അസമീ ഗ്രാമങ്ങളിലെ ഇഫ്താറിന് മലയാളിമണം

ബാര്‍പെറ്റ (അസം): മലയാളത്തിന്റെ സുഗന്ധം നിറഞ്ഞ നോമ്പുതുറയില്‍ ആത്മസംതൃപ്തിയുടെ നിറവിലാണ് അസം നിവാസികളുടെ ഇത്തവണത്തെ നോമ്പ്. ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ അസം ഓഫ് കാംപസാണ് നോമ്പുകാലത്തിന്റെ മധുരസ്മണയോടെ അസം ഗ്രാമങ്ങളെ വിരുന്നൂട്ടിയത്. കോളേജ് കാംപസില്‍ അസമിലെ വിദ്യാര്‍ഥികള്‍ക്കുള്ള നോമ്പുതുറയും പ്രദേശവാസികളായ ആയിരത്തോളം പേര്‍ക്ക് സമൂഹ നോമ്പുതുറയുമാണ് സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയത്. നോവുപകരുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സുഭിക്ഷമായ ഭക്ഷണമൊരുക്കിയും വീടുകളില്‍ കിറ്റുകള്‍ കൈമാറിയും ദാറുല്‍ഹുദയുടെ സുമനസ്സില്‍ മനസ്സറിഞ്ഞു നോമ്പുതുറന്നു ഒരു നാട് മുഴുക്കെ. ബര്‍മറ, ഭൊക്ഡിയ, ബൈശ എന്നീ മൂന്ന് ഗ്രാമങ്ങളിലാണ് സമൂഹ നോമ്പുതുറ ഒരുക്കിയത്. ഇവിടുത്തെ പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു വിരുന്ന്.

'കാരക്കയും ഒരു ഗ്ലാസ് പച്ചവെള്ളവും, അതിനു പിന്നാലെ ചോറും പരിപ്പുകറിയും',ബൈശ ഗ്രാമത്തിലെ താരതമ്യേന ഉന്നത കുടുംബത്തിലെ നോമ്പുതുറ വിഭവങ്ങളാണിത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെ നോമ്പുതുറയെക്കുറിച്ചു ദാറുല്‍ ഹുദാ കാംപസിലെ അധ്യാപകര്‍ പങ്കുവെച്ച അനുഭവകഥ. ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ നോമ്പുതുറ ഇതിലും ചുരുങ്ങും. പരിപ്പും ചോറും സമൃദ്ധമാകുന്ന നോമ്പുവിഭവം. പുതിയാപ്പിള സല്‍ക്കാരങ്ങള്‍ക്കു നിറപ്പകിട്ടേകാന്‍ ഇതിലധികമൊന്നുമുണ്ടാകില്ല. കുഴിമന്തിയും കബ്‌സയും കേട്ടിട്ടുപോലുമില്ല ഇവര്‍. ദാരിദ്ര്യത്തിന്റെ പടുക്കുഴിയില്‍ കഴിയുന്ന ആസാമീ ഗ്രാമീണര്‍ക്ക്, പലഹാരങ്ങളും പഴവര്‍ഗങ്ങളും ചോറും ഇറച്ചിയും വിളമ്പിയാണ് ദാറുല്‍ഹുദ നോമ്പുതുറപ്പിച്ചത്.

ചെമ്മാട് ദാറുല്‍ഹുദയുടെ കീഴില്‍ രണ്ടുവര്‍ഷം മുമ്പാണ് അസമില്‍ ഓഫ് കാമ്പസ് തുടങ്ങിയത്. റെസിഡന്‍ഷ്യല്‍ സ്ഥാപനത്തില്‍ ഇപ്പോള്‍ അന്‍പത്തിയെട്ട് വിദ്യാര്‍ഥികളാണ് പഠിതാക്കള്‍. അറിവു നുകരാന്‍ കേന്ദ്രങ്ങളോ, സാമ്പത്തിക സുസ്ഥിതിയോ അകലമായ അസം ഗ്രാമത്തില്‍ കാംപസ് ഏറെ പ്രതീക്ഷ നല്‍കുന്നു. വിവിധ ഗ്രാമങ്ങളിലായി പതിനെട്ട് മദ്‌റസകളും ഇതിനകം തുടങ്ങി. പതിനഞ്ച് വയസ്സു പ്രായമായവര്‍ വരെയുണ്ട് ഈ മദ്‌റസകളിലെ ഒന്നാം ക്ലാസ് പഠിതാക്കളായി. ഇവര്‍ക്കായി അഞ്ചു വര്‍ഷത്തെ പ്രത്യേക സിലബസ് തയാറാക്കിയിട്ടുണ്ട്. തദ്ദേശീയരായ അധ്യാപകരുടെ കൂടി സഹായത്തോടെയാണ് മദ്‌റസകളുടെ പ്രവര്‍ത്തനം. പുതിയ അധ്യയന വര്‍ഷം അഞ്ചു വയസ്സ് പൂര്‍ത്തിയാവരെ ഉള്‍ക്കൊള്ളിച്ചു കേരളാ മോഡല്‍ മദ്‌റസ ക്ലാസുകള്‍ ഉയര്‍ത്തികൊണ്ടുവരികയാണ് പദ്ധതി.

കാംപസിലെ വിദ്യാര്‍ഥികളുടെ നോമ്പുതുറയും തദ്ദേശീയരായ ആയിരത്തോളം പേര്‍ക്കുള്ള നോമ്പുതുറയും ഖത്തറിലെ മലയാളി പ്രവാസികളുടെ സഹായത്തോടെയാണ് സംഘടിപ്പിച്ചത്. ഈ നോമ്പുകാലത്ത് പലവ്യഞ്ജന സാധനങ്ങള്‍ ഉള്‍ക്കൊള്ളുന്ന റമദാന്‍ കിറ്റുകളും ഗ്രാമീണ കുടുംബങ്ങള്‍ക്കു കൈമാറിയിരുന്നു. മുന്നൂറോളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്യുന്ന തിരക്കിലാണിപ്പോള്‍ ദാറുല്‍ഹുദാ പ്രവര്‍ത്തകര്‍. ഇവിടുത്തെ ഗ്രാമാന്തരങ്ങളിലെ ഉള്‍ത്തുടിപ്പുകള്‍ പുറംലോകത്തേക്കു പകരുന്ന ദ റോഡ് ടു ആസാം ഫേസ്ബുക്ക് പേജ് വഴിയും സഹായമെത്തുന്നുണ്ട്. അക്ഷരം പോലുമറിയാതെ കടന്നുവന്ന കാംപസിലെ വിദ്യാര്‍ഥികള്‍, ഇത്തവണ ഖുര്‍ആന്‍ ഒന്നും രണ്ടും ആവൃത്തി പൂര്‍ത്തിയാക്കി. റമദാനെ കുറിച്ചു അറിയാതെ പോയവര്‍ക്ക് ഇത്തവണ മുഴുവന്‍ നോമ്പുമെടുക്കാനായതിന്റെ നിര്‍വൃതി പറഞ്ഞറിയിക്കാനാവുന്നില്ല. ഇനി ശവ്വാല്‍ പിറ തെളിയുമ്പോള്‍ നിറപ്പകിട്ടാര്‍ന്ന ഒരു പെരുന്നാളിനെ തക്ബീര്‍ ചൊല്ലി വരവേല്‍ക്കണം. ആത്മനിര്‍വൃതിയുടെ ഈദുല്‍ ഫിത്വര്‍ പുതുപ്രയാണത്തിന്റെ ആഘോഷസുദിനം കൂടിയാകും ഈ സമൂഹത്തിന്, ഇതിനായി പ്രവര്‍ത്തിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും ആത്മനിര്‍വൃതിയുടേതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter