

അതിനദ്ദേഹം പ്രസംഗത്തിലും ക്ലാസ് മുറികളിലുമെന്നപോലെ ഗ്രാമീണ ശൈലിയില്‍ സംസാരിച്ചു.
'ഇല്‍മും ഇബാദത്തുമാണ് ജീവിത വിജയത്തിനുള്ള സൂത്രവാക്യം. മുസ്‌ലിയാന്മാര്‍ തെറ്റുപറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ നമ്മുടെ കാര്യം അല്ലാഹു നോക്കിക്കൊള്ളും' ഇതായിരുന്നു ആ ലൈന്‍. മതരംഗത്ത് ജോലി ചെയ്യുന്നവര്‍ ശമ്പളം വര്‍ധിപ്പിച്ചു കിട്ടാന്‍ കമ്മിറ്റിക്കാരുടെ പിന്നാലെ പോകേണ്ട. അവര്‍ നമ്മുടെ പിന്നാലെ വന്ന് ശമ്പളം കൂട്ടിത്തരുന്നത് കാണാം. അതിന് ഇബാദത്തില്‍പ്പെട്ട ചില കാര്യങ്ങള്‍ ചെയ്താല്‍ മതി. സൂറത്തുല്‍ വാഖിഅ: പാരായണം രാത്രിയില്‍ പതിവാക്കുക, സദാ വുളു(അംഗശുദ്ധി)വില്‍ നടക്കുക. ഇസ്തിഗ്ഫാര്‍ (പാപമോചന പ്രാര്‍ത്ഥന) വര്‍ദ്ധിപ്പിക്കുക. എന്നാല്‍ നിങ്ങള്‍ ചോദിക്കാതെ തന്നെ ശമ്പളം വര്‍ദ്ധിപ്പിക്കേണ്ടതാണെന്ന് കമ്മിറ്റിക്കാരുടെ മനസ്സില്‍ വരും. മറ്റുമേഖലയിലുള്ളവരെ പോലെ മാന്യതക്കു നിരക്കാത്തത് മതരംഗത്തുള്ളവരില്‍ നിന്നുണ്ടാവാന്‍ പാടില്ല.

മുസ്‌ലിയാന്‍മാരായാല്‍ മഹല്ലിലെ മുതലാളിമാര്‍ക്കനുസരിച്ച് നില്‍ക്കണം എന്ന് ചിലര്‍ക്ക് തോന്നുന്നുണ്ടാകും. അതുവേണ്ട. മുതലാളി ബീഡിയെടുക്കുമ്പോഴേക്ക് മുസ്‌ലിയാര്‍ തീപ്പെട്ടിയെടുക്കുന്ന രീതി നമ്മുടേതല്ല. നിങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാകണം. പണത്തിന്റെ വമ്പ് കാട്ടിയാലൊന്നും മുസ്‌ലിയാന്മാര്‍ വഴങ്ങില്ല എന്ന് ബോധ്യപ്പെടുത്തണം. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ കുട്ടിക്കാലത്ത് ഒരു മുതലാളിയുടെ സേവകനായി ജോലി ചെയ്തു. അയാളില്‍ നിന്ന് തലക്കൊരു അടി കിട്ടിയ ദിവസം ഇറങ്ങിപ്പോന്നു. ആ ഖുതുബി പിന്നെ ആരായി. ലോകം അറിയുന്ന പണ്ഡിതന്‍. തീവണ്ടിയില്‍ ഒഴിവുണ്ടായിട്ടും യാത്രക്കാര്‍ വഴിയില്‍ കൂട്ടം കൂടി നില്‍ക്കുന്നു. എന്താ മുന്നോട്ടു പോകാത്തതെന്ന് ടി.ടി.ഇ. ചോദിച്ചു. അവിടെ 'ഖുതുബി ഓര്‍' നില്‍ക്കുന്നുണ്ട്. മറികടന്ന് പോകാന്‍ വയ്യെന്നു മറുപടി പറയുന്നു. കുട്ടിയാവുമ്പോള്‍ മണ്ടക്കുമേടിയ മുതലാളിക്ക് ഈ ബഹുമാനം കിട്ടുമോ? ലളിതമാണ് ചെറുശ്ശേരിയുടെ പാഠങ്ങള്‍.

സരളമായ യുക്തികള്‍ കൊണ്ട് ഗ്രഹിപ്പിക്കുന്ന കഥാകഥനങ്ങളാണ് ആ അധ്യാപനവും പ്രഭാഷണവും. ചിരിച്ചു കുഴയുന്ന നര്‍മ്മങ്ങള്‍ കൊണ്ട് നിറഞ്ഞ ക്ലാസ് മുറികള്‍. ഉസ്താദിന് മുന്നില്‍ പൊട്ടിച്ചിരിക്കാനാവാതെ ഉള്ളില്‍ നിന്നു തള്ളുന്ന ശ്വാസവുമടക്കിപ്പിടിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍. വളരെ പ്രധാനമായ ഒരു വിഷയം പഠിപ്പിക്കുകയാണദ്ദേഹം. ദീര്‍ഘ നേരത്തെ വിശദീകരണത്തിനിടെ, അല്പമൊന്ന് അശ്രദ്ധനായ വിദ്യാര്‍ത്ഥിയോട് 'മനസ്സിലായോ'? എന്ന് ഉസ്താദിന്റെ ചോദ്യം. 'ങേ?' എന്ന് പ്രതികരണം. ഉടന്‍ വന്നു മറുപടി: നിനക്ക് 'ങേ?' എന്ന ഒരു ചോദ്യം കൊണ്ടു കഴിഞ്ഞു. ഞാനിനി ഇതൊക്കെ ആദ്യം മുതല്‍ പറയണ്ടേ? ഉസ്താദിന്റെ രോഷപ്രതികരണം കുട്ടികളെ കൂട്ടച്ചിരിയില്‍ മുക്കുന്ന വിദ്യയായിരുന്നു ആ അധ്യാപന ശൈലി. അതില്‍ മാഞ്ഞുപോകും എല്ലാ അശ്രദ്ധകളും.

ക്ലാസിലെത്താന്‍ വൈകിയ കുട്ടിക്ക്, ബസ് കിട്ടിയില്ല എന്ന് കാരണം. ഉസ്താദിന്റെ മറുപടി: അത് വേണ്ട; ആ ബസ്സിന്റെ നേരത്ത് നീ എത്തിയില്ല എന്നു പറഞ്ഞാല്‍ മതി. തനിക്ക് ശരിയെന്നു ഉത്തമ ബോധ്യമുള്ളത് ആര്‍ക്കു മുന്നിലും നെഞ്ചുറപ്പോടെ പറയാന്‍ ആ പണ്ഡിതകേസരിക്ക് ആളും തരവും നോക്കേണ്ടതില്ലായിരുന്നു. പൊതുരംഗത്തെ പ്രമുഖ വ്യക്തികളുള്‍പ്പെടുന്ന സദസ്സില്‍ ഒരു ചടങ്ങിന് തീയതി കാണുകയാണ്. 'മുസലിയാരേ നല്ലൊരു ദിവസം നോക്കിയങ്ങ് ഉറപ്പിക്കാം.' എന്നാരോ പറഞ്ഞു. സുബ്ഹി നിസ്‌കരിച്ചാല്‍ പോരെ പിന്നെ ആ ദിവസം നന്നാകും എന്ന് ഒരു ഉന്നത വ്യക്തിയുടെ അഭിപ്രായം. അയാള്‍ അന്നു ളുഹര്‍ നിസ്‌കരിച്ചില്ലെങ്കിലോ എന്ന് ചെറുശ്ശേരിയുടെ പ്രതികരണം. കേവലം തര്‍ക്കുത്തരങ്ങളല്ല; താന്‍ പഠിച്ചതും പരിശീലിച്ചതുമായ അറിവുകളുടെ പ്രയോഗവത്കരണമായിരുന്നു ഓരോ പ്രത്യുത്തരങ്ങളിലും അദ്ദേഹം കാത്തുവെച്ചത്. ജ്ഞാനികളുടെ പൂര്‍വ പാത.

കപ്പപ്പാട്ടും നൂല്‍മദ്ഹുമെഴുതിയ കവി കുഞ്ഞായിന്‍ മുസ്‌ലിയാര്‍ തൊട്ട് തുടരുന്ന നര്‍മം പൊതിഞ്ഞ പ്രതിവാദങ്ങള്‍. ഓരോ യുക്തിയും പാണ്ഡിത്യത്തിന്റെ ആഴങ്ങളില്‍ ചെന്നു തൊടുന്നു. നിക്കാഹിന്റെ വചനങ്ങള്‍ സംബന്ധിച്ച ഒരു തത്സമയ തര്‍ക്കം ചെമ്മാട് ഇസ്ഹാഖ് ബാഖവി ഓര്‍ക്കുന്നു: കൊച്ചു പ്രായത്തില്‍ ചെമ്മാട് പള്ളി ദര്‍സില്‍ വിദ്യാര്‍ത്ഥിയായും ബാഖിയാത്തിലെ പഠനം കഴിഞ്ഞ് ദാറുല്‍ഹുദായില്‍ അധ്യാപകനായും മൂന്നര പതിറ്റാണ്ട് ചെറുശ്ശേരി എന്ന ഗുരുവര്യനെ അനുയാത്ര ചെയ്തതാണ് ഇസ്ഹാഖ് ബാഖവി. 'ഖബില്‍ത്തുമിന്‍ക' എന്ന് പലരും പൂര്‍ത്തിയാക്കി പറയാറില്ല. 'മിന്‍ക' കിതാബിലൊന്നുമില്ലല്ലോ പിന്നെ എവിടെനിന്നു വന്നുവെന്ന് കുറച്ചു പണ്ഡിതരുടെ വാദം. ഉടനെത്തി ചെറുശ്ശേരിയുടെ മറുപടി: ഒരു കിതാബിലുമില്ല എന്നു ഉറപ്പിക്കരുത്. നിങ്ങള്‍ നോക്കിയ കിതാബില്‍ കണ്ടില്ല എന്നു പറഞ്ഞാല്‍ മതി. സംശയമുള്ളവര്‍ക്ക് ശാലിയാത്തിയുടെ 'മുഹറര്‍' എന്ന കിതാബ് നോക്കാം.

ആയുസ്സ് മുഴുവന്‍ ദര്‍സും ഇബാദത്തും ഫത്‌വയുമായിരുന്നു ചെറുശ്ശേരി ഉസ്താദിന്റെതെന്ന് ആ ജീവിതത്തിലെ തീക്ഷ്ണ കാലം കണ്ടുനിന്ന ഇസ്ഹാഖ് ബാഖവി പറയുന്നു. അവസാനമായി 2016 ജനു. 4-ന് ദാറുല്‍ ഹുദായില്‍ തുഹ്ഫ ക്ലാസെടുത്തു. അതുകഴിഞ്ഞ് മുറിയിലെത്തുമ്പോള്‍ തിരൂരങ്ങാടിയില്‍ നിന്ന് ഒരു സംഘം ഫത്‌വ ചോദിക്കാന്‍ വന്നു. അവര്‍ എഴുതിയെടുത്ത് വായിച്ചുകൊണ്ടിരിക്കെ ഉസ്താദ് മൗനത്തിലേക്കു പോയി. ആ സ്വരം മുറിഞ്ഞു. 1937 സെപ്തംബര്‍ 25-ന് കൊണ്ടോട്ടി ഖാസിയാരകത്ത് പണ്ഡിത കുലത്തില്‍ ജനിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന കേരള മുസ്‌ലിംകളുടെ മഹാ പണ്ഡിതസഭയുടെ അമരത്തോളം വളര്‍ന്ന് ദശകങ്ങളിലൂടെ ജനലക്ഷങ്ങളെ തന്റെ വാക്കിന്‍ മുനയില്‍ കാതോര്‍ത്ത് നിര്‍ത്തിയ ആ ശബ്ദം ഉള്ളില്‍ മറഞ്ഞു. 2016 ഫെബ്രു. 18-ന് വ്യാഴാഴ്ച രാവിലെ എന്നെന്നേക്കുമായി ആ ഹൃദയ താളവും നിലച്ചു.
ഖാസിയാരകം വീട്ടിലെ അലമാരയില്‍ ഇത്ര കാലം തനിക്ക് താങ്ങായി നിന്ന അഞ്ഞൂറില്‍പരം കിതാബുകളും ദാറുല്‍ ഹുദാ ലൈബ്രറിയിലേക്ക് കൈമാറി. വീട്ടില്‍ നിന്നു വരുമ്പോള്‍ ഓരോ യാത്രയിലും അല്‍പാല്‍പം കൊണ്ടുവന്ന് വാഗ്ദാനം നിറവേറ്റി.

കുടുംബത്തിലെ എല്ലാവരും ബാഖിയാത്തില്‍ പോയില്ലേ? താനും പോകട്ടെയെന്ന് സമ്മതം ചോദിച്ചപ്പോള്‍ 'ഇവിടാരുമില്ല; ബിരുദമെടുത്തവര്‍ ഇങ്ങോട്ടു വന്നു കണ്ടോളും. പിതാവ് ചെറുശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ പറഞ്ഞത് അക്ഷരംപ്രതി ജീവിതത്തില്‍ തെളിഞ്ഞു. അനേകായിരം ബിരുദധാരികള്‍ ആ കൈകളില്‍ നിന്ന് സനദ് ഏറ്റുവാങ്ങി. ചെമ്മാട് ദര്‍സില്‍ പദവിയിലും പാണ്ഡിത്യത്തിലും ഉന്നതരായവര്‍ ചെറുശ്ശേരിയുമായി കൂടിക്കാഴ്ചകള്‍ക്ക് ചെന്നു. പ്രസിദ്ധ പണ്ഡിതനായിരുന്ന മഞ്ചേരിയിലെ ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാരെ തേടി ആളുകള്‍ ഫത്‌വക്കു വരുമ്പോള്‍ അദ്ദേഹം, ദര്‍സിലെ സൈനുദ്ദീന്‍ എന്ന കുട്ടിയെ അന്വേഷിക്കും. ചെറുശ്ശേരി മുഹമ്മദ് സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്ന ഇളം പ്രായക്കാരന്‍ അന്നേ ഫത്‌വയില്‍ പരിശീലനം നേടി. ഇരുപത്തിരണ്ടാം വയസ്സില്‍ നെടിയിരുപ്പ് കോടങ്ങാട്ട് പള്ളിയില്‍ ഖാസിയും മുദരിസുമായ പത്രാസിലിരിക്കുമ്പോള്‍ ലീവെടുത്ത് വീണ്ടും ദര്‍സില്‍ പഠിക്കാന്‍ പോയ ജ്ഞാന തൃഷ്ണ. അവിടെ ഒ.കെ. സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഗുരു.

1977ല്‍ ചെമ്മാട് ടൗണ്‍ പള്ളിയില്‍ ഖത്തീബും മുദരിസും. ഡോ. യു. ബാപ്പുട്ടി ഹാജി എന്ന സാത്വികനായ സമുദായ സ്‌നേഹിയുടെ ആത്മസൗഹൃദത്തില്‍ പില്‍ക്കാലം ചെമ്മാട് കേന്ദ്രീകരിക്കപ്പെട്ടു. ആ മണ്ണിനോടുള്ള പ്രിയം ജന്മദേശമായ കൊണ്ടോട്ടിയിലെ സമ്പന്നമായ പ്രാചീന തറവാട്ടില്‍ പിറന്നവരെല്ലാം കിടക്കുന്ന ഖബര്‍സ്ഥാനിനു പകരം ആത്മമിത്രത്തിനൊപ്പം ചെമ്മാട്ട് അന്ത്യവിശ്രമം. ദാറുല്‍ഹുദാ സ്ഥാപകനും സാരഥിയും അടുത്തടുത്ത് ആ അങ്കണത്തില്‍. ചെമ്മാട് ദര്‍സില്‍ നൂറ്റിഇരുപതോളം കുട്ടികള്‍ പഠിച്ചു. 1996ല്‍ ശംസുല്‍ ഉലമയുടെ വേര്‍പാടിനെ തുടര്‍ന്ന് സമസ്തയുടെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഐകകണ്‌ഠ്യേന നിര്‍ദേശിക്കപ്പെട്ടതും ചെറുശ്ശേരി ഉസ്താദ് തന്നെ. ദാറുല്‍ഹുദായുടെ പ്രഥമ പ്രിന്‍സിപ്പല്‍ എം.എം ബഷീര്‍ മുസ്‌ല്യാര്‍ക്കു ശേഷം ആ പദവിക്കുമര്‍ഹന്‍ ചെറുശ്ശേരിയായി. ദര്‍സിലും ദാറുല്‍ഹുദായിലും ഒരു രക്ഷകന്റെ ചുമതലാബോധത്തോടെ കുട്ടികളുടെ കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു.

കണ്ണിയത്ത് ഉസ്താദിന്റെ ഉപദേശത്തിനൊത്ത് അപാകതകളില്ലാത്ത ഒരു ജീവിതത്തിനായി അദ്ദേഹം വരിച്ച സൂക്ഷ്മത അളവറ്റതാണ്. പാതിരാത്രിയിലുണര്‍ന്ന് തഹജ്ജുദിലും ദീര്‍ഘമായ സുജൂദിലും മുഴുകി. പകലിലേക്കു നീളുന്ന വ്രതശുദ്ധമായ പ്രാര്‍ത്ഥനയായി ആ ജീവിതം. ആഴ്ചയില്‍ രണ്ടു സുന്നത്തു നോമ്പെടുത്തു. അതാരെയും അറിയിക്കാതെ ഉച്ചക്ക് കിട്ടുന്ന ഭക്ഷണം നോമ്പുതുറക്കാന്‍ കരുതിവെച്ചു. തന്റെ പാത്രങ്ങള്‍ സ്വയം കഴുകി. സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദയുടെ അമരക്കാരനുമാകുമ്പോഴുള്ള തിരക്കുകളില്‍ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിനെ നിയമിക്കാമെന്ന നിര്‍ദേശം ഒറ്റയടിക്കു തള്ളി.ചെമ്മാട്ട് മുദരിസായിരിക്കുമ്പോള്‍ രാവിലെ കുളിക്കാന്‍ കിലോമീറ്ററുകള്‍ അകലെ പാറക്കടവ് പുഴയിലേക്ക് നടക്കും. ഈ യാത്രയുടെ തക്കം നോക്കി ആധാരമെഴുത്തുകാരന്‍ കുട്ടിരാമന്‍ നായര്‍ വഴിയില്‍ കാത്തുനില്‍ക്കും. മുസ്‌ലിം അനന്തരാവകാശ നിയമങ്ങളുടെ കെട്ടുപാടുകളറിയാന്‍.

പ്രാര്‍ത്ഥനകളിലായിരുന്നു ആ പണ്ഡിതന്റെ സമാശ്വാസം. ഖളാഇ (വിധി)നെ തടുക്കാന്‍ ആവില്ല; എന്നാലും ഒരു മാര്‍ഗമുണ്ട്. ദുആ (പ്രാര്‍ത്ഥന) എന്ന് അദ്ദേഹമെപ്പോഴും ഉപദേശിച്ചു. ആദ്യത്തെ അഞ്ചു സന്തതികളും നവജാത ശിശുക്കളായിരിക്കെ മരണം തുടര്‍ന്നപ്പോള്‍ സൂഫിവര്യനായ കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാരെ ചെന്നുകണ്ടു തന്റെ സങ്കടം പങ്കുവെച്ചു. അദ്ദേഹം ഞാനൊന്ന് ഇസ്തിഖാറത്ത് ചെയ്യട്ടെ. എന്താണ് ഖൈര്‍ എന്ന് കുറച്ചു ദിവസം കഴിഞ്ഞ് പറയാം എന്നു മറുപടി നല്‍കി. പിന്നീടൊരു കത്ത് വന്നു. 'സ്വന്തം സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയുവാന്‍ കക്കിടിപ്പുറം അറിയിക്കുന്നത്. നിങ്ങള്‍ക്ക് ഒരു രണ്ടാം വിവാഹം ആകാവുന്നതാണ്. പിന്നീട് രണ്ടു ഭാര്യമാരിലും മക്കളായി. തനിക്കു സ്‌നേഹവും വിശ്വാസവും ആദരവുമുള്ളവരോടുള്ള ഈ കൂടിയാലോചനാ രീതി ഏതൊരു കാര്യത്തിലും അദ്ദേഹം സ്വീകരിച്ചു. പാണക്കാട് കുടുംബവുമായി ചെറുശ്ശേരിക്കുണ്ടായിരുന്ന ആത്മബന്ധവും ഈ അറിവിന്റെയും കൂടിയാലോചനകളുടെയും അനുബന്ധമാണ്. ചെറുശ്ശേരി ഉസ്താദിന്റെ സൗകര്യം കൂടി കണക്കിലെടുത്താണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പലപ്പോഴും സംഘടനാ പരിപാടികളുടെ തീയതികള്‍ നല്‍കാറുള്ളത്.

കപട നാട്യങ്ങളോ കൃത്രിമത്വമോ സ്വാധീനിക്കാത്ത ഒട്ടും യാന്ത്രികമല്ലാത്ത ജൈവീക സമീപനമായിരുന്നു സര്‍വ്വ പ്രശ്‌നങ്ങളിലും ജീവിത വ്യവഹാരത്തിലും ചെറുശ്ശേരി ഉസ്താദ് പുലര്‍ത്തിയത്. ഔദ്യോഗിക പദവികളുടെ ഔന്നത്യത്തിലും ചിട്ടയോടെ വീട്ടുകാര്യങ്ങള്‍ നോക്കി നടത്തിയ ഗൃഹനാഥന്‍. താന്‍ തയ്യാറെടുത്തു വന്നത് മറ്റുള്ളവരുടെ തിരക്കിനൊത്ത് വെട്ടിമുറിക്കാനോ ദീര്‍ഘിപ്പിക്കാനോ ഒരുക്കമല്ലാത്ത പ്രഭാഷകന്‍. പ്രാര്‍ത്ഥന കൊണ്ട് പ്രതിസന്ധികളെ മറികടക്കുന്ന വിശ്വാസം. തന്റെ പ്രതിഭക്കും പ്രയത്‌നത്തിനും പിന്‍ഗാമികള്‍ വേണമെന്നാശിച്ച പണ്ഡിതന്‍. ഉറ്റവരുടെ സമ്മര്‍ദ്ദമുണ്ടായാല്‍ പോലും തീരുമാനം മാറ്റാത്ത ഇച്ഛാശക്തി.
പണ്ഡിത രത്‌നങ്ങളാല്‍ നിറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറയുടെ നീലാകാശത്തു നിന്ന് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ തിരോഭവിച്ച നക്ഷത്രങ്ങള്‍ ഏറെയുണ്ട്. കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ ഹസ്രത്ത്, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, എം.എം ബഷീര്‍ മുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍, അസ്ഹരി തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍, പാറന്നൂര്‍ ഇബ്രാഹീം മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, കിടങ്ങഴി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സി.എം അബ്ദുല്ല മുസ്‌ലിയാര്‍, ടി.കെ.എം ബാവ മുസ്‌ലിയാര്‍, അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, ഇമ്പിച്ചി മുസ്‌ലിയാര്‍, തൊഴിയൂര്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, പി.പി മുഹമ്മദ് ഫൈസി, ഇബ്രാഹിം പുത്തൂര്‍ ഫൈസി, ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍ തുടങ്ങി ആ പട്ടികയില്‍ ഒടുവിലിതാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും.

കേരളത്തിലെ സമന്വയ വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തമായ വിളവെടുപ്പായി ദാറുല്‍ഹുദായുടെ സന്തതികള്‍ പല വന്‍കരകളില്‍ ഇസ്‌ലാമിക പ്രബോധനത്തിനായി പറന്നിറങ്ങുമ്പോള്‍, കാതും മനസ്സും കൊതിക്കുന്ന പ്രഭാഷണങ്ങളില്‍ ജനസഹസ്രങ്ങള്‍ സ്വയം മറന്നിരിക്കുമ്പോള്‍, ആ ജ്ഞാനപ്രഭക്കും നാദധാരക്കും ആത്മബലമൊരുക്കിയ പണ്ഡിത ശ്രേഷ്ഠനെ കാലമെത്ര കടന്നുപോയാലും തലമുറകള്‍ ഓര്‍ത്തെടുക്കും. സമസ്തയെന്ന പൂമരച്ചോട്ടില്‍ അണിയൊപ്പിച്ച് നില്‍ക്കുന്ന ജനലക്ഷങ്ങളും. ദാറുല്‍ ഹുദായുടെ മുറ്റത്ത് ആ സ്‌നേഹമാരുതന്‍ വീശിക്കൊണ്ടേയിരിക്കുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter